Wednesday, April 24, 2013

അധ്യായം-പന്ത്രണ്ട്,ചോരയിറ്റൊരാ പെരുവിരല്‍!

സുര്യകിരണങ്ങള്‍ വെളിച്ചം വിതറി തുടങ്ങിയപ്പോഴേക്കും സംഘം വനത്തിലെത്തി.തേര്‍ചക്രഘോഷവും നായ്‌ കുരകളും കൊണ്ട് കാട് ശബ്ധമുഖരിതമായി!പക്ഷികള്‍ ഭയത്തോടെ ചിറകടിച്ച് പാറിപ്പറന്നു.കട്ട് പോന്തകളില്‍ നിന്നും പ്രാണഭയത്തോടെ ജന്തുക്കള്‍ ഓടി.

എല്ലാവരും തേരില്‍ നിന്നും ഇറങ്ങി.നാലുദിക്കുകളിലേക്കും നാലായി പിരിഞ്ഞ്‌ കാടിളക്കി വേട്ടയാടാനായിരുന്നു ദ്രോണരുടെ നിര്‍ദേശം.സംഘം ചേര്‍ത്തു നിര്‍ത്തിയ ശേഷം ആചാര്യന്‍ പറഞ്ഞു:

വടക്കോട്ടുള്ള സംഘത്തെ ധര്‍മപുത്രര്‍ നയിക്കട്ടെ.തെക്കിന് ഭീമന്‍.പടിഞ്ഞാറോട്ടുള്ളതിനു അര്‍ജുനന്‍ സാരഥിയാവട്ടെ,കിഴക്കേത് ദുര്യോധനന്‍റെ നേതൃത്വത്തില്‍ ആവട്ടെ.

അനന്തരം ഏവരും ദ്രോണരെ താണുവണങ്ങി,സംഘംതിരിഞ്ഞു പുറപ്പെട്ടു.വേട്ട നായ്ക്കള്‍ കുരചാര്‍ത്തുകൊണ്ട് ഓരോ സംഘത്തിനും മുന്നില്‍ പാഞ്ഞു.

സുയോധന സംഘത്തില്‍ ദ്രോണപുത്രനും ഉണ്ടായിരുന്നു.കാടിനകം ഏറെ താണ്ടും മുന്‍പേ സംഘം വിണ്ടും പലതായ്‌ പിരിഞ്ഞു.എല്ലാവരെയും അവരവരുടെ വഴിക്ക് വിട്ടിട്ട് സുയോധനന്‍ ഒരു മരത്തണലില്‍ വിശ്രമിച്ചു.അശ്വത്ഥാത്മാവും അയാള്‍ക്കൊപ്പം കുടി.അവര്‍ക്ക് ഒരുപോലെ മൃഗയാ വിനോദത്തില്‍ താത്പര്യം തോന്നിയില്ല!

അവര്‍  തമ്മില്‍ കുശലം പറഞ്ഞിരിക്കെ,രണ്ടു വേട്ട നായ്ക്കള്‍ അലറിക്കൊണ്ട് അത് വഴി വന്നു.അവ സുയോധനാദികളെ കണ്ടു ഒരുനിമിഷം നിന്നു ,പിന്നെ പാച്ചില്‍ തുടര്‍ന്നു.

ആ നായകള്‍ അര്‍ജുനന്‍ന്‍റെതാണ്

നായ്ക്കളെ ചുണ്ടി സുയോധനന്‍ പറഞ്ഞു.

അവനെപ്പോലെ തന്നെ നല്ല ക്രൌര്യം ഉണ്ട്.

അശ്വത്ഥാമാവ് ചിരിച്ചുകൊണ്ട് പറഞ്ഞു.അപ്പോഴേക്കും നായ്ക്കളെ പിന്തുടര്‍ന്ന് അര്‍ജുനനും എത്തി.

എന്തേ ക്ഷിണിച്ചു പോയോ?

എന്ന് പരിഹസിച്ചുകൊണ്ട് അയാള്‍ മുന്നോട്ടുപോയി.അവര്‍ ഒന്നും പറഞ്ഞില്ല.

അധിക സമയം കഴിയും മുന്‍പേ, ദുരെ മുഴങ്ങിക്കേട്ടിരുന്ന നായകളുടെ ശബ്ദം പെട്ടെന്ന് നിലച്ചു.കാടിനകത്തു അര്‍ജുനനന്‍റെ ആക്രോശം കേള്‍ക്കാം!എന്തോ അപകടം നടന്നുവെന്നു തോന്നി രണ്ടാളും എഴുന്നേറ്റ്‌ അവിടേക്ക് പാഞ്ഞു.അപ്പോഴതാ മുന്നോട്ട് അലറിക്കുരച്ചുപോയ നായ്ക്കള്‍ അതേ വേഗത്തില്‍ തിരിച്ചുവരുന്നു!അവയുടെ തുറന്ന വായില്‍ നിറയെ അസ്ത്രങ്ങള്‍!അര്‍ജുനന്‍ സംഭ്രാന്തനായി അവക്ക് പുറകില്‍ ഉണ്ട്.അയാള്‍ ഒന്നും മിണ്ടാതെ അവരെ കടന്നു പോയി.

എന്തോ തോററപോലുണ്ടല്ലോ അര്‍ജുനന്‍

അതും പറഞ്ഞു അശ്വത്ഥാത്മാവ് മുന്നോട്ടു നടന്നു.ഒരു ഞാണൊലി വ്യെക്തമായി വരുന്നു!അതിന്‍റെ ഉറവിടം തേടി അവര്‍ ജാഗ്രതയോടെ ചുവടുകള്‍ വച്ചു.ഒടുവിലവര്‍ ചെന്ന് നിന്നത് ഒരു കുടിലിനു മുന്‍പില്‍ ആയിരുന്നു.അവിടെ, കറുത്ത്നിണ്ട ജടാഭാരവും കൃഷ്ണാജിനവുമായി നില്‍ക്കുന്നു ഒരു നിഷാദന്‍!അവര്‍ അയാള്‍ക്ക്‌ നേരെ നടന്നു.

അവരെ കണ്ടപാടെ അയാള്‍ വില്ല് കുലച്ചു.അശ്വത്ഥാമാവും ശരം തൊടുത്തു നിലയുറപ്പിച്ചു.അപ്പോള്‍ ജാഗ്രതയോടെ നിന്നുകൊണ്ട് സുയോധനന്‍ നിഷാദനോട് ചോദിച്ചു:

അതിഥികളോട് ഇങ്ങിനെ പെരുമാറണം എന്നതാണോ കാട്ടുനീതി?

അപ്പോള്‍ നിഷാദന്‍ വിളിച്ചു പറഞ്ഞു:

അല്ല.പക്ഷെ അതിഥി ശത്രുവോ,മിത്രമോ എന്ന് എങ്ങിനെ അറിയും?

ഞങ്ങള്‍ ശത്രുക്കള്‍ അല്ല,ഹസ്തിനപുരത്തു നിന്നാണ്

അശ്വത്ഥാത്മാവ് പറഞ്ഞു.അത് കേട്ടതും അയാള്‍ വില്ല് താഴ്ത്തി.അവര്‍ അയാള്‍ക്കടുത്തെക്ക് ചെന്നു.

ഞാന്‍ ഏകലവ്യന്‍ 

അയാള്‍  സ്വയം പരിചയപ്പെടുത്തി.ഒരിക്കല്‍ ഞാന്‍ ഹസ്ത്തിനപുരത്തു വന്നിട്ടുണ്ട്,ദ്രോണാചാര്യരെ കാണാന്‍

ഓര്‍മ്മയുണ്ട്

സുയോധനന്‍ പറഞ്ഞു.പിന്നെ അശ്വത്ഥാമാവിനെ ചുണ്ടി സുയോധനന്‍ തുടര്‍ന്നു:

ഇത് ആചാര്യപുത്രന്‍  അശ്വത്ഥാത്മാവാണ്

ഏകലവ്യന്‍ അപ്പോള്‍ അല്‍പനേരം അശ്വത്ഥാത്മാവിന്‍റെ മുഖത്തേക്ക്തന്നെ നോക്കി നിന്നു.പിന്നെ ഭയഭക്തിയോടെ ചോദിച്ചു:

ആചാര്യന് സുഖമല്ലേ?

അതെ.
അശ്വത്ഥാമാവ് പറഞ്ഞു. 

ഞങ്ങള്‍ നായാട്ടിനായി വന്നതാണ്,അച്ഛനുമുണ്ട് കൂടെ.

അതെയോ?
 അയാള്‍ ആദരവോടെ ചോദിച്ചു.

അപ്പോള്‍  നിങ്ങളുടെ വേട്ടനായ്ക്കളാവും എന്‍റെ നേര്‍ക്ക്‌ പാഞ്ഞു വന്നത്?ഞാനവയെ ശരംകൊണ്ട് മടക്കി.

അയാള്‍ അവരെ തന്‍റെ കുടിലിലേക്ക് ക്ഷണിച്ചു.മുറ്റത്തിന്‍റെ കിഴക്കരികില്‍ ദ്രോണാചാര്യരുടെ ജീവന്‍ തുളുമ്പുന്ന മണ്‍ പ്രതിമ കണ്ട് അവര്‍ വിസ്മയപ്പെട്ടു നില്‍ക്കുമ്പോള്‍ ഏകലവ്യന്‍ പറഞ്ഞു:

ആചാര്യന്‍ അന്ന് തിരിച്ചയച്ചപ്പോള്‍ തോന്നിയ ഉപായമാണിത്.ഞാന്‍ ഈ പ്രതിമക്കു കിഴിലാണ് അഭ്യസനം നടത്തിയത്.അദേഹമല്ലാതെ മറ്റൊരു ഗുരുവില്ലെനിക്ക്

ഏകലവ്യന്‍ ഇങ്ങിനെ പറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു പടപ്പുരപ്പാടിന്‍റെ ആരവം അടുത്തു വന്നു.ഉടന്‍ അയാള്‍ ശരം തൊടുത്ത്‌ നിലയുറപ്പിച്ചു.അപ്പോള്‍ സുയോധനന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:

പേടിക്കാനൊന്നുമില്ല ചങ്ങാതി.അത് ആചാര്യനും അര്‍ജുനാദികളുമാവും താങ്കള്‍ നോവിച്ചു വിട്ടത് അര്‍ജുനന്‍റെ നായ്ക്കളെയാണ്.ശരം  മടക്കിക്കോളു.

അവര്‍ പ്രതിക്ഷിച്ചപോലെ ഉടന്‍ ആചാര്യസംഘം അവിടെ എത്തി.ആചാര്യനെ കണ്ടതും ഏകലവ്യന്‍ ഓടിച്ചെന്ന് ആ പാദങ്ങളില്‍ നമസ്കരിച്ചു.ദ്രോണര്‍ അയാളെ പിടിച്ചു എഴുന്നെല്‍പ്പിച്ചുകൊണ്ട്‌ സാവകാശം ചോദിച്ചു:

ഉണ്ണി,നീയാണോ നായ്ക്കളില്‍ ശരം നിറച്ചത്?

ഉം-അയാള്‍ മൂളി

ഞാന്‍ എകലവ്യനാണ്

അയാള്‍ മെല്ലെ പറഞ്ഞു

ദ്രോണര്‍ മനസിലാകാതെ സംശയിച്ചു നിന്നപ്പോള്‍ അച്ഛന് സമിപമെത്തി അശ്വത്ഥാത്മാവ് പഴയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി.തുടര്‍ന്ന് ആചാര്യന്‍ പ്രതിമയും മറ്റും നോക്കിക്കണ്ടു.എല്ലാവരിലും വിസ്മയവും സന്തോഷവും നിറഞ്ഞു.എന്നാല്‍ അര്‍ജുനന്‍ മാത്രം അസ്വസ്ഥനായി കാണപ്പെട്ടു.

അപ്പോഴേക്കും വിവരങ്ങള്‍ അറിഞ്ഞ് ഏകലവ്യന്‍റെ പിതാവ് ഹിരണ്യധനുസും പരിവാരങ്ങളും അവിടെയെത്തി.അവര്‍ വേഗത്തില്‍ സംഘത്തിന് വിരുന്നൊരുക്കി.എല്ലാവരും സ്വാദിഷ്ടവിഭവങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ അര്‍ജുനന്‍ ആചാര്യന്‍റെ ചെവിയില്‍ എന്തൊക്കെയോ പറയുന്നത് സുയോധനന്‍ ശ്രദ്ധിക്കാതിരുന്നില്ല!

ഭക്ഷണാനന്തരം വിശ്രമവും കഴിഞ്ഞു പിരിയാന്‍ന്നേരം ആചാര്യന്‍ ഏകലവ്യനെ അരികില്‍ വിളിച്ചു ചോദിച്ചു:

ഉണ്ണി,നീ എനിക്ക്  ശിഷ്യനാണെന്നല്ലേ പറഞ്ഞത്?എങ്കില്‍ ഗുരുദക്ഷിണ തരാമല്ലോ അല്ലെ?

തരാം.അരുളിയാലും അങ്ങയുടെ ഇഷ്ടം

ഒരു നിമിഷത്തെ അര്‍ത്ഥഗര്‍ഭമായ മൌനത്തിനു ശേഷം ദ്രോണര്‍ പറഞ്ഞു:

എങ്കില്‍..നിന്‍റെ വലംകൈയ്യിലെ പെരുവിരല്‍ ഞാന്‍ ചോദിക്കുന്നു.

ആചാര്യന്‍റെ ആവശ്യം കേട്ട് എല്ലാവരും സ്തംഭിച്ചുനിന്നു.അച്ഛനെ ആ ആവശ്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ചെന്ന അശ്വത്ഥാമാവിനെ ഒരു കടുത്ത നോട്ടം കൊണ്ട് ആചാര്യന്‍ നിശ്ചലനാക്കി!

എകലവ്യനാകട്ടെ യാതൊരു ഭാവഭേദവും കുടാതെ,തന്‍റെപെരുവിരലറുത്ത്,ഒരിലയില്‍ വച്ച് ആചാര്യന് സമര്‍പ്പിച്ചു.അദ്ദേഹം അത് ഉപചാരപുര്‍വം ഏറ്റുവാങ്ങിക്കൊണ്ട് പിന്‍വാങ്ങി.അര്‍ജുനന്‍ ഒരു ജേതാവിനെപ്പോലെ ആചാര്യനൊപ്പം നടന്നു.മറ്റുള്ളവര്‍ അവരെ നിശബ്ദം പിന്തുടര്‍ന്നു!

അവര്‍ക്കൊപ്പം  പോകാനാകാതെ സുയോധനനും അശ്വത്ഥാത്മാവും അവിടെത്തന്നെ നിന്നു.വൈകാതെ ചോര ഇറ്റുന്ന കൈ വീശി സുയോധനന്‍ അവരെയും യാത്രയാക്കി!അവര്‍ ഒന്നും ഉരിയാടാതെ മുന്നോട്ടുനടന്നു.

നിശബ്ധത ഭഞ്ചിക്കാതെ നടക്കുന്നതിനിടയില്‍ അശ്വത്ഥാമാവ് സുയോധനനെ തടഞ്ഞുകൊണ്ട് ഒരിടത്തേക്ക് ചുണ്ടി.ഒരു മരച്ചുവട്ടില്‍ കരിയിലകള്‍ക്ക് മേലെ
ചോര  ഉണങ്ങിപ്പിടിച്ചു തുടങ്ങിയ പെരുവിരല്‍!ഉറുമ്പുകള്‍ വട്ടമിട്ടുതുടങ്ങിയിരിക്കുന്നു!ഒന്ന് നോക്കിയശേഷം ആചാര്യപുത്രന്‍ വേഗം നടന്നു.അയാള്‍ കുടുതല്‍ ലജ്ജിതനായി തല കുനിച്ചാണ് പോകുന്നത് !എങ്കിലും ആ കണ്ണുകളില്‍ നീര്‍മുത്തുകള്‍ പൊഴിയുന്നത് സുയോധനന് കാണാമായിരുന്നു!!

***
No comments:

Post a Comment