Thursday, March 28, 2013

അദ്ധ്യായം-ഒന്‍പത്,കിണറ്റിന്‍ കരയില്‍

നാളുകള്‍ കടന്നു പോകുംതോറും കുമാരന്മാരെല്ലാം ആയോധന കലകളില്‍ പ്രാവിണ്യം നേടിക്കൊണ്ടിരുന്നു.അര്‍ജുനന്‍ എല്ലാത്തിലും താത്പര്യം കാണിച്ചിരുന്നെങ്ങിലും ശാസ്ത്ര വിദ്യയിലായിരുന്നു അയാളുടെ പ്രധാന മികവ്!അര്‍ജുനന്‍ന്‍റെ ശരവേഗത്തിനു ഒപ്പമെത്താന്‍ ആര്‍ക്കുമായില്ല!

സുയോധനന് ഗദാ പ്രയോഗത്തിലായിരുന്നു കുടുതല്‍ കമ്പം.മുന്‍പില്‍ നില്ല്ക്കുന്നവനെ തകര്‍ത്ത് ഉടയ്ക്കാന്‍ അയാളുടെ സുവര്‍ണ്ണഗദ സദാ വെമ്പിയിരുന്നു!ഭീമനും തന്‍റെ വഴിക്കാണെന്ന് കണ്ടപ്പോള്‍ അയാള്‍ ഏറെ ആഹ്ലാദിച്ചു.

കൃപരുടെ കിഴില്‍ അധ്യയനത്തിനു കര്‍ണനും അനുവാദം ലഭിച്ചിരുന്നു.കര്‍ണ്ണനും അസ്ത്രവിദ്യയില്‍ മികവ് പുലര്‍ത്തി.അര്‍ജുനനോടു അയാള്‍ ഒരു വാശി വച്ച് പുലര്‍ത്തും പോലെ.ഒരിക്കല്‍ സുയോധനന്‍ ഈ കാര്യം സുചിപ്പിച്ചപ്പോള്‍ കര്‍ണ്ണന്‍ അത് സമ്മതിച്ചു.വാശി മാത്രമല്ല,അര്‍ജുനനോടു ആരാധനയും ഉണ്ട് അയാള്‍ക്ക്‌!

ഒരുദിവസം കുമാരന്മാരെല്ലാവരും ചേര്‍ന്ന് കാരോട്ടു കളിക്കുകയായിരുന്നു.കളി ആവേശത്തോടെ മുന്നേറുമ്പോള്‍ അവിചാരിതമായി കാര മൈതാനത്തിനരികിലെ പൊട്ടക്കിണറ്റിലെക്ക് തെറിച്ചു വിണ്‌ു!അത് വീണ്ടെടുക്കാനാവാതെ കുട്ടികള്‍ കിണറിനു ചുറ്റും നിന്നു.എല്ലാവരും അര്‍ജുനനെ പ്രതിക്ഷയോടെ നോക്കി.അയാള്‍ക്കുള്ളില്‍ ഒരു വിദ്യയും തെളിഞ്ഞില്ല! 

ഒന്നിലും തീര്‍പ്പ് കല്‍പ്പിക്കാനാവാതെ കുമാരന്മാര്‍ പരസ്പ്പരം പലവിധ ഉപായങ്ങളും പറഞ്ഞുകൊണ്ട് നിന്നു.സുയോധനന്‍ അല്പം മാറി ഒരു ശിലാപാളിയില്‍ ഇരുന്നതേയുള്ളൂ!ഏവരും അര്‍ജുനനെയും ഭിമനെയും പലതും പറഞ്ഞ്‌ പ്രോത്സാഹിപ്പിക്കാന്‍ നോക്കുന്നുണ്ട്.ധര്‍മപുത്രര്‍ ചിന്താമഗ്നനായി കിണറിനു ചുറ്റും നടക്കുന്നുണ്ട്!

ആ സമയത്ത് തേജസ്വിയായ ഒരു ബ്രാഹ്മണന്‍ അകലെ നിന്നും നടന്നുവരുന്നത് സുയോധനന്‍ കണ്ടു.അയാള്‍ ബ്രാഹ്മണനെ ശ്രദ്ധിച്ചു,കറുത്ത് മെലിഞ്ഞ നരച്ച രൂപം.എങ്കിലും വെളിച്ചം പൊഴിക്കുന്ന കണ്ണുകള്‍.നെടു ഗാത്രം!ആ രൂപം അടുത്തടുത്ത് വന്നതോടെ അധ്യെഹത്തിന്‍റെ മുഖത്ത് തെളിഞ്ഞു കാണുന്ന ആത്മവിശ്വാസംസുയോധനനെ അത്ഭുതപ്പെടുത്തി!അയാള്‍ വേഗം എഴുന്നേറ്റ്‌ ധര്‍മപുത്രരുടെ അരികില്‍ ചെന്നു.അയാള്‍ ആ ബ്രാഹ്മണനെ ചുണ്ടിക്കൊണ്ട് ധര്‍മപുത്രരോട് പറഞ്ഞു:

ആ വരുന്ന ആള്‍ക്ക് നമ്മെ സഹായിക്കാന്‍ കഴിയുമെന്ന് തോന്നുന്നു

ധര്‍മപുത്രര്‍ അയാളെ നോക്കി.ആ രൂപത്തില്‍ ധര്‍മപുത്രര്‍ക്ക് യാതൊരു പ്രതിക്ഷയും തോന്നിയില്ല.എങ്കിലും ഒന്ന് പരിക്ഷിക്കാന്‍ അയാള്‍ തിരുമാനിച്ചു.വിജയിചില്ലെങ്ങില്‍ ദുര്യോധനനെ പരിഹസിക്കാന്‍ ഒരു അവസരവും ആകുമല്ലോ!ധര്‍മപുത്രര്‍ ആ ബ്രാഹ്മണനെ സമീപിച്ച് പ്രശ്നം അവതരിപ്പിച്ചു.

ധര്‍മപുത്രരുടെ അപേക്ഷപ്രകാരം ആ ബ്രാഹ്മണന്‍ കിണറ്റിന് അരികിലേക്ക് ചെന്നു .കിണറ്റിലേക്ക് അല്‍പനേരം നോക്കി നിന്നിട്ട് അയാള്‍ കുമാരന്മാരോട് ചോദിച്ചു:

നിങ്ങള്‍ ക്ഷത്രിയരല്ലേ?മോശമാണല്ലോ നിങ്ങളുടെ ക്ഷാത്രം!കിണറ്റില്‍ വിണ ഒരു കരുവെടുക്കാന്‍പോലുമുള്ള അഭ്യാസപാടവം നിങ്ങള്‍ക്കില്ലെന്നോ?

 കുമാരന്മാര്‍ ലജ്ജിച്ചു തല താഴ്ത്തി.അര്‍ജുനനാണ് ഏറെ കുനിഞ്ഞത്.

നോക്കുക 

എന്ന് പറഞ്ഞുകൊണ്ട് അയാള്‍ തന്‍റെ കൈവിരല്‍ മോതിരം ഊരി കിണറ്റിലെറിഞ്ഞു!കുട്ടികള്‍ സ്തംപിച്ചു നില്‍ക്കെ അദേഹം ചോദിച്ചു.


നിങ്ങളുടെ കാര എന്‍റെ മോതിരത്തോടൊപ്പം എടുത്തു തരട്ടെ? 
കുട്ടികള്‍ സമ്മതിച്ചു.അപ്പോള്‍ വിണ്ടും അദ്ധേഹം ചോദിച്ചു:

എന്‍റെ പ്രവര്‍ത്തിക്ക്,ഈ ദരിദ്രന്  നിങ്ങള്‍ എന്ത് പ്രതിഫലം തരും?

ഉടന്‍ ധര്‍മപുത്രര്‍ മുന്നോട്ടു വന്നുകൊണ്ട് പറഞ്ഞു:

മഹാരാജാവിന്‍റെ സമ്മതത്തോടെ അങ്ങേക്ക് എന്നും കൊട്ടാരത്തില്‍ നിന്നും ഭിക്ഷ തേടാനുള്ള അനുമതി!

അപ്പോള്‍ ബ്രാഹ്മണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:

അതുമതി.അത് ധാരാളം തന്നെ 

അതിനുശേഷം നിലത്തുനിന്നും അദ്ദേഹം കുറച്ചു ഇഷികപുല്ലുകള്‍ പറിച്ചെടുത്തു.അതിലൊന്ന് സാവകാശം അസ്ത്രം കണക്കെ കിണറ്റിലേക്ക് എറിഞ്ഞു.അത് കാരയില്‍ കുത്തി നിന്നപ്പോള്‍ മറ്റൊന്ന് ആ പുല്‍ത്തുംപില്‍ അയച്ചു കൊള്ളിച്ചു.കുട്ടികള്‍ കണ്മിഴിച്ചു നോക്കി നില്‍ക്കവേ ഒന്നിനു  പുറകെ മറ്റൊന്നായി അയച്ചു കോര്‍ത്ത്,കാരയും മോതിരവും കിണറിനു പുറത്തേക്കെടുത്തു!കുട്ടികള്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി!അപ്പോള്‍ ധര്‍മപുത്രര്‍ വിസ്മയം വിടാതെ ചോദിച്ചു:

അങ്ങ് ആരാണ്?അങ്ങേക്ക് കുടുതലായി ഞങ്ങള്‍ എന്ത് നല്‍കണം?

അപ്പോള്‍ ആ ബ്രാഹ്മണന്‍ മെല്ലെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

ഇപ്പോള്‍ ഇവിടെ നടന്ന കാര്യങ്ങള്‍ നിങ്ങള്‍ മുത്തച്ചനോട് പറയുക മാത്രം ചെയ്യുക.

ഞങ്ങള്‍ ഇതറിയിച്ചു വരും വരെ ഇവിടെത്തന്നെ നില്‍ക്കണേ 

എന്ന് ധര്‍മപുത്രര്‍ പറഞ്ഞതും കുട്ടികള്‍ കൊട്ടാരത്തിലേക്ക് ആവേശത്തോടെ പാഞ്ഞു.സംഭവങ്ങള്‍ എല്ലാം കേട്ടപ്പോള്‍ ഭീഷ്മര്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു എന്നിട്ട് ഭ്രുത്യരോട് കല്‍പ്പിച്ചു:

ഉടന്‍ ആ മഹാനുഭാവനെ കുട്ടികൊണ്ടുവരാന്‍ ഒരുങ്ങുക.ആനകളും വെണ്‍  കുതിരകളെ പുട്ടിയ തേരുകളും ഒരുങ്ങണം.പുത്താലങ്ങലുമായി കന്യകമാര്‍ അണിനിരക്കട്ടെ.

എന്നിട്ട് കുമാരന്മാരോടായി അദ്ധേഹം പറഞ്ഞു:

അത് ധനുര്‍വേദാചാര്യനായ ദ്രോണരല്ലാതെ മറ്റാരുമല്ല.അദേഹത്തെ വരവേല്‍ക്കാന്‍ നിങ്ങളും ഒരുങ്ങുക.അപ്പോള്‍ സുയോധനന്‍ ധര്‍മപുത്രരെ വെറുതെ ഒന്ന് പാളി നോക്കി.ആ മുഖത്ത് ജാള്യത പൊതിഞ്ഞു നില്‍ക്കുന്നു.അയാള്‍ മുഖം തിരിച്ചു.സുയോധനന്‍ അത് കണ്ടു അഭിമാനത്തോടെ പുഞ്ചിരിച്ചു!Monday, March 18, 2013

അധ്യായം-എട്ട്

ധര്‍മപുത്രരുടെ ആഞ്ജയനുസരിച്ച് എല്ലാവരും അസ്തമയത്തിനു മുന്‍പേ പ്രമാണകോടിയില്‍ നിന്നും യാത്ര തിരിച്ചു.ധര്‍മപുത്രര്‍ ഒഴികെ ഉള്ളവരെല്ലാം മദ്യ ലഹരിയില്‍ ആയിരുന്നു!രാജകുമാരന്‍മാര്‍ക്കൊത്തു ആഘോഷിക്കാന്‍ കിട്ടിയ അവസരം ഭൃത്യന്മാറം പാഴാക്കിയില്ല.മദ്യത്തിന്‍റെ ആലസ്യത്തില്‍ എല്ലാവരും പരസ്പരം മറന്നിരുന്നു.ആരും ആരെയും തിരക്കിയില്ല.ആര്‍ക്കുവേണ്ടിയും കാത്തു നിന്നുമില്ല.ഓരോരുത്തരും മയക്കം നിറഞ്ഞ കണ്ണുകളും തളര്‍ന്ന ശരിരങ്ങളുമായി തെരുകളില്‍ കരേറി.അതുകൊണ്ട് തന്നെ ഭീമന്‍ തങ്ങളുടെ കൂടെ ഇല്ലാതിരുന്ന വിവരം ആരും ശ്രദ്ധിച്ചില്ല.
തിരിച്ചെത്തിയവരുടെ കുട്ടത്തില്‍ ഭീമനെ കാണാഞ്ഞ് കുന്തി പരിഭ്രമിച്ചപ്പോള്‍ മാത്രമാണ് അയാളുടെ തിരോധാനത്തെപ്പറ്റി എല്ലാവരും അറിഞ്ഞത് തന്നെ!

അവന്‍ ദുര്യോധനന് ഒപ്പം ആയിരുന്നു.അവരുടെ കൂടെ കാണുമെന്ന് കരുതി 

ധര്‍മപുത്രര്‍ അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.പിന്നെ തിടുക്കപ്പെട്ട് സുയോധനന്‍ന്‍റെ അടുത്തെത്തി.സുയോധനന്‍ ഉറക്കത്തിനുള്ള പുറപ്പാടിലായിരുന്നു.എങ്കിലും ജേഷ്ഠനെ കണ്ട് അയാള്‍ എഴുന്നേറ്റ് വന്ദിച്ചു.ഭീമനെ കാണാനില്ലെന്ന വാര്‍ത്ത അയാളെ സ്തബ്ധനാക്കി.നടന്ന കാര്യങ്ങളെല്ലാം അയാള്‍ ധര്‍മപുത്രറോട് വിവരിച്ചു.ധര്‍മപുത്രര്‍ അത് വിശ്വസിച്ചില്ല.സുയോധനനെ രൂക്ഷമായൊന്നു നോക്കിക്കൊണ്ട് അയാള്‍ പുറത്തേക്ക് നടന്നു.

എട്ടാം ദിവസമാണ് ഭീമന്‍ കൊട്ടാരത്തില്‍ തിരിച്ചെത്തിയത്!അപ്പോഴേക്കും കൊട്ടാരത്തില്‍ പല കഥകളും പ്രചരിച്ചുകഴിഞ്ഞിരുന്നു!നാട് മുഴുവന്‍ ഭീമനെ തിരക്കി സുയോധനനും അലഞ്ഞിരുന്നു.എന്നിട്ടും കൌരവര്‍ സംശയത്തിന്‍റെ മുള്‍മുനയില്‍ നിന്നു!അതുകൊണ്ട് ഭീമന്‍ തിരിച്ചെത്തിയതില്‍ ഏറെ ആശ്വസിച്ചത് സുയോധനനാണ്!
എന്നാല്‍  കാര്യങ്ങള്‍ അവിടംകൊണ്ടു അവസാനിച്ചില്ല.ഭീമന്‍ എല്ലാവരോടും പറഞ്ഞത് സുയോധനന്‍ തന്നെ ചതിച്ച് പുഴയില്‍ താഴ്ത്തി എന്നാണ്.അത് കേള്‍ക്കെ ധര്‍മപുത്രര്‍ പറഞ്ഞു;

നീ ഇക്കാര്യം അധികം പേരോട് പറയണ്ട.ഇനി നാം ഓരോരുത്തരും കരുതി നടക്കണം

വിദുരര്‍ ഭീമനെ ഇങ്ങിനെ ഉപദേശിച്ചു;

നീ രക്ഷപ്പെട്ടതറിഞ്ഞു ദുര്യോധനന്‍ കുടുതല്‍ കോപിഷ്ഠനും വൈരാഗ്യബുദ്ധിയും ആയിരിക്കയാണ്.ഏതു വിധേനയും അവന്‍ നിങ്ങളെ വകവരുത്താം.കരുതി പെരുമാറുക.

അന്തപ്പുരവര്‍ത്തമാനങ്ങളില്‍ നിന്നും സുയോധനന്‍ ഇതെല്ലാം അറിയുന്നുണ്ടായിരുന്നു.തങ്ങളുടെ ഭാഗത്ത് നിന്നും അതുകൊണ്ട് തന്നെ ഒരു വീഴ്ചയും വരാതിക്കാന്‍ നോക്കണമെന്ന് അയാള്‍ അനുജന്മാരെ ഉപദേശിച്ചു.അവര്‍ അത് അനുസരിച്ചു.മറ്റു കുഴപ്പങ്ങള്‍ ഒന്നും കുടാതെ ദിവസങ്ങള്‍ കടന്നുപോയി.വൈകാതെ ഉണ്ണികള്‍ പാണ്ഡവരുമായി അടുത്തു തുടങ്ങി.

ഒരുദിവസം ധൃതരാഷ്ട്രര്‍ ഗുരുഭൂതരെ വിളിച്ചിരുത്തിക്കൊണ്ട് പറഞ്ഞു;

ഉണ്ണികള്‍ക്ക് കളികളില്‍ മാത്രമാണ് കമ്പം.രാജധര്‍മപ്രകാരം കൈയാളെണ്ടുന്ന വിദ്യകള്‍ക്ക് സമയമായി.അതിനാല്‍ ധനുര്‍വേദത്തില്‍ പ്രാഥമികജ്ഞാനം നല്‍കാന്‍ പറ്റിയ ഒരാളെ കണ്ടെത്തേണ്ടിയിരിക്കുന്നു.

അല്‍പനേരം ചിന്തിച്ചിട്ട് വിദുരര്‍ പറഞ്ഞു;

അതിനു ഏറെ അന്വേഷണം എന്തിന്? കൊട്ടാരത്തില്‍ തന്നെ ഉണ്ടല്ലോ വേദശാസ്ത്ര പരാഗതര്‍.
ഭീഷ്മരും മഹാരാജാവും കുടുതല്‍ ശ്രദ്ധാലുക്കളായി. വിദുരര്‍ തുടര്‍ന്നു;
ഞാന്‍ ഉദ്യേശിക്കുന്നത് കൃപരാണ്‌.ഗൌതമ പുത്രനും,ശിഷ്യനുമായ കൃപര്‍.
മഹാരാജാവിന്‍റെ ഉള്ളം തെളിഞ്ഞു.ആ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
ഓ,ഞാനെന്തേ ഇക്കാര്യം ഓര്‍ത്തില്ല!കൃപരോളം പോന്നവര്‍ ആരുണ്ട്‌ വേറെ?ഉടന്‍ അദ്ദേഹത്തെ വിവരം അറിയിക്കുക.ഭീഷ്മരും രാജാവിന്‍റെ അഭിപ്രായം ശരിവച്ചു.
വാര്‍ത്തയറിഞ്ഞ് ഏവരും സന്തോഷിച്ചു!കളികാനുള്ള സമയം കുറയുന്നതില്‍ ചിലര്‍ മാത്രം ദുഖിച്ചു!
പിറ്റേന്ന് പുലര്‍ച്ചക്ക്   പരിശിലനത്തിനായി ഉണ്ണികള്‍ രാജാങ്കണത്തിലേക്ക് ആനയിക്കപ്പെട്ടു.വിദുരരും ഭീഷ്മരും മഹാരാജാവും അവിടെ ഉപവിഷ്ടരാ യി.

അല്‍പസമയം കഴിയവേ ഒറ്റ കുതിരയെ പുട്ടിയ തേരില്‍ കൃപര്‍ അവര്‍ക്ക് മുന്‍പിലേക്ക് കടന്നുവന്നു.കുമാരന്മാ അദ്ദേഹത്തെ താണ് തൊഴുതു.തേരില്‍ നിന്നും ഇറങ്ങിയ കൃപര്‍ നേരെ ഭിഷ്മരുടെ അരികിലെത്തി അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു;

മഹാനുഭാവാ,വില്ലാളിവീരനായ അങ്ങുള്ളപ്പോള്‍ ഈ ദൌത്യം എന്തിനെന്നെ ഏല്‍പ്പിച്ചു?മഹാസാഗരമെങ്ങു,ഈ കാട്ടരുവിയെങ്ങ്!

ഭിഷ്മര്‍ കൃപരെ ആലിംഗനം ചെയ്തുകൊണ്ട് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.അപ്പോള്‍ മഹാരാജാവ് പറഞ്ഞു;

താങ്കള്‍ പറഞ്ഞത് ശരിയാണ്.പക്ഷെ  രാജ്യഭരണ തിരക്കുകളുടെ കൂടെ ഈ ഭാരം കുടി ഏല്‍പ്പിച്ചാല്‍?

ഒന്ന് നിര്‍ത്തിയിട്ട്‌ അദ്ദേഹം തുടര്‍ന്നു;

ഇന്നുമുതല്‍ താങ്കള്‍ ഉണ്ണികള്‍ക്ക് ഗുരുവാണ്.എല്ലാവരേയും സമമായി കാണുക എന്നതാണല്ലോ ഗുരുധര്‍മം.താങ്കള്‍ ഏവരെയും അതുപോലെ കരുതി അഭ്യസിപ്പിച്ചാലും.

ആചാര  പ്രകാരം ഏവരെയും വന്ദിച്ചുകൊണ്ട് കൃപര്‍ വില്ലില്‍ ഞാന്‍ വലിച്ചു കെട്ടി.അതില്‍ ആഞ്ഞു വലിച്ച്‌ ധ്വനി ഉണ്ടാക്കികൊണ്ട് കുമാരന്മാര്‍ക്ക് അരികിലേക്ക് നടന്നു.ഉണ്ണികള്‍ ധനുര്‍വേദത്തിനോപ്പം അനുസരണയുടെയും പാഠങ്ങള്‍ പഠിച്ചു തുടങ്ങി!

Saturday, March 9, 2013

അദ്ധ്യായം-ഏഴ്. പെണ്ണും മദ്യവും

കൊട്ടാരം പതിവിലും നേരത്തെ ഉണര്‍ന്നു.നേരം പുലരാന്‍ കാത്തിരുന്നിട്ടെന്നവണ്ണം ഉണ്ണികള്‍ വെളുപ്പിനെ മെത്തവിട്ട് എഴുന്നേറ്റു.ദുശശള ഒഴികെയുള്ള കൌരവ കുമാരന്മാരും പാണ്ഡവരും ഒരുക്കങ്ങള്‍ പുര്‍ത്തികരിച്ചു അങ്ങനത്തില്‍ നിരന്നു.ഭിഷ്മരും വിദുരറം ഏവരുടെയും ക്ഷേമാന്വേക്ഷണങ്ങള്‍ നടത്തി.അനന്തരം ഇവരും മതാക്കളെയും പിതാക്കളെയും വന്ദിച്ച് യാത്രക്ക് തയ്യാറായി.മുന്നോ,നാലോ പേര്‍ക്ക് മാത്രം ഇരിക്കാവുന്ന തേരുകളായിരുന്നു ഒരുക്കിയിരുന്നത്.പുറപ്പെടും മുന്‍പ് ഭിഷ്മര്‍ എല്ലാവരോടുമായി ഉറക്കെ പറഞ്ഞു.

ഉണ്ണികളേ  നിങ്ങള്‍ തനിച്ചാണ് പോകുന്നത് എന്ന് ഓര്‍മ്മവേണം.ആരും അതി സാഹസങ്ങല്‍ക്കൊന്നും മുതിരരുത്.ഇരുളും മുന്‍പ് എല്ലാവരും തിരിച്ചെത്തണം.ആഹ്ലാദം പകരുന്ന കേളികളിലെ ഏര്‍പ്പെടാവൂ.മല്‍സരം വളര്‍ത്തുന്നതോ,വൈരം ഉണ്ടാക്കുന്നതോ ആയ യാതൊരു ക്രീടയും അരുത്.യാത്ര ആരംഭിക്കുക.മംഗളം ഭവിക്കട്ടെ.

അതുകേട്ട്  വിദുരര്‍ വളരെ തിരക്കിട്ട് എല്ലാവരോടുമായി പറഞ്ഞു.

പിതാമഹന്‍റെ വാക്കുകള്‍ അനുസരിക്കുക.മറ്റൊരു പ്രധാന കാര്യം,ഈ യാത്രയുടെ നിയന്ത്രണവും നേതൃത്വവും പാണ്ഡവശ്രേഷ്ഠനായ ധര്‍മജന് ആയിരിക്കും.അയാളെ അനുസരിക്കുക.മംഗളം.

വിദുരരുടെ വാക്കുകളെ തുടര്‍ന്ന് ഭീഷ്മര്‍ മഹാരാജാവിനു എന്തെങ്കിലും പറയാനുണ്ടോ എന്ന് തിരക്കി.അപ്പോള്‍ ദൃതരാഷ്ട്രര്‍ പറഞ്ഞു.

ഭീഷമ പിതാമഹനും അനുജന്‍ വിദുരരും പറഞ്ഞ പ്രകാരം ഏവരും പ്രവര്‍ത്തിക്കുക.സന്തോഷവും ചെങ്ങാത്തവും പങ്കിടുക.യാത്ര തുടങ്ങിക്കോളൂ.ഏവര്‍ക്കും നല്ലത് വരട്ടെ.

ധൃതരാഷ്ട്രര്‍ പിന്‍വാങ്ങിയപ്പോള്‍ യാത്രാരംഭസുചകമായുള്ള സംഖുവിളി ഉയര്‍ന്നു.തേരുകള്‍ ഓരോന്നായി കൊട്ടാര കവാടത്തിനു വെളിയിലേക്ക് നിങ്ങിത്തുടങ്ങി.പതിയെ തേര്‍ചക്രങ്ങള്‍ വേഗതപുണ്ടു.ഏറ്റവും മുന്‍പില്‍ ധര്‍മപുത്രര്‍.ഏറ്റവും പുറകിലായിരുന്നു കര്‍ണ്ണന്‍റെ രഥം.

പ്രമാണകോടി ദൃഷ്ടിപഥത്തില്‍ പതിഞ്ഞതോടെ ഏവരിലും ആഹ്ലാദാരവങ്ങലുയര്‍ന്നു.നനുത്ത കാറ്റ് ഗാനം പൊഴിക്കുന്ന ഹരിത ജാലങ്ങള്‍.സുഗന്ധപുരിതമായ വായു.സ്പടികം പോല്‍ പരന്നൊഴുകുന്ന അരുവികള്‍.ഭയം കുടാതലയുന്ന മാന്‍ കൂട്ടങ്ങള്‍.ഇങ്ങിനെയുള്ള വനാന്തര്‍ഭാഗങ്ങളില്‍ തേരുകള്‍ ചെന്ന് നിന്നു.ഓരോരുത്തരായി വേഗത്തില്‍ തേരില്‍ നിന്നും ഇറങ്ങി.

പലനിറങ്ങളിലുള്ള തുണികള്‍ കൊണ്ട് വാല്യക്കാര്‍ വേഗത്തില്‍ കുടാരങ്ങള്‍ തിര്‍ത്തു.രാജകുമാരന്‍മാര്‍ പല കുട്ടങ്ങളായി പിരിഞ്ഞ് അവയില്‍ പ്രവേശിച്ചു.ചിലര്‍ ചങ്ങാടങ്ങളിലേക്ക് കുതിച്ചു.മറ്റു ചിലര്‍ പുഴവെള്ളത്തിലേക്ക് കുപ്പ് കുത്തി.ധര്‍മപുത്രര്‍ മാത്രം കുട്ടത്തില്‍ ഒന്നും ചേരാതെ ഒരു പാറയുടെ മുകളില്‍ കയറി ഇരുന്നു.ഭക്ഷണ സമയത്ത് അയാള്‍ക്കായി ഒരു ഭൃത്യന്‍ ഭക്ഷണം എത്തിച്ചു.ഭിമന്‍ തനിച്ചാണ് ഭക്ഷണം കഴിച്ചത്.കുടാരത്തിനകത്ത് മറ്റുള്ളവര്‍ക്കുകുടി ഒരുക്കിവച്ചതില്‍ ഏറെയും അയാള്‍ തിന്നു തിര്‍ത്തു!അപ്പോള്‍ ദുസ്സാസനന്‍ ഭീമന് അരികില്‍ ചെന്നുകൊണ്ട് പറഞ്ഞു.

ഏട്ടന്‍ തിരക്കുന്നു

ഭിമന്‍  ഒട്ടൊരു സംശയത്തോടെ അയാളെ നോക്കിക്കൊണ്ട് മെല്ലെ ചോദിച്ചു;

എന്തിന്‌?

എന്തോ,ഒരു വിശിഷ്ട ഭോജ്യം കാത്തുവച്ചിട്ടുണ്ടത്രേ.വന്നാലും.

ഭക്ഷണക്കാര്യം കേട്ടപ്പോള്‍ പിന്നെ ഭിമന്‍ ഒന്നും ചോദിക്കാതെ തന്നെ അയാളെ പിന്തുടര്‍ന്നു.

വനാന്തര്‍ഭാഗത്തു പ്രത്യേകം ഒരുക്കിയിരുന്ന കുടാരത്തിനകത്ത് സുയോധനന്‍ ഭിമനെ കാത്തു ഇരിക്കുന്നുണ്ടായിരുന്നു.ഭിമന്‍ പ്രവേശിച്ചപ്പോള്‍ അയാള്‍ പീO൦  നിക്കിയിട്ടു കൊടുത്തു. ഭിമന്‍ അതിലിരുന്നപ്പോള്‍ സുയോധനന്‍ എഴുന്നേറ്റ് പോയി,മറച്ചു വച്ചിരുന്ന ഒരു മണ്‍കുടം പൊക്കിക്കൊണ്ട് വന്നു.

അതിവിശിഷ്ടവും മധുരതരവുമായ മദ്യമാണിത്.പഴച്ചാറുകളും പുക്കളും കൊണ്ട് മാത്രം നിര്‍മിച്ചത്.

അതും പറഞ്ഞ് സുയോധനന്‍ മണ്‍കുടം ഭിമന് മുന്‍പിലേക്ക് നിക്കിവച്ചു.അതിന്‍റെ അടപ്പ് തുറന്നപ്പോള്‍ ഹൃദ്യവും മദോന്മത്തവുമായ  സുഗന്ധം പറന്നു.അതില്‍ കുറച്ച്‌,ഒരു സ്ഫടികപാത്രത്തില്‍ പകര്‍ത്തി സുയോധനന്‍ ഭിമനു നല്‍കി.ഭിമന്‍ ഒട്ടൊരു സംശയത്തോടെ അത് ചുണ്ടോടു ചേര്‍ത്തു.പിന്നെ അതിവേഗത്തില്‍ അകത്താക്കി!

ക്രമേണ ഭിമനു മുന്‍പിലേക്ക്  അനേകം മണ്‍കുടങ്ങള്‍ നിരങ്ങിവരികയും ഒഴിയുകയും ചെയ്തു.അയാള്‍ ആര്‍ത്തിയോടെ തന്‍റെ പാനപാത്രം നിട്ടിക്കൊണ്ടുമിരുന്നു!

 അപ്പോള്‍ സുയോധനന്‍ പറഞ്ഞു;

ഇതിങ്ങനെ കുടിക്കണമെന്നില്ല.ഇതിനേക്കാള്‍ സ്വാദിഷ്ടമായ മറ്റു ചിലതുകുടിയുണ്ട്

അപ്പോള്‍ ഭിമന്‍ അത് ആവശ്യപ്പെട്ടു.സുയോധനന്‍ ഉടന്‍ കുടാരത്തിനു വെളിയിലേക്ക് നോക്കി കരങ്ങള്‍ കൊട്ടി.പുറത്തുനിന്നും അപ്പോള്‍ കര്‍ണന്‍ കയറി വന്നു.അയാള്‍ അത് പകരുമ്പോള്‍ ഭിമന്‍ മദ്യലഹരിയോടെ ചോദിച്ചു;

ഇതാരാ,എവിടെയോ പരിചയമുള്ള മുഖം 

ഇത് കര്‍ണനാണ്.അതിരഥപുത്രന്‍.

സുയോധനന്‍ പറഞ്ഞു.

ഉടന്‍ ഭിമന്‍റെ മുഖം കോപംകൊണ്ടു തുടുത്തു.അയാള്‍ ചഷകം വലിച്ചെറിഞ്ഞു കൊണ്ട് അയാള്‍ ആക്രോശിച്ചു;

സൂതപുത്രനോ?അവന്‍റെ കൈയ്യാല്‍ അശുദ്ധമായത് ഞാന്‍ കുടിക്കയോ?ദുര്യോധനാ നീ എന്നെ അപമാനിക്കുകയാണല്ലേ?

കോപന്ധനായി ഭിമന്‍ എഴുന്നേറ്റു.മദ്യലഹരിയില്‍ അയാള്‍ക്ക് നിയന്ത്രണം വിട്ടിരുന്നു.സുയോധനന്‍ ഭിമനെ സ്വാന്തനിപ്പിച്ചുകൊണ്ട് പറഞ്ഞു;

ഭിമ,മദ്യത്തിന് ലഹരിയെ ഉള്ളു.ജാതിയില്ല. 

അതും പറഞ്ഞു പിടിച്ചിരുത്താന്‍ ശ്രമിച്ച സുയോധനനെ ഭിമന്‍ തള്ളി താഴെക്കിട്ടു.മദ്യം നിറച്ച പത്രങ്ങള്‍ പൊട്ടിച്ചിതറി!സുയോധനന്‍ പിടഞ്ഞു എഴുന്നെററപ്പോഴെക്കും ഭിമന്‍ പുറത്തു കടന്നിരുന്നു.ദുസ്സാസനനും അയാളെ തടയാനായില്ല!കര്‍ണന്‍ നിശബ്ദനായി, അപമാനിതനായി നിന്നതെ ഉള്ളു.

സുയോധനന്‍ ഭിമനെ പിന്തുടര്‍ന്ന് അയാളെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചു.അപ്പോള്‍ പുര്‍വാധികം വാശിയോടെ ഒരു മരച്ചില്ല എടുത്ത് ഭിമന്‍ സുയോധണനെ ആക്രമിച്ചു.അയാള്‍ ഒഴിഞ്ഞു മാറി.ഭിമന്‍ രോഷാകുലനായി മുന്നോട്ടു നടന്നു!

അയാളെ പിന്തുടര്‍ന്നവരെ, പിന്നെ ഒരുമരത്തില്‍ ഞാന്നുകിടന്ന വള്ളികള്‍ പിഴുതെടുത്ത് വിണ്ടും ആക്രമിക്കാന്‍ ഒരുങ്ങി.എന്നാല്‍ അത് പാഴായി.വള്ളികള്‍ അയാളുടെ ശരീരത്തെ തന്നെ പൊതിഞ്ഞ് വിലങ്ങിട്ടു.വരിഞ്ഞുകെട്ടപ്പെട്ട ശരീരവുമായി അയാള്‍ മുന്‍പോട്ടു തന്നെ നടന്നു.തൊട്ടു മുന്‍പില്‍ നിറഞ്ഞ് ഒഴുകിയിരുന്ന പുഴ ഭിമന്‍ കണ്ടതേയില്ല!

Friday, March 1, 2013

അധ്യായം-ആറ്‌,പ്രമാണകോടിയിലേക്ക്‌......

ഉണ്ണികളെ മരത്തില്‍ നിന്നും വീഴ്ത്തിയതിനു ശേഷമുള്ള ഏതാനും ദിവസങ്ങള്‍ ഭീമനെ പറ്റിയുള്ള പരാതികള്‍ ഇല്ലാതെതന്നെ കടന്നുപോയി!എന്തെങ്കിലും ഒക്കെ സംഭവിക്കുമെന്ന് എല്ലാവരും കരുതിയിരുന്നു.അതുകൊണ്ടാവാം ഏവരും പരസ്പരം ജാഗ്രത പുലര്‍ത്തി.പാണ്ഡവര്‍ കഴിയുന്നതും സുയോധനന്‍ന്‍റെ കാഴ്ചയില്‍ പെടാതെ കഴിച്ചുകൂട്ടി.പകല്‍ സമയങ്ങളില്‍ അവര്‍ വിദുരര്‍ക്കൊപ്പം കഴിഞ്ഞു.കൌരവര്‍ക്ക് പിറകിലായി എപ്പോഴും ഭിഷ്മരുടെ കണ്ണുണ്ടായിരുന്നു!എന്നാല്‍ യാതൊരു പ്രകോപനങ്ങളും ഇല്ലാതെ ദിവസങ്ങള്‍ മുന്നോട്ടുപോയി.എല്ലാവരിലും പതിയെ അസ്വസ്ഥതകള്‍ അസ്തമിച്ചുവന്നു.കൊട്ടാരം മെല്ലെ സജീവമായിത്തുടങ്ങി.ഉണ്ണികള്‍ കുട്ടുകുടാനും തമ്മില്‍ കളിക്കാനും തുടങ്ങി!

ഇതിനിടയില്‍ സുയോധനന്‍ ഏതാനും അനുജന്മാരും ഭൃത്യന്മാരുമായി പ്രമാണകോടി സന്ദര്‍ശിച്ചു.കാടുകള്‍ അതിരിടുന്ന അതിമനോഹരമായ ഒരു നദീതീരമായിരുന്നു പ്രമാണകോടി.അവര്‍ അവിടെ കംബാളങ്ങള്‍ കൊണ്ട്‌ കുടാരങ്ങള്‍ തിര്‍ത്തു.തച്ചന്മാര്‍ ചെറിയ കളിവള്ളങ്ങള്‍ പണിതുകൊടുത്തു.സന്ധ്യയോടെയാണ് അവരന്നു ഹസ്തിനപുരത്തേക്ക് തിരിച്ചത്.

കൊട്ടാരത്തില്‍ എത്തുമ്പോള്‍ പുമുഖത്ത്‌ വിദുരര്‍ക്കൊപ്പം ധര്‍മപുത്രരും ഇരിക്കുന്നുണ്ടായിരുന്നു!സുയോധനന്‍ അവര്‍ക്കുനേരെ പുഞ്ചിരിപൊഴിച്ചു.വിദുരര്‍ ചോദിച്ചു:

ഇതുവരെ  എവിടെ ആയിരുന്നു?

ഞാന്‍ വെറുതെ പ്രമാണകോടിവരെ പോയിരുന്നു..............

അതും പറഞ്ഞ്‌ സുയോധനന്‍ അകത്തേക്ക് നടന്നു.അപ്പോള്‍ ധര്‍മപുത്രര്‍ വിദുരരോട് പ്രമാണകോടിയെപ്പറ്റി ആരാഞ്ഞു.

ദുര്യോധനനെ ആകര്‍ഷിക്കത്തക്ക എന്താണ് അവിടെയുള്ളത്?

ഉണ്ണി ,വളരെ ഭംഗിയാര്‍ന്ന പ്രദേശമാണത്കാടും തെളിനീരരുവികളും നിറഞ്ഞയിടം.എന്താ അവിടെ പോകണമെന്നുണ്ടോ?

വിദുരര്‍ ചോദിച്ചു.ധര്‍മപുത്രര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:

ദുഷ്ടനായ ദുര്യോധനനു പോലും ഇഷ്ടമാര്‍ന്ന ഒരിടമാണെങ്കില്‍ അവിടം എത്ര മനോഹരമായിരിക്കും!തിര്‍ച്ചയായും ഞങ്ങള്‍ക്കും അവിടെ ഒരു ദിനം പോകണം.വിദുരരും ധര്‍മപുത്രരും ഇങ്ങിനെ സംസാരിച്ചിരിക്കുമ്പോള്‍,അകത്തുപോയി അമ്മയെ നമസ്കരിച്ചതിനു ശേഷം സുയോധനന്‍ തിരിച്ചുവരികയായിരുന്നു.അപ്പോള്‍ വിദുരര്‍ അയാളോട് പറഞ്ഞു;

എടൊ  ദുര്യോധന,പാണ്ഡവര്‍ക്ക് പ്രമാണകോടി സന്ദര്‍ശിക്കാന്‍ ഒരാഗ്രഹം.

അതിനെന്താ നാളെ പോയാലോ?

അതെ,നാളെത്തന്നെ.എന്താ ഉണ്ണി? വിദുരര്‍ ധര്‍മപുത്രര്രോട് ചോദിച്ചു.അയാള്‍ സമ്മതം മൂളി. സുയോധനന്‍ മറഞ്ഞപ്പോള്‍ ധര്‍മപുത്രര്‍ പറഞ്ഞു:

ഇയാള്‍ക്ക് എന്ത് പറ്റി.ഞങ്ങളോട് യാതൊരു അനിഷ്ടവും ഇല്ലാത്തപോലെ!

മാറ്റങ്ങള്‍ നല്ലതല്ലെയുണ്ണി.മാത്രമല്ല,നിങ്ങളോട് നേര്‍ക്കാനുള്ള ശേഷിയുണ്ടോ അവര്‍ക്ക്?എന്തായാലും നാളെ പുറപ്പെടാന്‍ ഒരുങ്ങിക്കോളൂ.

വിദുരര്‍ ധര്‍മപുത്രരെ ആശ്ലേഷിച്ചുകൊണ്ട് വിട വാങ്ങി.

ധര്‍മപുത്രര്‍ ഊട്ടുപുരയില്‍ എത്തിയപ്പോള്‍ അവിടെ അനുജന്മാര്‍ എല്ലാവരും ഉണ്ട്.യാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഏവര്‍ക്കും സന്തോഷമായി.അതിനാല്‍ അവര്‍ അതിവേഗം ഭക്ഷണം കഴിച്ച്‌ ഒരുക്കങ്ങള്‍ക്കായി സ്വന്തം കിടപ്പറകളിലേക്ക് പാഞ്ഞു.ഊട്ടുപുരയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ധര്‍മപുത്രരെ കാത്ത് വെളിയില്‍ വിദുരര്‍ നില്‍പുണ്ടായിരുന്നു!അദേഹം പറഞ്ഞു:

നാളത്തെ യാത്രക്ക് ഞങ്ങള്‍,മുതിര്‍ന്നവരാരും വരുന്നില്ല.നിങ്ങള്‍ ചെറുപ്പക്കാര്‍ സന്തോഷിക്കുക.പിന്നെ....

വിദുരര്‍ അല്പംകുടി ചേര്‍ന്നുനിന്ന്,ശബ്ദം താഴ്ത്തിക്കൊണ്ട് തുടര്‍ന്നു:

എല്ലാത്തിലും നിന്‍റെ കണ്ണുണ്ടാവണംഒരു മുന്നാം കണ്ണ്.കൌരവരെ വിശ്വസിക്കാന്‍ ആയിട്ടില്ല.അമിതാഹ്ലാദം ആപത്ത് വരുത്തുമെന്ന് മറക്കണ്ട. 

വിദുരര്‍ അത്രയും പറഞ്ഞുകൊണ്ട് വേഗം തിരികെപോയി.ധര്‍മപുത്രര്‍ കിടപ്പറയിലേക്കും..

സുയോധനന്‍ ഉറങ്ങിയിരുന്നില്ല.അയാളുടെ അടുത്ത്‌ ദുസ്സാസനന്‍ കര്‍ണ്ണനെയും കൂട്ടി വന്നിരുന്നു.കര്‍ണന്‍ ചോദിച്ചു:

സുയോധനാ,ഭീമനു മാത്രമായിട്ടല്ലേ പ്രമാണകോടിയില്‍ വിരുന്നൊരുക്കിയത്.പിന്നെങ്ങിനെ എല്ലാവരും?

ഞാനും അത് ചിന്തിക്കാതിരുന്നില്ല.എന്തായാലും ഭൃത്യന്മാര്‍ ഉണ്ടാകുമല്ലോ.എല്ലാം ശരിയാവും.

അതുകേട്ട് ദുസ്സാസനന്‍ പറഞ്ഞു:

എല്ലാപേരും വരട്ടെ.മഞ്ഞുരുകട്ടെ.ഭീമനായി കരുതിയ വിശിഷ്ടഭോജ്യങ്ങള്‍ കഴിച്ച്‌ അയാള്‍ സന്തോഷിക്കട്ടെ.അങ്ങിനെയെങ്ങിലും സ്നേഹം തോന്നി അയാള്‍ ഉപദ്രവങ്ങള്‍ നിര്‍ത്തിയാലോ?

ഭക്ഷണത്തോടുള്ള സ്നേഹം മറ്റൊന്നിനോടും ഭീമനില്‍ നിന്നും പ്രതിക്ഷിക്കേണ്ട ചങ്ങാതിമാരെ.

എന്ന്  കര്‍ണ്ണന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചുപോയി.സുയോധനന് ശുഭരാത്രി നേര്‍ന്നുകൊണ്ട് കര്‍ണ്ണനും ദുസ്സാസനനും പിന്നെ പതിയെ മുറിക്കുപുറത്തേക്ക്‌ നടന്നു.