Wednesday, January 22, 2014

അദ്ധ്യായം-54,ആദ്യ വേര്‍പാടിന്റെ നൊമ്പരം

യുദ്ധത്തിന്റെ നാലാം ദിവസം ആരംഭിക്കുമ്പോള്‍,ഭീമന്‍ വിശോകന്‍ സാരധിയായുള്ള തേരിലേറി ശക്തമായ ആക്രമണം നടത്തി.സുയോധനന്‍ ഭീമനെ ആനപ്പടയോടെയാണ് എതിരിട്ടത്‌.വൃകോദരന്‍,സിംഹത്തെപ്പോലെ അവയ്ക്കുമേല്‍ ചാടിവീണു.നകുലനും സഹദേവനും ധൃഷ്ടദ്യുമ്നനും ഭീമന് തുണയായി നിന്നു.പടയാളികളെ എതിര്‍ക്കുന്നതിനു പകരം മൃഗങ്ങളെ ഉപദ്രവിക്കുന്ന അവരുടെ സമീപനം യുദ്ധനീതിക്ക് എതിരായിരുന്നു.അതിനാല്‍ അനച്ചോരയാല്‍ അഭിഷേകപൂരിതമായ ഗദ കൊണ്ട് അങ്കക്കലി പൂണ്ട് മൃഗയാവിനോദം തുടരുന്ന അവര്‍ക്ക് നേരെ സുയോധനന്റെ തേര്‍ ചലിച്ചു.കൊടുംകാറ്റില്‍ പെട്ട മേഘങ്ങള്‍കണക്കെ പായുന്ന ആനക്കുട്ടത്തിലേക്ക് ഇരച്ചുകയറി നിന്നുകൊണ്ട് സുയോധനന്‍ ഭീമനെ തടഞ്ഞു.ഏതാനും സഹോദരന്മാരും സുയോധനനെ സഹായിക്കാനെത്തി.അപ്പോള്‍ ഭീമന്‍ തേര്‍ത്തട്ടില്‍ നിന്ന് പരിഹാസത്തോടെ തന്റെ സാരഥിയോട് പറഞ്ഞു:

ഇതാ ശൂരന്മാരായ ധൃതരാഷ്ട്ര പുത്രന്മാര്‍ എന്നെ എതിരിടാന്‍ എത്തിയിരിക്കുന്നു!നീ കാണ്‍കെ ഞാനവരെ കാലപുരിക്കയക്കും.

അയാള്‍ ഗദ താഴെവച്ച് വില്ലെടുത്തു.നിനച്ചിരിക്കാതെ ഭീമന്‍ സുയോധന സഹോദരനായ നന്ദകന്റെ നെഞ്ചിലേക്ക് തുടരെത്തുടരെ മൂന്ന് ശരങ്ങളെയ്തു!ആ ആക്രമണത്തില്‍ അടിതെറ്റി താഴെ വീഴും നേരം അയാള്‍ സുയോധനനെ ദയനീയമായി നോക്കി.സുയോധനന്‍ ഉടന്‍ തന്റെ അസ്ത്രങ്ങള്‍ കൊണ്ട് ഭീമന്റെ വില്ല് ഖണ്ഡിച്ചു.അപ്പോള്‍ തേരാളിയായ വിശോകന്‍ ഭീമന് മറ്റൊരു വില്ല് എടുത്തു കൊടുത്തു.അയാള്‍ അതില്‍ ശരം തോടുത്തപ്പോഴേക്കും സുയോധനന്‍ ഭീമനെ അസ്ത്രപ്രയോഗത്താല്‍ നിശ്ചലനാക്കി.ഭീമന്റെ സ്തനാന്തരത്തില്‍ ഒരു ശരം തുളഞ്ഞു കയറി.അയാള്‍ മൂര്‍ചിച്ചു തേര്‍ത്തട്ടിലേക്ക് വീണു.അതോടെ സുയോധനന്‍ പിന്തിരിഞ്ഞു.

അപ്പോള്‍ അഭിമന്യു അയാള്‍ക്ക് നേരെ പാഞ്ഞു വന്നു.എത്തിയ ഉടനെ ആ അര്‍ജുനപുത്രന്‍ ശരവര്‍ഷം തുടങ്ങി.സുയോധനന്‍ അയാളെ എതിരിട്ടു.അപ്പോഴേക്കും ബോധം തെളിഞ്ഞ് എഴുന്നേറ്റ ഭീമന്‍ സുയോധന സഹോദരങ്ങള്‍ക്ക് നേരെ ചീറിയടുത്തു.അയാളുടെ ശരമേറ്റു അനുജന്മാര്‍ ഓരോരുത്തരായി നിലംപതിച്ചുക്കൊണ്ടിരുന്നു!അത് കണ്ടുനില്‍ക്കാനെ സുയോധനന് കഴിഞ്ഞുള്ളൂ.പശുക്കൂട്ടത്തില്‍ കടന്ന ചെന്നായയെപ്പോലെ ഭീമന്‍ ഹിംസ തുടര്‍ന്നു.

ഭീമാസ്ത്രമേറ്റു ആദ്യം നിലംപതിച്ചത് സുഷേണന്‍ ആണ്.അവന്റെ കണ്ഠത്തില്‍ നിന്നും രക്തം ചിതറിത്തെറിച്ചു.പിന്നെ മഹാഭുജനായ ജലസന്ധനെ ഭീമന്‍ വീഴ്ത്തി.വീരഭാഹുവും ഉഗ്രനും ഭീമരഥനും കാലപുരി പൂകാന്‍ അധികനേരം എടുത്തില്ല.ഭീമന്റെ പരാക്രമം കണ്ട മറ്റുള്ളവര്‍ തിരിഞ്ഞോടി!അഭിമന്യുവിനെ ഉപേക്ഷിച്ചു പോകാന്‍ സുയോധനന് കഴിയില്ലായിരുന്നു.സഹായത്തിനായി അയാള്‍ ഭീക്ഷ്മരെയും ആചാര്യനെയും തിരഞ്ഞു.എന്നാല്‍ അവരാരും ആ പരിസരത്ത് ഇല്ലായിരുന്നു.  

ആ സമയത്ത് തികച്ചും അപ്രതിക്ഷിതമായി സാമന്തരാജാവായ ഭഗദത്തന്‍ ഭീമന് നേര്‍ക്ക്‌ കുതിച്ചെത്തി.കാലന്‍ കയറുരിവിട്ട അന്തകനെപ്പോലെ അലറിവിളിച്ചെത്തിയ അയാള്‍ ഭീമനെ എതിര്‍ത്തു.വലിയൊരു അലര്‍ച്ചയോടെ ഭഗദത്ത ശരമേറ്റ് ഭീമന്‍ പിന്നെയും നിലംപതിച്ചു!അപ്പോള്‍ ഘടോല്‍കചന്‍ ഭീമരക്ഷക്കായി പാഞ്ഞെത്തി.

ആ സമയം യുദ്ധ സമയം തീര്‍ന്നതായി കാഹളമുയര്‍ന്നു.എല്ലാവരും പിരിഞ്ഞുതുടങ്ങി.രണഭൂമിയില്‍ നിശ്ചലം ചിതറിക്കിടക്കുന്ന തന്റെ അനുജന്മാരുടെ ശരീരം കണ്ട് അയാള്‍ വിതുമ്പിപ്പോയി!

൦൦൦

No comments:

Post a Comment