Monday, February 24, 2014

അദ്ധ്യായം -69,നിപതിക്കുമ്പോള്‍

മദിച്ച കാളകളെപ്പോലെ ഭീമനും സുയോധനനും അഭിമുഖം നിന്നു.അവരുടെ കണ്ണുകളില്‍ കോപാഗ്നി ആളിക്കത്തി.സുയോധനന് നേരെ ആക്രോശിച്ചുകൊണ്ട് ഭീമന്‍ അലറി:

എടാ ദുര്‍ബുദ്ധെ,ഇത് നിന്റെ അവസാനമാണ്.നിന്റെ എല്ലാവരും ചത്തില്ലേ?ഇനി നീയൊരുത്തന്‍ ശേഷിക്കുന്നുണ്ട്.നിന്നെയും മറ്റുള്ളവരെ എന്നപോലെ എന്റെ ഗദയാല്‍ കൊല്ലും.

അത് കേട്ട് അചഞ്ചല ചിത്തനായി സുയോധനന്‍ പറഞ്ഞു:

എന്തിന് നീ ഏറെ പറയുന്നു?യുദ്ധസന്നദ്ധനായി ഞാനിവിടെ നില്‍പ്പുണ്ടല്ലോ.നീ എന്നോട് പൊരുതുക.വെറുതെയെന്തിനു വീരവാദം?

ഭീമന്‍ സുയോധനനെ പരിഹസിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു:

അതെ,ഞാനും അതിനു തയ്യാറായിട്ടാണ് വന്നിട്ടുള്ളത്.ഇന്ന് നീ, ചെയ്ത പാപങ്ങല്‍ക്കെല്ലാം അടിയറവു പറയും.നിന്റെ സര്‍വ്വ ഗര്‍വ്വും ഇന്ന് തീരും.

സുയോധനന്‍ മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു:

ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതെല്ലാം എന്റെ ബലംകൊണ്ട് മാത്രമാണ്.ക്ഷയം നമുക്ക് ഇരുകൂട്ടര്‍ക്കുമുണ്ട്.ഇപ്പോള്‍ ഈ പോരില്‍ ഞാന്‍ വീണാലും അത് അഭിമാനാര്‍ഹമാണ്.

അയാള്‍ ഒന്ന് നിര്‍ത്തി.പിന്നെ കൃഷ്ണനെയും ധര്‍മ്മപുത്രരെയും മാറിമാറി നോക്കിക്കൊണ്ട് തുടര്‍ന്നു:

ഇന്നും എന്നെ ധര്‍മ്മത്താല്‍ ജയിക്കാന്‍ നിങ്ങള്‍ക്കാവില്ല.നിങ്ങള്‍ ജയിക്കുന്നത് ഇനിയും ചതിയാലാണെങ്കില്‍ എന്നും നിങ്ങള്‍ക്ക് ദുഷ്കീര്‍ത്തിയെ ഉണ്ടാവു.വെറുതെ നിയെന്തിനു നീരില്ലാത്ത ശരത്ക്കാലമേഘം പോലെ ഗര്‍ജ്ജിക്കുന്നു?പോരിനു വരിക.

സുയോധനന്‍ ഗദയൊന്നു ചുഴറ്റി.സുര്യരശ്മികളില്‍ അതു കൂടുതല്‍ തിളങ്ങി.അപ്പോള്‍ ഭീമനും തന്റെ ഗദ ചുഴറ്റി.ആ സമയത്താണ്,കൃഷ്ണ സഹോദരനായ ബലരാമന്‍ അതുവഴി വന്നത്.അദ്ദേഹത്തെ കണ്ടതും സുയോധനന്‍ ഗദ താഴ്ത്തി.കൃഷ്ണനും കൂട്ടരും നമസ്കരിച്ചു.തുടര്‍ന്ന് അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു:

പൂയം മുതല്‍ തിരുവോണം വരെ,നാല്‍പ്പത്തിരണ്ട് ദിവസത്തെ തീര്‍ത്ഥയാത്ര കഴിഞ്ഞു വരുന്ന വഴിയാണ് ഞാന്‍.അപ്പോഴാണ്‌ ഈ വിവരം അറിഞ്ഞത്.

പിന്നെ യുദ്ധസന്നദ്ധരായി നില്‍ക്കുന്ന സുയോധനനെയും ഭീമനെയും നോക്കിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു:

നിങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്ന നിലക്ക് ഞാന്‍ അത് കാണാന്‍ വന്നതാണ്.നിങ്ങള്‍ രണ്ടുപേരും എന്റെ പ്രിയ ശിഷ്യരല്ലേ?

അതോടെ സുയോധനനും ഭീമനും തമ്മിലുള്ള യുദ്ധം ആരംഭിച്ചു.ഭീമന്‍ സുയോധനന് നേരെ ആഞ്ഞടുത്തു.സരസ്വതീ നദിയുടെ തെക്ക് ദിക്കിലായി അരങ്ങേറിയ  ആ ഗദാ യുദ്ധത്തിന് കൃഷ്ണനോപ്പം ബലരാമനും സാക്ഷിയായി.

ഹ്രേഷിക്കുന്ന അശ്വങ്ങളെപ്പോലെ,ചീറ്റുന്ന ആനകളെപ്പോലെ,ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെപ്പോലെ സുയോധനനും ഭീമനും ഏറ്റുമുട്ടി.അപ്പോള്‍ എങ്ങും കാറ്റ് വീശി.കാറ്റില്‍ പൊടിപടലങ്ങള്‍ പറന്ന് പലപ്പോഴും യുദ്ധം അവ്യെക്തമായി!വാശിയോടെ,ക്രൌര്യത്തോടെ ഇരുവരും ആഞ്ഞടിക്കുകയാണ്.പരസ്പ്പരം മറന്ന്,വൈരാഗ്യം പകര്‍ന്ന് ശക്തിയോടെ അവര്‍ എതിരിടുന്ന നേരത്ത് ഭൂമി പ്രകമ്പനം കൊണ്ടു.പൂത്ത പ്ലാശുകള്‍ പോലെ,ചോരയണിഞ്ഞുകൊണ്ട് അവര്‍ ഏറ്റുമുട്ടി.തമ്മിലെതിര്‍ത്ത്,തമ്മിലിടഞ്ഞ്‌,തമ്മില്‍ കാത്തുനിന്ന് അവര്‍ പോരാടി.

അതിനിടയില്‍ ഭീമന് ഗദ കൈവിട്ടുപോയി!എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ അയാള്‍ക്ക്‌ ഗദ കൈക്കലാക്കുന്നതിനുള്ള സമയം സുയോധനന്‍ നല്‍കി.പെട്ടെന്ന് ഗദ കൈക്കലാക്കി,പാഞ്ഞുചെന്ന ഭീമന്‍ ഒരു മുന്നറിയിപ്പും കൊടുക്കാതെ സുയോധനനെ ആക്രമിച്ചു.ഉരുക്കും വജ്രവും അശനിയും ചേര്‍ത്ത് നിര്‍മ്മിച്ച ആ ഗദാപ്രഹരമേറ്റു അല്‍പ്പസമയം സുയോധനന്‍ നിശ്ചലനായി നിന്നുപോയി.നിലയെടുക്കാനാവാതെ അയാള്‍ നിലത്തേക്കു വീണു.ആ സമയം അയാള്‍ ബലരാമനെ നോക്കി.ആ നയനങ്ങളില്‍ നിന്നും ഒരു ശക്തിപ്രവാഹം തന്നിലേക്ക് വരുന്നതായി തോന്നി സുയോധനന്.നിലത്തു കൈ കുത്തി,ഗദയൂന്നി ഉടന്‍ സുയോധനന്‍ ചാടിയെണീറ്റു!

അയാള്‍ ചുറ്റിലും കണ്ണോടിച്ചു.പിന്നെ ഭീമന്റെ മുഖത്തേക്ക് ഉറ്റു നോക്കി.ആദ്യമായി ഭീമനെ കണ്ട നാള്‍ മുതല്‍ ,അയാള്‍ തന്റെ നേര്‍ക്ക്‌ കാട്ടിയിരുന്ന അതേ പരിഹാസച്ചിരിയോടെ ഇപ്പോഴും നില്‍ക്കുകയാണ്.ഈ ചിരിയും അഹന്തയുമാണ് തന്റെ സോദരന്മാരുടെ,ചങ്ങാതിമാരുടെയൊക്കെ ജീവനെടുത്തത്!അതോര്‍ത്തപ്പോള്‍ ,ഒരു വലിയ തിരമാല എന്നപോലെ അയാള്‍ ഭീമന് നേരെ പാഞ്ഞടുത്തുകൊണ്ട് ഗദ ചുഴറ്റിയടിച്ചു.അത് തടയാന്‍ ഭീമനായില്ല!അയാള്‍ ചട്ടയഴിഞ്ഞ്,നിരായുധനായി താഴെ വീണു!

വീണുകിടക്കുന്ന ഭീമന് ചുറ്റും ഒരുവട്ടം സുയോധനന്‍ നടന്നു.പിന്നെ പാണ്ഡവരെ നോക്കിക്കൊണ്ട് അയാള്‍ ഗദയുമേന്തി അല്‍പ്പം അകലെ മാറിയിരുന്നു.ആ സമയത്ത് ഭീമന്‍ മെല്ലെ കണ്ണുകള്‍ തുറക്കുന്നത് സുയോധനന്‍ കണ്ടു.ചോരവാര്‍ന്നു വീഴുന്ന ശരീരത്തോടെ എഴുന്നേറ്റുനിന്നുകൊണ്ട് ഭീമന്‍ കൃഷ്ണനെ നോക്കി.അപ്പോള്‍ കൃഷ്ണന്‍ എന്തോ രഹസ്യം അര്‍ജുനന്റെ കാതില്‍ പറയുന്നത് കണ്ടു.ഉടന്‍ അര്‍ജുനന്‍ തന്റെ ഇടതു തുടയില്‍ കൈപ്പടം കൊണ്ട് അടിച്ചു ശബ്ദം ഉണ്ടാക്കി.അത് കണ്ടപ്പോള്‍ ആര്‍ത്തട്ടഹസിച്ചുകൊണ്ട്‌ ഭീമന്‍ സുയോധനന് നേര്‍ക്ക്‌ കുതിച്ചു.തന്റെ തുടയാണ് ഭീമന്റെ ലക്‌ഷ്യം എന്ന് കണ്ട സുയോധനന്‍ അയാളില്‍ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ട്,തന്റെ ഗദ വീശി.വലിയൊരു ശബ്ദത്തോടെ അത് ഭീമന്റെ ചുമലില്‍ ആഞ്ഞു പതിച്ചു!ഭീമന്‍ ആടിയുലഞ്ഞു.അയാളുടെ ബലഹീനത മനസിലാക്കിയ സുയോധനന്‍ പിന്നെ ആക്രമിച്ചില്ല.അയാള്‍ പിന്നെയും തന്റെ വിശ്രമ സ്ഥലത്തേക്ക് പിന്തിരിഞ്ഞു.

പെട്ടെന്നാണ് സര്‍വ്വശക്തിയുമെടുത്ത് ഗദയുമേന്തി ഭീമന്‍ സുയോധനന് പുറകെ പാഞ്ഞു ചെന്നത്.അയാളെ തടയാന്‍ തിരിഞ്ഞപ്പോഴേക്കും ഭീമന്‍ സുയോധനന്റെ തുട ലക്ഷ്യമാക്കി ആഞ്ഞടിച്ചു.മുകളിലേക്ക് ചാടിയ സുയോധനന്‍റെ തുടയിലും വൃഷണങ്ങളിലും ഭീമന്റെ ഗദആഞ്ഞു പതിച്ചു.അടക്കാനാവാത്ത വേദനയോടെ,ആര്‍ത്തനാദനായി സുയോധനന്‍ നിലത്തു വീണു പിടച്ചു!ആ വീഴ്ചയിലും കൈവിടാതിരുന്ന ഗദ ഭീമന്‍ സുയോധനനില്‍ നിന്നും പിടിച്ചുവാങ്ങി ദൂരെക്കെറിഞ്ഞു!നിരായുധനും മുറിവേറ്റവനുമായ സുയോധനന്റെ തലയില്‍ കാല്‍കൊണ്ട് അമര്‍ത്തിപ്പിടിച്ച് ഭീമന്‍ കൈകള്‍ പുറകോട്ടു വലിച്ചുപിടിച്ചു.

അതുകണ്ട് ക്രുദ്ധനായി ബലരാമന്‍ ഓടിയെത്തി.ഭീമനെ പിടിച്ചുമാറ്റിക്കൊണ്ട് അദ്ദേഹം ചോദിച്ചു:

നാണമില്ലല്ലോ നിനക്ക്?ധര്‍മ്മ യുദ്ധത്തില്‍ നാഭിക്കു താഴേക്ക് പ്രയോഗമരുതെന്നല്ലേ പ്രമാണം?

അത്രയും പറഞ്ഞുകൊണ്ട് ബലരാമന്‍ ഭീമനെ ആക്രമിക്കാന്‍ ഒരുങ്ങി.അതുകണ്ട് കൃഷ്ണന്‍ പാഞ്ഞുവന്ന് ബലരാമനെ തടഞ്ഞു.:

തന്റെ വൃദ്ധിമിത്രത്തിന്റെയും വൃദ്ധിയാണ്.ഇവിടെ പാണ്ഡവരുടെ നേട്ടം നമ്മുടേത്‌ കൂടിയാണെന്നറിയുക.ഭീമന്‍ അനുഷ്ടിച്ചത് ധര്‍മ്മരക്ഷയാണ്

ഭീമനെ സ്വതന്ത്രനാക്കിക്കൊണ്ട് ബലരാമന്‍ പറഞ്ഞു:

ധര്‍മ്മം എന്നത് സത്തുക്കള്‍ ചെയ്യുന്ന കര്‍മ്മമാണ്‌.എന്നാല്‍ ഭീമന്‍ ചെയ്തത് അതല്ല.

പിന്നെ എല്ലാവരെയും മാറിമാറി നോക്കികൊണ്ട്കൃഷ്ണനോടായി തുടര്‍ന്നു:

ഹേ,ഗോവിന്ദാ,നീ എന്നോട് എന്ത് പറഞ്ഞാലും ശരി.ഭീമന്‍ ചെയ്തത് തെറ്റായിപ്പോയി.

അനന്തരം അദ്ദേഹം സുയോധനനെ നോക്കി.പൊടിമണ്ണില്‍ ചോരപുരണ്ട് കിടക്കുന്ന ആ ശക്തനെ കാണാനാവില്ല എന്നവിധം മുഖം മറച്ചുകൊണ്ട് ബലരാമന്‍ നടന്നകന്നു.തന്റെഗുരുവിന്റെ പാദങ്ങളിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ട് സുയോധനന്‍ മണ്ണില്‍ത്തന്നെകിടന്നു 

൦൦൦No comments:

Post a Comment