Tuesday, October 8, 2013

അധ്യായം-25, അഴിഞ്ഞുലഞ്ഞും ആര്‍ത്തയായും

അന്തപ്പുരത്തില്‍ നിന്നും ഇത്തവണയും പ്രാതികാമി തനിച്ചാണ് തിരികെ വന്നത്.അയാള്‍ കുടുതല്‍ സംഭ്രാന്തനും വിവശനുമായിരുന്നു.എത്തിയ ഉടന്‍ തന്നെ അയാള്‍ ദ്രൗപതി, വരാന്‍ മടിക്കുന്ന വിവരം അറിയിച്ചു.അപ്പോള്‍ അവളുടെ ധിക്കാരം നിറഞ്ഞ മുഖമാണ് സുയോധനന്റെ മനസി നിറഞ്ഞത്‌.പൊടുന്നനെ അയാള്‍ എഴുന്നേറ്റ് ഉറച്ച ശബ്ധത്തില്‍ പറഞ്ഞു:

ദുസ്സാസനാ,ദ്രൗപതിയെ,ഈ സദസ്സിലെ മഹാനുഭവന്മാരെ നിന്ദിച്ചുകൊണ്ടിരിക്കുന്ന ആ പാഞ്ചാലിയെ നീ ചെന്ന് കുട്ടിക്കൊണ്ട് വരിക.

ദുസ്സാസനനന്‍ അന്തപ്പുരത്തിലേക്ക് പോയി.സദസ്സ് പരിപുര്‍ണ്ണ നിശബ്ദമായി വീര്‍പ്പുമുട്ടി നിന്നു.ദ്രൗപതിയുടെ കരച്ചിലിന്റെ ആരവം അന്തപ്പുരത്തില്‍ നിന്നും അടുത്തടുത്ത് വന്നു.അധികം വൈകാതെ അവള്‍ പ്രത്യക്ഷപ്പെട്ടു.മുടിക്കെട്ടു അഴിഞ്ഞുലഞ്ഞിരുന്നു!വസ്ത്രങ്ങള്‍ സ്ഥാനം തെറ്റി കിടന്നിരുന്നു.ഒരു ബലപ്രയോഗത്തിന്‍റെ എല്ലാ ലക്ഷണങ്ങളും അവളില്‍ കാണാമായിരുന്നു!സഭാമധ്യത്തില്‍ എത്തിയ ഉടന്‍ തന്നെ മാറിപ്പോയ വസ്ത്രങ്ങള്‍ അലസമായൊന്നു വാരിച്ചുറ്റി,കോപത്താല്‍ ജ്വലിക്കുന്ന കണ്ണുകളുയര്‍ത്തി ധര്‍മപുത്രരോടായവള്‍ ചോദിച്ചു:

പറയു,അങ്ങാണോ ഞാനാണോ ചുതില്‍ ആദ്യം പണയപ്പെട്ടത്‌ ?

ധര്‍മ്മപുത്രര്‍ മറുപടി ഒന്നും പറയാതെ മുഖം താഴ്ത്തി നിന്നതെയുള്ളൂ .അപ്പോള്‍ അവള്‍ സദസിനെ നോക്കിക്കൊണ്ട്‌ തന്‍റെ ചോദ്യം ആവര്‍ത്തിച്ചു.അല്‍പനേരത്തെ നിശബ്ദതക്ക് ശേഷം ഭീഷ്മര്‍ പറഞ്ഞു:

സുഭഗേ,ധര്‍മ്മത്തിന്റെ ഗതി അതിസൂക്ഷ്മമാണ്.നിന്റെ ചോദ്യത്തിന് ശരിയായ ഉത്തരം പറയാന്‍ പ്രയാസം.എങ്കിലും അടിമയായവന് മറ്റൊരാളെ പണയം വയ്ക്കാന്‍ അധികാരമില്ല.എന്നാല്‍ യുധിഷ്ടിരന്‍ നിന്റെ കുടി ഭര്‍ത്താവാകയാല്‍ നിയും അടിമപ്പെട്ടു എന്നതാണ് വാസ്തവം.

അതുകേട്ട്‌ പരിഹാസപുര്‍വം ഒന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു:

കളി അറിയാത്ത ഒരാളെ പോരിനു വിളിച്ച്‌ തോല്‍പ്പിച്ചത് ഏതു ധര്‍മ്മശാസ്ത്ര പ്രകാരമാണ്? രാജാവ് തോറ്റ് ആദ്യമേ അടിമയായപ്പോള്‍,ഭാര്യ എന്ന നിലയില്‍ അടിമപ്പെട്ടുവെങ്കില്‍ പിന്നെയെന്തിന് എന്നെ വിണ്ടും പണയപ്പെടുത്തി?

ആരും വ്യെക്തമായ മറുപടി പറഞ്ഞില്ല.അപ്പോള്‍ ഭീമന്‍ ക്രുദ്ധനായി ധര്‍മപുത്രരേ നോക്കിക്കൊണ്ട്‌ ഉറക്കെ അര്‍ജുനനോടു പറഞ്ഞു:

ചുത് കളിക്കാന്‍ ഭാര്യയെ പണയം വച്ച കഥ ഞാന്‍ ഇതുവരെ കേട്ടിട്ടില്ല.വേഗം ഒരു പന്തം കൊളുത്തിക്കൊണ്ട് വരൂ.ഞാനി ചുതാട്ടക്കാരന്റെ കൈകള്‍ വെണ്ണിറാക്കട്ടെ.

അതും പറഞ്ഞ് അയാള്‍ ധര്മ്മജന്റെ നേര്‍ക്ക്‌ കുതിച്ചു.സദസ്സ് സ്തംഭിച്ചു നിക്കുമ്പോള്‍ അര്‍ജുനന്‍ ഓടിച്ചെന്നു അയയെ പിടിച്ചുമാറ്റി.അതുകണ്ട് ദ്രൗപതി കുടുതല്‍ ദീനതയോടെ അലറിക്കരഞ്ഞു! 

അപ്പോള്‍ സുയോധനന്റെ പത്തൊന്‍പതാമത്തെ അനുജനായ വികര്‍ണ്ണന്‍ എഴുന്നേല്‍ക്കുന്നത്‌ സുയോധനന്‍ കണ്ടു.അയാള്‍ സദസ്സിലെ പുജ്യരെ വന്ദിച്ചുകൊണ്ട് ചോദിച്ചു:

 ദ്രൗപതിയുടെ ചോദ്യത്തിന് ആരും ശരിയായ മറുപടി പറയാത്തതെന്ത്?അവള്‍ പാണ്ഡവവര്‍ക്കെല്ലാം ഭാര്യയാണ് അവള്‍.എല്ലാവര്‍ക്കും അവകാശപ്പെട്ട ഒന്ന് ഒരാള്‍ക്ക്‌ മാത്രം പണയം വയ്ക്കാന്‍ അധികാരം ഉണ്ടോ? അതിനാല്‍ തന്നെ ദ്രൗപതി സ്വതന്ത്രയല്ലേ?

വികര്‍ണ്ണന്‍ ഇത് പറയുമ്പോള്‍ കര്‍ണ്ണന്‍ സുയോധനനെ നോക്കി.അയാള്‍ നിശബ്ധനായി തുടരുന്നത് കണ്ട് കര്‍ണ്ണന്‍ എഴുന്നേറ്റു നിന്നു.വികര്‍ണനോടായി അയാള്‍ പറഞ്ഞു:

ഏതു രീതിയിലാണ് ദ്രൗപതി സ്വതന്ത്രയാവുന്നത്?ധര്‍മ്മപുത്രര്‍ ആദ്യമേ പറഞ്ഞല്ലോ തന്‍റെ സര്‍വവും പണയപ്പെടുത്തുന്നതായി.അതില്‍ ഇവളും പെടില്ലേ?

ഒന്ന് നിര്‍ത്തിക്കൊണ്ട് അയാള്‍ തുടര്‍ന്നു:

ഇവളെ സഭയില്‍ കൊണ്ടുവന്നതും ന്യായമാണ്.കാരണം ഇവള്‍ പതിവൃതയല്ല.അനേകം ഭര്‍ത്താക്കന്മാര്‍ ഉള്ളവള്‍.അത്തരത്തിലോരാള്‍ക്ക് സഭയും അന്തപ്പുരവും ഭേദമില്ല.

പിന്നെ അയാള്‍ ദ്രൌപതിക്ക് സമിപം നില്‍ക്കുന്ന ദുസ്സാസനനോട് പറഞ്ഞു:

ധര്മ്മപ്രകാരം സുയോധനന് അടിമപ്പെട്ടവള്‍ കുലീന വസ്ത്രമുടുത്ത് വിലസുന്നത് ഉചിതമല്ല.അതിനാല്‍ ഇവരുടെ വസ്ത്രങ്ങള്‍ അഴിച്ചുവാങ്ങുക.


 

 സദസ്സ് ഒന്ന് നടുങ്ങി.എങ്കിലും ആരും ഒന്നും മിണ്ടിയില്ല.കര്‍ണ്ണന്റെ ആവശ്യമറിഞ്ഞ പാണ്ഡവര്‍ വേഗം തങ്ങളുടെ ഉത്തരിയ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി!എന്നാല്‍ അവര്‍ക്കൊപ്പം അതനുഷ്ടിക്കാന്‍ പാഞ്ചാലി തയ്യാറായില്ല!

അവളുടെ ധിക്കാരം ദുസ്സാസനനെ ശുണ്ടിപിടിപ്പിച്ചു.അയാള്‍ അവളുടെ ഉത്തരിയത്തില്‍ കൈവച്ചു.അപ്പോള്‍ അവള്‍ ദീനയായി കൃഷ്ണനെ വിളിച്ചു കരയാന്‍ തുടങ്ങി.ഉടന്‍ ഭീമന്‍റെ ശപഥം അവിടെ മുഴങ്ങി:  

ദ്രൌപതിയുടെ വസ്ത്രാക്ഷേപംനടത്താന്‍മുതിരുന്ന ഈ കൌരവദിതീയനെ,ദുഷ്ട്ടനായ ഈ ദുസ്സാസനനെ,ഞാന്‍മാറത്തടിച്ചുകൊല്ലും.

അതുകേള്‍ക്കെ ദുസ്സാസനന് അരിശം മുത്തു.അയാള്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ല.അയാള്‍ തന്‍റെ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു.

അപ്പോള്‍ ആരോ പറഞ്ഞറിഞ്ഞ് ധൃതരാഷ്ട്രര്‍ അതിവേഗം അവിടെ എത്തി.അദ്ദേഹം കോപിഷ്ഠനായി ശകുനിയെയും ശാസിച്ചു.പിന്നെ സാവകാശം പാഞ്ചാലിയോടായി പറഞ്ഞു:

നീ മോചിതയായിരിക്കുന്നു.ധര്‍മ്മപുത്രരെ ഇത്തരം കളികളില്‍ നിന്നും നീ പിന്തിരിപ്പിക്കണം.എല്ലാവരും പിരിഞ്ഞുപോയി യഥാവിധി വാഴുക.

സദസ്സ് പിരിഞ്ഞു.പാണ്ഡവര്‍ നമ്രശിരസ്കരായി അകത്തേക്കുപോയി.അപ്രതീക്ഷിതമായ സംഭവഗതികളില്‍ ലജ്ജിതനായി സുയോധനന്‍ ഇരിപ്പിടത്തില്‍ തന്നെ ഇരുന്നു.

൦൦൦

No comments:

Post a Comment