Tuesday, February 25, 2014

അദ്ധ്യായം-70,ഇനിയും ഒരു യുദ്ധമോ?

മണ്ണില്‍ ഏകനായി,അത്യന്ത്യ വ്യെസനിയായി കിടക്കവേ,ഒരു കാല്‍പ്പെരുമാറ്റം കേട്ട് സുയോധനന്‍ മെല്ലെ തലയുയര്‍ത്തി നോക്കി.ദുഖഭാരത്താല്‍ കുനിഞ്ഞ ശിരസ്സുമായി സഞ്ജയന്‍ വന്നു നില്‍ക്കുന്നു.തന്റെ പിതാവിന്റെ വിശ്വസ്തനും സന്തത സഹചാരിയുമായ തേരാളി!ആ മുഖത്തേക്ക് നോക്കിയപ്പോള്‍ സുയോധനന്റെ മിഴികള്‍ നിറഞ്ഞു.സഞ്ജയന്‍ പതിയെ അയാള്‍ക്കരികില്‍ കുനിഞ്ഞിരുന്നുകൊണ്ട് ആ ശിരസ്സില്‍ മെല്ലെ തലോടി.അപ്പോള്‍ വ്യെഥിത ഹൃദയനായി സുയോധനന്‍ പറഞ്ഞു:

എന്റെ അച്ഛനും അമ്മയും ധര്‍മ്മയുദ്ധം അറിയുന്നവരാണ്.ഞാന്‍ ചെയ്തതും അതായിരുന്നുവെന്നു അവരോടു പറയണം.പാണ്ഡവര്‍ ആണ് അധര്‍മ്മം കാട്ടിയത്.

അപ്പോള്‍ സഞ്ജയന്‍ മെല്ലെ പറഞ്ഞു:

എല്ലാം ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു സുയോധന.

ഓ,ഞാനത് മറന്നു.അങ്ങേക്ക് യുദ്ധാവസാനം വരെ കാണുവാന്‍ വ്യാസന്‍ ദിവ്യചക്ഷുസ്സുക്കള്‍ അനുഗ്രഹിച്ചു നല്‍കിയിരുന്നല്ലോ!യുദ്ധത്തില്‍ ഞാന്‍ തോറ്റിട്ടും ശത്രുവിന്റെ ദാസ്യം ഏറ്റില്ല.എന്നെപ്പോലെ ഉത്തമമായ അന്ത്യം മറ്റാര്‍ക്കും ഉണ്ടായില്ലെന്ന് അങ്ങ് എന്റെ മാതാപിതാക്കളെ അറിയിക്കണം.

പിന്നെ ഒന്നുനിര്‍ത്തി,സഞ്ജയന്റെ കരം ഗ്രഹിച്ചുകൊണ്ട് സുയോധനന്‍ തുടര്‍ന്നു:

പലപ്രാവശ്യം അധര്‍മ്മം ചെയ്തും കരാര് തെറ്റിച്ചുമാണ് പാണ്ഡവര്‍ ഈ മകനെ കീഴ്പ്പെടുത്തിയതെന്ന് അങ്ങ് അവരോടു പറയണം.അതുകൊണ്ടുതന്നെ അവരെ ഒരിക്കലും വിശ്വസിക്കരുതെന്നും 

അത് കേള്‍ക്കെ സഞ്ജയനും വിതുമ്പിപ്പോയി.അപ്പോള്‍ കരഞ്ഞലച്ചുകൊണ്ട് അവിടെയെത്തിയ കൊട്ടാരവാസികളോട് സുയോധനന്‍ പറഞ്ഞു:

എന്റെ പെങ്ങളും ഭാര്യയും എങ്ങിനെ കഴിയുന്നോ എന്തോ?അവര്‍ക്ക് ഇനി എന്താവും ഗതി?അവരെ നിങ്ങള്‍വേണം ആശ്വസിപ്പിക്കുവാന്‍.നിങ്ങളുടെ സ്നേഹവാത്സല്യങ്ങള്‍ക്ക് പകരം തരാന്‍ ഇനി ഈ രാജാവിന്റെ കൈയ്യില്‍ ഒന്നുമില്ലല്ലോ.

സുയോധനന്‍ ഇപ്രകാരമെല്ലാം പറഞ്ഞു വിലപിക്കുമ്പോള്‍ ഒരാരവം കേട്ടു.എല്ലാവരും ആ ദിക്കിലേക്ക് നോക്കി.അത് ഒരു അശ്വഘോഷമായിരുന്നു.പടക്കുതിരപ്പുറത്തേറി അശ്വത്ഥാമാവും കൃപരും കൃതവര്‍മ്മാവും അവിടെയെത്തി.കൊടുങ്കാറ്റില്‍ മറിഞ്ഞു കിടക്കുന്ന മഹാവൃക്ഷംപോലെ,നിലം പറ്റിക്കിടക്കുന്ന സുയോധന സമീപം അവര്‍ കുതിച്ചെത്തി.

സുയോധന ശിരസ്സ് തന്റെ മടിയില്‍ എറ്റിവച്ചു  അശ്വത്ഥാമാവ്.സുയോധനന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.തന്റെ കൈത്തലം കൊണ്ട് അത് തുടച്ചു മാറ്റുന്നതിനിടയില്‍ അശ്വത്ഥാമാവ് പറഞ്ഞു:

ഈ മര്‍ത്യലോകത്ത് അല്പവും സത്യമില്ല.അല്ലായിരുന്നെങ്കില്‍ അങ്ങേക്ക് ഈ ഗതി വരില്ലായിരുന്നു.ഹി,മഹാരാജാവേ,അങ്ങയുടെ ശ്വേതാതപത്രമെവിടെ?ചാമരമെവിടെ?സൈന്യസാഗരമെവിടെ?ഞങ്ങളുടെ നേതാവായിരുന്ന അങ്ങേക്ക് ഈ ഗതി വന്നുവല്ലോ.കഷ്ടം.

അതുകെല്‍ക്കവേ സുയോധനന്‍ വീര്യത്തോടെ പറഞ്ഞു:

മര്‍ത്യധര്‍മ്മം വിധികല്‍പ്പിതമാണ്.കാലമാറ്റങ്ങള്‍ വിനാശങ്ങള്‍ വിതയ്ക്കാം.ഞാന്‍ ഈ നിലയില്‍ ആയെങ്കിലും പോരില്‍ ഒരിക്കലും പിന്തിരിഞ്ഞില്ലെന്ന് ഓര്‍ക്കണം.സകലജാതി ബന്ധുക്കളും തീര്‍ന്നിട്ടാണ് ഞാന്‍ മരിക്കുന്നത്.അതുവരെ ഞാനവര്‍ക്ക്‌ കാവലാളായിരുന്നു.കൃഷ്ണന്‍ അപ്പുറത്താണെന്നറിഞ്ഞിട്ടും ഞാന്‍ പതറിയില്ല ആചാര പുത്രാ.

സുയോധനന്റെ കണ്ഠമിടറി.അപ്പോള്‍  അശ്വത്ഥാമാവ് പ്രളയാഗ്നിപോലെ ജ്വലിച്ചുകൊണ്ട് പറഞ്ഞു:

നൃശംസയാല്‍ പാണ്ഡവര്‍ എന്റെ അച്ഛനെ വധിച്ചു.എന്നിട്ടും ഞാന്‍ ഇത്രമേല്‍ തപിച്ചില്ല.എന്നാല്‍ അങ്ങയുടെ പതനം എനിക്ക് സഹിക്ക വയ്യ.ഞാന്‍ ഇതാ സത്യം ചെയ്യുന്നു.കൃഷ്ണന്‍ കണ്ടുനില്‍ക്കെ പാണ്ഡവരെ ഞാന്‍ വധിക്കും.അങ്ങ് എനിക്ക് അനുവാദം തന്നാലും.

ദ്രൌണിയുടെ വാക്കുകള്‍ കേട്ട് സുയോധനന്‍ അല്‍പ്പനേരം മൌനം പൂണ്ടു.പിന്നെ പതിയെ ചോദിച്ചു:

ആചാര്യ പുത്രാ,എന്തിനാണ് ഇനിയും ഒരുയുദ്ധം?എനിക്കുസര്‍വവും നഷ്ട്ടപ്പെട്ടില്ലേ?

അപ്പോള്‍ അശ്വത്ഥാമാവ് പറഞ്ഞു:

മഹാബാഹോ,അങ്ങ് ഇപ്രകാരം ചിന്തിക്കരുത്.ധര്‍മ്മം കൈവെടിഞ്ഞു പാണ്ഡവര്‍ നേടിയ വിജയം വിജയമാകുന്നതെങ്ങിനെ?അധര്‍മ്മത്തിനും അനീതിക്കും മറുപടി പറയുക ക്ഷത്രിയ ധര്‍മ്മമാണ്.അങ്ങ് അത് നിറവേറ്റാന്‍ അങ്ങ് അനുവദിക്കണം.അങ്ങാണ് ഇപ്പോഴും എന്റെ രക്ഷകനും മഹാരാജാവും.  

പിന്നെ സുയോധനന്‍ ഒന്നും പറഞ്ഞില്ല.അയാള്‍ കൃപരോടായി ഇങ്ങിനെ പറഞ്ഞു:

ആചാര്യ ,ജലം നിറച്ച ഒരു കുംഭം കൊണ്ടുവന്നാലും.

ഉടനെ ജലകുംഭം എത്തി.സുയോധനന്റെ നിര്‍ദ്ദേശപ്രകാരം അശ്വത്ഥാമാവിനെ സേനാനിയായി അഭിഷേകം ചെയ്തു കൃപര്‍.അഭിഷിക്തനായ അശ്വത്ഥാമാവ്,സിംഹനാദം മുഴക്കി,ഉടവാളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടു നടന്നു.കൃപരും കൃതവര്‍മ്മാവും അയാളെ പിന്തുടര്‍ന്നു.സുയോധനന്‍ അതുനോക്കി നിശ്ചലം കിടന്നു.

൦൦൦

No comments:

Post a Comment