Monday, November 25, 2013

അദ്ധ്യായം-35,സ്വരക്ഷയ്ക്കായി

ഭരണവും കുടുംബ ജീവിതവും ഭദ്രമായിത്തന്നെ മുന്നോട്ടു പോയെങ്ങിലും സുയോധനന്റെ മനസ്സ് അകാരണമായി അസ്വസ്തമായിക്കൊണ്ടിരുന്നു.പാണ്ഡവരുടെ അകല്‍ച്ചയായിരുന്നു ഇതിനു പ്രധാന കാരണം.ഏതെങ്കിലും തരത്തില്‍ അവര്‍ പ്രതികാരം ചെയ്യുമെന്നുള്ള കര്‍ണ്ണന്റെ താക്കിതുകള്‍ കണക്കിലെടുക്കാതെ വയ്യ.അവരുമായി ഒരു ഐക്യത്തിന് ശ്രമിക്കാനാണ്‌ ഭാനുമതി ഉപദേശിക്കുന്നത്.ഇക്കാര്യം പറഞ്ഞപ്പോള്‍ കര്‍ണ്ണനും ശകുനിയും പരിഹസിച്ചു ചിരിക്കയാണ് ചെയ്തത്.

അതൊരിക്കലും നടക്കുകയില്ല.

ശകുനി പറഞ്ഞു.

അന്ന് ചൂതിനു ശേഷം മഹാരാജന്‍ അവരെ മോചിപ്പിച്ചത് തന്നെ എനിക്ക് സഹിക്കാന്‍ ആയിട്ടില്ല.

ആ അഭിപ്രായം ശരിവച്ചുകൊണ്ട് കര്‍ണ്ണന്‍ പറഞ്ഞു:

മുര്‍ഖന്‍പാമ്പിനെ തന്നെയാണ് നാം അന്ന് നോവിച്ചു വിട്ടത്.അവര്‍ പകരം വീട്ടാതിരിക്കില്ല.അതിനുമുന്‍പ്‌ അവരെ നിരായുധരാക്കാനാണ് നാം മുതിരേണ്ടത്.അല്ലാതെ സന്ധിക്ക് അല്ല.ഒന്നുകില്‍ യുദ്ധം അല്ലെങ്കില്‍ വീണ്ടും ഒരു ചുത്!

ശകുനി കര്‍ണ്ണനെ പിന്താങ്ങി:

മഹാരാജനെക്കൊണ്ട് അവരെ ഇനിയും  ചുതിനു വിളിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാം.സമ്പത്തിനു പകരം വനവാസം ഉറപ്പിച്ചാല്‍ നിനക്ക് സ്വസ്ഥമായി ഭരിക്കാം.

തന്റെ പ്രിയപ്പെട്ട അഭ്യുദയകാംക്ഷികളുടെ വാക്കുകള്‍ തള്ളിക്കളയാനാകാതെ സുയോധനന്‍ ധര്‍മ്മസങ്കടത്തിലായി.ഭാവിയില്‍ തന്റെതെല്ലാം അവര്‍ക്ക് സ്വന്തമായിക്കുടാ.പാണ്ഡവര്‍ കുതന്ത്രശാലികളാണ് .ഇപ്പോള്‍ കൃഷണന്റെ ബന്ധുത്വം കൂടി അവര്‍ക്കുണ്ട്!തന്ത്രങ്ങള്‍ക്ക് മറ്റാരെയും അവര്‍ക്ക് ആശ്രയിക്കേണ്ടി വരില്ല.അതിനാല്‍ തന്റെ സുരക്ഷയക്ക്‌ എന്തെങ്കിലും ചെയ്തെപറ്റു എന്നുറപ്പിച്ചുകൊണ്ട്‌ അയാള്‍ അച്ഛന്റെ സമീപത്തേക്ക് നടന്നു.

അദ്ധേഹം മന്ത്രിമാരുമായി രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു.അച്ഛനെ വന്ദിച്ചുകൊണ്ട് സുയോധനന്‍ തന്റെ മനോഗതം അറിയിച്ചു.അത് കേട്ട് മഹാരാജാവ് സദസ്സ്യരോട് അഭിപ്രായം ആരാഞ്ഞു.ഒരു മന്ത്രി പറഞ്ഞു:

അവര്‍ അടങ്ങി ഇരിക്കയില്ല.അതിനാല്‍ രാജ്യത്തിന്റെ ഭാവിയെക്കരുതി അങ്ങ് മുന്‍കരുതല്‍ എടുക്കണം

മറ്റൊരു മന്ത്രിക്കും അതേ അഭിപ്രായംതന്നെ ആയിരുന്നു.

ഒരു പ്രതികാരത്തിനുള്ള ലക്ഷണങ്ങള്‍ അന്ന് ഞാന്‍ അവരില്‍ കണ്ടിരുന്നു.ചീറുന്ന സര്‍പ്പങ്ങളെപ്പോലെയാണ് അന്നവര്‍ തിരിച്ചത്.അര്‍ജുനന്‍ ആയുധം കൈയ്യിലേന്തി  വിജ്രുംഭിതനായി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.തടിച്ച ഗദയും ചുഴറ്റി ഭീമന്‍ കോപത്താല്‍ കലങ്ങിയാണ് പോയത്.നകുലനും സഹദേവനും പല്ലുകള്‍ ഞെരിച്ചാണ് അന്ന് തെരേറിയത് !ആയതിനാല്‍ രാജാവേ,അവര്‍ പകരംവീട്ടുകതന്നെ ചെയ്യും.

മന്ത്രി പറഞ്ഞവസാനിപ്പിച്ചപ്പോള്‍ സദസ്സ് ഭയാനകമായ നിശബ്ധതയില്‍ ആണ്ടുപോയി.ആ നേരം അവിടേക്ക് കടന്നുവന്ന ശകുനി ധൃതരാഷ്ട്രരോടായി പറഞ്ഞു:

മഹാരാജാവെ,പാണ്ഡവരെ ഏറെക്കാലത്തെക്കല്ലെങ്കിലും കുറച്ചുകാലം അകറ്റി നിര്‍ത്തുക മാത്രമേ രാജ്യരക്ഷക്ക് അഭിമതമായിട്ടു ഞാന്‍ കാണുന്നുള്ളൂ.അതിനുള്ള വഴി ഇനിയും ചുതുകളി തന്നെയാണ്.

അതുകേട്ട് ധൃതരാഷ്ട്രര്‍ ചോദിച്ചു:

ചുതോ? തോറ്റ് പിന്‍വാങ്ങിയവര്‍ ഇനിയും അതിന് തയ്യാറാവുമോ?ആയാല്‍ത്തന്നെ ചൂത് എങ്ങിനെയാണ് ഒരു പോംവഴി ആവുക?

ശകുനി മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു:

തോറ്റവര്‍ ഒരിക്കലെങ്ങിലും ജയിക്കാനായി ആഗ്രഹിക്കും.പ്രത്യേകിച്ച് ധര്‍മ്മജനെപ്പോലെയുള്ള കളി അറിയാത്തവര്‍ .വനവാസവും അജ്ഞാതവാസവും കരാറാക്കി കളിച്ചു ജയിക്കാവുന്നതെയുള്ളൂ..

ശകുനിയുടെ വാക്കുകളില്‍ ആത്മവിശ്വാസം തോന്നി മഹാരാജാവിന്‌.രാജ്യാവകാശം പകുത്തുനല്കിയെങ്ങിലും പാണ്ഡവര്‍ അതില്‍ തൃപ്തരായിട്ടില്ല.രാജാവ് ചൂതിന് സമ്മതം മൂളി.അതുകേട്ട്‌ ഭയചകിതയായ ഗാന്ധാരി പറഞ്ഞു:

മഹാരാജാവേ,അങ്ങ് അഹിതമൊന്നും പ്രവര്‍ത്തിക്കരുത്‌.പാണ്ടുപുത്രര്‍ സ്വന്തം മക്കളെപ്പോലെ ആണെന്ന് അങ്ങ് ആവര്‍ത്തിക്കാരുള്ളതല്ലെ? കെട്ടടങ്ങിയ അഗ്നി ജ്വലിപ്പിക്കുന്നതിനു തുല്യമാണ് അങ്ങയുടെ തീരുമാനം.പുത്രരില്‍ ആകാംക്ഷയുണ്ടെങ്കില്‍ ഇതില്‍ നിന്നുംപിന്‍വാങ്ങുക.

ഗാന്ധാരിയുടെ വാക്കുകള്‍ ധൃതരാഷ്ട്രര്‍ക്ക് പഥ്യമായില്ല!അദ്ധേഹം പറഞ്ഞു:

മഹാമനസ്കയായ ഗാന്ധാരി,നിന്റെ വാക്കുകള്‍ ഉചിതമല്ല.പാണ്ഡവര്‍ നമുക്ക് സ്വപുത്രരെപ്പോലെ എങ്കിലും സ്വന്തം മക്കളല്ലല്ലോ.മക്കളുടെ ശാന്തിയല്ലേ മാതാപിതാക്കള്‍ ആഗ്രഹിക്കുക?മാത്രമല്ല,സ്വരക്ഷ ഉറപ്പാക്കേണ്ടത് രാജധര്‍മ്മമല്ലെ?

ഗാന്ധാരി പറഞ്ഞു:

ധര്‍മ്മാധര്‍മ്മ വിചാരത്താല്‍ അങ്ങേക്ക് ബുദ്ധി തെറ്റാതെയിരിക്കട്ടെ.കുലത്തിനു കേടുവരുത്തുന്നതൊന്നും ചെയ്യരുത് എന്നാണ്‌ എന്റെ അപേക്ഷ.

ഉടന്‍ ധൃതരാഷ്ട്രര്‍ ശബ്ധമുയര്‍ത്തി പറഞ്ഞു:

കുലത്തിനു വരുന്നത് വരും.അത് വിധിപോലെ മുടിയുകയോ,വര്‍ധിക്കുകയോ ചെയ്യും.ഇപ്പോള്‍ നമ്മുടെ പരിരക്ഷയാണ് പ്രധാനം.ഞാന്‍ തിരുമാനമെടുത്തു കഴിഞ്ഞു.ചൂത് നടക്കട്ടെ.

സഭ നിശബ്ധമായി.ഒന്നും പിന്നീട് പറയാതെ ഏവരും പിരിഞ്ഞു.ഗാന്ധാരി സുയോധനനെ ആശ്ലേഷിച്ചുകൊണ്ട്‌ പറഞ്ഞു:

നിന്റെ മനോഗതി അമ്മ തിരിച്ചറിയുന്നു.കളിച്ചാലും ഇല്ലെങ്കിലും വിധിച്ചത് സംഭവിക്കാതിരിക്കില്ല.നല്ലത് മാത്രംനടക്കട്ടെ.൦൦൦


No comments:

Post a Comment