Saturday, February 1, 2014

അദ്ധ്യായം-59,ഹൃദയം പിളര്‍ന്ന് മണ്ണിലേക്ക്

ഭീക്ഷ്മര്‍ക്ക് പകരം സാരഥ്യം ഏറ്റെടുക്കാന്‍ കര്‍ണ്ണന്‍ തയ്യാറായില്ല!കര്‍ണ്ണന്‍ ദ്രോണരെ ആ ചുമതല ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.അത് ന്യായമാണെന്ന് സുയോധനനും തോന്നി.ആചാര്യനെ മറികടന്ന്‌ കര്‍ണ്ണനെ സേനാപതിയാക്കിയാല്‍ അത് യുദ്ധത്തെ ബാധിക്കുകതന്നെ ചെയ്യും.അതിനാല്‍ സുയോധനന്‍ ദ്രോണരെ ചെന്ന് കണ്ടു.ദ്രോണര്‍ പറഞ്ഞു:

കൌരവര്‍ഷഭനായ ഗംഗാപുത്രന് ശേഷം എന്നെ സെനാപതിയാക്കാന്‍ നീ തീരുമാനിച്ചതില്‍ എനിക്ക് സന്തോഷം.ഇതിനു തക്ക പ്രതിഫലം ഞാന്‍ നിനക്ക് തരുന്നതാണ്.ഞാന്‍ നിനക്ക് ആദ്യം എന്തിഷ്ടമാണ് നിവര്‍ത്തിച്ചു തരേണ്ടത്‌ ?

അദ്ധേഹത്തിനു മുന്‍പില്‍ അല്‍പ്പനേരം മൌനം പുണ്ട് നിന്നതിനുശേഷം സുയോധനന്‍ പറഞ്ഞു:

എനിക്ക് വരം തരുവാന്‍ അങ്ങ് തയ്യാറായതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു.അങ്ങേക്ക് കഴിയുമെങ്കില്‍ പാണ്ഡവരില്‍ മുത്തവനായ ധര്‍മ്മപുത്രരേ ഭവാന്‍ ജീവനോടെ പിടിച്ച് എനിക്കരികില്‍ എത്തിക്കണം.ആ നിമിഷം ഞാന്‍ യുദ്ധം അവസാനിപ്പിക്കാം.എനിക്ക് ഇതല്ലാതെ മറ്റൊരു മോഹവുമില്ല.

നിന്റെ ആഗ്രഹം സാധിക്കുമാറാകട്ടെ!നീ ധന്യനായ യുധിഷ്ഠിരനെ ജീവനോടെ പിടിക്കുവാനാണല്ലോ ആവസ്യപ്പെടുന്നത്!എന്തുകൊണ്ട് നീ അവന്റെ മരണം ആഗ്രഹിക്കുന്നില്ല?

അപ്പോള്‍ സുയോധനന്‍ പറഞ്ഞു:

ഗുരോ,പോരില്‍ ധര്‍മ്മപുത്രനെ കൊന്നതുകൊണ്ട് മാത്രം വിജയം എനിക്ക് ഉണ്ടാവുകയില്ലായെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് ?

അതുകേട്ട് സുയോധനനെ പുണര്‍ന്നുകൊണ്ട് ദ്രോണര്‍ പറഞ്ഞു:

വീരനായ ധര്‍മ്മപുത്രനെ,അര്‍ജുനന്‍ പോരില്‍ കാക്കില്ലായെങ്കില്‍ നിന്റെ ആഗ്രഹം നടന്നുവെന്നുതന്നെ നീ കരുതിക്കൊള്ളുക.

പിന്നെ പതിയെ സുയോധനനെ വിട്ട്‌,മുറിയിലൂടെ മെല്ലെ ഉലാത്തിക്കൊണ്ട് ദ്രോണര്‍ തുടര്‍ന്നു:

അര്‍ജുനന്‍ കാക്കുന്ന ധര്‍മ്മപുത്രനെ കീഴടക്കാന്‍ ആര്‍ക്കും സാധ്യമാവില്ല.ഫല്‍ഗുനന്‍ എന്റെ പ്രിയ ശിഷ്യനായതുകൊണ്ടല്ല,അസ്ത്രപ്രയോഗത്തില്‍ അയാള്‍ എനിക്ക് മീതെ ആയതുകൊണ്ടാണ്‌!

സുയോധനന് സമീപം വന്നു നിന്നുകൊണ്ട് ദ്രോണര്‍ തുടര്‍ന്നു:

നീ സാമര്‍ത്ഥ്യം കൊണ്ട് അര്‍ജുനനെ ധര്‍മ്മപുത്രനില്‍നിന്നും അകറ്റണം.ഒരു മുഹൂര്‍ത്ത മാത്ര മാത്രം മതിയാകും അത്...

 പറഞ്ഞപ്രകാരം പതിനൊന്നാം നാളിലെ കൌരവ സേനാധിപനായി ദ്രോണര്‍ ശോഭിച്ചു.ഗരുഡവ്യൂഹമായിരുന്നു കൌരുവരുടെത്.മുഖമായി ആചാര്യന്‍ തന്നെ നിലകൊണ്ടു.തുടക്കം മുതല്‍ തന്നെ അദ്ദേഹം യുധിഷ്ഠിരനെ ലക്ഷ്യമിട്ടു നീങ്ങി.

മധ്യാഹ്നമായിട്ടും ധര്‍മ്മപുത്രരില്‍ നിന്നും അര്‍ജുനനെ മാറ്റിനിര്‍ത്തുവാന്‍ സുയോധനനായില്ല.അര്‍ജുനന്‍ തനിച്ചു സംശപ്തന്മാരോട്  പോരാടിയ വേളയില്‍ ധര്‍മ്മപുത്രനെ തനിച്ചു കിട്ടിയതാണ്.എന്നാല്‍ ദ്രോണര്‍ക്കു ഒന്നും ചെയ്യാനായില്ല!

ഉച്ചഭക്ഷണത്തിനായി പിരിയും നേരം ദ്രോണര്‍ സുയോധനനോട്‌ പറഞ്ഞു:

നീ കണ്ടല്ലോ അര്‍ജുനന്റെ പരാക്രമണങ്ങള്‍.അവന്റെ അസ്ത്രപീഡയാല്‍ നമ്മുടെ പക്ഷത്ത് ഏറെപ്പേര്‍ കൊല്ലപ്പെട്ടു.അതിനാല്‍ ഉചിതമായ മറ്റെന്തെങ്കിലും വഴി നീ ആലോചിച്ചു കൊള്ളുക.

അതറിഞ്ഞ് സുയോധന പക്ഷത്തെ,പ്രാഗ്ജ്യോതിഷപുര രാജാവായ ഭഗദത്തന്‍ സുയോധനനോട്‌ താന്‍ അര്‍ജുനനോട് ഏറ്റുകൊള്ളാം എന്ന് പറഞ്ഞു.ഭാഗദത്തന്റെ വീര്യവും ആത്മാര്‍ത്ഥതയും തിരിച്ചറിഞ്ഞ സുയോധനന്‍ അതിനനുമതി നല്‍കി.ഗജവീരന്മാരുമായി,ആനപ്പുറമേറിയാണ് ഭഗദത്തന്‍ അര്‍ജുനനോട് ഏറ്റത്.പലപ്പോഴും ഭഗദത്തന്റെ ശരവേഗത്തിനൊപ്പമെത്താന്‍ അര്‍ജുനന് ആയില്ല!അര്‍ജുനനെ ആക്രമിക്കുന്നതിനിടയില്‍,തേരാളിയായ കൃഷ്ണന് ശരമേറ്റു!നിലതെറ്റിയ കൃഷ്ണന്‍ തേരില്‍ നിന്നും തെറിച്ചു വീണു.കൃഷ്ണന്റെ പതനം ഏവരെയും അത്ഭുതപ്പെടുത്തി.അതില്‍ ലജ്ജിതനായ അര്‍ജുനന്‍ ഭഗദത്തന്റെ ആനയെ ആക്രമിച്ചു.അര്‍ജുന ശരങ്ങളെറ്റ ഗജേന്ദ്രന്‍,നൂലറ്റ പട്ടംപോലെ താഴെ വീണു.പാഞ്ഞടുത്ത ഫല്ഗുനനെ ഭഗദത്തന്‍ തന്റെ വൈഷ്ണവാസ്ത്രം കൊണ്ട് തടയാന്‍ ശ്രമിച്ചു.എന്നാല്‍ അത് അര്‍ജുനന്റെ ശരീരം സ്പര്‍ശിക്കാതെ കൃഷ്ണന്‍ തട്ടിക്കളഞ്ഞു!അര്‍ജുനന്‍ അയാളുടെ ആനയെ വീണ്ടും ആക്രമിച്ചു.അത് തടയാന്‍ ഉദ്യമിച്ച ഭഗദത്തന്റെ നെഞ്ചിലേക്ക് അര്‍ജുനന്‍ അസ്ത്രമെയ്തു!അയാളുടെ ഹൃദയം പിളര്‍ന്ന് അര്‍ജുനന്റെ അര്‍ദ്ധചന്ദ്ര ശരം മണ്ണില്‍ കുത്തിനിന്നു വിറച്ചു!

൦൦൦


No comments:

Post a Comment