Friday, March 1, 2013

അധ്യായം-ആറ്‌,പ്രമാണകോടിയിലേക്ക്‌......

ഉണ്ണികളെ മരത്തില്‍ നിന്നും വീഴ്ത്തിയതിനു ശേഷമുള്ള ഏതാനും ദിവസങ്ങള്‍ ഭീമനെ പറ്റിയുള്ള പരാതികള്‍ ഇല്ലാതെതന്നെ കടന്നുപോയി!എന്തെങ്കിലും ഒക്കെ സംഭവിക്കുമെന്ന് എല്ലാവരും കരുതിയിരുന്നു.അതുകൊണ്ടാവാം ഏവരും പരസ്പരം ജാഗ്രത പുലര്‍ത്തി.പാണ്ഡവര്‍ കഴിയുന്നതും സുയോധനന്‍ന്‍റെ കാഴ്ചയില്‍ പെടാതെ കഴിച്ചുകൂട്ടി.പകല്‍ സമയങ്ങളില്‍ അവര്‍ വിദുരര്‍ക്കൊപ്പം കഴിഞ്ഞു.കൌരവര്‍ക്ക് പിറകിലായി എപ്പോഴും ഭിഷ്മരുടെ കണ്ണുണ്ടായിരുന്നു!എന്നാല്‍ യാതൊരു പ്രകോപനങ്ങളും ഇല്ലാതെ ദിവസങ്ങള്‍ മുന്നോട്ടുപോയി.എല്ലാവരിലും പതിയെ അസ്വസ്ഥതകള്‍ അസ്തമിച്ചുവന്നു.കൊട്ടാരം മെല്ലെ സജീവമായിത്തുടങ്ങി.ഉണ്ണികള്‍ കുട്ടുകുടാനും തമ്മില്‍ കളിക്കാനും തുടങ്ങി!

ഇതിനിടയില്‍ സുയോധനന്‍ ഏതാനും അനുജന്മാരും ഭൃത്യന്മാരുമായി പ്രമാണകോടി സന്ദര്‍ശിച്ചു.കാടുകള്‍ അതിരിടുന്ന അതിമനോഹരമായ ഒരു നദീതീരമായിരുന്നു പ്രമാണകോടി.അവര്‍ അവിടെ കംബാളങ്ങള്‍ കൊണ്ട്‌ കുടാരങ്ങള്‍ തിര്‍ത്തു.തച്ചന്മാര്‍ ചെറിയ കളിവള്ളങ്ങള്‍ പണിതുകൊടുത്തു.സന്ധ്യയോടെയാണ് അവരന്നു ഹസ്തിനപുരത്തേക്ക് തിരിച്ചത്.

കൊട്ടാരത്തില്‍ എത്തുമ്പോള്‍ പുമുഖത്ത്‌ വിദുരര്‍ക്കൊപ്പം ധര്‍മപുത്രരും ഇരിക്കുന്നുണ്ടായിരുന്നു!സുയോധനന്‍ അവര്‍ക്കുനേരെ പുഞ്ചിരിപൊഴിച്ചു.വിദുരര്‍ ചോദിച്ചു:

ഇതുവരെ  എവിടെ ആയിരുന്നു?

ഞാന്‍ വെറുതെ പ്രമാണകോടിവരെ പോയിരുന്നു..............

അതും പറഞ്ഞ്‌ സുയോധനന്‍ അകത്തേക്ക് നടന്നു.അപ്പോള്‍ ധര്‍മപുത്രര്‍ വിദുരരോട് പ്രമാണകോടിയെപ്പറ്റി ആരാഞ്ഞു.

ദുര്യോധനനെ ആകര്‍ഷിക്കത്തക്ക എന്താണ് അവിടെയുള്ളത്?

ഉണ്ണി ,വളരെ ഭംഗിയാര്‍ന്ന പ്രദേശമാണത്കാടും തെളിനീരരുവികളും നിറഞ്ഞയിടം.എന്താ അവിടെ പോകണമെന്നുണ്ടോ?

വിദുരര്‍ ചോദിച്ചു.ധര്‍മപുത്രര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:

ദുഷ്ടനായ ദുര്യോധനനു പോലും ഇഷ്ടമാര്‍ന്ന ഒരിടമാണെങ്കില്‍ അവിടം എത്ര മനോഹരമായിരിക്കും!തിര്‍ച്ചയായും ഞങ്ങള്‍ക്കും അവിടെ ഒരു ദിനം പോകണം.വിദുരരും ധര്‍മപുത്രരും ഇങ്ങിനെ സംസാരിച്ചിരിക്കുമ്പോള്‍,അകത്തുപോയി അമ്മയെ നമസ്കരിച്ചതിനു ശേഷം സുയോധനന്‍ തിരിച്ചുവരികയായിരുന്നു.അപ്പോള്‍ വിദുരര്‍ അയാളോട് പറഞ്ഞു;

എടൊ  ദുര്യോധന,പാണ്ഡവര്‍ക്ക് പ്രമാണകോടി സന്ദര്‍ശിക്കാന്‍ ഒരാഗ്രഹം.

അതിനെന്താ നാളെ പോയാലോ?

അതെ,നാളെത്തന്നെ.എന്താ ഉണ്ണി? വിദുരര്‍ ധര്‍മപുത്രര്രോട് ചോദിച്ചു.അയാള്‍ സമ്മതം മൂളി. സുയോധനന്‍ മറഞ്ഞപ്പോള്‍ ധര്‍മപുത്രര്‍ പറഞ്ഞു:

ഇയാള്‍ക്ക് എന്ത് പറ്റി.ഞങ്ങളോട് യാതൊരു അനിഷ്ടവും ഇല്ലാത്തപോലെ!

മാറ്റങ്ങള്‍ നല്ലതല്ലെയുണ്ണി.മാത്രമല്ല,നിങ്ങളോട് നേര്‍ക്കാനുള്ള ശേഷിയുണ്ടോ അവര്‍ക്ക്?എന്തായാലും നാളെ പുറപ്പെടാന്‍ ഒരുങ്ങിക്കോളൂ.

വിദുരര്‍ ധര്‍മപുത്രരെ ആശ്ലേഷിച്ചുകൊണ്ട് വിട വാങ്ങി.

ധര്‍മപുത്രര്‍ ഊട്ടുപുരയില്‍ എത്തിയപ്പോള്‍ അവിടെ അനുജന്മാര്‍ എല്ലാവരും ഉണ്ട്.യാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഏവര്‍ക്കും സന്തോഷമായി.അതിനാല്‍ അവര്‍ അതിവേഗം ഭക്ഷണം കഴിച്ച്‌ ഒരുക്കങ്ങള്‍ക്കായി സ്വന്തം കിടപ്പറകളിലേക്ക് പാഞ്ഞു.ഊട്ടുപുരയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ധര്‍മപുത്രരെ കാത്ത് വെളിയില്‍ വിദുരര്‍ നില്‍പുണ്ടായിരുന്നു!അദേഹം പറഞ്ഞു:

നാളത്തെ യാത്രക്ക് ഞങ്ങള്‍,മുതിര്‍ന്നവരാരും വരുന്നില്ല.നിങ്ങള്‍ ചെറുപ്പക്കാര്‍ സന്തോഷിക്കുക.പിന്നെ....

വിദുരര്‍ അല്പംകുടി ചേര്‍ന്നുനിന്ന്,ശബ്ദം താഴ്ത്തിക്കൊണ്ട് തുടര്‍ന്നു:

എല്ലാത്തിലും നിന്‍റെ കണ്ണുണ്ടാവണംഒരു മുന്നാം കണ്ണ്.കൌരവരെ വിശ്വസിക്കാന്‍ ആയിട്ടില്ല.അമിതാഹ്ലാദം ആപത്ത് വരുത്തുമെന്ന് മറക്കണ്ട. 

വിദുരര്‍ അത്രയും പറഞ്ഞുകൊണ്ട് വേഗം തിരികെപോയി.ധര്‍മപുത്രര്‍ കിടപ്പറയിലേക്കും..

സുയോധനന്‍ ഉറങ്ങിയിരുന്നില്ല.അയാളുടെ അടുത്ത്‌ ദുസ്സാസനന്‍ കര്‍ണ്ണനെയും കൂട്ടി വന്നിരുന്നു.കര്‍ണന്‍ ചോദിച്ചു:

സുയോധനാ,ഭീമനു മാത്രമായിട്ടല്ലേ പ്രമാണകോടിയില്‍ വിരുന്നൊരുക്കിയത്.പിന്നെങ്ങിനെ എല്ലാവരും?

ഞാനും അത് ചിന്തിക്കാതിരുന്നില്ല.എന്തായാലും ഭൃത്യന്മാര്‍ ഉണ്ടാകുമല്ലോ.എല്ലാം ശരിയാവും.

അതുകേട്ട് ദുസ്സാസനന്‍ പറഞ്ഞു:

എല്ലാപേരും വരട്ടെ.മഞ്ഞുരുകട്ടെ.ഭീമനായി കരുതിയ വിശിഷ്ടഭോജ്യങ്ങള്‍ കഴിച്ച്‌ അയാള്‍ സന്തോഷിക്കട്ടെ.അങ്ങിനെയെങ്ങിലും സ്നേഹം തോന്നി അയാള്‍ ഉപദ്രവങ്ങള്‍ നിര്‍ത്തിയാലോ?

ഭക്ഷണത്തോടുള്ള സ്നേഹം മറ്റൊന്നിനോടും ഭീമനില്‍ നിന്നും പ്രതിക്ഷിക്കേണ്ട ചങ്ങാതിമാരെ.

എന്ന്  കര്‍ണ്ണന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചുപോയി.സുയോധനന് ശുഭരാത്രി നേര്‍ന്നുകൊണ്ട് കര്‍ണ്ണനും ദുസ്സാസനനും പിന്നെ പതിയെ മുറിക്കുപുറത്തേക്ക്‌ നടന്നു.

No comments:

Post a Comment