Saturday, April 13, 2013

അധ്യായം-പത്ത്‌


ദ്രോണര്‍,ലോകം കണ്ട വില്ലാളിവീരന്‍!ആരെയും  അമ്പരപ്പിക്കുന്ന കൈ വേഗതയും ചടുലതയും!അദേഹം ശിക്ഷണം ഏറ്റെടുത്തതില്‍ പിന്നെ കുമാരന്മാരുടെ ഉത്സാഹം പതിന്‍മടങ്ങ്‌ വര്‍ദ്ധിച്ചു!കുടുതല്‍ പഠിക്കാന്‍ ഏഇവരും കുടുതല്‍ സമയം ചിലവഴിച്ചു.ഓരോരുത്തരിലും പരസ്പരം മല്‍സരം ഉടലെടുത്തതുപോലെ!

സുയോധനനു ഗദാപ്രയോഗത്തിലുള്ള ആവേശം ഇരട്ടിയായി.ഭീമനുമായി ഏറ്റുമുട്ടുമ്പോള്‍ അയാളില്‍ എങ്ങുനിന്നെന്നറിയാതെ ആവേശം ഇരച്ചു കയറും.ഒരിക്കല്‍ പരിശിലനത്തിനുശേഷം മടങ്ങുമ്പോള്‍ ദ്രോണര്‍ സുയോധനനെ അരികില്‍ വിളിച്ചു പറഞ്ഞു:


ഗദാപ്രയോഗത്തില്‍ ആഗ്രഗന്യനാണ് നീ.ഭീമനെക്കാള്‍ മികച്ചു നില്‍ക്കുന്നു.പക്ഷെ,വിദ്യകള്‍ ഗദയില്‍ മാത്രം ഒതുക്കി നിര്‍ത്തരുത്.എല്ലാത്തിലും പാടവം നേടണം.മഹാരാജാവാകേണ്ടാതാണെന്നത് മറക്കരുത്.

സുയോധനന്‍ മറുപടി ഒന്നും പറഞ്ഞില്ല.ദ്രോണര്‍ തുടര്‍ന്നു:

അര്‍ജുനനെ ശ്രദ്ധിച്ചിട്ടില്ലേ?അസ്ത്രവിദ്യയില്‍ അവനെ മറികടക്കാന്‍ ആര്‍ക്കുമാവില്ല.ഇരുളില്‍ പോലും ലക്‌ഷ്യം തെറ്റാത്തവനാണവന്‍.പക്ഷെ നീ മനസുന്നിയാല്‍ അവന്റെ ശരവേഗം തടുക്കാനുള്ള കരുത്തും സ്വായത്തമാക്കാനാവും.ശ്രമിച്ചുകൂടെ?

അതിനും സുയോധനന്‍ പ്രത്യേക മറുപടി ഒന്നും പറഞ്ഞില്ല.അര്‍ജുനന്‍ രാത്രിയിലും പരിശീലിക്കുന്നുണ്ട്.എതു കുരിരുട്ടും അവനു വെളിച്ചമാണ്.അതിന്‍റെ അഹങ്കാരവും അവനിലുണ്ട്.

തനിക്ക് ഗദായുദ്ധത്തിലാണ് താത്പര്യം.പറന്നു ചുഴറ്റി അടിക്കുമ്പോള്‍ കിട്ടുന്ന സുഖവും സംതൃപ്തിയും മറെറന്തിനുണ്ട്?എങ്കിലും എല്ലാ വിദ്യകളും അഭ്യസിക്കാന്‍ ശ്രമിക്കുക തന്നെ.മഹാരാജാവ് ആകേണ്ടവനല്ലേ!മഹാരാജാവ്,ദ്രോണര്‍ ഇത് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കുമ്പോള്‍ ഒരു സുഖമുണ്ട് .

തന്‍റെ  വികാര വിചാരങ്ങളെല്ലാം അയാള്‍ കര്‍ണ്ണനുമായി പങ്കുവക്കാറുണ്ട്.ദ്രോണാചാര്യരുടെ പാടവത്തെ പറ്റി  പറഞ്ഞപ്പോള്‍ കര്‍ണ്ണന് ആചാര്യന്‍റെകിഴില്‍ ശിഷ്യ പ്പെടാന്‍ ആഗ്രഹമുദിച്ചു.ഒരുദിവസം കര്‍ണ്ണനെയും കുട്ടി സുയോധനന്‍ ദ്രോണ സമീപം എത്തി കാര്യമുണര്‍ത്തിച്ചു.അതുകേട്ട് ദ്രോണര്‍ പറഞ്ഞു:

ഉണ്ണി ആവശ്യപ്പെട്ടാല്‍ ഞാന്‍ നിറവേറ്റേണ്ടവനാണ്.പക്ഷെ ഭിഷ്മര്‍ ആവശ്യപ്പെട്ടിരിക്കുന്നത് നിങ്ങള്‍ക്ക് ഗുരുവാകാനാണ്.ഞാന്‍ രാജകുമാരന്മാരെ മാത്രമേ അഭ്യസിപ്പിക്കാറുള്ളു എന്നറിയാമല്ലോ?സുതപുത്രന്‍ കണ്ടു പഠിച്ചുകൊള്ളട്ടെ.

ദ്രോണരുടെ മറുപടി അവസാനിക്കും മുന്‍പേ തന്നെ കര്‍ണ്ണന്‍ തിരിഞ്ഞു നടന്നു.ദ്രോണരോട്   അപ്പോള്‍ ആദ്യമായി അമര്‍ഷം തോന്നി സുയോധനന്!എങ്കിലും അയാള്‍ മറുത്തൊന്നും പറഞ്ഞില്ല!പരോക്ഷമായ പഠനം കൊണ്ടായാലും കര്‍ണ്ണന്‍ പഠിച്ചു കൊള്ളും.അപ്പോള്‍ ദ്രോണാചാര്യര്‍ പറഞ്ഞു:

യുവരാജാവേ,ഈ ചങ്ങാത്തം നിനക്ക് ഭൂഷണമല്ല.രാജാക്കന്മാര്‍ തങ്ങള്‍ക്കൊത്തവരോടാണ് സൗഹൃദം സ്ഥാപിക്കേണ്ടത്.

സുയോധനന്‍ ഒന്നും പ്രതികരിക്കാതെ ,പ്രതിഷേധം കടിച്ചമര്‍ത്തി തിരിച്ചു നടന്നു.അയാള്‍ കര്‍ണ്ണനരികില്‍ ഓടിയെത്തി.ആ ഉറച്ച ചുമലില്‍ കൈ ചേര്‍ത്തുകൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നു.

ഏവരും തങ്ങളുടെ വിദ്യകളില്‍ കുടുതല്‍ മികവ് പുലര്‍ത്തിക്കൊണ്ടിരുന്നു.അങ്ങിനെ ദിനങ്ങള്‍ കടന്നു പോകവേ ഒരു കുമാരന്‍ ദ്രോണരെ തേടി പരിശിലനക്കളരിയിലെത്തി.വേഷം കൊണ്ട് തന്നെ അറിയാം അയാള്‍ ഒരു വനവാസി ആണെന്ന്!അയാള്‍ ദ്രോണരെ സ്വയം പരിചയപ്പെടുത്തി:

ഞാന്‍  വനാന്തരത്തില്‍ നിന്നും വരുന്ന ഏകലവ്യനാണ്.

അതുകേട്ട് ദ്രോണര്‍ അയാളെ സാകുതം നോക്കി.അപ്പോള്‍ അയാള്‍ കുമാരന്മാരെ ചുണ്ടിക്കൊണ്ട് ദ്രോണരോട് അഭ്യര്‍ത്ഥിച്ചു:

ഇവര്‍ക്കെന്നപോലെ അങ്ങ് എനിക്കും ഗുരു ആകണം.

ദ്രോണരുടെ  മുഖത്ത് പുച്ഛം നിറഞ്ഞു.അദ്ദേഹം ആ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു:

ഞാന്‍ രാജകുമാരന്മാരെ മാത്രമേ അഭ്യസിപ്പിക്കാറുള്ളു

അപ്പോള്‍  താനും ഒരു രാജപുത്രനാണെന്നും തന്‍റെ പിതാവ് വനത്തിലെ രാജാവാണെന്നും ഏകലവ്യന്‍ അറിയിച്ചു.അത് കേള്‍ക്കെ ദ്രോണര്‍ ക്രുദ്ധനായി.അദ്ധേഹം ശബ്ധം ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു:

രാജാക്കന്മാര്‍ പലതരം ഉണ്ട്.കാട്ടിലും നാട്ടിലും കടലിലും.എന്നാല്‍ ബ്രാഹ്മണര്‍ ക്ഷത്രിയരോട്മാത്രം കടപ്പെട്ടവരാണ്.അതുകൊണ്ട് നീ മടങ്ങിപ്പോവുക.

യാതൊരു ഭാവഭേദവും കുടാതെ ഏകലവ്യന്‍ ദ്രോണാചാര്യരെ പ്രണമിച്ച ശേഷം മടങ്ങിപ്പോയി.

ഇതും സുയോധനന്ഉള്‍ക്കൊള്ളാനായില്ല.ദ്രോണര്‍ പക്ഷപാതി ആണെന്ന് തോന്നി.മറ്റാരോടും ഇല്ലാത്ത വാല്‍സല്യം അര്‍ജുനനോടു കാണിക്കുന്നത് ഇതിനു തെളിവാണ് എന്ന് കര്‍ണ്ണനോട്  സുചിപ്പിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:

സുയോധനാ,നിന്‍റെ ഊഹം തെറ്റിയില്ല.ആചാര്യന് അര്‍ജുനനോടാണ് മമത.രാത്രിപോലും പരിശിലിപ്പിക്കുന്നത് കാണുന്നില്ലേ?എന്നെ മാറ്റിനിര്‍ത്തിയതും ഇപ്പോള്‍ ഏകലവ്യനെ ഒഴിവാക്കിയതും അതിനാലാണ്.ആരും അര്‍ജുനനുമേല്‍ വളരരുത്.

ദിവസങ്ങള്‍ കടന്നുപോകവേ കര്‍ണ്ണന്‍റെ വാക്കുകള്‍ ശരിയാണെന്ന് സുയോധനന് കുടുതല്‍ ബോധ്യപ്പെട്ടുതുടങ്ങി.

ഒരു ദിവസം പരിശിലന ശേഷം ആചാര്യന്‍ ഏവരെയും അരികില്‍ വിളിച്ച് ഇങ്ങിനെ പറഞ്ഞു:

എനിക്കൊരു ആഗ്രഹമുണ്ട്.കൃതാസ്ത്രരായി തിരുമ്പോള്‍ എനിക്കായി നിങ്ങളത് സാധിച്ചുതരണം.

ഗുരു  എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല.കാര്യം എന്തെന്ന് അറിയാന്‍ ഏവരും ആകാംക്ഷയോടെ നില്‍ക്കുമ്പോള്‍ അര്‍ജുനന്‍ മുന്നോട്ടുവന്നു പറഞ്ഞു:

ഗുരോ,അങ്ങയുടെ ഇംഗിതം എന്തായാലും ഞാന്‍ സാധിച്ചുതരുന്നതാണ്.

അര്‍ജുനന്‍റെ വാക്കുകളില്‍ പാണ്ഡവര്‍ ഹര്‍ഷാരവം മുഴക്കി.ആചാര്യന്‍ ഉടന്‍ അയാളെ മാറോടണച്ചു.അര്‍ജുനന്‍ എല്ലാവരെയും അഭിമാനത്തോടെ നോക്കി.എന്താണ് ആചാര്യന്‍റെ ആവശ്യം എന്ന് അപ്പോഴും സുയോധനന് വ്യെക്തമായില്ല.

ഒരിക്കല്‍ പുഴയില്‍ കുളിക്കുംപോഴാണ് കര്‍ണ്ണന്‍ ആ രഹസ്യം വെളിപ്പെടുത്തിയത്.ആചാര്യ ശത്രുവായ ദ്രുപദനെ കിഴ്പ്പെടുത്താനാണ് ദ്രോണര്‍ ആവശ്യപ്പെട്ടതുപോലും!അതെങ്ങിനെ അര്‍ജുനന് മുന്‍കൂട്ടി കാണാനായി എന്ന് അപ്പോഴും സുയോധനന്‍ ആച്യര്യപ്പെട്ടപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

എടൊ, അത് .രാത്രി പരിശീലനത്തിനിടയില്‍ സുചിപ്പിച്ചിട്ടുണ്ടാകും.

ഒന്ന് നിര്‍ത്തിക്കൊണ്ട് അയാള്‍ തുടര്‍ന്നു:

ആചാര്യരും ഗുരുക്കന്മാരും അവരുടെ ശത്രുതക്ക് ശിഷ്യരെ ഉപയോഗിക്കുന്നു.ശരിയായ ബ്രാഹ്മണ തന്ത്രം.എന്തുകൊണ്ട് ഇവര്‍ക്ക് പരസ്പരം പോരാടിക്കുട?ആണത്വം അതിലല്ലേ സുയോധനാ?

പിന്നെ കര്‍ണ്ണന്‍ ഉറക്കെ ചിരിച്ചുകൊണ്ട് പുഴയുടെ അടിത്തട്ടിലേക്ക് ഊ ളിയിട്ടു.സുയോധനനും വൈകാതെ ആ ചങ്ങാതിയെ പിന്തുടര്‍ന്നു.അവര്‍ പുഴയുടെ നീരലക്കൈകളില്‍ നീന്തിത്തുടിച്ചു.

***
No comments:

Post a Comment