Monday, February 3, 2014

അദ്ധ്യായം-62,മരണം കൊണ്ടുപോകും വരെ.

യുദ്ധം പതിമൂന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ സുയോധനന് തന്റെ മുപ്പത്തിമൂന്ന് സഹോദരങ്ങളെ നഷ്ട്ടപ്പെട്ടു കഴിഞ്ഞിരുന്നു!ഇന്നിപ്പോള്‍  ഏക സഹോദരിയുടെ ഭര്‍ത്താവായ ജയദ്രഥനും കൊല്ലപ്പെട്ടിരിക്കുന്നു.തനിക്കായി മരിച്ച അവരെക്കുറിച്ചെല്ലാം ഓര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ വലിയ ദുഃഖം തോന്നി.

അയാള്‍ പ്രിയ ചങ്ങാതിയായ കര്‍ണ്ണനെ അന്ന് രാത്രിതന്നെ ചെന്ന് കണ്ടു.തന്റെ സങ്കടങ്ങള്‍ക്കൊപ്പം ദ്രോണരുടെ നിലപാടുകളെപ്പറ്റിയും വിമര്‍ശിച്ചു സംസാരിച്ചു.അപ്പോള്‍ അനുനയ രൂപേണ കര്‍ണ്ണന്‍ പറഞ്ഞു:

അല്ലയോ,ഗാന്ധാരീ പുത്രാ.ആചാര്യനെ ഈ വിധം ഭാല്‍സിക്കരുത്.അദ്ധേഹം തന്റെ ശക്തിപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.

ആ വാക്കുകള്‍ സുയോധനന് അത്ഭുതം ഉളവാക്കി..പലമട്ടില്‍ കര്‍ണ്ണനെ ഉപദ്രവിച്ചിട്ടുള്ള ആളാണ്‌ ദ്രോണര്‍.എന്നിട്ടും അയാള്‍ ദ്രോണരെ തള്ളിപ്പറയാന്‍ കൂട്ടാക്കുന്നില്ല!കര്‍ണ്ണന്‍ തുഅര്‍ന്നു:

ചതികൊണ്ടാണ് പാണ്ഡവര്‍ ഇതുവരെ വിജയംകണ്ടത്.ബുദ്ധിപൂര്‍വ്വം ഒരു നല്ല കര്‍മ്മവും അവര്‍ ചെയ്തിട്ടില്ല.നീയോ അകര്‍മ്മകമായി പ്രവര്‍ത്തിച്ചിട്ടുമില്ല.അതിനാല്‍ നീ ധൈര്യമായി യുദ്ധം മുന്നോട്ടു കൊണ്ടുപോകുക.

അവരിങ്ങനെ സംസാരിച്ചു നില്‍ക്കെ,ഒരു ഭടന്‍ വന്ന് പാണ്ഡവര്‍ രാത്രി യുദ്ധത്തിനു സന്നദ്ധരായി വന്നിട്ടുള്ളതായി അറിയിച്ചു.സുയോധനന്‍ ഒന്ന് ശങ്കിച്ചു നിന്നു.രാത്രി യുദ്ധം അയാള്‍ പ്രതീക്ഷിച്ചതല്ല.എന്നാല്‍ കര്‍ണ്ണന്‍ ആയുധങ്ങളുമേന്തി തയ്യാറായിക്കഴിഞ്ഞു!

ഭീമപുത്രനായ ഘടോല്‍കചനെ മുന്‍നിര്‍ത്തിയാണ് പാണ്ഡവര്‍ യുദ്ധരംഗത്ത് എത്തിയിരിക്കുന്നത്.അത് പാണ്ഡവരുടെ മറ്റൊരു അടവാണ്.ഭീമന് രാക്ഷസിയില്‍ ജനിച്ച പുത്രനാണ് ഘടോല്‍കചന്‍.രാക്ഷസര്‍ക്ക് രാത്രിയില്‍ കാഴ്ച കൂടും.അത് കണക്കാക്കിയാണ് അവര്‍ പതിവിനു വിപരീതമായി രാത്രിയില്‍ യുദ്ധത്തിന് എത്തിയത്!

കര്‍ണ്ണനാണ് അവനോട് ഏറ്റത്.യുദ്ധ ധര്‍മ്മങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഘടോല്‍കചന്‍ ആക്രമിക്കുന്നത്.നിമിഷങ്ങള്‍ക്കകം തന്നെ തങ്ങള്‍ ഇല്ലാതാവും എന്ന നില വന്നപ്പോള്‍ സുയോധനന്‍ കര്‍ണ്ണനോട്‌ പറഞ്ഞു:

കര്‍ണ്ണാ,ഈ രാത്രി പുലരും മുന്‍പേ അവനെ വധിക്കുക.അതിന് നീ തുണയാവേണം


കര്‍ണ്ണന്‍ അതുകേട്ട് അല്‍പ്പനേരം തേര്‍ത്തട്ടില്‍ എന്തോ ആലോചിച്ചുനിന്നു.അനന്തരം കര്‍ണ്ണന്‍ തന്റെ പ്രിയപ്പെട്ട ശക്തിവേല്‍ കൈയ്യിലെടുത്തു.അലറിക്കുതിച്ചു വരുന്ന,പാര്‍വത രൂപിയായ ഘടോല്‍കചന്റെ ഹൃദയം ലക്ഷ്യമാക്കി അയാള്‍ അത് ചാട്ടിയെറിഞ്ഞു!ഒരു മിന്നല്‍പിണര്‍ പോലെ അത് കൃത്യമായി ലക്ഷ്യംകണ്ടു.ഒരു കൊടുങ്കാറ്റ് പോലെ ചുറ്റിത്തിരിഞ്ഞ് ഘടോല്‍കചന്‍ ചത്തു നിലത്തേക്കു വീണു.കൌരവ പക്ഷത്തു ഹര്‍ഷാരവങ്ങള്‍ ഉയര്‍ന്നു.പാണ്ഡവര്‍ ഹതാശരായി.അല്‍പ്പനേരം കഴിഞ്ഞ് ,പാണ്ഡവപക്ഷത്തുള്ള ബീഭത്സു സുയോധനനെ തേടിവന്നു.ഇന്നത്തെ യുദ്ധം അവസാനിപ്പിക്കുവാനും എല്ലാവരും ഉറക്കത്തിനായി പിരിയുവാനും പാണ്ഡവര്‍ ആഗ്രഹിക്കുന്നതായി അയാള്‍ അറിയിച്ചു.സുയോധനന്‍ അത് സമ്മതിക്കുകയും ചെയ്തു.

ഘടോല്‍കചനെ വധിച്ചതിനു എല്ലാവരും കര്‍ണ്ണനെ അഭിനന്ദിച്ചു.കര്‍ണ്ണന്‍ എന്നാല്‍ മൌനത്തിലായിരുന്നു!എല്ലാവരും ഒഴിഞ്ഞപ്പോള്‍ സുയോധനന്‍ കര്‍ണ്ണന്റെ ദുഖകാരണം തിരക്കി.കര്‍ണ്ണന്‍ പറഞ്ഞു:

ഘടോല്‍കചവധം എന്നെ സന്തോഷിപ്പിക്കുന്നില്ല സുയോധന.കാരണം മറ്റൊരാള്‍ക്കായി കാത്തു വച്ച ആയുധമാണ് എനിക്ക് അവനില്‍ പ്രയോഗിക്കേണ്ടി വന്നത്.

ഒന്നും മനസിലാവാതെ ,നോക്കിയിരിക്കുന്ന സുയോധനന് അരികിലേക്ക് ചേര്‍ന്നിരുന്നുകൊണ്ട് കര്‍ണ്ണന്‍ തുടര്‍ന്നു:

അന്ന് ,അമ്മ കുന്തീദേവി വന്നുപോയത്തിനു ശേഷം മറ്റൊരു ദിവസം എന്റെ പിതാവായ സുര്യദേവന്‍ വന്നിരുന്നു.അര്‍ജുന പിതാവായ ദേവേന്ദ്രന്‍ വരുമെന്നും അയാള്‍ ചോദിക്കുന്നതൊന്നും നല്‍കരുതെന്നും പറഞ്ഞ്‌ തിരികെ പോയി.

അല്‍പനേരം മൌനം പൂണ്ടതിനുശേഷം ,വിസ്മയ നേത്രനായിരിക്കുന്ന സുയോധനനോട് അയാള്‍ തുടര്‍ന്നു:

വൈകാതെ ഇന്ദ്രന്‍ എത്തി.എന്റെ ദാനശിലത്തെ മുതലെടുത്തുകൊണ്ട് എന്റെ ജന്മസിദ്ധമായ വജ്രകുണ്ഡലങ്ങള്‍ ആവശ്യപ്പെട്ടു.ഞാന്‍ ഒട്ടും മടിക്കാതെ അതെല്ലാം ഊരി നല്‍കിയതിനു പ്രതിഫലമായി ഇന്ദ്രന്‍ തന്നതാണ് വൈജയന്തി എന്ന് പേരുള്ള ആ ശക്തിവേല്‍ .ഒരാള്‍ക്ക്‌ നേരെ പ്രയോഗിക്കുനത്തോടെ ഇല്ലാതാവുന്ന അത് ഞാന്‍ അര്‍ജുനനായി കരുതി വച്ചിരുന്നതാണ്.പക്ഷെ........

എന്ത് പറയണമെന്ന് അറിയാതെ സുയോധനന്‍ നിശ്ചലം നിന്നു.പിന്നെ പതിയെ മനോനില വീണ്ടെടുത്ത് മെല്ലെ ചോദിച്ചു:

അപ്പോള്‍ ...എല്ലാം.......?

സുയോധനന്‍ മുഴുമിക്കും മുന്‍പേ കര്‍ണ്ണന്‍ പറഞ്ഞു:

അതെ,എനിക്ക് എല്ലാ ആശ്രയങ്ങളും നഷ്ട്ടപ്പെട്ടിരിക്കുന്നു.അമ്മയ്ക്ക് പകരമായി എനിക്ക് ലഭിച്ച എന്റെ സംരക്ഷിത വലയങ്ങള്‍ ,അമ്മക്ക് കൊടുത്ത,അര്‍ജുനനെ മാത്രമേ വധിക്കൂ എന്നവാക്കുപാലിക്കാന്‍ കാത്തുവച്ച ആയുധം എല്ലാംതന്നെ......


അല്‍പനേരം മിണ്ടാനാവാതെ നിന്ന കര്‍ണ്ണന്‍ സുയോധനന്റെ ചുമലില്‍ കൈവച്ചുകൊണ്ട് തുടര്‍ന്നു:

പക്ഷെ മഹാരാജാവേ,എന്തൊക്കെ നഷ്ട്ടപ്പെട്ടാലും അങ്ങയെ എനിക്ക് നഷ്ട്ടമാവരുത്.ഞാന്‍ അങ്ങേയുടെ കൂടെ എന്നുമുണ്ടാവും.മരണം എന്നെ കൊണ്ടുപോകും വരെ..........

വികാരാധീനനായ സുയോധനന്‍ കര്‍ണ്ണനെ വാത്സല്യപൂര്‍വം ആശ്ലേഷിച്ചു.

൦൦൦

No comments:

Post a Comment