Wednesday, November 13, 2013

അദ്ധ്യായം-29,ആദ്യരാത്രിയുടെ ആലസ്യത്തില്‍ ...

 അദ്ധ്യായം-29
ഹസ്തിനപുരം വധൂവരന്മാരെ ഏറെ ആഹ്ലാദത്തോടെയാണ് വരവേറ്റത്.രാജവീഥികള്‍ മാത്രമല്ല ഇടനാഴികള്‍ പോലും കൊടിതോരണങ്ങള്‍കൊണ്ട് അലംകൃതമായിരുന്നു!സുയോധന പത്നിയെ ഒരുനോക്കുകാണാന്‍ പ്രജകള്‍ വഴിയോരങ്ങളില്‍ കാത്തുനിന്നു.

വധുവരന്മാരെയും കൊണ്ട് രഥം കൊട്ടാര മുറ്റത്തു പ്രവേശിക്കുമ്പോള്‍ ഏവരും പുമുഖത്തു സന്നിഹിതരായിരുന്നു.തേരില്‍നിന്നും ഇറങ്ങിയ ഉടന്‍ തന്നെ സുയോധനന്‍ പിതാമഹനായ ഭിഷ്മരെ നമസ്കരിച്ചു.പിന്നെ അച്ഛനെയും അമ്മയെയും വന്ദിച്ചു.വിദുരര്‍,ശല്യര്‍,ദ്രോണര്‍ തുടങ്ങി എല്ലാവര്‍ക്കും അര്‍ഘ്യങ്ങള്‍ നല്‍കി യഥാവിധി പ്രണമിച്ചു.ഭാനുമതിയും കര്‍മ്മങ്ങളില്‍ സുയോധനനെ പിന്തുടര്‍ന്നു.

ഉപചാരങ്ങള്‍ക്ക്‌ ശേഷം അവര്‍ കൊട്ടാരത്തിലേക്ക് പ്രവേശിച്ചു.അപ്പോള്‍ ദുസ്സാസനന്‍ വന്ന്അവരെ കാല്‍തൊട്ടുവന്ദിച്ചുകൊണ്ട് എതിരേറ്റു.തുടര്‍ന്ന് മറ്റു സഹോദരങ്ങളും അപ്രകാരം തന്നെ ചെയ്തു.ദുശശള നമസ്കരിച്ചപ്പോള്‍ ഭാനുമതി അവളെ അമ്മ മകളെയെന്നപോലെ പുണര്‍ന്ന് നെറ്റിയില്‍ മുത്തമിട്ടു!ആ കാഴ്ച സുയോധനനെ ഏറെ സന്തോഷിപ്പിച്ചു.പിന്നെ നിറഞ്ഞ ചാരിതാര്‍ത്യത്തോടെ അയാള്‍ ഭാനുമതിയുടെ കരം ഗ്രഹിച്ചുകൊണ്ട് അകത്തേക്ക് നടന്നു.

വൈകുന്നേരമായപ്പോഴേക്കും കാശി രാജ്യത്തുനിന്നും രാജാവ് പത്നിയോടും പരിവാരങ്ങളോടും കൂടി  ഹസ്ഥിനപുരത്തു വിരുന്നു വന്നു.അവരെ രാജോജിതമായിത്തന്നെ കൊട്ടാരം സ്വീ കരിച്ചു.കുശലങ്ങള്‍ക്കും വിഭവസമൃദ്ധമായ വിരുന്നിനും ശേഷമുള്ള വിശ്രമ വേളയില്‍ ഭീക്ഷമര്‍ കാശി രാജനോട്‌ പറഞ്ഞു:
 അങ്ങയുടെ മകളെ ഹസ്ഥിനപുരത്തിന്റെ പുത്രിയായി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്.

കാശിരാജന്‍  പറഞ്ഞു :
ഞങ്ങളും അതില്‍ സന്തോഷിക്കുന്നു.ഈ ബന്ധം ചെറുതല്ല.
അപ്പോള്‍ വിദുരര്‍ രാജാവിനോട് ചോദിച്ചു:
കുശാഗ്രബുദ്ധിയെന്നു അറിയപ്പെടുന്ന  ദുര്യോധനനെ അങ്ങ് മകള്‍ക്കായി തിരഞ്ഞെടുത്തത് എന്താണ്?

രാജാവ് പുഞ്ചിരിയോടെ പറഞ്ഞു:
അതൊക്കെ പ്രചാരണങ്ങള്‍ മാത്രമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.രാജ്യഭരണം അത്ര സുഗമമല്ല.അപ്പോള്‍ ഇത്തരം പ്രചാരണങ്ങള്‍ സ്വാഭാവികം.എന്നാല്‍ സുയോധനന്‍ അതെല്ലാം മറികടക്കാന്‍ ശേഷിയുള്ള രാജാവാണ്.സഹോദര സ്നേഹവും ബന്ധുത്വകാംഷയും ഇത്രത്തോളം എന്നില്‍പോലും ഇല്ല!അങ്ങയെക്കാള്‍ കൂറുള്ളവനായി ഞാന്‍ ഇവനെ കാണുന്നു.

കാശിരാജന്റെ പരാമര്‍ശങ്ങള്‍ വിദുരരെ അസ്വസ്ഥമാക്കി.

വികാര  നിര്‍ഭരമായാണ് രാജാവും പരിവാരങ്ങളും മകളോട് യാത്രപറഞ്ഞ് ഇറങ്ങിയത്.മകളെ ചേര്‍ത്തണച്ച്,സുയോധനന്റെ കരം കുട്ടിപ്പിടിച്ചുകൊണ്ട് രാജാവ് ഏവരുംകേള്‍ക്കെപറഞ്ഞു:
വളരെ സംതൃപ്തിയോടെ യാണ് ഇവളെ നിന്നെ ഏല്‍പ്പിക്കുന്നത്.ഏതു കൊടുംകാറ്റിലും അണയാത്ത ദീപമായിരിക്കും ഇവള്‍ .നീയും അതുപോലെതന്നെയായിരിക്കണം ഇവള്‍ക്ക്.

അപ്പോള്‍ കര്‍ണ്ണന്‍ മെല്ലെ മുന്നോട്ടു വന്നുകൊണ്ട്‌ പറഞ്ഞു:

മഹാരാജാവേ,അങ്ങേക്ക് ആശങ്ക വേണ്ട.ഉറ്റവര്‍ക്കായി എന്തും ത്യെജിക്കുന്ന ഇവനെ വിശ്വസിക്കാം.

രാജാവ് അതുകേട്ടു പുഞ്ചിരിച്ചു.പിന്നെ ഒരിക്കല്‍ കൂടി എല്ലാവരോടുമായി യാത്ര പറഞ്ഞു കൊണ്ട് തേരില്‍ കയറി.കൊട്ടാര വാതില്‍ക്കല്‍ വരെ ഏവരും അവരെ അനുഗമിച്ചു.

ദീപങ്ങളെല്ലാം തെളിയിച്ചുകൊണ്ട്‌ രാത്രി മിഴിതുറന്നു.ഭക്ഷണാനന്തരം തന്റെ ശയ്യാഗൃഹത്തില്‍ സുയോധനന്‍ ഭാനുമതിയെയും കാത്തിരുന്നു.ഏറെ വൈകാതെ മുറിയുടെ വാതിലിനപ്പുറം മെയ്യാഭരണങ്ങളുടെ കിലുക്കവും നേര്‍ത്ത ചിരികളും അടക്കംപറച്ചിലുകളും ഉയര്‍ന്നു.നമ്രശിരസ്കയായി ഭാനുമതി അകത്തേക്ക് പ്രവേശിച്ചു.അവള്‍ക്കു പുറകില്‍ എത്തിയ ദാസി ഫലമൂലാദികളുടെ ഒരു തളിക അകത്തുകൊണ്ടുവന്നുവച്ച്,സുഗന്ധ ധൂപം വീശി പിന്‍വാങ്ങി.ഭാനുമതി ലജ്ജിതയായി വാതിക്കല്‍ തന്നെ നില്‍ക്കുകയാണ്.സുയോധനന്‍ പതിയെ എഴുന്നേറ്റുചെന്ന് മുറിയുടെ കതകുകള്‍ ചേര്‍ത്തടച്ചു കുറ്റിയിട്ടു.അനന്തരം അവളെ കൈപിടിച്ച് ശയ്യയില്‍ ഇരുത്തി.ഒരു വെള്ളരിപ്രാവിനെപ്പോലെ,ശിരോവസ്ത്രം തിരുപ്പിടിച്ച് അവളിരുന്നു.സുയോധനന്‍ അത് പിടിച്ചു താഴേക്കൂര്‍ത്തിയിട്ടു.


ദീപനാളങ്ങള്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍ അയാള്‍ക്ക്‌ നേരെ ഉയര്‍ത്തിക്കൊണ്ടു അവള്‍ നാണത്തോടെ പുഞ്ചിരിച്ചു.സുയോധനന്‍ അവള്‍ക്കരികിലേക്ക് കുറച്ചുകൂടി ചേര്‍ന്നിരുന്നു.അപ്പോള്‍ , ലജ്ജയാല്‍ കുനിഞ്ഞുപോയ അവളുടെ മുഖം ഇരുകൈകളിലും എടുത്ത്‌ പതിയെ തന്റെ ചുണ്ടുകള്‍ അവളുടെ അധരങ്ങളില്‍ ചേര്‍ത്തു.ആ സമയം അവളുടെ താമരപ്പൂവിരലുകള്‍ അയാളുടെ പിന്‍കഴുത്തില്‍ മുറുകെ ചേര്‍ന്നു.അവളെ അയാള്‍ മെത്തയിലേക്ക് ചായ്ച്ചു.ഉടലില്‍ പുളകം പുറത്തു,മിഴി പാതിയടച്ച്‌,അവളങ്ങിനെ കിടക്കുമ്പോള്‍ ,ദീപപ്രഭയില്‍ ജ്വലിക്കുന്ന അവളുടെ ഉടല്‍ചന്തം അയാള്‍ ആസ്വദിച്ചു.ഉയര്‍ന്നു പൊങ്ങുന്ന മാറിടം അയാളെ മദോന്മത്തനാക്കി.അവളുടെ തിളങ്ങുന്ന ഉടയാട ചേര്‍ത്തു പിടിപ്പിച്ചിരിക്കുന്ന സുവര്‍ണ്ണചരടുകള്‍ അയാള്‍ മെല്ലെ വേര്‍പ്പെടുത്താന്‍ തുടങ്ങി.

൦൦൦



No comments:

Post a Comment