Friday, February 7, 2014

അദ്ധ്യായം-64,പ്രകീര്‍ത്തനങ്ങളില്‍ വീണുപോകുന്നവര്‍

വീരനായകനായ ദ്രോണരുടെ മരണം സുയോധനനെ ഏറെ ദുഖിപ്പിച്ചു.എങ്കിലും അയാളുടെ യുദ്ധത്തിലുള്ള പ്രതീക്ഷ കൈവെടിഞ്ഞില്ല.അയാള്‍ കര്‍ണ്ണനെ സമീപിച്ചു.കര്‍ണ്ണന്‍ മറുത്തൊന്നും പറയാതെ തന്നെ സൈന്യാധിപത്യം ഏറ്റെടുത്തു.അതോടെ കര്‍ണ്ണനെ പൊന്‍കുടങ്ങളിലെ ജലം കൊണ്ട് സ്നാനം ചെയ്യിച്ച്,ഔഷധകൂട്ടുകളാല്‍ അഭിഷേകം നടത്തി,സുയോധനന്‍ കര്‍ണ്ണനെ സേനാധിപനായി പ്രഖ്യാപിച്ചു.

പതിനാറാം ദിനത്തിലെ സൂര്യോദയത്തില്‍തന്നെ കര്‍ണ്ണന്‍ പടകൂട്ടി!മകരവ്യൂഹമാണ് കര്‍ണന്‍ നിര്‍ദ്ദേശിച്ചത്.ആനച്ചങ്ങല ആലേഖനം ചെയ്ത വെളുത്ത കൊടിയും വെള്ളക്കുതിരകളുമായി,വില്ലേന്തിക്കൊണ്ട് മകരവ്യൂഹത്തിന്റെ മുഖത്തു കര്‍ണ്ണന്‍ വന്നു നിന്നപ്പോള്‍ ,മറ്റൊരു സൂര്യന്‍ ഉദിച്ചതായിതോന്നി സുയോധനന്!വ്യൂഹത്തിന്റെ നടുവിലായിരുന്നു സുയോധനന്റെ സ്ഥാനം.പാണ്ഡവര്‍ അര്‍ദ്ധചന്ദ്രവ്യൂഹവുമായാണ് കുരുക്ഷേത്രത്തില്‍ അണിനിരന്നത്.അര്‍ജുനനും ഭീമനും ധര്‍മ്മപുത്രരും ആയിരുന്നു പാണ്ഡവസേനയുടെ നേതൃത്ത്വത്തില്‍ .

  ആനപ്പുറത്തായിരുന്നു ഭീമന്‍!അയാളുടെ മുന്നേറ്റം കൌരവ സേനയില്‍ കനത്ത നാശം വിതച്ചെന്നു പറയാം.ഭീമന്‍ തളക്കാന്‍ കൌരവരില്‍ നിന്നും ക്ഷേമധൂര്‍ത്തി എത്തി.അയാളെ അസ്ത്രങ്ങള്‍ കൊണ്ട് മടക്കാന്‍ ഭീമന് ആയില്ല!അത് മനസിലാക്കിയ ഭീമന്‍ ക്ഷേമധുര്‍ത്തിയുടെ ആനയെ ആക്രമിച്ചു.പരിഭ്രാന്തിയോടെ ഓടാന്‍ തുടങ്ങിയ ആനയുടെ പുറത്തു നിന്നും അതിസാഹസികമായി ക്ഷേമധുര്‍ത്തി താഴേക്കു ചാടി!നിലത്തുനിന്നും അയാള്‍ ഭീമന് നേര്‍ക്ക്‌ ശരം തൊടുത്തു!ഭീമന്റെ ചതി അയാളും ആവര്‍ത്തിച്ചു!ഭീമന്റെ ആനയെ എഴുത്താണി അമ്പുകള്‍ കൊണ്ട് പീഡിപ്പിച്ചു!ആനക്കൊപ്പം താഴെ വീണ ഭീമന്‍ ഗദയുമായി ക്ഷേമധൂര്‍ത്തിക്ക് നേരെ പാഞ്ഞു ചെന്നു.ക്ഷേമധൂര്‍ത്തി തന്റെ ഗദ കൈയ്യിലെടുക്കും മുന്‍പേ ഭീമന്‍ അയാള്‍ക്ക്‌ മേല്‍ ചാടിവീണു.ഭീമന്റെ ഗദാ താഡനമേറ്റ് ക്ഷേമധൂര്‍ത്തി തല്‍ക്ഷണം മരിച്ചു!

ഉച്ചവരെയുള്ള യുദ്ധം അവസാനിക്കുമ്പോള്‍ ,കൌരവ പക്ഷത്തുള്ള ചിത്രനും മാഗധ രാജാവായ ദണ്ഡദാരനും അര്‍ജുനാസ്ത്രമേറ്റ് മരണം പൂകി!പാണ്ഡ്യനെ അശ്വത്ഥാമാവ് വധിച്ചു എന്നത് മാത്രമായിരുന്നു കൌരവ പക്ഷത്തെ വിജയം!

ഉച്ചക്ക് ശേഷം സുയോധനനെ എതിരിട്ടത്‌ ധര്‍മ്മപുത്രന്‍ ആയിരുന്നു.പോരടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന കൂറ്റന്‍ കാളയേപ്പോലെയായിരുന്നു ധര്‍മ്മപുത്രന്‍!തന്നെ എതിര്‍ത്തു നില്‍ക്കാന്‍ യുധിഷ്ഠിരന് കഴിയുന്നില്ലായെങ്കിലും അയാള്‍ പിന്തിരിയാന്‍ കൂട്ടാക്കിയില്ല!അത് കണ്ട സുയോധനന്‍ ശക്തമായ ഒരസ്ത്രപ്രയോഗത്തിലൂടെ അയാളുടെ വില്ലറുത്തിട്ടു!ധര്‍മ്മപുത്രന്‍ നിലതെറ്റി താഴേക്കു വീണു.അയാള്‍ എഴുന്നെല്‍ക്കാനായി സുയോധനന്‍ കാത്തുനിന്നു.ധര്‍മ്മപുത്രന്‍ നിവര്‍ന്നപ്പോള്‍ സുയോധനന്‍ പറഞ്ഞു:

ഇനി ഗദായുദ്ധമാണ് ഉചിതം.അസ്ത്രം നഷ്ട്ടപ്പെട്ട അങ്ങ് ഇനി ഗദ എടുത്താലും.ഞാന്‍ കാത്തുനില്‍ക്കാം 

പ്രതീക്ഷയോടെ നിന്ന സുയോധനന് നേര്‍ക്ക്‌ എന്നാല്‍ ധര്‍മ്മപുത്രന്‍ പൊടുന്നനെ ഒരു വലിയ വേലാണ് പ്രയോഗിച്ചത്!എതിരാളിയെ അയാള്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ട് തന്നെ എതിരിടണമെന്ന നിയമവും അതോടെ ലംഘിക്കപ്പെട്ടു!എന്നാല്‍ അത് വിളിച്ചുപറയാനാകും മുന്‍പേ സുയോധനന്‍ ബോധരഹിതനായി നിലംപതിച്ചു!

അസ്തമയത്തോടെ യുദ്ധം നിര്‍ത്തിവച്ച് ഇരുപക്ഷവും പിരിഞ്ഞപ്പോള്‍ സുയോധനന്‍ കര്‍ണ്ണനെ ചെന്നുകണ്ടു.

യുദ്ധത്തില്‍ പാണ്ഡവര്‍ വിജയിക്കുക തന്നെയാണ് കര്‍ണ്ണാ.നീതിപുര്‍വകമല്ല അവരുടെ വിജയങ്ങള്‍ എങ്കിലും അതെന്നെ അമ്പരപ്പിക്കുന്നു.

അതുകേട്ടു കര്‍ണ്ണന്‍ പറഞ്ഞു:

നീ ഹതാശനാകാതിരിക്കുക.അര്‍ജുനന് കൃഷ്ണനെ എന്നവിധം അനുയോജ്യനായ ഒരു സാരഥിയെ എനിക്ക് ലഭിച്ചാല്‍ തീര്ച്ചയായും വിജയം വരിക്കമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ആരെയാണ് നീ ആഗ്രഹിക്കുന്നത്?

ശല്യരെ.കൃഷ്ണന് അശ്വഹൃദയം അറിയാവുന്നത് പോലെ മഹാരഥനായ അദേഹത്തിന് ഹയജ്ഞാനം ഉണ്ട്.അസ്ത്രപ്രയോഗത്തിലും ആചാര്യന്‍ മുന്നിലല്ലേ?

അതുകേട്ടതും കര്‍ണ്ണന് ശുഭരാത്രി നേര്‍ന്നുകൊണ്ട് സുയോധനന്‍ നേരെ ശല്യരുടെ സമീപത്തേക്ക് ചെന്നു.സുയോധനന്റെ ആവശ്യം കേട്ട് കോപാകുലനായ ശല്യര്‍ ചോദിച്ചു:

നീ എന്നെ നിന്ദിക്കുകയാണോ?സുതപുത്രന്റെ സൂതത്തിനായി ഞാന്‍ പോകയോ?

അപ്പോള്‍ സുയോധനന്‍ അനുനയത്തില്‍ പറഞ്ഞു:

അങ്ങ് കോപിക്കരുത്.ഒരിക്കലും കര്‍ണ്ണന്റെ കരബലം അങ്ങയെക്കാള്‍ മേലെയല്ല.യുദ്ധാരംഭത്തില്‍ തന്നെ അങ്ങ് എനിക്ക് വാക്ക് തന്നിരുന്നതാണ് ഞാന്‍ എന്താവശ്യപ്പെട്ടാലും നിര്‍വഹിച്ചു തരാമെന്ന്.അങ്ങ് ആ വാക്ക് പാലിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അപ്പോള്‍ കോപം ഒതുക്കിക്കൊണ്ട് ശല്യര്‍ പറഞ്ഞു:

എന്നെ കര്‍ണ്ണന് മേലെയായി നീ പറഞ്ഞതുകൊണ്ട് ഞാന്‍ ഇത് അഗീകരിക്കുന്നു 

അതോടെ സംതൃപ്തനായി സുയോധനന്‍ തിരികെ പോന്നു.ഏതു പ്രഗത്ഭരും പുകഴ്ത്തലില്‍ വീണുപോകും എന്ന ആശയം സുയോധനന്‍ മനസിലോര്‍ത്തു പതിയെ ചിരിച്ചു.

൦൦൦

 

No comments:

Post a Comment