Tuesday, January 7, 2014

അദ്ധ്യായം-46,ഞാന്‍ വെറുമൊരു മനുഷ്യനാണ്.

യുദ്ധം സംഭവിക്കും എന്ന് ഉറപ്പായതോടെ ഹസ്തിനപുരം ആകെ അസ്വസ്ഥമായി.എല്ലാവരും പലവിധത്തില്‍ തങ്ങളുടെ ഭയാശങ്കകള്‍ പങ്കുവച്ചു.എന്നാല്‍ യുദ്ധം ഒഴിവാക്കുന്ന ഒരു പോംവഴി മുന്നോട്ടു വയ്ക്കാന്‍ ആര്‍ക്കും ആയില്ല.

ഇതിനിടയില്‍ ധൃതരാഷ്ട്രര്‍ സഞ്ജയനെ ദുതുമായി പാണ്ഡവരുടെ അടുത്തേക്ക്‌ പറഞ്ഞയച്ച വാര്‍ത്ത സുയോധനനെ കൊപപ്പെടുത്തി.ഇത് കണ്ടറിഞ്ഞ ഭാനുമതി അയാളെ ആശ്വസിപ്പിച്ചു:

പിതാവിന്റെ ചെയ്തികളെ നാം ധിക്കരിക്കുന്നത് ഉചിതമല്ല.യുദ്ധം ഒഴിവായിക്കിട്ടുമെങ്കില്‍ അത് ഏവര്‍ക്കും നല്ലതല്ലേ?

അതുകേട്ടു സുയോധനന്‍ പറഞ്ഞു:

ഭാനൂ,അല്ലെങ്കിലും ആരാണ് യുദ്ധം ആഗ്രഹിക്കുക?ഞാനോ,ധര്മാത്മജനോ അത് കാംഷിക്കുന്നില്ല.പറ്റിയ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ക്ഷമ യാചിച്ചാല്‍ പോരുക്കാത്തവരായി ആരുണ്ട്‌?

പിന്നെ ഭാനുമതി ഒന്നും പറഞ്ഞില്ല.പാണ്ഡവര്‍ക്ക് പിന്നില്‍ പ്രേരണയുമായി കൃഷ്ണനും ദ്രുപദനും ഒക്കെ ഉണ്ടെന്നു അവള്‍ക്ക് അറിയാമായിരുന്നു.കൃഷ്ണന്‍ തങ്ങളുടെ ബന്ധുകൂടിയാണ്‌.എന്നിട്ടും പാണ്ഡവ പക്ഷപാതിയായി രംഗത്ത് വരുന്നത് സുയോധനനെയും അച്ഛനെയും ഏറെ അസ്വസ്തമാക്കുന്നുണ്ട്.സന്ജ്ജയനെ ദൂതയച്ചതും അതുകൊണ്ടാണ്.സുയോധനനെ സമാശ്വ സിപ്പിച്ചുകൊണ്ട്‌ അവള്‍ വീണ്ടും പറഞ്ഞു:

അരുതാത്തത് ഒന്നും സംഭവിക്കരുത് എന്ന് ഞാനും ആഗ്രഹിക്കുന്നു.സഞ്ജയന്‍ ഇന്ന് മടങ്ങിയെത്തും.വിവരങ്ങള്‍ അറിയുമ്പോള്‍ ക്ഷോഭിക്കരുത്.

അയാള്‍ ഭാര്യയെ തന്നോട്  ചേര്‍ത്തുനിര്‍ത്തിയിട്ടു പറഞ്ഞു:

അരുതാത്തതൊന്നും സംഭവിക്കില്ലാ ഭാനൂ.അര്‍ഹിക്കുന്നത്തെ നമുക്കും ലഭിക്കൂ.

പിന്നെ അയാള്‍ ശയ്യാഗൃഹം വിട്ടിറങ്ങി.

സഭാമണ്ഡപത്തില്‍എല്ലാവരുംസഞ്ജയനെ കാത്ത്‌ഇരുപ്പുണ്ട്‌.അയാള്‍ അച്ഛന് സമീപംഇരുന്നു.അധികം വൈകാതെ സഞ്ജയന്‍ എത്തിച്ചേര്‍ന്നു.ഇന്ദ്രപ്രസ്ഥം എങ്കിലും വിട്ടുകൊടുത്താല്‍ യുദ്ധം ഒഴിവാക്കാം എന്നായിരുന്നു സന്ദേശത്തിന്റെ രത്നച്ചുരുക്കം.മറ്റെല്ലാം പാണ്ഡവരുടെ അപദാനങ്ങളായിരുന്നു.എല്ലാവരും സുയോധനനെ നോക്കി.അയാള്‍പറഞ്ഞു:

പാണ്ഡവര്‍ക്കിനി സൂചികുത്താനുള്ള ഇടം പോലും ഞാന്‍ അനുവദിക്കയില്ല.അവര്‍ എന്നെ വെന്ന് എല്ലാം സ്വന്തമാക്കിക്കൊള്ളട്ടെ.

അതുകേട്ട് ഭീഷ്മര്‍ അസ്വസ്ഥനായി.അദ്ദേഹം ഉറക്കെ പറഞ്ഞു:

നിനക്കറിയില്ല,അവരുടെ വീര്യം.സൂത പുത്രനായ കര്‍ണ്ണനെ കണ്ടിട്ടാണ് നീ മദിക്കുന്നതെങ്കില്‍ അത് നിന്റെ തന്നെ നാശത്തിനാണ്.

സുയോധനന്‍ അപ്പോള്‍ ഭാനുമതിയെ ഓര്‍ത്തു.അയാള്‍ തികഞ്ഞ സംയമനത്തോടെ നിശബ്ദനായി ഇരുന്നു.ആ സമയം ദ്രോണര്‍ പറഞ്ഞു:

ദുര്യോധനാ,ഭാരത ശ്രേഷ്ഠനായ ഭീഷ്മര്‍ പറയുന്നത് അനുസരിക്കുക.ദ്രവ്യ ലോഭിയായ കര്‍ണ്ണനെയല്ല അംഗികരിക്കേണ്ടത്.പാണ്ഡവസന്ധിയാണ് നിനക്ക് അഭികാമ്യം.

അവരുടെ വാക്കുകള്‍ മഹാരാജാവിനെ ഭയചകിതനാക്കി.അദ്ദേഹം സുയോധനനോട് പറഞ്ഞു:

ഉണ്ണി,ഗുരുഭൂതരുടെ വാക്കുകള്‍ അവഗണിക്കരുത്.എനിക്ക് വലുത് നിന്റെ ആയുസ്സും വിര്യവുമാണ്.തെറ്റുകള്‍ പരസ്പരം പൊറുത്ത് ബന്ധുത്തത്തോടെ വര്‍ത്തികുക.

സുയോധനന്‍ സാവകാശം എഴുന്നേറ്റുനിന്നുകൊണ്ട് അച്ഛനോടായി പറഞ്ഞു:

അച്ഛാ,ഇവര്‍ ഇത്രനേരവും കര്‍ണ്ണനെ ഭല്‍സിച്ചത് കേട്ടില്ലേ?ഞാന്‍ ക്ഷമിക്കുകയല്ലേ?പാണ്ഡവരുമായി യുദ്ധം ആഗ്രഹിച്ചത്‌ ഞാനല്ല.എനിക്കെതിരെ,ആരും അറിയാതെ പടയൊരുക്കം തുടങ്ങിയത് അവരാണ്.അതിനെ അതേ വീര്യത്തോടെ എതിര്‍ക്കുക എന്നത് രാജധര്‍മ്മമല്ലെ?

അതുകേട്ട് ഭീഷ്മര്‍ പറഞ്ഞു:

ദുര്യോധനാ,നിനക്കറിയില്ല പാണ്ഡവരുടെ മഹത്വം.അവര്‍ മാനുഷിക ഭാവങ്ങള്‍പൂണ്ട ദേവതകളാണ്.

അതുകേട്ട് സുയോധനന്‍ ഉറക്കെ ചിരിച്ചു.

ദേവന്മാര്‍ പോലും!ദേവന്മാര്‍ ഒരിക്കലും കാമക്രോധമോഹങ്ങളോടെ പെരുമാറുകയില്ല.അങ്ങിനെയുള്ള ദൈവങ്ങളെ എനിക്ക് പേടിയുമില്ല.ഞാന്‍......ഞാന്‍ ഒരു മനുഷ്യനാണ്.എല്ലാ പരിമിതികളുമുള്ള മനുഷ്യന്‍.

ഒന്ന് നിര്‍ത്തിയിട്ട്‌ അയാള്‍ തുടര്‍ന്നു:

യുദ്ധമെങ്കില്‍ യുദ്ധം.ഞാന്‍ നിങ്ങളെ ആശ്രയിച്ചിട്ടല്ല അതിനൊരുങ്ങുന്നത്.ഞാന്‍ യുദ്ധം ആഗ്രഹിക്കുന്നുമില്ല.പക്ഷെ അവര്‍ അത് ഇച്ചിക്കുന്നു.എന്നെ കൊന്ന് എല്ലാം കൈക്കലാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.അതിന്‌ ഞാന്‍ നിന്നുകൊടുക്കുകയില്ല.എന്തൊക്കെ എനിക്ക് നഷ്ട്ടപ്പെട്ടാലും ഞാന്‍ ഇനി പാണ്ടവരുമായി സഖ്യം ചെയ്യുകയില്ല.

എല്ലാവരും നിശബ്ദരായിരിക്കെ,അയാള്‍ വേഗത്തില്‍ സഭ വിട്ടിറങ്ങി!

൦൦൦




No comments:

Post a Comment