Friday, January 10, 2014

അദ്ധ്യായം-48,ജീവിതം യുദ്ധത്തിനു വഴിമാറുമ്പോള്‍

തന്നോടെന്നപോലെ കര്‍ണ്ണനോടും കലഹിച്ചും അയാളെ വെല്ലുവിളിച്ചുമാണ് കൃഷ്ണന്‍ മടങ്ങിയത്!അത് ഒരു അത്ഭുതമായി തോന്നിയതുമില്ല സുയോധനന്.കൃഷ്ണന്‍ നിക്ഷ്പക്ഷനായ ഒരു ദൂതന്‍ ആയിരുന്നില്ല.എല്ലാവരും കൃഷ്ണ പക്ഷത്താണ്.തന്നെപ്പോലെ യുദ്ധം ഒഴിവാക്കാന്‍ അവരും ആഗ്രഹിക്കുന്നുണ്ട്.എന്നാല്‍ കൃഷ്ണന് യുദ്ധാഭിലാഷമാണ് ഉള്ളത്.പാണ്ഡവര്‍ സ്വന്തം ശക്തി തെളിയിച്ചു വിജയം നേടാനാണ് അയാള്‍ ആഗ്രഹിക്കുന്നത്!അതിനു പിന്നില്‍ പാഞ്ചാലിയാണെന്നു കര്‍ണ്ണന്‍ പറഞ്ഞത് നെരാവാം.

ഇങ്ങിനെയെല്ലാം ചിന്തിച്ചിരിക്കെ ഭാനുമതി സുയോധനന് അരികില്‍ വന്നു.അവള്‍ പറഞ്ഞു:

യുദ്ധം ക്ഷത്രിയ ധര്‍മ്മമാണ്.അനിവാര്യമെങ്കില്‍ അത് ഒഴിവാക്കാന്‍ ആവില്ല.സംഭവിക്കേണ്ടത്‌ സംഭവിക്കട്ടെ.പാണ്ഡവര്‍ അത് ആഗ്രഹിക്കുമ്പോള്‍ നാം അമാന്തിക്കുന്നത് എന്തിന് ?

സുയോധനന്‍ പറഞ്ഞു:

യുദ്ധത്തെ എനിക്ക് ഭയമില്ല.എന്ത് സംഭവിക്കും എന്നതും എനിക്ക് നിശ്ചയമുണ്ട്.എനാല്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.

അതോര്‍ത്തു വിഷമിക്കേണ്ട.ധര്‍മ്മാനുസാരിയായി മാത്രം വര്‍ത്തിക്കുക.കുടെയുള്ളവര്‍ക്ക് പിറകില്‍ എപ്പോഴും ഒരുശ്രദ്ധ ഉണ്ടായിരിക്കുന്നത് നന്ന്.കര്‍ണ്ണനൊഴികെ.

ഭരണ കാര്യങ്ങളില്‍ നേരിട്ട് ഇടപെടാത്ത ഭാനുമതി എത്ര കൃത്യമായാണ് ഇവയെല്ലാം അറിയുന്നത് എന്നത് അയാളെ തെല്ല് അത്ഭുതപ്പെടുത്താതെയിരുന്നില്ല!

പിറ്റേന്നു രാവിലെ സുയോധനനെ മഹാരാജാവ് വിളിപ്പിച്ചു.സഭാ മണ്ഡപത്തില്‍ അച്ഛനൊപ്പം ഭീഷ്മര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ചെന്നപാടെ ഭീഷ്മര്‍ പറഞ്ഞു:

ദുര്യോധന,പാണ്ഡവര്‍ പടയൊരുക്കം തുടങ്ങിയതായി അറിയിച്ചിരിക്കുന്നു.സമവായത്തിനുള്ള എല്ലാ പഴുതുകളും നീ അടച്ചില്ലേ?കൃഷ്ണനെ പോലും അപമാനിച്ചു വിട്ടില്ലേ?ഇനി ഒത്തുതീര്‍പ്പുകളില്ല.യുദ്ധം മാത്രം!

സുയോധനന്‍ പറഞ്ഞു:

ഇതിനെല്ലാം മറുപടി പറയാനുള്ള സമയമല്ലിത്.അവര്‍ യുദ്ധ സന്നദ്ധരായെങ്കില്‍ ഞാനും പിന്നോട്ടില്ല.

അപ്പോള്‍ ഭീഷ്മര്‍ പറഞ്ഞു:

എങ്കില്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുക.പാണ്ഡവര്‍ കുരുക്ഷേത്രത്തില്‍ ശിബിരങ്ങള്‍ ഒരുക്കിത്തുടങ്ങിയിരിക്കുന്നു.എഴാണവര്‍ക്ക് അക്ഷവ്ണി പടകള്‍ !ദ്രുപദന്‍,വിരാടന്‍,ധൃഷ്ടദ്യുമ്നന്‍,ശിഖണ്ഡി,ചെകിതാനന്‍,സാത്യകി,ഭീമന്‍ എന്നിവരെയെല്ലാം സേനാപതികളായി അവര്‍ നിശ്ചയിച്ചു കഴിഞ്ഞു.

അതുകേട്ടു സുയോധനന്‍ പറഞ്ഞു:

പാണ്ഡവപ്പടയുടെ വിവരണങ്ങള്‍ എനിക്ക് കേള്‍ക്കനമെന്നില്ല.അത് രണാങ്കണത്തില്‍ കാണാമല്ലോ.ഇപ്പോള്‍ നമ്മുടെയും പടയോരുക്കമാണ് നടക്കേണ്ടത്‌.

പിന്നീട് ഭീഷ്മര്‍ ഒന്നും പറഞ്ഞില്ല.അപ്പോള്‍ സുയോധനന്‍ അദ്ദേഹത്തിന്റെ അരികില്‍ ചെന്ന് കാലുകള്‍ തൊട്ടു വന്ദിച്ചുകൊണ്ട് അഭ്യര്‍ത്ഥിച്ചു:

പിതാമഹാ,അങ്ങയുടെ മനസ്സ് എനിക്ക് കാണാം.പാണ്ഡവരെപ്പോലെയാണല്ലോ അങ്ങേക്ക് ഞങ്ങളും.അതിനാല്‍ എന്നെ കൈവെടിയരുത്.മനം കൊണ്ടും ധനം കൊണ്ടും ബലം കൊണ്ടും പാണ്ഡവര്‍ക്ക് തുണയായി ധാരാളം പേരുണ്ട്.അതുകൊണ്ട് അങ്ങ് ഞങ്ങള്‍ക്ക് സേനാനായകനാകണം.

സുയോധനന്റെ അപേക്ഷ തള്ളുവാന്‍ ഭീഷ്മ്ര്‍ക്ക് ആവുമായിരുന്നില്ല.ഇത്രയും കാലം തന്നെ പോറ്റിയ കാരുണ്യമാണ് ഇവന്‍.വിദ്വേഷിച്ച് അകറ്റുവാന്‍ ശ്രമിച്ചപ്പോള്‍ പോലും അക്ഷോഭ്യനായി നില കൊണ്ടവന്‍.തനിക്കു എന്ത് സംഭവിക്കും എന്ന് വ്യെക്തമായിട്ടു അറിയാമായിരുന്നിട്ടും രാജധര്‍മ്മം പാലിക്കാന്‍ ഒരുമ്പിടുന്നവന്‍!മറ്റാര്‍ക്കും തന്നെ ഈ ആത്മധൈര്യം താന്‍ കണ്ടിട്ടില്ല!അതിനാല്‍ ഭീഷ്മര്‍ പറഞ്ഞു:

എത്ര വലിയ സേനയും നായകനില്ലെങ്കില്‍ നശിക്കും.പോരിലവ ഉറുമ്പിന്‍ കൂട്ടങ്ങള്‍ പോലെ ചിതറും.പക്ഷെ എനിക്ക് ചില നിബന്ധനകള്‍ ഉണ്ട്.

അവ കേള്‍ക്കാന്‍ സുയോധനന്‍ കാതോര്‍ത്തു.ഭീഷ്മര്‍ തുടര്‍ന്നു:

എന്റെ ബാഹുക്കള്‍ തടുക്കാന്‍ പാണ്ഡവര്‍ക്കാകില്ല.എന്നാല്‍ നീ പറഞ്ഞതുപോലെ എനിക്ക് അവരും നിങ്ങളും തുല്യരാണ്.അതിനാല്‍ പതിനായിരം യോദ്ധാക്കളെ വീതം ഞാന്‍ ദിവസവും ഇല്ലാതാക്കാം.എന്നാല്‍ ഞാന്‍ പാണ്ഡവരെ തൊടുകയില്ല.

ഭീഷ്മരുടെ നിര്‍ദ്ദേശങ്ങള്‍ സുയോധനന്‍ അഗീകരിച്ചു.അപ്പോള്‍ ഭീഷ്മര്‍ സുയോധനനെ മാറോടണച്ചുകൊണ്ട് പറഞ്ഞു:

സുയോധന,ഒരാള്‍ യുദ്ധക്കളത്തില്‍ എന്നെ വീഴ്ത്തും വരെ ഞാന്‍ ഈ ശരീരം കൊണ്ട് നിന്റെ കൂടെ നില്‍ക്കും.

ഭീഷ്മരുടെ വാക്കുകള്‍ സുയോധനനെ ഏറെ സന്തുഷ്ടനാക്കി.അയാള്‍ പറഞ്ഞു:

മതി.അതുമാത്രം മതി.ഇനി എന്തും സംഭവിക്കട്ടെ.

ഉടന്‍ ഭീഷ്മര്‍ സുയോധനനെയും കൂട്ടി സൈന്യവ്യുഹത്തിനു സമീപമെത്തി.സൈന്യത്തെ നോക്കിക്കൊണ്ട് സുയോധനനോട്‌ പറഞ്ഞു:

സുസ്സജ്ജമായി നില്‍ക്കുന്ന ഈ സേനയെ,പതിനൊന്നു അക്ഷൌഹിണികളായി തിരിക്കണം.തേര്,ആന,ആള്‍,കുതിര തുടങ്ങിയവയെ സാരം,മദ്ധ്യം,ലഘു എന്നിങ്ങനെ മൂന്നായി തരംതിരിച്ചു നിര്‍ത്തണം.

പിന്നിട് അദ്ദേഹം സൈന്യാധിപന്മാരോടായി പറഞ്ഞു:

ഒരു തേരിനു അമ്പതു കൊമ്പന്മാര്‍.ഒരു കൊമ്പന് അഞ്ഞുറു കുതിരകള്‍.കുതിരക്ക് മുപ്പത്തഞ്ചു പുരുഷന്മാര്‍ എന്ന നിലയില്‍ കരുതി വയ്ക്കണം.

ഒന്ന് നിര്‍ത്തിയിട്ട് അദ്ദേഹം വീണ്ടും തുടര്‍ന്നു:

ഒരു സേനക്ക് അഞ്ഞുറാനകള്‍,അത്രതന്നെ തേരുകള്‍.പത്തു സേന ചേരുന്നതാണ് ഒരു പ്രുതന.പത്തു പ്രുതന ഒരു വാഹിനി.അങ്ങിനെ പത്തു വാഹിനികള്‍ ചേരുന്നതാണ് നമ്മുടെ സേന!

ഇതെല്ലാം നിറഞ്ഞ സംതൃപ്തിയോടെ കേട്ട് നില്‍ക്കുമ്പോള്‍,കര്‍ണ്ണനെ ഒഴികെ മറ്റാരെയും വിശ്വസിക്കരുത് എന്നാ ഭാനുമതിയുടെ വാക്കുകള്‍ അവിവേകമായിപ്പോയോ എന്ന് സുയോധനന്‍ ചിന്തിച്ചു പോയി!

൦൦൦



No comments:

Post a Comment