Monday, February 3, 2014

അദ്ധ്യായം-61,ചതിയുടെ സുദര്‍ശനം !!

പുത്രവിയോഗത്താല്‍ തപ്തനായിരുന്നെങ്കിലും യുദ്ധത്തിന്റെ പതിമൂന്നാം ദിവസവും പതിവുപോലെ സുയോധനന്‍ അതിരാവിലെ തന്നെ എഴുന്നേറ്റു.ഭാനുമതിയെ നേരില്‍ കാണാനോ,ആശ്വസിപ്പിക്കുവാനോ  ഇതുവരെ കഴിയാത്തതിലും അയാള്‍ ദുഖിതനായിരുന്നു.എങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ അയാള്‍ തയ്യാറായില്ല.അത് തനിക്കുവേണ്ടി ജീവന്‍ വെടിഞ്ഞവരോടുള്ള മര്യാദകേടാവുമെന്നു അയാള്‍ക്ക്‌ ഒരിക്കല്‍ക്കൂടി തോന്നി.

ചക്രാട്യമായ ശകടവ്യൂഹവുമായിട്ടാണ് ദ്രോണരുടെ നേതൃത്തത്തില്‍ അന്ന് കുരുക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്‌.വ്യൂഹത്തിന്റെ സുചീമുഖത്ത് കൃതവര്‍മ്മാവ് ആണ്.അദേഹത്തിന് പിന്നിലായിരുന്നു സുയോധനന്റെ സ്ഥാനം.കര്‍ണ്ണന്‍ സുയോധനന് പുറകില്‍ നിന്നു.കര്‍ണ്ണന്‍ ദുഖിതനും നിശബ്ധനും ആയിരുന്നു!അത് ശ്രദ്ധിക്കവേ ദ്രോണര്‍ ഏവരോടുമായി പറഞ്ഞു:

കുമാരന്മാരുടെ വധം പൊറുക്കാവുന്നതല്ല.പാണ്ഡവര്‍ വൈരികളാണ്.അഭിമന്യുവിനെ കൊന്ന ജയദ്രദനെ വധിക്കാതെ താന്‍ അടങ്ങുകയില്ലായെന്ന് അര്‍ജുനന്‍ ശപഥം ചെയ്തിരിക്കുന്നു.അത് സംഭവിക്കാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.

പിന്നീട് ദ്രോണര്‍ സ്വന്തം തെരിലേക്ക് കയറി.അവിടെ നിന്ന് സൈന്യത്തെ ആകമാനമോന്നു വീക്ഷിച്ചിട്ടു ഉറക്കെ പറഞ്ഞു:

നൂറായിരം കുതിരകള്‍ക്കും അറുപതിനായിരം തേരിനും പതിനാലായിരം ഗജങ്ങള്‍ക്കും ഇരുപത്തോരായിരം പദാതികള്‍ക്കും മൂന്നു വിളിപ്പാട് ദൂരെയായാണ്‌ ഞാന്‍ ജയദ്രദനെ സംരക്ഷിച്ചു നിര്‍ത്തിയിട്ടുള്ളത്.അതിനും മുന്‍പില്‍ നമ്മുടെ ഈ ശകടവ്യൂഹവുമുണ്ട്.അതിനാല്‍ അയാള്‍ക്ക്‌ സമീപമെത്തുക ഇന്ദ്രനുപോലും സാധ്യമല്ല.

ഇത്രയും പറഞ്ഞുകൊണ്ട് അദ്ദേഹം പടപ്പുറപ്പാടിന് കല്‍പ്പിച്ചു.ശംഖനാദങ്ങളും ഭേരീരവങ്ങളുമായി മുന്നേറിയ കൌരവപ്പടയെ അര്‍ജുനന സേന ആദ്യമേതന്നെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.മനോനില അന്യം വന്നതുപോലെ,ഭയാനകമായ ആക്രമണമായിരുന്നു അര്‍ജുനന്റെത് ജയദ്രദവധമല്ലാതെ മറ്റൊന്നും അയാള്‍ ലക്‌ഷ്യം വയ്ക്കുന്നില്ല!സുര്യാസ്തമയത്തിനു മുന്‍പായി അത് സാധിച്ചില്ലെങ്കില്‍ ജീവത്യാഗം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്ന അര്‍ജുനന് മറ്റൊന്നും പ്രശ്നമായില്ല.അധികം വൈകാതെ അര്‍ജുനന്‍ സുയോധന സഹോദരനായ ദുര്‍മ്മഷണനെ,പഴുത്ത പനംകായ് പോലെ അരിഞ്ഞുവീഴ്ത്തി!

അര്‍ജുനനോടു എതിരിട്ടവരെല്ലാം പരാജിതരായി മടങ്ങി.പടത്തല മുടിച്ചു മുന്നേറാന്‍ ശ്രമിച്ച അര്‍ജുനനെ തടയാന്‍ കഴിയാതെ ദുസ്സാസ്സനന് പിന്തിരിയേണ്ടിവന്നു!അര്‍ജുനന്‍ മുന്നോട്ടു കടക്കുമ്പോള്‍ അവനെ ദ്രോണാചാര്യര്‍ ഉപരോധിച്ചുകൊണ്ട് പറഞ്ഞു:

ഹേ,അര്‍ജുനാ.എന്നെ മറികടക്കാതെ,വധിക്കാതെ നിനക്ക് ജയദ്രദവധം സാധ്യമാവില്ല.

അതുകേട്ട് അര്‍ജുനന്‍ ക്രോധത്തോടെ അസ്ത്രം തൊടുത്തു.അപ്പോള്‍ കൃഷ്ണന്‍ എഴുന്നേറ്റു നിന്ന് അര്‍ജുനന്റെ കാതില്‍ എന്തോ പറഞ്ഞു!ഉടന്‍ അര്‍ജുനന്‍ വില്ല് താഴ്ത്തികൊണ്ട് ദ്രോണരോട് പറഞ്ഞു:

ആചാര്യ,അങ്ങ് എന്റെ ശത്രുവല്ല.ഗുരുവാണ്.ഗുരുവിനോട് എതിരിടാന്‍ ഈ ശിഷ്യന് ആവില്ല.

അതോടെ കൃഷ്ണന്‍ തേര് തിരിച്ചു.അര്‍ജുനന്‍ പിന്‍വാങ്ങിയതുകണ്ട് ദ്രോണരും പിന്തിരിഞ്ഞു.എന്നാല്‍ ഉടന്‍ കൃഷ്ണന്‍ തേര്‍ വളരെ വേഗം തിരിച്ച് ശക്രവ്യൂഹത്തിലേക്ക് പായിച്ചു!അവിചാരിതമായ ആ കടന്നുവരവ് കൌരവ സേനയെ ശിഥിലമാക്കി.അപ്പോള്‍ സുയോധനനെ നോക്കിക്കൊണ്ട് ആത്മഗതമെന്നതുപോലെ ദ്രോണര്‍ പറഞ്ഞു:

ഗുരുവിനെ എതിര്‍ക്കാന്‍ മടിച്ചവന്,ചതിക്കാന്‍ മടിയില്ല!

പിന്നെ സുയോധനനോട് അദ്ദേഹം പറഞ്ഞു:

നീ...നീ തന്നെ അര്‍ജുനനെ എതിരിടുക

അതുകേട്ട് ആശ്ചര്യം പൂണ്ട സുയോധനനോട് അദ്ദേഹം തുടര്‍ന്നു:

നിനക്കതിനു കഴിയും കൌരവശ്രേഷ്ഠ.അസ്ത്രമെല്‍ക്കാത്ത വിധമുള്ള കാഞ്ചനച്ചട്ട നിന്നെ ഞാന്‍ അണിയിക്കാം.അര്‍ജുനന് അത് മുറിക്കുക സാധ്യമല്ല.ധൈര്യമായി പോകുക.ഈ ചതിക്കുള്ള ശിക്ഷ നീ തന്നെ നല്‍കുക. 

സുയോധനനെ പുശ്ചത്തോടെയാണ് അര്‍ജുനന്‍ എതിരേറ്റത്‌!അര്‍ജുനന്റെ ശരവര്‍ഷം സുയോധനന്റെ ശരിരത്തില്‍ തട്ടി ചിന്നിച്ചിതറി!അപ്പോള്‍ അര്‍ജുനന്‍ തേര്‍ത്തട്ടില്‍ നിന്നുകൊണ്ട് ദ്രോണരെ തലയുയര്‍ത്തി നോക്കി.പിന്നെ,എന്തോ നിശ്ചയിച്ചുറപ്പിച്ച്,സുയോധനനെ അവഗണിച്ച്,അയാളുടെ കുതിരകളിലേക്ക് അസ്ത്രങ്ങള്‍ എയ്തു!നിലംപതിക്കുന്ന കുതിരകള്‍ക്കൊപ്പം തേരും തകര്‍ന്നു വീണു!അര്‍ജുനന്‍ മറ്റൊരു അധര്‍മ്മം കൂടി ചെയ്തിരിക്കുന്നു.അയാള്‍ കൈകള്‍ ഉയര്‍ത്തി,അര്‍ജുനനോടു നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ പാഞ്ഞുവന്ന അര്‍ജുന ശരങ്ങള്‍ സുയോധനന്റെ കൈത്തലം തുളച്ചു!ചോര വാര്‍ന്നു വീഴുന്ന കരങ്ങളോടെ സുയോധനന്‍ നിലത്തേക്കു പതിച്ചു!

ഉടന്‍ അര്‍ജുനന്‍ വളരെ സാഹസികമായി ജയദ്രതന്‍ നില്‍ക്കുന്ന ദിക്കിലേക്ക് തിരിച്ചു!മുറിവേറ്റവനെങ്കിലും ജയദ്രധനെ രക്ഷിക്കാനായി സുയോധനനും അങ്ങോട്ട്‌ പാഞ്ഞു.ജയദ്രദനു ചുറ്റും കര്‍ണ്ണനും കൃപരും അശ്വത്ഥാമാവും വൃഷസേനനും നിന്നിരുന്നു.അവര്‍ക്ക് നടുവില്‍ നിന്ന് ജയദ്രദന്‍പൊരുതി.

ചതുരംഗ സൈന്യത്തിന്റെ രക്ഷ അയാള്‍ക്കുണ്ടെന്നു മനസ്സിലാക്കിയ സുയോധനന്‍ അവിടെ നിന്ന് അല്പം മാറി വിശ്രമിച്ചു.ഇടയ്ക്കിടയ്ക്ക് സുയോധനന്‍ മാനത്തേക്ക് നോക്കി.ചതുര്‍ വീരന്മാരെ മറികടക്കാന്‍ അര്‍ജുനന് ആവുന്നില്ല!സുര്യന്‍ അസ്തമിച്ചാല്‍,മാനം കറുത്താല്‍ പിന്നെ അര്‍ജുനന് ജയദ്രഥനെവധിക്കാനാകില്ല!അല്‍പസമയംകൂടിയേഅസ്തമയത്തിനുള്ളൂ!

പെട്ടെന്ന് സുര്യന്‍ ഇരുണ്ടു.സന്ധ്യയെത്തിയതിനാല്‍ പക്ഷികള്‍ കൂടുകളിലേക്ക് മടങ്ങി.ഈ സമയം വിജയശ്രീലാളിതനായി സുയോധനന്‍ വിളിച്ചു പറഞ്ഞു:

സൂര്യന്‍ അസ്തമിച്ചു!ഇനി യുദ്ധം അവസാനിപ്പിക്കാം.ജയദ്രഥന്‍ ഇനി ധൈര്യത്തോടെ നിരായുധനായി മുന്നോട്ടു വന്നുകൊള്ളട്ടെ.അര്‍ജുനന് പ്രതിഞ്ജ പാലിക്കാന്‍ ആയില്ല.

എല്ലാവരും ആയുധം മടക്കി.പെട്ടെന്ന് എങ്ങും പകല്‍ വെളിച്ചം പരന്നു!ആ വെളിച്ചത്തില്‍,നിരായുധനായി നില്‍ക്കുന്ന ജയദ്രഥന്റെ ശിരസ്സ് അര്‍ജുനാസ്ത്രം മുറിച്ചിട്ടു!

കൃഷ്ണന്‍ സുദര്‍ശനചക്രത്താല്‍ സൂര്യനെ മറച്ചതാണ്.അത് മാത്രമല്ല,നിരായുധനായ ജയദ്രഥനെ വധിച്ചതും ചതിയാണ്.സുയോധനന്‍ ദ്രോണരെ തിരിഞ്ഞു നോക്കി.ആചാര്യനപ്പോള്‍ നിശബ്ധനായി അയാളെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു!

൦൦൦


No comments:

Post a Comment