Sunday, January 26, 2014

അദ്ധ്യായം-57,പിതാമഹനെ കാക്കും നേരം

അനുജന്മാര്‍ കൊല്ലപ്പെട്ടതില്‍ ഏറെ ദുഖിതനും ചകിതനും ആയിത്തിര്‍ന്നിരുന്നു സുയോധനന്‍.അന്ന് രാത്രി തന്നെ കാണാനെത്തിയ കര്‍ണ്ണനോട് അയാള്‍ തന്റെ ചില സംശയങ്ങള്‍ പങ്കുവച്ചു:

അചാര്യനും പിതാമഹനും പാണ്ഡവരെ ബാധിക്കുന്നതായി ഞാന്‍ കാണുന്നില്ല.അതുകൊണ്ട് അവരെ എങ്ങിനെ ഉള്‍ക്കൊള്ളും എന്നതില്‍ എനിക്ക് സംശയങ്ങള്‍ ഉണ്ട്.

കര്‍ണ്ണന്‍ പറഞ്ഞു:

ഹേ,ഭാരതശ്രേഷ്ഠ,അങ്ങയുടെ സംശയം അസ്ഥാനത്തല്ല.പാണ്ഡവരോട് അവര്‍ ദയ കാണിക്കുക്കയാണ്.ഇത് നമുക്കും മനസിലാവുന്നതായി പിതാമാഹനെയും മറ്റും അറിയിക്കേണ്ടിയിരിക്കുന്നു.

കര്‍ണ്ണന്റെ വാക്കുകള്‍ അംഗികരിച്ചുകൊണ്ട് സുയോധനന്‍ ഉടന്‍ ദുസ്സാസ്സനനെയും കൂട്ടി ഭീക്ഷ്മ സന്നിധിയില്‍ എത്തി കാര്യങ്ങള്‍ ധരിപ്പിച്ചു.അതുകേട്ട് പതിവുപോലെ അദ്ദേഹം പറഞ്ഞു:

ഗാന്ധാരീപുത്രാ,നീ വിപരീതങ്ങളാണ് കാണുന്നത്.നീയവരോട് ആണായി നിന്നാണ് പൊരുതുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയാം.നാളെ നീ രണാങ്കണത്തില്‍ കാണുക എന്റെ വീര്യം.

സുയോധനന്‍ പ്രതിക്ഷയോടെ ഭീക്ഷ്മരുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്,ആ പാദങ്ങളില്‍ നമസ്കരിച്ചു പിന്‍വാങ്ങി.തിരികെ പോരും നേരം അയാള്‍ അനുജന്‍ ദുസ്സാസ്സനനോട് പറഞ്ഞു:

നാളെ യുദ്ധക്കളത്തില്‍ പിതാമഹന്റെ രക്ഷക്ക് നീ തേര്‍ കൂട്ടണം.ശിഖണ്ഡി എതിര്‍ക്കുന്ന പക്ഷം അദ്ദേഹം ആയുധം കീഴ്വച്ച് മടങ്ങും.അതിനാല്‍ നീ അവനെ നേരിടാന്‍ ശ്രദ്ധിക്കണം.

ഒന്‍പതാം ദിവസത്തെ യുദ്ധം പ്രതീക്ഷിച്ചതിലും ഘോരമായാണ് ആരംഭിച്ചത്.രണ്ടു മഹാസൈന്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ കാറ്റില്‍ ഗര്‍ജിക്കുന്ന കടല്‍ പോലെ രണാങ്കണം ശബ്ദമുഖരിതമായി.കാര്‍മേഘങ്ങള്‍ക്കിടയില്‍ മിന്നല്‍ പോലെ,പോന്നു കെട്ടിച്ച വില്ലുമായി ഭീക്ഷ്മര്‍ആക്രമണം അഴിച്ചുവിട്ടു.

അഭിമന്യു,ഭീമന്‍,അര്‍ജുനന്‍,ദ്രുപദന്‍,വിരാടന്‍, തുടങ്ങിയ വീരന്മാരെയെല്ലാം പിതാമഹന്‍ തുരത്തി ഓടിച്ചു!മധ്യാഹ്നം അടുത്തപ്പോഴേക്കും,ശരങ്ങളെറ്റു ചോരയൊലിപ്പിക്കുന്ന ഭീക്ഷ്മര്‍ ,വസന്തകാലത്തെ രക്താശോകം പോലെ ശോഭിച്ചു!

ഉച്ചക്ക് ശേഷം യുദ്ധം ആരംഭിച്ചപ്പോള്‍ പാണ്ഡവപ്പട ഒന്നാകെ ഭീക്ഷ്മര്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നതായിക്കണ്ട് സുയോധനന്‍ ദുസ്സാസ്സനനെ വിളിച്ചു പറഞ്ഞു:

പിതാമഹനെ കാക്കുക.എന്ത് വിലകൊടുത്തും അദ്ദേഹത്തെ സംരക്ഷിക്കുക.

ദുസ്സാസ്സനന്‍ ശകുനിയുമായി ചേര്‍ന്ന് പിതാമഹന് സംരക്ഷമേകി.വര്‍ഷകാലത്ത് ഏറ്റം കൊള്ളുന്ന കടല്‍ കരയെ എന്നപോലെ,ഭീക്ഷ്മര്‍ പാണ്ഡവപ്പടയെ ചിന്നിത്തെരിപ്പിച്ചു!ഭീമനും നകുലനും സഹദേവനും എന്ന് വേണ്ട ധര്‍മ്മപുത്രര്‍ക്ക് പോലും പരിക്കേറ്റു!പാഞ്ഞെത്തിയ അഭിമന്യുവിനെ ദുസ്സാസ്സനന്‍ ശരങ്ങള്‍കൊണ്ട് തടഞ്ഞു!ജയിക്കാനാവാതെ അഭിമന്യുവിനു മടങ്ങേണ്ടി വന്നു.അപ്പോഴാണ്‌ കൃഷ്ണ സാരഥിയായി അര്‍ജുനന്‍ ഭീക്ഷ്മര്‍ക്ക് നേരെ എത്തിയത്.

ഭീക്ഷ്മര്‍ അര്‍ജുനനെ ശരവര്‍ഷം കൊണ്ടാണ് എതിരേറ്റത് !പലതരത്തില്‍ തേര്‍ പായിച്ച്,അര്‍ജുനനെ രക്ഷിക്കാന്‍ കൃഷ്ണന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല!അതില്‍ പരാജയപ്പെട്ട കൃഷ്ണന്‍ ക്രുദ്ധനായി എഴുന്നേറ്റ്,ചമ്മട്ടിയും കയ്യിലെടുത്ത് പിതാമഹന് നേരെ വീശി.അത് അധര്‍മ്മമാണെന്നു സുയോധനന്‍ പരിഹസിച്ചപ്പോള്‍ ,അര്‍ജുനന്‍ കൃഷ്ണനെ പിന്തിരിപ്പിച്ചു!അപ്പോഴേക്കും സുര്യന്‍ താഴുകയും യുദ്ധം നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ഈ വിധം എന്നും ഭീക്ഷ്മര്‍ അടരാടുമെങ്കില്‍ ജയം നിശ്ചയമെന്നു കരുതി സുയോധനന്‍.ഭീക്ഷ്മര്‍ക്ക് ആവശ്യമായ പരിചരണങ്ങള്‍ നല്‍കാന്‍ അയാള്‍ ഭ്രുത്യന്മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ശയ്യാഗൃഹത്തിലേക്ക് മടങ്ങി.രാത്രി അധികം വൈകും മുന്‍പേതന്നെ ദുസ്സാസ്സനന്‍ അയാളെ വിളിച്ചുണര്‍ത്തി.കൂടെ ഭീക്ഷ്മ പരിചരണത്തിനായി പോയ വാല്യക്കാരുമുണ്ട്.ദുസ്സാസ്സനന്‍ പറഞ്ഞു:

ഏട്ടാ,കാര്യങ്ങള്‍ കീഴ്മേല്‍ മറഞ്ഞിരിക്കുന്നു.പിതാമന്‍ കൂറുമാറിയിരിക്കുന്നു.

ദുസ്സാസ്സനനെ വാല്യക്കാരന്‍ ഈ വിധം പുരിപ്പിച്ചു:

മഹാരാജാവേ,അങ്ങയുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ ഭീക്ഷ്മ സിബിരത്തില്‍ എത്തുമ്പോള്‍ അവിടെ ധര്‍മ്മാത്മജന്‍ ഉണ്ടായിരുന്നു.അവര്‍ എന്തൊക്കെയോ രഹസ്യങ്ങള്‍ കൈമാറാനായി,ഞങ്ങളെ തിച്ചയച്ചു.

സുയോധനന്‍ അല്‍പ്പനേരം നീശബ്ധനായതിനു ശേഷം പറഞ്ഞു:

നിങ്ങള്‍ മടങ്ങിക്കൊള്ളു.വരാനുള്ളത് വരട്ടെ.

അവര്‍ പോയതും സുയോധനന്‍ ശയ്യയില്‍ കയറിക്കിടന്നു.എന്നാല്‍ അയാള്‍ക്ക് ഉറക്കം വന്നില്ല!

൦൦൦


No comments:

Post a Comment