Wednesday, February 5, 2014

അദ്ധ്യായം-63,വേദനിച്ചോ ഗുരോ?

യുദ്ധത്തിന്റെ പതിനാലാം നാളില്‍  തുടക്കത്തിലെ, കര്‍ണ്ണന്‍ നകുലനെ നിരായുധനാക്കിയിട്ടും ഔധാര്യപുര്‍വ്വം വിട്ടയച്ചുകൊണ്ട്,അര്‍ജുനനെ മാത്രമേ വധിക്കൂ എന്ന് അമ്മക്ക് നല്‍കിയ വാക്ക് പാലിച്ചു!എന്നാല്‍ കര്‍ണ്ണനോട് തോറ്റ് മടങ്ങിയ നകുലന്‍ വളരെ വേഗം സുയോധനനെ നിരായുധനാക്കി.കര്‍ണ്ണന് ഭീമനില്‍ നിന്ന് പിന്നീട് പരാജയം ഉണ്ടാവുകയും ചെയ്തു.ഇപ്രകാരമുള്ള ജയപരാജയങ്ങളോടെയാണ് മധ്യാഹ്നംവരെ യുദ്ധം നീങ്ങിയത്!

ഉച്ചക്ക് ശേഷം പാണ്ഡവരെ നടുക്കും വിധം കൌരവമുന്നേറ്റം ഉണ്ടായി!പാഞ്ചാലിയുടെ പിതാവും ദ്രോണരുടെ പുര്‍വകാല സുഹൃത്തും ആയ ദ്രുപദനും,വിരാടരാജനും ഒരുമിച്ചു നിന്നാണ് ദ്രോണരോട് ഏറ്റത്.ആചാര്യനെ വളഞ്ഞു നിന്ന് അവര്‍ ആക്രമിച്ചു!എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ,ഒരേ വേളയില്‍ ദ്രോണര്‍ തൊടുത്ത ഇരു ശരങ്ങളെറ്റ് അവര്‍ മരിച്ചു വീണു!

അച്ഛന്റെ മരണം ധൃഷ്ടദ്യുമ്നനെ തെല്ലൊന്നുമല്ല പ്രകോപിതനാക്കിയത്!അയാള്‍ ക്രൌര്യത്തോടെ ദ്രോണര്‍ക്കു നേരെ ചീരിയടുത്തു!ചെവി മുട്ടുമാറ് ഇരുവരും വില്ല് വലിച്ച് ഏറ്റുമുട്ടി.എന്നാല്‍ അധികനേരം ദ്രോണരോട് എതിര്‍ത്തു നില്‍ക്കാന്‍ ധൃഷ്ടദ്യുമ്നന് ആയില്ല.അയാള്‍ തളര്‍ന്നു തുടങ്ങിയപ്പോഴേക്കും സുര്യന്‍ അസ്തമയം പൂകിയതിനാല്‍ യുദ്ധം അവസാനിച്ചു.എങ്കിലും അടുത്ത ദിവസത്തില്‍ താന്‍ ദ്രോണരെ വധിക്കുമെന്ന് ധൃഷ്ടദ്യുമ്നന്‍ ശപഥം ചെയ്തു!

ധൃഷ്ടദ്യുമ്നനന്റെ ശപഥത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചപ്പോള്‍ പതിവുപോലെ സ്വയംപ്രകീര്‍ത്തിച്ചുകൊണ്ട് അദ്ദേഹം സുയോധനനോട് പറഞ്ഞു:

ഹേ കുരുശ്രേഷ്ടാ,പാണ്ഡവ പക്ഷത്ത് എനിക്ക് സമമായി അര്‍ജുനന്‍ മാത്രമേയുള്ളൂ.അവനുപോലും എന്നെ വധിക്കുക അസാധ്യമാണ്.പിന്നെയാണോ ധൃഷ്ടദ്യുമ്നന്‍?

പതിനഞ്ചാം നാളിലെ യുദ്ധത്തില്‍ ദ്രോണര്‍ കുടുതല്‍ കരുത്തോടെ മുന്നേറി!ആ പരാക്രമണം പാണ്ഡവരെ നിലംപരിശാക്കും എന്നുപോലും തോന്നിപ്പോയി സുയോധനന്.എതിര്‍ത്തവരെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ട് പുകയില്ലാത്ത അഗ്നിപോലെ ശോഭിച്ചു ആചാര്യന്‍.സോമകരും പാഞ്ചാലരും മത്സ്യരും ആ ശസ്ത്രപ്രയോഗത്തിനു മുന്നില്‍ നിഷ്പ്രഭരായി തീര്‍ന്നു!പൊന്‍കോപ്പുകള്‍ അണിഞ്ഞ അവരില്‍ ഏറെപ്പേരും മുറിവേറ്റും ശിരസ്സറ്റും താഴെ വീണുകൊണ്ടിരുന്നു!ഒരു ബ്രാഹ്മണന്‍ ഈ വിധം കൊല ചെയ്യുന്നത് ഉചിതമല്ലെന്ന അഭിപ്രായം ഉയര്‍ന്നു വന്നെങ്കിലും അതൊന്നും വകവയ്ക്കാതെ അദ്ദേഹം മുന്നേറി!

മദ്ധ്യാഹ്നം ആയപ്പോഴേക്കും ദ്രോണര്‍പാണ്ഡവപക്ഷത്തു കനത്ത നാശം വിതച്ചു കഴിഞ്ഞിരുന്നു!അങ്ങിനെ പോരാടിക്കൊണ്ടിരിക്കെ ധൃഷ്ടദ്യുമ്നന്‍ അദ്ദേഹത്തിനു നേര്‍ക്ക്‌ കുതിച്ചെത്തി.ദ്രോണരോട് അയാള്‍ കൂടുതല്‍ വാശിയോടെ പോരാടിക്കൊണ്ടിരിക്കെ പാണ്ഡവപ്പടയില്‍ നിന്നും ഒരു ആരവം കേട്ടു.എല്ലാവരും അങ്ങോട്ട്‌ ശ്രദ്ധിച്ചപ്പോള്‍,മദ്യപിച്ച് ഉന്മത്തനായവനെപ്പോലെ,ചോര വാര്‍ന്നൊലിക്കുന്ന ഗദയും ഉയര്‍ത്തിപ്പിടിച്ച് ആഹ്ലാദത്തോടെ ഉറക്കെ ചിരിച്ചുകൊണ്ട് ഭീമന്‍ അങ്ങോട്ട്‌ കടന്നുവന്നു.ദ്രോണരേ കണ്ടതും അയാള്‍ വിളിച്ചു ചോദിച്ചു:

ആചാര്യന്‍ അറിഞ്ഞില്ലേ.അശ്വത്ഥാമാവ്  ചത്തു!

മകന്റെ മരണവാര്‍ത്തയറിഞ്ഞ നിമിഷം ദ്രോണര്‍ സ്തബ്ധനായി നിന്നു.ആ വാര്‍ത്ത അവിശ്വസനീയമായി തോന്നി സുയോധനന്.അയാള്‍ ദ്രോണ സമീപം പാഞ്ഞെത്തി.ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരിക്കുന്നത് സുയോധനന്‍ ആദ്യമായി കണ്ടു.

അപ്പോള്‍ അത് വഴി ധര്‍മ്മപുത്രര്‍ എത്തി.ആ പാണ്ഡവന്‍ സത്യം മാത്രമേ പറയു എന്നാണ് ഖ്യാതി.അദേഹത്തിന്റെ തേര്‍ നിര്‍ത്തിച്ച് ദ്രോണര്‍ സത്യം ആരാഞ്ഞു.ധര്‍മ്മപുത്രന്‍ മെല്ലെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

ഗുരോ,കൊല്ലപ്പെട്ടിരിക്കുന്നു അശ്വത്ഥാമാവ്..............

അത്രമാത്രമേ കേള്‍ക്കാനായുള്ളു സുയോധനനും അയാള്‍ മറ്റെന്തോകൂടി പറയുന്നുണ്ടായിരുന്നു.നിര്‍ഭാഗ്യവശാല്‍ ആസമയത്ത് കൃഷ്ണന്റെ ശംഖനാദധ്വനി മുഴങ്ങുകയും പാണ്ഡവരില്‍നിന്നും ആരവങ്ങള്‍ ഉയരുകയും ചെയ്തു!അതിനാല്‍മറ്റൊന്നുംവ്യെക്തമായില്ല.

ധര്‍മ്മപുത്രന്റെ വാക്കുകള്‍ കേട്ട് ഉടന്‍തന്നെ ശസ്ത്രങ്ങള്‍വെടിഞ്ഞ്ദ്രോണര്‍ തേര്‍ത്തട്ടില്‍ ഉപവിഷ്ടനായി!മുഖം തെല്ലുയര്‍ത്തി,നെഞ്ചുയര്‍ത്തി,നിശ്ചലനായി ഇരുന്നു.സത്വമൊത്തിരിക്കുന്ന സമയത്ത് കയ്യില്‍ വാളുമേന്തി,ക്രുദ്ധനായി തന്റെ തേര്‍വിട്ടു ചാടിവന്ന ധൃഷ്ടദ്യുമ്നന്‍,എല്ലാവരും നോക്കി നില്‍ക്കെ ആചാര്യന്റെ പുറകിലൂടെ പെട്ടെന്ന് വാള് വീശി!രക്തം ചീറ്റിയൊലിക്കുന്ന ആചാര്യന്റെ ഉടല്‍ താഴേക്കു പതിച്ചു!

ഇരു സൈന്യങ്ങളും നിശ്ചലം നില്‍ക്കെ,കയ്യില്‍ മുറിച്ചു പിടിച്ചിരുന്ന ആചാര്യന്റെ തല കൌരവ പക്ഷത്തേക്ക് കാല്‍കൊണ്ടു തട്ടിയെറിഞ്ഞു!അത് സുയോധനന്റെ മുന്നില്‍ ചെന്ന് വീണു!ചോരയും മണ്ണും കലര്‍ന്ന ആ ശിരസ്സ് സുയോധനന്‍ പതിയെ കയ്യിലെടുത്തു!

൦൦൦

 

No comments:

Post a Comment