Friday, January 24, 2014

അദ്ധ്യായം-56,ഓരോന്നായി ഒഴുകി പോകുമ്പോള്‍

യുദ്ധത്തിന്റെ ഏഴാം നാള്‍ നേരം പുലര്‍ന്നപ്പോള്‍ ഭീക്ഷ്മ്ര്‍ സുയോധനനെ വിളിച്ചു പറഞ്ഞു:

നാം ഇന്ന് മണ്ഡലവ്യൂഹം ചമച്ചാണ് പാണ്ഡവരെ എതിരിടുന്നത്.ഓരോ ആനക്കും ഏഴു തേരുകളും ഓരോ തേരിനും ഏഴു കുതിരക്കാരും എന്ന നിലയ്ക്കാണ് അതിന്റെ ക്രമം.വ്യൂഹത്തിന്റെ തലപ്പത്ത് ഞാന്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നു.

അത് കേട്ട് സംതൃപ്തിയോടെ സുയോധനന്‍ പറഞ്ഞു:

എല്ലാം അങ്ങയുടെ അഭീഷ്ടപ്രകാരം നടക്കട്ടെ.ഈ വിധം എന്നും അങ്ങയുടെ ശ്രദ്ധയും സംരക്ഷണവും ഞങ്ങള്‍ക്ക് ഉണ്ടായാല്‍ മതി.

ഭീക്ഷ്മര്‍ പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ മറഞ്ഞു.

പാണ്ഡവരുടെത് വജ്രവ്യുഹം ആയിരുന്നു.ദ്രോണര്‍ വിരാട രാജനോട്‌ എതിരിട്ടു.ശിഖണ്ഡി ഭീക്ഷ്മര്‍ക്ക് മുന്‍പില്‍ എത്താതിരിക്കാന്‍ അശ്വത്ഥാമാവ് അയാളെ നേരിട്ടുകൊണ്ടിരുന്നു.ദ്രൌപതീ സഹോദരനായ ധൃഷ്ടദ്യുമ്നന്‍ അടര്‍ക്കളത്തില്‍ എത്തിയപ്പോഴേക്കും സുയോധനന് നേര്‍ക്കടുത്തു.യുദ്ധം പതിവുപോലെ ഭയാനകമായി മാറും നേരം,വിരാട പുത്രനായ ശംഖന്‍ ദ്രോണരുടെ ബാണമേറ്റ് മരിച്ച വിവരം സുയോധനന്റെ കാതുകളിലെത്തി.

ശിഖണ്ഡിയെ അശ്വത്ഥാമാവ് നേരിടുന്ന കാഴ്ച കൌതുകകരമായിരുന്നു.ദ്രോണപുത്രന്‍ അയാളെ വട്ടം ചുറ്റിച്ച് പടക്കളത്തില്‍ നിന്നും പേടിപ്പിച്ച് ഓടിച്ചു.അധികം വൈകാതെ,സുയോധനനോട്‌ പോരുതിയിരുന്ന ധൃഷ്ടദ്യുമ്നന്‍ അയാളുടെ തേര് തകര്‍ത്ത് തരിപ്പണമാക്കി.മുറിവേറ്റു നിലത്തുവീണ സുയോധനന്‍ വാളുമായി ധൃഷ്ടദ്യുമ്നന് നേര്‍ക്ക്‌ പാഞ്ഞടുത്തപ്പോഴേക്കും എവിടെനിന്നോ ശകുനിയെത്തി സുയോധനനെ സ്വന്തം തേരിലേറ്റി കൊണ്ടുപോയി.അമ്മാവന്റെ ആ പ്രവര്‍ത്തനം സുയോധനന് ഉള്‍ക്കൊള്ളാനായില്ല.

മുറിവേറ്റു,കൂടാരത്തിനകത്ത് വിശ്രമിക്കുന്ന നേരം,അര്‍ജുനപുത്രനായ ഇരാവാന്റെ പരാക്രമങ്ങളെകുറിച്ചുള്ള വിവരണം സുയോധനന്റെ കാതുകളിലെത്തി.ആ ഉലൂപി പുത്രന്‍ കൌരവപ്പടക്ക് ഏറെ നാശം വരുത്തുന്നുണ്ട്!അതില്‍ അസ്വസ്ഥനായിരിക്കെ മറ്റൊരു വാര്‍ത്ത വന്നെത്തി.തന്റെ സാമന്തനായ ഭഗദത്തന്റെ സാമര്‍ത്ഥ്യത്തിനു മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ ഭീമപുത്രനായ ഘടോല്‍കചന്‍ മടങ്ങിയെന്നതായിരുന്നു അത്.സുര്യന്‍ അസ്തമിച്ച്,ഏഴാം നാളിലെ യുദ്ധം നിര്‍ത്തിവയ്ക്കുംപോഴും സുയോധനന്‍ വിശ്രമത്തില്‍തന്നെ ആയിരുന്നു!

മഹാവ്യൂഹവുമായി എട്ടാം നാളില്‍ കൌരവര്‍ കുരുക്ഷേത്രത്തില്‍ എത്തി.യുദ്ധം ആരംഭിച്ച ഉടന്‍ ഭീമന്‍ ഭീക്ഷ്മരുടെ തേരാളിയെ കൊന്നു വീഴ്ത്തി!തന്റെ സഹജന്‍ കൂടിയായ സുനാഭന്റെ ശിരസ്സറ്റ ഉടല്‍ , ചോര തൂവിക്കൊണ്ട് പിടക്കുന്നത്‌ ഏറെ നേരം നോക്കിനില്‍ക്കാന്‍ സുയോധനന് ആയില്ല.
യുദ്ധത്തിലെ മറ്റൊരനീതിയാണിത്‌.എതിരാളിക്ക് പകരം സുതനെ ശിക്ഷിക്കുന്നത് നീതീകരിക്കാനാവില്ല.അത് ഓര്‍ത്തപ്പോള്‍ സുയോധനന്‍ എല്ലാവരോടുമായി വിളിച്ചു പറഞ്ഞു:

ഭീമനെ വധിക്കുവിന്‍.അനീതിക്ക് പകരം ചോദിക്കുവിന്‍.

അതുകേട്ട് ആദിത്യകേതു മുതലായ ഏഴു അനുജന്മാര്‍ ഭീമന് മുന്നിലേക്ക്‌ ചാടിവീണു.എന്നാല്‍ ഭയാക്രാന്തമായ പോരാട്ടത്തിനൊടുവില്‍ ആ ഏഴു പേരും കാലപുരിയിലേക്ക് യാത്രയാവുന്നത് അയാള്‍ വേദനയോടെ കണ്ടു.ആ രംഗം കണ്ടുനില്‍ക്കാനാവാതെ അയാള്‍ പിന്തിരിയും നേരം ഭീമപുത്രനായ ഘടോല്‍കചന്‍ അയാള്‍ക്ക്‌ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു!സുയോധനന്‍ അവന് അഭിമുഖം നിന്നു.ഘടോല്‍കചന്‍ സുയോധനന് നേരെ ശരവര്‍ഷം തുടങ്ങി.അയാളെ സഹായിക്കാന്‍ ഭീമനും കൂട്ടരും പാഞ്ഞെത്തി.ഉടന്‍ സുയോധന സഹോദരങ്ങളായ ഒന്‍പതു പേര്‍ എത്തി ഭീമനെ എതിര്‍ത്തു.

അതിഘോരമായ യുദ്ധമാണ് പിന്നീട് അവിടെ നടന്നത്.ആ വീരന്മാര്‍ കൈമെയ് മറന്ന് പോരാടി.പക്ഷെ സുയോധന സോദരന്മാര്‍ ഓരോരുത്തരായി ഭീമതാഡനമേറ്റ് നിലംപതിച്ചു.ആദ്യം വ്യൂഡോരസ്കനാണ് വീണത്.ഒടുവില്‍ കനകധ്വജനും!അത് സുയോധനനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.അയാള്‍  രണാങ്കണത്തില്‍ നിന്നും കൈനിലയിലേക്ക് മടങ്ങി.

അര്‍ജുന പുത്രനായ ഇരാവാനെ അലംഭുഷന്‍ വധിച്ചത് കൌരവര്‍ക്കു വലിയൊരു മുന്നേറ്റമായിരുന്നെങ്കിലും തന്റെ സെനാംഗമായ ഭഗദത്തനെ അര്‍ജുനന്‍ കൊന്നത് വലിയൊരു നഷ്ടമായി തോന്നുകയും ചെയ്തു.യുദ്ധം അവസാനിച്ച സന്ധ്യയില്‍ സുയോധനന്‍ അനുജന്മാരുടെ ശവദാഹച്ചടങ്ങുകള്‍ നിര്‍വ്വഹിച്ചു.

൦൦൦
No comments:

Post a Comment