Tuesday, January 21, 2014

അദ്ധ്യായം-53,അവരെ ജയിക്കുക സാധ്യമല്ലെന്നോ !

ഗരുഡവ്യുഹമായിരുന്നു കൌരവര്‍ക്കായി മൂന്നാം ദിവസത്തെ യുദ്ധത്തിനു ഭീക്ഷ്മര്‍ നിര്‍ദ്ദേശിച്ചത്.ഗരുഡാകൃതിയില്‍ തീര്‍ത്തസൈന്യത്തില്‍,നയനങ്ങളായി ദ്രോണരും കൃതവര്‍മ്മാവും നിന്നു.അശ്വത്ഥാമാവും കൃപരും ഗരുഡന്റെ മൂര്‍ദ്ധാവായി.ജയദ്രഥന്റെ നേതൃത്വത്തില്‍ സാമന്തരാജാക്കന്മാര്‍ ഗരുഡകണ്ഠമായി.അതിന്റെ പുറത്ത് സുയോധനന്‍ സഹോദരന്മാരുമൊത്ത് അണിനിരന്നു.അങ്ങിനെ ഗരുഡവ്യൂഹം പടക്കളത്തില്‍ എത്തിയപ്പോള്‍,പാണ്ഡവര്‍ അര്‍ദ്ധചന്ദ്ര വ്യൂഹത്തിലായിരുന്നു!ഭീമന്‍ ആയിരുന്നു അതിന്റെ അധിപതി.അതിനാല്‍ ഭീമനെ എതിരിടലാണ് പ്രധാനം എന്ന് തീരുമാനിച്ചു സുയോധനന്‍.
 
യുദ്ധം ആരംഭിച്ചു.പടത്തലക്കല്‍ എല്ലാവരും പോരാടിത്തുടങ്ങി.മൃഗങ്ങളും മനുഷ്യരും മുറിവേറ്റ്‌ നിലംപതിക്കുന്നതിന്റെ രോദനങ്ങള്‍ എങ്ങും കേള്‍ക്കാമായിരുന്നു.ആ ആള്‍ക്കുട്ടത്തിനിടയില്‍ സുയോധനന്‍ ഒരാളെ മാത്രം ലക്ഷ്യംവച്ച് മുന്നോട്ട് നീങ്ങി.അപ്പുറത്ത് നിന്നും ഭീമനും ലക്‌ഷ്യം വക്കുന്നത് തന്നെത്തന്നെയാണെന്ന് സുയോധനന്‍ തിരിച്ചറിഞ്ഞിരുന്നു.ഭീമന്‍ പുത്രനായ ഘടോല്‍കചനോപ്പമാണ് രണാങ്കണത്തില്‍ എത്തിയിരിക്കുന്നത്.മദയാനകള്‍ കാട്ടുമൃഗങ്ങളെ എന്നവിധം,രാക്ഷസ രൂപിയായ ഘടോല്‍കചന്‍ സര്‍വ്വരെയും ആക്രമിച്ചു മുന്നേറുകയാണ്.തന്റെ സൈന്യത്തെ മുച്ചുടും മുടിക്കാന്‍ ഉദ്യമിച്ചെത്തിയിരിക്കുന്ന അയാളെ പ്രതിരോധിക്കാന്‍ സുയോധനന്‍ മുന്നോട്ടു കുതിച്ചു.

മുന്നില്‍ ,ഭീമാകാരനായ ഒരു പര്‍വതം പോലെ ഘടോല്‍കചന്‍ സുയോധനനെ തടഞ്ഞു.അസ്ത്രങ്ങളും ഗദാപീഡനങ്ങളും ആ രാക്ഷസ രൂപി പുച്ഛത്തോടെ അവഗണിച്ചു.നീണ്ടു നിന്ന യുദ്ധത്തില്‍ സുയോധനന്‍ തളര്‍ന്നു.അയാള്‍ മെല്ലെ പിന്മാറാന്‍ ആഗ്രഹിച്ചു.അപ്പോഴാണ്‌ ആര്‍ത്തട്ടഹസിച്ചുകൊണ്ട് ഭീമന്‍ അതുവഴി വന്നത്.എത്തിയ ഉടന്‍തന്നെ അയാള്‍ സുയോധനന് നേരെ ഒരു അസ്ത്രം പ്രയോഗിച്ചു.അപ്രതിക്ഷിതമായുണ്ടായ ആ ആക്രമണം തടയാന്‍ സുയോധനന് ആയില്ല അയാളുടെ നെഞ്ചില്‍ അസ്ത്രം ആഞ്ഞുകയറി.അയാള്‍ ബോധരഹിതനായി തേര്‍ത്തട്ടിലേക്ക് വീണു.

ബോധം തെളിയുമ്പോള്‍ തന്റെ സൈന്യമെല്ലാം ചിന്നിച്ചിതറിയോടുന്ന കാഴ്ചയാണ് കണ്ടത്.ഭീമന്‍ എല്ലാവരെയും ആക്രമിക്കുകയാണ്.ഭീക്ഷ്മരും ദ്രോണരും അയാളെ പ്രതിരോധിക്കാനാവാതെ നില്‍ക്കുകയാണ്!അത് ഉള്‍ക്കൊള്ളാന്‍ സുയോധനന് ആയില്ല.അയാള്‍ തേര്‍ത്തട്ടില്‍ നിന്നും ചാടിയെഴുന്നേറ്റു.അയാള്‍ ഭീക്ഷ്മരോട് ഉറക്കെ ചോദിച്ചു:

പിതാമഹാ,അങ്ങും അസ്ത്രജനായ ആചാര്യനും ഇവിടെ ഉണ്ടായിട്ടും പട ഇങ്ങിനെ പിന്തിരിഞ്ഞ്‌ ഓടുന്നതെന്തേ?പാണ്ഡവരാരും അങ്ങയോടോ,ആചാര്യനോടോ,കൃപരോട് പോലുമോ കിടനില്‍ക്കുകയില്ല.എന്നിട്ടും എന്തെ ഈ വിധം സംഭവിക്കുന്നു?

ഭീക്ഷ്മര്‍ അതിനു മറുപടിയൊന്നും പറഞ്ഞില്ല.അദ്ദേഹത്തിന്റെ മൌനം സുയോധനനെ ചൊടിപ്പിച്ചു.അയാള്‍ പറഞ്ഞു:

എനിക്കറിയാം,അങ്ങ്. ശരീരംകൊണ്ട് മാത്രമേ എന്റെപക്ഷത്ത് ഉള്ളൂവെന്ന്.കഴിയില്ലായിരുന്നുവെങ്കില്‍ അത് ആദ്യമേ പറയാമായിരുന്നു.അതുകൊണ്ട് അങ്ങേക്ക് ഞാന്‍ പരിത്യാജ്യനല്ലായെങ്കില്‍ എനിക്കായി പോരാടുക.അല്ലെങ്കില്‍ ആയുധം വച്ച് പിന്‍വാങ്ങുക.

അതുകേട്ട്‌ ഭീക്ഷ്മര്‍ ലജ്ജിതനായി.പിന്നെ പരിഹാസത്തോടെ സുയോധനനോട് പറഞ്ഞു:
 
ദുര്യോധന,ഞാന്‍ പലവട്ടം നിന്നോട് പറഞ്ഞിട്ടുള്ളതാണ് പാണ്ഡവരെ ജയിക്കാന്‍ നിനക്ക് ആവില്ലെന്ന്.

അത് അഗീകരിക്കാം.പക്ഷെ അങ്ങേക്ക് അവരെ ജയിക്കുക പ്രയാസമുള്ളതല്ലല്ലോ!

അതുകേട്ടു ഭീക്ഷ്മര്‍ വില്ലുയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു:

രാജാവേ,വൃദ്ധനായ എന്നാല്‍ കഴിയാവുന്ന വിധമെല്ലാം ഞാന്‍ ചെയ്യാം.നീ കണ്ടുകൊള്‍ക,ഏവരും നോക്കി നില്‍ക്കെ ഞാന്‍ പാണ്ഡവരെ തളക്കുന്നത്.
 
അതും പറഞ്ഞു ഭീക്ഷ്മര്‍ വില്ല് കുലച്ചുകൊണ്ട് പാണ്ഡവസേനക്ക് നേരെ പാഞ്ഞു. 

മലയില്‍ കല്ലുചെന്നു വീഴും പോലെ ശബ്ധമുയര്‍ത്തിക്കൊണ്ട്,പൊന്‍ ചട്ടകളിലും കിരീടങ്ങളിലും ഭീക്ഷ്മാസ്ത്രങ്ങള്‍ ചെന്ന് കൊള്ളുന്ന പ്രകമ്പനം സുയോധനന്‍ കേട്ടു.ഒറ്റ ശരം പോലും ഭീക്ഷ്മര്‍ക്ക് പാഴായില്ല!അദ്ദേഹത്തിന്റെ പരാക്രമണത്തില്‍ പേടിച്ചരണ്ട പാണ്ഡവസൈന്യം പലദിക്കുകളിലേക്കായി പാഞ്ഞു.തങ്ങളുടെ പരാജയം കണ്ട് അര്‍ജുനന്‍ കൃഷ്ണ സമേതനായി ഭീക്ഷ്മര്‍ക്ക് നേരെ അടുത്തു.എന്നാല്‍ അര്‍ജുനനല്ല,കൃഷ്ണനാണ് തന്റെ സുദര്‍ശന ചക്രത്താല്‍ ഭീക്ഷ്മരെ എതിരിടാന്‍ തുനിയുന്നത്!രണത്തില്‍ ആയുധം എടുക്കില്ലെന്ന് പ്രതിഞ്ഞ ചെയ്ത കൃഷ്ണന്‍ അത് ലംഘിക്കുന്നുവെന്നു സുയോധനന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

അതില്‍ ലജ്ജിതനായ അര്‍ജുനന്‍ കൃഷ്ണനെ പിന്തിരിപ്പിച്ചു.അര്‍ജുനന്‍ ശരവര്‍ഷം ആരംഭിച്ചു.സുര്യന്‍ അസ്തമിക്കും വരെ ഇരു പക്ഷവും യുദ്ധംചെയ്തു.സുര്യന്‍ മറഞ്ഞതോടെ,ദ്രോണരുടെ നിര്‍ദ്ദേശപ്രകാരം മൂന്നാം ദിവസത്തെ യുദ്ധവും അവസാനിച്ചു.

൦൦൦
No comments:

Post a Comment