Tuesday, January 29, 2013

അധ്യായം-നാല്

നേരം ഏറെ പുലര്‍ന്നിട്ടും സുയോധനന് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല.ക്ഷീണം അയാളെ അത്രമേല്‍ തളര്‍ത്തിയിരുന്നു.ദുസ്സാസനാണ് നല്ല ഭാരം ഉണ്ട്.അയാളെ പുഴമുതല്‍ കൊട്ടാരം വരെ ചുമന്ന് എത്തിയപ്പോഴേക്കും ഏറെ തളര്‍ന്നുപോയിരുന്നു.ഇങ്ങിനെയെല്ലാം ആലോചിച്ച് മടിച്ചു കിടക്കുമ്പോള്‍ ആരോ വാതില്‍ക്കല്‍ മുട്ടി.അയാള്‍ സാവകാശം എഴുന്നേറ്റുചെന്ന് വാതില്‍ തുറന്നു.അനുജന്മാരില്‍ ചിലരാണ്. ദുസ്സാസനന്‍ അവരില്‍ ചിലരെ അയാളുടെ മുന്‍പിലേക്ക് നീക്കിനിര്‍ത്തി.

നോക്കൂ,ഏട്ടാ ആ ഭീമന്‍റെ പ്രവര്‍ത്തി 

അയാള്‍ നോക്കി.പലരുടെയും കൈകാലുകള്‍ ആഴത്തിലും പരപ്പിലും മുറിഞ്ഞിരിക്കുന്നു!ചോര വാര്‍ന്നൊഴുകുന്നുണ്ട്!ഏറ്റവും ഇളയവനായ വീരജെസ്സ് എങ്ങിക്കരയുന്നത് സുയോധനന് സഹിക്കാനായില്ല. 

എന്തുപറ്റി?

അയാള്‍ ചോദിച്ചു.സുലോചനനാണ് മറുപടി പറഞ്ഞത്.

ഏട്ടന്‍ ഭീമന്‍ നിലത്തുടെ വലിച്ചിഴച്ചതാണ്

അപ്പോള്‍  കുട്ടത്തില്‍ നിന്നും ഉപനന്ദന്‍ മുന്നോട്ടു നീങ്ങിനിന്നു.അവന്‍റെ കൈയ്യില്‍ ഊരിപ്പിടിച്ച ഏതാനും മുടിനാരുകള്‍ സുയോധനന്‍ കണ്ടു!തലയില്‍ ചോര പൊടിയുന്നുണ്ട്.അവന്‍ കരച്ചിലടക്കിക്കൊണ്ട് പറഞ്ഞു:

ഇത്  ഭിമന്‍ പറി ച്ചെടുത്തതാണ്

അതുകുടി കാണ്‍കെ സുയോധനില്‍ കോപം ഇരച്ചു കയറി.അയാള്‍ഉറക്കെ ചോദിച്ചു.

ഇത് ആരോടും പറഞ്ഞില്ലേ ഇതുവരെ?

ദുസ്സാസനന്‍ പറഞ്ഞു:

ഉം.എല്ലാവരോടും.ഇതെല്ലാം കളിയായി കണക്കാക്കിയാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്.അച്ഛനില്ലാത്ത കുട്ടികളല്ലേ അവര്‍ എന്നാണ് അമ്മ പോലും പറഞ്ഞത്!

ആ സമയത്ത് അവിടേക്ക് വിദുരര്‍ അതിവേഗം കടന്നു വന്നു.അദ്ധേഹം കുട്ടികളോട് ചോദിച്ചു:

ങാ,എല്ലാവരും ഇവിടെ നില്‍ക്കയാണോ?മരുന്നിനായി വാല്യക്കാര്‍ക്കരികിലേക്ക് വിട്ടതല്ലേ ഞാന്‍?ചെല്ല് അവര്‍ അവിടെ കാത്തുനില്‍ക്കുന്നു.

അവര്‍ സുയോധനനെ ഒന്ന് നോക്കികൊണ്ട് വിദുരര്‍ പറഞ്ഞത് അനുസരിച്ചു.അവര്‍ക്ക് പുറകിലായി പോകാന്‍ തുനിഞ്ഞ വിദുരരോട് സുയോധനന്‍ പറഞ്ഞു:

ഇളയച്ഛ,ഇത് അധികമാവുന്നു.ഭിമന്‍ ഇങ്ങിനെ തുടര്‍ന്നാല്‍ ഞങ്ങള്‍ എന്ത് ചെയ്യും?

വിദുരര്‍ തിരിഞ്ഞു നിന്നു.അദ്ദേഹം ശാന്തമായി പറഞ്ഞു:

ഉണ്ണി,ഇതൊക്കെ കളികളില്‍ സാധാരണമാണ്.ആ മുറിവുകള്‍ ഉണങ്ങും മുന്‍പേ അവര്‍ ഇണങ്ങിച്ചേരും.നോക്കിക്കൊള്ളു 

പിന്നെ സുയോധനന് സമീപം കുടുതല്‍ ചേര്‍ന്നുനിന്ന് വിദുരര്‍ തുടര്‍ന്നു:

നീയായിട്ടു പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരുന്നാല്‍ മതി.ദുശശകുനങ്ങളുമായി ജനിച്ചവനാണ് നീ.

അതും പറഞ്ഞു വിദുരര്‍ വേഗത്തില്‍ അവിടം വിട്ടുപോയി.

സുയോധനന്‍ നിശബ്ധനായി  കിടപ്പുമുറിയിലേക്ക് മടങ്ങി.അപ്പോള്‍.തുറന്നു കിടക്കുന്ന ജാലകത്തിനപ്പുറം ആരോ പൊടുന്നനെ മറയുന്നത് അയാള്‍ കണ്ടു.അയാള്‍ വേഗം ജനലരികില്‍ എത്തി പുറത്തേക്ക് നോക്കി.ഭീമനും അര്‍ജുനനും ഒന്നും അറിയാത്തമട്ടില്‍ നടന്നുപോകുന്നു!

സുയോധനന്‍ ജാലകവാതിലുകള്‍ ബന്ധിക്കാന്‍ തുനിയുമ്പോള്‍ തൊടിയിലെ മാവിന്‍ ചുവട്ടില്‍ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നത് കണ്ടു.അയാള്‍ സുയോധനനെ തന്നെ നോക്കി നില്‍ക്കുകയാണ്.ആദ്യമായാണ് ഇയാളെ കാണുന്നത്.സുയോധനന്‍ ആംഗ്യം കൊണ്ട് അയാളോട് അവിടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പുറത്തേക്ക് ചെന്നു.

സുര്യനെപ്പോലെ തേജസ്വിയാണയാള്‍ എന്ന് അടുത്തെത്തിയപ്പോഴാണ്‌ സുയോധനന് ബോധ്യമായത്.കാതിലെ വജ്രകുണ്ഡലങ്ങളില്‍ നിന്നും പ്രകാശരേണുക്കള്‍ പൊഴിയുന്നു!

അയാള്‍ സുയോധനനെ നോക്കി പുഞ്ചിരിച്ചു.അതിലെ വശ്യതയും ആത്മാര്‍ത്ഥതയും തന്നെ കീഴടക്കിയപോലെ തോന്നി സുയോധനന്.അയാള്‍ മുന്നോട്ടുവന്ന് സ്വയം പരിചയപ്പെടുത്തി!

ഞാന്‍ രാധേയനാണ്.ഇവിടത്തെ അധിരഥപുത്രന്‍

സുയോധനന്‍ അത്ഭുതപ്പെട്ടു.സൂതപുത്രന്‍ ആണെന്ന് കാഴ്ചയില്‍ തോന്നുകയില്ല.അത്ര തേജസസുണ്ട്.അയാളുടെ വജ്രകുണ്ഡലത്തിലേക്കും പടച്ചട്ടയിലേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു സുയോധനന്‍!അത് കണ്ട് അയാള്‍ പറഞ്ഞു:

ഇതെല്ലാം ജന്മനാ ലഭിച്ചതാണ്.പ്രകാശം പൊഴിയുന്ന ഈ കുണ്ഡലങ്ങളുടെ പേരില്‍ കര്‍ണനെന്നാണ് എന്നെ എല്ലാവരും വിളിക്കുന്നത്‌.

സുയോധനന്‍ ഒന്നും പറഞ്ഞില്ല.ഒരു പ്രത്യേക സ്നേഹവായ്പ്‌ അയാളോട് തോന്നി.പിന്നെ ഒരു ഇളംകാറ്റ്പോലെ സുയോധനന്‍ കര്‍ണ്ണനെ ആശ്ലേഷിച്ചു!
൦൦൦

Monday, January 28, 2013

അധ്യായം- മുന്ന്

പതിവുപോലെ വാല്യക്കാര്‍ എല്ലാവരെയും എണ്ണതേപ്പിച്ച് പുഴയോരത്തെ പുല്‍മൈതാനത്തു കൊണ്ടുചെന്നാക്കി.ഉണ്ണികളുടെ കുളി പുഴയില്‍ ആക്കിയിട്ട് അധികനാളുകള്‍ ആയിട്ടില്ല.ഒരിക്കല്‍ കൊട്ടാരത്തില്‍ വച്ച് ഉണ്ണികളെ എണ്ണ തേപ്പിച്ച്‌ ഇരുത്തുമ്പോള്‍ അവര്‍ ഓടി നടന്നിടത്തെല്ലാം എണ്ണ പുരണ്ട് പലരും മറിഞ്ഞു വീണതില്‍ പിന്നെയാണ് ഭിഷ്മര്‍ ഇത്തരം ഒരു ക്രമീകരണം ഒരുക്കിയത്! രാജകുമാരന്‍മാര്‍ക്ക് നീരാടുന്നതിനായി പുഴയോരം കെട്ടി ഒതുക്കുകയും എണ്ണ തേപ്പിനും  ഈറന്‍ മാറലിനും ഒക്കെയായി ഒരു കൊട്ടാരം പണികഴിപ്പിക്കുകയും ചെയ്തു അദ്ദേഹം!

ഏറ്റവും ഇളയവരില്‍ നിന്ന് മുറപ്രകാരമാണ് ദാസ്യര്‍ ഉണ്ണികളെ കുളിപ്പിക്കുക.മാറോളം വെള്ളത്തില്‍ ഇറങ്ങിനിന്ന് അവര്‍ ഓരോരുത്തരെയായി വിളിക്കും.കരക്ക് നില്‍ക്കുന്ന ഭൃത്യര്‍ ഉണ്ണികളെ എടുത്തു പൊക്കി അവരെ ഏല്‍പ്പിക്കുകയും തിരിച്ചു വാങ്ങി തോര്‍ത്തി ശുദ്ധമാക്കി നിര്‍ത്തുകയും ചെയ്യും!നീന്താനറിയുന്നവര്‍ക്കൊക്കെ അതിനുള്ള സ്വാതന്ത്ര്യമുണ്ട്.ഉപചിത്രന്‍ മുതല്‍ സുയോധനന്‍ വരെയുള്ള ഇരുപത്തഞ്ചു പേര്‍ക്കെ കൌരവരില്‍ ശരിക്ക് നീന്തലറിയു!അതിനാല്‍ മറ്റുള്ളവര്‍ കുളിച്ചു കേറിയാല്‍ പിന്നെ അവരുടെ നീന്തല്‍ മല്‍സരമാണ്!പുഴ കുറുകെ നീന്തി തിരിച്ചെത്തലാണ് പ്രധാനം.ഉണ്ണികളും ദാസരും കരക്ക് നിന്ന് കരഘോഷത്തോടെ അവരെ പ്രോത്സാഹിപ്പിക്കും!സുയോധനന്‍ തന്നെയാവും മിക്കപ്പോഴും മുന്നിലെത്തുക!എത്ര വാശിയോടെ തുഴഞ്ഞു നീങ്ങുമ്പോഴും അയാള്‍ പുറകിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ടിരിക്കും!ഏതെങ്കിലും അനുജന്‍ തളരുകയോ,തിരിക്കാന്‍ ധൃതിപ്പെടുകയോ ചെയ്യുന്നത് കണ്ടാല്‍ അയാള്‍ മല്‍സരം അവസാനിപ്പിക്കും.

പാണ്ഡവര്‍ കൊട്ടാരത്തില്‍ വാസം ഉറപ്പിച്ച ശേഷവും ഈ രീതിക്ക് മാറ്റം ഉണ്ടായില്ല.പാണ്ഡവരില്‍ ഭീമനും അര്‍ജുനനുമാണ് മുന്തിയ നീന്തല്‍ക്കാര്‍!ധര്‍മപുത്രര്‍ ഒരിക്കലും അരയോളം വെള്ളത്തിനപ്പുറം കടന്നു വരാറില്ല!അവിടെ നിന്ന് സൂര്യനമസ്കാരം ചെയ്ത്,മുന്ന് തവണ മുങ്ങി ശുദ്ധിവരുത്തി കരക്ക് കയറിയിരിക്കും!നകുലനും സഹദേവനും ഇനിയും ശരിയായി നീന്താന്‍ പഠിച്ചിട്ടില്ല!അതിനാല്‍ അവരെപ്പോഴും ദാസന്‍മാരുടെ കരവലയത്തില്‍ ആയിരിക്കും.ഭീമനും അര്‍ജുനനും പലപ്പോഴും മത്സരിച്ചു നീന്തും.അര്‍ജുനന്‍,ശരം കണക്കെ നേര്‍വഴിയിലൂടെ മാത്രമാണ് പായുക!ഭീമന്‍ വെള്ളത്തില്‍ ഇറങ്ങിയാല്‍ പിന്നെ എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്ന് പറയാന്‍ വയ്യ!താഴ്ന്നും പൊങ്ങിയും ഊളിയിട്ടും അയാള്‍ കാണികള്‍ക്ക് ഹരം പകരും.ഇത്ര വലിയ ശരീരം കൊണ്ട് ഇതൊക്കെ എങ്ങിനെയാണ് സാധിക്കുക എന്ന് സുയോധനന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്.ആയിരം ആനയുടെ കരുത്തുള്ളവനായിത്തീരുമത്രേ ഭീമന്‍!കൊട്ടാരവാസികള്‍ പറയുന്നതാണ്.എന്തോ സുയോധനന് അതില്‍ അത്ര വിശ്വാസം തോന്നിയിട്ടില്ല.

ചതുരംഗത്തില്‍ തോറ്റതിന് ശേഷം ധര്‍മപുത്രര്‍ സുയോധനനോട് അധികം ചങ്ങാത്തം കാട്ടിയില്ല!ഭീമനാനെങ്കില്‍ കാണുമ്പോഴൊക്കെ ശരീരത്തില്‍ ഞെക്കി വേദനിപ്പിക്കും.അതയാളുടെ സ്നേഹപ്രകടനമാണത്രേ!നകുലനും സഹദേവനും തന്നോട് വിനയത്തോടെ ആണ് പെരുമാറുന്നത്.തന്‍റെ അനുജന്മാരായ ദുസ്സഹനും ദുശലനും  ജലന്ധനും ആണ് അവരുടെ ഉറ്റ ചങ്ങാതിമാര്‍.അര്‍ജുനനെ നേരില്‍ കാണുന്നത് അപുര്‍വമായി മാത്രമാണ്.മറ്റു സമയത്തൊക്കെ അയാള്‍ എന്ത് ചെയ്യുന്നുവെന്ന് കണ്ടെത്താന്‍ സുയോധനന് ഇതുവരെ കഴിഞ്ഞിട്ടില്ല!

ഇങ്ങിനെയൊക്കെ ചിന്തിച്ച്‌ സുയോധനന്‍ പുഴയോരത്ത് ഇരിക്കുമ്പോള്‍ ധര്‍മപുത്രര്‍ അയാള്‍ക്കരികിലേക്ക് വന്നു.വന്നയുടനെ ഒരു മുഖവുരയോടെ അയാള്‍ തുടങ്ങി:

ഏയ്‌,ദുര്യോധനാ.അനുജന്‍ ഭീ‍മന് ഒരാഗ്രഹം.

ഒന്ന് നിര്‍ത്തി ധര്‍മപുത്രര്‍ തുടര്‍ന്നു:

നിന്‍റെ അനുജന്മാരുമൊത്ത്  നീന്തല്‍ മല്‍സരത്തിന്

ആയ്ക്കൊള്ളട്ടെ....എത്രപേര്‍?ഞാനും കൂടാം..

അപ്പോള്‍  ഭീമന്‍ അവിടേക്ക് വന്നു.അയാള്‍ പറഞ്ഞു:

നീ വേണ്ട.ദുസ്സാസനന്‍ മുതല്‍ സുബാഹു വരെയുള്ള പത്ത് പേര്‍ പോരട്ടെ.

സുയോധനന്‍ അത് സമ്മതിച്ചു.അപ്പോള്‍ ഭീമന്‍ പറയുകയാണ്‌:

ചതുരംഗത്തില്‍ നീ കേമനാണെന്ന് തെളിയിച്ചല്ലോ.നീന്തലിലെ മിടുക്ക് ആര്‍ക്കാണെന്നരിയാം...

ഓ അപ്പോള്‍ അതാണ്‌ കാര്യം സുയോധനന്‍ ചിന്തിച്ചു.അതിന് താനുമായിട്ടല്ലേ മത്സരിക്കേണ്ടത്?സാരമില്ല.അനുജന്മാര്‍ മത്സരിക്കട്ടെ.സുയോധനന്‍ മനസ്സില്‍ ഇങ്ങിനെ ചിന്തിച്ചുകൊണ്ട്  ദുശ്ശാ സനനെ അരികിലേക്ക് വിളിച്ചു.

ഭീമനുമൊത്ത് നീയടക്കം പത്തുപേര്‍ മത്സരിക്കുക.ഓര്‍ക്കുക ഇത് വെറും മല്‍സരം മാത്രമാണ്.

ദുശ്ശാസനന്‍ ഉടന്‍ അനുജന്മാരായ ദുസ്സഹന്‍,ദുശശളന്‍,ജലഗന്ധന്‍,സമന്‍,സഹന്‍,വിന്ധന്‍,അനുവിന്ദന്‍,ദുര്‍ദര്‍ഷന്‍,സുബാഹു മുതലായ അനുജന്മാരെ ഭീമനരികിലേക്ക് നീക്കി നിര്‍ത്തി.അപ്പോഴേക്കും മല്‍സരത്തിനു മാദ്ധ്യസ്ഥം വഹിക്കാന്‍ ഒരു വാല്യക്കാരനെ ചുമതലപ്പെടുത്തിയിരുന്നു ധര്‍മപുത്രര്‍.

മല്‍സരം ആരംഭിച്ചു. പതിനൊന്ന് അര്‍ദ്ധനഗ്ന ശരീരങ്ങള്‍ പടവുകളില്‍നിന്ന് പുഴയുടെ സ്ഫടികപ്പാളികളിലേക്ക് കുതിച്ചു ചാടി!ധര്‍മപുത്രര്‍ ഏറ്റവും മുകളിലെ പടവില്‍ ഇരുപ്പുറപ്പിച്ചു. അര്‍ജുനന്‍ കൊട്ടാരത്തിന് മുകളില്‍ കയറിനിന്നു.സുയോധനന്‍ അവിടെ തന്നെ ഇരുന്നതേയുള്ളൂ.മറ്റുള്ളവര്‍ ബഹളം വച്ചും കരഘോഷം മുഴക്കിയും പലയിടങ്ങളിലായി കൂടി നിന്നു.

മല്‍സരം മുറുകുകയാണ്.പത്ത്‌ കൗരവരെയും പുറകിലാക്കി ഭീമന്‍ കുതിക്കുന്നു!ദുസ്സാസനന്‍ ഭീമന് തൊട്ടു പുറകിലായുണ്ട്!അയാള്‍ ഇടയ്ക്കു തിരിഞ്ഞു നോക്കി അനുജന്മാരുടെ സാന്നിധ്യം ഉറപ്പാക്കുന്നുണ്ട്. അതിനിടയില്‍ ഭീമന്‍ ബഹുദൂരം മുന്നിലെത്തും.ഭിമനെ മറികടക്കാന്‍ അനുജന്മാര്‍ക്ക് ആവില്ലെന്ന് സുയോധനന്‍ ഉറപ്പിച്ചു കഴിഞ്ഞു.അയാള്‍ക്കൊത്ത കായബലമോ,പരിശിലനമോ ഇല്ല സഹോദരങ്ങള്‍ക്ക്.

പെട്ടെന്ന് ഭിമന്‍ ജലത്തില്‍ അപ്രത്യക്ഷനായി.വെള്ളത്തിനടിയിലുടെ നീങ്ങുന്നതാവാം!പെട്ടെന്നതാ ദുസ്സാസനനും അപ്രത്യക്ഷനാകുന്നു!അയാള്‍ ഭിമനെ അനുകരിക്കുകയാണോ എന്ന് സുയോധനന്‍ ആലോചിച്ചു.പക്ഷെ മറ്റുള്ളവരും അപ്രത്യക്ഷമാകുന്നു!പുഴമധ്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ സുയോധനന്‍ ഉഴറി.അയാള്‍ ധര്‍മപുത്രരെ തിരിഞ്ഞുനോക്കി.

ഏട്ടാ,എന്തോ ആപത്ത് പിണഞ്ഞിരിക്കുന്നു.

സുയോധനന്‍ വിളിച്ചു പറഞ്ഞു.

ഏയ് ഒന്നും സംഭവിക്കില്ല.ഭിമനില്ലേ കൂടെ?

ധര്‍മപുത്രര്‍ ഇങ്ങിനെ പറഞ്ഞുകൊണ്ട് കൊട്ടാരത്തിന്‍റെ മട്ടുപ്പാവിലേക്ക് നോക്കി.അവിടെ നിന്നും അര്‍ജുനന്‍ ധര്‍മപുത്രരെ നോക്കി ചിരിക്കുന്നു!സുയോധന് പന്തികേട് തോന്നി.പുഴയില്‍,ദുസ്സാസനന്‍റെ തലയിപ്പോള്‍ വെളിയില്‍ കാണാം.ജലത്തിനു മുകളില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ പാട് പെടുകയാണ്.ആ കണ്ണുകള്‍ തന്നെ മാടി വിളിക്കുന്നുണ്ട്!അടുത്ത നിമിഷം കൈ ഉയര്‍ത്തി ദുസ്സാസനന്‍ സുയോധനനെ വിളിച്ചു.പിന്നെ അമാന്തിച്ചില്ല!അയാള്‍ പുഴയിലേക്ക് കുതിച്ചു!

മുതലയെപ്പോലെ വേഗത്തില്‍ നീന്തി.അയാള്‍ക്കൊപ്പം യുയുത്സുവും ദുര്‍പ്രധര്‍ഷണനും ഒരുമിച്ചു ചാടിക്കഴിഞ്ഞിരുന്നു!മുവരും ഒന്നിച്ചു കുതിച്ച് പുഴമധ്യത്തിലെത്തി.അവിടെ എല്ലാവരെയും വെള്ളത്തില്‍ മുക്കിപ്പിടിച്ചു നില്‍ക്കുകയാണ് ഭീമന്‍! സുയോധനന്‍ കോപം കൊണ്ട് വിറച്ചു.അയാള്‍ ഭീമനു നേരെ പാഞ്ഞടുത്തു.അതുകണ്ട് ഭീമന്‍ അവരെ മോചിപ്പിച്ചുകൊണ്ട്‌ അപ്പുറത്തേക്ക് നീന്തി!ശ്വാസം മുട്ടി തളര്‍ന്നുപോയ സഹോദരരെയും കൊണ്ട് മുവരും തിരിച്ചു.

കരയില്‍ എത്തുമ്പോള്‍ അവിടെ ഭീമന്‍ നില്‍ക്കുന്നു!മത്സരത്തില്‍ വിജയിയായ അയാളെ എല്ലാവരും അനുമോദിക്കുകയാണ്.സംഭവം അറിയാത്ത തന്‍റെ മറ്റ് അനുജന്മാരും ആ ആഹ്ലാദം പങ്കിടുന്നുണ്ട്.ഭീമന്‍ വിജയശ്രീലാളിതനായി സുയോധനനെ ഒന്ന് പാളിനോക്കിക്കൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം മുന്നോട്ടു നടന്നു.

പുഴക്കടവില്‍ സുയോധനനും പത്ത് അനുജന്മാരും മാത്രമായി.ഏട്ടന്‍റെ തോളില്‍ തലചാച്ചുകൊണ്ട് ദുസ്സാസനന്‍ പറഞ്ഞു:

ഞാന്‍ ആവും വിധം ശ്രമിച്ചു...പക്ഷെ....

അത്രയും പറഞ്ഞതും അയാള്‍ തളര്‍ന്ന് നിലത്തേക്ക് ഊര്‍ന്നുവീണു.സുയോധനന്‍ അനുജനെ ചുമലില്‍ താങ്ങിയെടുത്തു.
൦൦൦                             



Thursday, January 24, 2013

അധ്യായം-രണ്ട്

ഹസ്തിനപുരത്തെ ആബാലവൃദ്ധം ജനങ്ങളും പന്ത്രണ്ട് ദിവസത്തെ പുലയാചരിച്ചു.പാണ്ടുവിനും പത്നിക്കും പന്ത്രണ്ടാം നാള്‍ സുധാമൃതമായ പിണ്ഡം സമര്‍പ്പിച്ചതിനു ശേഷം പൌരജനങ്ങള്‍ക്ക് വിഭവ സമൃദ്ധമായ വിരുന്ന് നല്‍കി.രത്നങ്ങളും ഗ്രാമങ്ങളും ഒക്കെ ദാനമായി ഏറ്റുവാങ്ങി,അതുവരെ കൊട്ടാരത്തില്‍ വസിച്ചിരുന്ന ബ്രാഹ്മണരും യാത്രയായി.സ്ത്രീജനങ്ങള്‍ അകം പണികളില്‍ വ്യാപൃതരായി തുടങ്ങിയിരുന്നു.കുട്ടികള്‍ ഉത്സാഹം വീണ്ടെടുത്ത് കളികളില്‍ മുഴുകി.എന്നാല്‍ കുന്തിയിലും പാണ്ഡവരിലും ദുഃഖം തളം കെട്ടി നിന്നു!ധര്‍മപുത്രര്‍ എപ്പോഴും നിഴല്‍ പോലെ അമ്മയെ പിന്തുടര്‍ന്നുകൊണ്ടിരുന്നു.ജേഷ്ഠനെ എങ്ങിനെ ഇതില്‍ നിന്നും മോചിപ്പിക്കാമെന്ന് സുയോധനന്‍ ചിന്തിച്ചു.

പുലയടിയന്തിരം  കഴിഞ്ഞതിന്‍റെ അഞ്ചാം നാള്‍,അകത്തളത്തില്‍ ധര്‍മപുത്രര്‍ ഗാന്ധാരിക്കും കുന്തിക്കും ഇടയിലായി ജാലകത്തിനപ്പുറത്തേക്ക് വെറുതെ നോക്കിയിരുന്ന വൈകുന്നേരം,സുയോധനന്‍,കൈയ്യില്‍ കരുക്കള്‍ നിറച്ച കനക പേടകവും ചതുരംഗപ്പലകയുമായി കടന്നു ചെന്നു.സുയോധനന്‍റെ കാല്പെരുമാറ്റം കേള്‍ക്കവേ ഗാന്ധാരി ചോദിച്ചു:

എന്തേ ഉണ്ണി വിശേഷിച്ച്?

സുയോധനന്‍ പറഞ്ഞു:

ഏട്ടനെ തിരക്കി വന്നതാണ്,കളിപ്പാന്‍...

ആ ശബ്ധം കേട്ടപ്പോള്‍ മാത്രമാണ് ധര്‍മപുത്രര്‍ സുയോധനന്‍റെ  സാന്നിധ്യം അറിഞ്ഞത് !അയാള്‍ മെല്ലെ തലതിരിച്ച് സുയോധനനെ നോക്കി.സുയോധനന്‍ പുഞ്ചിരിച്ചുകൊണ്ട് ധര്‍മപുത്രരെ ക്ഷണിച്ചു.

വരൂ ഏട്ടാ,നമുക്ക് ചതുരംഗം കളിക്കാം

ധര്‍മപുത്രര്‍ നിഷേധാര്‍ദ്ധത്തില്‍ തലയാട്ടിക്കൊണ്ട് കുന്തിയെ നോക്കി.കുന്തി അയാളെ പ്രോത്സാഹിപ്പിച്ചു.

ചെല്ലു,ഉണ്ണി.എപ്പോഴും ഇങ്ങിനെ ചടഞ്ഞിരുന്നാലോ?


വരൂ  ഏട്ടാ നമുക്ക് ഇവിടെ ഇരുന്നു തന്നെ കളിക്കാം

എന്ന്  പറഞ്ഞുകൊണ്ട് സുയോധനന്‍ ചെന്ന് അയാളുടെ കൈ പിടിച്ച് ക്ഷണിച്ചു.അര്‍ദ്ധ സമ്മതനായി ധര്‍മപുത്രര്‍ സുയോധനനെ പിന്തുടര്‍ന്നു!

മുറിയിലെ വെണ്‍ചന്ദന കട്ടിലില്‍ ചതുരംഗപലക നിവര്‍ത്തി വച്ച് കരുക്കള്‍ നിരത്തികൊണ്ട് സുയോധനന്‍ പറഞ്ഞു.

ഏട്ടന്‍  വെളുത്ത കരുക്കള്‍ എടുത്തോളു.ആദ്യ ഊഴവും അങ്ങേക്ക് തന്നെ ആയിക്കോട്ടെ.

ധര്‍മപുത്രര്‍ അമ്മയെ നോക്കി.കുന്തി കളിച്ചു കൊള്ളുവാന്‍ ആഗ്യം കാട്ടികൊണ്ട് ഗാന്ധാരിയുടെ ചെവിയില്‍ എന്തോ പറഞ്ഞ് ചിരിച്ചു.അമ്മയും കൂടെ ചിരിക്കുന്നത് സുയോധനന്‍ കണ്ടു.

ധര്‍മപുത്രര്‍ കരുക്കളില്‍ തന്നെ നോക്കി ഏറെ നേരം ചിന്തിച്ചിരുന്നു.സുയോധനന്‍ കളിയില്‍ ശ്രദ്ധിക്കുന്നതിനോപ്പം അകത്തെ വര്‍ത്തമാനത്തിലെക്കും കാതു പായിച്ചു.ഏറെ നേരത്തിനു ശേഷമാണ് ധര്‍മപുത്രര്‍ ആദ്യ കരു നീക്കിയത്.മുന്‍വരിയിലെ ഒരു കാലാളെ അയാള്‍ രണ്ടു കളങ്ങള്‍കപ്പുറത്തെക്ക് നീക്കിവച്ചിരിക്കുന്നു.സുയോധനനന്‍റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.പാവം കളിയില്‍ വലിയ പരിജ്ഞാനം ഇല്ലെന്നു കണ്ടാലറിയാം.

സുയോധനന്‍ പറഞ്ഞു:

ഏട്ടാ ഈ നീക്കം അബദ്ധമാണ്.എന്‍റെ കുതിരക്ക് അതിനെ കീഴടക്കാനാവും.കരുമാറ്റി ഒന്നുകുടി കളിക്കു

ധര്‍മപുത്രര്‍ തലയുയര്‍ത്തി സുയോധനനെ നോക്കി.പിന്നെ കരുക്കളിലെക്കും.അയാള്‍ ആകെ സംശയഗ്രസ്തനായി മെല്ലെ ചോദിച്ചു:

എങ്ങിനെ....?


കണ്ടോളു

എന്നുപറഞ്ഞ് സുയോധനന്‍ അതിവേഗത്തില്‍ തന്‍റെ കുതിരയെക്കൊണ്ട് ആ കരു വെട്ടിയെടുത്ത് കൊണ്ട് ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു:

എങ്ങിനെയെന്നോ,ദാ ഇങ്ങിനെ തന്നെ...

സുയോധനന്റെ ചിരി അവിടെയെങ്ങും മാറ്റൊലി കൊണ്ടു.കുന്തിയും ഗാന്ധാരിയും അത് ശ്രദ്ധിച്ചപ്പോഴാണ്‌ അയാള്‍ ചിരി നിര്‍ത്തിയത്.പക്ഷെ ധര്‍മപുത്രര്‍ക്ക് അപ്പോഴും ഒന്നും മനസിലായില്ല!അയാള്‍ പിന്നെയും കരുക്കളില്‍ തന്നെ കണ്ണും നട്ടിരിപ്പാണ്!അടുത്ത നീക്കത്തിന് ഇനിയും സമയമെടുക്കും.സുയോധനന്‍ അമ്മമാരെ ശ്രദ്ധിച്ചു.

ഗാന്ധാരി തന്‍റെ പരിചാരകമാരെ പറഞ്ഞ്‌ അയച്ചതിനു ശേഷം അനുതപ്തതയോടെ കുന്തിയോട് ചോദിക്കുന്നു:

പാണ്ടുവിനു  ഈ ദുരന്തം വരാന്‍.........?

കുന്തി ചുറ്റിലും നോക്കി.ഉടന്‍സുയോധനന്‍ കണ്ണുകള്‍ പിന്‍വലിച്ച് കളിയില്‍ ശ്രദ്ധിച്ചു.ധര്‍മപുത്രര്‍ ആലോചനയില്‍ തന്നെയാണ്.കരു ഒന്നും ഇനിയും നീങ്ങിയിട്ടില്ല!അയാള്‍ കണ്ണുകള്‍ ചതുരംഗപ്പലകയില്‍ തന്നെ ഊന്നി കുന്തിയുടെ മറുപടിക്ക് ചെവി പാര്‍ത്തു.കുന്തി പറയുകയാണ്:

കാട്ടില്‍ വച്ച് രാജാവ് തന്‍റെ സാമര്‍ത്ഥ്യം കാണിക്കാനെന്നവിധം,മൈഥുനത്തിലേര്‍പ്പെട്ടുകൊണ്ടിരുന്ന മാനിണകളെ അസ്ത്രത്താല്‍ വീഴ്ത്തി.എന്നാല്‍ അവ ഒരു മുനിയും പത്നിയും ആയിരുന്നു.കാമകേളികള്‍ക്കിടയില്‍, നിനക്കും ഇതേ വിധം മരണമുണ്ടാകട്ടെ എന്ന് അവര്‍ ശപിച്ചു.അതിനാലാണ്...

അപ്പോള്‍ ധര്‍മപുത്രരുടെ നനുത്ത ശബ്ധം ഉയര്‍ന്നു:

ദുര്യോധനാ ഞാന്‍ കരുനീക്കിയത് നീയറിഞ്ഞില്ലേ?അതോ മറികടക്കാന്‍ വഴിയറിയാതെയിരിപ്പാണോ?

സുയോധനന്‍ കളിയിലേക്ക് ശ്രദ്ധ തിരിച്ചു.ധര്‍മപുത്രര്‍ മാറ്റിയ കരു കാണുകയും അത് മറ്റൊരു മണ്ടന്‍ നീക്കമാണെന്ന് തിരിച്ചറിയുകയും ചെയ്തു അയാള്‍.തേര് കൊണ്ട് അതിനെ കീഴടക്കി,ധര്‍മപുത്രര്‍ക്ക് അടുത്ത കളിക്കുള്ള അവസരം നല്‍കി,അമ്മമാരിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചു അയാള്‍.

മാദ്രി എന്തിനു ചിത പുകി.അങ്ങിനെയെങ്ങില്‍ തന്നെ നീയല്ലേ ധര്‍മ്മപത്നി?

ഗാന്ധാരിയുടെ ചോദ്യം കേട്ട് കുന്തി പറഞ്ഞു:

അതെ ഏടത്തി,പക്ഷെ അവളുമായി ബന്ധപ്പെടുമ്പോള്‍ ആണ് ദുരന്തം ഉണ്ടായത്.മാത്രമല്ല തന്‍റെ കാമനകള്‍ അപുര്‍ണ്ണവും അതൃപ്തവും ആണെന്ന് പറഞ്ഞാണ് അവള്‍ അഗ്നി പുകിയത്.

അപ്പോള്‍  ധര്‍മപുത്രര്‍ അടുത്ത കരുനീക്കം നടത്തുകയായിരുന്നു.സുയോധനന്‍ വിചാരിച്ച വഴി തന്നെയാണ്‌ കരു നീങ്ങുന്നത്!ധര്‍മപുത്രര്‍ കരുവില്‍ നിന്നും കൈ എടുത്ത ഉടന്‍ സുയോധനന്‍ തന്‍റെ കാലാള്‍ കൊണ്ട് കുതിരയെ സ്വന്തമാക്കി പിന്നെയും ഉറക്കെ ചിരിച്ചു.ധര്‍മപുത്രര്‍ വിളറി വിയര്‍ത്തു.അപ്പോള്‍ സുയോധനന്‍ നേരംപോക്കായി ചോദിച്ചു.

ഈ ചതുരംഗ യുദ്ധം പോലും അറിയാത്ത അങ്ങ് ഭാവിയില്‍ എങ്ങിനെ പട നയിക്കും?

ആ വാക്കുകള്‍ ധര്‍മപുത്രരെ കുടുതല്‍ ലജ്ജിതനാക്കി.കളി മതിയാക്കി അയാള്‍ എഴുന്നേറ്റു.അപ്പോള്‍ സുയോധനന്‍ കൈയില്‍ മെല്ലെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു:

കളി തീര്‍ന്നിട്ടില്ല ഏട്ടാ 

അത് ചെവിക്കൊള്ളാതെ ധര്‍മപുത്രര്‍ കൈ തട്ടിമാറ്റി.ആ ശബ്ധം കേട്ട് ഗാന്ധാരി ഉറക്കെ പറഞ്ഞു.

സുയോധനാ,നിന്‍റെ കളിതമാശകള്‍ മുത്തവരോട് വേണ്ട.ധര്‍മപുത്രര്‍ നിന്‍റെ ജേഷ്ടനാണ്.

അത് കേട്ട് ഉടന്‍ തന്നെ സുയോധനന്‍ പിടി വിട്ടു.അപ്പോള്‍ കുന്തി ചോദിച്ചു:

ദുര്യോധനനാ,ഏട്ടന്‍റെ ഇപ്പോഴത്തെ മനോനില നിനക്ക് അറിഞ്ഞുകുടെ?

എന്നിട്ട് ധര്‍മപുത്രരോടായി പറഞ്ഞു:

ഉണ്ണി, കളി മതിയാക്കി അനുജന്മാര്‍ എന്ത് ചെയ്യുന്നുവെന്ന് പോയ്‌ നോക്കു.

അത് കേള്‍ക്കാന്‍ ഇരുന്നെന്നവണ്ണം ഉടന്‍ കളി നിര്‍ത്തി ധര്‍മപുത്രര്‍ പുറത്തേക്ക് നടന്നു.സുയോധനന്‍ ആ പോക്ക് അല്‍പനേരം നോക്കിയിരുന്നു.പിന്നെ പതിയെ കരുക്കള്‍ വാരി,ചതുരംഗപ്പലക മടക്കി.

ooo 


Saturday, January 19, 2013

അധ്യായം ഒന്ന്

ഹസ്തിനപുരം ആഹ്ലാദഭരിതമായിരുന്നു.വാനപ്രസ്ഥം അവസാനിപ്പിച്ച്,പാണ്ടുമഹാരാജാവ് പത്നിമാരോടും പുത്രന്മാരോടുമൊപ്പം തിരിച്ചു വരുന്നുവെന്ന വാര്‍ത്ത വളരെ നേരത്തേതന്നെ അവിടെ പ്രചരിച്ചിരുന്നു.പൌരജനങ്ങളെല്ലാം ആ എഴുന്നള്ളത്ത് ആഘോഷിക്കാനുറച്ചു കൊട്ടാരവളപ്പില്‍ തടിച്ചു കുടിയിരുന്നു.അകലെ നിന്നും പാഞ്ഞുവരുന്ന തേര്‍ച്ചക്രങ്ങളുടെയും കുതിരക്കുളംബടികളുടെയും ശബ്ദത്തിനായവര്‍ കാതോര്‍ത്തുനിന്നു.

ഭീഷ്മരും ധൃതരാഷ്ട്രരും പുമുഖത്തു ഉപവിഷ്ടരായി.വിദുരര്‍ ഇടക്കിടക്ക് കൊട്ടാരത്തിന്റെ പടിവാതില്‍കലെക്കും വഴിത്താരകളിലെക്കും പാളിനോക്കിക്കൊണ്ട് അസ്വസ്ഥനായി അങ്കണത്തിലുടെ
ഉലാത്തിക്കൊണ്ടിരുന്നു.

സ്ത്രീജനങ്ങള്‍പുരാന്തര്‍ഭാഗത്തു,ജാലകത്തിരശീലകള്‍ നീക്കിപ്പിടിച്ചു കാത്തിരുന്നു.കൌരവകുമാരന്മാര്‍ മുറ്റത്തും മുറികളിലുമായി പലവിധ കളികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു.ആ സമയം,നുറ്റുവരില്‍ മുത്തവനായ സുയോധനന്‍ മാത്രം തന്‍റെ നിലവറയിലെ നിലക്കണ്ണാടിക്ക് മുന്‍പില്‍ അണിഞൊരുങ്ങുകയായിരുന്നു!

സുയോധനന്‍,നിലക്കണ്ണാടിയിലേക്ക് ഒന്നുകുടി നോക്കി വേഷഭുഷാദികള്‍ പരിശോധിച്ചു.ഇളംപച്ചത്തലപ്പാവുംഉത്തരീയവും.അരയില്‍ മുറു ക്കിയുടുത്തിരിക്കുന്ന വീരാളിപട്ട് .കഴുത്തില്‍ മുന്നായ്‌ മടക്കിയിട്ടിരിക്കുന്ന കനകമാല.അതിനു കീഴിലായി,ചുവന്ന രത്നം പതിച്ച ചെറിയ മണിമാല.തോള്‍വളകളും കങ്കണങ്ങളും.ഇരു കൈകളിലും വൈഡ്യുര്യം  പതിപ്പിച്ച മോതിരങ്ങള്‍.രാജകുമാരന് ഉചിതമായ വേഷം തന്നെഎന്ന് അയാള്‍ മനസ്സില്‍ സ്വയം പ്രശംസിച്ചു.എങ്കിലും മുക്കിനു കീഴില്‍ മുളച്ചു തുടങ്ങിയിരിക്കുന്ന സ്മശ്രുക്കള്‍ക്ക് കുറച്ചുകുടി കറുപ്പാവാമെന്നു കരുതി അന്ജനക്കുട്ട്  എടുക്കാന്‍ മുതിര്ന്നപ്പോഴാണ് ഒരു ദാസന്‍ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടത്.സുയോധനന്‍ തിരിഞ്ഞു നോക്കി.അയാള്‍ ഉപചാരപുര്‍വം വന്ദിച്ചുകൊണ്ട് അറിയിച്ചു:

അവര്‍  എത്തിക്കഴിഞ്ഞു 

അത് കേട്ടതും,സുയോധനന്‍ മെല്ലെ എഴുന്നേറ്റു,വസ്ത്രങ്ങള്‍ക്ക് നേര്‍ത്ത ഉലച്ചില്‍ പോലും തട്ടാതെ ശ്രദ്ധിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.  പുമുഖത്തെക്ക് നടക്കുമ്പോള്‍ അയാള്‍ അനുജന്മാരെ ശ്രദ്ധിച്ചു.എല്ലാവരും ഉചിതമായ വേഷഭുഷാദികളോടെ തന്നെ!ദുശശള മാത്രം ഒരു ദാസിയുടെ കൈകളില്‍ നല്ല ഉറക്കമാണ്!കൈക്കുഞ്ഞെങ്ങിലും അവളെയും വേണ്ടവിധം ഒരുക്കിയിട്ടുണ്ട് ദാസിമാര്‍!സുയോധനനെ കണ്ടതും ദുശശാസനന്‍ ചിരിച്ചുകൊണ്ട് അരികിലേക്ക് ചെന്നു .അയാള്‍ സുയോധന്‍റെ വേഷത്തെ പ്രകീര്‍ത്തിച്ചു.പിന്നെ അയാള്‍ക്കൊപ്പം ദുസ്സാസനനും പുമുഖത്തെക്ക് നടന്നു.

അവര്‍ പുറത്തു എത്തുമ്പോഴേക്കും,കൊട്ടാരത്തിന്റെ മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന പടിവാതിലുകള്‍ വഴി വെളുത്ത രണ്ടു കുതിരകളെ പൂട്ടിയ ഒരു തേര്  പ്രവേശിച്ചു.പൌരജനങ്ങള്‍ ഹര്‍ഷാരവം മുഴക്കിക്കൊണ്ട്  പുഷ്പങ്ങള്‍ ചൊരിഞ്ഞു.അവര്‍ക്കിടയിലൂടെ സാവകാശം മുറ്റത്ത് എത്തിച്ചേര്‍ന്ന തേരില്‍ നിന്നും പാണ്ടു പുത്രന്മാരും കുന്തിയും, ഓടിയെത്തിയ വിദുരരുടെ കൈ പിടിച്ചു താഴേക്കിറങ്ങി.കുന്തി നേരെചെന്നു ഭിഷ്മ പാദം തൊട്ടു നമസ്ക്കരിച്ചു.പിന്നെ ധൃതരാഷ്ട്രരെയും സാഷ്ടാംഗം പ്രണമിച്ച്,അകത്തേക്ക് മുഖം കുനിച്ചു നടന്നുപോയി.തേരില്‍ നിന്നും ഇറങ്ങിയ കുട്ടികള്‍ അമ്മ ചെയ്തതെല്ലാം ആവര്‍ത്തിച്ചു.

പാണ്ഡവരെ അനുഗമിച്ചെത്തിയിരുന്ന മുനിമാരില്‍ ഒരാള്‍ ഉണ്ണികളെ ചേര്‍ത്തു പിടിച്ചുകൊണ്ടുവന്നു പുമുഖത്തു നിര്‍ത്തുമ്പോള്‍,പടിക്കപ്പുറം നില്‍ക്കുന്ന പുരുഷാരത്തില്‍ നിന്നും ഒരു കുട്ടനിലവിളി ഉയര്‍ന്നു.എല്ലാവരും അവിടേക്ക് എത്തിനോക്കി.അപ്പോള്‍ ഒരു തേര് കുടി മുറ്റത്തേക്ക് പ്രവേശിച്ചു.വിദുരര്‍ തേരിനടുത്തു ഓടിയണഞ്ഞു.എങ്ങും കരച്ചില്‍ ഉയര്‍ന്നു.ധൃതരാഷ്ട്രര്‍ ഭീഷ്മരോട് കാരണം തിരക്കി.ഭീഷ്മര്‍ പറഞ്ഞു:

ഭഗവന്‍,നിര്‍ത്തിയിട്ടിരിക്കുന്ന തെര്‍ത്തട്ടില്‍ ചിതാഭസ്മം നിറച്ച രണ്ടു കലശങ്ങള്‍  ഞാന്‍ കാണുന്നു.

അപ്പോള്‍,തേരിനെ അനുഗമിച്ചു വന്ന വൃദ്ധനും ജടാധാരിയുമായ ഒരു സന്യാസി ഭീഷ്മരെ അഭിവാദ്യം ചെയ്തുകൊണ്ട് അറിയിച്ചു:

മഹാത്മന്‍ അങ്ങയുടെ അനുജനായ പണ്ടുവിന്റെയും പത്നി മാദ്രിയുടെയും ചിതാകലശങ്ങളാണിവ.

അത് കേള്‍ക്കെ ധൃതരാഷ്ട്രര്‍നിശബ്ധനായി.കൃഷ്ണമണികളില്ലാത്ത ആ മിഴികളില്‍ അശ്ര്യുക്കള്‍ നിറഞ്ഞു.അദ്ദേഹം മെല്ലെ ചോദിച്ചു:

എങ്ങിനെ...എങ്ങിനെ..ഇത്...?

സന്യാസി പറഞ്ഞു:

വിധിഹിതം.കാമക്രീഡക്ക് വിഘ്നം വന്ന മുനിയുടെ ശാപം.മാദ്രിയുമൊത്തുള്ള വേഴ്ചയില്‍ തലതകര്‍ന്ന്,ഉടല്‍ വേര്‍പെട്ട് ,മഹാരാജാവ് മരണം പുകി.മാദ്രി അഗ്നി പ്രവേശനം നടത്തി.മഹാശാപങ്ങള്‍ ആര്‍ക്കും മറികടക്കാന്‍ ആവില്ലല്ലോ!

 ഇത് പറഞ്ഞു സന്യാസി പിന്‍വാങ്ങിയപ്പോള്‍,ധൃതരാഷ്ട്രര്‍ എഴുന്നേറ്റു നിന്നു.പൌരാവലി കുടുതല്‍ നിശബ്ദമായി.ദുഃഖം ഉള്ളിലൊതുക്കി,ദൃഡമായ ശബ്ധത്തോടെ,അദ്ദേഹം പറഞ്ഞു:

ഹേ,വിദുര.പാണ്ടുവിന്റെയും മാദ്രിയുടെയും സംസ്കാരം രാജാധിരാജന് ചേര്‍ന്ന വിധം നടത്തുക.പശുക്കള്‍,വസ്ത്രങ്ങള്‍,രത്നങ്ങള്‍,പലപ്രകാരമുള്ള മറ്റു വസ്തുക്കള്‍ തുടങ്ങിയവ ഇഷ്ടം പോലെ ബ്രാമണര്‍ക്ക് ദാനം ചെയ്യുക.ഒന്നിനും ഒരു കുറവും ഉണ്ടാകരുത്.ഒന്നിനും....

അദ്ദേഹം  നിശബ്ധനായി സാവകാശം ഇരുന്നു.ആ അന്തരീക്ഷം കുടുതല്‍ ശോകമുകമായി.

കുന്തി, അകത്ത് ഗാന്ധാരിക്ക് മെയ്‌ ചാരി വിതുമ്പി കരഞ്ഞുകൊണ്ടിരുന്നു.പാണ്ടുപുത്രന്മാര്‍ പുമുഖത്തു തന്നെ നിന്നു കണ്ണീര്‍വാര്‍ത്തു.സുയോധനനും ഉള്ളില്‍ ദുഃഖം നിറഞ്ഞു.

ഒരു സന്യാസി പാണ്ഡവരെ ധൃതരാഷ്ട്ര സമിപം എത്തിച്ചു.അദ്ദേഹം ഓരോരുത്തരെയും മാറി മാറി ആസ്ലേഷിക്കുമ്പോള്‍ സന്യാസി സദസിനു അവരെ പരിചയപ്പെടുത്തി:

മുത്തവന്‍ ധര്‍മപുത്രര്‍,കുന്തിക്കു ധര്‍മാദേവനില്‍ ഉണ്ടായ മകന്‍ രണ്ടാമത്തെയാള്‍ ഭിമസേനന്‍,വായുപുത്രന്‍,മുന്നാമാത്തേത് ഇന്ദ്ര തനയനായ അര്‍ജുനനന്‍,മാദ്രിക്ക് ഗന്ധര്‍വന്മാരിലുണ്ടായ നകുലനും സഹദേവനുമാണ് മറ്റു രണ്ടുപേര്‍.

ധര്‍മപുത്രര്‍  മെലിഞ്ഞു ആരോഗ്യം തിരെ തോന്നിക്കാത്ത പ്രകൃതമാണ്!ഭിമന്‍ തന്നെപ്പോലെ തന്നെ ആരോഗ്യ ധൃഡഗാത്രനാണ്.ക്ഷത്രിയ ലക്ഷണമൊത്തവന്‍ അര്‍ജുനന്‍ തന്നെ!എന്നെല്ലാം ചിന്തിച്ചുകൊണ്ട് സുയോധനന്‍ നില്‍ക്കുമ്പോള്‍,ഭിഷ്മര്‍ പറഞ്ഞു:

ഇനി പാണ്ടവകുമാരന്മാര്‍ അവരുടെ സഹോദരന്‍മാരായ കൌരവരെ പരിചയപ്പെടട്ടെ.എവിടെ ദുര്യോധനന്‍?

ഭിഷ്മരുടെ ഉറക്കെയുള്ള വിളിയില്‍ സുയോധനന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു.അയാള്‍ വേഗം പാണ്ടവര്‍ക്ക് അരികിലെത്തി.ഭീഷ്മര്‍ സുയോധന നെ ചേര്‍ത്ത് നിര്‍ത്തികൊണ്ട് പറഞ്ഞു:

ഇത് ദുര്യോധനന്‍.കൌരവരില്‍ മുത്തവന്‍.പ്രായംകൊണ്ട് ഭിമന് സമം.

എന്നിട്ട് സുയോധനനോടായി പറഞ്ഞു:

ഉണ്ണി,ജേഷ്ടനെ അഭിവാദ്യം ചെയ്യു....

സുയോധനന്‍ വേഗം ധര്‍മ്മപുത്ര സമിപം ചെന്ന് ആ പാദങ്ങള്‍ തൊട്ടു വന്ദിച്ചു.മാന്തളിര്‍ പോലെ നനുത്ത കാലുകള്‍!പിന്നെ ഭിമനെ ആശ്ലേഷിച്ചു.ഭിമന്‍ തന്നെ മുറുകെ പുണര്‍ന്നതായി തോന്നി സുയോധനന്.മറ്റു പാണ്ഡവരെ  വന്ദിച്ചു ആസ്ലെഷിക്കുമ്പോള്‍,ഭീഷ്മരുടെ നിര്‍ദേശപ്രകാരം മറ്റു കൌരവരും പാണ്ഡവരെ യഥാവിധി ആദരിച്ചുകൊണ്ടിരുന്നു.
                                                                                                         OOO