Sunday, January 19, 2014

അദ്ധ്യായം-52-പുത്രന്മാര്‍ ഏറ്റുമുട്ടുമ്പോള്‍

ക്രൌഞ്ചവ്യൂഹം തീര്‍ത്തുകൊണ്ടാണ് രണ്ടാം ദിവസം പാണ്ഡവര്‍ കരവരെ എതിരിട്ടത്‌.പക്ഷെ ഭീക്ഷ്മര്‍ക്ക് മുന്നില്‍ തുടക്കം മുതല്‍ തന്നെ കൌരവസേന ശിഥിലമായിക്കൊണ്ടിരുന്നു.ഭീക്ഷ്മരെ അത്ഭുതത്തോടെയാണ് സുയോധനന്‍ നോക്കിക്കണ്ടത്.ദ്രോണര്‍ അദേഹത്തിന് തുണയായി ഉണ്ടായിരുന്നു.അവര്‍ക്ക് പിന്തുണയായി മഗധരും ഗാന്ധാരന്മാരും കലിംഗരും ഉണ്ടായിരുന്നു.ഏറ്റവും മികച്ച യോദ്ധാക്കള്‍ കലിംഗരാണെന്ന് സുയോധനന് തോന്നി.പടയുടെ ആവേശത്താല്‍ പ്രചോദിതനായി അയാള്‍ വിളിച്ചു പറഞ്ഞു:

ഏവരും പൊരുതുവിന്‍,എതിര്‍ക്കുവിന്‍

സുയോധനന്റെ വാക്കുകള്‍ കൌരവസൈന്യത്തിന് കൂടുതല്‍ ആവേശം പകര്‍ന്നു.ഭീക്ഷ്മര്‍ ആഞ്ഞുകയറി,ശരവര്‍ഷം സൃഷ്ടിച്ചു.ആ ധീരമായ ആക്രമണത്തില്‍ പാണ്ഡവവ്യുഹം തകര്‍ന്നു.കുതിരക്കാരും കൊടിക്കാരും മുറിവേറ്റു നിലംപതിച്ചു.തേര്‍ക്കൂട്ടം ഭയപ്പെട്ട് ചിതറിയോടി.പാണ്ഡവപ്പട പിന്തിരിയുന്ന കണ്ടു ക്രുദ്ധനായി അര്‍ജുനന്‍ ഭീക്ഷ്മര്‍ക്കുനേരെ കുതിച്ചെ ത്തുന്നത് സുയോധനന്‍ കണ്ടു.മദയാനയെപ്പോലെ പാഞ്ഞടുക്കുന്ന അയാളുടെ നേര്‍ക്ക്‌ ഭീക്ഷ്മര്‍ അതിവേഗത്തില്‍ ശരപ്രയോഗം നടത്തി!പാഞ്ഞു ചെന്ന ആ ശരങ്ങള്‍ക്ക് മുന്നില്‍ അര്‍ജുനന്‍ വിവശനായി.അപ്പോഴേക്കും പാണ്ഡവസൈന്യം ഇരച്ചെത്തി.അതില്‍ വീര്യം കൂടിയ അര്‍ജുനന്‍ ഭീക്ഷ്മരെ കുടുതല്‍ കരുത്തോടെ എതിരിടാന്‍ തുടങ്ങി.

പരസ്പരം പാഞ്ഞു കയറുന്ന അവരുടെ അസ്ത്ര ജാലത്തില്‍ ആര് ആരെ കീഴടക്കും എന്ന് പറയാനാവാത്ത സ്ഥിതിയായി.രണ്ടുപേരും ക്ഷിണിതരാവുന്നകണ്ട് സുയോധനന്‍ തന്റെ സൈന്യത്തെ പിന്‍വലിച്ചു.അതുകണ്ട് കൌരവപക്ഷം തോറ്റോടുന്നുവെന്ന ശ്രുതി പരത്തിക്കൊണ്ട് അര്‍ജുനനും പടയാളികളും പിന്‍വാങ്ങി!

പൂര്‍വ്വാഹ്നം കഴിഞ്ഞുള്ള യുദ്ധത്തില്‍ പാണ്ഡവപ്പടയോട് ആദ്യമേ എതിരിട്ടത്‌ കലിംഗരായിരുന്നു.ഭീമന്റെ നേതൃത്തത്തിലുള്ള പാണ്ഡവപ്പടയാകട്ടെ യുദ്ധമര്യാദകള്‍ ലംഘിച്ചുകൊണ്ടാണ് രംഗത്തെത്തിയത്.അലറിവിളിച്ചു വന്ന ഭീമന്റെ തേര് കലിംഗര്‍ ആദ്യമേ തകര്‍ത്തെറിഞ്ഞു.ഭീമന്‍ ഗദയോട് കൂടി നിലംപതിക്കുന്ന കാഴ്ചകണ്ട് സുയോധനന്‍ ഉറക്കെ ചിരിച്ചുപോയി.സുയോധനന്റെ പരിഹാസച്ചിരി ഭീമനെ കുടുതല്‍ ദേഷ്യം പിടിപ്പിച്ചു.

ഗദ കൈവിട്ടുപോയ ഭീമന്‍ നിലത്തുനിന്നും പൊന്തിയത് കൈയ്യില്‍ വാളുമേന്തിയാണ്!ഒരു സര്‍പ്പത്തെപ്പോലെ ചീറിക്കൊണ്ട് അയാള്‍ കലിംഗ രാജാവിന്‍റെ കഴുത്തിലേക്കു വാള് വീശി.ലക്‌ഷ്യം തെറ്റിയ അത് ആനയുടെ തുമ്പിക്കൈ അറുത്തു വീഴ്ത്തി!ആന ചോര ചീറ്റി ചരിഞ്ഞു.ആനക്കൊപ്പം നിരായുധനായി നിലത്തു വീണ കലിംഗരാജന്റെ ശിരസ്സ് ഭീമന്‍ അരിഞ്ഞുമാറ്റി.രാജാവിന്റെ മരണം കണ്ടു ഭയചകിതരായി ചിതറിയോടിയ കലിംഗരേ തടഞ്ഞുനിര്‍ത്തുവാന്‍ സുയോധനന് ആയില്ല!അപ്പോള്‍ വിജയശ്രീലാളിതനായി,ശംഖും മുഴക്കിക്കൊണ്ട് ഭീമന്‍ പാണ്ഡവപ്പടയിലേക്ക് മടങ്ങി.ഉടന്‍ കൃഷ്ണ പുത്രനായ ധൃഷ്ടദ്യുമ്നന്‍ തെരിലെത്തി ഭീമനെ കയറ്റിക്കൊണ്ട് പോയി!

അപ്പോള്‍ത്തന്നെ ദ്രോണപുത്രനായ അശ്വത്ഥാമാവ് ശല്യരുടെ തേരില്‍ പാഞ്ഞെത്തി ഭീമനെ തടയാന്‍ ശ്രമിച്ചു.എന്നാല്‍ പാഞ്ചാലന്മാര്‍ ദ്രൌണിക്ക് തടസ്സം നിന്നു.ഈ സമയം ഭീമനെ മറ്റൊരു തേരിലാക്കി പറഞ്ഞയച്ചുകൊണ്ട് ധൃഷ്ടദ്യുമ്നന്‍ ദ്രോണപുത്രനോട് എതിര്‍ത്തു.ദ്രൌണിയെ സഹായിക്കാന്‍ ശല്യരും കൃപരും പാഞ്ഞെത്തി!യുദ്ധത്തില്‍ ധൃഷ്ടദ്യുമ്നനന്റെ പരാജയം ഉറപ്പായി!

എന്നാല്‍ ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് അര്‍ജുന പുത്രനായ അഭിമന്യുവിന്റെ തേര്‍ അവിടെ പ്രത്യക്ഷപ്പെട്ടു!കൈകരുത്തും ശരവേഗവും അര്‍ജുന സമമായ അയാള്‍ക്ക്‌ മുന്നില്‍ ആചാര്യപുത്രന്‍ വിവശനായി.അശ്വത്ഥാമാവിന്റെ രക്ഷക്കായി അപ്പോള്‍ സുയോധന പുത്രനായ ലക്ഷ്മണനും പാഞ്ഞെത്തിയതോടെ ആ രംഗം കുടുതല്‍ ഭയാനകമായി!

ശത്രുജിത്തായ ലക്ഷ്മണന്‍ പോരില്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി.ആ ശരവേഗം കണ്ടു സുയോധനനും അത്ഭുതപ്പെട്ടു!തന്റെ മകന്റെ പാടവം ആദ്യമായാണ് അയാള്‍ നേരില്‍ കാണുന്നത്.അയാള്‍ അഭിമാനംകൊണ്ട് ഹര്‍ഷപുളകിതനായി.ലക്ഷ്മണന്‍ അഭിമന്യുവിന്റെ വില്ല് മുറിച്ചിട്ടു!അമ്പരപ്പും ലജ്ജയും കൊണ്ട് അപമാനിതനായി അപ്പോള്‍ അഭിമന്യു.

വില്ലാളിവീരന്മാരായ അവരുടെ ഏറ്റുമുട്ടല്‍ എല്ലാവരിലും കൌതുകമുണര്‍ത്തി.ആ സമയം സ്വപുത്ര രക്ഷക്കായി അര്‍ജുനന്‍ പാഞ്ഞെത്തി.അയാള്‍ ആള്‍ക്കുട്ടത്തിലേക്ക് അസ്ത്രവര്‍ഷം ആരംഭിച്ചു.അപ്രതിക്ഷിതമായ ആ ആക്രമണത്തില്‍ കൌരവസേന പിന്തിരിഞോടി!കാഴ്ചക്കാരെ ആക്രമിച്ചത് യുദ്ധമര്യാദാ ലംഘനമാണെന്ന് സുയോധനന് തോന്നി.പടക്കളം ചോരക്കളമാവുന്നത്  സുയോധനന് സഹിക്കാനായില്ല.അയാള്‍ മുന്നോട്ടു കുതിച്ചതും,ഭീക്ഷ്മര്‍ സുയോധനനെ തടഞ്ഞുകൊണ്ട് അസ്തമയം അടുത്തതിനാല്‍ യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെട്ടതും ഒന്നിച്ചായിരുന്നു.അതോടെ ജയഭേരികലുമായി പാണ്ഡവര്‍ മടങ്ങി.കൌരവസേനയും പിന്‍വാങ്ങിയതോടെ സുയോധനനും മകന്‍ ലക്ഷ്മണനും മാത്രമായി.സുയോധനന്‍ മകനെ അഭിനന്ദസൂചകമായി ആശ്ലേഷിച്ചു.

                                                                        ൦൦൦




No comments:

Post a Comment