Monday, November 25, 2013

അദ്ധ്യായം-34,താലോലം പൈതല്‍ ............

കര്‍ണ്ണന്‍ ആണ് ദുശളക്കായി ആ പേര് നിര്‍ദ്ദേശിച്ചത് :
ബ്രുഹല്‍ക്കായ പുത്രനായ ജയദ്രഥന്‍ എന്തുകൊണ്ടും പെങ്ങള്‍ക്ക് അനുയോജ്യനായിരിക്കും.മഹാവീരനാണദ്ദേഹം.പാഞ്ചാലി സ്വയംവരനാള്‍ ഞാനത് നേരില്‍ കണ്ടതാണ്.

അപ്പോള്‍ ദുസ്സാസനന്‍ ചോദിച്ചു:

മറ്റു ചില കഥകള്‍ അയാളെപ്പറ്റി ഉണ്ടല്ലോ.ആശ്രമ വാസികളായ പാണ്ഡവരെ ധിക്കരിച്ച്‌ പാഞ്ചാലിയെ സ്വന്തമാക്കാന്‍ ശ്രമിച്ചത്‌.

അതുകേട്ട്‌ കര്‍ണ്ണന്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു:

ദുസ്സാസന,വീരന്മാരെപ്പറ്റി ഇത്തരം പല കെട്ടുകഥകളും ഉണ്ടാകും.സ്വന്തം കരുത്തില്‍ സംശയം ഉള്ളവര്‍ പറഞ്ഞു പരത്തുന്ന കഥകള്‍.അതെല്ലാം നാം വിശ്വസിക്കണോ?പ്രത്യേകിച്ചും അഞ്ചുപേര്‍ ഭര്‍ത്താക്കന്മാരായ ദ്രൌപതിയെക്കുറിച്ച് ആവുമ്പോള്‍ ?

കര്‍ണ്ണന്റെ ചോദ്യത്തെ മൌനംകൊണ്ടവര്‍ പുരിപ്പിച്ചു നിന്നപ്പോള്‍,കര്‍ണ്ണന്‍ തുടര്‍ന്നു:

ഞാന്‍ എങ്ങിനെ നിങ്ങള്‍ക്ക്‌ വിശ്വസ്തനായിരിക്കുന്നുവോ,അതേപോലെ തന്നെയാവും അയാളുമെന്ന് ഉറപ്പിക്കാം.നിങ്ങള്‍ അനുവാദം തരുമെങ്കില്‍ ഞാന്‍ മുന്‍കൈയെടുക്കാം.ദുസ്സള എന്റെയും പെങ്ങളാണല്ലോ.

അതുകേട്ട് സുയോധനന്‍ പറഞ്ഞു:

ഞങ്ങള്‍ക്ക് സമ്മതമാണ്.നീ ഉചിതംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക.

സുയോധനന്റെ വാക്കുകള്‍ ശിരസ്സാവഹിച്ചുകൊണ്ട്‌ കര്‍ണ്ണന്‍ പിന്‍വാങ്ങി.

അധികം വൈകാതെ തന്നെ പെണ്ണുകാണല്‍ ചടങ്ങ് നടന്നു.അര്‍ക്കശോഭയോടെ തിളങ്ങുന്ന അയാളെ ഹസ്തിനപുരം യഥാവിധി മാനിച്ച് ആതിഥ്യമരുളി.ഭാനുമതിയാണ് അവളെ അണിയിച്ചൊരുക്കി സഭാമണ്ഡപത്തില്‍ എത്തിച്ചത്.രത്നഖചിതമായ പീ൦ത്തില്‍ തന്റെ കുഞ്ഞുപെങ്ങള്‍ നാണം പുണ്ട് മുഖം കുനിച്ചിരിക്കുന്നത്‌ സുയോധനന്‍ നിര്‍വൃതിയോടെ നോക്കി നിന്നു.

ഹസ്തിനപുരം കണ്ട ഏറ്റവും വലിയ ആഘോഷമായിരുന്നു ദുസ്സലയുടെ വിവാഹം.പാണ്ഡവരെ നേരില്‍ ചെന്നാണ് ക്ഷണിച്ചത്.

ജയദ്രഥനോ?

അത്ഭുതത്തോടെയാണ് ധര്‍മ്മപുത്രര്‍ ചോദിച്ചത്.വിദുര ഗൃഹത്തില്‍ താമസിക്കയായിരുന്ന കുന്തിയെ അവിടെചെന്ന് ക്ഷണിച്ചു.കുന്തിക്കു സന്തോഷമായി.പോരാന്‍ നേരം അവര്‍ പറഞ്ഞു:

ഞാന്‍ ഭയപ്പെട്ടത് സംഭവിച്ചില്ലല്ലോ.സന്തോഷമുണ്ട്.

അപ്പോള്‍ അയാള്‍ ചോദിച്ചു:

എന്തായിരുന്നു അത്?

അത്....

അവര്‍ ഒന്ന് നിര്‍ത്തി,വിദുരരേ നോക്കി.പിന്നെ സാവകാശം പറഞ്ഞു:

കര്‍ണ്ണനെയാണ് ഞാന്‍ വരനായി പ്രതിക്ഷിച്ചത്.അത് സംഭവിച്ചില്ലല്ലോ.ആശ്വാസം!

സുയോധനന്‍ ഒന്നും പറഞ്ഞില്ല.എല്ലാവരും അത് ആഗ്രഹിച്ചിരുന്നിരിക്കണം.അല്ലെങ്കില്‍ ഭയന്നിട്ടുണ്ടാവണം!

വിവാഹത്തിന് എല്ലാവരും എത്തിയിരുന്നു,പാണ്ഡവരും.അങ്ങിനെ നൂറ്റിയഞ്ചു സഹോദരങ്ങള്‍ നിരന്നുനിന്ന സഭയില്‍ വച്ച്,ജയദ്രഥന്‍ ദുസ്സളയെ താലിചാര്‍ത്തി.ഭര്‍തൃ ഗൃഹത്തിലെക്കുള്ള യാത്രക്ക് സമയമായി.ദുസ്സള മാതാപിതാക്കളെയും ഗുരുക്കന്മാരേയും വന്ദിച്ച്‌ സുയോധന സമീപം എത്തി.ആ കാല്‍ക്കിഴില്‍ തൊട്ടു വന്ദിച്ചു.അച്ഛന്‍ മകളെ എന്നപോലെ അയാള്‍ സോദരിയെ പിടിച്ചുയര്‍ത്തി മാറോടണച്ചു.അയാളുടെ മിഴികള്‍ നിറഞ്ഞു തുളുമ്പി,അത് കണ്ടുനിന്നവരുടെയും.

000

No comments:

Post a Comment