Tuesday, April 23, 2013

അദ്ധ്യായം-പതിനൊന്ന്(തുടര്‍ച്ച)

പുലര്‍ച്ചയ്ക്ക് തന്നെ ഏവരും വനത്തിലേക്ക് യാത്രയായി.നായാട്ടിനു പറ്റിയത് പുലര്‍കാലമാണ്.നിദ്രവിട്ടു, ജന്തുക്കള്‍ ഇരതേടി ഇറങ്ങുന്ന നേരം.വിശന്നിരിക്കെ അവയ്ക്ക് ഏറെ ദുരം പായാനാവില്ല.കിഴടക്കാന്‍ എളുപ്പം.അല്ലെങ്കിലും മൃഗങ്ങളെ കൊല്ലുക എന്നതല്ല വേട്ടയുടെ ഹരം.കാടിളക്കി ഓടിക്കുക,ഭയപ്പെടുത്തുക.അതുകണ്ട് രസിക്കുക.അവ തളരുമ്പോള്‍ താഡിച്ചോ,ആയുധം കൊണ്ടോ കൊല്ലുക.

യാത്ര തുടങ്ങി.ദ്രോണര്‍ മുന്‍പില്‍.അവര്‍ക്ക് പിന്നിലായി സുയോധനനും സംഘവും.യാത്രയില്‍ കര്‍ണ്ണന്‍ ഇല്ലാത്തതിന്‍റെ ശൂന്യത അയാളുടെ മനസിനെ അലട്ടിയിരുന്നു.കര്‍ണ്ണന്‍ ഒരുങ്ങി എത്തിയതാണ്,വിദുരര്‍ വിലക്കി.സുത പുത്രനെ കൂടെ കുട്ടാന്‍ ദ്രോണര്‍ തയ്യാറാവില്ലത്രേ!

എന്തെ ഇത്ര ആലോചന

ശബ്ദം  കേട്ട് സുയോധനന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു.അശ്വത്ഥമാവാണ്!അയാളുടെ തേര്‍ തന്‍റെതിനെ മറികടക്കുകയാണ്.അയാള്‍ പോകും വഴി വിളിച്ചു പറഞ്ഞു:

അച്ഛന്‍ തിരക്കി.അതാ വേഗത്തില്‍ പോകുന്നത്.കാട്ടില്‍ വച്ച് കാണണേ...

അയാള്‍ ദുരത്തു എത്തികഴിഞ്ഞു.ഇന്നലെ മദ്യപിച്ചു ബോധം  കെട്ട് കിടന്നതിന്‍റെ യാതൊരു ആലസ്യവും ഇല്ല!അശ്വത്ഥാമാവിന്‍റെ തേര് അധിവേഗം ആചാര്യ സമിപം എത്തി.തേര്‍ നില്‍ക്കും മുന്‍പേ അയാള്‍ അച്ഛന്‍റെ തേര്‍ത്തട്ടിലേക്ക് ചാടിക്കയറി.എത്ര മെയ്‌ വഴകം!കര്‍ണ്ണനെ പോലെ ഇയാളും വിശ്വസ്തന്‍ ആയ ചങ്ങാതി ആണ്.

തേരില്‍ കയറിയതും ആചാര്യന്‍ അശ്വത്ഥാത്മാവിന്‍റെ കാതില്‍ എന്തോ പറഞ്ഞു.അതുകേട്ട് അയാള്‍ ഉറക്കെ ചിരിക്കുകയാണ്!എത്ര സ്നേഹമാണ് അവര്‍ തമ്മില്‍.പ്രിയ ചങ്ങാതിമാരെപ്പോലെ! എന്നിട്ടും ആചാര്യന് അര്‍ജുനന്‍ എങ്ങിനെ ഇത്ര പ്രിയപ്പെട്ടവനായി?

***

No comments:

Post a Comment