Friday, January 17, 2014

അദ്ധ്യായം-50,കുരുക്ഷേത്രത്തിലേക്ക്..........

സരസ്വതീ നദിക്കു തെക്കായി,പുരുവംശത്തിലെ രാജാവായിരുന്ന കുരുവിന്റെ ഖ്യാതിയാല്‍ പ്രസിദ്ധമായിത്തിര്‍ന്ന കുരുക്ഷേത്ര ഭൂമിയാണ് യുദ്ധത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.പാണ്ഡവരുടെ പടയൊരുക്കത്തെപ്പറ്റി കേട്ടറിഞ്ഞസുയോധനന്‍ ഭീഷ്മരേ ചെന്ന് കണ്ടു.ഭീഷ്മര്‍ പറഞ്ഞു;

ഇനി നമ്മളും താമസം വരുത്തേണ്ട.വിജയതിനായാണ് ഈ യുദ്ധം എന്ന് മനസ്സില്‍ കരുതി എല്ലാവരും തയ്യാരായിക്കൊള്ളൂക

ഭീഷ്മരുടെ നിര്‍ദേശപ്രകാരം സുയോധനസേന കുരുക്ഷേത്രത്തിലേക്ക് യാത്രയായി.പതിനൊന്ന് അക്ഷൌണികള്‍ തയ്യാറെടുത്തു നിന്നു.പതിനായിരം ഗണങ്ങള്‍ ശസ്ത്രപാണികളായി നിലയുറപ്പിച്ചു.കൃപര്‍ ,ദ്രോണര്‍ ,ശല്യര്‍ ,ജയദ്രദന്‍,സുദക്ഷിണന്‍,ശകുനി,ബാല്‍ഹീകന്‍ തുടങ്ങിയ മഹാരഥന്മാരെ അക്ഷൌണികള്‍ക്ക് നായകന്മാരായി നിശ്ചയിച്ച് ഭീഷ്മര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.അനന്തരം സേന കുരുക്ഷേത്ര ഭൂമിയിലേക്ക് പ്രയാണം ആരംഭിച്ചു.

നേരം പുലര്‍ന്നപ്പോള്‍ തന്നെ ഇരുപക്ഷവും യുദ്ധ സന്നദ്ധമായി നിലയുറപ്പിച്ചു.ആര്‍പ്പുവിളികളും ശoഖ്,ദുന്ദുഭി നാദങ്ങളും കൊണ്ട് രണാങ്കണം ശബ്ധമുഖരിതമായി.ജ്വലിക്കുന്ന ശിഖയോടെ സുര്യന്‍ കുതിച്ചുയര്‍ന്നപ്പോള്‍ ഏവര്‍ക്കും പരസ്പ്പരം കാണാമെന്ന നില വന്നു.വെള്ളക്കുട,കൊടിക്കൂറ,ആനകള്‍ ,ഹയങ്ങള്‍ ,തേരുകള്‍ ,പത്തികള്‍ എന്നിവയോട് ചേര്‍ന്ന് സൈന്യങ്ങളെല്ലാംശോഭിച്ചു.

ഭീഷ്മര്‍ കൌരവ സേനക്ക് രക്ഷാധികാരിയായി മുന്നില്‍ നിന്നു.അപ്പോള്‍ എതിര്‍ പക്ഷത്തെ പാണ്ഡവസൈന്യത്തില്‍ ഒരു ആരവം ഉയര്‍ന്നു.സുയോധനന്‍ നോക്കുമ്പോള്‍ യുധിഷ്ഠിരന്‍ തന്റെ തേര്‍ത്തടം വിട്ടു മുന്നോട്ട് വരുന്നത് അയാള്‍ കണ്ടു.ധര്‍മ്മപുത്രന്‍ നേരെ നടന്ന് ഭീഷ്മ സമീപമെത്തി.ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അയാള്‍ പിതാമഹനെ പാദനമസ്കാരം ചെയ്തിട്ട് പറഞ്ഞു:

മഹാബാഹോ,അങ്ങ് ദുര്യോധനന് വേണ്ടി യുദ്ധം ചെയ്താലും എന്റെ വിജയത്തിനായി കാംക്ഷിക്കുമല്ലോ.ഒപ്പം അപരാജിതനായ അങ്ങയെ മറികടക്കേണ്ട വിദ്യ പറഞ്ഞു തന്നാലും.

അത് കേട്ട് ഭീഷ്മ്ര്‍ പറഞ്ഞു:

അടര്‍ക്കളത്തില്‍ എന്നെ ജയിക്കുവാന്‍ പോന്ന ആരും നിന്റെ കൂട്ടത്തില്‍ ഇല്ല.ഉണ്ണി എനിക്ക് മരിക്കുവാനുള്ള സമയവും ആയിട്ടില്ല.അതിനു കാലമാകുമ്പോള്‍ നീ ഇനിയും വന്നുകൊള്ളൂക.

ധര്‍മ്മപുത്രന്‍ പിന്നെ നേരെ പോയത് ദ്രോണരുടെ അടുത്തേക്കാണ്.അദ്ദേഹത്തെയും താണുവണങ്ങിക്കൊണ്ട് അയാള്‍ സഹായം അഭ്യര്‍ത്ഥിച്ചു.ദ്രോണര്‍ പറഞ്ഞു:

നീ യുദ്ധമല്ലാതെ മറ്റെന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ പറയു.

അതുകേട്ടു സന്തോഷത്തോടെ ധര്‍മ്മപുത്രന്‍ ചോദിച്ചു:

പോരില്‍ ഞങ്ങള്‍ക്ക് അങ്ങയെ വിജയിക്കാനുള്ള വഴി പറഞ്ഞുതന്നാലും.

ധര്‍മ്മപുത്രന്റെ ആവശ്യത്തിന് മുന്നില്‍മെല്ലെ പുഞ്ചിരിച്ചുകൊണ്ട് ദ്രോണര്‍ പറഞ്ഞു:

പോരില്‍ ആയുധമേന്തി നില്‍ക്കുന്ന എന്നെ വീഴ്ത്താമെന്നു ആരും കരുതേണ്ട.ഒന്ന് ഞാന്‍ പറയാം.അപ്രിയമായ എന്തെങ്കിലും ഞാന്‍ കേള്‍ക്കാന്‍ ഇടയായാല്‍ അപ്പോള്‍ ഞാന്‍ ആയുധം താഴെ വയ്ക്കും.

ധര്‍മ്മപുത്രന്‍ ഇപ്രകാരം കൃപരെയും ശല്യരെയും പോയിക്കണ്ട് അനുഗ്രഹം വാങ്ങി.പിന്നെ യുദ്ധ സന്നദ്ധമായി നില്‍ക്കുന്ന ഇരുസേനകള്‍ക്കും നടുവില്‍ ചെന്ന് നിന്നുകൊണ്ട് അയാള്‍കൌരവ പക്ഷത്തേക്ക് നോക്കിക്കൊണ്ട്‌ ഉറക്കെ വിളിച്ചു ചോദിച്ചു:

ഞങ്ങളെ സഹായിക്കാന്‍ താത്പര്യമുള്ള ആരെങ്കിലും ഈ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് സ്വീകരിക്കുന്നതില്‍ സന്തോഷമേയുള്ളു.

അപ്രതീക്ഷിതമായ ആ ക്ഷണം കേട്ട് എല്ലാവരും അമ്പരന്നു നില്‍ക്കെ,ധൃതരാഷ്ട്ര പുത്രനായ യുയുത്സു മുന്നോട്ടു വന്നു.അയാള്‍ സുയോധനനെ ഇടം കണ്ണുകൊണ്ട് ഒന്ന് പാളി നോക്കിക്കൊണ്ട് ധര്‍മ്മപുത്രര്‍ക്കൊപ്പം ചേര്‍ന്നു.അതുകണ്ട് പാണ്ഡവ പക്ഷത്ത് സന്തോഷത്തിന്റെ പെരുമ്പറകള്‍ മുഴങ്ങി.സുയോധനന്‍ ഭീഷ്മരെ നോക്കി.അദ്ദേഹം ആ നോട്ടത്തെ അവഗണിച്ചുകൊണ്ട് യുദ്ധത്തിനായി ആഹ്വാനം ചെയ്തു!

൦൦൦


No comments:

Post a Comment