Friday, January 10, 2014

അദ്ധ്യായം 49,ഞാന്‍ സുത പുത്രനല്ല !

കര്‍ണ്ണന്‍ വന്നുകയറിയപ്പോള്‍ തന്നെ സുയോധനന്‍,യുദ്ധത്തിനായി നടത്തിയ മുന്നൊരുക്കങ്ങള്‍ വിവരിച്ചു.എല്ലാം മൂളിക്കേട്ടതിനു ശേഷം കര്‍ണ്ണന്‍ പറഞ്ഞു:

നന്നായി സുയോധന.എല്ലാം നല്ലതിനായിരിക്കട്ടെ.ഭീഷ്മപിതാമഹന്‍ സേനാ നായകത്വം ഏറ്റെടുക്കാന്‍ കാണിച്ച സൌമനസ്യത്തിന് നന്ദി പറയണം.

അപ്പോള്‍ സുയോധനന്‍ പറഞ്ഞു:

നീ പറഞ്ഞത് ശരിയാണ്  കര്‍ണ്ണാ.പിതാമഹന്‍ നമ്മോടൊപ്പം ഉണ്ടെങ്കില്‍ ഭയപ്പെടാന്‍ ഒന്നുമില്ല.പക്ഷെ അതുകൊണ്ട് മാത്രമായില്ല. നിന്റെ സഹായവും സേനാ നായകത്വവും ഞാന്‍ കാംക്ഷിക്കുന്നു.

അതുകേട്ട്‌ കര്‍ണ്ണന്‍ അയാളുടെ ചുമലില്‍ കൈ ചേര്‍ത്തുകൊണ്ട് പറഞ്ഞു:

സുയോധനന,അക്കാര്യത്തില്‍ നിനക്ക് സംശയം എന്തിനു?എന്റെ ജീവനും ഉടലും ആയോധന ശേഷിയും നിനക്കായി പറഞ്ഞു: എന്നേ തയ്യാറാക്കി വച്ചിട്ടുള്ളവനാണ് ഞാന്‍!പക്ഷെ പിതാമഹന്‍  വീണതിന് ശേഷമേ ഞാന്‍ സേനാ നായക പദവി എല്ക്കുകയുള്ളു !

സുയോധനന്‍ പറഞ്ഞു:

അതുമതി.അല്ലെങ്കിലും ഭീഷ്മരാല്‍ സദാ ഭത്സിതനാകുന്ന നിനക്കെങ്ങനെ അദേഹത്തോടൊപ്പം  നില്‍ക്കാനാകും?കര്‍ണ്ണാ നിന്നോളം വിശ്വാസമുള്ള മറ്റൊരു ചങ്ങാതി എനിക്കില്ല.

അതുകേട്ട്‌ കര്‍ണ്ണന്റെ കണ്ണുകള്‍ ആര്‍ദ്രങ്ങളായി.അയാള്‍ സുയോധനനെ ഗാഡം പുണര്‍ന്നുകൊണ്ട് വിതുമ്പിക്കരഞ്ഞു!പെട്ടെന്നുണ്ടായ ആ ഭാവ മാറ്റത്തിന്റെ പൊരുളറിയാതെ നിന്ന സുയോധനന്‍ കാരണം തിരക്കിയപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

സുയോധന,എല്ലാവരും കരുതും പോലെ,രാധേയനായ കര്‍ണ്ണനല്ല ഞാന്‍.എന്റെ അമ്മ പാണ്ഡവ മാതാവായ കുന്തീദേവിയാണ്!

അത് അവിശ്വാസത്തോടെ ശ്രവിച്ച സുയോധനനോട്‌ അയാള്‍ തുടര്‍ന്നു:

ഒരു അപസര്‍പ്പകഥയല്ലിത്.അമ്മയില്‍ നിന്നും നേരിട്ട് കേട്ട സത്യമാണ്.

പിന്നെ സുയോധനനെ വിട്ട് അല്‍പ്പം മാറിനിന്നുകൊണ്ട്‌ അയാള്‍ പറഞ്ഞു:

കൃഷ്ണന്‍ ദൂതു വന്നു തിരിച്ചുപോയ രാത്രിയില്‍ ഞാന്‍ ഗംഗാ തിരത്ത് ഇരിക്കുമ്പോള്‍ കുന്തീദേവി അതുവഴി വന്നു.അവിചാരിതമായി അവരെ കണ്ടപ്പോള്‍ ഞാന്‍ വിസ്മയിച്ചുപോയി.അവര്‍ എന്നെ മകനേ എന്ന് വിളിച്ചുകൊണ്ട് പറഞ്ഞു:

നീ സുത പുത്രനല്ല.സുര്യ പുത്രനാണ്.രാധയല്ല ഞാനാണ് നിനക്കമ്മ.

അവര്‍ എന്റെ ജന്മരഹസ്യം വെളിവാക്കി.ഞാന്‍ അവര്‍ക്ക് വിവാഹത്തിനു മുന്‍പ് സുര്യദേവന് പിറന്ന മകനാണെന്ന്!

സുയോധനന്‍ അവിശ്വാസത്തോടെ നോക്കി നിന്നു.കര്‍ണ്ണന്‍ തുടര്‍ന്നു:

അമ്മ എന്നോട് മറ്റൊന്ന്കൂടി ആവശ്യപ്പെട്ടു.ഞാന്‍ പാണ്ഡവപക്ഷത്തു നില്‍ക്കണമെന്ന്!നിനക്കെതിരെ പോരാടണമെന്ന്!

പിന്നെ അയാള്‍ സുയോധനനെ സമീപിച്ചുകൊണ്ട് പറഞ്ഞു:

എനിക്കതാവില്ലെന്നു തീര്‍ത്തുപറഞ്ഞു.എന്റെ ജീവിതം ഏറ്റവും അപമാനകരമായി തീര്‍ന്നത് അമ്മ മൂലമാണ്.അപ്പോഴൊക്കെ താങ്ങായി നിന്നത് നീയും!അതിനാല്‍ത്തന്നെ സുയോധന പക്ഷത്തെ ഈ കര്‍ണ്ണന്‍ ഉണ്ടാവു.

അയാള്‍ സുയോധനന്റെ കരം ഗ്രഹിച്ചു കൊണ്ട് തുടര്‍ന്നു:

പക്ഷെ സുയോധന,ഞാന്‍ അമ്മയ്ക്ക് ഒരു ഉറപ്പു കൊടുത്തിട്ടുണ്ട്.യുദ്ധത്തില്‍ അര്‍ജുനനെ മാത്രമേ വധിക്കൂവെന്ന്.

സുയോധനന്‍ കര്‍ണ്ണനെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് പറഞ്ഞു:

കര്‍ണ്ണാ,നിന്നില്‍ ഞാന്‍ അസൂയപ്പെടുന്നു.പാണ്ഡവപക്ഷം ചേര്‍ന്നാല്‍ ഇതിനേക്കാള്‍ സൌഭാഗ്യങ്ങളും സ്ഥാനമാനങ്ങളും ഒരുപക്ഷെ ജീവന്‍ തന്നെയും സുരക്ഷിതമാവും എന്നറിഞ്ഞിട്ടും നീ അചഞ്ചലചിത്തനായി നില്‍ക്കുന്നതില്‍ .

കര്‍ണ്ണന്‍ പറഞ്ഞു:

മരിക്കും വരെ ഞാന്‍ താങ്കളുടെ ഹിതാനുവര്‍ത്തിയായി കുടെത്തന്നെയുണ്ടാകും.

പിന്നെ കര്‍ണ്ണന്‍ സാവകാശം തുടര്‍ന്നു:

എന്റെ രഹസ്യം അതായിത്തന്നെ ഇരിക്കട്ടെ സുയോധന.

അതുകേട്ട് സുയോധനന്‍ പറഞ്ഞു:

തീര്‍ച്ചയായും.നിന്നെ ഞാനെന്ന വിധം നിനക്ക് എന്നെയും വിശ്വസിക്കാം.

൦൦൦

No comments:

Post a Comment