Wednesday, December 11, 2013

അദ്ധ്യായം 38,ആരവങ്ങള്‍ ഉയരുന്നു.

അദ്ധ്യായം 38പാണ്ഡവര്‍ പോയതില്‍ പിന്നെഏതാനും ദിവസം കൊട്ടാരം ശോകമുകതയുടെയും സ്വകാര്യം പറച്ചിലുകളുടെയും ലോകമായിരുന്നു.എന്നാല്‍ സുയോധനന്‍ അതൊന്നും ഗൌനിച്ചില്ല.അയാള്‍ കാര്യക്ഷമമായിത്തന്നെ ഭരണം മുന്നോട്ടു കൊണ്ടുപോയി!വിശ്വസ്തരായവരെ മാത്രം ഉദ്യോഗസ്ഥരായി നിയമിച്ചു.വിദുരരെ പിണക്കാതെതന്നെ,വേണ്ടുന്ന പരിചരണങ്ങള്‍ നല്‍കി,ഭരണ രഹസ്യങ്ങളില്‍ നിന്നും അയാള്‍ മാറ്റിനിര്‍ത്തിയിരുന്നു.പതിയെ കൊട്ടാരത്തിലെ അപശബ്ദങ്ങള്‍ നിലച്ചു തുടങ്ങി.സുയോധനന്‍റെ ഭരണ നൈപുണിയില്‍ കൊട്ടാരവാസികള്‍ അഭിമാനംകൊണ്ടുതുടങ്ങി.കര്‍ണ്ണന്‍ എല്ലാത്തിനും കൂടെയുണ്ടായിരുന്നു.

സുയോധനനെ സംബന്ധിച്ചിടത്തോളം പതിനാലുവര്ഷം ചെറിയൊരു കാലയളവായിരുന്നു.അതിനുള്ളില്‍ പലതും ചെയ്തു തിര്‍ക്കാന്‍ ഉണ്ടായിരുന്നു.രാജകൊട്ടാരവും അന്തപ്പുരങ്ങളും വര്‍ണ്ണശബള മാക്കുന്നതിനപ്പുറം അയാള്‍ പ്രജാക്ഷേമത്തിന് മുന്‍തൂക്കം നല്‍കി.സുയോധനന്‍റെ ഇശ്ചക്കൊത്ത് അനുജന്മാര്‍ എപ്പോഴും പ്രവര്‍ത്തിച്ചു.ഖാണ്ഡവപ്രസ്ഥത്തില്‍ നിന്നും ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ദുസ്സാസനന്‍ ഇടയ്ക്കിടെ ഹസ്തിനപുരം സന്ദര്‍ശിക്കും!സത്യത്തില്‍ സഹോദരങ്ങളെ കാണാനാണ് ഈ വരവെന്ന് ഏവര്‍ക്കും അറിയാമായിരുന്നു.

മക്കളുടെ ഭരണനൈപുണി ധൃതരാഷ്ട്രരേ ഏറെ സന്തോഷിപ്പിച്ചു.ഭീഷ്മരും ദ്രോണരും ഭരണത്തില്‍ വേണ്ടുംവിധം ശ്രദ്ധിക്കുന്നുണ്ട്.അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതില്‍ സുയോധനന്‍ മടികാണിക്കുന്നുമില്ല!എന്നാല്‍ വിദുരര്‍ ഇപ്പോഴും പഴയ നിലയാണ്.എന്തിലും കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്നു!എന്നാല്‍ അതും കണ്ടറിഞ്ഞുതന്നെയാണ് സുയോധനന്‍റെ നിലപാടുകളും!

കാലംകടന്നുപോയ്ക്കൊണ്ടിരുന്നു.പാണ്ഡവരുടെസാന്നിധ്യംവാക്കുകളിലോ,പ്രവര്‍ത്തനങ്ങളിലോ,
കൊട്ടാരത്തില്‍ ഇല്ലാതായി.ഏവരും സുയോധനന്റെ കരബലത്തിനും മനോസ്ഥൈര്യത്തിനും കിഴ്പ്പെട്ട് സന്തുഷ്ടരായി!അങ്ങിനെയിരിക്കെയാണ്‌ ഒരു ബ്രാഹ്മണ സഞ്ചാരി കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നത്.കുശലങ്ങള്‍ക്കിടയില്‍ അദേഹം കാട്ടില്‍ പാണ്ഡവരെ കണ്ടെത്തിയ കാര്യം പറഞ്ഞു.വനമധ്യത്തിലെ പര്‍ണശാലയില്‍ അവരുടെ ജീവിതം വളരെ കഷ്ട്ടമാണ് എന്നറിയിച്ചപ്പോള്‍ ഏവര്‍ക്കും ദുഃഖം തോന്നി.

സുയോധനന്‍ കര്‍ണ്ണനെ വരുത്തി,ബ്രാഹ്മണന്‍ പറഞ്ഞ കാര്യം അവതരിപ്പിച്ചു.കര്‍ണ്ണന്‍ പറഞ്ഞു:

എന്തായാലും ഞാനത് വിശ്വസിക്കുന്നില്ല.പ്രത്യേകിച്ചും ബ്രാഹ്മണ വാക്യങ്ങള്‍ .അതുകൊണ്ട് നമുക്കിത് നേരിട്ട് അന്വേഷിക്കാം.താങ്കള്‍ ഭരിക്കുന്ന രാജ്യത്ത് ആരും ദരിദ്രരായി ജീവിച്ചുകൂടാ.

സുയോധനന്‍ ചോദിച്ചു:

പക്ഷെ അതെങ്ങിനെ?

കര്‍ണ്ണന്‍ മെല്ലെ ഒന്ന് ചിരിച്ചുകൊണ്ട് തുടര്‍ന്നു:

അതിനോ വഴിയില്ലാത്തത്!നേരിട്ട് പോകണം.

പക്ഷെ അതിന് അച്ഛന്‍ സമ്മതിക്കില്ല.

എങ്കില്‍ നമുക്ക് വനത്തിലെ ഗോശാല സന്ദര്‍ശിക്കുവാന്‍ പോകാം.അതുവഴി പാണ്ഡവരുടെ അവസ്ഥയും അറിയാം.

കര്‍ണ്ണന്റെ ഉപായം സുയോധനനും ശരിവച്ചു.

പിറ്റേന്ന് തന്നെ സുയോധനന്‍ യാത്രക്കൊരുങ്ങി.കര്‍ണ്ണന്‍,ശകുനി,ദുസ്സാസനന്‍ എന്നിവരും ഒപ്പം കൂടി.തേരുകളും ആനകളും നിരന്നപ്പോള്‍ ധൃതരാഷ്ട്രര്‍ അവിടെക്കണഞ്ഞുകൊണ്ട് പറഞ്ഞു:

മോനെ,നായാട്ടും ഗോശാല പരിശിലനവും നല്ലത് തന്നെ.ധ്വെതവനത്തിലാണ് പാണ്ഡവര്‍ വസിക്കുന്നത് എന്നറിയാമല്ലോ.നിങ്ങള്‍ ഗര്‍വ്വംകൊണ്ട് സ്വയം മറന്ന് അവരെ പ്രകോപിപ്പിക്കരുത്.

പിന്നെ കര്‍ണ്ണനോടായി തുടര്‍ന്നു.

മഹാബാഹുവായ കര്‍ണ്ണാ, ഞാന്‍ പറയുന്നത് കേട്ട് നിങ്ങള്‍ പാണ്ഡവരോട് ഇണങ്ങി നില്‍ക്കാനും നോക്കരുത്.അവര്‍ സത്യവൃതന്മാര്‍ എന്നാകിലും വിശ്വസിക്കരുത്.മനസ്സ് കലങ്ങി ജീവിക്കുന്ന അവര്‍ പകവീട്ടൂന്നതിനുള്ള അവസരം ഉപേക്ഷിക്കില്ല.ചുരുക്കത്തില്‍ നിങ്ങളുടെ ഏതു പ്രവര്‍ത്തിയും അവര്‍ ദോഷകരമായെ കാണു.

അപ്പോള്‍ ശകുനി അദ്ദേഹത്തെ പ്രണമിച്ചുകൊണ്ട്‌ പറഞ്ഞു:

ഞങ്ങളെക്കുറിച്ച്‌ അങ്ങ് ശങ്കിക്കേണ്ടതില്ല.പാണ്ഡവരെ ഞങ്ങള്‍ കാണാന്‍ ശ്രമിക്കുകയില്ല.

പിന്നെ ആരും ഒന്നും പറഞ്ഞില്ല.യാത്രയുടെ ഘോഷം മുഴങ്ങി!









No comments:

Post a Comment