Monday, January 6, 2014

അദ്ധ്യായം-45,അച്ഛന്റെ പെണ്ണിനെ മകന്‍ വേട്ടപ്പോള്‍

വിരാടന്‍, വിജയത്തിന്റെ പ്രതിഫലമായി തന്റെ മകള്‍ ഉത്തരയെ അര്‍ജുനന് നല്‍കാന്‍ സന്നദ്ധനായി.ബ്രഹന്ദള എന്നപേരില്‍,പെണ്‍വേഷം ധരിച്ച്‌ ഒരുവര്‍ഷം അര്‍ജുനന്‍ രാജകുമാരിക്കൊപ്പം കഴിഞ്ഞതാണ്.അതിനാല്‍ അര്‍ജുനന് തന്നെ തന്റെ പുത്രിയെ കൊടുക്കാന്‍ രാജാവ് തയ്യാറായത് ഏറ്റവും ഉചിതമായി.എന്നാല്‍ ഉത്തരയെ ഭാര്യയായി സ്വീകരിക്കാന്‍ അര്‍ജുനന്‍ തയ്യാറായില്ല.അയാള്‍ അവളെ തന്റെ പുത്രനായ അഭിമന്യുവിനു വിവാഹം ചെയ്ത് നല്‍കുകയാണ് ചെയ്തത്!ഈ വിവരങ്ങള്‍ അറിഞ്ഞ് കര്‍ണ്ണന്‍ പൊട്ടിപ്പൊട്ടി ചിരിക്കുകയാണ് ഉണ്ടായത്.

അജ്ഞാതവാസം അവസാനിക്കും മുന്‍പേ കണ്ടുപിടിക്കപ്പെട്ടതിനാല്‍ ,ധര്‍മ്മാനുസരണം പാണ്ഡവര്‍ വീണ്ടും വനവാസത്തിനു പോകയോ,ക്ഷമാപണം നടത്തി രാജ്യഭാരം ഏല്‍ക്കുകയോ ചെയ്യും എന്നാണ് എല്ലാവരും കരുതിയത്‌.ധര്‍മ്മപുത്രര്‍ അതിനു തയ്യാറായതുമാണ്.ഇതിനായി കൃഷ്ണ സഹോദരനായ ബലരാമനെ ദൂതു പോകാന്‍ ഏര്‍പ്പെടുത്തിയിരുന്നതുമാണ്.എന്നാല്‍ ദ്രൌപതീ പിതാവായ ദ്രുപദന്‍ ആ ഉദ്യമം തടഞ്ഞുവത്രേ.യുദ്ധത്തിലൂടെ രാജ്യം തിരികെ ലഭിക്കുന്നതാണ് അഭിമാനകരം എന്നാണു അയാള്‍ അഭിപ്രായപ്പെട്ടത്.സന്ധിയെങ്കില്‍ അത് യുദ്ധ സന്നാഹം നടത്തിയ ശേഷം മതിയെന്നും അയാള്‍ ശടിച്ചുവത്രേ.എല്ലാവരും ആ വാദം അംഗീകരിച്ചുകൊണ്ട് കൃഷ്ണ സഹായത്തിനായി അര്‍ജുനനെ ദ്വാരകയിലേക്ക് അയച്ചിരിക്കുന്നു!

സംഭവങ്ങള്‍ അറിഞ്ഞപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

ഇതിനെല്ലാം പിന്നില്‍ പാഞ്ചാലിയായിരിക്കും.നീയും വെറുതെ ഇരിക്കരുത്.യുദ്ധമെങ്കില്‍ യുദ്ധം.നാം തയ്യാറാവുക തന്നെ.നീയും കൃഷ്ണ സഹായത്തിനായി പുറപ്പെടുക.

കര്‍ണ്ണന്റെ ഉപായം സ്വീകരിച്ചുകൊണ്ട് സുയോധനന്‍ കൃഷ്ണനെ കാണാനായി പുറപ്പെട്ടു.അര്‍ജുനന് മുന്‍പേ അയാള്‍ ദ്വാരകയില്‍ എത്തി.വൈകാതെ,പുറകെ അര്‍ജുനനും.സുയോധനന്‍ കൃഷ്ണന്റെ കിടപ്പറയില്‍ എത്തുമ്പോള്‍,കൃഷ്ണന്‍ തന്റെ വെണ്‍പട്ടു മെത്തയില്‍ ഗാഡമായ ഉറക്കത്തിലായിരുന്നു!താന്‍ കൊട്ടാര വാതില്‍ക്കല്‍ എത്തിയ നേരം കൃഷ്ണനെ മട്ടുപ്പാവില്‍ കണ്ടതാണ്.ഇത്ര പെട്ടെന്ന് ഉറങ്ങിപ്പോകാന്‍ എന്തെങ്കിലും അസുഖം ഉണ്ടാവാം.സുയോധനന്‍ അദ്ദേഹം ഉണരുന്നതും കാത്ത്‌,ശിരസ്ഥാനത്തുള്ള പീഡത്തില്‍ ഇരുപ്പുറപ്പിച്ചു.ആ സമയം വാതില്‍ക്കല്‍ അര്‍ജുനന്‍ പ്രത്യക്ഷപ്പെട്ടു.സുയോധനന്‍ പുഞ്ചിരിച്ചുവെങ്കിലും അര്‍ജുനന്‍ അത് അവഗണിച്ചുകൊണ്ട്,കൃഷ്ണ പാദ സമീപം തൊഴുകൈകളോടെ നിന്നു.

അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍ ഉണര്‍ന്നു.അര്‍ജുനനെയാണ് ആദ്യം കണ്ടത്!കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴാണ് സുയോധനനെ കണ്ടത്!അദ്ദേഹം രണ്ടുപേരെയും അഭിവാദ്യം ചെയ്തു.പിന്നെ രണ്ടുപേരോടും ആഗാമനോദ്ദേശം തിരക്കി.അപ്പോള്‍ സുയോധനന്‍ പറഞ്ഞു:

എന്റെ മകള്‍ വഴി അങ്ങ് ഇപ്പോള്‍ എന്റെ ബന്ധു കൂടിയാണല്ലോ?അങ്ങയുടെ സഹായം തേടിയാണ് ഞാന്‍ വന്നത്.അര്‍ജുനനും അതിനാവും.പക്ഷെ ആദ്യം എത്തിയത് ഞാനാണ്.

മെല്ലെ മന്ദഹാസം പൊഴിച്ചുകൊണ്ട്‌ കൃഷ്ണന്‍ പറഞ്ഞു:

അങ്ങ് മുന്‍പ് എത്തിയെന്നത് ശരിയാവാം.പക്ഷെ ഞാന്‍ ആദ്യം കണ്ടത് അര്‍ജുനനെയാണ്.എന്നാല്‍ രണ്ടുപേരെയും ഒഴിവാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ആദ്യം ബാലന്മാരെ സല്ക്കരിക്കണമെന്നാണല്ലോ പ്രമാണം.അതിനാല്‍ ഇളയവനായ അര്‍ജുനന്റെ ഇഷ്ടം ആദ്യം പരിഗണിക്കട്ടെ.

പിന്നെ അര്‍ജുനനോട് കൃഷ്ണന്‍ ചോദിച്ചു:

നിങ്ങള്‍ തമ്മില്‍ യുദ്ധം ആഗ്രഹിക്കുന്ന സ്ഥിതിക്ക് ഞാന്‍ സഹായം ചെയ്യാന്‍ ബാധ്യസ്ഥനാണ്.യുദ്ധത്തില്‍ ആയുധമേന്താന്‍ തയ്യാറല്ലാത്ത എന്നെയോ,യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള എന്റെ സൈന്യത്തെയോ നിനക്ക് വരിക്കാം.

അര്‍ജുനന്‍ തെല്ലും അമാന്തിക്കാതെ കൃഷ്ണനെ സ്വീകരിച്ചു!സൈന്യ ബലം സുയോധനന് നല്‍കി,യഥാവിധി രണ്ടുപേരെയും സല്‍ക്കരിച്ച് യാത്രയാക്കി.



മടങ്ങും വഴി,തന്റെ ഗുരുവും കൃഷ്ണ സഹോദരനുമായ ബലരാമനെയും സുയോധനന്‍ സന്ദര്‍ശിച്ചു.സുയോധനനെ അരികില്‍ അണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:

ഹേ,നരവ്യാഹ്രാ.ഈ യുദ്ധം ഞാന്‍ ആഗ്രഹിക്കുന്നില്ല.കാരണം ഇത് ധാര്‍മ്മികമല്ല.കൃഷ്ണനെ പിരിയുക എനിക്ക് സാധ്യമല്ല.ഞാന്‍ നിന്നെയോ പാണ്ഡവരെയോ സഹായിക്കാന്‍ ഉദേശിക്കുന്നുമില്ല.നീ ക്ഷത്ര ധര്‍മം പാലിച്ച് യുദ്ധം ചെയ്യുക.

അവിടെ നിന്നും മടങ്ങും വഴി കൃതവര്‍മ്മാവിനെയും ചെന്നുകണ്ട്‌ അയാള്‍സഹായം അഭ്യര്‍ഥിച്ചു.തന്റെ അക്ഷുണി സൈന്യത്തിന്റെ പരിപുര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.ആഹ്ലാദചിത്തനായി സുയോധനന്‍ ഹസ്തിനപുരത്തേക്ക് തിരിച്ചു.

൦൦൦


No comments:

Post a Comment