Wednesday, October 9, 2013

അധ്യായം-26-ധര്‍മ്മാധര്‍മ്മ വിചാരണകള്‍

 അധ്യായം-26

രാത്രി അത്താഴത്തിനിരിക്കുമ്പോഴാണ് പാണ്ഡവര്‍ മടങ്ങിയ വിവരം സുയോധനന്‍ അറിയുന്നത്.ഉണ്ടായ കാര്യങ്ങളില്‍ എല്ലാവര്‍ക്കും കുണ്ടിതമുണ്ടെന്ന് ഊണ്‍മേശയിലെ നിശബ്ധതയില്‍ നിന്നും ഊഹിക്കാന്‍ കഴിഞ്ഞു.ദുസ്സാസനന്‍ വേഗം ഭക്ഷണം തിര്‍ത്ത് എഴുന്നേറ്റുപോയി.

 ഭക്ഷണം കഴിഞ്ഞ് തന്‍റെ ശയ്യാഗൃഹത്തിലേക്ക് നടക്കുമ്പോള്‍ ഇടനാഴിക്കരികിലെ ചെറിയ മുറ്റത്ത് ദുസ്സാസനനൊപ്പം ശകുനിയും കര്‍ണ്ണനും നില്‍ക്കുന്ന കണ്ടു.സുയോധനന്‍ അവര്‍ക്കരികിലേക്കുചെന്നു.അപ്പോള്‍ ശകുനിയുടെ കഴിവിനെ പുകഴ്ത്തി ദുസ്സാസനന്‍ സംസാരിക്കുകയായിരുന്നു.

അമ്മാവന്‍ കളിച്ചത് നന്നായി.എട്ടനായിരുന്നെങ്കില്‍ ഞങ്ങള്‍ ഇപ്പോള്‍ അടിമകളായേനെ!

അവര്‍ അതുകേട്ട്‌ പൊട്ടിച്ചിരിച്ചു.സുയോധനനും അതില്‍ പങ്കുകൊണ്ടു.

 

 

ദ്രൌപതിയാണ് അവരെ രക്ഷിച്ചത്‌.അല്ലായിരുന്നുവെങ്കില്‍........

ശകുനി തീര്‍ക്കും മുന്‍പേ കര്‍ണ്ണന്‍ പറഞ്ഞു:

ഞാന്‍ കണ്ടിട്ടുള്ളതില്‍ ഒരുത്തിപോലും ഇത്തരത്തില്‍ ഒരു മഹത് കൃത്യം ചെയ്തിട്ടില്ല.വെള്ളത്തിലേക്ക് വീണ പാണ്ഡവര്‍ക്ക് അവള്‍ തോണിയായി!

നിശബ്ധനായി നില്‍ക്കുന്ന സുയോധനനോട് കര്‍ണ്ണന്‍ ചോദിച്ചു:

ചങ്ങാതി,നിനക്കെന്തു പറ്റി?ഭീമന്‍റെ ശപഥം ഭയന്നിട്ടാണോ?

എന്തു ശപഥം ?

ശകുനി പറഞ്ഞു:

സഭാമധ്യത്തില്‍ നിലവിട്ടുനിന്ന നീ അതൊന്നും കേട്ടുകാണില്ല! ദ്രൌപതിയുടെ മാത്രമല്ല,നിന്റെ തുണിയും ഊര്‍ന്ന് പോയിരുന്നു!

അതുകേട്ട്‌ എല്ലാവരും ചിരിച്ചു.അപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

ആ നേരം നിന്റെ തുട നോക്കി ഇത് ഞാന്‍ തച്ചുടക്കുമെന്നു ആ ഭീമന്‍ പറഞ്ഞത് നീ കേട്ടില്ലേ?

താന്‍ അത് കേട്ടില്ലെന്നു പറഞ്ഞപ്പോള്‍ അവര്‍ മുവരും വീണ്ടും അയാളെ കളിയാക്കി.സുയോധനന്‍ പറഞ്ഞു:

ഞാന്‍ ധര്‍മ്മാധര്‍മ്മ വിചാരങ്ങളാല്‍ ചിന്താ കുഴപ്പത്തിലായിരുന്നു.

അതുകേട്ട്‌ മുവരും അല്‍പ്പനേരം നിശബ്ദമായി നിന്നു.പിന്നെ കര്‍ണ്ണന്‍ മൌനം ഭേദിച്ചു:

സുയോധനാ,ജീവിതത്തില്‍ അധര്‍മ്മങ്ങള്‍ സംഭവിക്കുക സ്വാഭാവികം മാത്രമാണ്.അതോര്‍ത്തു വ്യാകുലപ്പെടുന്നത്‌ ഒരു രാജാവിന് ഭുഷണമല്ല.

പിന്നെ അയാള്‍ എല്ലാവരെയും നോക്കി തുടര്‍ന്നു:

നാം ചെയ്തത് ശരിയോ തെറ്റോ എന്ന് നിര്‍ണ്ണയിക്കും മുന്‍പ് അതിന്‍റെ ഫലത്തെപ്പറ്റി ചിന്തിക്കുക.ഇത് മുലം പാണ്ഡവരിലെ അനൈക്ക്യം സ്പഷ്ടമായില്ലേ? ഭീമന്‍ എല്ലാരും കാണ്‍കെയല്ലേ ധര്‍മ്മപുത്രരെ എതിര്‍ത്തത്?

ശകുനി പറഞ്ഞു:

അത് ശരിയാണ്‌ .പക്ഷെ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായി അനൈക്ക്യം.വികര്‍ണ്ണന്‍ ചെയ്തതെന്താണ്?

ശകുനി എല്ലാവരെയും മാറിമാറി നോക്കി.അപ്പോള്‍ തികച്ചും അപ്രതിക്ഷിതമായി അവിടേക്ക് വികര്‍ണ്ണന്‍ കടന്നുവന്നു.അയാള്‍ സുയോധനനെ വന്ദിച്ചുകൊണ്ട് പറഞ്ഞു:

ജേഷ്ടന്മാരെ,എനിക്ക് നിങ്ങളെ സഭാമധ്യത്തില്‍ വച്ച് ധിക്കരിക്കെണ്ടിവന്നു.ധര്‍മ്മചിന്ത എന്നെ വ്യാകുലപ്പെടുത്തിപ്പോയി.എന്നോട് പൊറുക്കണം.

അനുജനെ വാത്സല്യത്തോടെ മാറോടണച്ചുകൊണ്ട് സുയോധനന്‍ പറഞ്ഞു:

ഇല്ല.നിനക്ക് തെറ്റ് പറ്റിയില്ല.നീ ചെയ്തത് യുക്തം തന്നെ.നിന്നില്‍ എക്കാലത്തും ധാര്‍മികത ഇതേപോലെ നിലനില്‍ക്കട്ടെ.

സുയോധനന്റെ ശബ്ദം ഇടറിയത് എല്ലാവരും അറിഞ്ഞെങ്കിലും ആ കണ്ണുകള്‍ നിറഞ്ഞത്‌ കര്‍ണ്ണന്‍ മാത്രമേ കണ്ടുള്ളൂ!

 

൦൦൦

 

No comments:

Post a Comment