Friday, May 17, 2013

അദ്ധ്യായം,പതിനേഴ്-അവള്‍ അവനിലെക്കോ?

പാണ്ഡവര്‍ വാരണാവതത്തിലേക്ക് താമസം മാറിയതിനു ശേഷം സുയോധനന്‍ രാജ്യഭരണം കുടുതല്‍ കരുത്തുള്ളതാക്കിത്തിര്‍ത്തു.പാണ്ഡവര്‍ക്ക് പ്രകിര്‍ത്തനങ്ങള്‍മാത്രം പാടിനടക്കുന്നവരെ ആദ്യം നിലക്ക് നിര്‍ത്തി.പിതാക്കന്മാരുടെയും ആചാര്യന്മാരുടെയും പക്ഷപാതിത്വം മനസിലാക്കിത്തന്നെ ഭരണകാര്യങ്ങളില്‍ തിരുമാനമെടുത്തു.

അധികകാലം  കഴിഞ്ഞില്ലഹസ്തിനപുരത്ത് ഒരു ദുഖവാര്‍ത്തയെത്തി.വാരണാവതത്തില്‍ പാണ്ഡവര്‍ താമസിച്ചിരുന്ന കൊട്ടാരത്തിനു തീപിടിച്ചുപോലും.അറിഞ്ഞയുടന്‍ അനുജന്മാരുമൊത്ത് സുയോധനന്‍ അവിടെയെത്തി.കത്തിക്കരിഞ്ഞ ആറ്‌ ശവസരിരങ്ങള്‍!അതെല്ലാം ഏറ്റുവാങ്ങി ഹസ്തിനപുരത്ത് എത്തിച്ച് ആചാരവിധിപ്രകാരം കര്‍മ്മങ്ങള്‍ ചെയ്ത് കൊട്ടാരവളപ്പില്‍ത്തന്നെ പാണ്ഡവരെ സംസ്കരിച്ചു.ഒരാണ്ട് ദുഃഖസുചകമായി രാജ്യത്തെ ആഘോഷങ്ങള്‍ എല്ലാം നിര്‍ത്തിവച്ചു.

എന്നാല്‍ സുയോധനന്‍റെ ചെയ്തികളെല്ലാം സംശയത്തോടെയാണ് വിക്ഷിക്കപ്പെട്ടത്‌!പാണ്ഡവരുടെ മരണത്തിന് കാരണഭുഥന്‍ സുയോധനന്‍ തന്നെയാണെന്ന് പ്രചരിപ്പിക്കപ്പെട്ടു.കൊട്ടാരം അരക്കുകൊണ്ട് പണിതതാണെന്നും സുയോധനന്‍റെ അമ്മാവന്‍  ശകുനിയുടെ വിശ്വസ്തനായ പുരോചനന്‍ തീ വച്ചതാണെന്നും ഉള്ള കഥയ്ക്ക് കേള്‍വിക്കാര്‍ ധാരാളമുണ്ടായി!ഈ കഥകളെ മറികടക്കാന്‍ സുയോധനന്‍റെ ഒരു പ്രവര്‍ത്തികള്‍ക്കും ആയതുമില്ല!

അസന്തുലിതമായി ഒരു വര്ഷം കടന്നുപോയപ്പോള്‍ പാഞ്ചാലദേശ ത്തുനിന്നും ഒരു സ്വയംവര ക്ഷണം ഹസ്തിനപുരത്ത് എത്തി.പാഞ്ചാലരാജപുത്രിയായ ദ്രൌപദിയുടെ വിവാഹം.ക്ഷണം സ്വികരിച്ചുകൊണ്ട് ധൃതരാഷ്ട്രര്‍ സുയോധനനെ വിളിച്ചു പറഞ്ഞു:

നീ  പാഞ്ചാലത്ത് പോയി സ്വയംവരത്തില്‍ പങ്കെടുത്ത് ദ്രൌപദിയെ വേള്‍ക്കണം

അതുകേട്ട് സുയോധനന്‍ പറഞ്ഞു:

അച്ഛാ,രാജപദവി സുസ്ഥിരവും സുശക്തവും ആവും വരെ ഞാന്‍ വിവാഹത്തെപ്പറ്റിചിന്തിക്കുന്നില്ല.

പക്ഷെ സ്വയംവരത്തിനുള്ള ക്ഷണം നിരസിക്കാന്‍പാടുള്ളതല്ല.വേളി വേണ്ടെന്നു വയ്ക്കുകയും വേണ്ട.

ധൃതരാഷ്ട്രര്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ പിന്നെ മറുത്തൊന്നും പറഞ്ഞില്ല സുയോധനന്‍.

യാത്ര  പുറപ്പെട്ടതിന്‍റെ മുന്നാം നാളിലാണ് കര്‍ണ്ണനുമൊത്ത് സുയോധനന്‍ പാഞ്ചാലദേശത്തു എത്തിയത്.അതിമനോഹരമായിരുന്നു പാഞ്ചാലം!എങ്ങും അഴകേറിയ പുവനികള്‍,താമരകള്‍ മന്ദമാടുന്ന കുളിര്‍വനികള്‍!

രാജഗൃഹം  അടുക്കുംതോറും സ്വയംവരാഘോഷത്തിന്‍റെ അലയൊലികള്‍ കേട്ട് തുടങ്ങിയിരുന്നു.കൊട്ടാരമെത്തി,പരിചാരകരാല്‍ ആനയിക്കപ്പെട്ട്‌ തങ്ങള്‍ക്ക് നീക്കിവയ്ക്കപ്പെട്ടാ ഇരിപ്പിടങ്ങളില്‍ സുയോധനനും കര്‍ണനും ഇരുന്നു.

അധികം  വൈകുംമുന്‍പേ സ്വയംവരത്തിന് പ്രാരംഭംകുറിച്ചുകൊണ്ട് ശ൦ഖൊലി മുഴങ്ങി.സദസ്സ് അതോടെ പതിയെ നിശബ്ധമായി.ആ സമയം പാഞ്ചാലരാജാവായ ദ്രുപദന്‍ സദസ്സിലേക്ക് എഴുന്നള്ളി.എല്ലാവരും എഴുന്നേറ്റുനിന്നുകൊണ്ട് അദ്ധേഹത്തെ വന്ദിച്ചു.ഏല്ലാവര്‍ക്കും നേരെ കുപ്പുകൈകള്‍ ഉയര്‍ത്തിക്കൊണ്ട്,ഇരിക്കാന്‍ ആവശ്യപ്പെട്ടു.സദസ്സ് വിണ്ടും നിശബ്ധമായപ്പോള്‍ ഏവരെയും അഭിസംബോധനചെയ്തുകൊണ്ട് ദ്രുപദന്‍ പറഞ്ഞു:

മഹാബ്രാമണര്‍ക്കും തപസ്വികള്‍ക്കും രാജാക്കന്മാര്‍ക്കും പാഞ്ചാലദേശത്തിന്‍റെ സ്വാഗതം.എന്‍റെ ഏക പുത്രിയായ ദ്രൌപതിയെ വേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു അസ്ത്രപരിക്ഷയില്‍ ജയിക്കെണ്ടതുണ്ട്.അതിനെപ്പറ്റി വിവരിക്കുന്നതിനും മകളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനുമായി എന്‍റെ പുത്രന്‍ ദൃഷ്ടധ്യുമ്നന്‍ ഉടന്‍ എത്തിച്ചേരുന്നതാണ്.

അത്രയും പറഞ്ഞ് ദ്രുപദന്‍ പിന്മാറിയപ്പോള്‍ എങ്ങും വാദ്യഘോഷങ്ങള്‍ മുഴങ്ങി.മംഗളസ്നാനം കഴിച്ച്‌,ശുഭ്രവസ്ത്രധാരിണിയായി,സര്‍വാഭരണവിഭുഷിതയായി തിളങ്ങുന്ന ദ്രൌപദിയെയും ആനയിച്ചുകൊണ്ട്,ബാലാര്‍ക്കനെപ്പോലെ തിളങ്ങുന്ന ധൃഷ്ടധ്യുംനന്‍ സഭാമണ്ഡലത്തില്‍ പ്രത്യക്ഷനായി.മേഘനാഥത്തിനോപ്പം മുഴങ്ങുന്ന സബ്ധത്തില്‍,സദസ്സിനെ അഭിവാദ്യം ചെയ്തുകൊണ്ട് അയാള്‍ പറഞ്ഞു:

അല്ലയോ മാനവരെ,നിങ്ങള്‍ക്കു വന്ദനം.

തുടര്‍ന്ന് അയാള്‍ പന്തലിനു മുകളിലേക്ക് ചുണ്ടിക്കാണിച്ചുകൊണ്ട് തുടര്‍ന്നു.

ഈ സഭാമണ്ഡപത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കറങ്ങുന്ന യന്ത്രദ്വാരത്തിലുടെ ഒരേസമയത്ത് അഞ്ചു ബാണങ്ങലെയ്തു ആര് ലക്ഷ്യം ഭേദിക്കുന്നുവോ,അയാള്‍ക്ക്‌ കുലമോ,ദേശമോ,പദവിയോ പരിഗണിക്കാതെ,കൃഷ്ണ എന്നുവിളിക്കപ്പെടുകയും ദ്രൌപദി എന്ന് അറിയപ്പെടുകയും ചെയ്യുന്ന എന്‍റെ സഹോദരിയെ വേള്‍ക്കാവുന്നതാണ്.

ഇത്രയും പറഞ്ഞ്‌,ദ്രൌപദിയെ കൈപിടിച്ച് മുന്നില്‍ നടത്തിക്കൊണ്ട് അയാള്‍ ഓരോരുത്തരെയായി നാമം,കുലം,കര്‍മ്മം,സാമര്‍ഥ്യം തുടങ്ങിയവ വിവരിച്ചുകൊണ്ട്  സഹോദരിക്ക് പരിചയപ്പെടുത്തി.പിന്നിട് സോദരിയെ പിതാവിന് സമിപം പിടിച്ചിരുത്തിക്കൊണ്ട് അയാളും ഉപവിഷ്ടനായി.ദ്രൌപദി അവര്‍ക്ക് മധ്യേ,നെയ്ത്തിരി തെളിയുന്ന വിളക്കുപോലെ ശോഭിച്ചു.

പരിക്ഷണ വിദ്യ ആരംഭിച്ചു.രംഗത്ത്‌ പരാജിതരും പരിക്ഷിണരുമായി പലരും മടങ്ങിക്കൊണ്ടിരുന്നു.ചിലരെല്ലാം നിലതെറ്റി നിലത്ത് വീണു.ശൌര്യംകെട്ടും ഇളിഭ്യരായും കിരിടം നുറുങ്ങിയും രാജകുമാരന്മാര്‍ മടങ്ങുന്നത് കാണ്‍കവേ സുയോധനന്‍ കര്‍ണ്ണനോട് പറഞ്ഞു:

കര്‍ണ്ണാ,ഒരുകൈ നോക്കുന്നോ?വിജയിച്ചാല്‍ ഒരു സുന്ദരി സ്വന്തമാവും!

അതുകേട്ട് കര്‍ണ്ണന്‍ അല്പം ലജ്ജിതനാവാതിരുന്നില്ല.അയാള്‍ ചങ്ങാതിയെ നോക്കി.സുയോധനന്‍ കര്‍ണ്ണനെ വിണ്ടും പ്രോത്സാഹിപ്പിച്ചു.കര്‍ണ്ണന്‍ മെല്ലെ എഴുന്നേറ്റു.സ്വതസിദ്ധമായ ഗാംഭിര്യത്തോടെ കര്‍ണ്ണന്‍ രംഗഭുമിയിലേക്ക് നടന്നപ്പോള്‍,എന്തോ മാന്ത്രികതയാല്‍എന്നപോലെ സദസ്സ് നിശബ്ധമായി.കര്‍ണ്ണന്‍ ഇടംകൈയ്യാല്‍ വില്ലെടുത്തു,ഏകാഗ്രതയോടെ ഞാണ്‍ വലിച്ചുമുറുക്കിക്കെട്ടി.പിന്നിട് താഴെ തളികയില്‍ വച്ചിരുന്ന അഞ്ചുശരങ്ങളും കൈയ്യിലെടുത്തു അതിവേഗത്തില്‍ കുലച്ചു.ഒട്ടൊരു ശബ്ധത്തോടെ അവ,പന്തലിനു മുകളില്‍ കറങ്ങിക്കൊണ്ടിരുന്ന  യന്ത്ര ദ്വാരത്തില്‍ തുളഞ്ഞുകയറി.സഭ ശബ്ധമുഖരിതമായി.എങ്ങും ഘര്‍ഷാരവങ്ങള്‍!അത്ഭുതപരതന്ത്രരായി നില്‍ക്കുന്ന രാജാക്കാന്മാരെ അഭിമാനത്തോടെ നോക്കിയശേഷം കര്‍ണന്‍ ദ്രൌപദിയിലേക്ക് കണ്ണുകള്‍ പായിച്ചു.അവള്‍ ഒട്ടൊരു നാണത്തോടെ,അണിഞ്ഞിരിക്കുന്ന മുഖാവരണത്തിന്‍റെ സ്ഫടിക ജാലകത്തിലുടെ,തന്നെത്തന്നെ നോക്കിനില്‍ക്കുന്നത് കര്‍ണ്ണന്‍ നേര്‍ത്ത പുഞ്ചിരിയോടെ കണ്ടുനിന്നു!
***


Sunday, May 12, 2013

അദ്ധ്യായം,പതിനാറ്‌-വിട്ടുപോകലിന്‍റെ നീതിശാസ്ത്രം

സുയോധനന്‍ അധികാരമേറ്റതോടെ കൊട്ടാരത്തിലെ അന്തച്ചിദ്രങ്ങളും വര്‍ധിച്ചു!പരിചാരകരും സഭാവാസികളുമൊക്കെ പരസ്പരം രണ്ടായ്‌ പിരിഞ്ഞ്‌ കൌരവപക്ഷത്തും പാണ്ഡവപക്ഷത്തുമായി നിലയുറപ്പിച്ച് ഓരോ കുട്ടര്‍ക്കുമായി വാദിച്ചു.അധികാരം ആര്‍ക്കെന്നതായിരുന്നു തര്‍ക്കം.അതില്‍ ആചാര്യന്മാരും പിതാകന്മാരുമൊക്കെ ഭാഗമായതോടെ സുഗമമായ ഭരണം സാധ്യമല്ലെന്നുതന്നെ സുയോധനനു തോന്നിത്തുടങ്ങി.എവിടെയും ചാരന്മാരുടെയും ഒറ്റുകാരുടെയും സുക്ഷ്മനയനങ്ങള്‍!അതുകൊണ്ട് ആരെ വിശ്വസിക്കണം അവിശ്വസിക്കണ൦ എന്ന ധര്‍മ്മ സങ്കടത്തിലായി അയാള്‍.തന്‍റെ മനോഗതങ്ങള്‍ ചങ്ങാതിയുമായി പങ്കുവയ്ക്കവേ കര്‍ണ്ണന്‍ പറഞ്ഞു:

ഞാനുംകേള്‍ക്കുന്നുണ്ട്സുയോധനാ, അന്തപ്പുരവര്‍ത്തമാനങ്ങള്‍. നീതിയെപറ്റിയുള്ള വാക്തര്‍ക്കങ്ങള്‍!

പിന്നെ സുയോധനനെ ആശ്വസിപ്പിക്കാനെന്നവണ്ണം കര്‍ണ്ണന്‍ തുടര്‍ന്നു.

കൊട്ടാരത്തിലെ നിയമനങ്ങള്‍ പാണ്ടുമാഹാരാജാവിന്‍റെതു ആയിരുന്നല്ലോ.അപ്പോള്‍ ആ പക്ഷപാതവും കാണും.ഇതെല്ലാം മറികടക്കാന്‍ കുടുതല്‍ ജാഗ്രത്താവുക 

കര്‍ണ്ണന്‍റെ അഭിപ്രായ പ്രകാരം സുയോധനന്‍ കാര്യങ്ങള്‍ കുടുതല്‍ കാര്‍ക്കശ്യമാക്കി.പാണ്ഡവരോട് കുടുതല്‍ മമത കാട്ടുന്നവരെ നിരിക്ഷണവിധേയരാക്കി!ദ്രോണാചാര്യര്‍ക്ക് മറ്റുള്ളവരെപ്പോലെ പാണ്ഡവരോട് കുടുതല്‍ അനുഭാവമില്ല.ധനവും സ്ഥാനമാനങ്ങളും തന്നെയാണ് ആചാര്യന് പഥ്യം!എങ്കിലും അര്‍ജുന വാത്സല്യത്തോട് യാതൊരുവിധകുറവും ഇല്ല!ആരുമറിയാതെ ബ്രമാസ്ത്രവിദ്യപോലും കൈമാറിയിരിക്കുന്നു അജുനന്!

വളരെ  നിതിപുര്‍വകവും കാര്‍ക്കശ്യവും ആയിരുന്നിട്ടുകൂടി അഭംഗുരമായ ഭരണം സാധ്യമായില്ല സുയോധനന്!അയാളുടെ ഓരോ നടപടികള്‍ക്കും പലതരം വ്യാഖ്യാനങ്ങള്‍ ഉണ്ടായി!സുയോധനന് ഉണ്ടായ ചെറിയ പിഴവുകള്‍ പോലും വലുതായി കൊണ്ടാടപ്പെട്ടു!അയാള്‍ക്കെതിരെ പല കെട്ടുകഥകളും വ്യാപകമായി പ്രചരിക്കപ്പെട്ടു!എല്ലാകഥകളിലും ധര്‍മ്മപുത്രര്‍ നീതിനിഷ്ടനായിരുന്നു,പാണ്ഡവര്‍ ധര്‍മ്മിഷ്ടരും!

കഥകളും  പ്രചാരണങ്ങളും ധൃതരാഷ്ട്രരുടെ ചെവിയിലുമെത്തി.മകനെതിരെയുള്ള പടയൊരുക്കങ്ങള്‍ അദ്ദേഹത്തെ ദുഖിതനാക്കി.ഒരു ദിനം,മന്ത്രന്ജനും ബ്രാഹ്മണപണ്ഡിതനുമായ കണികനെ ആളയച്ചു വരുത്തിക്കൊണ്ട് ധൃതരാഷ്ട്രര്‍ ചോദിച്ചു:

സുയോധനനും ഭീമനും തമ്മിലും അര്‍ജുനനും കര്‍ണ്ണനും തമ്മിലും കുടുതല്‍ വൈരാഗികളായി മാറുന്നുവെന്നു പലരും പറഞ്ഞ്‌ ഞാനറിയുന്നു.പാണ്ഡവരും കൌരവരും തമ്മിലുള്ള താപകോപങ്ങള്‍ ഇല്ലാതാകാന്‍ എന്താണ് പോംവഴി?

കണികന്‍ പറഞ്ഞു:

അത് മറികടക്കുക കാലനുകുടി സാധ്യമല്ലാത്തതാണ്.വൈരങ്ങളും അപവാദങ്ങളും ഭരണകാര്യങ്ങളില്‍ പതിവുള്ളതാണെന്ന് അങ്ങേക്കും അറിയാമല്ലോ?അത് ഇല്ലാതാകാന്‍ സദാ ജാഗ്രതയല്ലാതെ മറ്റുവഴികളില്ല.സ്വാന്ത്വം,ദാനം,ഭേദം,ദണ്ഡം തുടങ്ങിയവയൊക്കെ സമാധാനം നിലനിര്‍ത്താന്‍ പരിക്ഷിക്കാവുന്നതാണ്.

അതുകേട്ടപ്പോള്‍ ധൃതരാഷ്ട്രര്‍ കുടുതല്‍ ആകാംക്ഷാഭരിതനായി.ആ മനസ് കണ്ടറിഞ്ഞ് കണികന്‍ തുടര്‍ന്നു:

ഭിരുവിനെ ഭയപ്പെടുത്തിത്തന്നെ ഭേദിക്കണം.ശുരന്മാരെ വന്ദനം ചെയ്തു പിടിക്കണം.ലുബ്ധന് ദാനമാണ് നല്ലത്.സമനും താണവനും കൈയ്യൂക്കു തന്നെ ഭേദം.

ധൃതരാഷ്ട്രര്‍ കുടുതല്‍ താത്പര്യം കാണിക്കുന്നത് കണ്ട് ഒന്ന് നിര്‍ത്തിയശേഷം കണികന്‍ തുടര്‍ന്നു:

പുത്രന്‍,സഖാവ്,സോദരന്‍,പിതാവ്,ഗുരു ഇവര്‍ ആരായാലു൦ ശത്രുസ്ഥാനത്തുനിന്നുകൊണ്ട് എതിര്‍ത്താല്‍ വധിക്കാന്‍ മടിക്കേണ്ടതില്ല.തനിക്ക് തുല്യനാണ് ശത്രുവെന്നു വരുകില്‍ കരുതിയിരിക്കുന്നിടത്താണ് ജയം.

കണികന്‍റെ ഓരോ വാക്കുകളും ധൃതരാഷ്ട്രരെ കുടുതല്‍ ആവേശഭരിതനാക്കി.തന്‍റെ പുത്രന്‍റെ അവിഗ്നഭരണത്തിനും ആയുസ്സിന്നും വേണ്ടി ഏതറ്റംവരെ പോകാനും ആ പിതൃഹൃദയം കൊതിച്ചു.അപ്പോഴും കണികന്‍ തുടര്‍ന്നുകൊണ്ടിരുന്നു:

അതുകൊണ്ട് രാജാവേ,ശത്രൂ നിസ്സാരനായാലും വെറുതെ വിടരുത്.ആശകള്‍ സാധിക്കാന്‍ ദീര്‍ഘകാലം വേണ്ടി വന്നേക്കാം.അങ്ങ് പാണ്ഡവര്‍ക്കുമേലും പ്രയോഗിക്കേണ്ട ന്യായം ഇതൊക്കെയെന്നു എനിക്ക് തോന്നുന്നു.

തുടര്‍ന്ന് ധൃതരാഷ്ട്രരെ നമസ്കരിച്ച്  ഉപഹാരങ്ങള്‍ സ്വീകരിച്ച് കണികന്‍ യാത്രയായി.കണികന്‍റെ വാക്കുകള്‍ ധൃതരാഷ്ട്രരെ ചിന്താമഗ്നനാക്കി.കണികന്‍ പറഞ്ഞതില്‍ പാണ്ഡവര്‍ ഉള്‍പ്പെടുമെന്ന് അദ്ധേഹം ഏറെനേരം ചിന്തിച്ചു.തത്കാലം ശത്രുക്കളായി ഗണിക്ക വയ്യ!പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ പാണ്ഡവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാവും ഉചിതമെന്ന് അദ്ദേഹത്തിനു തോന്നി.

ധൃതരാഷ്ട്രര്‍ തന്‍റെ ഭാര്യാസഹോദരനായ ശകുനിയെ ആളയച്ചു വരുത്തി.പാണ്ഡവരെ ഹസ്തിനപുരത്തു നിന്നും മാറ്റിപാര്‍പ്പിക്കുന്നതിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും അയാള്‍ ഏറ്റെടുത്തു.ഈ കാര്യം അയാള്‍ സുയോധനനോട് സുചിപ്പിച്ചപ്പോള്‍,സുയോധനന്‍ പറഞ്ഞു:

അച്ഛന്‍റെ ഉപായം കൊള്ളാം.കുറച്ചു കാലം അവര്‍ അകന്നു നില്‍ക്കട്ടെ.ആളുകള്‍ എന്നെ വിശ്വസിക്കുകയും രാജ്യം എന്നില്‍ ഉറയ്കുകയും ചെയ്താല്‍പിന്നെ അവര്‍ക്ക് തിരികെവരാമല്ലോ.

അത് കേട്ടതും ശകുനി തന്‍റെ വിശ്വസ്തനായ പുരോചനനെ വിളിച്ചുവരുത്തി.ഹസ്തിനപുരത്തിനു സമീപം ഉള്ള വാരണാവതത്തില്‍ പാണ്ഡവര്‍ക്ക് താമസിക്കാനായി ഒരു കൊട്ടാരം പണികഴിപ്പിക്കുന്നതിനുള്ള  ചുമതല നല്‍കി.അധികം വൈകാതെതന്നെ കൊട്ടരംപണി പുര്‍ത്തിയായി.പാണ്ഡവര്‍ക്കും ഈ മാറ്റം നല്ലതാണെന്ന് തോന്നി.കര്‍ണ്ണനെ കണ്ടുമുട്ടെണ്ടി വരില്ലല്ലോയെന്നു അര്‍ജുനന്‍ ആശ്വസിച്ചു.സുയോധനനുമായി അകലം പാലിക്കാന്‍ കഴിയുന്നതില്‍ ഭീമനും സന്തോഷിച്ചു.

ശിവമഹോത്സവ ദിവസമാണ് പാണ്ഡവരുടെ പുരമാററത്തിനു മുഹുര്‍ത്തം കുറിക്കപ്പെട്ടത്.കൊട്ടാരം വരെ സുയോധനാദികള്‍ അവരെ അനുഗമിച്ചു.സല്ക്കാരങ്ങള്‍ക്ക് ശേഷം തിരികെ പോരാന്‍ നേരം വിദുരര്‍ യുധിഷ്ഠിരനെ മാറ്റിനിര്‍ത്തി എന്തോ സ്വകാര്യ൦ പറയുന്നത് സുയോധനന്‍ കാനാതിരുന്നില്ല.അത് ഗൌനിക്കാതെ അയാള്‍ തന്‍റെ തേരില്‍ കരേറി.


***


Friday, May 10, 2013

അദ്ധ്യായം,പതിനഞ്ച്-അവനൊരു തിരച്ചാര്‍ത്തായ്‌ ...........

ഹസ്തിനപുരത്ത് പറയത്തക്ക വിശേഷങ്ങള്‍ ഇല്ലാതെ കാലം കടന്നുപോയി!ഒരു ദിവസം ധൃതരാഷ്ട്രര്‍ എല്ലാവരെയും വിളിച്ചു വരുത്തിക്കൊണ്ട് പറഞ്ഞു:

ഉണ്ണികള്‍ ഇപ്പോള്‍ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തരായിരിക്കുന്നു.ഇനി രാജാവിനെ തിരഞ്ഞെടുക്കാനുള്ള സമയമായി.നിങ്ങളുടെ അഭിപ്രായം എന്താണ്?

അല്‍പ്പനേരം എല്ലാവരും നിശബ്ദരായി നിന്ന്.ഒടുവില്‍ വിദുരര്‍ പതിയെ ചോദിച്ചു:

യുവരാജാവായി അങ്ങ് ആരെയാണ് ഉദേശിക്കുന്നത്?

വളരെ അപുര്‍വമായി മാത്രം വിടരാറുള്ള ആ പുഞ്ചിരി തെളിയിച്ചുകൊണ്ട് ധൃതരാഷ്ട്രര്‍ പറഞ്ഞു:

രണ്ടുപേരാണ് അതിനു യോഗ്യര്‍.സ്ഥൈര്യം കൊണ്ടും സഹിഷ്ണുത കൊണ്ടും ശോഭനിയനായ ധര്‍മ്മപുത്രര്‍,പിന്നെ എന്‍റെയുണ്ണി,സുയോധനന്‍

വിദുരര്‍  അപ്പോള്‍ ഇങ്ങിനെ ചോദിച്ചു:

ഇവരില്‍ ധര്‍മപുത്രര്‍തന്നെയല്ലേ കുടുതല്‍ യോഗ്യന്‍?

ആവാം.പക്ഷെ ആചാരപ്രകാരം മഹാരാജാവ് ഞാനാകുമ്പോള്‍ സുയോധനന്നും അവകാശമില്ലേ?

ധൃതരാഷ്ട്രരുടെ ആ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല.അന്ധനായതിന്‍റെ പെരിലായിരുന്നല്ലോ രാജ്യഭാരം അനുജന്‍ പാണ്ടുവിനെ എല്പ്പിക്കെണ്ടിവന്നത്.അതിനാല്‍ സ്വാഭാവികമായും അടുത്ത അവകാശി സുയോധനന്‍ തന്നെയാണ്.രാജാവിന്‍റെ അഭിപ്രായത്തെ അതുകൊണ്ട് ആര്‍ക്കും എതിര്‍ക്കാന്‍ കഴിഞ്ഞില്ല!

സുയോധനന്‍റെ കിരിടധാരണവാര്‍ത്ത പരന്നതോടെ പാണ്ഡവര്‍ അസ്വസ്ഥരായി.ഇതറിഞ്ഞപാടെ ഭീമന്‍ പറഞ്ഞു:

ഇനി അവന്‍ കുടുതല്‍ അഹങ്കാരിയാവും.അതിനുമുന്‍പ് നമുക്ക് ഇവിടം വിടണം.

ആ ദാസിപുത്രന്‍ കര്‍ണ്ണനും ഉണ്ടല്ലോ കുട്ടിന്

അര്‍ജുനന്‍ ഭീമനെ പിന്താങ്ങി.

അനുജന്മാരുടെ വാക്കുകള്‍ കേട്ട് ധര്‍മ്മപുത്രര്‍ ഒന്ന് പുഞ്ചിരിച്ചു.അയാള്‍ പറഞ്ഞു:

അതെ കര്‍ണ്ണന് തുല്യരായി വില്ലെടുത്തവരില്‍ ആരും തന്നെ ഇവിടെ ഇല്ല എന്നുകുടി ഓര്‍ക്കുന്നത് നന്ന്.

ജേഷ്ഠന്‍റെ പരാമര്‍ശം അര്‍ജുനന് ഉള്‍ക്കൊള്ളാനായില്ല!അയാള്‍ പരിഭവിച്ച്‌ മുഖം കുനിച്ചു.അതുകണ്ട് കുന്തി പറഞ്ഞു:

ഉണ്ണികളേ,മറ്റുള്ളവരെ ഇങ്ങിനെ നൃശംസിക്കാതിരിക്കൂ.കൌരവരില്‍ മുത്തവന് രാജ്യം അവകാശപ്പെട്ടതുതന്നെ.

കുന്തി  ഇങ്ങനെ പറഞ്ഞതോടെ ഏവരും നിശബ്ധരായി.

കുന്തി എഴുന്നേറ്റ്‌ സാവകാശം സഭാമണ്ഡലത്തിനരുകിലെ അന്തപ്പുരത്തിലേക്ക് നടന്നു.അരികില്‍ കാല്‍പെരുമാറ്റം കേട്ടതും,അന്തപ്പുരത്തില്‍ ഇരിക്കയായിരുന്ന ഗാന്ധാരി ചോദിച്ചു:

അനുജത്തി അറിഞ്ഞില്ലേ ഉണ്ണിയുടെ കിരീടധാരണം?

ഉവ്വ്,അതാ ഇങ്ങോട്ട് വന്നത്

ഉണ്ണികള്‍ എന്ത് പറയുന്നു?അവരും സന്തോഷത്തില്‍ ആവുമല്ലോ അല്ലെ?

ഒരു നിമിഷത്തെ മൌനത്തിനു ശേഷം കുന്തി പറഞ്ഞു:

അതെ,അവര്‍ക്കും ഈ വാര്‍ത്ത ഹിതകരമായിരിക്കുന്നു.

സന്തോഷം.

ഗാന്ധാരി തുടര്‍ന്നു:

എല്ലാവരും  എന്നെന്നും ഐക്യത്തോടെയും സന്തുഷ്ടിയോടെയും വാഴട്ടെ.

അപ്പോള്‍ വാതിക്കല്‍ ഒരു ദാസി പ്രത്യക്ഷപ്പെട്ടു.

യുവരാജാവ് മുഖംകാണിക്കാന്‍ എത്തിയിരിക്കുന്നു.

അവള്‍ പറഞ്ഞു.

വരാന്‍ പറയു

ഗാന്ധി അനുവാദം കൊടുത്തു

അധികം കഴിയുംമുന്‍പേ സുയോധനന്‍ അവിടേക്ക് കടന്നു വന്നു.ആനന്ദം തിരയടിക്കുന്ന കണ്ണുകള്‍.നിറഞ്ഞ പുഞ്ചിരിയോടെ അയാള്‍ അമ്മയുടെ പാദങ്ങളില്‍ നമസ്കരിച്ചു.ഗാന്ധാരി മകനെ പിടിചെഴുന്നേല്‍പ്പിച്ച്,മാറോടണച്ചുകൊണ്ട് നെറുകയില്‍ മുകര്‍ന്നു.അനന്തരം അയാള്‍ കുന്തിയുടെ കാലുകള്‍ തൊട്ടുവന്ദിച്ചു.കുന്തി തലയില്‍ കൈ ചേര്‍ത്ത് അനുഗ്രഹിച്ചു.

പിന്നെ  കുന്തിയോടായി അയാള്‍ ചോദിച്ചു:

ഏട്ടനും ഉണ്ണികളും എവിടെ ഉണ്ടാകും.എനിക്ക് അവരെക്കുടി കാണണം.

അതും പറഞ്ഞ്‌ അയാള്‍ വിട വാങ്ങി.കുന്തി  അയാള്‍ മറയും വരെ സുയോധനനെത്തന്നെ  നോക്കി നിന്നു!

***Saturday, May 4, 2013

അധ്യായം,പതിനാല്‌-നിങ്ങളുടെ ജന്മരഹസ്യം എന്താണ്?

 കൃതമംഗളനായ അര്‍ജുനന്‍ വില്ലും തൂണിയുമെന്തി രംഗപ്രവേശം നടത്തിയപ്പോഴും ഹര്‍ഷാരവങ്ങള്‍ നിലച്ചിരുന്നില്ല!അര്‍ജുനന്‍റെ വരവ് കണ്ടു കുന്തി ആനന്ദപുളകിതയായി.പുത്രവാത്സല്യം കൊണ്ട് അവരുടെ മാറിടം ചുരന്നു!


രംഗത്ത് വന്ന അര്‍ജുനന്‍ ആദ്യം അസ്ത്രത്താല്‍ അഗ്നിതിര്‍ത്തു.ഉടന്‍ മറ്റൊന്നാല്‍ മഴപെയ്യിച്ച്‌ അഗ്നിയെ ഇല്ലാതാക്കി!പൗരാവലിയുടെ കരഘോഷം കുടുതല്‍ ഉച്ചത്തിലുയര്‍ന്നു!ഉടന്‍ അയാള്‍ അന്തര്‍ദ്ധാനാസ്ത്രത്താല്‍ ഭുമിയിലേക്ക് മറഞ്ഞു!അതി വേഗത്തില്‍ പുറത്തുവന്ന പാര്‍ഥന്‍ പല തേരുകളിലേക്ക് ഒരേ സമയം മാറിക്കയരിക്കൊണ്ട് പന്തലിനുയരത്തില്‍, മധ്യത്തിലായി ചുറ്റിക്കറങ്ങുന്ന ലോഹവരാഹത്തിന്‍റെ പിളര്‍ന്ന വായിലേക്ക് ശരങ്ങള്‍ എയ്തുകയറ്റി!അപ്പോള്‍ തന്നെ തെര്‍ത്തട്ടില്‍നിന്നും ചാടിയിറങ്ങി.കയറില്‍ തുങ്ങിയാടുന്ന കാളത്തലയിലെ കൊമ്പുകള്‍ക്ക കത്തേക്ക് ഇരുപത്തൊന്നു ശരങ്ങള്‍ ഒന്നൊന്നായ് എയ്തുനിറച്ചു.പിന്നെ അയാള്‍ വാള്‍കൊണ്ടും ഗദകൊണ്ടും പല പ്രയോഗങ്ങളും കാട്ടി.അയാള്‍ എല്ലാത്തിലും മികവ് പുലര്‍ത്തുന്നതായിത്തോന്നി സുയോധനന്.

തന്‍റെ പ്രകടനം അവസാനിപ്പിച്ച്,സദസ്സിനെ നമസ്കരിച്ചു അര്‍ജുനന്‍ പിന്‍വാങ്ങാന്‍ ഒരുങ്ങിയപ്പോള്‍ എങ്ങും കരഘോഷം മുഴങ്ങി.അര്‍ജുനന്‍ കൈകള്‍ ഉയര്‍ത്തി വിശിക്കൊണ്ട് പിന്തിരിയവേ ദ്രോണര്‍ ഇരിപ്പിടത്തില്‍ നിന്നും മെല്ലെ എഴുന്നേറ്റു.അപ്പോള്‍ കരഘോഷങ്ങള്‍ മെല്ലെ അവസാനിച്ചു.പക്ഷെ എല്ലാവരുടെയും ശ്രദ്ധയെ ആകര്‍ഷിക്കുംവിധം സഭാമണ്ഡപത്തിന്‍റെ പടിവാതുക്കള്‍ നിന്നും   ഒറ്റപ്പെട്ട ഒരു കയ്യടി ഉയര്‍ന്നു പൊങ്ങി.എല്ലാവരുടെയും കണ്ണുകള്‍ പിന്നെ ആ വഴിക്കായി.അപ്പോളതാ സുര്യതേജസാര്‍ന്ന ഒരു യുവാവ് അവിടേക്ക് നടന്നടുക്കുന്നു.കവചധാരിയായി,വാളും വില്ലും ധരിച്ചു വരുന്ന ആ യുവാവ് കര്‍ണ്ണന്‍ ആണെന്നറിയാന്‍ സുയോധനനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല!

മഹാബാഹുവായ  കര്‍ണ്ണന്‍ സഭാമധ്യത്തിലേക്ക് കടന്നുവന്നുകൊണ്ട് സദസ്സിനെ വന്ദിച്ചു.പിന്നെ അവിടംവിട്ടുപോകാന്‍ ഒരുങ്ങുകയായിരുന്ന അര്‍ജുനനോടായി പറഞ്ഞു:

ഹേ,പാര്‍ഥ.നീ ചെയ്ത വിദ്യകളെല്ലാം ഞാനും ഇവിടെ കാണിക്കാന്‍ ആഗ്രഹിക്കുന്നു,കുടുതല്‍ മികവോടെ.

അര്‍ജുനന്‍ എന്തെങ്കിലും പറയുംമുന്‍പേ സഭാവാസികള്‍ കര്‍ണ്ണനെ വെല്ലുവിളിച്ചു.അത് സ്വീകരിചിട്ടെന്നവണ്ണം കര്‍ണ്ണന്‍ അതിവേഗത്തില്‍ അര്‍ജുനന്‍ ചെയ്തവയെല്ലാം കാണിച്ചു.കര്‍ണ്ണന്‍റെ പ്രകടനം കണ്ട്‌ എല്ലാവരും സ്തംഭിച്ചു നില്‍ക്കവേ,കര്‍ണ്ണന്‍ അര്‍ജുനനോടു പറഞ്ഞു:

അര്‍ജുനാ,നീ കാണിച്ചതെല്ലാം ഞാനും ഇവിടെ ആവര്‍ത്തിച്ചുകഴിഞ്ഞു.ഇനി ഒന്നുണ്ട് ബാക്കി,ദ്വന്തയുദ്ധം!നീ അതിനു തയ്യാറുണ്ടോ?


അത് കേട്ട് ആളുകള്‍ കര്‍ണ്ണനെ പ്രോത്സാഹിപ്പിച്ചു.കൊപാന്ധനായ അര്‍ജുനന്‍ ഉടന്‍ കര്‍ണ്ണന് നേരെ പാഞ്ഞടുത്തുകൊണ്ട് ഉറക്കെ പറഞ്ഞു:

ഹേകര്‍ണ്ണാ.വിളിക്കാതെ ചെല്ലുന്നവര്‍ക്കുള്ള ലോകത്തേക്ക് നിനക്ക് ഉടന്‍ പോകണമെങ്കില്‍ ഞാന്‍ തയ്യാറാണ്.

കര്‍ണ്ണനും വിട്ടുകൊടുത്തില്ല.ഒരു ചീറ്റപ്പുലിയെപ്പോലെ അര്‍ജുനന് അഭിമുഖം നിന്നുകൊണ്ട് അയാള്‍ പറഞ്ഞു:

കഴിവില്ലാത്തവര്‍ പ്രസംഗിക്കും.അല്ലാതുള്ളവര്‍ പ്രവര്‍ത്തിക്കും.അതിനാല്‍ കയ്യുക്ക് കൊണ്ടാവാം നിനക്ക് മറുപടി.

അത്രയും പറഞ്ഞുകൊണ്ട് കര്‍ണ്ണന്‍ അര്‍ജുനന് നേരെ പാഞ്ഞടുത്തു.ആ സമയം കുന്തി ബോധരഹിതയായി വിഴുകയുണ്ടായി.കനത്ത ചുടും ആള്‍ത്തിരക്കുമാവാം ഇതിനു കാരണമായത് എന്ന് പൊതുവെ സംസാരമുയര്‍ന്നു.അര്‍ജുനന്‍ മത്സരത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പായതുകൊണ്ടാണ് കുന്തി വിണത് എന്നായിരുന്നു ദുസ്സാസനന്‍റെ അഭിപ്രായം.

അപ്പോള്‍  എങ്ങുനിന്നോ കൃപര്‍ ഓടിയെത്തി അര്‍ജുനനും കര്‍ണ്ണനും മധ്യത്തില്‍ നിന്നു.അറിയാതെ സുയോധനനും എഴുന്നേറ്റ്‌ അങ്ങോട്ടുചെന്നു.അപ്പോള്‍ അധ്യക്ഷ പീOത്തില്‍ ഇരുന്നുകൊണ്ട് ദ്രോണര്‍ വിളിച്ചു പറഞ്ഞു:

കൃപചാര്യ,അവരെ പിന്മടക്കേണ്ട.ദ്വന്ദയുദ്ധം നടക്കട്ടെ

അതുകേട്ട് ജനങ്ങള്‍ ആര്‍ത്തു വിളിച്ചു.അപ്പോള്‍ ദ്രോണര്‍ അവരോടായി പറഞ്ഞു:

ഹേ,മഹാജനങ്ങളെ,രാജാക്കളെ.ദ്വന്ദയുദ്ധ മര്യാദകള്‍ നിങ്ങള്‍ക്കേവര്‍ക്കും അറിയാമല്ലോ.അതിനാല്‍ ഇവര്‍ രണ്ടുപേരും തങ്ങളുടെ വംശാവലി വിശധിക്കരിക്കട്ടെ 

ദ്രോണരുടെ  വാക്കുകളെ തുടര്‍ന്ന് കൃപര്‍ അര്‍ജുനന്‍റെ വലതുകരം ഉയര്‍ത്തിപ്പിടിച്ചിട്ടു എല്ലാവരോടുമായി പറഞ്ഞു:

ഇവന്‍  അര്‍ജുനന്‍.പാണ്ടുമഹാരാജാവിന്‍റെയും കുന്തി ദേവിയുടെയും മുന്നാമത്തെ പുത്രന്‍.ഈ യുവരാജാവ് കര്‍ണ്ണനോട് പോരുതുന്നതാണ്.

എന്നിട്ട് അദ്ദേഹം കര്‍ണ്ണനു നേരെ തിരിഞ്ഞുകൊണ്ട് ആവശ്യപ്പെട്ടു:

കര്‍ണ്ണാ,ഇതുപോലെ നീ നിന്‍റെ അച്ഛന്‍,അമ്മ,കുലം എന്നിവയെപ്പറ്റിയെല്ലാം വിശദമായി പറയു.രാജാക്കന്മാര്‍ ഒരിക്കലും സാധാരണക്കാരുമായി  ദ്വന്ദയുദ്ധത്തില്‍ ഏര്‍പ്പെടുകയില്ലല്ലോ. അതിനാല്‍ നീ എല്ലാം വിശദമാക്കുക 

കൃപരുടെ ആവശ്യത്തിനു മുന്‍പില്‍, മഴയില്‍ നനഞ്ഞു ചാഞ്ഞ താമര പോലെ, കര്‍ണ്ണന്‍ ലജ്ജിതനായി തലതാഴ്ത്തി നിന്നു!ആ കാഴ്ച സുയോധനനെ ഏറെ വേദനിപ്പിച്ചു.അയാള്‍ വേഗം കൃപാചാര്യരുടെ അടുക്കലെത്തി പറഞ്ഞു:


ആചാര്യ,ശാസ്ത്രവിധിപ്രകാരം മുന്ന് തരത്തിലുണ്ട് രാജാക്കള്‍.സത്കുലജാതര്‍,മഹാശൂരര്‍,സൈന്യബലമുള്ളവര്‍.അതിനാല്‍ രാജാക്കന്മാരോട് മാത്രമേ പാര്‍ഥന്‍ പോരാടുകയുള്ളുവെങ്കില്‍ ഞാനിയാളെ എന്‍റെ അംഗരാജാവായി വാഴിക്കാന്‍ ആഗ്രഹിക്കുന്നു.. 

അത് കേള്‍ക്കെ ആള്‍ക്കുട്ടം ഹര്‍ഷപുളകിതരായി ആര്‍പ്പുവിളിച്ചു.ആരും മറുത്തൊന്നും പറഞ്ഞില്ല.ഉടന്‍ തന്നെ സുയോധനന്‍റെ  നിര്‍ദ്ദേശപ്രകാരം സ്വര്‍ണ്ണ പീOമെത്തി.ജലം നിറച്ച കുടങ്ങളും.കര്‍ണ്ണനെ പീOത്തില്‍ ഇരുത്തിക്കൊണ്ട് സുയോധനന്‍ പുണ്യജലത്താല്‍ അഭിഷേകം നടത്തി.കിരീടം അണിയിച്ചു.കുടയും വെഞ്ചാമരവും ചാര്‍ത്തിക്കൊണ്ട് അംഗരാജാവായി വാഴിച്ചു.ആ സമയം കര്‍ണ്ണന്‍ വികാരഭരിതനായി ചോദിച്ചു:


പ്രിയപ്പെട്ട ചങ്ങാതി,ഇപ്രകാരം എന്നെ കാത്തതിന് ഞാന്‍ പകരം എന്താണ് നല്‍കേണ്ടത്?

അപ്പോള്‍  സുയോധനന്‍ മെല്ലെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:


കര്‍ണ്ണാ,എന്നും നിന്‍റെ ചങ്ങാത്തം മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

പിന്നെ സുയോധനന്‍ കര്‍ണ്ണനെ ആലിംഗനം ചെയ്തു.അവര്‍ അങ്ങിനെ നില്‍ക്കുമ്പോള്‍,അഴിഞ്ഞുലഞ്ഞ വസ്ത്രവും വിയര്‍പ്പുറ്റ ശരിരവുമായി അധിരഥന്‍ അതിലെ കടന്നു വന്നു.പിതാവിനെ കണ്ട മാത്രയില്‍ കര്‍ണ്ണന്‍ സുയോധനന്‍റെ പിടിവിടുവിച്ചുകൊണ്ട്  അച്ഛനെ സാഷ്ടാംഗം പ്രണമിച്ചു!അത് കണ്ടു ഭീമന്‍ പുച്ഛത്തോടെ വിളിച്ചുപറഞ്ഞു:

എടൊ  സൂതപുത്രാ,നിനക്ക് യോജിച്ചത് ദ്വന്ദയുദ്ധമല്ല ചമ്മട്ടിഎടുത്തു കുതിര മേയ്ക്കാന്‍ പോകു

കര്‍ണ്ണന്‍ മറുപടിയൊന്നും പറഞ്ഞില്ല.കടുത്ത അപമാനവും പേറി  അയാള്‍ ആകാശ ത്തെക്ക് നോക്കി.പടിഞ്ഞാറേകോണില്‍ താഴ്ന്നിറങ്ങുന്ന സുര്യ രശ്മികള്‍ അയാളെ തഴുകി.

കര്‍ണ്ണന്‍റെ അവസ്ഥ കണ്ടു ,കോപം പുണ്ട സുയോധനന്‍ പറഞ്ഞു:


ഇത് നിനക്ക് ചേര്‍ന്നതല്ലാ ഭീമാ.വീരണ്മാര്‍ക്ക് ബലമാണ് മുഖ്യം.യുദ്ധമാണ് പ്രവര്‍ത്തി.മഹാന്മാരുടെയും മഹാനദികളുടെയും ഉത്ഭവം ആരും അന്വേഷിക്കാറില്ല!

കൃപരെയും ദ്രോണരെയും ചൂണ്ടിക്കാണിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു:


മഹാന്മാരായ ഇവരുടെ ഉത്ഭവരഹസ്യം എന്താണ്?പോകട്ടെ ,നിങ്ങളുടെ തന്നെ ജന്മരഹസ്യം എന്താണ്?അതുകൊണ്ട് നിര്‍ത്തിക്കൊള്ളൂക നിന്‍റെ പരിഹാസം.  

അയാളുടെ വാദം  ശ രിവക്കുംവിധം ആളുകള്‍ ആര്‍പ്പ് വിളിച്ചു. പാണ്ഡവര്‍ നിശബ്ധരായി.അപ്പോള്‍ സുയോധനന്‍ കര്‍ണ്ണനെ ആസ്ലേഷിച്ചുകൊണ്ട് പറഞ്ഞു.


ഈ കര്‍ണ്ണന്‍ ഒരു സാധാരണക്കാരനല്ല. മാന്‍പേട പുലിയെ പ്രസവിക്കയില്ല!ഇനിയും എന്‍റെ വാക്കുകളും പ്രവര്‍ത്തികളും ആര്‍ക്കാണോ ബോധിക്കാത്തത് അവര്‍ എന്നോട് യുദ്ധം ചെയ്യട്ടെ. 

സുയോധനന്‍ന്‍റെ വെല്ലുവിളി ആരും ഏറ്റെടുത്തില്ല.

സുര്യന്‍ അസ്തമിച്ചു തുടങ്ങി.എല്ലാവരും തങ്ങളുടെ വിടുകളിലേക്ക് തിരികെ പോകാന്‍ തിടുക്കം കുട്ടി.അഹിതമൊന്നും സംഭവിക്കാത്തതില്‍ ഏവരും ആശ്വസിച്ചു.ഇനി ആര്‍ക്കും അവസരമില്ലെന്നു പറഞ്ഞു ദ്രോണര്‍ അഭ്യാസക്കാഴ്ച അവസാനിച്ചതായി പ്രഖ്യാപിച്ചു.സുയോധനന്‍ കര്‍ണ്ണന്‍റെ കരവും ഗ്രഹിച്ചു കൊട്ടാരത്തിലേക്ക് നടന്നു.

***


Thursday, May 2, 2013

അധ്യായം പതിമൂന്ന്‌,ഇത് യുദ്ധമല്ല

ഒരു ദിനം എല്ലാവരും കുടിയിരിക്കുന്ന സഭയില്‍ വച്ച് ദ്രോണര്‍ ധൃതരാഷ്ട്രരെ അറിയിച്ചു:

മഹാരാജന്‍,ഭവാന്‍റെ പുത്രന്മാരെല്ലാം അഭ്യാസങ്ങള്‍ പുര്‍ത്തികരിച്ചിരിക്കുന്നു.അങ്ങ് അനുവദിക്കുമെങ്ങില്‍ ഇനി അഭ്യാസ കാഴ്ച ആവാം.

ധൃതരാഷ്ട്രര്‍ പറഞ്ഞു:

ഹേ,ഭരദ്വാജ. അങ്ങയുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ എനിക്ക് തെല്ലും സംശയമില്ല.എങ്കിലും അവരുടെ സാമര്‍ത്ഥ്യമറിയാന്‍ ഞാന്‍ കൊതിക്കുന്നു.അതിനാല്‍ ഭവാന്‍ ആശിക്കും വിധം അഭ്യാസക്കാഴ്ച ഒരുക്കിയാലും

തുടര്‍ന്ന് മഹാരാജാവ് വിദുരരോടായി പറഞ്ഞു :

വിദുര,ആചാര്യന് ആവശ്യമുള്ളതെല്ലാം ഒരുക്കി കൊടുക്കുക.കണ്ണുള്ളവര്‍ കാണട്ടെ ഉണ്ണികളുടെ കരബലo

വിദുരര്‍  പിറ്റേന്നുതന്നെ കൊട്ടാരത്തിനടുത്തായുള്ള ഒരു കാട് അഭ്യാസകാഴ്ചക്കായുള്ള സ്ഥലമായി നിര്‍ദേശിച്ചു.ദ്രോണര്‍ അവിടം വെട്ടിത്തെളിപ്പിച്ച്,അളവെടുപ്പിച്ച്,നിരപ്പാക്കി.വൈകാതെ ബലിപുജ ചെയ്യിച്ച്,ശില്പികളെക്കൊണ്ട് രംഗഭുമിക്ക് ചുറ്റും മനോഹരങ്ങളായ കാഴ്ച്ചപ്പുരകള്‍ തീര്‍ത്തു.

അഭ്യാസക്കാഴ്ചാദിനം വന്നെത്തി!മുത്തുക്കുടകളും പൊന്‍താഴികകളും നിരന്ന കാഴ്ച്ചപ്പുരകളില്‍ മഹാരാജാവും പിതാമഹന്മാരും ഉപവിഷ്ടരായി.ഗാന്ധാരിയും കുന്തിയും മറ്റു മുതിര്‍ന്ന സ്ത്രികളും മറ്റൊരിടത്തിരുന്നു.വാദ്യഘോഷങ്ങളോടെ പുരുഷന്മാരു൦ താലപ്പൊലികളുമേന്തി പെണ്ണുങ്ങളും ചുറ്റും നിരന്നു.എങ്ങും പല പ്രകാരത്തിലുള്ള സബ്ധഘോഷണങ്ങള്‍!

അധികം കഴിയും മുന്‍പേ വെളുത്ത കുതിരകളെ പുട്ടിയ തേരില്‍, വെള്ള ചേലയും തലപ്പാവും അണിഞ്ഞ്‌,ചന്ദനവും പുണുലും ധരിച്ച് ദ്രോണര്‍ പുത്രസമേതനായി രംഗപ്രവേശം നടത്തി.അതോടെ ശ
ബ്ദഘോഷങ്ങള്‍ നിലച്ചു.ദ്രോണര്‍ അതിവേഗം അധ്യക്ഷപീO൦ കയറി.അപ്പോള്‍ ബ്രാഹ്മണര്‍ പുജാദികര്‍മ്മങ്ങള്‍ ആരംഭിച്ചു.

ശ൦ഖനാദം മുഴങ്ങി.ചട്ടയും കവചങ്ങളുമണിഞ്ഞ്‌,ആയുധ ധാരികളായ കുമാരന്മാര്‍ വേദിയിലേക്ക് എഴുന്നള്ളി.ജെഷ്ടാനുജക്രമത്തില്‍ അവര്‍ ഗുരുഭുതരെ വന്ദിച്ചു.ഉപചാരങ്ങലെല്ലാം അവസാനിച്ചപ്പോള്‍ ദ്രോണര്‍ അഭ്യാസപ്രകടനം ആരംഭിക്കാന്‍ കല്‍പ്പനകൊടുത്തു.

ആദ്യം ധര്‍മപുത്രര്‍ വേദിയിലെത്തി.വെണ്‍ കുതിരകളെ പുട്ടിയ തേരുകള്‍ അതിവേഗം പായിച്ച് അയാള്‍ കാണികളെ ഹരംകൊള്ളിച്ചു!അസ്ത്രങ്ങള്‍ കൊണ്ട് പല വിദ്യകളും കാണിച്ചു.ആളുകള്‍ ആര്‍ത്തുവിളിച്ചു൦ കയ്യടിച്ചും അയാളെ പ്രോത്സാഹിപ്പിച്ചു.തന്‍റെ പ്രകടനത്തിന് ശേഷം ധര്‍മ്മജന്‍ പിന്‍വാങ്ങിയപ്പോള്‍ ദ്രോണാചാര്യര്‍ എഴുന്നേറ്റുനിന്ന് വിളിച്ചു പറഞ്ഞു:

ഹേ,പൌരജനങ്ങളെ ,അടുത്തത്‌ ഭീമന്‍റെയും ദുര്യോധനന്‍റെയും ഊഴമാണ്.അവര്‍ തമ്മിലുള്ള ഗദാതാഡനംകണ്ട് ആസ്വദിക്കുവിന്‍.

അപ്പോള്‍ത്തന്നെ അവര്‍ രണ്ടുപേരും തൊട്ടുതൊഴുത്‌ രംഗവേദിയിലെത്തി.ഇരുവരും അഭിമുഖം നിന്നുകൊണ്ട് ഗദ ഉയര്‍ത്തിപ്പിടിച്ചു.ദ്രോണപുത്രനായ അശ്വത്ഥാമാവ് ഇറങ്ങിച്ചെന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ട് പ്രകടനം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി,പിതാവിനരികിലേക്ക് മടങ്ങി.ഉടന്‍ ഭീമന്‍ ഗദ ചുഴറ്റിക്കൊണ്ട് സുയോധനനു നേര്‍ക്ക്‌ ചീറിയടുത്തു!അയാളുടെ ഊക്കിലുള്ള അടി സുയോധനന്‍ ആദ്യമേതന്നെ തടുത്തു.ഭിമന്‍ ഒന്ന് പിന്‍വാങ്ങി അരക്കെട്ടോ ന്നു മുറുക്കി,മദയാനയെപ്പോലെ വിണ്ടുംപാഞ്ഞടുത്ത്‌,സുയോധനന്‍റെ ശിരസ്സുനോക്കി ആഞ്ഞടിച്ചു!ഭീമന്‍റെ ആ പ്രകടനം കണ്ട് കാണികളില്‍ പലരും ഉറക്കെ കരഞ്ഞുപോയി.ചിലരാകട്ടെ കരങ്ങള്‍കൊട്ടി പ്രോത്സാഹിപ്പിച്ചു!

അവരുടെ യുദ്ധം മുറുകിയതോടെ പൌരാവലി രണ്ടു ചേരികളായി പിരിഞ്ഞുകഴിഞ്ഞിരുന്നു!ആ ആരവങ്ങളില്‍ ആണ്ടുപോയി ഇരുവരും.ചിരകാല ശത്രുവിന്‍റെ നേര്‍ക്കെന്നപോലെ പാഞ്ഞടുക്കുന്ന ഭീമനെ എങ്ങിനെയും വിലക്കാന്‍ സുയോധനന്‍ കൊതിച്ചു.അയാള്‍ കാണികളെ മറന്നു.മുന്നില്‍ ഒരു ശത്രുവിനെമാത്രം അയാള്‍ കണ്ടു.അയാള്‍ വാശിയോടെ പോരുതിമുന്നേറി.സുയോധനന്‍റെ മാറ്റം കണ്ടറിഞ്ഞ ഭീമന്‍ കുടുതര്‍ ജാഗരുകനായി!അവരുടെ പോരാട്ടം മുറുകി.അവര്‍പ്രകടനം നടത്തുകയല്ല.ശരിക്കും പോരാടുകയാണ്.ഒരാള്‍ മരിക്കും വരെ ഇത് തുടരും എന്ന് ഏവര്‍ക്കും തോന്നിത്തുടങ്ങി.അത് തിരിച്ചറിഞ്ഞ്‌ ദ്രോണര്‍ ചാടിയെഴുന്നേറ്റ് മകനെ ഒന്ന് നോക്കി.അച്ഛന്‍റെ ഇംഗിതം മനസിലാക്കി അശ്വത്ഥാത്മാവ് രംഗവേദിയിലേക്ക് കുതിച്ചു.ചീറിയടുക്കുന്ന അവര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി ഇരുവരെയും തടഞ്ഞു.എല്ലായിടവും അപ്പോള്‍ നിശബ്ധമായി!ദ്രോണര്‍ അവിടേക്ക് അതിവേഗം ഇറങ്ങിച്ചെന്നു.മേഘഗര്‍ജനം പോലെ അദ്ദേഹം  ചോദിച്ചു:

ഇത് യുദ്ധഭുമിയല്ല.രംഗഭുമിയാണ്,അഭ്യാസക്കാഴ്ചയാണ്.ഇതെല്ലാം നിങ്ങള്‍ മറന്നുവോ?

ആചാര്യന്‍റെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല.ദ്രോണര്‍ തുടര്‍ന്നു:

മതി.ഇത് ധാരാളം മതി.നിങ്ങളുടെ കൈക്കരുത്തും വിര്യവും എല്ലാവര്‍ക്കും ബോധ്യമായിരിക്കുന്നു.പരസ്പരം അഭിവാദ്യം ചെയ്ത്‌ ഇരുവരും മടങ്ങിക്കൊള്ളുക.

സുയോധനന്‍  ഭീമനു നേര്‍ക്ക്‌ കൈ നീട്ടി.അയാള്‍ അത് കാണാത്തവിധം രംഗവേദി വിട്ടു പോയി.സുയോധനന്‍ ഗദയുമെടുത്തു സാവകാശം പുറത്തേക്ക് നടന്നു.അയാള്‍ തന്‍റെ അനുജന്മാരുടെ അരികിലേക്ക് നീങ്ങുമ്പോള്‍,വഴിയരികില്‍ നില്‍ക്കുകയായിരുന്ന ഭീമന്‍ മെല്ലെ പറഞ്ഞു:

ഭാഗ്യം കൊണ്ടാണ് നീ രക്ഷപ്പെട്ടത്.ഓര്‍ത്തോളു.

സുയോധനന്‍  മറുത്തൊന്നും പറയാതെ നേരെ ദുസ്സാസനനു സമിപം ചെന്നിരുന്നു.

നന്നായിരുന്നു ഏട്ടാ ആ പ്രകടനം 

അയാള്‍ അനുജന്‍റെ ചുമലില്‍ സ്നേഹത്തോടെ ഒന്ന് തട്ടി.അപ്പോള്‍ അധ്യക്ഷവേദിയില്‍ നിന്നും ദ്രോണരുടെശബ്ദം മുഴങ്ങി.

മഹാജനങ്ങളെ,എനിക്ക് എന്‍റെ പുത്രനെപ്പോലെ ഇഷ്ടനും സര്‍വശാസ്ത്ര പണ്ഡിതനും പാണ്ഡവരില്‍ മുന്നാമനുമായ അര്‍ജുനന്‍ ഇതാ രംഗപ്രവേശം ചെയ്യുന്നു.

എങ്ങും കരഘോഷം മുഴങ്ങി.അര്‍ജൂനന്‍റെ അഭ്യാസങ്ങള്‍ക്കായി എല്ലാവരെയും പോലെ സുയോധനനും കാത്തിരുന്നു.

***