Wednesday, January 1, 2014

അദ്ധ്യായം41,രാജസൂയമോ!!

ഗന്ധര്‍വ സംഘത്തിനു മുന്‍പില്‍ തോറ്റുപോയത് ആദ്യപരാജയമാണെങ്കിലും സുയോധനന്‍ അത് വേഗം മറന്നുവെന്നു പറയാം.അയാള്‍ കര്‍ണ്ണന്റെ സഹായത്തോടെ ഭരണം കുടുതല്‍ സുഗമമാക്കി.കര്‍ണ്ണനെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് കൊട്ടാരത്തില്‍ പലരരിലും അസ്വസ്ഥത പടര്‍ത്തിയിരുന്നു.ഒരു ദിവസം ഭീഷ്മര്‍ സുയോധനനെ വിളിച്ചു പറഞ്ഞു:

കര്‍ണ്ണനുമായുള്ള ചങ്ങാത്തം അത്ര നല്ലതിനല്ല.ഗന്ധര്‍വന്മാരെ ഭയന്ന് നിന്നെ ഉപേക്ഷിച്ചു കടന്നില്ലേ ആ സുതപുത്രന്‍!അതിനാല്‍ ധാര്‍മ്മികനല്ലാത്ത അവനോടുള്ള കൂട്ട് ഉപേക്ഷിക്കുക.

സുയോധനന്‍ അത് കേട്ട് ഒന്ന് ചിരിക്കുകമാത്രം ചെയ്തു.ഇത് ദാസരില്‍ നിന്നും അറിഞ്ഞ കര്‍ണ്ണന്‍ സുയോധനനോട് പറഞ്ഞു:

ഭീഷമ പിതാമഹന്റെ നിന്ദാവചനങ്ങള്‍ എനിക്ക് അസഹ്യമാണ്.അതിനാല്‍ ഞാന്‍ അല്‍പ്പകാലം ഇവിടെ നിന്നും മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നു.മറ്റു രാജ്യങ്ങള്‍ ഞാന്‍ സന്ദര്‍ശിക്കും.എന്നെ പിതാമഹന്‍ മനസിലാകാനുള്ള വഴികള്‍ ഞാന്‍ കണ്ടെത്തും.

സുയോധനന്‍ എന്തെങ്കിലും പറയും മുന്‍പുതന്നെ കര്‍ണ്ണന്‍ വിടവാങ്ങി!അയാളുടെ വേര്‍പാട് സുയോധനനു സഹിക്കാന്‍ ആയില്ല!എങ്കിലും അയാള്‍ തടസ്സമൊന്നും പറഞ്ഞില്ല.കര്‍ണ്ണന്റെ യാത്ര ദിഗ്വിജയത്തിനാണെന്നു അയാള്‍ക്ക്‌ അറിയാമായിരുന്നു!

കര്‍ണ്ണന്റെ പരാക്രമങ്ങളും വിജയങ്ങളും യധാസമയങ്ങളില്‍ സുയോധനന്‍ അറിഞ്ഞുകൊണ്ടിരുന്നു.അതില്‍ അയാള്‍ ഏറെ ആഹ്ലാദിക്കുകയും ചെയ്തു.കര്‍ണ്ണന്‍ ആദ്യം കീഴടക്കിയത് ദ്രുപദനെ ആയിരുന്നു!പതിയെ നേപാളവും അന്ഗവും വംഗവും കലിംഗവും അയാള്‍ക്ക് കീഴിലായി.ശുണ്ടികം,മിഥില,മാഗധം,അയോധ്യ എന്നീ രാജ്യങ്ങളും അയാള്‍ കീഴ്പ്പെടുത്തിയ വാര്‍ത്ത അധികം വൈകാതെ തന്നെ സുയോധനനു കേള്‍ക്കാനായി!

കപ്പമായി ലഭിച്ച ധനവുമായി ഒരു ദിനം കര്‍ണ്ണന്‍ ഹസ്തിനപുരംത്ത് തിരിച്ചെത്തി.ആ പുരുഷശ്രേഷ്ഠനെ സുയോധനന്‍ ആഹ്ലാദത്തോടെ വരവേറ്റു.സഭാമണ്ഡലത്തില്‍ വച്ച് അയാള്‍ സുയോധനനോട് പറഞ്ഞു:

ശത്രുക്കള്‍ ഇല്ലാതായി തീര്‍ന്ന ഈ ഭൂമി മുഴുവന്‍ ഇനി അങ്ങയുടെതാണ്.ഞാന്‍ നേടിയതെല്ലാം ഇതാ അങ്ങയുടെ കാല്‍കീഴില്‍ സമര്‍പ്പിക്കുന്നു.

സുയോധനന്‍ പറഞ്ഞു:

മഹാബാഹുവായ അങ്ങയുടെ ചങ്ങാത്തത്തോളം പ്രിയപ്പെട്ടതായി എനിക്ക് ഈ ഭൂമിയിലില്ല.അങ്ങയുടെ വിജയത്തിന് ഉപഹാരമായി ഞാന്‍ രാജസുയം നടത്താന്‍ ആഗ്രഹിക്കുകയാണ്.

അപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

അങ്ങയുടെ ആഗ്രഹം ഉചിതം തന്നെ.എല്ലാവരും അങ്ങേക്ക് കീഴിലായിരിക്കെ അമാന്തമെന്തിന് ?അങ്ങേക്ക് വേണ്ടി മഹായന്ജം നടക്കട്ടെ.

എന്നാല്‍ പുരോഹിതര്‍ യന്ജത്തെ എതിര്‍ത്തു.ധര്‍മ്മപുത്രരും ധൃതരാഷ്ട്രരും മുത്തവരായിരിക്കെ രാജസൂയം സാധ്യമല്ലെന്ന് അവര്‍ ന്യായം പറഞ്ഞു.പകരം വൈഷ്ണവ യജ്ഞം ആണ് അവര്‍ നിര്‍ദ്ദേശിച്ചത്.സ്വര്‍ണ്ണം കൊണ്ടു തീര്‍ത്ത കലപ്പയാല്‍ ഉഴുത് യാഗം ചെയ്യലാണ് അതിന്റെ രീതി.

കലാവിദഗ്ധരായ ശില്‍പികള്‍ സ്വര്‍ണ്ണകലപ്പയൂദെ നിര്‍മ്മാണം ആരംഭിച്ചു.ശാസ്ത്രാനുസരണം സുയോധനന്‍ ദീക്ഷ കൈക്കൊണ്ട്‌,നാനാദേസവാസികളെയും ക്ഷണിക്കാന്‍ ആളുകളെ അയച്ചു.മന്ത്രിമുഖ്യനെ തന്നെ പാണ്ഡവരുടെ അടുത്തേക്ക്‌ പറഞ്ഞുവിട്ടു.എന്നാല്‍ അവര്‍ യജ്ഞത്തില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്തയാണ് അറിഞ്ഞത്.മാത്രമല്ല തന്റെ മരണാനന്തര ചടങ്ങിനേ താന്‍ വരൂ എന്ന് ഭീമന്‍ പരിഹസിച്ചുവത്രേ!

യാഗ ദിനത്തില്‍ അതിഥികള്‍ എല്ലാം എത്തിച്ചേര്‍ന്നപ്പോള്‍,ഏവരെയും സുയോധനന്‍ പ്രമാണം പോലെ പുജിച്ച്‌ വരവേറ്റു.ദുസ്സാസനനും കര്‍ണ്ണനും അതിഥികളുടെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു.സുഗന്ധമാല്യങ്ങളും അന്നപാനീയങ്ങളും പലതരം വസ്ത്രങ്ങളും അവര്‍ വിരുന്നുകാര്‍ക്കു നല്‍കി.



പുരോഹിതന്മാര്‍ നിര്‍ദേശിച്ചപ്പോള്‍ സുയോധനന്‍ യാഗ ഭൂമിയില്‍ എത്തി,ആയിരങ്ങളെ സാക്ഷിനിര്‍ത്തി,യ്ഞ്ഞകര്‍മ്മങ്ങള്‍ ആരംഭിച്ചു.അനന്തരം അയാള്‍ ഭ്രാതാക്കളാല്‍ ചുറ്റപ്പെട്ട്,തനിക്കായി തയ്യാറാക്കപ്പെട്ടിരുന്ന സിംഹാസനത്തില്‍ ഉപവിഷ്ടനായാതോടെ യാഗം അവസാനിച്ചു.അതിഥികള്‍ക്കെല്ലാം വിശിഷ്ടഭോജ്യങ്ങള്‍ കൊണ്ട് വിരുന്നു നല്‍ക്കി,ഏവരെയും വണങ്ങിക്കൊണ്ട് സ്വ ഗൃഹത്തിലേക്ക് പോയി.അല്പം കഴിഞ്ഞ് അവിടെ എത്തിയ കര്‍ണ്ണന്‍  അയാളോടു പറഞ്ഞു:

,യ്ഞ്ഞത്തിനു ക്ഷണിക്കാന്‍ ചെന്നവരോട് പാണ്ഡവര്‍ പറഞ്ഞ വര്‍ത്തമാനം അറിഞ്ഞിരിക്കുമല്ലോ.ഇനി അവരോട്‌ സാമം പുലര്‍ത്തുന്നതില്‍ അര്‍ഥമില്ല.

സുയോധനന്‍ മനസ്സ് തുറന്നു:

താങ്കള്‍ പറഞ്ഞത് ശരിയാണ്.അവരെ വെന്ന് രാജസുയം നടത്താന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ !
അപ്പോള്‍ കര്‍ണ്ണന്‍ അയാളെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു:

അങ്ങയുടെ ആഗ്രഹം നടക്കുകതന്നെ ചെയ്യും.അതുവരേക്കും ഞാന്‍ അന്യനെക്കൊണ്ട് എന്റെ കാല്‍ കഴുകിക്കുകയില്ല.

പിന്നെ മുറിയില്‍ നിന്നും പുറത്തിറങ്ങിയ കര്‍ണ്ണന്‍ കൌരവരെയെല്ലാം വിളിച്ചു വരുത്തിക്കൊണ്ട് ഉറക്കെ പ്രഖ്യാപിച്ചു:

മഹാരാജാവിന്റെ അഭീഷ്ട൦ ഏവരും കേട്ടുകൊള്‍ക.പാണ്ഡവരെ വെന്ന്,രാജസുയം നടത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.നാം ഇന്നുമുതല്‍ ആ ഹിതത്തിനായി പ്രവര്‍ത്തിക്കുക.അത് നിറവേറും വരെ ഞാന്‍ മാംസമോ മദ്യമോ കഴിക്കുകയില്ല.എന്തെങ്കിലും ആരെങ്കിലുംവന്നു ചോദിച്ചാല്‍ ഇല്ലെന്ന്‌ പറയുകയുമില്ല.എല്ലാവരും അറിഞ്ഞിരിക്കുക എന്റെ ഈ ശപഥം.

അയാളുടെ വാക്കുകള്‍ക്കു മുന്‍പില്‍ കൌരവര്‍ കരഘോഷം മുഴക്കിനിന്നു.അതിന്റെ അലയൊലികള്‍ മുറിയിലിരുന്നുകൊണ്ട്‌ സുയോധനന്‍ കേട്ട്.അയാളുടെ മിഴികളില്‍ ആനന്താശ്രുക്കള്‍ നിറഞ്ഞു.

൦൦൦








No comments:

Post a Comment