Thursday, June 27, 2013

അധ്യായം-പത്തൊന്‍പത്-ഒരു പെണ്ണിന് എത്ര ആണുങ്ങള്‍ വേണം?

പത്തൊന്‍പത്
ദ്രൌപദിയെ വേട്ടത് പാണ്ഡവരില്‍ മുന്നാമനായ അര്‍ജുനന്‍ തന്നെയാണെന്ന് ഹസ്തിനപുരത്തും വിവരം ലഭിച്ചു!കുന്തിയുടെ അഭിഷ്ടപ്രകാരം പാണ്ഡവര്‍ അഞ്ചുപേരും അവളെ ഭാര്യയായി വരിച്ച വാര്‍ത്ത സുയോധനന് അവിശ്വസനീയമായി തോന്നി.രാജാക്കന്മാര്‍ക്ക് പല ഭാര്യമാര്‍ പതിവാണ്.എന്നാല്‍ സഹോദരന്മാര്‍ എല്ലാവരും ചേര്‍ന്ന് ഒരാളെ ഭാര്യയാക്കിയത് ആദ്യ അറിവാണ്!

ഈ വിശേഷം പങ്കുവയ്ക്കവേ കര്‍ണ്ണന്‍ പരിഹാസത്തോടെ പറഞ്ഞു:

ഞാന്‍ ക്ഷത്രിയന്‍ അല്ലാത്തതിനാല്‍ അവള്‍ക്കു ബോധിച്ചില്ല!ഇത്രപേരെ ഒരുമിച്ചു പ്രാപിക്കാന്‍ ഒരു വേശ്യപോലും മടിക്കും.ക്ഷാത്രവീര്യം അത്രയ്ക്ക് മഹത്തരമോ ചങ്ങാതി?

സുയോധനന്‍ മറുത്തൊന്നും പറയാതെ ഒന്ന് പുഞ്ചിരിക്കമാത്രം ചെയ്തു.അപ്പോള്‍ ഒരു പരിചാരകന്‍ വാതിക്കല്‍ പ്രത്യക്ഷപ്പെട്ടു.അയാള്‍ സുയോധനനെ അച്ഛന്‍ കാണാന്‍ ആഗ്രഹിക്കുന്ന വിവരം അറിയിച്ചു.കര്‍ണ്ണനോട് വിടവാങ്ങി അയാള്‍ അയാള്‍ അച്ഛനരികിലേക്ക് പോയി.


സഭയില്‍ അച്ഛനൊപ്പം വിദുരരും ഭിഷ്മരും ഉണ്ടായിരുന്നു.

ഉണ്ണി,അറിഞ്ഞില്ലേ?പാണ്ഡവര്‍ ജീവിച്ചിരിക്കുന്നുവെന്ന വാര്‍ത്ത?

താന്‍ അറിഞ്ഞതായി സുയോധനന്‍ പറഞ്ഞപ്പോള്‍,ധൃതരാഷ്ട്രര്‍ തുടര്‍ന്നു:

മരിച്ചെന്ന് കരുതിയവര്‍ ജീവിച്ചിരിക്കുന്നുവെന്ന അറിവില്‍ കുടുതല്‍ മറ്റെന്തുണ്ട് സന്തോഷകരമായി?അന്ന് അരക്കില്ലത്തില്‍ വെന്തു മരിച്ചത് ഒരു ഭിക്ഷാടകയും മക്കളുമത്രേ!

പിന്നെ അദ്ദേഹം വിദുരരോടായി ചോദിച്ചു:

പാണ്ഡവരെ ഇങ്ങോട്ട് കുട്ടിക്കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നു.നിന്‍റെ അഭിപ്രായം എന്താണ്?

ഭാഗ്യം മഹാരാജാവേ,മഹാഭാഗ്യം!ഈ ബുദ്ധി അങ്ങയില്‍ നൂറു സംവത്സരം ഇങ്ങിനെതന്നെ ഇരിക്കട്ടെ.ഉചിതമായി ഈ തിരുമാനം.കുരുകുലം വര്‍ധിക്കട്ടെ!

വിടുരരെ  തുടര്‍ന്ന് ഭീഷ്മര്‍ പറഞ്ഞു:

എനിക്ക് അങ്ങയുടെ പുത്രന്മാരും പാണ്ഡവരും സമമാണ്.അബദ്ധത്തിലോ,അക്രമത്തിലോ അരക്കില്ലം വെണ്ണിരായി.അതില്‍ അങ്ങേക്കും പങ്കുണ്ടെന്നാണ്നാട്ടുവര്‍ത്തമാനം! അതിന്‍റെ പ്രായത്ച്ചിത്രം   കുടി ആവട്ടെ ഇത്.

അത് കേട്ട് ധൃതരാഷ്ട്രര്‍ കോപിച്ചു

പിതാമഹാ,അരുതാത്തത് പറയാതിരിക്കു,ഗൂഡപ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും നടന്നതായി എനിക്ക്അറിവില്ല.എന്തോ തെറ്റിദ്ധാരണമുലം അവര്‍ സ്വയം തീവച്ചതാവാം.എങ്കിലും യാചകാരാണെങ്കില്‍കുടി,ആ ആറുജീവനുകള്‍ ചുട്ടെരിച്ചത് സാരിയായില്ല എന്ന് എനിക്കും അഭിപ്രായമുണ്ട്.

അതുവരെ നിശബ്ധനായിരുന്ന സുയോധനന്‍ അപ്പോള്‍ മൌനം ഭേദിച്ചു.

പിതാമഹന്മാരെ,നാട്ടുവര്‍ത്തമാനങ്ങളിലുള്ള അമിതവിശ്വാസം നല്ലതല്ല.പാണ്ഡവരുടെ അപദാനങ്ങള്‍ വാഴ്ത്താന്‍ നടക്കുന്നവര്‍ക്ക് ഇത്തരം കേട്ട് കഥകള്‍ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.സ്വന്തംമരണം കൊണ്ട് പുരോചനന്‍പോലും തീവയ്പ്പില്‍ പങ്കാളിയായെന്നകഥ വിചിത്രം തന്നെ!

അപ്പോള്‍  ഭീഷ്മര്‍ ഇങ്ങിനെ പ്രതികരിച്ചു:

അല്ലയോ ഗാന്ധാരീപുത്രാ,പാണ്ഡവരുടെ മരണവാര്‍ത്ത അറിഞ്ഞ അന്നുമുതല്‍ ലോകത്ത് ഒരുമനുഷ്യന്‍റെയും മുഖത്ത് നോക്കാന്‍ എനിക്ക് ശക്തിയില്ലാതെ പോയിരുന്നു.എന്നാല്‍ ഇപ്പോള്‍ അതെല്ലാം പോയ്‌മറഞ്ഞു.അവരെ ക്ഷണിച്ചുവരുത്തി രാജ്യാവകാശം നല്‍ക്കുക.

ഭീഷമരെ ആരും എതിര്‍ത്തില്ല.സുയോധനന്‍, രാജ്യം നല്‍കണമെന്നകാര്യത്തില്‍ അനിഷ്ടമൊന്നും പ്രകടിപ്പിച്ചുമില്ല!അതുകണ്ട് ധൃതരാഷ്ട്രര്‍ തുടര്‍ന്നു:

വിദ്വാന്മാരായ ഭീഷമ-ദ്രോണാചാര്യന്മാരും വിദുരരും പറയുന്നത് എനിക്കും ഹിതമാണ്.എന്‍റെ മക്കള്‍ക്ക്‌ ഈ രാജ്യം എത്ര പ്രിയപ്പെട്ടതാണോ,അതുപോലെതന്നെയാണ് പാണ്ഡവര്‍ക്കും.അതിനാല്‍ ക്ഷത്താവേ,ഉടന്‍ ഒരുങ്ങിക്കൊള്ളൂക പാണ്ഡവര്‍ക്ക് അരികിലേക്ക് പോകാന്‍.

അപ്പോള്‍ ധൃതരാഷ്ട്രരെ അഭിവാദ്യം ചെയ്തുകൊണ്ട് വിദുരര്‍ പറഞ്ഞു:

അങ്ങയുടെ ആഗ്രഹംപോലെ നടക്കട്ടെ.ഞാന്‍ അവരെകുട്ടി വരാം.പക്ഷേ അവരെ ഹസ്തിനപുരത്തു പാര്‍പ്പിക്കുന്നതില്‍ എനിക്ക് അഭിപ്രായമില്ല.

പിന്നെ?

ധൃതരാഷ്ട്രര്‍ ചോദിച്ചു.അപ്പോള്‍ വിദുരര്‍ സുയോധനനെ നോക്കിക്കൊണ്ട് തുടര്‍ന്നു:

കുടിപ്പക പറഞ്ഞുതിര്‍ക്കാവുന്നതല്ലെന്നു അങ്ങേക്കും അറിയാമല്ലോ?പാണ്ഡവര്‍ഇവിടെ തങ്ങുന്നത് തീര്‍ച്ചയായും ആപത്താണ്.

അപ്പോള്‍ അസ്വസ്ഥതയോടെ സുയോധനന്‍ ചോദിച്ചു:

എന്താണ് ഇളയച്ഛന്‍ ഉദ്ദേശിക്കുന്നത്?

വിദുരര്‍ അയാള്‍ക്ക്‌ നേരെ ക്രുദ്ധനായി നോക്കിക്കൊണ്ട് തുടര്‍ന്നു:

നിനക്കറിയില്ലേ?ബാല്യം മുതല്‍ കാണുന്നതല്ലേ ഞങ്ങള്‍ എല്ലാം!

വിദുരരുടെ വാക്കുകള്‍ സുയോധനനെ കുപിതനാക്കി.

ഇളയച്ഛന്‍ പക്ഷം പിടിക്കുന്നു.ചെറുപ്പം മുതല്‍ അവര്‍ ഞങ്ങളോട് കാണിച്ചത് എന്തെ മറക്കുന്നു?പ്രത്യേകിച്ചും ഭീമന്‍?ഇളയച്ഛന്‍റെ നിക്ഷ്പക്ഷത കാപട്യമാണ്.

അപ്പോള്‍ ധൃതരാഷ്ട്രര്‍ കൈ ഉയര്‍ത്തി സുയോധനനെ വിലക്കി.അയാള്‍നിശബ്ദനായി.ധൃതരാഷ്ട്രര്‍ പറഞ്ഞു:

ക്ഷോഭം ആര്‍ക്കും നന്നല്ല.ആരൊക്കെ,എന്തൊക്കെ ചെയ്തെന്ന് കാലം തെളിയിക്കട്ടെ.വിദുരര്‍ പറഞ്ഞതിലും കാര്യമുണ്ട്.

പിന്നെ വിദുരരോടായി അദ്ദേഹം ചോദിച്ചു:

എങ്കില്‍ ഏതുഭുമിയാണ് പാണ്ഡവര്‍ക്ക് നല്‍കേണ്ടത്?

അല്‍പംപോലും ആലോചിക്കാതെ വിദുരര്‍ പറഞ്ഞു:

ഖാണ്ഡവപ്രസ്ഥം.

ധൃതരാഷ്ട്രര്‍ അത് ശരിവച്ചു.

ഖാണ്ഡവവന പ്രദേശം അടക്കം ഈ രാജ്യത്തിന്‍റെ പകുതി ഇന്നുമുതല്‍ പാണ്ഡവര്‍ക്ക് അവകാശപ്പെട്ടതാണ്.ഇതും പറഞ്ഞ്‌ ഹേ വിദുര,നീ പാഞ്ചാലത്തേക്ക് തിരിച്ചുകൊള്ളുക.

സഭ  അവസാനിച്ചു.പാണ്ഡവരുടെ മടങ്ങിവരവ് ആഘോഷമാക്കിമാറ്റാനുള്ള ചുമതല അച്ഛന്‍ സുയോധനനു നല്‍കിക്കൊണ്ട് ശയനമുറിയിലേക്ക് പോയി.

***


No comments:

Post a Comment