Monday, February 17, 2014

അദ്ധ്യായം-67,ഞാന്‍ പിന്‍വാങ്ങുകയായി.

പിറ്റേന്ന് യുദ്ധഭൂമിയില്‍ ,തന്‍റെ പ്രസിദ്ധമായ ചിത്രചാപം ഉലച്ച്‌ ശബ്ദം ഉണ്ടാക്കിക്കൊണ്ട്,സൈന്ധവാശ്വങ്ങളെ പൂട്ടിയ തേരില്‍ പടയുടെ മുന്‍പിലായി ശല്യര്‍ നിലയുറപ്പിച്ചു.കൃതവര്‍മ്മാവ്‌ അദ്ദേഹത്തിന്റെ ഇടതും ഗൌതമന്‍ വലത്തും നിന്നു.അശ്വത്ഥാമാവ് തന്റെ കാംബോജ പടയോട് കൂടി പടക്ക് പിന്നില്‍ അണിനിരന്നു.നടുവിലായി സുയോധനന്‍ നിന്നു.

പാണ്ഡവരുടെതു ശക്തമായ ആക്രമണം ആയിരുന്നു.ശല്യരും വര്‍ദ്ധിതവീര്യത്തോടെയാണ് പൊരുതിയത്.ധര്‍മ്മപുത്രരെ ആയുധംവീഴ്ത്തി,തിരിച്ചയച്ചു. ഭീമനെ പീഡിതനാക്കി. മധ്യാഹ്നംവരെയുള്ള  കൌരവരുടെ മുന്നേറ്റം സുയോധനന് സംതൃപ്തി പകര്‍ന്നു.

ഉച്ചകഴിഞ്ഞപ്പോള്‍ സുയോധനനും ഭീമനും തമ്മില്‍ ഏറ്റുമുട്ടി.ഭീമന്റെ ,കിങ്ങിണികള്‍ ചാര്‍ത്തിയ,തൊങ്ങലുകള്‍ പിടിപ്പിച്ച,കൊടിമരം സുയോധനന്‍ മുറിച്ചിട്ടു.താമസിയാതെ അയാളുടെ ചിത്രചാപവും സുയോധനന്‍ അതിവിധഗ്ധമായി ചിന്നഭിന്നമാക്കി!വില്ലറ്റതോടെ ഭീമന്‍ വേലുമായി സുയോധനന് നേര്‍ക്ക്‌ ചാടി വീണു.ഭീമന്റെ ആയുധ മാറ്റം കണ്ട്,അതിനൊത്ത വേലിനായി സുയോധനന്‍ തേര്‍ത്തട്ടില്‍ പരതിനില്‍ക്കുമ്പോള്‍ ,ഭീമന്‍ അവിടേക്ക് എത്തിക്കഴിഞ്ഞു.സുയോധനന്റെ തേരാളി ആയുധമാറ്റത്തിനായി സമയം അനുവദിക്കണമെന്ന് അപേക്ഷിച്ച അയാളുടെ തല ഭീമന്‍ വെട്ടിമാറ്റി!പിന്നെ അയാള്‍ പെട്ടെന്ന് സുയോധനന്റെ തെര്‍ത്തട്ടിലേക്ക് ചാടിക്കയറുകയും അയാളുടെ നെഞ്ചില്‍ തന്റെ വേല്‍ ആഞ്ഞു കുത്തുകയും ചെയ്തു.ബോധരഹിതനായി താഴേക്കു വീണ സുയോധനനെ അവിടെയണഞ്ഞ അശ്വത്ഥാമാവ്‌ തന്റെ കൈകളില്‍ താങ്ങിയെടുത്തു!

അബോധാവസ്ഥയുടെ കാണാക്കയങ്ങള്‍ താണ്ടി യുദ്ധഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ ധര്‍മ്മപുത്രരുടെ നേതൃത്വത്തില്‍ പാണ്ഡവപ്പട ശല്യരെ വളഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു.കാതോളം ഞാണ്‍ വലിച്ച്‌ ഇരുവരും പോരാടി.യുദ്ധം മുറുകിയപ്പോള്‍ , ശല്യരെ തനിച്ചു ചെറുക്കാന്‍ കഴിയില്ലെന്ന് ബോദ്ധ്യമായ ധര്‍മ്മപുത്രര്‍ സഹായത്തിനായി സഹോദരരേ നോക്കി.ഉടന്‍ ഭീമന്‍ അവിടേക്ക് പാഞ്ഞടുത്തുകൊണ്ട് ശല്യര്‍ക്ക് നേരെ ശരം തൊടുത്തു.അപ്പോള്‍ത്തന്നെ രണ്ട്‌ അമ്പുകള്‍ അയച്ചുകൊണ്ട് ശല്യ ഭീമന്റെയും ധര്‍മ്മപുത്രരുടേയും പടച്ചട്ടകള്‍ പിളര്‍ന്നു!അതില്‍ കുപിതനായ ഭീമന്‍ പതിവുപോലെ,പരാജയം മറക്കാനായി യുദ്ധധര്‍മ്മം മറന്നുകൊണ്ട് ശല്യരുടെ സൂതനെ കൊന്നു!അപ്പോഴേക്കും പാണ്ഡവ പക്ഷത്തുനിന്നും നകുലനും ശിഖണ്ഡിയും ദ്രൌപദീ പുത്രന്മാരും ശല്യരേ വളഞ്ഞു കളഞ്ഞിരുന്നു!

ശല്യര്‍ അകപ്പെട്ടു എന്ന് മനസിലാക്കിയ ധര്‍മ്മപുത്രര്‍ വില്ല് ഉപേക്ഷിച്ചുകൊണ്ട് വേല് കയ്യിലെടുത്തു.പൊന്മണിത്തണ്ടും പൊന്‍ നിറവും ഉള്ള ആ വേലുമായി പാഞ്ഞടുത്ത ധര്‍മ്മപുത്രര്‍ ,മറ്റുള്ളവരോട്‌ പൊരുതിക്കൊണ്ട് നില്‍ക്കുന്ന ശല്യരുടെ നെഞ്ചിലേക്ക് അധാര്‍മ്മികമായിത്തന്നെ ആ വേല്‍ കുത്തിക്കയറ്റി!ശല്യരുടെ ഹൃദയത്തില്‍നിന്ന്‌ രക്തം പുറത്തേക്ക് ചീറ്റിയൊഴുകി.അദ്ദേഹത്തിന്റെ നെഞ്ചില്‍ നിന്നും വേല്‍ വലിച്ചുരി പിന്നെയും കുത്താന്‍ മുതിര്‍ന്ന ധര്‍മ്മപുത്രരോട്,ഇരുകൈകളും ഉയര്‍ത്തി ശല്യര്‍ ജീവനായി കേണുകൊണ്ട്,ശക്രകേതുപോലെ ഭൂമിയിലേക്ക് വീണു!സര്‍വാംഗവും കീറി ചോരയില്‍ കുളിച്ച്,നിലത്തുകിടന്നു പിടഞ്ഞു പിടഞ്ഞു അദ്ദേഹം നിശ്ചലനായി.

ശല്യരുടെ മരണം നടന്നതിനാല്‍  അല്‍പ്പനേരം യുദ്ധം നിര്‍ത്തിവയ്ക്കപ്പെട്ടു.ആ മരണം കൌരവപ്പടയെ ചകിതരാക്കിയിരുന്നു.അതിനാല്‍ യുദ്ധം വീണ്ടും ആരംഭിച്ചപ്പോള്‍ അവര്‍ അധൈര്യപ്പെട്ടു.അതുകണ്ട് സുയോധനന്‍ പറഞ്ഞു:

ക്ഷത്ര ധര്‍മ്മത്താല്‍ പൊരുതുന്നവര്‍ക്ക് യുദ്ധത്തില്‍ മരണം സൌഖ്യമാണ്.ജയിച്ചാല്‍ ഇവിടെയും .മരിച്ചാല്‍ സ്വര്‍ഗത്തിലും സൌഖ്യം.

സുയോധനന്റെ വാക്കുകള്‍ കൌരവപ്പടയെ ആവേശഭരിതമാക്കി.ആര്‍പ്പുവിളികളോടെ അവര്‍ പാണ്ഡവരുടെ നേര്‍ക്ക്‌ അടുത്തു.ആളിക്കത്തുന്ന തീ പോലെ അവര്‍ പാഞ്ഞു.ശാല്വന്‍ ധൃഷ്ടദ്യുമ്നനനോടും കൃതവര്‍മ്മാവ്‌ സാത്യകിയോടും ശകുനി ഭീമനോടും പോരാടി.മദിച്ച ആനയെപ്പോലെ ആയിരുന്നു സുയോധനന്‍.പൊടിചിന്നിച്ച്,പായുന്ന തേരില്‍ അയാള്‍ യുദ്ധം ചെയ്തു.തന്റെ മുന്നേറ്റത്തില്‍ ആരെയൊക്കെ,എപ്രകാരമെല്ലാം എതിരിടുന്നുവെന്നു അയാള്‍ക്ക്‌ ബോധമുണ്ടായിരുന്നില്ല!വെള്ളം പറ്റിയ ചില്ല് ജാലകത്തിലുടെയുള്ള കാഴ്ചപോലെയായിരുന്നു അയാള്‍ക്കെല്ലാം!ആരുടെയൊക്കെയോ വില്ലുകള്‍ തകര്‍ത്തും,ആയുധങ്ങള്‍ തെറിപ്പിച്ചും തേരുകള്‍ ചിന്നിച്ചും അയാളുടെ രഥം മുന്നേറിക്കൊണ്ടിരുന്നു!

അസ്ത്തമയത്തോട് അടുക്കുംതോറും അയാള്‍ക്ക്‌ എല്ലാം വ്യെക്തമായിത്തുടങ്ങി.യുദ്ധത്തില്‍ തനിക്കായി പല വീരന്മാരും മരിച്ചതായി സുയോധനന്‍ മനസിലാക്കി.ശാല്വനും ശകുനിയും ദേഹം പിളര്‍ന്നാണ് മരിച്ചത്.സഹോദരന്മാരെല്ലാം ഭീമനാല്‍ പലപ്രകാരത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു.ഇനി താന്‍ തനിച്ചേയുള്ളൂ.മരിച്ചവരുടെ രോദനം എവിടെ നിന്നില്ലാതെ അയാളുടെ കാതുകളില്‍ വന്നലച്ചു.അയാള്‍ ആദ്യമായി ഹതാശനായി!ആരോടെന്നില്ലാതെ അയാള്‍ ഉറക്കെ, താന്‍ യുദ്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ആയുധങ്ങള്‍ താഴെവച്ചു.ആര്‍ക്കും പിടികൊടുക്കാതിരിക്കാന്‍ എന്നവണ്ണം അയാള്‍ ഇരുളിലേക്ക് മറഞ്ഞു!

൦൦൦

No comments:

Post a Comment