Friday, February 21, 2014

അദ്ധ്യായം-68,എനിക്ക് ആരെയും ഭയമില്ല.

മുറിവേറ്റ ശരീരത്തില്‍ നിന്നും ഇറ്റുവീണുകൊണ്ടിരുന്ന രക്തം കയത്തിലെ ജലത്തില്‍ വൃത്തിയാക്കിക്കൊണ്ട് സുയോധനന്‍ അതിനരികിലെ പൊന്തക്കാട്ടില്‍ അഭയം പ്രാപിച്ചു.യുദ്ധം സ്വയം അവസാനിപ്പിച്ചു പിന്തിരിഞ്ഞെങ്കിലും തന്റെ പ്രിയപ്പെട്ട ഗദ കൈയ്യിലെടുക്കാന്‍ അയാള്‍ മറന്നിരുന്നില്ല.പടിഞ്ഞാറ് ഇരുണ്ട് തുടങ്ങിയിരിക്കുന്നു.അയാള്‍ ഗദ ഒരു മരത്തില്‍ ചാരിവച്ചുകൊണ്ട് കീഴെ വിശ്രമിച്ചു.പതിനേഴു ദിവസം നീണ്ടുനിന്ന യുദ്ധം അയാളെ ഏറെ തളര്‍ത്തിയിരുന്നു.വളരെ പെട്ടെന്ന് തന്നെ സുയോധനന്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

പരിചിതമായ ചില ശബ്ദങ്ങള്‍ കേട്ടാണ് അയാള്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്‌.കണ്ണുമിഴിച്ചു നോക്കുമ്പോള്‍ കൃപരും കൃതവര്‍മ്മാവും അശ്വത്ഥാമാവും നില്‍ക്കുന്നു!സുയോധനനെ പിടിച്ചു എഴുന്നെല്‍പ്പിച്ചുകൊണ്ട്‌ അശ്വത്ഥാമാവ് പറഞ്ഞു:

മഹാരാജന്‍,അങ്ങ് എഴുന്നേല്‍ക്കുക.ഞങ്ങളോടൊത്തു പൊരുതി പാണ്ഡവരില്‍ നിന്നും ഭൂമിയോ,സ്വര്‍ഗ്ഗമോ വരിക്കുക.

അത് കേള്‍ക്കെ സുയോധനന്‍ പറഞ്ഞു:

കുരുക്ഷേത്ര യുദ്ധത്തില്‍ അവശേഷിക്കുന്ന പ്രമുഖരെ,നിങ്ങളെ ഞാന്‍ അത്ഭുതത്തോടെയാണ്‌ കാണുന്നത്.ഞാന്‍ വല്ലാതെ മുറിവേറ്റവനാണ്.അതിനാല്‍ ഇപ്പോള്‍ യുദ്ധം സാധ്യമല്ല.വിശ്രമിച്ച്‌,ക്ഷിണം തീര്‍ത്ത് ഞാന്‍ നിങ്ങളുടെ അഭീഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതാണ്.

ആ സമയം അതുവഴി ചില വ്യാധന്മാര്‍ വരികയും അവരുടെ സംസാരം ശ്രദ്ധിച്ച് മടങ്ങുകയും ചെയ്തു.ഭീമന് നിത്യേന മാസം എത്തിച്ചുകൊടുക്കുന്ന ആ സംഘത്തെ കണ്ട് അവരെ തടയാന്‍ തുനിഞ്ഞ അശ്വത്ഥാമാവിനെ തടഞ്ഞുകൊണ്ട് സുയോധനന്‍ പറഞ്ഞു:

അവര്‍ പോയ്ക്കൊള്ളട്ടെ,ഞാന്‍ ഇവിടെ മറഞ്ഞിരിക്കുന്ന വിവരം എന്തായാലും പാണ്ഡവര്‍ അറിയാതിരിക്കില്ല.വിധിഹിതം മാനിക്കണമല്ലോ!

ഒരുനിമിഷം നിര്‍ത്തിക്കൊണ്ട് അയാള്‍ തുടര്‍ന്നു:

നിങ്ങള്‍ മടങ്ങിപ്പോയ്ക്കൊള്‍ക.കുരുക്ഷേത്രയുദ്ധം അവസാനിച്ചതായിത്തന്നെ കരുതിക്കൊള്ളു.എനിക്ക് വേണ്ടി നിങ്ങള്‍ അനുഷ്ടിച്ച ത്യാഗങ്ങള്‍ക്കെല്ലാം കടപ്പെട്ടവനാണ് ഞാന്‍.നിങ്ങള്‍ പൊയ്ക്കൊള്ളു.ഞാന്‍ ഒന്ന് വിശ്രമിക്കട്ടെ.


അതും പറഞ്ഞ് സുയോധനന്‍ മുഖം തിരിച്ചു.അവര്‍ മൂവരും വേദനയോടെ നടന്നകന്നു.പടിഞ്ഞാറ് സുര്യന്‍ പൂര്‍ണ്ണമായും അസ്തമിച്ചു കഴിഞ്ഞിരുന്നു.ഇരുളില്‍ ചീവീടുകളുടെ ശബ്ദം തെളിഞ്ഞു തെളിഞ്ഞു വന്നുകൊണ്ടിരുന്നു.

മാനത്തു നിലാവ് നിറഞ്ഞു.കാടരികിലെ കയത്തില്‍ പ്രതിബിംബിച്ച ചന്ദ്രന്‍ കൂടുതല്‍ വെളിച്ചമേകി.അതില്‍ ഭാനുമതിയുടെ മുഖം പ്രതിബിംബിക്കുന്നതായി തോന്നി സുയോധനന്.ആ ഓര്‍മ്മയില്‍ അയാള്‍ അറിയാതെ ഒന്ന് വിതുമ്പിപ്പോയി.ഏകാന്തതയാണ് ഒരാളുടെ ജീവിതത്തിലെ ഏറ്റവുംവലിയ ശാപമെന്നു അയാള്‍ക്ക്‌ അപ്പോള്‍ തോന്നി.ആകാശത്ത് തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങളില്‍ തന്റെ കൊല്ലപ്പെട്ട അനുജന്മാരെ അയാള്‍ കണ്ടു.നിസ്സഹായനായ തന്നെ കരുണയോടെ നോക്കിനില്‍ക്കയാണവര്‍ .കര്‍ണ്ണന്‍ ഒരു കാറ്റായിവന്ന് തന്നെ തഴുകുന്നതായി തോന്നി സുയോധനന്.അയാള്‍ക്ക്‌ വല്ലാതെ കരച്ചില്‍ വന്നു.നിലത്തുകിടന്ന്‌ അയാള്‍ കണ്ണിര്‍ വാര്‍ത്തു!

സൂര്യാംശുക്കള്‍ മുഖത്തു ചൂ ടെറ്റിയപ്പോള്‍ സുയോധനന്‍ ഞെട്ടിയുണര്‍ന്നു.വനം ശബ്ദമുഖരിതമായിരിക്കുന്നു.അയാള്‍ പതിയെ എഴുന്നേറ്റ് കയത്തിലിറങ്ങി ദേഹശുദ്ധി വരുത്തി.വിശപ്പ്‌ അധികമായപ്പോള്‍ കാട്ടിലെ കായ്കനികള്‍ തേടി.ശേഖരിച്ച പഴങ്ങള്‍ അതീവരുചിയോടെ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ,ഏതാനും പേര്‍ നടന്നുവരുന്നത്‌ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ അയാള്‍ കണ്ടു.സുയോധനന്‍ പ്രതീക്ഷിച്ചിരുന്നവര്‍ തന്നെ.കൃഷ്ണന്‍റെ നേതൃത്വത്തില്‍ പാണ്ഡവര്‍ എല്ലാവരും ഉണ്ട്.സുയോധനന്‍ അവരെ കണ്ട്‌ വേഗം കാടിന് വെളിയിലേക്കിറങ്ങി.

സുയോധനനെ നേരില്‍ കണ്ടപ്പോള്‍ അവരുടെ മുഖത്ത്‌ പരിഹാസം വിടര്‍ന്നു.ധര്‍മ്മപുത്രര്‍ പറഞ്ഞു:

സ്വന്തം ജീവനില്‍ കൊതിച്ച് നീ ഇവിടെ ഒളിച്ചിരിക്കുന്നുവോ?യുദ്ധത്തില്‍ നിന്നും പേടിച്ചോടുന്നത് വീരധര്‍മ്മമാണോ?വരിക,ഞങ്ങള്‍ യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നു. 

അതുകേട്ട് സ്ഥൈര്യത്തോടെ സുയോധനന്‍ പറഞ്ഞു:

മഹാരാജാവേ.ഞാന്‍പ്രാണഭയം കൊണ്ടല്ല പോന്നത്.എനിക്കിപ്പോള്‍ തേരില്ല,ആവനാഴിയില്ല,കൂട്ടരുമില്ല.പേടിയാലല്ല,തളര്‍ച്ചയാലാണ് ഞാന്‍ ഇവിടെ അഭയം തേടിയത്.

സുയോധനന്റെ വാക്കുകള്‍ കേട്ട് എല്ലാവരും പരിഹസിച്ചു ചിരിച്ചു.ധര്‍മ്മപുത്രര്‍ പറഞ്ഞു:

പേടിയില്ലെങ്കില്‍ യുദ്ധം തുടരട്ടെ.ഒന്നുകില്‍ നീ ഞങ്ങളെ ജയിക്കുക.അല്ലെങ്കില്‍ യമലോകം പൂകുക 

അതുകേട്ട്‌ സുയോധനന്‍ പ്രതികരിച്ചു:

എനിക്ക് മരണത്തെയോ,ജീവിതത്തെയോ ഭയമില്ല.ആര്‍ക്കുവേണ്ടി ഇനി ഞാന്‍ യുദ്ധം ചെയ്യണം?രാജ്യം നേടണം?എന്റെ അനുജന്മാര്‍ എല്ലാം കൊല്ലപ്പെട്ടു.പ്രിയ പുത്രനും വധിക്കപ്പെട്ടു.അതിനാല്‍ അവരെല്ലാം ചത്ത ഈ ഭൂമിയെ വേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.രാജ്യം നിങ്ങള്‍ക്കുതന്നെയിരിക്കട്ടെ.

പിന്നെ അയാള്‍ ഒന്ന് നിര്‍ത്തിയിട്ടു തുടര്‍ന്നു:

ദ്രോണാചാര്യര്‍ പോയി,കര്‍ണ്ണന്‍ പോയി.മുത്തച്ചന്‍ വീണു.സഹായികളില്ലാത്ത ഏതു രാജാവാണ് ഭൂമി ഭരിക്കാന്‍ ഇച്ചിക്കുന്നത് ?അതിനാല്‍ നിങ്ങളെ ഇനി എനിക്ക് ജയിക്കേണ്ട,ഞാന്‍ യുദ്ധത്തിനില്ല.ഞാന്‍ ഇനി തോലുടുത്ത് കാട്ടിലേക്ക് പോകയാണ്.

അത്രയും പറഞ്ഞ്‌ അയാള്‍ കാട്ടിലേക്ക് തന്നെ കയറിപ്പോകാന്‍ തുനിഞ്ഞു.അപ്പോള്‍ യുധിഷ്ഠിരന്‍ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു:

പക്ഷിനാദം പോലുള്ള നിന്റെ വാക്കുകളൊന്നും എന്റെയുള്ളില്‍ തട്ടുന്നില്ല.നീ ദാനമായിത്തരുന്ന ഭൂമി എനിക്ക് വേണ്ട.നിന്നെ തോല്‍പ്പിച്ചു നേടുന്ന രാജ്യമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

സുയോധനന്‍ തിരിഞ്ഞു നിന്നു.പിന്നെ എല്ലാവരെയും നോക്കി അക്ഷോഭ്യനായി അയാള്‍ പറഞ്ഞു:

ഞാന്‍ ഏകനാണ്.ശസ്ത്രങ്ങളും എനിക്കിപ്പോള്‍ ഇല്ല.എങ്കിലും നിങ്ങളുടെ അഭീഷ്ടസിദ്ധിക്കായി പൊരുതാന്‍ ഞാന്‍ തയ്യാറാണ്.ക്ഷത്ര ധര്‍മ്മത്തെ ഇനി മറികടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

പെട്ടെന്ന് തന്നെ അയാള്‍ ഗദ കൈയ്യിലെടുത്തു.അത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അയാള്‍ പ്രഖ്യാപിച്ചു


യുദ്ധത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗദ ഞാനിതാ ഉയര്‍ത്തി നില്‍ക്കുന്നു.ഓരോരുത്തരായി എന്നോട് നേര്‍ക്കുക.

അപ്പോള്‍ സുയോധനന്റെ മനോധൈര്യം ഏവരെയും അമ്പരപ്പിച്ചു.ഒന്ന് ശങ്കിച്ചുകൊണ്ട് ധര്‍മ്മപുത്രര്‍ ചോദിച്ചു:

നിനക്ക് ആരെയാണ് വേണ്ടത്?

അത് കേട്ട് സുയോധനന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:

എനിക്കാരെയും ഭയമില്ല.അങ്ങയോടോ,കൃഷ്ണനോടുപോലുമോ പോരാടാന്‍ ഞാന്‍ തയ്യാറാണ്.

യുദ്ധസന്നദ്ധനായി മുന്നോട്ടു വന്ന ധര്‍മ്മപുത്രരെ തടഞ്ഞുനിര്‍‍ത്തിക്കൊണ്ട് കൃഷ്ണന്‍ അപ്പോള്‍ ഭീമനെ സുയോധനന് നേര്‍ക്കയച്ചു.

000

No comments:

Post a Comment