Wednesday, April 24, 2013

അധ്യായം-പന്ത്രണ്ട്,ചോരയിറ്റൊരാ പെരുവിരല്‍!

-പന്ത്രണ്ട്,
സുര്യകിരണങ്ങള്‍ വെളിച്ചം വിതറി തുടങ്ങിയപ്പോഴേക്കും സംഘം വനത്തിലെത്തി.തേര്‍ചക്രഘോഷവും നായ്‌ കുരകളും കൊണ്ട് കാട് ശബ്ധമുഖരിതമായി!പക്ഷികള്‍ ഭയത്തോടെ ചിറകടിച്ച് പാറിപ്പറന്നു.കട്ട് പോന്തകളില്‍ നിന്നും പ്രാണഭയത്തോടെ ജന്തുക്കള്‍ ഓടി.

എല്ലാവരും തേരില്‍ നിന്നും ഇറങ്ങി.നാലുദിക്കുകളിലേക്കും നാലായി പിരിഞ്ഞ്‌ കാടിളക്കി വേട്ടയാടാനായിരുന്നു ദ്രോണരുടെ നിര്‍ദേശം.സംഘം ചേര്‍ത്തു നിര്‍ത്തിയ ശേഷം ആചാര്യന്‍ പറഞ്ഞു:

വടക്കോട്ടുള്ള സംഘത്തെ ധര്‍മപുത്രര്‍ നയിക്കട്ടെ.തെക്കിന് ഭീമന്‍.പടിഞ്ഞാറോട്ടുള്ളതിനു അര്‍ജുനന്‍ സാരഥിയാവട്ടെ,കിഴക്കേത് ദുര്യോധനന്‍റെ നേതൃത്വത്തില്‍ ആവട്ടെ.

അനന്തരം ഏവരും ദ്രോണരെ താണുവണങ്ങി,സംഘംതിരിഞ്ഞു പുറപ്പെട്ടു.വേട്ട നായ്ക്കള്‍ കുരചാര്‍ത്തുകൊണ്ട് ഓരോ സംഘത്തിനും മുന്നില്‍ പാഞ്ഞു.

സുയോധന സംഘത്തില്‍ ദ്രോണപുത്രനും ഉണ്ടായിരുന്നു.കാടിനകം ഏറെ താണ്ടും മുന്‍പേ സംഘം വിണ്ടും പലതായ്‌ പിരിഞ്ഞു.എല്ലാവരെയും അവരവരുടെ വഴിക്ക് വിട്ടിട്ട് സുയോധനന്‍ ഒരു മരത്തണലില്‍ വിശ്രമിച്ചു.അശ്വത്ഥാത്മാവും അയാള്‍ക്കൊപ്പം കുടി.അവര്‍ക്ക് ഒരുപോലെ മൃഗയാ വിനോദത്തില്‍ താത്പര്യം തോന്നിയില്ല!

അവര്‍  തമ്മില്‍ കുശലം പറഞ്ഞിരിക്കെ,രണ്ടു വേട്ട നായ്ക്കള്‍ അലറിക്കൊണ്ട് അത് വഴി വന്നു.അവ സുയോധനാദികളെ കണ്ടു ഒരുനിമിഷം നിന്നു ,പിന്നെ പാച്ചില്‍ തുടര്‍ന്നു.

ആ നായകള്‍ അര്‍ജുനന്‍ന്‍റെതാണ്

നായ്ക്കളെ ചുണ്ടി സുയോധനന്‍ പറഞ്ഞു.

അവനെപ്പോലെ തന്നെ നല്ല ക്രൌര്യം ഉണ്ട്.

അശ്വത്ഥാമാവ് ചിരിച്ചുകൊണ്ട് പറഞ്ഞു.അപ്പോഴേക്കും നായ്ക്കളെ പിന്തുടര്‍ന്ന് അര്‍ജുനനും എത്തി.

എന്തേ ക്ഷിണിച്ചു പോയോ?

എന്ന് പരിഹസിച്ചുകൊണ്ട് അയാള്‍ മുന്നോട്ടുപോയി.അവര്‍ ഒന്നും പറഞ്ഞില്ല.

അധിക സമയം കഴിയും മുന്‍പേ, ദുരെ മുഴങ്ങിക്കേട്ടിരുന്ന നായകളുടെ ശബ്ദം പെട്ടെന്ന് നിലച്ചു.കാടിനകത്തു അര്‍ജുനനന്‍റെ ആക്രോശം കേള്‍ക്കാം!എന്തോ അപകടം നടന്നുവെന്നു തോന്നി രണ്ടാളും എഴുന്നേറ്റ്‌ അവിടേക്ക് പാഞ്ഞു.അപ്പോഴതാ മുന്നോട്ട് അലറിക്കുരച്ചുപോയ നായ്ക്കള്‍ അതേ വേഗത്തില്‍ തിരിച്ചുവരുന്നു!അവയുടെ തുറന്ന വായില്‍ നിറയെ അസ്ത്രങ്ങള്‍!അര്‍ജുനന്‍ സംഭ്രാന്തനായി അവക്ക് പുറകില്‍ ഉണ്ട്.അയാള്‍ ഒന്നും മിണ്ടാതെ അവരെ കടന്നു പോയി.

എന്തോ തോററപോലുണ്ടല്ലോ അര്‍ജുനന്‍

അതും പറഞ്ഞു അശ്വത്ഥാത്മാവ് മുന്നോട്ടു നടന്നു.ഒരു ഞാണൊലി വ്യെക്തമായി വരുന്നു!അതിന്‍റെ ഉറവിടം തേടി അവര്‍ ജാഗ്രതയോടെ ചുവടുകള്‍ വച്ചു.ഒടുവിലവര്‍ ചെന്ന് നിന്നത് ഒരു കുടിലിനു മുന്‍പില്‍ ആയിരുന്നു.അവിടെ, കറുത്ത്നിണ്ട ജടാഭാരവും കൃഷ്ണാജിനവുമായി നില്‍ക്കുന്നു ഒരു നിഷാദന്‍!അവര്‍ അയാള്‍ക്ക്‌ നേരെ നടന്നു.

അവരെ കണ്ടപാടെ അയാള്‍ വില്ല് കുലച്ചു.അശ്വത്ഥാമാവും ശരം തൊടുത്തു നിലയുറപ്പിച്ചു.അപ്പോള്‍ ജാഗ്രതയോടെ നിന്നുകൊണ്ട് സുയോധനന്‍ നിഷാദനോട് ചോദിച്ചു:

അതിഥികളോട് ഇങ്ങിനെ പെരുമാറണം എന്നതാണോ കാട്ടുനീതി?

അപ്പോള്‍ നിഷാദന്‍ വിളിച്ചു പറഞ്ഞു:

അല്ല.പക്ഷെ അതിഥി ശത്രുവോ,മിത്രമോ എന്ന് എങ്ങിനെ അറിയും?

ഞങ്ങള്‍ ശത്രുക്കള്‍ അല്ല,ഹസ്തിനപുരത്തു നിന്നാണ്

അശ്വത്ഥാത്മാവ് പറഞ്ഞു.അത് കേട്ടതും അയാള്‍ വില്ല് താഴ്ത്തി.അവര്‍ അയാള്‍ക്കടുത്തെക്ക് ചെന്നു.

ഞാന്‍ ഏകലവ്യന്‍ 

അയാള്‍  സ്വയം പരിചയപ്പെടുത്തി.



ഒരിക്കല്‍ ഞാന്‍ ഹസ്ത്തിനപുരത്തു വന്നിട്ടുണ്ട്,ദ്രോണാചാര്യരെ കാണാന്‍

ഓര്‍മ്മയുണ്ട്

സുയോധനന്‍ പറഞ്ഞു.പിന്നെ അശ്വത്ഥാമാവിനെ ചുണ്ടി സുയോധനന്‍ തുടര്‍ന്നു:

ഇത് ആചാര്യപുത്രന്‍  അശ്വത്ഥാത്മാവാണ്

ഏകലവ്യന്‍ അപ്പോള്‍ അല്‍പനേരം അശ്വത്ഥാത്മാവിന്‍റെ മുഖത്തേക്ക്തന്നെ നോക്കി നിന്നു.പിന്നെ ഭയഭക്തിയോടെ ചോദിച്ചു:

ആചാര്യന് സുഖമല്ലേ?

അതെ.
അശ്വത്ഥാമാവ് പറഞ്ഞു. 

ഞങ്ങള്‍ നായാട്ടിനായി വന്നതാണ്,അച്ഛനുമുണ്ട് കൂടെ.

അതെയോ?
 അയാള്‍ ആദരവോടെ ചോദിച്ചു.

അപ്പോള്‍  നിങ്ങളുടെ വേട്ടനായ്ക്കളാവും എന്‍റെ നേര്‍ക്ക്‌ പാഞ്ഞു വന്നത്?ഞാനവയെ ശരംകൊണ്ട് മടക്കി.

അയാള്‍ അവരെ തന്‍റെ കുടിലിലേക്ക് ക്ഷണിച്ചു.മുറ്റത്തിന്‍റെ കിഴക്കരികില്‍ ദ്രോണാചാര്യരുടെ ജീവന്‍ തുളുമ്പുന്ന മണ്‍ പ്രതിമ കണ്ട് അവര്‍ വിസ്മയപ്പെട്ടു നില്‍ക്കുമ്പോള്‍ ഏകലവ്യന്‍ പറഞ്ഞു:

ആചാര്യന്‍ അന്ന് തിരിച്ചയച്ചപ്പോള്‍ തോന്നിയ ഉപായമാണിത്.ഞാന്‍ ഈ പ്രതിമക്കു കിഴിലാണ് അഭ്യസനം നടത്തിയത്.അദേഹമല്ലാതെ മറ്റൊരു ഗുരുവില്ലെനിക്ക്

ഏകലവ്യന്‍ ഇങ്ങിനെ പറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു പടപ്പുരപ്പാടിന്‍റെ ആരവം അടുത്തു വന്നു.ഉടന്‍ അയാള്‍ ശരം തൊടുത്ത്‌ നിലയുറപ്പിച്ചു.അപ്പോള്‍ സുയോധനന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:

പേടിക്കാനൊന്നുമില്ല ചങ്ങാതി.അത് ആചാര്യനും അര്‍ജുനാദികളുമാവും താങ്കള്‍ നോവിച്ചു വിട്ടത് അര്‍ജുനന്‍റെ നായ്ക്കളെയാണ്.ശരം  മടക്കിക്കോളു.

അവര്‍ പ്രതിക്ഷിച്ചപോലെ ഉടന്‍ ആചാര്യസംഘം അവിടെ എത്തി.ആചാര്യനെ കണ്ടതും ഏകലവ്യന്‍ ഓടിച്ചെന്ന് ആ പാദങ്ങളില്‍ നമസ്കരിച്ചു.ദ്രോണര്‍ അയാളെ പിടിച്ചു എഴുന്നെല്‍പ്പിച്ചുകൊണ്ട്‌ സാവകാശം ചോദിച്ചു:

ഉണ്ണി,നീയാണോ നായ്ക്കളില്‍ ശരം നിറച്ചത്?

ഉം-അയാള്‍ മൂളി

ഞാന്‍ എകലവ്യനാണ്

അയാള്‍ മെല്ലെ പറഞ്ഞു

ദ്രോണര്‍ മനസിലാകാതെ സംശയിച്ചു നിന്നപ്പോള്‍ അച്ഛന് സമിപമെത്തി അശ്വത്ഥാത്മാവ് പഴയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി.തുടര്‍ന്ന് ആചാര്യന്‍ പ്രതിമയും മറ്റും നോക്കിക്കണ്ടു.എല്ലാവരിലും വിസ്മയവും സന്തോഷവും നിറഞ്ഞു.എന്നാല്‍ അര്‍ജുനന്‍ മാത്രം അസ്വസ്ഥനായി കാണപ്പെട്ടു.

അപ്പോഴേക്കും വിവരങ്ങള്‍ അറിഞ്ഞ് ഏകലവ്യന്‍റെ പിതാവ് ഹിരണ്യധനുസും പരിവാരങ്ങളും അവിടെയെത്തി.അവര്‍ വേഗത്തില്‍ സംഘത്തിന് വിരുന്നൊരുക്കി.എല്ലാവരും സ്വാദിഷ്ടവിഭവങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ അര്‍ജുനന്‍ ആചാര്യന്‍റെ ചെവിയില്‍ എന്തൊക്കെയോ പറയുന്നത് സുയോധനന്‍ ശ്രദ്ധിക്കാതിരുന്നില്ല!

ഭക്ഷണാനന്തരം വിശ്രമവും കഴിഞ്ഞു പിരിയാന്‍ന്നേരം ആചാര്യന്‍ ഏകലവ്യനെ അരികില്‍ വിളിച്ചു ചോദിച്ചു:

ഉണ്ണി,നീ എനിക്ക്  ശിഷ്യനാണെന്നല്ലേ പറഞ്ഞത്?എങ്കില്‍ ഗുരുദക്ഷിണ തരാമല്ലോ അല്ലെ?

തരാം.അരുളിയാലും അങ്ങയുടെ ഇഷ്ടം

ഒരു നിമിഷത്തെ അര്‍ത്ഥഗര്‍ഭമായ മൌനത്തിനു ശേഷം ദ്രോണര്‍ പറഞ്ഞു:

എങ്കില്‍..നിന്‍റെ വലംകൈയ്യിലെ പെരുവിരല്‍ ഞാന്‍ ചോദിക്കുന്നു.

ആചാര്യന്‍റെ ആവശ്യം കേട്ട് എല്ലാവരും സ്തംഭിച്ചുനിന്നു.അച്ഛനെ ആ ആവശ്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ചെന്ന അശ്വത്ഥാമാവിനെ ഒരു കടുത്ത നോട്ടം കൊണ്ട് ആചാര്യന്‍ നിശ്ചലനാക്കി!

എകലവ്യനാകട്ടെ യാതൊരു ഭാവഭേദവും കുടാതെ,തന്‍റെപെരുവിരലറുത്ത്,ഒരിലയില്‍ വച്ച് ആചാര്യന് സമര്‍പ്പിച്ചു.അദ്ദേഹം അത് ഉപചാരപുര്‍വം ഏറ്റുവാങ്ങിക്കൊണ്ട് പിന്‍വാങ്ങി.അര്‍ജുനന്‍ ഒരു ജേതാവിനെപ്പോലെ ആചാര്യനൊപ്പം നടന്നു.മറ്റുള്ളവര്‍ അവരെ നിശബ്ദം പിന്തുടര്‍ന്നു!

അവര്‍ക്കൊപ്പം  പോകാനാകാതെ സുയോധനനും അശ്വത്ഥാത്മാവും അവിടെത്തന്നെ നിന്നു.വൈകാതെ ചോര ഇറ്റുന്ന കൈ വീശി സുയോധനന്‍ അവരെയും യാത്രയാക്കി!അവര്‍ ഒന്നും ഉരിയാടാതെ മുന്നോട്ടുനടന്നു.

നിശബ്ധത ഭഞ്ചിക്കാതെ നടക്കുന്നതിനിടയില്‍ അശ്വത്ഥാമാവ് സുയോധനനെ തടഞ്ഞുകൊണ്ട് ഒരിടത്തേക്ക് ചുണ്ടി.ഒരു മരച്ചുവട്ടില്‍ കരിയിലകള്‍ക്ക് മേലെ
ചോര  ഉണങ്ങിപ്പിടിച്ചു തുടങ്ങിയ പെരുവിരല്‍!ഉറുമ്പുകള്‍ വട്ടമിട്ടുതുടങ്ങിയിരിക്കുന്നു!ഒന്ന് നോക്കിയശേഷം ആചാര്യപുത്രന്‍ വേഗം നടന്നു.അയാള്‍ കുടുതല്‍ ലജ്ജിതനായി തല കുനിച്ചാണ് പോകുന്നത് !എങ്കിലും ആ കണ്ണുകളില്‍ നീര്‍മുത്തുകള്‍ പൊഴിയുന്നത് സുയോധനന് കാണാമായിരുന്നു!!

***




Tuesday, April 23, 2013

അദ്ധ്യായം-പതിനൊന്ന്(തുടര്‍ച്ച)

പുലര്‍ച്ചയ്ക്ക് തന്നെ ഏവരും വനത്തിലേക്ക് യാത്രയായി.നായാട്ടിനു പറ്റിയത് പുലര്‍കാലമാണ്.നിദ്രവിട്ടു, ജന്തുക്കള്‍ ഇരതേടി ഇറങ്ങുന്ന നേരം.വിശന്നിരിക്കെ അവയ്ക്ക് ഏറെ ദുരം പായാനാവില്ല.കിഴടക്കാന്‍ എളുപ്പം.അല്ലെങ്കിലും മൃഗങ്ങളെ കൊല്ലുക എന്നതല്ല വേട്ടയുടെ ഹരം.കാടിളക്കി ഓടിക്കുക,ഭയപ്പെടുത്തുക.അതുകണ്ട് രസിക്കുക.അവ തളരുമ്പോള്‍ താഡിച്ചോ,ആയുധം കൊണ്ടോ കൊല്ലുക.

യാത്ര തുടങ്ങി.ദ്രോണര്‍ മുന്‍പില്‍.അവര്‍ക്ക് പിന്നിലായി സുയോധനനും സംഘവും.യാത്രയില്‍ കര്‍ണ്ണന്‍ ഇല്ലാത്തതിന്‍റെ ശൂന്യത അയാളുടെ മനസിനെ അലട്ടിയിരുന്നു.കര്‍ണ്ണന്‍ ഒരുങ്ങി എത്തിയതാണ്,വിദുരര്‍ വിലക്കി.സുത പുത്രനെ കൂടെ കുട്ടാന്‍ ദ്രോണര്‍ തയ്യാറാവില്ലത്രേ!

എന്തെ ഇത്ര ആലോചന

ശബ്ദം  കേട്ട് സുയോധനന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു.അശ്വത്ഥമാവാണ്!അയാളുടെ തേര്‍ തന്‍റെതിനെ മറികടക്കുകയാണ്.അയാള്‍ പോകും വഴി വിളിച്ചു പറഞ്ഞു:

അച്ഛന്‍ തിരക്കി.അതാ വേഗത്തില്‍ പോകുന്നത്.കാട്ടില്‍ വച്ച് കാണണേ...

അയാള്‍ ദുരത്തു എത്തികഴിഞ്ഞു.ഇന്നലെ മദ്യപിച്ചു ബോധം  കെട്ട് കിടന്നതിന്‍റെ യാതൊരു ആലസ്യവും ഇല്ല!അശ്വത്ഥാമാവിന്‍റെ തേര് അധിവേഗം ആചാര്യ സമിപം എത്തി.തേര്‍ നില്‍ക്കും മുന്‍പേ അയാള്‍ അച്ഛന്‍റെ തേര്‍ത്തട്ടിലേക്ക് ചാടിക്കയറി.എത്ര മെയ്‌ വഴകം!കര്‍ണ്ണനെ പോലെ ഇയാളും വിശ്വസ്തന്‍ ആയ ചങ്ങാതി ആണ്.

തേരില്‍ കയറിയതും ആചാര്യന്‍ അശ്വത്ഥാത്മാവിന്‍റെ കാതില്‍ എന്തോ പറഞ്ഞു.അതുകേട്ട് അയാള്‍ ഉറക്കെ ചിരിക്കുകയാണ്!എത്ര സ്നേഹമാണ് അവര്‍ തമ്മില്‍.പ്രിയ ചങ്ങാതിമാരെപ്പോലെ! എന്നിട്ടും ആചാര്യന് അര്‍ജുനന്‍ എങ്ങിനെ ഇത്ര പ്രിയപ്പെട്ടവനായി?

***

Tuesday, April 16, 2013

അദ്ധ്യായം-പതിനൊന്ന്‌,മദോന്മത്തരായപ്പോള്‍.........

 പതിനൊന്ന്‌
സ്വപുത്രനായ അശ്വത്ഥാമാവിനെക്കാള്‍ പ്രിയം ആചാര്യന് അര്‍ജുനനോട് ആണെന്ന് തോന്നും വിധം ആയിരുന്നു ദ്രോണരുടെ സമീപനം.ആര്‍ക്കു മുന്‍പിലും അര്‍ജുനനെ പരിചയപ്പെടുത്തുമ്പോള്‍ മാത്രം അദ്ദേഹത്തിനു ആയിരം നാവാണ്! ഈ ശിഷ്യസ്നേഹം ആചാര്യപുത്രനെയും അസ്വസ്ഥപ്പെടുത്തിയിരുന്നു.ഒരു മദ്യസദ്യയില്‍ വച്ച് അയാള്‍ അത് വെളിപ്പെടുത്തി.അപ്പോള്‍ സുയോധനന്‍ ചോദിച്ചു:

അര്‍ജുനന്‍ അര്‍ഹിക്കുന്നതല്ലേ ഇതൊക്കെ?

അപ്പോള്‍ മദ്യചഷകം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കര്‍ണ്ണന്‍ പറഞ്ഞു:

ആയിരിക്കാം.പക്ഷെ അയാള്‍ മാത്രമേ കേമനായുള്ളു എന്നാ ആചാര്യന്‍റെ നിലപാടിനോടാണ് എനിക്ക് എതിര്‍പ്പ്.




അത്  കേള്‍ക്കെ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് അശ്വത്ഥാമാവ് പ്രതികരിച്ചു:

വീരന്മാരെ,നിങ്ങള്‍ക്കെന്തറിയാം എന്‍റെ അച്ഛനെപ്പറ്റി?ധനം,അധികാരം,പ്രമാണിത്തം ഇവയുള്ളിടത്തെ അച്ചനുണ്ടാവൂ

പിന്നെ ഒരുകവില്‍ മദ്യം അകത്താക്കിയിട്ട് അദ്ദേഹം തുടര്‍ന്നു:

ഏറെ..ഏറെ അനുഭവിച്ചിട്ടുണ്ട് എന്‍റെ അച്ഛന്‍.ദാരിദ്ര്യമായിരുന്നു കൂടപ്പിറപ്പ്‌.മാതാപിതാക്കളില്ലാത്ത ജീവിതത്തോട് പടപൊരുതിയാണ് അദ്ദേഹം വളര്‍ന്നത്‌.അതിന്‍റെ വ്യെഥയാണ് ഈ പക്ഷപാതിത്വം. 

അടുത്ത ഒരു കാവില്‍ മദ്യത്തിനായി ഒന്ന് നിര്‍ത്തിയിട്ട്‌ അദ്ദേഹം തുടര്‍ന്നു:

അതുകൊണ്ടാണ് ഞാന്‍ എന്‍റെ അച്ഛനെ ഇത്രമേല്‍ സ്നേഹിക്കുന്നത്.ആരാധിക്കുന്നത്.ആ കണ്ണിരും കരുത്തുമാണ് എന്‍റെ ബലം.ഞാനാണ്.....ഞാന്‍ മാത്രമാണ് അദേഹത്തിന്‍റെ ബലഹിനത.ഒരിക്കല്‍ നിങ്ങള്‍ക്കിത് ബോധ്യപ്പെടും.

അയാളുടെ നാവ്‌ മെല്ലെ കുഴയാന്‍ തുടങ്ങി.പറയുന്നതില്‍ പാതിയും തിരിയാതെയായി.പതുക്കെ അയാള്‍ മയക്കത്തിലേക്ക്‌ വഴുതി വീണു.

കര്‍ണ്ണനും സുയോധനനും മദ്യസേവ തുടര്‍ന്നു.അതിനിടയില്‍ കര്‍ണ്ണന്‍ ചോദിച്ചു:

അര്‍ജുനന്‍ അതിസമര്‍ത്ഥന്‍ ആണെന്ന് എല്ലാവരെയും പോലെ നീയും പുലമ്പുന്നു.അസ്ത്രവിദ്യയില്‍ മികവ് കാണിക്കുന്നു എന്നല്ലാതെ മറ്റെന്തുണ്ടയാള്‍ക്ക്?  

സുയോധനന്‍ പറഞ്ഞു:

കര്‍ണ്ണാ,ധനുര്‍വേദത്തില്‍ അസ്ത്രവിദ്യ തന്നെയല്ലേ പ്രധാനം?ആന,കുതിര,തേര് തുടങ്ങിയവ ഉപയോഗിച്ചുള്ള പാടവവും അയാള്‍ക്കുണ്ട്.കുടാതെ ഗദ,വാള്‍,തോരണം,പ്രാസം എന്നിവയൊക്കെ ഉപയോഗിക്കുന്നതിലുള്ള വൈദഗ്ധ്യവും.പിന്നെ.............

സുയോധനനെ മുഴുമിക്കാന്‍ കര്‍ണ്ണന്‍ അനുവദിച്ചില്ല.അയാള്‍ നിര്‍ത്തുവാന്‍ ആംഗ്യം കാട്ടിക്കൊണ്ട്,സാവകാശം എഴുന്നേറ്റുനിന്നു പ്രഖ്യാപിച്ചു:

നോക്കിക്കൊള്ളു  സുയോധനാ,നിന്‍റെ ആരാധ്യനായ അര്‍ജുനനെ ഒരുനാള്‍ ഞാന്‍ മറികടക്കും.എല്ലാത്തിലും അവനെക്കാള്‍ ഞാന്‍ മികവ് പുലര്‍ത്തും.നീ അഭ്യാസക്കാഴ്ചവരെ ഇതിനായി കാത്താല്‍ മതി.

സുയോധനന്‍ പിന്നെ ഒന്നും പറഞ്ഞില്ല.അയാള്‍ കര്‍ണ്ണനെ ഉറ്റുനോക്കികൊണ്ടിരുന്നു.ആത്മവിശ്വാസം വമിക്കുന്ന വാക്കുകള്‍!നിനക്കതിനു കഴിയും കര്‍ണ്ണാ,അയാള്‍ മനസ്സില്‍ പറഞ്ഞു.

അല്‍പ്പം മദ്യം കുടി അകത്താക്കിയിട്ട് കര്‍ണ്ണന്‍ എഴുന്നേറ്റു.അയാള്‍ സുയോധനനു നേരെ കൈവിശി യാത്ര പറഞ്ഞു.ആകാശത്തു നിന്നും നിറഞ്ഞൊഴുകുന്ന നിലാവില്‍ തേജസ്വിയായ കര്‍ണ്ണന്‍ ഒരു മദയാനയെപ്പോലെ നടന്നകലുന്നത് സുയോധനന്‍ അല്‍പനേരം നോക്കിനിന്നു.

കര്‍ണ്ണന്‍  ഇരുളില്‍ അപ്രത്യക്ഷമായപ്പോള്‍ അയാള്‍ അശ്വതഥാമാവിനെ നോക്കി.അയാള്‍ വെറും നിലത്ത് ബോധരഹിതനായി മലര്‍ന്നു കിടക്കുകയാണ്.കുതിരയുടെ അമറല്‍ പോലുള്ള കൂര്‍ക്കം വലി!ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുലഞ്ഞു കിടക്കുന്നു!കേട്ടഴിഞ്ഞുപോയ മുടിച്ചുരുളുകള്‍ക്ക കകത്ത് ജന്മനാലുള്ള ചൂഡാമണി ദിപപ്രഭയില്‍ കുടുതല്‍ തിളങ്ങുന്നുണ്ട്.അത് നോക്കിയിരിക്കെ സുയോധനന്‍റെ കണ്ണുകളിലേക്കും ഉറക്കം പതിയെ ചേക്കേറി .

***




Saturday, April 13, 2013

അധ്യായം-പത്ത്‌


 അധ്യായം-പത്ത്‌
ദ്രോണര്‍,ലോകം കണ്ട വില്ലാളിവീരന്‍!ആരെയും  അമ്പരപ്പിക്കുന്ന കൈ വേഗതയും ചടുലതയും!അദേഹം ശിക്ഷണം ഏറ്റെടുത്തതില്‍ പിന്നെ കുമാരന്മാരുടെ ഉത്സാഹം പതിന്‍മടങ്ങ്‌ വര്‍ദ്ധിച്ചു!കുടുതല്‍ പഠിക്കാന്‍ ഏഇവരും കുടുതല്‍ സമയം ചിലവഴിച്ചു.ഓരോരുത്തരിലും പരസ്പരം മല്‍സരം ഉടലെടുത്തതുപോലെ!

സുയോധനനു ഗദാപ്രയോഗത്തിലുള്ള ആവേശം ഇരട്ടിയായി.ഭീമനുമായി ഏറ്റുമുട്ടുമ്പോള്‍ അയാളില്‍ എങ്ങുനിന്നെന്നറിയാതെ ആവേശം ഇരച്ചു കയറും.ഒരിക്കല്‍ പരിശിലനത്തിനുശേഷം മടങ്ങുമ്പോള്‍ ദ്രോണര്‍ സുയോധനനെ അരികില്‍ വിളിച്ചു പറഞ്ഞു:


ഗദാപ്രയോഗത്തില്‍ ആഗ്രഗന്യനാണ് നീ.ഭീമനെക്കാള്‍ മികച്ചു നില്‍ക്കുന്നു.പക്ഷെ,വിദ്യകള്‍ ഗദയില്‍ മാത്രം ഒതുക്കി നിര്‍ത്തരുത്.എല്ലാത്തിലും പാടവം നേടണം.മഹാരാജാവാകേണ്ടാതാണെന്നത് മറക്കരുത്.

സുയോധനന്‍ മറുപടി ഒന്നും പറഞ്ഞില്ല.ദ്രോണര്‍ തുടര്‍ന്നു:

അര്‍ജുനനെ ശ്രദ്ധിച്ചിട്ടില്ലേ?അസ്ത്രവിദ്യയില്‍ അവനെ മറികടക്കാന്‍ ആര്‍ക്കുമാവില്ല.ഇരുളില്‍ പോലും ലക്‌ഷ്യം തെറ്റാത്തവനാണവന്‍.പക്ഷെ നീ മനസുന്നിയാല്‍ അവന്റെ ശരവേഗം തടുക്കാനുള്ള കരുത്തും സ്വായത്തമാക്കാനാവും.ശ്രമിച്ചുകൂടെ?

അതിനും സുയോധനന്‍ പ്രത്യേക മറുപടി ഒന്നും പറഞ്ഞില്ല.അര്‍ജുനന്‍ രാത്രിയിലും പരിശീലിക്കുന്നുണ്ട്.എതു കുരിരുട്ടും അവനു വെളിച്ചമാണ്.അതിന്‍റെ അഹങ്കാരവും അവനിലുണ്ട്.

തനിക്ക് ഗദായുദ്ധത്തിലാണ് താത്പര്യം.പറന്നു ചുഴറ്റി അടിക്കുമ്പോള്‍ കിട്ടുന്ന സുഖവും സംതൃപ്തിയും മറെറന്തിനുണ്ട്?എങ്കിലും എല്ലാ വിദ്യകളും അഭ്യസിക്കാന്‍ ശ്രമിക്കുക തന്നെ.മഹാരാജാവ് ആകേണ്ടവനല്ലേ!മഹാരാജാവ്,ദ്രോണര്‍ ഇത് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കുമ്പോള്‍ ഒരു സുഖമുണ്ട് .

തന്‍റെ  വികാര വിചാരങ്ങളെല്ലാം അയാള്‍ കര്‍ണ്ണനുമായി പങ്കുവക്കാറുണ്ട്.ദ്രോണാചാര്യരുടെ പാടവത്തെ പറ്റി  പറഞ്ഞപ്പോള്‍ കര്‍ണ്ണന് ആചാര്യന്‍റെകിഴില്‍ ശിഷ്യ പ്പെടാന്‍ ആഗ്രഹമുദിച്ചു.ഒരുദിവസം കര്‍ണ്ണനെയും കുട്ടി സുയോധനന്‍ ദ്രോണ സമീപം എത്തി കാര്യമുണര്‍ത്തിച്ചു.അതുകേട്ട് ദ്രോണര്‍ പറഞ്ഞു:

ഉണ്ണി ആവശ്യപ്പെട്ടാല്‍ ഞാന്‍ നിറവേറ്റേണ്ടവനാണ്.പക്ഷെ ഭിഷ്മര്‍ ആവശ്യപ്പെട്ടിരിക്കുന്നത് നിങ്ങള്‍ക്ക് ഗുരുവാകാനാണ്.ഞാന്‍ രാജകുമാരന്മാരെ മാത്രമേ അഭ്യസിപ്പിക്കാറുള്ളു എന്നറിയാമല്ലോ?സുതപുത്രന്‍ കണ്ടു പഠിച്ചുകൊള്ളട്ടെ.

ദ്രോണരുടെ മറുപടി അവസാനിക്കും മുന്‍പേ തന്നെ കര്‍ണ്ണന്‍ തിരിഞ്ഞു നടന്നു.ദ്രോണരോട്   അപ്പോള്‍ ആദ്യമായി അമര്‍ഷം തോന്നി സുയോധനന്!എങ്കിലും അയാള്‍ മറുത്തൊന്നും പറഞ്ഞില്ല!പരോക്ഷമായ പഠനം കൊണ്ടായാലും കര്‍ണ്ണന്‍ പഠിച്ചു കൊള്ളും.അപ്പോള്‍ ദ്രോണാചാര്യര്‍ പറഞ്ഞു:

യുവരാജാവേ,ഈ ചങ്ങാത്തം നിനക്ക് ഭൂഷണമല്ല.രാജാക്കന്മാര്‍ തങ്ങള്‍ക്കൊത്തവരോടാണ് സൗഹൃദം സ്ഥാപിക്കേണ്ടത്.

സുയോധനന്‍ ഒന്നും പ്രതികരിക്കാതെ ,പ്രതിഷേധം കടിച്ചമര്‍ത്തി തിരിച്ചു നടന്നു.അയാള്‍ കര്‍ണ്ണനരികില്‍ ഓടിയെത്തി.ആ ഉറച്ച ചുമലില്‍ കൈ ചേര്‍ത്തുകൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നു.

ഏവരും തങ്ങളുടെ വിദ്യകളില്‍ കുടുതല്‍ മികവ് പുലര്‍ത്തിക്കൊണ്ടിരുന്നു.അങ്ങിനെ ദിനങ്ങള്‍ കടന്നു പോകവേ ഒരു കുമാരന്‍ ദ്രോണരെ തേടി പരിശിലനക്കളരിയിലെത്തി.വേഷം കൊണ്ട് തന്നെ അറിയാം അയാള്‍ ഒരു വനവാസി ആണെന്ന്!അയാള്‍ ദ്രോണരെ സ്വയം പരിചയപ്പെടുത്തി:

ഞാന്‍  വനാന്തരത്തില്‍ നിന്നും വരുന്ന ഏകലവ്യനാണ്.

അതുകേട്ട് ദ്രോണര്‍ അയാളെ സാകുതം നോക്കി.അപ്പോള്‍ അയാള്‍ കുമാരന്മാരെ ചുണ്ടിക്കൊണ്ട് ദ്രോണരോട് അഭ്യര്‍ത്ഥിച്ചു:

ഇവര്‍ക്കെന്നപോലെ അങ്ങ് എനിക്കും ഗുരു ആകണം.

ദ്രോണരുടെ  മുഖത്ത് പുച്ഛം നിറഞ്ഞു.അദ്ദേഹം ആ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു:

ഞാന്‍ രാജകുമാരന്മാരെ മാത്രമേ അഭ്യസിപ്പിക്കാറുള്ളു

അപ്പോള്‍  താനും ഒരു രാജപുത്രനാണെന്നും തന്‍റെ പിതാവ് വനത്തിലെ രാജാവാണെന്നും ഏകലവ്യന്‍ അറിയിച്ചു.അത് കേള്‍ക്കെ ദ്രോണര്‍ ക്രുദ്ധനായി.അദ്ധേഹം ശബ്ധം ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു:

രാജാക്കന്മാര്‍ പലതരം ഉണ്ട്.കാട്ടിലും നാട്ടിലും കടലിലും.എന്നാല്‍ ബ്രാഹ്മണര്‍ ക്ഷത്രിയരോട്മാത്രം കടപ്പെട്ടവരാണ്.അതുകൊണ്ട് നീ മടങ്ങിപ്പോവുക.

യാതൊരു ഭാവഭേദവും കുടാതെ ഏകലവ്യന്‍ ദ്രോണാചാര്യരെ പ്രണമിച്ച ശേഷം മടങ്ങിപ്പോയി.

ഇതും സുയോധനന്ഉള്‍ക്കൊള്ളാനായില്ല.ദ്രോണര്‍ പക്ഷപാതി ആണെന്ന് തോന്നി.മറ്റാരോടും ഇല്ലാത്ത വാല്‍സല്യം അര്‍ജുനനോടു കാണിക്കുന്നത് ഇതിനു തെളിവാണ് എന്ന് കര്‍ണ്ണനോട്  സുചിപ്പിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:

സുയോധനാ,നിന്‍റെ ഊഹം തെറ്റിയില്ല.ആചാര്യന് അര്‍ജുനനോടാണ് മമത.രാത്രിപോലും പരിശിലിപ്പിക്കുന്നത് കാണുന്നില്ലേ?എന്നെ മാറ്റിനിര്‍ത്തിയതും ഇപ്പോള്‍ ഏകലവ്യനെ ഒഴിവാക്കിയതും അതിനാലാണ്.ആരും അര്‍ജുനനുമേല്‍ വളരരുത്.

ദിവസങ്ങള്‍ കടന്നുപോകവേ കര്‍ണ്ണന്‍റെ വാക്കുകള്‍ ശരിയാണെന്ന് സുയോധനന് കുടുതല്‍ ബോധ്യപ്പെട്ടുതുടങ്ങി.

ഒരു ദിവസം പരിശിലന ശേഷം ആചാര്യന്‍ ഏവരെയും അരികില്‍ വിളിച്ച് ഇങ്ങിനെ പറഞ്ഞു:

എനിക്കൊരു ആഗ്രഹമുണ്ട്.കൃതാസ്ത്രരായി തിരുമ്പോള്‍ എനിക്കായി നിങ്ങളത് സാധിച്ചുതരണം.

ഗുരു  എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല.കാര്യം എന്തെന്ന് അറിയാന്‍ ഏവരും ആകാംക്ഷയോടെ നില്‍ക്കുമ്പോള്‍ അര്‍ജുനന്‍ മുന്നോട്ടുവന്നു പറഞ്ഞു:

ഗുരോ,അങ്ങയുടെ ഇംഗിതം എന്തായാലും ഞാന്‍ സാധിച്ചുതരുന്നതാണ്.

അര്‍ജുനന്‍റെ വാക്കുകളില്‍ പാണ്ഡവര്‍ ഹര്‍ഷാരവം മുഴക്കി.ആചാര്യന്‍ ഉടന്‍ അയാളെ മാറോടണച്ചു.അര്‍ജുനന്‍ എല്ലാവരെയും അഭിമാനത്തോടെ നോക്കി.എന്താണ് ആചാര്യന്‍റെ ആവശ്യം എന്ന് അപ്പോഴും സുയോധനന് വ്യെക്തമായില്ല.

ഒരിക്കല്‍ പുഴയില്‍ കുളിക്കുംപോഴാണ് കര്‍ണ്ണന്‍ ആ രഹസ്യം വെളിപ്പെടുത്തിയത്.ആചാര്യ ശത്രുവായ ദ്രുപദനെ കിഴ്പ്പെടുത്താനാണ് ദ്രോണര്‍ ആവശ്യപ്പെട്ടതുപോലും!അതെങ്ങിനെ അര്‍ജുനന് മുന്‍കൂട്ടി കാണാനായി എന്ന് അപ്പോഴും സുയോധനന്‍ ആച്യര്യപ്പെട്ടപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

എടൊ, അത് .രാത്രി പരിശീലനത്തിനിടയില്‍ സുചിപ്പിച്ചിട്ടുണ്ടാകും.

ഒന്ന് നിര്‍ത്തിക്കൊണ്ട് അയാള്‍ തുടര്‍ന്നു:

ആചാര്യരും ഗുരുക്കന്മാരും അവരുടെ ശത്രുതക്ക് ശിഷ്യരെ ഉപയോഗിക്കുന്നു.ശരിയായ ബ്രാഹ്മണ തന്ത്രം.എന്തുകൊണ്ട് ഇവര്‍ക്ക് പരസ്പരം പോരാടിക്കുട?ആണത്വം അതിലല്ലേ സുയോധനാ?

പിന്നെ കര്‍ണ്ണന്‍ ഉറക്കെ ചിരിച്ചുകൊണ്ട് പുഴയുടെ അടിത്തട്ടിലേക്ക് ഊ ളിയിട്ടു.സുയോധനനും വൈകാതെ ആ ചങ്ങാതിയെ പിന്തുടര്‍ന്നു.അവര്‍ പുഴയുടെ നീരലക്കൈകളില്‍ നീന്തിത്തുടിച്ചു.

***