Sunday, February 24, 2013

അധ്യായം-അഞ്ച്,കൊന്നാലോ?

ഭീമന്‍റെ അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരുന്നു.കൌരവര്‍ക്ക് അയാളെപ്പറ്റി പരാതി പറയാനേ നേരമുള്ളൂ.സുയോധനന്‍ ഭീമന്‍റെ ശല്യത്തെപ്പറ്റി മുതിര്‍ന്നവരോട് സുചിപ്പിക്കാറുണ്ട്.അത് കേള്‍ക്കുമ്പോള്‍ ഭിഷ്മര്‍ മൗനം പാലിക്കുകയോ,ഭരണകാര്യങ്ങള്‍ എന്തെങ്കിലും പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയോ ചെയ്യും.

പരാതി കേള്‍ക്കുമ്പോള്‍ വിദുരരാകട്ടെ തറപ്പിച്ച് ഒന്ന് നോക്കും.അല്ലെങ്കില്‍ പരിഹാസപൂര്‍വം ഒന്ന് ചിരിക്കും.പിന്നെ സുയോധനന്‍റെ ജന്മദോഷത്തെ പഴിക്കും.ജനനസമയത്ത് അയാള്‍ കഴുതയെപ്പോലെ കരഞ്ഞതും അതുകേട്ട് കുറുക്കന്മാര്‍ ഓരിയിട്ടതും മറ്റും ഓര്‍മ്മിപ്പിച്ചുകൊണ്ട് ശാപവചസുകള്‍ ഉരുവിടും.ഇക്കുറിയും പരാതിപറഞ്ഞപ്പോള്‍ വിദുരര്‍ പതിവുപോലെ സുയോധനനെ പരിഹസിച്ചു.അതും അമ്മയുടെ മുന്നില്‍ വച്ച്.സുയോധനനും വിട്ടുകൊടുത്തില്ല.തന്‍റെ ജന്മദോഷത്തെപ്പറ്റി ആവര്‍ത്തിച്ചപ്പോള്‍,സുയോധനന്‍ ചോദിച്ചു:

ജന്മദോഷം!ഞാനും ഭീമനും ജനിച്ചത്‌ ഒരേ സമയത്തല്ലേ?കാട്ടിലും ഉണ്ടായല്ലോ ദുശകുനങ്ങള്‍!എന്നിട്ടും ഞാന്‍മാത്രം കുലദ്രോഹിയെന്നോ?

പെട്ടെന്ന്  വിദുരര്‍ക്ക് ഉത്തരം മുട്ടി.അയാള്‍ നിശബ്ധനായി നിന്നപ്പോള്‍ ഗാന്ധാരി സുയോധനനോട് പറഞ്ഞു:

ഉണ്ണി,മുതിര്‍ന്നവരെ നിന്ദിക്കരുത്.അവരുടെ ശാപം കുലം മുടിക്കും.

അതുകേട്ട് വിദുരര്‍ പറഞ്ഞു:

ഏടത്തി,ഇവന്‍റെ ഇത്തരം ധിക്കാരങ്ങള്‍ക്ക് ഭാവിയില്‍ കനത്ത വിലനല്‍കേണ്ടിവരും ഓര്‍ത്തോളൂ.

അപ്പോള്‍ ഗാന്ധാരി ഇങ്ങിനെ പ്രതിവചിച്ചു:

അനുജാ,അങ്ങിനെ ഇവനെമാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.കാര്യങ്ങള്‍ കുറെയൊക്കെ ഞാനും അറിയുന്നുണ്ട്.

അതുകേട്ട് അസ്വസ്ഥതയോടെ വിദുരര്‍ അവിടം വിട്ടു.അപ്പോള്‍ സുയോധനന്‍ അമ്മയെ നമസ്കരിച്ചു.ഗാന്ധാരി മകനെ പിടിച്ചുയര്‍ത്തി മുര്‍ധാവില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു:

എനിക്ക് എല്ലാം മനസിലാവുന്നുണ്ടുണ്ണി.പക്ഷെ നിയായിട്ടു കുരുത്തക്കേടിനൊന്നും  മുതിരരുത്.

അമ്മയുടെ കാഴ്ച്ചകള്‍ മറച്ചിരുന്ന കറുത്ത തുണിയില്‍ കണ്ണിരിന്‍റെ നനവ്‌ പടരുന്നത് അയാള്‍ കണ്ടു.അവര്‍ അങ്ങിനെ നില്‍ക്കുമ്പോള്‍ വാതില്‍ക്കല്‍ ദുസ്സാസനന്‍ മുഖം കാണിച്ചു.അയാള്‍ അമ്മയെ വിട്ട് മുറിക്കു പുറത്തേക്ക് വന്നു.

ദുസാസനന്‍റെ വരവ് ഭീമനെ പറ്റിയുള്ള അടുത്ത പരാതിയുമായിട്ടാണ്.ഇത്തവണ ഉണ്ണികളെ മരത്തില്‍നിന്ന് തള്ളിയിട്ടുവെന്നാണ്.ഉണ്ണിമാങ്ങകള്‍ക്കായി ഭീമന്‍ അവരെ മരത്തില്‍ കയറ്റി വിട്ടു.മരച്ചില്ലകളില്‍ ആഹ്ലാദത്തോടെ കയറിനിന്ന അവരെ ഭീമന്‍ കുലുക്കി താഴെയിട്ടുപോലും !

അതറിഞ്ഞതും സുയോധനന്‍ തൊടിയിലെ മാവിന്നരികിലേക്ക് പാഞ്ഞു.ഉണ്ണിമാങ്ങകള്‍ക്കും പൂങ്കുലകള്‍ക്കുമൊപ്പം അനുജന്മാരും വീണ് കിടക്കുന്നു!പലരുടെയും കൈകാലുകള്‍ ഒടിഞ്ഞിട്ടുണ്ട്!ഭീമന്‍ ഒരിടത്തായി മാറിനില്‍പ്പുണ്ട്.അവനു ചുറ്റിലുമായി പാണ്ഡവര്‍ നിലയുറപ്പിചിരിക്കയാണ്.ഭിഷ്മരും വാല്യക്കാരുടെ അകമ്പടിയോടെ എത്തിച്ചേര്‍ന്നു.

അനുജന്മാരുടെ  കരച്ചില്‍ അധികനേരം നോക്കിനില്‍ക്കാന്‍ സുയോധനനു ആയില്ല.പെട്ടെന്ന് അയാള്‍ ഭീമനുനേരെ കുതിച്ചു.പെട്ടെന്ന് വാല്യക്കാര്‍ ഇടപെട്ട്‌ അയാളെ വഴിയില്‍ തടഞ്ഞു.അപ്പോഴേക്കും വിദുരരും അവിടേക്ക് എത്തി.ധര്‍മപുത്രരുടെ ചെവിയില്‍ അദേഹം എന്തോ പറഞ്ഞു.ഉടന്‍ പാണ്ഡവര്‍ ഭീമനുവലയം തിര്‍ത്ത്‌ അയാളെയും കൊണ്ട് അവിടെനിന്നും മറഞ്ഞു.

പരിക്കേറ്റവരെ തോളിലേറ്റി വാല്യക്കാര്‍ പോയി.ഭിഷ്മരും വിദുരരും ഒന്നും പറയാതെ അവര്‍ക്കൊപ്പം തിരിച്ചു.സുയോധനന്‍ കോപം കൊണ്ട് വിറച്ചും സങ്കടപ്പെട്ടും മാവിന്‍ചുവട്ടില്‍തന്നെ ഇരുന്നു.ദുസ്സാസനന്‍ അയാളുടെ ചുമലില്‍ പിടിച്ചുകൊണ്ടു അകലേക്ക്‌ നിശബ്ധനായി നോക്കിനിന്നു!പിന്നെ പല്ലുകള്‍ ഞെരിച്ചുകൊണ്ട് ദുസ്സാസനന്‍ ചോദിച്ചു:

കൊന്നുകളഞ്ഞാലോ ഏട്ടാ..

അപ്പോള്‍ മാവിന്‍റെ മറുവശത്ത് നിന്ന് ഇങ്ങിനെ ഒരു ശബ്ധം  കേട്ടു:

ആവാം.പക്ഷെ സമയമായിട്ടില്ല

സുയോധനനും ദുസ്സസനനും ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി.സുര്യതേജസ്സാര്‍ന്ന കര്‍ണ്ണന്‍ അവര്‍ക്കരികിലേക്ക് വരുന്നു.സുയോധ നനെ പിടിച്ചേഴുന്നേല്‍പ്പിച്ചുകൊണ്ട് കര്‍ണ്ണന്‍ പറഞ്ഞു:

സാമഭേദ ദണ്ഡങ്ങളിലൂടെ ഒരാളെ നേര്‍വഴിക്ക്നടത്താനാവുമെന്ന് ആചാര്യന്മാര്‍ പറയുന്നു.പക്ഷെ ഭീമനെ സംബന്ധിച്ച് അതൊന്നും സാധ്യമല്ല.

സുയോധനന്‍ നോക്കിയിരിക്കെ അയാള്‍ തുടര്‍ന്നു:

ഭീമന്‍ ശക്തനാണ്.നിങ്ങള്‍ നൂറ്റുവര്‍ നേരിട്ടെതിര്‍ത്താലും അയാളെ തോല്‍പ്പിക്കാനാവില്ല!അതിനാല്‍ സ്നേഹത്തിന്‍റെ വഴി തേടുക.

സ്നേഹത്തിന്‍റെയോ!

ദുസ്സാസനന്‍ അത്ഭുതത്തോടെ ചോദിച്ചു.

അതെ 

കര്‍ണ്ണന്‍ പറഞ്ഞു.

പലതുണ്ട് വഴികള്‍.പെണ്ണുങ്ങളും മദ്യവും അതില്‍ പ്രധാനവുമാണ്!

അതിനുള്ള വഴികള്‍ ആലോചിക്കാന്‍ പറഞ്ഞുകൊണ്ട് കര്‍ണ്ണന്‍ മറഞ്ഞു.അവര്‍ ആ പോക്ക് നോക്കി നിന്നു.