Sunday, February 9, 2014

അദ്ധ്യായം-65,ഒരു സുര്യാസ്തമയം കൂടി....

കര്‍ണ്ണന്റെ സൈന്യാധിപത്യത്തിലെ രണ്ടാം ദിന യുദ്ധം തുടങ്ങിയത് ,പാണ്ഡവരില്‍ കനത്ത നാശം വിതച്ചുകൊണ്ടാണ്!തന്നോട് പൊരുതി നിന്ന ധര്‍മ്മപുത്രരെ അയാള്‍ നിരായുധനാക്കുകയും വില്ലാല്‍ വീശിപ്പിടിച്ച് പരിഹസിച്ചു വിടുകയും ചെയ്തു.ആ സംഭവം എല്ലാവരെയും ആഹ്ലാദിപ്പിച്ചുവെങ്കിലും സുയോധനനെ അസ്വസ്ഥനാക്കി.പാണ്ഡവരില്‍ മൂത്തവനായ അയാളെ ഈ വിധം അപമാനിച്ചത് പാണ്ഡവര്‍ക്ക് ഒരിക്കലും സഹിക്കാനാവുകയില്ല.അര്‍ജുനനും ഭീമനും അടങ്ങിയിരിക്കുകയില്ല.കൃഷ്ണന്‍ എന്തെങ്കിലും ഉപായം സ്വീകരിക്കും.അതിനു തനിക്കു കനത്ത വില നല്‍കേണ്ടിവരുമെന്നും സുയോധനന്‍ ഉറപ്പിച്ചു.

അയാള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. ഭീമന്‍ എമ്പാടും അക്രമം അഴിച്ചുവിട്ടു.അയാളെ എതിരിട്ടത്‌ ദുസ്സാസനന്‍ ആയിരുന്നു.അയാള്‍ അസ്ത്രങ്ങളാല്‍ ഭീമന്റെ ഉടല്‍ നീറ്റി.ആ അസ്ത്രപ്രയോഗത്തിനു മുന്‍പില്‍ ഭീമന്‍ തളര്‍ന്നു വീണപ്പോള്‍ ദുസ്സാസനന്‍ പിന്തിരിഞ്ഞു പോന്നു.പെട്ടെന്ന് ബോധം വീണ്ടെടുത്ത ഭീമന്‍ ദുസ്സാസനനു പുറകില്‍ ഓടിയെത്തി,തന്റെ കനത്ത ഗദ കൊണ്ട് തലയ്ക്കു പിന്നില്‍ ആഞ്ഞടിച്ചു.ഗദാഘാതത്താല്‍ ശിരസ്സുപിളര്‍ന്ന് ദുസ്സാസനന്‍ പത്തു വില്ലിന്‍ പാട് ദൂരെ തെറിച്ചു വീണു!ചട്ടയും മെയ്ക്കൊപ്പുകളും മാലകളും ചിന്നിച്ചിതറി,സഹിക്കവയ്യാത്ത വേദനയില്‍ നിലത്തു കിടന്നു പിടയുന്ന ദുസ്സാസനന്റെ നെഞ്ചില്‍ ഭീമന്‍ കയറിയിരുന്നു!അയാളുടെ വലതു കൈ മുറിചെടുത്തുകൊണ്ട്,ആ കൈ കൊണ്ട് തന്നെ ഭീമന്‍ ദുസ്സാസനനെ മര്‍ദ്ദിച്ചു.പിന്നെ ആര്‍ത്തട്ടഹസിച്ചുകൊണ്ട് ഭീമന്‍ ദുസ്സാസനന്റെ നെഞ്ച് ഗദകൊണ്ട് അടിച്ചു പിളര്‍ന്നു!സിംഹം തന്റെ ഇരയ എന്നപോലെ,അയാള്‍ ദുസ്സാസനന്റെ ചോര വലിച്ചു കുടിച്ചു.

ദുസ്സാസനന്‍ അടക്കം പതിനേഴു സഹോദരങ്ങള്‍ ആണ് ഉച്ചയോടെതന്നെ  സുയോധനന് നഷ്ട്ടപ്പെട്ടത്‌.യുദ്ധമാര്യാദകള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള പാണ്ഡവരുടെ മുന്നേറ്റം സുയോധനനില്‍ പക ആളി കത്തിക്കുകയാണ് ചെയ്തത്.അതിനാല്‍ തന്നെ സമവായത്തിന് ശ്രമിക്കണമെന്ന അശ്വത്ഥാമാവിന്റെ നിര്‍ദേശം സുയോധനന്‍ തള്ളിക്കളഞ്ഞു!

മദ്ധ്യാഹ്നത്തിനു ശേഷം അര്‍ജുനനും കര്‍ണ്ണനും നേരിട്ട് എതിര്‍ത്തു.കടുത്ത ആ പോരാട്ടം ഏവരും നോക്കി നിന്നുവെന്നു പറയാം.നാരായം.നാളികം,വരാഹകര്‍ണ്ണം,ക്ഷുരം,അര്‍ദ്ധചന്ദ്രം,അഞ്ജലികം എന്നിങ്ങനെ അര്‍ജുനന്‍ മാറിമാറി എയ്ത അമ്പുകളെല്ലാം നിഷ്പ്രയാസം കര്‍ണ്ണന്‍ ഗ്രസിച്ചു!അര്‍ജുനന്റെ ആഗ്നെയത്തെ വാരുണം കൊണ്ട് കര്‍ണ്ണന്‍ തളച്ചു!

അതിനിടയില്‍ അര്‍ജുനന്റെ ചാപം മുറിഞ്ഞുവീണു.അതുകണ്ട് കര്‍ണ്ണന്‍ ആക്രമണം നിര്‍ത്തിവച്ച്,അര്‍ജുനന് വില്ല് മാടിയെടുക്കുന്നതിനു അവസരം നല്‍കി.പെട്ടെന്ന് തന്നെ അസ്ത്രധാരിയായി വന്ന് കര്‍ണ്ണനെ എതിരിട്ട അര്‍ജുനനെ കര്‍ണ്ണന്‍ മൂന്നു ശരങ്ങള്‍ എയ്ത് മുറിവേല്‍പ്പിച്ചു.അടുത്ത കര്‍ണ്ണാസത്രങ്ങള്‍ കൃഷ്ണന്റെ ചട്ടയും കീറി!

കര്‍ണ്ണന്റെ സര്‍പ്പബാണങ്ങള്‍ കൃഷ്ണനെ മുറിവേല്‍പ്പിച്ചത് അര്‍ജുനന് സഹിക്കാനായില്ല!അയാള്‍ ക്രുദ്ധനായി കര്‍ണ്ണനെതിരെ ശരവര്‍ഷം ആരംഭിച്ചു.മഹാസ്ത്രജാലാകുലമായ വിധത്തില്‍ യുദ്ധം ഭയങ്കരമായി.ഇരുവരുടെയും ശരങ്ങള്‍ ചുറ്റിലും ഇരുള്‍ പരത്തി.അപ്പോള്‍ കര്‍ണ്ണന്‍,തേരില്‍ എഴുന്നേറ്റുനിന്ന്,ധ്യാന നിമഗ്നനായി.സര്‍പ്പമുഖമായ അസ്ത്രമെടുത്തു വില്ലില്‍ തൊടുത്ത് അര്‍ജുനന് അഭിമുഖം നിന്നു.അതുകണ്ട്‌ സാരഥിയായ ശല്യര്‍ പറഞ്ഞു:

കര്‍ണ്ണാ,ഈ ശരം കഴുത്തില്‍ കൊള്ളില്ല.മറ്റൊന്ന് തൊടുക്കുക.

കര്‍ണ്ണന്‍ ധീരതയോടെ പ്രതിവചിച്ചു:

രണ്ടുപ്രാവശ്യം അമ്പു തൊടുക്കുക എന്റെ രീതിയല്ല.എനിക്ക് വഞ്ചനായുദ്ധം അറിയില്ല.അര്‍ജുനന്‍ നേരില്‍ കാണട്ടെ എന്റെ ശരം.അതിനൊത്തവണ്ണമുള്ളത് അയാളും തിരഞ്ഞെടുത്തു കൊള്ളട്ടെ.

കര്‍ണ്ണന്‍ അര്‍ജുന ശിരസ്സ് ലക്ഷ്യമാക്കി അസ്ത്രമയച്ചു.പാഞ്ഞു വരുന്ന അതില്‍നിന്നും അര്‍ജുനനെ രക്ഷിക്കാന്‍,അയാളുടെ തേരാളിയായ കൃഷ്ണന്‍ തേര് താഴ്ത്തി!അതിനാല്‍ ആ കര്‍ണ്ണാസ്ത്രം അര്‍ജുനന്റെ കിരീടവും തെറിപ്പിച്ചുകൊണ്ട് നിപതിച്ചു!ഏവരും സ്തപ്തരായിനില്‍ക്കെ അടുത്ത അമ്പ് അര്‍ജുനന്റെ വില്ലിന്റെ ഞാണ്‍ അറുത്തിട്ടു!അടുത്ത  ഞാണ്‍ മുറുക്കുന്നതിനു സമയം അനുവദിച്ചുകൊണ്ട് കര്‍ണ്ണന്‍ കാത്തുനിന്നു.എന്നാല്‍ അര്‍ജുനന്‍ കെട്ടിയ വില്ലിന്റെ അടുത്ത ഞാണും കര്‍ണ്ണന്‍ മുറിച്ചു.ഈ വിധം അര്‍ജുനന്‍ കെട്ടിയ ഏഴു ഞാണുകളും കര്‍ണ്ണന്‍ മുറിച്ചിട്ടത് അര്‍ജുനനെ ആകെ ലജ്ജിതനാക്കി.അങ്ങിനെ വിജയിച്ചുനില്‍ക്കെയാണ് കര്‍ണ്ണന്റെ രഥം അവിചാരിതമായി ചെളിയില്‍ പൂണ്ടുപോയത്.കര്‍ണ്ണന്‍ തേരില്‍നിന്നും ചാടിയിറങ്ങി.ശല്യര്‍ ശ്രമിച്ചിട്ടും തേര്‍ ഉയര്‍ത്താന്‍ ആവുന്നില്ലെന്നു കണ്ട കര്‍ണ്ണന്‍,അതിനായി ശ്രമിച്ചു.ആ നേരത്ത് അര്‍ജുനന്‍ കര്‍ണ്ണന് നേരെ ഗാണ്ഡിവം കുലച്ചു.അതുകണ്ട് കര്‍ണ്ണന്‍ വിളിച്ചുപറഞ്ഞു:

പാര്‍ഥ,അല്‍പ്പം കാക്കുക.ഞാന്‍ നിരായുധനാണ്.യുദ്ധസമയത്ത് മുടിയഴിഞ്ഞവരെയും ആയുധം കീഴ്വച്ചവരെയും പിന്തിരിഞ്ഞവരെയും ആക്രമിക്കരുതെന്നല്ലേ യുദ്ധധര്‍മ്മം.

അതിനു മറുപടിയായി കൃഷ്ണന്‍ എന്തോ പരിഹാസപുര്‍വ്വം പറഞ്ഞു.വില്ല് കുലച്ചു നില്‍ക്കുന്ന അര്‍ജുനന് എതിരായി കര്‍ണ്ണനും ശരം തൊടുത്തു.കര്‍ണ്ണ ശരമേറ്റ അര്‍ജുനന്‍ ബോധരഹിതനായി നിലംപതിച്ചു!അതോടെ ആയുധങ്ങള്‍ വീണ്ടും കൈയ്യൊഴിഞ്ഞ് രഥചക്രം ഉയര്‍ത്തുവാന്‍ കര്‍ണ്ണന്‍ പിന്നെയും ശ്രമിച്ചു.അപ്പോള്‍ ബോധം വീണ്ടെടുത്ത അര്‍ജുനന്‍,പിന്തിരിഞ്ഞു നില്‍ക്കുന്ന കര്‍ണ്ണന്റെ ശിരസ്സ് ലക്ഷ്യമാക്കി അസ്ത്രം പായിച്ചു.ആ അര്‍ജുന ബാണം കര്‍ണ്ണന്റെ തല വേര്‍പെടുത്തി!കര്‍ണ്ണന്റെ ഉടല്‍ മാത്രം മെല്ലെ നിലത്തേക്കു ചരിഞ്ഞു വീണു.

ഉടന്‍ വിജയാഹ്ലാദസൂചകമായി പാണ്ഡവര്‍ ശംഖു വിളിച്ചു.സുയോധനന്‍ ആകാശത്തേക്ക് നോക്കി.പടിഞ്ഞാറേ ചക്രവാളം അസ്തമയ ശോഭയാല്‍ ചുവന്നിരുന്നു!അപ്പോള്‍ അന്നത്തെ യുദ്ധം അവസാനിച്ചതായി അറിയിച്ചുകൊണ്ട്‌ കാഹളം മുഴങ്ങി!

൦൦൦
No comments:

Post a Comment