Friday, January 3, 2014

അദ്ധ്യായം-43,പണ്ട്രണ്ടു വത്സരങ്ങള്‍ !

ഒരു കിനാവുപോലെയാണ് സുയോധനനെ സംബന്ധിച്ച് പന്ത്രണ്ട് വത്സരങ്ങള്‍ കടന്നുപോയത്!ഈ നാളുകള്‍ കൊണ്ട് ഹസ്തിനപുരം കുടുതല്‍ സമ്പല്‍സമൃദ്ധമായിത്തിര്‍ന്നിരിക്കുന്നു!പ്രജകളുടെ ഹിതം മാനിച്ചു ഭരിക്കുന്നവന്‍ എന്ന ഖ്യാതി ഇന്നുണ്ട് സുയോധനന്!

വനവാസം കഴിഞ്ഞ് പാണ്ഡവര്‍ക്ക് അജ്ഞാത വാസത്തിനു പോകേണ്ട സമയം അടുത്തിരിക്കുന്നു.കരാര്‍ പ്രകാരം അക്കാലത്ത് അവര്‍ പിടിക്കപ്പെട്ടാല്‍ പിന്നെയും വനവാസവും അജ്ഞാത വാസവും അനുഷ്ടിക്കേണ്ടിവരും.എന്നാല്‍ അത്തരം സന്ദര്‍ഭം ഉണ്ടായാല്‍,ആ കരാര്‍ തുടരാന്‍ സുയോധനന് താത്പര്യം ഇല്ല.കാരണം ഇത്ര കാലംകൊണ്ട് തന്നെ താന്‍ നല്ലൊരു രാജാവാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു.ഒരു ജന്മത്തിന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഏറെക്കുറെ പുര്‍ത്തികരിക്കപ്പെട്ടു കഴിഞ്ഞു.ഇനി പാണ്ഡവര്‍ വന്ന് രാജ്യം ആവശ്യപ്പെട്ടാല്‍ ഔദാര്യപൂര്‍വം ഒഴിഞ്ഞു കൊടുക്കാവുന്നതെയുള്ളൂ!അവര്‍ക്ക് അര്‍ഹതപ്പെട്ടത് പകുത്തു നല്‍കി ശേഷിക്കുന്ന കാലം സ്വസ്ഥമായി കഴിഞ്ഞു കുടണം!

എന്നാല്‍ പാണ്ഡവര്‍ ശത്രുതവര്‍ധിപ്പിക്കുകയാണ്.വനവാസ കാലത്ത് തന്നെ,അര്‍ജുനന്‍ അതിനായി പലയിടത്തും പോയി ആയുധങ്ങളും അനുഗ്രഹങ്ങളും സമ്പാദിച്ചുകഴിഞ്ഞു!അവര്‍ വലിയൊരു യുദ്ധം മുന്നില്‍ കാണുന്നുണ്ട്.അഭിമാനികളായ അവര്‍ ഒരിക്കലും തന്റെ ഔദാര്യം സ്വീകരിക്കില്ല.പിടിച്ചു പറിക്കുന്നതിലാണ് അവര്‍ക്ക് എന്നും താത്പര്യം.അതിനു വഴങ്ങാതെ,അജ്ഞാത വാസക്കാലത്ത് അവരുടെ താവളം കണ്ടെത്തി,അവരെ ലജ്ജിപ്പിച്ച് രാജ്യം പകുത്തു നല്‍കാന്‍ അയാള്‍ ആഗ്രഹിച്ചു.

അധികം കഴിയും മുന്‍പേ,പാണ്ഡവര്‍ വിരാട രാജ്യത്ത് ഉണ്ടെന്ന സുചന ലഭിച്ചു.അവിടെ രാജ ഭ്രുത്യരായിട്ടത്രേ കഴിഞ്ഞു കൂടുന്നത്!എന്നാല്‍ അത് സുയോധനന്‍ വിശ്വസിച്ചില്ല.കാരണം,ചുതില്‍ തോറ്റ് മടങ്ങുമ്പോള്‍ പോലും അവര്‍ ഭൃത്യ വസനങ്ങള്‍ ധരിക്കാന്‍ തയ്യാറായിരുന്നില്ല!അതിനാല്‍ അഭിമാനം വെടിഞ്ഞ്‌ അവര്‍ ഈ രീതി കയ്ക്കൊള്ളൂകയില്ലെന്നു അയാള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.

ഒരു ദിനം,വിരാടരാജാവിന്റെ ഭാര്യാസഹോദരനായ കീചകന്‍ കൊല്ലപ്പെട്ട വാര്‍ത്ത ഹസ്ത്തിനപുരത്തു എത്തി.മഹാ ബലവാനായ കീചകനെ രാത്രിയില്‍ അജ്ഞാതരായ ഗന്ധര്‍വന്മാര്‍ നിഗ്രഹിച്ചു എന്നാ ശ്രുതിയാണ് പരന്നത്.മത്സ്യ ദേശം അത് വിശ്വസിച്ച്,ഇനിയും ഗന്ധര്‍വ ആക്രമണം പ്രതീക്ഷിച്ച് കഴിഞ്ഞു കൂടുകയാണത്രേ!എന്നാല്‍ അത്രവേഗം കീചകനെ ഒരു ഗന്ധര്‍വനും കൊല്ലാനാവില്ല.ആ മെയ്ക്കരുത്തു നേരിട്ട് അറിയാവുന്ന ആളാണ്‌ താന്‍.അതും ഇരുളില്‍,പെണ്‍വേഷ ധാരിയായ ഒരാള്‍ !ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന് സുയോധനന് വിശ്വസിക്കാന്‍ തോന്നി.

പതിവുപോലെ അയാള്‍ കര്‍ണ്ണനെ ക്ഷണിച്ചു വരുത്തി തന്റെ സംശയങ്ങള്‍ പങ്കുവച്ചു.കര്‍ണ്ണന്‍ പറഞ്ഞു:

താങ്കളുടെ സംശയം ബലവത്തെങ്കില്‍,നമുക്കത് ഉറപ്പു വരുത്തണം.അതിനു മല്‍സ്യരാജ്യം സന്ദര്‍ശിക്കുന്നതാണ് ഉചിതം.

പക്ഷെ,എങ്ങിനെ?എന്ത് കാരണം പറഞ്ഞു?

അപ്പോള്‍ ശകുനി പറഞ്ഞു:

കാരണങ്ങള്‍ക്കോ പ്രയാസം!നമുക്ക് ഇതിനായി,വിരാടന്റെ ശത്രുവായ സുശര്‍മ്മാദികളുടെ സഹായം തേടാം.

അത് നല്ലൊരു ഉപാധിയായി ഏവര്‍ക്കും തോന്നി.ത്രിഗര്‍ത്ത രാജാവായ സുശര്‍മ്മാവിനെ വിരാടന്‍ പലവട്ടം ആക്രമിച്ചിട്ടുണ്ട്.അയാള്‍ സഹകരിക്കാതിരിക്കില്ല.



തന്റെ കൊള്ളയടിക്കപ്പെട്ട മുതലുകള്‍ വിരാടനില്‍ നിന്നും തിരിച്ചു പിടിക്കാനകുമെങ്കില്‍ കൌരവരെ സഹായിക്കാന്‍ തയ്യാറെന്ന് സുശര്മ്മാവ് അറിയിച്ചു.അതംഗീകരിച്ചുകൊണ്ട് പടയോരുക്കത്തിനായി സുയോധനന്‍ ആഹ്വാനം നല്‍കി.പിന്നെ എല്ലാവരോടുമായി പറഞ്ഞു:

സുശര്‍മ്മാവിന്റെ ലക്ഷ്യമല്ല നമ്മുടേത്‌.പാണ്ഡവര്‍ അവിടെ ഉണ്ടോ എന്നുമാത്രമേ നമുക്ക് അറിയേണ്ടതുള്ളൂ.കൊലയോ,കൊള്ളയോ നമ്മുടെ മാര്‍ഗമാവരുത്.വെല്ലുവിളി,അല്ലെങ്കില്‍ സത്യം കണ്ടെത്താനുള്ള പുറപ്പാട് അത്രമാത്രമായി കണ്ടാല്‍ മതി ഈ സന്നാഹത്തെ.

സുയോധനന്റെ വാക്കുകള്‍ ശിരസാവഹിച്ചു കൊണ്ട് പട ജാഗരുകമായി.

൦൦൦


No comments:

Post a Comment