Sunday, February 2, 2014

അദ്ധ്യായം-60,അന്ത്യചുംബനം

യുദ്ധത്തിന്റെ പന്ത്രണ്ടാം നാള്‍ ,രണാങ്കണത്തിലേക്ക് ചക്രവ്യൂഹവുമായി പ്രവേശിക്കുമ്പോള്‍ ദ്രോണര്‍ പറഞ്ഞു;

നമ്മുടെ വ്യൂഹം തകര്‍ക്കാന്‍ അര്‍ജുനന് സാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.ആയതിനാല്‍ വിജയം നമുക്കാവും.

അനന്തരം ആചാര്യന്‍ സുയോധനപുത്രനായ ലക്ഷ്മണനെ അരികില്‍ ചേര്‍ത്തുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു:

വീരനായ ഇവന്‍ ഇന്ന് വ്യൂഹത്തിന് മുന്നില്‍ നില്‍ക്കട്ടെ.

ആ നിര്‍ദേശംസുയോധനന് ഉള്‍ക്കൊള്ളാനായില്ല.അവനുപകരം താന്‍ നില്‍ക്കാമെന്നു പറഞ്ഞപ്പോള്‍ ദ്രോണര്‍ അയാളെ തടഞ്ഞുകൊണ്ട്‌ പറഞ്ഞു;

ഓരോരുത്തര്‍ക്കും യധാവിധിയുള്ള സ്ഥാനങ്ങള്‍ ഉണ്ട്.ദുര്യോധന,പടക്ക് നടുവിലാണ് നിന്റെ സ്ഥാനം.നിനക്ക് ഇടതും വലതുമായി കര്‍ണ്ണനും ദുസ്സാസനനും നില്‍ക്കും.പടത്തലയ്ക്കല്‍ ഞാനുള്ളപ്പോള്‍ ഭയമെന്തിന്?

പട ആരംഭിച്ചപ്പോള്‍ ,പ്രതീക്ഷിച്ചതുപോലെ അര്‍ജുനനല്ല എതിരിട്ടത്‌.അയാളുടെ പുത്രനായ അഭിമന്യുവാണ് പ്രതിരോധവുമായെത്തിയത്.അയാള്‍ ആചാര്യനോട് അടരാടും നേരം അദ്ദേഹം വിളിച്ചുപറഞ്ഞു:

ഹേ,അര്‍ജുന പുത്രാ.മടങ്ങിക്കൊള്ളൂക.നിന്റെ പിതാവിനുപോലും കഴിയില്ല ഈ ചക്രവ്യൂഹം തകര്‍ക്കാന്‍.

ആ വാക്കുകള്‍ പുശ്ചത്തോടെയാണ് അഭിമന്യു ഉള്‍ക്കൊണ്ടത്‌.അഹങ്കാരത്തോടെ അയാള്‍ ഇങ്ങിനെ പ്രതികരിച്ചു;

അങ്ങ് കണ്‍ നിറയെ കണ്ടുകൊള്ളൂ എന്റെ യുദ്ധവീര്യം.കൌരവശ്രേഷ്ഠനായ ദുര്യോധനന്റെ ശിരസ്സ് ഈ മണ്ണില്‍ വീഴുന്നത് ഇന്ന് അങ്ങേക്ക് കാണാം.

അത്രയും പറഞ്ഞ് അയാള്‍ മദിച്ച ഒരാനയെപ്പോലെ മുന്നോട്ട് കുതിച്ചു.ദ്രോണരെ തന്ത്രപൂര്‍വം പെട്ടെന്ന് മറികടന്നുകൊണ്ട്‌ അയാള്‍ വ്യൂഹത്തിന് അകത്തേക്ക് കയറി.സുയോധനനെ ലക്ഷ്യമിട്ട് വരുന്ന അയാളെ സഹോദരന്മാരായ സുഷേണനും ദീര്‍ഘലോചനനും കുണ്ഡഭേദിയും മാറിമാറി എതിര്‍ത്തെങ്കിലും അവരെയെല്ലാം അയാള്‍ വധിച്ചു.സഹോദരന്മാര്‍ വധിക്കപ്പെട്ടത് കണ്ട് ക്രുദ്ധനായ ദുസ്സാസനന്‍ അഭിമന്യുവിനെ എതിര്‍ത്തു.എന്നാല്‍ ആ വീര്യത്തിനു മുന്‍പില്‍ ദുസ്സാസനന് ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല.

അപ്പോള്‍ കര്‍ണ്ണന്‍ ദുസ്സാസന രക്ഷക്കെത്തി.തീക്ഷണ ശരങ്ങളാല്‍ കര്‍ണ്ണന്‍ അഭിമന്യുവിനു മുന്നില്‍ നിന്നുവെങ്കിലും ആ അസ്ത്രപ്രയോഗങ്ങള്‍ അയാള്‍ക്ക്‌ മുന്നില്‍ വൃഥാവിലായി.തന്റെ ശിരസ്സെന്ന ലക്‌ഷ്യം സാധിക്കാതെ അഭിമന്യു മടങ്ങില്ലെന്ന് സുയോധനന് തോന്നി.പെട്ടെന്ന് തന്നെ കര്‍ണ്ണനെയും മറികടന്ന് അയാള്‍ സുയോധനന് മുന്നില്‍ കുതിച്ചെത്തി!സര്‍വ്വശക്തിയുമായി അയാള്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മരണത്തെ മുഖാമുഖം കണ്ട അയാള്‍ അവസാനമായിട്ടെന്ന വണ്ണം സ്വപുത്രനായ ലക്ഷ്മണനെ നോക്കി.പിതാവിന്റെ അവസ്ഥ കണ്ടറിഞ്ഞ അവന്‍ ക്രോധത്തോടെ അഭിമന്യുവിന് അഭിമുഖം നിന്നു.

നിര്‍ഭയനായി അവന്‍ അഭിമന്യുവിനെ എതിരിട്ടു.അധികം വൈകാതെ അഭിമന്യു ലക്ഷ്മണനെ നിരായുധനാക്കിത്തിര്‍ത്തു!അയാളെ നോക്കിക്കൊണ്ട് അഹങ്കാരത്തോടെ അഭിമന്യു പറഞ്ഞു:

നീ ലോകമൊക്കെ നല്ലവണ്ണം ഇപ്പോള്‍ കണ്ടുകൊള്ളുക.നിന്റെ അച്ഛന്‍ കാണ്‍കെ നീ യമലോകം പൂകാന്‍ പോകുകയാണ്.

അത്രയും പറഞ്ഞുകൊണ്ട് അഭിമന്യു വില്ല് തൊടുത്തു.സുയോധനന്‍ അവിടേക്ക് അണയാന്‍ ശ്രമിച്ചപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു!അഭിമന്യുവിന്റെ അസ്ത്രങ്ങള്‍ ഏറ്റു ലക്ഷ്മണന്‍ നിലത്തേക്കു വീണു.സ്വപുത്രന്റെ വിയോഗത്തില്‍ സുയോധനന്‍ വാവിട്ടുകരഞ്ഞു.ചോര വാര്‍ന്നൊലിക്കുന്ന പുത്രനെ പുണര്‍ന്നുകൊണ്ട് അയാള്‍ മനോനില കൈവിട്ട്‌ അലറി:

കൊല്ലുക.പകരത്തിനു പകരം വീട്ടുക.ആരുണ്ട് ഇത് ചെയ്യാന്‍.

അയാളുടെ ആക്രോശം കേട്ട് ദ്രോണരും കര്‍ണ്ണനും അവിടെയെത്തി.അപ്പോള്‍ ഓടിവന്ന,സുയോധനന്റെ സഹോദരി ഭര്‍ത്താവായ ജയദ്രദന്‍ ഉറക്കെ വിളിച്ചുപറഞ്ഞു:

അങ്ങ് കണ്ടുകൊള്ളുക അര്‍ജുനപുത്ര വധം.

പെട്ടെന്ന് അയാള്‍ അഭിമന്യുവിനു നേര്‍ക്ക്‌ കുതിച്ചു.അധികം കഴിയും മുന്‍പേ അഭിമന്യു വധിക്കപ്പെട്ട വാര്‍ത്ത എങ്ങും പരന്നു.എന്നാല്‍ അതൊന്നും സുയോധനനെ ആശ്വസിപ്പിച്ചില്ല.അയാള്‍ യുദ്ധം നിര്‍ത്തി ദുഖത്തോടെ ശിബിരത്തില്‍ തന്നെ ഇരുന്നു.

ഇരുപക്ഷത്തെയും പുത്രന്മാര്‍ കൊല്ലപ്പെട്ടതിനാല്‍ യുദ്ധം നിര്‍ത്തിവക്കാനുള്ള ആവശ്യം ഉയര്‍ന്നു.സുയോധനന് അത് സമ്മതമായിരുന്നു.എന്നാല്‍ പാണ്ഡവര്‍ അതിനു തയ്യാറായില്ല!മാത്രമല്ല പുത്രവധത്തില്‍ ക്രുദ്ധനായ അര്‍ജുനന്‍,പിറ്റേന്നുള്ള സുര്യാസ്തമയത്തിനു മുന്‍പ് ജയദ്രഥനെ വധിക്കുമെന്ന് പ്രതിഞ്ജ ചെയ്യുകയും ചെയ്തു!

സുയോധനന്‍ മകന്റെ സംസ്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ കൊട്ടാരത്തില്‍ നിന്നും ഭാനുമതിയുടെ ദ്യൂതെത്തി.മകനെ കൊട്ടാരവളപ്പില്‍ സംസ്കരിക്കണം എന്നായിരുന്നു അവളുടെ ആവശ്യം.അയാള്‍ തടസ്സം പറഞ്ഞില്ല.മകന്റെ പ്രകാശമാനമായ മുഖത്ത് അന്ത്യചുംബനമര്‍പ്പിച്ച് അയാള്‍ കൊട്ടാരത്തിലേക്കുള്ള ശവഘോഷയാത്രക്ക്‌ അനുമതി നല്‍കിക്കൊണ്ട് ആരും കാണാതെ വിതുമ്പിക്കരഞ്ഞു...

൦൦൦

No comments:

Post a Comment