Monday, November 18, 2013

അദ്ധ്യായം 30,യാത്രയായ്.............

 അദ്ധ്യായം 30
ഭാര്യയെ കുറിച്ചുള്ള സുയോധനന്റെ പ്രതിക്ഷകള്‍ അസ്ഥാനത്തായില്ല.ഭാനുമതി വളരെ വേഗത്തില്‍ത്തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവളായി.അനുജന്മാര്‍ക്കെല്ലാം ഏട്ടത്തിയമ്മയായി.ഇളയവളായ ദുശശളയെ സ്വന്തം കുഞ്ഞിനെയെന്നപോലെയാണ് അവള്‍ കണക്കാക്കിയത്.

കുടുംബകാര്യങ്ങളില്‍ ഏറെ ശ്രദ്ധിച്ചിരുന്ന അവള്‍ ഒരിക്കലും രാജ്യകാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല.സഭാമണ്ഡലത്തില്‍ പോലും അവള്‍ വല്ലപ്പോഴും മാത്രമേ പ്രത്യക്ഷപ്പെടാറുള്ളു.താന്‍ പറയുന്ന രാജ്യകാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കും എന്നല്ലാതെ അഭിപ്രായമൊന്നും പറയാറില്ല.അങ്ങിനെ പറഞ്ഞുകൊണ്ടിരുന്ന ഒരു രാത്രിയിലാണ് തന്റെ ഉള്ളില്‍ വളരുന്ന കുഞ്ഞിനെപ്പറ്റി അവള്‍ പറഞ്ഞത്.നനുത്ത അടിവയറ്റില്‍ തഴുകുമ്പോള്‍ അവള്‍ ലജ്ജയോടെ പറഞ്ഞു:

ധൃതി വയ്ക്കേണ്ട അവന്‍ മെല്ലെ വളരട്ടെ.

പിറ്റേന്നുതന്നെ ആ വാര്‍ത്ത കൊട്ടാരമാകെ പരന്നു.എല്ലാവരും അതില്‍ ആഹ്ലാദിച്ചു.ഗാന്ധാരി ആരതിയുഴിഞ്ഞു.അവളെ വാത്സല്യത്തോടെ മാറോട് ചേര്‍ത്തു.എല്ലാവരിലും സന്തോഷം പകര്‍ന്നുകൊണ്ട് അവളുടെ വയര്‍ മെല്ലെ വളര്‍ന്നു വന്നു.

ഭാനുമതിക്ക് മാസം ഏഴു തികഞ്ഞു.ആചാരമനുസരിച്ച് വീട്ടിലേക്ക് കൂത്തിക്കൊണ്ടുപോകാന്‍ സമയമായി.ദിവസവും മുഹുര്‍ത്തവും കുറിച്ചുകൊണ്ട് കാശിരാജ്യത്തുനിന്നും ദൂതനെത്തി.അവളെ ഇനി പിരിയേണ്ടി വരുമെന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ദുഃഖം തോന്നി.അത് തിച്ചരിഞ്ഞുകൊണ്ട് ഭാനുമതി അയാളെ ആശ്വസിപ്പിച്ചു:

എന്തിനാ ഇത്ര വിഷമം?ഉണ്ണിയുമായിട്ടല്ലേ ഞാന്‍ തിരികെ വരിക.

നിശ്ചയിക്കപ്പെട്ട ദിനം തന്നെ രാജാവ് പരിവാര സമേതം എത്തി.നേരത്തെ അറിയിച്ചതനുസരിച്ച് ബന്ധുമിത്രാദികളും എത്തിച്ചേര്‍ന്നിരുന്നു.എന്നാല്‍ ദൂത് വിട്ടിട്ടും പാണ്ഡവര്‍ മാത്രം വന്നില്ല.അതില്‍ ഭാനുമതിക്കും ദുഃഖം ഉണ്ടായിരുന്നു.കാരണം വിവാഹ ശേഷം അവള്‍ പാണ്ഡവരേ കണ്ടിട്ടില്ല.ഇത് അതിനുള്ള ഒരു അവസരമായി അവള്‍ കരുതിയിരുന്നു.

 യാത്രക്കുള്ള സമയമടുത്തു.സര്‍വാഭരണ വിഭുഷിതയായി ഭാനുമതി പൂമുഖമണഞ്ഞു.അവിടം ബന്ധുക്കളെക്കൊണ്ട് നിറഞ്ഞിരുന്നു.യഥാവിധി എല്ലാവരെയും വന്ദിച്ച്,ദക്ഷിണ നല്‍കി നമസ്കരിച്ചു.മംഗളഗാനം മുഴങ്ങിയതോടെ അവള്‍ തേരില്‍ കരേറി.മുന്നോട്ടു നിങ്ങിയ തേരില്‍ ഇരിക്കുമ്പോള്‍ അവള്‍ തന്റെ ശിരോവസ്ത്രം പാതി നീക്കി അയാളെ തിരിഞ്ഞു നോക്കി.ആ കണ്ണുകള്‍ നിറഞ്ഞു തുളുംബിയിരുന്നു!

ഭാനുമതി പോയതില്‍ പിന്നെ കടുത്ത ഏകാന്തത തോന്നി.വന്നുകണ്ടവര്‍ക്കെല്ലാം ഉചിതമായ ഉപഹാരങ്ങള്‍ നല്‍കി അയാള്‍ യാത്രയാക്കി.ഇന്നത്തെ ദിവസം ഉണ്ടായ കര്‍ണ്ണന്റെ അഭാവവും അയാളെ അസ്വസ്ഥനാക്കിയിരുന്നു.എന്നാല്‍ അയാളില്‍ അത്ഭുതം പകര്‍ന്നുകൊണ്ട് ആ നിമിഷം വാതില്‍ക്കല്‍ കര്‍ണ്ണന്‍ പ്രക്ത്യക്ഷപ്പെട്ടു!അയാള്‍ക്കെതിരെ മുഖം തിരിച്ച സുയോധനനോട് കര്‍ണ്ണന്‍ പറഞ്ഞു:

പിണങ്ങേണ്ട ചങ്ങാതി.ഒഴിഞ്ഞു നിന്നത് മനപ്പൂര്‍വമാണ്‌.

പിന്നെ അയാള്‍ക്കരികില്‍ അണഞ്ഞുകൊണ്ട് കര്‍ണ്ണന്‍ പറഞ്ഞു:

പാണ്ഡവരേ ഞാന്‍ പ്രതിക്ഷിച്ചു.വെറുതെ എന്തിന്‌ അപമാനിതനാകണം?

ആ വാക്കുകളുടെ ആഴം സുയോധനന് മനസിലായി.അയാള്‍ ആ കുട്ടുകാരനെ ഗാഡമായി പുണര്‍ന്നു.

                ൦൦൦

No comments:

Post a Comment