Thursday, June 27, 2013

അധ്യായം-പത്തൊന്‍പത്-ഒരു പെണ്ണിന് എത്ര ആണുങ്ങള്‍ വേണം?

പത്തൊന്‍പത്
ദ്രൌപദിയെ വേട്ടത് പാണ്ഡവരില്‍ മുന്നാമനായ അര്‍ജുനന്‍ തന്നെയാണെന്ന് ഹസ്തിനപുരത്തും വിവരം ലഭിച്ചു!കുന്തിയുടെ അഭിഷ്ടപ്രകാരം പാണ്ഡവര്‍ അഞ്ചുപേരും അവളെ ഭാര്യയായി വരിച്ച വാര്‍ത്ത സുയോധനന് അവിശ്വസനീയമായി തോന്നി.രാജാക്കന്മാര്‍ക്ക് പല ഭാര്യമാര്‍ പതിവാണ്.എന്നാല്‍ സഹോദരന്മാര്‍ എല്ലാവരും ചേര്‍ന്ന് ഒരാളെ ഭാര്യയാക്കിയത് ആദ്യ അറിവാണ്!

ഈ വിശേഷം പങ്കുവയ്ക്കവേ കര്‍ണ്ണന്‍ പരിഹാസത്തോടെ പറഞ്ഞു:

ഞാന്‍ ക്ഷത്രിയന്‍ അല്ലാത്തതിനാല്‍ അവള്‍ക്കു ബോധിച്ചില്ല!ഇത്രപേരെ ഒരുമിച്ചു പ്രാപിക്കാന്‍ ഒരു വേശ്യപോലും മടിക്കും.ക്ഷാത്രവീര്യം അത്രയ്ക്ക് മഹത്തരമോ ചങ്ങാതി?

സുയോധനന്‍ മറുത്തൊന്നും പറയാതെ ഒന്ന് പുഞ്ചിരിക്കമാത്രം ചെയ്തു.അപ്പോള്‍ ഒരു പരിചാരകന്‍ വാതിക്കല്‍ പ്രത്യക്ഷപ്പെട്ടു.അയാള്‍ സുയോധനനെ അച്ഛന്‍ കാണാന്‍ ആഗ്രഹിക്കുന്ന വിവരം അറിയിച്ചു.കര്‍ണ്ണനോട് വിടവാങ്ങി അയാള്‍ അയാള്‍ അച്ഛനരികിലേക്ക് പോയി.


സഭയില്‍ അച്ഛനൊപ്പം വിദുരരും ഭിഷ്മരും ഉണ്ടായിരുന്നു.

ഉണ്ണി,അറിഞ്ഞില്ലേ?പാണ്ഡവര്‍ ജീവിച്ചിരിക്കുന്നുവെന്ന വാര്‍ത്ത?

താന്‍ അറിഞ്ഞതായി സുയോധനന്‍ പറഞ്ഞപ്പോള്‍,ധൃതരാഷ്ട്രര്‍ തുടര്‍ന്നു:

മരിച്ചെന്ന് കരുതിയവര്‍ ജീവിച്ചിരിക്കുന്നുവെന്ന അറിവില്‍ കുടുതല്‍ മറ്റെന്തുണ്ട് സന്തോഷകരമായി?അന്ന് അരക്കില്ലത്തില്‍ വെന്തു മരിച്ചത് ഒരു ഭിക്ഷാടകയും മക്കളുമത്രേ!

പിന്നെ അദ്ദേഹം വിദുരരോടായി ചോദിച്ചു:

പാണ്ഡവരെ ഇങ്ങോട്ട് കുട്ടിക്കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നു.നിന്‍റെ അഭിപ്രായം എന്താണ്?

ഭാഗ്യം മഹാരാജാവേ,മഹാഭാഗ്യം!ഈ ബുദ്ധി അങ്ങയില്‍ നൂറു സംവത്സരം ഇങ്ങിനെതന്നെ ഇരിക്കട്ടെ.ഉചിതമായി ഈ തിരുമാനം.കുരുകുലം വര്‍ധിക്കട്ടെ!

വിടുരരെ  തുടര്‍ന്ന് ഭീഷ്മര്‍ പറഞ്ഞു:

എനിക്ക് അങ്ങയുടെ പുത്രന്മാരും പാണ്ഡവരും സമമാണ്.അബദ്ധത്തിലോ,അക്രമത്തിലോ അരക്കില്ലം വെണ്ണിരായി.അതില്‍ അങ്ങേക്കും പങ്കുണ്ടെന്നാണ്നാട്ടുവര്‍ത്തമാനം! അതിന്‍റെ പ്രായത്ച്ചിത്രം   കുടി ആവട്ടെ ഇത്.

അത് കേട്ട് ധൃതരാഷ്ട്രര്‍ കോപിച്ചു

പിതാമഹാ,അരുതാത്തത് പറയാതിരിക്കു,ഗൂഡപ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും നടന്നതായി എനിക്ക്അറിവില്ല.എന്തോ തെറ്റിദ്ധാരണമുലം അവര്‍ സ്വയം തീവച്ചതാവാം.എങ്കിലും യാചകാരാണെങ്കില്‍കുടി,ആ ആറുജീവനുകള്‍ ചുട്ടെരിച്ചത് സാരിയായില്ല എന്ന് എനിക്കും അഭിപ്രായമുണ്ട്.

അതുവരെ നിശബ്ധനായിരുന്ന സുയോധനന്‍ അപ്പോള്‍ മൌനം ഭേദിച്ചു.

പിതാമഹന്മാരെ,നാട്ടുവര്‍ത്തമാനങ്ങളിലുള്ള അമിതവിശ്വാസം നല്ലതല്ല.പാണ്ഡവരുടെ അപദാനങ്ങള്‍ വാഴ്ത്താന്‍ നടക്കുന്നവര്‍ക്ക് ഇത്തരം കേട്ട് കഥകള്‍ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.സ്വന്തംമരണം കൊണ്ട് പുരോചനന്‍പോലും തീവയ്പ്പില്‍ പങ്കാളിയായെന്നകഥ വിചിത്രം തന്നെ!

അപ്പോള്‍  ഭീഷ്മര്‍ ഇങ്ങിനെ പ്രതികരിച്ചു:

അല്ലയോ ഗാന്ധാരീപുത്രാ,പാണ്ഡവരുടെ മരണവാര്‍ത്ത അറിഞ്ഞ അന്നുമുതല്‍ ലോകത്ത് ഒരുമനുഷ്യന്‍റെയും മുഖത്ത് നോക്കാന്‍ എനിക്ക് ശക്തിയില്ലാതെ പോയിരുന്നു.എന്നാല്‍ ഇപ്പോള്‍ അതെല്ലാം പോയ്‌മറഞ്ഞു.അവരെ ക്ഷണിച്ചുവരുത്തി രാജ്യാവകാശം നല്‍ക്കുക.

ഭീഷമരെ ആരും എതിര്‍ത്തില്ല.സുയോധനന്‍, രാജ്യം നല്‍കണമെന്നകാര്യത്തില്‍ അനിഷ്ടമൊന്നും പ്രകടിപ്പിച്ചുമില്ല!അതുകണ്ട് ധൃതരാഷ്ട്രര്‍ തുടര്‍ന്നു:

വിദ്വാന്മാരായ ഭീഷമ-ദ്രോണാചാര്യന്മാരും വിദുരരും പറയുന്നത് എനിക്കും ഹിതമാണ്.എന്‍റെ മക്കള്‍ക്ക്‌ ഈ രാജ്യം എത്ര പ്രിയപ്പെട്ടതാണോ,അതുപോലെതന്നെയാണ് പാണ്ഡവര്‍ക്കും.അതിനാല്‍ ക്ഷത്താവേ,ഉടന്‍ ഒരുങ്ങിക്കൊള്ളൂക പാണ്ഡവര്‍ക്ക് അരികിലേക്ക് പോകാന്‍.

അപ്പോള്‍ ധൃതരാഷ്ട്രരെ അഭിവാദ്യം ചെയ്തുകൊണ്ട് വിദുരര്‍ പറഞ്ഞു:

അങ്ങയുടെ ആഗ്രഹംപോലെ നടക്കട്ടെ.ഞാന്‍ അവരെകുട്ടി വരാം.പക്ഷേ അവരെ ഹസ്തിനപുരത്തു പാര്‍പ്പിക്കുന്നതില്‍ എനിക്ക് അഭിപ്രായമില്ല.

പിന്നെ?

ധൃതരാഷ്ട്രര്‍ ചോദിച്ചു.അപ്പോള്‍ വിദുരര്‍ സുയോധനനെ നോക്കിക്കൊണ്ട് തുടര്‍ന്നു:

കുടിപ്പക പറഞ്ഞുതിര്‍ക്കാവുന്നതല്ലെന്നു അങ്ങേക്കും അറിയാമല്ലോ?പാണ്ഡവര്‍ഇവിടെ തങ്ങുന്നത് തീര്‍ച്ചയായും ആപത്താണ്.

അപ്പോള്‍ അസ്വസ്ഥതയോടെ സുയോധനന്‍ ചോദിച്ചു:

എന്താണ് ഇളയച്ഛന്‍ ഉദ്ദേശിക്കുന്നത്?

വിദുരര്‍ അയാള്‍ക്ക്‌ നേരെ ക്രുദ്ധനായി നോക്കിക്കൊണ്ട് തുടര്‍ന്നു:

നിനക്കറിയില്ലേ?ബാല്യം മുതല്‍ കാണുന്നതല്ലേ ഞങ്ങള്‍ എല്ലാം!

വിദുരരുടെ വാക്കുകള്‍ സുയോധനനെ കുപിതനാക്കി.

ഇളയച്ഛന്‍ പക്ഷം പിടിക്കുന്നു.ചെറുപ്പം മുതല്‍ അവര്‍ ഞങ്ങളോട് കാണിച്ചത് എന്തെ മറക്കുന്നു?പ്രത്യേകിച്ചും ഭീമന്‍?ഇളയച്ഛന്‍റെ നിക്ഷ്പക്ഷത കാപട്യമാണ്.

അപ്പോള്‍ ധൃതരാഷ്ട്രര്‍ കൈ ഉയര്‍ത്തി സുയോധനനെ വിലക്കി.അയാള്‍നിശബ്ദനായി.ധൃതരാഷ്ട്രര്‍ പറഞ്ഞു:

ക്ഷോഭം ആര്‍ക്കും നന്നല്ല.ആരൊക്കെ,എന്തൊക്കെ ചെയ്തെന്ന് കാലം തെളിയിക്കട്ടെ.വിദുരര്‍ പറഞ്ഞതിലും കാര്യമുണ്ട്.

പിന്നെ വിദുരരോടായി അദ്ദേഹം ചോദിച്ചു:

എങ്കില്‍ ഏതുഭുമിയാണ് പാണ്ഡവര്‍ക്ക് നല്‍കേണ്ടത്?

അല്‍പംപോലും ആലോചിക്കാതെ വിദുരര്‍ പറഞ്ഞു:

ഖാണ്ഡവപ്രസ്ഥം.

ധൃതരാഷ്ട്രര്‍ അത് ശരിവച്ചു.

ഖാണ്ഡവവന പ്രദേശം അടക്കം ഈ രാജ്യത്തിന്‍റെ പകുതി ഇന്നുമുതല്‍ പാണ്ഡവര്‍ക്ക് അവകാശപ്പെട്ടതാണ്.ഇതും പറഞ്ഞ്‌ ഹേ വിദുര,നീ പാഞ്ചാലത്തേക്ക് തിരിച്ചുകൊള്ളുക.

സഭ  അവസാനിച്ചു.പാണ്ഡവരുടെ മടങ്ങിവരവ് ആഘോഷമാക്കിമാറ്റാനുള്ള ചുമതല അച്ഛന്‍ സുയോധനനു നല്‍കിക്കൊണ്ട് ശയനമുറിയിലേക്ക് പോയി.

***


Monday, June 10, 2013

അധ്യായം പതിനെട്ട്-ഇത് നാണക്കേടാണ്

 പതിനെട്ട്
ഹര്‍ഷാരവങ്ങള്‍ മെല്ലെ ഒതുങ്ങിയപ്പോള്‍ സുയോധനന്‍ കര്‍ണ്ണനരികിലേക്ക് എഴുന്നേറ്റുചെന്ന് അയാളെ മാറോടണച്ചുകൊണ്ട് ദ്രുപദ മഹാരാജാവിനോടായി പറഞ്ഞു:

മഹാരാജാവേ,എന്‍റെ പ്രിയചങ്ങാതി ശസ്ത്രപരിക്ഷണങ്ങള്‍ വിജയിച്ചിരിക്കുന്നു.ഇനി വാഗ്ദാനപ്രകാരം മകളെ നല്‍കുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിച്ചാലും

വേദിയില്‍ മംഗളവാദ്യങ്ങള്‍ മുഴങ്ങി.ബ്രാഹ്മണര്‍ മന്ത്രോച്ചാരണങ്ങളും അന്ഗ്നി തര്‍പ്പണവും ആരംഭിച്ചു.അപ്പോള്‍ ധൃഷ്ടദ്യുമ്നന്‍ എഴുന്നേറ്റു നിന്നു.അയാള്‍ എല്ലാകര്‍മ്മങ്ങളും നിര്‍ത്തിവയ്ക്കാന്‍ ആജ്ഞാപിച്ചു.സദസ്സ് അതോടെ നിശബ്ധമായി!അയാള്‍ പറഞ്ഞു:

ദ്രൌപദിയെ കര്‍ണ്ണന് നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.പക്ഷെ കരബലം മാത്രമല്ല,കുലബലവും പ്രധാനമാണല്ലോ.അതുകൊണ്ട് കര്‍ണ്ണാ,താങ്കളുടെ ജന്മം,പാരമ്പര്യം,കുലം എന്നിവയെല്ലാം ഇവിടെ വിശദമാക്കിയാലും.

അതുകേട്ട് സുയോധനന് കോപം വന്നു.അയാള്‍ പറഞ്ഞു:


എന്‍റെ അംഗരാജ്യത്തിന് അധികാരിയാണ് ഈ കര്‍ണ്ണന്‍.കൌരവ കുലത്തിന് പ്രിയപ്പെട്ടവനായ ഈ കര്‍ണ്ണന്‍ എന്തുകൊണ്ടും ദ്രൌപദിക്ക് അനുയോജ്യനാണ്.

അതുവരെ നിശബ്ദയും നമ്രമുഖിയുമായിരുന്ന ദ്രൌപദി,സുയോധനന്‍റെ വാക്കുകളെ തുടര്‍ന്ന് എഴുന്നേറ്റു.ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്,തന്‍റെ മുഖാവരണം ഒരുവശത്തേക്ക് വകഞ്ഞുമാറ്റിക്കൊണ്ട് അവള്‍ പറഞ്ഞു:

സഭാവാസികളെ,ക്ഷമിച്ചാലും.മഹാരാജാവാകിലും സുതകുലം അധമം തന്നെയാണ്.അതിനാല്‍ ഒരു സുതപുത്രനെ ഭര്‍ത്താവായി വരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

കര്‍ണ്ണന്‍റെ മുഖം അതോടെ കുടുതല്‍ അപമാനഭാരത്താല്‍ കുനിഞ്ഞു.അയാള്‍ സുയോധനനെ നോക്കി.ഏവരും നിശബ്ധരായി നില്‍ക്കവേ പിതാംബരധാരിയും കാര്‍നിറമാര്‍ന്നവനും കിരിടത്തില്‍ മയില്‍പ്പീലിയണിഞ്ഞവനുമായ ഒരാള്‍ വേദിയിലേക്ക് കയറിവന്നു.അയാള്‍ സദസ്സിനോടായി പറഞ്ഞു:

ഞാന്‍ മധുരാധിപനും ദ്രുപദ രാജാവിന്‍റെ ചാര്‍ച്ചക്കാരനുമായ കൃഷ്ണനാണ് 

ഇത്രയും  ആമുഖമായിപ്പറഞ്ഞ് അയാള്‍ സദസ്സിനെ ആകെയൊന്നു വിക്ഷിച്ചുകൊണ്ട് തുടര്‍ന്നു:

ഒരു സ്ത്രിക്ക് സ്വയം അസ്വികാര്യനായ പുരുഷന്‍ വിവാഹത്തിനു മുതിരുന്നത് അപഹാസ്യമാണ്.അതുകൊണ്ട് കര്‍ണ്ണനുമായുള്ള വിവാഹം ഇവിടെ അസാധുവായി.പകരം ഇനി കുലമഹിമയുള്ള കരുത്തര്‍ മുന്നോട്ടുവരട്ടെ.



കൃഷ്ണന്‍റെ വാക്കുകളോട് ആരും പ്രതികരിച്ചില്ല!ആ സമയം കാണികള്‍ക്കിടയിലെ ബ്രാഹ്മണസംഘത്തില്‍ നിന്നും ഒരു യുവാവ് എഴുന്നേറ്റ് മുന്നോട്ട് വന്നു.അയാള്‍ സഭാമണ്ഡപത്തില്‍ കയറി നിന്നു.അയാളെ പരിചയമുള്ളതുപോലെ തോന്നി സുയോധനന്.ആ യുവാവ് നിസങ്കോചം അസ്ത്രപ്രയോഗം നടത്തി,കര്‍ണ്ണനേപ്പോലെ വിജയിച്ചു.അപ്പോള്‍ ദൃഷ്ടധുംനന്‍ വിളിച്ചു പറഞ്ഞു:

അസ്ത്രപരിക്ഷ വിജയിച്ച ഈ ബ്രാഹ്മണകുമാരന് ഞാന്‍ എന്‍റെ സഹോദരിയെ നല്‍കാന്‍ ആഗ്രഹിക്കുന്നു.

നിസബ്ദമായിരുന്ന സദസ്സ് അതോടെ ശബ്ധമുഖരിതമായി.ചേദിരാജാവായ ശിശുപാലന്‍ മുന്നോട്ടുവന്നു പറഞ്ഞു:

ഈ  വാദം ന്യായികരിക്കത്തക്കതല്ല.ഇതേ ക്രിയകള്‍ചെയ്ത കര്‍ണ്ണന് എങ്ങിനെ തുല്യനാകും ഈ ബ്രാഹ്മണപുത്രന്‍?

സദസ്സ് ശിശുപാലനെ പിന്താങ്ങി.അത് കാണ്‍കെ അയാള്‍ ഉച്ചത്തില്‍ തുടര്‍ന്നു:

വിധിപ്രകാരം ബ്രാഹ്മണര്‍ക്ക് സ്വയംവരത്തില്‍ പങ്കാളിയാകാന്‍ അധികാരമില്ല.അതിനാല്‍ തന്നെ ഇത് അനുവദിക്കാനാവില്ല.

 
അതുകെള്‍ക്കെ ദ്രുപദന്‍ പറഞ്ഞു:


നമ്മുടെ രാജ്യവും ജീവനും ധനവുമൊക്കെ ബ്രാഹ്മണര്‍ക്ക് അധിനമാണ്.അതുപോലെ തന്നെയാണ് ക്ഷത്രിയരുടെ  പുത്രമിത്രാദി കളും .അതിനാല്‍ ബ്രാഹ്മണരെ നിന്ദിക്കരുത്

എന്നാല്‍  ദ്രുപദന്‍റെ വാക്കുകള്‍ ആരും ചെവിക്കൊണ്ടില്ല!കുപിതരായ ചിലര്‍ അദ്ദേഹത്തിനുനേരെ പാഞ്ഞടുത്തു.അയാള്‍ ഓടി ബ്രാഹ്മണസംഘത്തില്‍ അഭയം തേടി.ആയുധങ്ങളുമായി ബ്രാഹ്മണകുമാരന്മാര്‍ അയാള്‍ക്ക്‌ ചുറ്റും വലയം തിര്‍ത്തു.അതോടെ ഇതര രാജാകന്മാരും യുദ്ധസന്നദ്ധരായി!

ഉടന്‍ കര്‍ണ്ണന്‍ ബ്രാഹ്മണസംഘത്തിലേക്ക് കുതിക്കാനാഞ്ഞു.സുയോധനന്‍ അയാളുടെ കൈ കടന്നുപിടിച്ചുകൊണ്ട് പറഞ്ഞു:

കര്‍ണ്ണാ,വിവേകം കൈ വിടരുത്.ഈ ബ്രാഹ്മണര്‍ പാണ്ഡവരെ അനുസ്മരിപ്പിക്കുന്നു!ദ്രൌപതിയെ വേട്ടവന്‍ അര്‍ജുനനാണെന്നു എന്‍റെ മനസ്സ് പറയുന്നു.സത്യം അറിയാന്‍ സംയമനം ആവശ്യമാണ്.മാത്രമല്ല ഒരു പെണ്ണിന് വേണ്ടിയുള്ള പോര് നാണക്കേടാണ്!

സുയോധനന്‍റെ വാക്കുകളെ തുടര്‍ന്നു കര്‍ണ്ണന്‍ പിന്‍വാങ്ങി.അതോടെ യുദ്ധസന്നദ്ധമായി നില്‍ക്കുന്ന ആ ആള്‍ക്കുട്ടത്തില്‍ നിന്നും കര്‍ണ്ണന്‍റെ കൈയും പിടിച്ച് സുയോധനന്‍ വേഗം പുറത്തേക്ക് നടന്നു!


***