Tuesday, February 25, 2014

അദ്ധ്യായം-71,അപ്പോഴും കുറുനരികള്‍ ഓരിയിട്ടു

ഗദാതാഡനമേറ്റ്,തുടപിളര്‍ന്ന്,ചോരവാര്‍ന്ന്,നിലത്തു കിടക്കുന്ന സുയോധനനരികിലേക്ക് പാത്തും പതുങ്ങിയും ചെന്നായ്ക്കളും കുറുനരികളുംവന്നുതുടങ്ങിയിരുന്നു!അസ്തമിച്ചുകൊണ്ടിരിക്കുന്ന ജീവന്‍റെ അവസാന കരുത്തില്‍ അവറ്റകളെ ആട്ടിയകറ്റാന്‍ സുയോധനന്‍ നന്നേ പാടുപെട്ടു.ഒന്ന് ഒഴിഞ്ഞുമാറി മാറിക്കൊണ്ട് അവ.പിന്നെയുംവന്നു. തന്‍റെപ്രിയപ്പെട്ട,ഇപ്പോഴുംസ്വര്‍ണ്ണവര്‍ണ്ണത്തില്‍ തിളങ്ങുന്ന ഗദയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചോരത്തുള്ളികള്‍ ഏതാനും കുരുനരിക്കുഞ്ഞുങ്ങള്‍ നക്കിത്തുടക്കുന്നത് നിസ്സഹായതയോടെ നോക്കി കിടക്കാനെ അയാള്‍ക്കായുള്ളു!

ഇപ്രകാരം പ്രയാസപ്പെട്ടും വേദനിച്ചും കിടക്കവേ,മുഴങ്ങിക്കേട്ട കുതിരക്കുളമ്പടികള്‍ അയാളെ വീണ്ടും ഉണര്‍ത്തി.താന്‍ അഭിഷിക്തനാക്കി പറഞ്ഞയച്ച അശ്വത്ഥാമാവും കൂട്ടരുമാണ്‌.അവര്‍പാഞ്ഞെത്തി,മൃഗങ്ങളെആട്ടിയകറ്റി,സുയോധനന് അരികില്‍ വന്നിരുന്നു.ചോരവാര്‍ന്ന്,കട്ടപിടിച്ച ഉടവാള്‍ അശ്വത്ഥാമാവിന്റെ കരങ്ങളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നത് സുയോധനന്‍ ശ്രദ്ധിച്ചു.അപ്പോള്‍ അശ്വത്ഥാമാവ് പറഞ്ഞു:

മഹാരാജാവേ,അങ്ങ് സന്തോഷത്തോടെ കേട്ടാലും.പാണ്ഡവരില്‍ ഏഴുപേരും കുരുക്കളില്‍ ഞങ്ങള്‍ മൂന്നുപേരും മാത്രമേ ഇനി ശേഷിക്കുന്നുള്ളു!ഉറക്കത്തില്‍ നരവാഹനങ്ങളോടുകൂടി ഞങ്ങള്‍ മറ്റെല്ലാവരെയും കൊന്നു.ദ്രൌപതിയുടെ മക്കള്‍ ,ധൃഷ്ടദ്യുമ്നന്റെ മക്കള്‍ ,മത്സ്യരില്‍ ശേഷിച്ചവരൊക്കെ ഈ വാളിനാല്‍ യമലോകം പൂകി.ആയതിനാല്‍ നീ വിജയി ആയിരിക്കുന്നു.

അപ്പോള്‍ വളരെ ആയാസപ്പെട്ട് സുയോധനന്‍ ചോദിച്ചു:

നിരായുധരെ.അതും യുദ്ധക്ഷിണത്താല്‍ ഉറങ്ങിക്കിടക്കുന്നവരെ വധിച്ചെന്നോ?അത് ധാര്‍മ്മികമോ?ഞാന്‍ ഇതുവരെ കാത്തുപോന്ന ധര്‍മ്മയുദ്ധമെവിടെ?

ദ്രൌണി അല്‍പ്പം പരിഹാസത്തോടെ പറഞ്ഞു:

അങ്ങിപ്പോഴും ധര്‍മ്മത്തെപ്പറ്റി പറയുന്നുവല്ലോ!അത് അങ്ങയുടെ മഹത്വം.എന്നാല്‍ പാണ്ഡവര്‍ ചതിച്ചാണ് അങ്ങയെജയിച്ചത്‌.അതിന്റെ ഫലം അവര്‍ അനുഭവിക്കുകതന്നെ വേണം.

സുയോധനന്‍ മറുത്തൊന്നും പറയാതെ ആചാര്യപുത്രന്റെ മുഖത്തേക്ക് നോക്കി കിടന്നു.

അശ്വത്ഥാമാവ് തുടര്‍ന്നു:

അങ്ങയുടെ ഗുരു ബലരാമന്‍പറയാറുണ്ട്,ഗദായുദ്ധത്തില്‍ അങ്ങയെ ജയിക്കാന്‍ ആര്‍ക്കും ആവില്ലെന്ന്!എന്നിട്ടും അധര്‍മ്മം ചെയ്തു പോരില്‍ ഭീമന്‍ അങ്ങയെ വീഴ്ത്തി!തുട അടിച്ചു തകര്‍ത്തു.നിലത്തു വീണ അങ്ങയുടെ തലയില്‍ ചവിട്ടി.ഭീമന്‍ ചെയ്തത്,കൃഷ്ണനൊപ്പം പാണ്ഡവര്‍ ചെയ്തത് അനീതിയല്ലേ?ഭൂതങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം അവര്‍ അധിക്ഷേപിക്കപ്പെടും.ഈ ചതിയുടെ അപകീര്‍ത്തി,ലോകമുള്ളിടത്തോളം കാലം നിലനില്‍ക്കും.

സുയോധനന്‍ മെല്ലെ അശ്വത്ഥാമാവിന്റെ കരം ഗ്രഹിച്ചു.എന്തോ പറയാന്‍ തുനിയുന്നത് കണ്ട് അയാള്‍ ചെവി പാര്‍ത്തു.വിറയാര്‍ന്ന സ്വരത്തോടെ സുയോധനന്‍ പറഞ്ഞു:

ഭീക്ഷ്മരും കര്‍ണ്ണനും നിന്റെ അച്ഛന്‍ ദ്രോണര്‍ക്കും ചെയ്യാന്‍ കഴിയാത്തത് നീ എനിക്കായി ചെയ്തു.കൃപരും കൃതവര്‍മ്മാവും എന്നോടുള്ള സ്നേഹം കൊണ്ട് നിനക്ക് കൂട്ട് നിന്നു.നിങ്ങള്‍ ചെയ്തതിനെ ഞാന്‍ അധിക്ഷേപിക്കുകയല്ല.മരണം വരെ എനിക്ക് പൊരുതാനായില്ലേ?അതുമതി.അത്രമാത്രം മതിയാവും ക്ഷാത്രധര്‍മ്മ പാലനത്തിന്. 

പിന്നെ അയാള്‍ കൃപരെയും കൃതവര്‍മ്മാവിനെയും അരികില്‍ അണച്ച് പറഞ്ഞു:

ഞാനിപ്പോള്‍ എന്നെ ഇന്ദ്രതുല്യനായി വിചാരിക്കുന്നു.നിങ്ങള്‍ സ്വസ്തി നേടുവിന്‍.ഇനി നമുക്ക്...........

 അത്,പൂര്‍ത്തിയാക്കുവാന്‍ സുയോധനനായില്ല. അശ്വത്ഥാമാവിന്റെ കൈകളില്‍ നിന്നും  അയാളുടെകരങ്ങള്‍ താഴേക്ക്‌ ഊര്‍ന്നു വീണു.മിഴികള്‍ മെല്ലെ അടഞ്ഞു.ശ്വാസഗതി നേര്‍ത്തുവന്നു.ശിരസ്സ് മെല്ലെ ഒരുവശത്തേക്ക്  ചരിഞ്ഞു.ശരീരം മെല്ലെ നിശ്ചലമായി.സുയോധനന്‍ ജനിച്ചപ്പോള്‍ ഉണ്ടായെന്നു പറയപ്പെടുന്നതിനേക്കാള്‍ ഉച്ചത്തില്‍ അപ്പോള്‍ കുറുനരികള്‍ ഓരിയിട്ടുകൊണ്ടിരുന്നു!!

൦൦൦


No comments:

Post a Comment