Wednesday, January 8, 2014

അദ്ധ്യായം-47,നഗ്ന മാറിടങ്ങള്‍ ചൂഴും !!!!!!!!!!

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍ ഹസ്തിനപുരത്തേക്ക് ദൂതു വരുന്ന വിവരം ലഭിച്ചു.അതറിഞ്ഞപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

കൃഷ്ണോദ്യമം സഫലമാവില്ലെന്ന് അദേഹത്തിന് തന്നെ അറിയാം.യുദ്ധം ആഗ്രഹിക്കാത്ത ധര്‍മ്മപുത്രരെ,അതിനായി പ്രേരിപ്പിച്ചആളാണ്‌ കൃഷ്ണന്‍.കാരണക്കാരനായ അയാള്‍ സമാധാന ദൌത്യവുമായി വരുന്നത് വിചിത്രം തന്നെ!

അപ്പോള്‍ ഒരു വാല്യക്കാരന്‍ വന്ന് ധൃതരാഷ്ട്രര്‍ സുയോധനനെ കാണാന്‍ ആഗ്രഹിക്കുന്ന വിവരം അറിയിച്ചു.സുയോധനന്‍ പിതൃ സമീപമെത്തി.മഹാരാജാവ് പറഞ്ഞു:

കൃഷ്ണന്‍ പാണ്ഡവ ദൂതുമായി ഇങ്ങോട്ടേക്കു പുരപ്പെട്ടിരിക്കുന്നുവത്രേ!

ഞാന്‍ അറിഞ്ഞിരിക്കുന്നുവച്ഛാ

അയാള്‍ വൃകസ്ഥലിയില്‍ എത്തിയതായാണ് സൂചന.ഇന്നവിടെ തങ്ങി,നാളെ ഇവിടെ എത്തിച്ചേരും.അദ്ദേഹത്തെ വരവേല്‍ക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം. 

സുയോധനന്‍ അച്ഛന്റെ വാക്കുകള്‍ ശിരസ്സാവഹിച്ച് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു:

നീ ആ കര്‍ണ്ണനെ ഇങ്ങോട്ട് പറഞ്ഞു വിടുക.അയാളെ ചില പ്രത്യേക കാര്യങ്ങള്‍ എല്പ്പിക്കുവാനുണ്ട്.

സുയോധനന്‍ അതും ഏറ്റുകൊണ്ട് പിന്‍വാങ്ങി.കര്‍ണ്ണനെ അച്ഛന്റെ സമീപത്തേക്ക് അയച്ചു.അല്പസമയത്തിനകം തന്നെ കര്‍ണ്ണന്‍ ഉറക്കെ ചിരിച്ചുകൊണ്ട് മടങ്ങിവന്നു.സുയോധനന്റെ അരികില്‍ ഇരുന്ന ശേഷം അയാള്‍ അച്ഛന്റെ  നിര്‍ദ്ദേശങ്ങള്‍ അയാളെ അറിയിച്ചു:

ദുസ്സാസന ഗൃഹമാണ് കൃഷ്ണന് പാര്‍ക്കാന്‍ അച്ഛന്‍ കല്‍പ്പിച്ചിരിക്കുന്നത്.പലതരംആസനങ്ങളും ഭോജ്യങ്ങളും ഒരുക്കണം പോലും.

പിന്നെ നേര്‍ത്ത ചിരിയോടെ ശബ്ദം താഴ്ത്തിക്കൊണ്ട് കര്‍ണ്ണന്‍ തുടര്‍ന്നു:

സ്വര്‍ണ്ണ വര്‍ണ്ണമുള്ളവരും പ്രസവിക്കാത്തതുമായ മനോഹാരികളെ അയാള്‍ക്കായി കരുതണം പോലും!കൃഷ്ണന്‍ വരുന്ന നേരം കല്യാണിമാര്‍ മാറ് മറക്കാതെ ചെന്ന് എതിരെല്‍ക്കയും വേണം!

അയാള്‍ പിന്നെയും ഉറക്കെ ചിരിച്ചു.അതിനിടയില്‍ അയാള്‍ തുടര്‍ന്നു:

കൃഷ്ണന്റെ സ്വഭാവവും താത്പര്യവും നന്നായി അറിയാവുന്ന മഹാരാജാവ് ഇതെല്ലാം എങ്ങിനെ സ്വന്തം മകനോട്‌ പറയും എന്ന ആശങ്കയാലാണ് എന്നെ ഏല്‍പ്പിച്ചത്.ഇനിയുമുണ്ട് കാര്യങ്ങള്‍.അതെല്ലാം വിദുരര്‍ ചെയ്തുകൊള്ളൂമത്രേ!

എന്നിങ്ങനെ പറഞ്ഞുകൊണ്ട് കര്‍ണ്ണന്‍ യാത്ര പറഞ്ഞു പിരിഞ്ഞു.സുയോധനന്‍ കൃഷ്ണനായുള്ള ഒരുക്കങ്ങള്‍ നടത്തുവാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ഭ്രത്യരില്‍ പലരുടെ മുഖത്തും മന്ദഹാസം ഒളിഞ്ഞിരിക്കുന്നത് സുയോധനന്‍ കാണുന്നുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ കൃഷ്ണന്‍ ഹസ്തിനപുരത്ത് എത്തിച്ചേര്‍ന്നു.കൊട്ടാരം അദ്ദേഹത്തെ യഥാവിധി സ്വീകരിച്ചു.മധുപര്‍ക്കങ്ങള്‍കൊണ്ട് സത്ക്കരിച്ചു.അനന്തരം അദ്ധേഹം വിദുര ഗൃഹത്തിലേക്ക് തിരിച്ചു.പിന്നീട്‌ കുന്തിയേയും സന്ദര്‍ശിചിട്ടാണ് കൊട്ടാരത്തില്‍ മടങ്ങിയെത്തിയത്!

അപ്പോള്‍ ഉച്ചയൂണിനുള്ള സമയം അടുത്തിരുന്നു.വിശിഷ്ട ഭോജ്യങ്ങള്‍ ഒരുക്കി സുയോധനന്‍ കൃഷ്ണനെ ഭക്ഷണത്തിന്നായി ക്ഷണിച്ചു.അപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു:

എന്റെ ആഗാമനോദേശം സഫലമായത്തിനു ശേഷം മതി വിരുന്ന്.കൃതാര്‍ത്ഥരായ ദൂതന്മാരാന് ഉണ്ണുകയും പൂജ കൈക്കൊള്ളുകയും ചെയ്യുന്നത്.

ധൃതരാഷ്ട്രര്‍ പറഞ്ഞു:

അങ്ങ് ഈ വിധം അയുക്തം കാണിക്കരുത്.അങ്ങ് കൃതാര്‍ത്ഥനോ,അകൃതാര്‍ത്ഥനോ എന്ന് നോക്കി പൂജിക്കാനാകില്ല.

കൃഷ്ണന്‍ പറഞ്ഞു:

ഞാന്‍ വന്നിരിക്കുന്നത് പാണ്ഡവര്‍ക്ക് അര്‍ഹതപ്പെട്ടതെല്ലാം തിരിച്ചു നല്‍കണമെന്ന് നിര്‍ദ്ദേശിക്കാനാണ്.അത് സാധ്യമാവാതെ എനിക്ക് നിങ്ങളുടെ ഭക്ഷണം സ്വീകരിക്കുക വയ്യ.

അതുകേട്ട് സുയോധനന്‍ പറഞ്ഞു:

ഒരു ദൂതരും ഇപ്രകാരം ഏകപക്ഷീയമായി സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല!മധ്യസ്ഥതയാണ് ദൂത്‌.അങ്ങ് അത് കൈവെടിഞ്ഞ് കല്‍പ്പനകള്‍ പുറപ്പെടുവിക്കുകയാണ്.
 
അപ്പോള്‍ കൃഷ്ണന്‍ കോപത്തോടെ പ്രതികരിച്ചു:

നീ പാണ്ഡവരോട് ശത്രുതയുള്ളവനാണ്.യുദ്ധം ഉണ്ടായാല്‍ ദുര്യോധന,നിന്റെ കാര്യം കഷ്ടത്തിലാവും.ജീവന്‍ തന്നെ നഷ്ട്ടപ്പെടും.

സുയോധനന്‍ അതിന് ഇങ്ങനെ മറുപടി പറഞ്ഞു:

സ്വധര്‍മ്മമാണ് ഞാന്‍ പാലിക്കാന്‍ ശ്രമിക്കുന്നത്.അതിനിടയില്‍ മരിച്ചാലും അത് സ്വര്‍ഗ്യം തന്നെയാണ്.യുദ്ധത്തില്‍ വീരശയനം പ്രാപിച്ചാലും ഞാന്‍ ശത്രുക്കളെ വനങ്ങുമെന്നു കരുതേണ്ട.ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഇതൊന്നും പാണ്ഡവര്‍ക്ക് ലഭിക്കുകയില്ല.

സുയോധനന്റെ വാക്കുകള്‍ കൃഷ്ണനെ ചൊടിപ്പിച്ചു.ക്രോധവ്യാകുല ദൃഷ്ടിയായി അയാള്‍ പറഞ്ഞു:

കുരുസംസത്തില്‍,നീ വീരശയനം നേടുകതന്നെ ചെയ്യും.യോഗ്യന്മാരായ പാണ്ഡവര്‍ വിജയം നേടും.വക്രബുദ്ധിയായ നീ കൊല്ലപ്പെടും.

അത് കേട്ട് തന്റെ ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റ്,നിശബ്ധനായി പുറത്തേക്ക് നടന്നു.

൦൦൦




Tuesday, January 7, 2014

അദ്ധ്യായം-46,ഞാന്‍ വെറുമൊരു മനുഷ്യനാണ്.

യുദ്ധം സംഭവിക്കും എന്ന് ഉറപ്പായതോടെ ഹസ്തിനപുരം ആകെ അസ്വസ്ഥമായി.എല്ലാവരും പലവിധത്തില്‍ തങ്ങളുടെ ഭയാശങ്കകള്‍ പങ്കുവച്ചു.എന്നാല്‍ യുദ്ധം ഒഴിവാക്കുന്ന ഒരു പോംവഴി മുന്നോട്ടു വയ്ക്കാന്‍ ആര്‍ക്കും ആയില്ല.

ഇതിനിടയില്‍ ധൃതരാഷ്ട്രര്‍ സഞ്ജയനെ ദുതുമായി പാണ്ഡവരുടെ അടുത്തേക്ക്‌ പറഞ്ഞയച്ച വാര്‍ത്ത സുയോധനനെ കൊപപ്പെടുത്തി.ഇത് കണ്ടറിഞ്ഞ ഭാനുമതി അയാളെ ആശ്വസിപ്പിച്ചു:

പിതാവിന്റെ ചെയ്തികളെ നാം ധിക്കരിക്കുന്നത് ഉചിതമല്ല.യുദ്ധം ഒഴിവായിക്കിട്ടുമെങ്കില്‍ അത് ഏവര്‍ക്കും നല്ലതല്ലേ?

അതുകേട്ടു സുയോധനന്‍ പറഞ്ഞു:

ഭാനൂ,അല്ലെങ്കിലും ആരാണ് യുദ്ധം ആഗ്രഹിക്കുക?ഞാനോ,ധര്മാത്മജനോ അത് കാംഷിക്കുന്നില്ല.പറ്റിയ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ക്ഷമ യാചിച്ചാല്‍ പോരുക്കാത്തവരായി ആരുണ്ട്‌?

പിന്നെ ഭാനുമതി ഒന്നും പറഞ്ഞില്ല.പാണ്ഡവര്‍ക്ക് പിന്നില്‍ പ്രേരണയുമായി കൃഷ്ണനും ദ്രുപദനും ഒക്കെ ഉണ്ടെന്നു അവള്‍ക്ക് അറിയാമായിരുന്നു.കൃഷ്ണന്‍ തങ്ങളുടെ ബന്ധുകൂടിയാണ്‌.എന്നിട്ടും പാണ്ഡവ പക്ഷപാതിയായി രംഗത്ത് വരുന്നത് സുയോധനനെയും അച്ഛനെയും ഏറെ അസ്വസ്തമാക്കുന്നുണ്ട്.സന്ജ്ജയനെ ദൂതയച്ചതും അതുകൊണ്ടാണ്.സുയോധനനെ സമാശ്വ സിപ്പിച്ചുകൊണ്ട്‌ അവള്‍ വീണ്ടും പറഞ്ഞു:

അരുതാത്തത് ഒന്നും സംഭവിക്കരുത് എന്ന് ഞാനും ആഗ്രഹിക്കുന്നു.സഞ്ജയന്‍ ഇന്ന് മടങ്ങിയെത്തും.വിവരങ്ങള്‍ അറിയുമ്പോള്‍ ക്ഷോഭിക്കരുത്.

അയാള്‍ ഭാര്യയെ തന്നോട്  ചേര്‍ത്തുനിര്‍ത്തിയിട്ടു പറഞ്ഞു:

അരുതാത്തതൊന്നും സംഭവിക്കില്ലാ ഭാനൂ.അര്‍ഹിക്കുന്നത്തെ നമുക്കും ലഭിക്കൂ.

പിന്നെ അയാള്‍ ശയ്യാഗൃഹം വിട്ടിറങ്ങി.

സഭാമണ്ഡപത്തില്‍എല്ലാവരുംസഞ്ജയനെ കാത്ത്‌ഇരുപ്പുണ്ട്‌.അയാള്‍ അച്ഛന് സമീപംഇരുന്നു.അധികം വൈകാതെ സഞ്ജയന്‍ എത്തിച്ചേര്‍ന്നു.ഇന്ദ്രപ്രസ്ഥം എങ്കിലും വിട്ടുകൊടുത്താല്‍ യുദ്ധം ഒഴിവാക്കാം എന്നായിരുന്നു സന്ദേശത്തിന്റെ രത്നച്ചുരുക്കം.മറ്റെല്ലാം പാണ്ഡവരുടെ അപദാനങ്ങളായിരുന്നു.എല്ലാവരും സുയോധനനെ നോക്കി.അയാള്‍പറഞ്ഞു:

പാണ്ഡവര്‍ക്കിനി സൂചികുത്താനുള്ള ഇടം പോലും ഞാന്‍ അനുവദിക്കയില്ല.അവര്‍ എന്നെ വെന്ന് എല്ലാം സ്വന്തമാക്കിക്കൊള്ളട്ടെ.

അതുകേട്ട് ഭീഷ്മര്‍ അസ്വസ്ഥനായി.അദ്ദേഹം ഉറക്കെ പറഞ്ഞു:

നിനക്കറിയില്ല,അവരുടെ വീര്യം.സൂത പുത്രനായ കര്‍ണ്ണനെ കണ്ടിട്ടാണ് നീ മദിക്കുന്നതെങ്കില്‍ അത് നിന്റെ തന്നെ നാശത്തിനാണ്.

സുയോധനന്‍ അപ്പോള്‍ ഭാനുമതിയെ ഓര്‍ത്തു.അയാള്‍ തികഞ്ഞ സംയമനത്തോടെ നിശബ്ദനായി ഇരുന്നു.ആ സമയം ദ്രോണര്‍ പറഞ്ഞു:

ദുര്യോധനാ,ഭാരത ശ്രേഷ്ഠനായ ഭീഷ്മര്‍ പറയുന്നത് അനുസരിക്കുക.ദ്രവ്യ ലോഭിയായ കര്‍ണ്ണനെയല്ല അംഗികരിക്കേണ്ടത്.പാണ്ഡവസന്ധിയാണ് നിനക്ക് അഭികാമ്യം.

അവരുടെ വാക്കുകള്‍ മഹാരാജാവിനെ ഭയചകിതനാക്കി.അദ്ദേഹം സുയോധനനോട് പറഞ്ഞു:

ഉണ്ണി,ഗുരുഭൂതരുടെ വാക്കുകള്‍ അവഗണിക്കരുത്.എനിക്ക് വലുത് നിന്റെ ആയുസ്സും വിര്യവുമാണ്.തെറ്റുകള്‍ പരസ്പരം പൊറുത്ത് ബന്ധുത്തത്തോടെ വര്‍ത്തികുക.

സുയോധനന്‍ സാവകാശം എഴുന്നേറ്റുനിന്നുകൊണ്ട് അച്ഛനോടായി പറഞ്ഞു:

അച്ഛാ,ഇവര്‍ ഇത്രനേരവും കര്‍ണ്ണനെ ഭല്‍സിച്ചത് കേട്ടില്ലേ?ഞാന്‍ ക്ഷമിക്കുകയല്ലേ?പാണ്ഡവരുമായി യുദ്ധം ആഗ്രഹിച്ചത്‌ ഞാനല്ല.എനിക്കെതിരെ,ആരും അറിയാതെ പടയൊരുക്കം തുടങ്ങിയത് അവരാണ്.അതിനെ അതേ വീര്യത്തോടെ എതിര്‍ക്കുക എന്നത് രാജധര്‍മ്മമല്ലെ?

അതുകേട്ട് ഭീഷ്മര്‍ പറഞ്ഞു:

ദുര്യോധനാ,നിനക്കറിയില്ല പാണ്ഡവരുടെ മഹത്വം.അവര്‍ മാനുഷിക ഭാവങ്ങള്‍പൂണ്ട ദേവതകളാണ്.

അതുകേട്ട് സുയോധനന്‍ ഉറക്കെ ചിരിച്ചു.

ദേവന്മാര്‍ പോലും!ദേവന്മാര്‍ ഒരിക്കലും കാമക്രോധമോഹങ്ങളോടെ പെരുമാറുകയില്ല.അങ്ങിനെയുള്ള ദൈവങ്ങളെ എനിക്ക് പേടിയുമില്ല.ഞാന്‍......ഞാന്‍ ഒരു മനുഷ്യനാണ്.എല്ലാ പരിമിതികളുമുള്ള മനുഷ്യന്‍.

ഒന്ന് നിര്‍ത്തിയിട്ട്‌ അയാള്‍ തുടര്‍ന്നു:

യുദ്ധമെങ്കില്‍ യുദ്ധം.ഞാന്‍ നിങ്ങളെ ആശ്രയിച്ചിട്ടല്ല അതിനൊരുങ്ങുന്നത്.ഞാന്‍ യുദ്ധം ആഗ്രഹിക്കുന്നുമില്ല.പക്ഷെ അവര്‍ അത് ഇച്ചിക്കുന്നു.എന്നെ കൊന്ന് എല്ലാം കൈക്കലാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.അതിന്‌ ഞാന്‍ നിന്നുകൊടുക്കുകയില്ല.എന്തൊക്കെ എനിക്ക് നഷ്ട്ടപ്പെട്ടാലും ഞാന്‍ ഇനി പാണ്ടവരുമായി സഖ്യം ചെയ്യുകയില്ല.

എല്ലാവരും നിശബ്ദരായിരിക്കെ,അയാള്‍ വേഗത്തില്‍ സഭ വിട്ടിറങ്ങി!

൦൦൦




Monday, January 6, 2014

അദ്ധ്യായം-45,അച്ഛന്റെ പെണ്ണിനെ മകന്‍ വേട്ടപ്പോള്‍

വിരാടന്‍, വിജയത്തിന്റെ പ്രതിഫലമായി തന്റെ മകള്‍ ഉത്തരയെ അര്‍ജുനന് നല്‍കാന്‍ സന്നദ്ധനായി.ബ്രഹന്ദള എന്നപേരില്‍,പെണ്‍വേഷം ധരിച്ച്‌ ഒരുവര്‍ഷം അര്‍ജുനന്‍ രാജകുമാരിക്കൊപ്പം കഴിഞ്ഞതാണ്.അതിനാല്‍ അര്‍ജുനന് തന്നെ തന്റെ പുത്രിയെ കൊടുക്കാന്‍ രാജാവ് തയ്യാറായത് ഏറ്റവും ഉചിതമായി.എന്നാല്‍ ഉത്തരയെ ഭാര്യയായി സ്വീകരിക്കാന്‍ അര്‍ജുനന്‍ തയ്യാറായില്ല.അയാള്‍ അവളെ തന്റെ പുത്രനായ അഭിമന്യുവിനു വിവാഹം ചെയ്ത് നല്‍കുകയാണ് ചെയ്തത്!ഈ വിവരങ്ങള്‍ അറിഞ്ഞ് കര്‍ണ്ണന്‍ പൊട്ടിപ്പൊട്ടി ചിരിക്കുകയാണ് ഉണ്ടായത്.

അജ്ഞാതവാസം അവസാനിക്കും മുന്‍പേ കണ്ടുപിടിക്കപ്പെട്ടതിനാല്‍ ,ധര്‍മ്മാനുസരണം പാണ്ഡവര്‍ വീണ്ടും വനവാസത്തിനു പോകയോ,ക്ഷമാപണം നടത്തി രാജ്യഭാരം ഏല്‍ക്കുകയോ ചെയ്യും എന്നാണ് എല്ലാവരും കരുതിയത്‌.ധര്‍മ്മപുത്രര്‍ അതിനു തയ്യാറായതുമാണ്.ഇതിനായി കൃഷ്ണ സഹോദരനായ ബലരാമനെ ദൂതു പോകാന്‍ ഏര്‍പ്പെടുത്തിയിരുന്നതുമാണ്.എന്നാല്‍ ദ്രൌപതീ പിതാവായ ദ്രുപദന്‍ ആ ഉദ്യമം തടഞ്ഞുവത്രേ.യുദ്ധത്തിലൂടെ രാജ്യം തിരികെ ലഭിക്കുന്നതാണ് അഭിമാനകരം എന്നാണു അയാള്‍ അഭിപ്രായപ്പെട്ടത്.സന്ധിയെങ്കില്‍ അത് യുദ്ധ സന്നാഹം നടത്തിയ ശേഷം മതിയെന്നും അയാള്‍ ശടിച്ചുവത്രേ.എല്ലാവരും ആ വാദം അംഗീകരിച്ചുകൊണ്ട് കൃഷ്ണ സഹായത്തിനായി അര്‍ജുനനെ ദ്വാരകയിലേക്ക് അയച്ചിരിക്കുന്നു!

സംഭവങ്ങള്‍ അറിഞ്ഞപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

ഇതിനെല്ലാം പിന്നില്‍ പാഞ്ചാലിയായിരിക്കും.നീയും വെറുതെ ഇരിക്കരുത്.യുദ്ധമെങ്കില്‍ യുദ്ധം.നാം തയ്യാറാവുക തന്നെ.നീയും കൃഷ്ണ സഹായത്തിനായി പുറപ്പെടുക.

കര്‍ണ്ണന്റെ ഉപായം സ്വീകരിച്ചുകൊണ്ട് സുയോധനന്‍ കൃഷ്ണനെ കാണാനായി പുറപ്പെട്ടു.അര്‍ജുനന് മുന്‍പേ അയാള്‍ ദ്വാരകയില്‍ എത്തി.വൈകാതെ,പുറകെ അര്‍ജുനനും.സുയോധനന്‍ കൃഷ്ണന്റെ കിടപ്പറയില്‍ എത്തുമ്പോള്‍,കൃഷ്ണന്‍ തന്റെ വെണ്‍പട്ടു മെത്തയില്‍ ഗാഡമായ ഉറക്കത്തിലായിരുന്നു!താന്‍ കൊട്ടാര വാതില്‍ക്കല്‍ എത്തിയ നേരം കൃഷ്ണനെ മട്ടുപ്പാവില്‍ കണ്ടതാണ്.ഇത്ര പെട്ടെന്ന് ഉറങ്ങിപ്പോകാന്‍ എന്തെങ്കിലും അസുഖം ഉണ്ടാവാം.സുയോധനന്‍ അദ്ദേഹം ഉണരുന്നതും കാത്ത്‌,ശിരസ്ഥാനത്തുള്ള പീഡത്തില്‍ ഇരുപ്പുറപ്പിച്ചു.ആ സമയം വാതില്‍ക്കല്‍ അര്‍ജുനന്‍ പ്രത്യക്ഷപ്പെട്ടു.സുയോധനന്‍ പുഞ്ചിരിച്ചുവെങ്കിലും അര്‍ജുനന്‍ അത് അവഗണിച്ചുകൊണ്ട്,കൃഷ്ണ പാദ സമീപം തൊഴുകൈകളോടെ നിന്നു.

അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍ ഉണര്‍ന്നു.അര്‍ജുനനെയാണ് ആദ്യം കണ്ടത്!കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴാണ് സുയോധനനെ കണ്ടത്!അദ്ദേഹം രണ്ടുപേരെയും അഭിവാദ്യം ചെയ്തു.പിന്നെ രണ്ടുപേരോടും ആഗാമനോദ്ദേശം തിരക്കി.അപ്പോള്‍ സുയോധനന്‍ പറഞ്ഞു:

എന്റെ മകള്‍ വഴി അങ്ങ് ഇപ്പോള്‍ എന്റെ ബന്ധു കൂടിയാണല്ലോ?അങ്ങയുടെ സഹായം തേടിയാണ് ഞാന്‍ വന്നത്.അര്‍ജുനനും അതിനാവും.പക്ഷെ ആദ്യം എത്തിയത് ഞാനാണ്.

മെല്ലെ മന്ദഹാസം പൊഴിച്ചുകൊണ്ട്‌ കൃഷ്ണന്‍ പറഞ്ഞു:

അങ്ങ് മുന്‍പ് എത്തിയെന്നത് ശരിയാവാം.പക്ഷെ ഞാന്‍ ആദ്യം കണ്ടത് അര്‍ജുനനെയാണ്.എന്നാല്‍ രണ്ടുപേരെയും ഒഴിവാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ആദ്യം ബാലന്മാരെ സല്ക്കരിക്കണമെന്നാണല്ലോ പ്രമാണം.അതിനാല്‍ ഇളയവനായ അര്‍ജുനന്റെ ഇഷ്ടം ആദ്യം പരിഗണിക്കട്ടെ.

പിന്നെ അര്‍ജുനനോട് കൃഷ്ണന്‍ ചോദിച്ചു:

നിങ്ങള്‍ തമ്മില്‍ യുദ്ധം ആഗ്രഹിക്കുന്ന സ്ഥിതിക്ക് ഞാന്‍ സഹായം ചെയ്യാന്‍ ബാധ്യസ്ഥനാണ്.യുദ്ധത്തില്‍ ആയുധമേന്താന്‍ തയ്യാറല്ലാത്ത എന്നെയോ,യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള എന്റെ സൈന്യത്തെയോ നിനക്ക് വരിക്കാം.

അര്‍ജുനന്‍ തെല്ലും അമാന്തിക്കാതെ കൃഷ്ണനെ സ്വീകരിച്ചു!സൈന്യ ബലം സുയോധനന് നല്‍കി,യഥാവിധി രണ്ടുപേരെയും സല്‍ക്കരിച്ച് യാത്രയാക്കി.



മടങ്ങും വഴി,തന്റെ ഗുരുവും കൃഷ്ണ സഹോദരനുമായ ബലരാമനെയും സുയോധനന്‍ സന്ദര്‍ശിച്ചു.സുയോധനനെ അരികില്‍ അണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:

ഹേ,നരവ്യാഹ്രാ.ഈ യുദ്ധം ഞാന്‍ ആഗ്രഹിക്കുന്നില്ല.കാരണം ഇത് ധാര്‍മ്മികമല്ല.കൃഷ്ണനെ പിരിയുക എനിക്ക് സാധ്യമല്ല.ഞാന്‍ നിന്നെയോ പാണ്ഡവരെയോ സഹായിക്കാന്‍ ഉദേശിക്കുന്നുമില്ല.നീ ക്ഷത്ര ധര്‍മം പാലിച്ച് യുദ്ധം ചെയ്യുക.

അവിടെ നിന്നും മടങ്ങും വഴി കൃതവര്‍മ്മാവിനെയും ചെന്നുകണ്ട്‌ അയാള്‍സഹായം അഭ്യര്‍ഥിച്ചു.തന്റെ അക്ഷുണി സൈന്യത്തിന്റെ പരിപുര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.ആഹ്ലാദചിത്തനായി സുയോധനന്‍ ഹസ്തിനപുരത്തേക്ക് തിരിച്ചു.

൦൦൦


Sunday, January 5, 2014

അദ്ധ്യായം-44,പശുക്കളെ തേടി

സുശര്‍മ്മാവ്‌ പലവട്ടം വിരാടനാല്‍ അപഹാസിതനായതാണ്.അതുകൊണ്ട് കൌരവരുമായുള്ള സഖ്യം അദേഹത്തിന് വലിയൊരു ആശ്വാസമായിരുന്നു.തന്റെ നഷ്ട്ടപ്പെട്ട ധനവും ഭൂമിയും തിരിച്ചെടുക്കാന്‍ കിട്ടിയ നല്ല ഒരവസരം.അയാളുടെ മനസ്സ് വായിച്ചറിഞ്ഞ സുയോധനന്‍ കര്‍ണ്ണനോടും അനുജന്മാരോടുമായി പറഞ്ഞു:

സുശര്‍മ്മാവ്‌ കരുതുംപോലെ പ്രവര്‍ത്തിച്ചു കൊള്ളട്ടെ.അയാള്‍ക്ക്‌ പിന്‍പേ നമ്മള്‍ പിറ്റേന്ന് ചെന്നാല്‍ മതിയാവും.കാരണം ആദ്യ ദിനം സപ്തമിയാണ്.പിറ്റേന്നാണ് അഷ്ടമി.പാണ്ഡവരുടെ അജ്ഞാതവാസം അവസാനിക്കുന്ന ദിവസം.

മുന്‍നിശ്ചയപ്രകാരം യുദ്ധ സന്നാഹത്തോടെ സുശര്‍മ്മസേന മത്സ്യരാജ്യത്ത് പ്രവേശിച്ചു.അയാള്‍ ലക്‌ഷ്യം വച്ചത് ഗോധനം ആയിരുന്നു!ആ തൃഗര്‍ത്താക്രമണത്തെ തോല്‍പ്പിക്കാന്‍ വിരാട സൈന്യത്തിന് ആയില്ല.അതറിഞ്ഞപ്പോള്‍ സുയോധനന്‍ പറഞ്ഞു:

 ഉള്ളിലുള്ള എല്ലാ വൈരത്തോടെയും ശത്രുവിനെതിരെ പോരാടുമ്പോള്‍ ഏതൊരാളും ഏറെ ശക്തനാവും.പക്ഷെ അത് അധികം നീണ്ടുനില്‍ക്കണമെന്നില്ല.

സുയോധനന്റെ വാക്കുകള്‍ അന്വര്‍ത്ഥമാവും വിധമാണ് പിന്നീട്‌ സംഭവിച്ചത്.സുശര്‍മ്മാവിനെ കുശിനിക്കാരനായ ഒരാള്‍ ബന്ധിച്ചുവെന്നും വിരാടന്‍ മന്ത്രിയുടെ അഭിപ്രായം മാനിച്ച് രാജാവിനെ വിട്ടയക്കുകയും ചെയ്തിരിക്കുന്നു!ആ വാര്‍ത്ത എത്തിയ ഉടന്‍ സുയോധനന്‍ പറഞ്ഞു:

കര്‍ണ്ണാ,നമുക്കുള്ള സമയം അടുത്തിരിക്കുന്നു.സുശര്മ്മനെ കീഴ്പ്പെടുത്തിയത് ഭീമനും വിട്ടയക്കാന്‍ ഉപദേശിച്ചത് ധര്‍മ്മപുത്രരും അല്ലാതെ മറ്റാരുമാവില്ല.അതുകൊണ്ട് നാം പട കൂട്ടുക തന്നെ.

പിറ്റേന്ന് സുയോധന സൈന്യം മത്സ്യ രാജ്യത്തേക്ക് കുതിച്ചു.ഭീഷ്മര്‍,ദ്രോണര്‍,കര്‍ണ്ണന്‍,കൃപര്‍,ദ്രൌണി തുടങ്ങിയ എല്ലാവരും ചേര്‍ന്ന് ,ആളപായം വരുത്താതെ തന്നെ ഗോഗ്രഹണം നടത്തി.മടങ്ങും നേരം കര്‍ണ്ണനോട് സുയോധനന്‍ പറഞ്ഞു:

പാണ്ഡവര്‍ ഇവിടെ ഉണ്ടെങ്കില്‍ തീര്ച്ചയായും ഇങ്ങെത്തും.

സുയോധനന്റെ വാക്കുകള്‍ അവസാനിക്കും മുന്‍പേ തന്നെ അകലെ രഥഘോഷം മുഴങ്ങി.അര്‍ജുനന്റെ ധ്വജാഗ്രം തിരിച്ചറിഞ്ഞ സുയോധനന്‍ ഉച്ചത്തില്‍ എല്ലാവരോടുമായി പറഞ്ഞു:

അതാ പെണ്‍വേഷ ധാരിയായ അര്‍ജുനന്‍ വരുന്നു.പാണ്ഡവര്‍ കരാര്‍ലംഘിച്ചിരിക്കുന്നു!

അപ്പോള്‍ ഭീഷ്മര്‍ പറഞ്ഞു:

ജോതിര്‍ഗണിത പ്രകാരം പാണ്ഡവരുടെ പ്രതിജ്ഞകാലം അവസാനിച്ചു.അല്ലെങ്ങില്‍ അവര്‍ ഇങ്ങനെ പ്രത്യക്ഷപ്പെടുകയില്ല.മറിച്ചെങ്കില്‍ അവര്‍ പരാഭവം പ്രാപിക്കണം.എന്തായാലും ആ പടയെ നാം എതിര്‍ക്കുക.

ഭീഷ്മര്‍ തേര്‍ത്തട്ടില്‍ നിന്നും ചാടിയിറങ്ങി,സുയോധന സമീപമെത്തിക്കൊണ്ട് പറഞ്ഞു:

നീ സൈന്യത്തെ പകുത്ത്‌,ഗോക്കളുമായി പൊയ്ക്കൊള്ളുക.പാര്‍ഥനെ ഞങ്ങള്‍ എതിരിട്ടു കൊള്ളാം.

ഭീഷ്മ്മാഞ സുയോധനന്‍ പാലിച്ചു.അപ്പോള്‍ ഭീഷ്മര്‍ ഉറക്കെ മറ്റുള്ളവരോടായി പറഞ്ഞു:

നടുക്ക് ദ്രോണര്‍ നില്‍ക്കട്ടെ.ഇടതു ഭാഗത്ത് അശ്വത്ഥാമാവ്‌ ഉണ്ടാവണം.വലത്ത് കൃപര്‍ നിലയുറപ്പിക്കുക.കവചധാരിയായ കര്‍ണ്ണന്‍ മുന്‍പില്‍ നില്‍ക്കട്ടെ.എല്ലാവര്‍ക്കും പിന്നിലായി ഞാന്‍ ഉണ്ടാകും.

സുയോധനന്‍ പാതി സൈന്യവും ഗോക്കളുമായി ഹസ്തിനപുരത്തേക്ക് തിരിക്കാന്‍ ഒരുമ്പെട്ടു.എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ചുകൊണ്ട് അര്‍ജുന വ്യുഹം പാഞ്ഞെത്തി.വിരാട പുത്രനായ ഉത്തരന്റെ തേരില്‍,പെണ്‍വേഷവുമായി നില്ല്‍ക്കുന്ന അര്‍ജുനനെക്കണ്ട് സുയോധനന് ചിരിവന്നു.അര്‍ജുനന്‍ അത് കണ്ടു.അര്‍ജുനന്‍ സുയോധനന് നേര്‍ക്ക്‌ കുതിച്ചു.അയാളുടെ വേഗം കണ്ട് സുയോധന സൈന്യം സ്തംഭിച്ചുപോയി!



അര്‍ജുനന്റെ മുന്നേറ്റത്തെ അധികനേരം തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും ആയില്ല.ഏവരും ആയുധം മടക്കുന്നത് കണ്ട് അര്‍ജുനന്‍ പരിഹാസത്തോടെ ചോദിച്ചു:

എന്തെ എല്ലാവരും പിന്‍വാങ്ങുന്നു?

അപ്പോള്‍ ഭീഷ്മര്‍ അര്‍ജുനനോടു പറഞ്ഞു:

പാര്‍ഥ,നീ പശുക്കളെയും ജയിച്ചു തിരിച്ചു പോവുക.മോഹം കൊണ്ട് അര്‍ഥനാശം വരുത്തേണ്ട.ദുര്യോധന നീയും മടങ്ങുക.

ഭീഷ്മരുടെ വാക്കുകളെ തുടര്‍ന്ന് അവര്‍ ഇരു ഭാഗത്തെക്കായി പിരിഞ്ഞു.

൦൦൦

Friday, January 3, 2014

അദ്ധ്യായം-43,പണ്ട്രണ്ടു വത്സരങ്ങള്‍ !

ഒരു കിനാവുപോലെയാണ് സുയോധനനെ സംബന്ധിച്ച് പന്ത്രണ്ട് വത്സരങ്ങള്‍ കടന്നുപോയത്!ഈ നാളുകള്‍ കൊണ്ട് ഹസ്തിനപുരം കുടുതല്‍ സമ്പല്‍സമൃദ്ധമായിത്തിര്‍ന്നിരിക്കുന്നു!പ്രജകളുടെ ഹിതം മാനിച്ചു ഭരിക്കുന്നവന്‍ എന്ന ഖ്യാതി ഇന്നുണ്ട് സുയോധനന്!

വനവാസം കഴിഞ്ഞ് പാണ്ഡവര്‍ക്ക് അജ്ഞാത വാസത്തിനു പോകേണ്ട സമയം അടുത്തിരിക്കുന്നു.കരാര്‍ പ്രകാരം അക്കാലത്ത് അവര്‍ പിടിക്കപ്പെട്ടാല്‍ പിന്നെയും വനവാസവും അജ്ഞാത വാസവും അനുഷ്ടിക്കേണ്ടിവരും.എന്നാല്‍ അത്തരം സന്ദര്‍ഭം ഉണ്ടായാല്‍,ആ കരാര്‍ തുടരാന്‍ സുയോധനന് താത്പര്യം ഇല്ല.കാരണം ഇത്ര കാലംകൊണ്ട് തന്നെ താന്‍ നല്ലൊരു രാജാവാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു.ഒരു ജന്മത്തിന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഏറെക്കുറെ പുര്‍ത്തികരിക്കപ്പെട്ടു കഴിഞ്ഞു.ഇനി പാണ്ഡവര്‍ വന്ന് രാജ്യം ആവശ്യപ്പെട്ടാല്‍ ഔദാര്യപൂര്‍വം ഒഴിഞ്ഞു കൊടുക്കാവുന്നതെയുള്ളൂ!അവര്‍ക്ക് അര്‍ഹതപ്പെട്ടത് പകുത്തു നല്‍കി ശേഷിക്കുന്ന കാലം സ്വസ്ഥമായി കഴിഞ്ഞു കുടണം!

എന്നാല്‍ പാണ്ഡവര്‍ ശത്രുതവര്‍ധിപ്പിക്കുകയാണ്.വനവാസ കാലത്ത് തന്നെ,അര്‍ജുനന്‍ അതിനായി പലയിടത്തും പോയി ആയുധങ്ങളും അനുഗ്രഹങ്ങളും സമ്പാദിച്ചുകഴിഞ്ഞു!അവര്‍ വലിയൊരു യുദ്ധം മുന്നില്‍ കാണുന്നുണ്ട്.അഭിമാനികളായ അവര്‍ ഒരിക്കലും തന്റെ ഔദാര്യം സ്വീകരിക്കില്ല.പിടിച്ചു പറിക്കുന്നതിലാണ് അവര്‍ക്ക് എന്നും താത്പര്യം.അതിനു വഴങ്ങാതെ,അജ്ഞാത വാസക്കാലത്ത് അവരുടെ താവളം കണ്ടെത്തി,അവരെ ലജ്ജിപ്പിച്ച് രാജ്യം പകുത്തു നല്‍കാന്‍ അയാള്‍ ആഗ്രഹിച്ചു.

അധികം കഴിയും മുന്‍പേ,പാണ്ഡവര്‍ വിരാട രാജ്യത്ത് ഉണ്ടെന്ന സുചന ലഭിച്ചു.അവിടെ രാജ ഭ്രുത്യരായിട്ടത്രേ കഴിഞ്ഞു കൂടുന്നത്!എന്നാല്‍ അത് സുയോധനന്‍ വിശ്വസിച്ചില്ല.കാരണം,ചുതില്‍ തോറ്റ് മടങ്ങുമ്പോള്‍ പോലും അവര്‍ ഭൃത്യ വസനങ്ങള്‍ ധരിക്കാന്‍ തയ്യാറായിരുന്നില്ല!അതിനാല്‍ അഭിമാനം വെടിഞ്ഞ്‌ അവര്‍ ഈ രീതി കയ്ക്കൊള്ളൂകയില്ലെന്നു അയാള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.

ഒരു ദിനം,വിരാടരാജാവിന്റെ ഭാര്യാസഹോദരനായ കീചകന്‍ കൊല്ലപ്പെട്ട വാര്‍ത്ത ഹസ്ത്തിനപുരത്തു എത്തി.മഹാ ബലവാനായ കീചകനെ രാത്രിയില്‍ അജ്ഞാതരായ ഗന്ധര്‍വന്മാര്‍ നിഗ്രഹിച്ചു എന്നാ ശ്രുതിയാണ് പരന്നത്.മത്സ്യ ദേശം അത് വിശ്വസിച്ച്,ഇനിയും ഗന്ധര്‍വ ആക്രമണം പ്രതീക്ഷിച്ച് കഴിഞ്ഞു കൂടുകയാണത്രേ!എന്നാല്‍ അത്രവേഗം കീചകനെ ഒരു ഗന്ധര്‍വനും കൊല്ലാനാവില്ല.ആ മെയ്ക്കരുത്തു നേരിട്ട് അറിയാവുന്ന ആളാണ്‌ താന്‍.അതും ഇരുളില്‍,പെണ്‍വേഷ ധാരിയായ ഒരാള്‍ !ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന് സുയോധനന് വിശ്വസിക്കാന്‍ തോന്നി.

പതിവുപോലെ അയാള്‍ കര്‍ണ്ണനെ ക്ഷണിച്ചു വരുത്തി തന്റെ സംശയങ്ങള്‍ പങ്കുവച്ചു.കര്‍ണ്ണന്‍ പറഞ്ഞു:

താങ്കളുടെ സംശയം ബലവത്തെങ്കില്‍,നമുക്കത് ഉറപ്പു വരുത്തണം.അതിനു മല്‍സ്യരാജ്യം സന്ദര്‍ശിക്കുന്നതാണ് ഉചിതം.

പക്ഷെ,എങ്ങിനെ?എന്ത് കാരണം പറഞ്ഞു?

അപ്പോള്‍ ശകുനി പറഞ്ഞു:

കാരണങ്ങള്‍ക്കോ പ്രയാസം!നമുക്ക് ഇതിനായി,വിരാടന്റെ ശത്രുവായ സുശര്‍മ്മാദികളുടെ സഹായം തേടാം.

അത് നല്ലൊരു ഉപാധിയായി ഏവര്‍ക്കും തോന്നി.ത്രിഗര്‍ത്ത രാജാവായ സുശര്‍മ്മാവിനെ വിരാടന്‍ പലവട്ടം ആക്രമിച്ചിട്ടുണ്ട്.അയാള്‍ സഹകരിക്കാതിരിക്കില്ല.



തന്റെ കൊള്ളയടിക്കപ്പെട്ട മുതലുകള്‍ വിരാടനില്‍ നിന്നും തിരിച്ചു പിടിക്കാനകുമെങ്കില്‍ കൌരവരെ സഹായിക്കാന്‍ തയ്യാറെന്ന് സുശര്മ്മാവ് അറിയിച്ചു.അതംഗീകരിച്ചുകൊണ്ട് പടയോരുക്കത്തിനായി സുയോധനന്‍ ആഹ്വാനം നല്‍കി.പിന്നെ എല്ലാവരോടുമായി പറഞ്ഞു:

സുശര്‍മ്മാവിന്റെ ലക്ഷ്യമല്ല നമ്മുടേത്‌.പാണ്ഡവര്‍ അവിടെ ഉണ്ടോ എന്നുമാത്രമേ നമുക്ക് അറിയേണ്ടതുള്ളൂ.കൊലയോ,കൊള്ളയോ നമ്മുടെ മാര്‍ഗമാവരുത്.വെല്ലുവിളി,അല്ലെങ്കില്‍ സത്യം കണ്ടെത്താനുള്ള പുറപ്പാട് അത്രമാത്രമായി കണ്ടാല്‍ മതി ഈ സന്നാഹത്തെ.

സുയോധനന്റെ വാക്കുകള്‍ ശിരസാവഹിച്ചു കൊണ്ട് പട ജാഗരുകമായി.

൦൦൦


Thursday, January 2, 2014

അദ്യായം,42-നീ ശ്രീകൃഷ്ണണ പുത്രനെങ്കില്‍ .....

സുയോധനന്റെ മക്കളായ ലക്ഷ്മണനും ലക്ഷണയും കൊട്ടാരം നിവാസികളുടെ കണ്ണിലുണ്ണിയായി വളര്‍ന്നു വന്നു.ആയോധന കലയില്‍,പിതാവിനെന്നവണ്ണം ശല്യരും ദ്രോണരും ലക്ഷ്മണന് ഗുരുവായി.അങ്കം വെട്ടാനും ആയുധങ്ങള്‍ അനായാസം പ്രയോഗിക്കാനും അയാള്‍ പരിശിലനം നേടി.എന്തുകൊണ്ടും ഒരു രാജാവ് ആര്‍ജിക്കേണ്ട ആയുധജ്ഞാനവും ഭരണ നൈപുണിയും അയാള്‍ കരസ്ഥമാക്കിയെന്നു പറയാം.ശക്തനും നിതിമാനുമായ ഒരു ചക്രവര്‍ത്തിയെ ജനങ്ങള്‍ ലക്ഷ്മണനില്‍ കണ്ടു.

ഏവരും കൊതിക്കുന്ന രൂപസൌകുമാര്യത്തോടെയാണ് മകള്‍ ലക്ഷണ യവ്വനയുക്തയായത്.അമ്മയെപ്പോലെ വിനയവും സ്നേഹവും കൊണ്ട് അവള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കി.മധുരമായി പാടാനും,മനോഹരമായി നൃത്തംചെയ്യാനും അവള്‍ക്കു കഴിഞ്ഞു.പാണ്ഡവര്‍ തിരിച്ചെത്തി രാജ്യഭാരം ഏല്‍ക്കും മുന്പായി മകളുടെ വിവാഹം നടത്തണമെന്ന് സുയോധനന്‍ ആഗ്രഹിച്ചു.
സ്വയംവരം നിശ്ചയിക്കപ്പെട്ടു.സന്ദേശവുമായി ദൂതര്‍ എല്ലാ ദിക്കിലേക്കും യാത്രയായി.അഞ്ചാം നാള്‍ ഹസ്തിനപുരം ലക്ഷണയുടെ വിവാഹത്തിനായി ഒരുങ്ങി.നാനാദേശങ്ങളില്‍ നിന്നും വന്ന രാജകുമാരന്മാരെ കൌരവര്‍ യഥാവിധി സ്വീകരിച്ചു.മുഹൂര്‍ത്തമടുത്തപ്പോള്‍ അച്ഛന്റെയും സഹോദരന്‍ ലക്ഷ്മണന്റെയും കരം പിടിച്ചുകൊണ്ടു ലക്ഷണ വേദിയില്‍ പ്രക്ത്യക്ഷപ്പെട്ടു.ദുസ്സാസ്സനന്‍ ഏവരെയും സദസ്സിനു പരിചയപ്പെടുത്തി.പതിയെ,നമ്രമുഖിയായ ലക്ഷണ വരണമാല്യവും കയ്യിലേന്തി രാജകുമാരന്മാര്‍ക്ക് മുന്നിലേക്ക്‌ അണഞ്ഞു.ഏവരും ആകാംഷാഭരിതരായി നിന്നു.ശാന്തമായി നിന്നിരുന്ന അവിടം പെട്ടെന്ന് ശബ്ധമുഖരിതമായിത്തി ര്‍ന്നു!സഭാകവാടത്തിലാണ് ബഹളം നടക്കുന്നത്.കാരണം തിരക്കാന്‍ ഭടന്മാര്‍ ആ ദിക്കിലേക്ക് പാഞ്ഞു.എന്നാല്‍ അവരെയെല്ലാം തള്ളിമാറ്റിക്കൊണ്ട്,സുമുഖനായ ഒരു യുവാവ് അകത്തേക്ക്കടന്നു ,വന്നു.എല്ലാരും നോക്കി നില്‍ക്കെ പെട്ടെന്നയാള്‍ ലക്ഷണയുടെ കൈയിലെ പൂ മാല്യം പിടിച്ചുവാങ്ങി സ്വയം തന്റെ കഴുത്തില്‍ അണിഞ്ഞു.എന്നിട്ട് സഭാവാസികളോട് പരിഹാസപുര്‍വം പറഞ്ഞു:
ഇനി നിങ്ങള്‍ക്ക്പിരിഞ്ഞു പോകാം.വിവാഹം അവസാനിച്ചിരിക്കുന്നു.ഇവള്‍ എന്റെ വധുവായിരിക്കുന്നു!

അതുകേട്ട്‌ പ്രകോപിതനായി ദുസ്സാസനന്‍ അവിടേക്ക് പാഞ്ഞടുത്തു.അയാള്‍ക്ക്‌ പുറകില്‍ കര്‍ണ്ണനും എത്തി.അവര്‍ആ യുവാവിനെ തടഞ്ഞുനിര്‍‍ത്തി.കര്‍ണ്ണന്‍ വില്ല് കുലച്ചു!ഉടന്‍ സുയോധനന്‍ മനോനില വീണ്ടെടുത്ത് അവിടേക്ക് കുതിച്ചു ചെന്നുകൊണ്ട് കര്‍ണ്ണനെ തടഞ്ഞുകൊണ്ട്‌ പറഞ്ഞു:

കര്‍ണ്ണാ,അരുതാത്തത് സംഭവിച്ചിരിക്കുന്നു!എങ്കിലും ഇയാള്‍ ആരെന്നരിയട്ടെ.
അത് കേട്ട് യുവാവ് പറഞ്ഞു:

ഞാന്‍ ആരെന്നും എന്തെന്നും വഴിക്കറിയാം.ഞാന്‍ ചെയ്തത് അവിവേകമെങ്കില്‍ എന്നെ ബന്ധിച്ചുകൊള്ളൂ.ധൈര്യം ഉണ്ടെങ്കില്‍ കാണട്ടെ.

അത് കേട്ട് അയാള്‍ക്ക്‌ മുന്നിലേക്ക്‌ കാലുമുയര്‍ത്തിപ്പിടിച്ചു വന്ന ദുസ്സാസനനെ തടഞ്ഞുകൊണ്ട്‌ സുയോധനന്‍ പറഞ്ഞു:

വെറുമൊരു കുമാരനല്ലായിവന്‍.ഇവന്‍ ധൈര്യശാലിതന്നെ!ഇവന്‍ ആരെന്നറിയും വരെ എല്ലാവരും ശാന്തരായിതുടരുക.


അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ കൊട്ടാര വാതില്‍ക്കല്‍ ഒരു ഞാണൊലി മുഴങ്ങി.ആരോ യുദ്ധത്തിനായി വരുമ്പോലെ.കര്‍ണ്ണനും പടയാളികളും ഉടന്‍ ആയുധങ്ങളുമേന്തി ജാഗരൂകരായി നിലയുറപ്പിച്ചു.വൈകാതെ ഒരു രഥം അങ്കണത്തിലേക്ക് കടന്നു വന്നു.അതില്‍ സുസ്മേരവദനനായി ഇരിക്കുന്ന,ദ്വാരകാധിപനായ കൃഷ്ണനെ കണ്ട്‌ എല്ലാവരും വിസ്മയപ്പെട്ടു.രഥത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയപാടെ കൃഷ്ണന്‍ പറഞ്ഞു:

സുയോധന,പൊറുക്കണം.ഇവന്‍ എന്റെ ജാംബവതി പുത്രനായ സാംബന്‍ ആണ്.അവിവേകത്തിന് മാപ്പില്ല.എങ്കിലും എനിക്കുവേണ്ടി ഇവനോട് ക്ഷമിക്കണം.ലക്ഷണയെ ഇവന്‍ മോഹിച്ചുപോയിരുന്നു.


സുയോധനന്‍ ഒന്നും പറയാതെ,കര്‍ണ്ണനെയും സഹോദരങ്ങളെയും ഒന്ന് പാളി നോക്കി.ആ മുഖങ്ങളില്‍ സന്തോഷം കളിയാടുന്നു!പിന്നെ ഒട്ടും അമാന്തിക്കാതെ അയാള്‍ സഭാവാസികളോടായി പറഞ്ഞു:

ക്ഷമിക്കുക.വിവാഹകര്‍മ്മം അവസാനിച്ചിരിക്കുന്നു.യഥാവിധി അല്ലെങ്കില്‍ക്കൂടി തുല്യനായ വരനെ മകള്‍ തിരഞ്ഞെടുത്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു.ഇനി വിരുന്നിനുള്ള ഒരുക്കങ്ങള്‍ നടക്കട്ടെ.

പിന്നീട്‌ അയാള്‍ കൃഷ്ണന് നേര്‍ക്ക്‌ തിരിഞ്ഞുകൊണ്ട് തുടര്‍ന്നു:

ഞാന്‍ ഈ ബന്ധുത്വം അംഗീകരിക്കുന്നു.കുട്ടികളെ അനുഗ്രഹിച്ചാലും.
അവര്‍ കൃഷ്ണനെ പാദനമസ്കാരം ചെയ്തു.

൦൦൦

Wednesday, January 1, 2014

അദ്ധ്യായം41,രാജസൂയമോ!!

ഗന്ധര്‍വ സംഘത്തിനു മുന്‍പില്‍ തോറ്റുപോയത് ആദ്യപരാജയമാണെങ്കിലും സുയോധനന്‍ അത് വേഗം മറന്നുവെന്നു പറയാം.അയാള്‍ കര്‍ണ്ണന്റെ സഹായത്തോടെ ഭരണം കുടുതല്‍ സുഗമമാക്കി.കര്‍ണ്ണനെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് കൊട്ടാരത്തില്‍ പലരരിലും അസ്വസ്ഥത പടര്‍ത്തിയിരുന്നു.ഒരു ദിവസം ഭീഷ്മര്‍ സുയോധനനെ വിളിച്ചു പറഞ്ഞു:

കര്‍ണ്ണനുമായുള്ള ചങ്ങാത്തം അത്ര നല്ലതിനല്ല.ഗന്ധര്‍വന്മാരെ ഭയന്ന് നിന്നെ ഉപേക്ഷിച്ചു കടന്നില്ലേ ആ സുതപുത്രന്‍!അതിനാല്‍ ധാര്‍മ്മികനല്ലാത്ത അവനോടുള്ള കൂട്ട് ഉപേക്ഷിക്കുക.

സുയോധനന്‍ അത് കേട്ട് ഒന്ന് ചിരിക്കുകമാത്രം ചെയ്തു.ഇത് ദാസരില്‍ നിന്നും അറിഞ്ഞ കര്‍ണ്ണന്‍ സുയോധനനോട് പറഞ്ഞു:

ഭീഷമ പിതാമഹന്റെ നിന്ദാവചനങ്ങള്‍ എനിക്ക് അസഹ്യമാണ്.അതിനാല്‍ ഞാന്‍ അല്‍പ്പകാലം ഇവിടെ നിന്നും മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നു.മറ്റു രാജ്യങ്ങള്‍ ഞാന്‍ സന്ദര്‍ശിക്കും.എന്നെ പിതാമഹന്‍ മനസിലാകാനുള്ള വഴികള്‍ ഞാന്‍ കണ്ടെത്തും.

സുയോധനന്‍ എന്തെങ്കിലും പറയും മുന്‍പുതന്നെ കര്‍ണ്ണന്‍ വിടവാങ്ങി!അയാളുടെ വേര്‍പാട് സുയോധനനു സഹിക്കാന്‍ ആയില്ല!എങ്കിലും അയാള്‍ തടസ്സമൊന്നും പറഞ്ഞില്ല.കര്‍ണ്ണന്റെ യാത്ര ദിഗ്വിജയത്തിനാണെന്നു അയാള്‍ക്ക്‌ അറിയാമായിരുന്നു!

കര്‍ണ്ണന്റെ പരാക്രമങ്ങളും വിജയങ്ങളും യധാസമയങ്ങളില്‍ സുയോധനന്‍ അറിഞ്ഞുകൊണ്ടിരുന്നു.അതില്‍ അയാള്‍ ഏറെ ആഹ്ലാദിക്കുകയും ചെയ്തു.കര്‍ണ്ണന്‍ ആദ്യം കീഴടക്കിയത് ദ്രുപദനെ ആയിരുന്നു!പതിയെ നേപാളവും അന്ഗവും വംഗവും കലിംഗവും അയാള്‍ക്ക് കീഴിലായി.ശുണ്ടികം,മിഥില,മാഗധം,അയോധ്യ എന്നീ രാജ്യങ്ങളും അയാള്‍ കീഴ്പ്പെടുത്തിയ വാര്‍ത്ത അധികം വൈകാതെ തന്നെ സുയോധനനു കേള്‍ക്കാനായി!

കപ്പമായി ലഭിച്ച ധനവുമായി ഒരു ദിനം കര്‍ണ്ണന്‍ ഹസ്തിനപുരംത്ത് തിരിച്ചെത്തി.ആ പുരുഷശ്രേഷ്ഠനെ സുയോധനന്‍ ആഹ്ലാദത്തോടെ വരവേറ്റു.സഭാമണ്ഡലത്തില്‍ വച്ച് അയാള്‍ സുയോധനനോട് പറഞ്ഞു:

ശത്രുക്കള്‍ ഇല്ലാതായി തീര്‍ന്ന ഈ ഭൂമി മുഴുവന്‍ ഇനി അങ്ങയുടെതാണ്.ഞാന്‍ നേടിയതെല്ലാം ഇതാ അങ്ങയുടെ കാല്‍കീഴില്‍ സമര്‍പ്പിക്കുന്നു.

സുയോധനന്‍ പറഞ്ഞു:

മഹാബാഹുവായ അങ്ങയുടെ ചങ്ങാത്തത്തോളം പ്രിയപ്പെട്ടതായി എനിക്ക് ഈ ഭൂമിയിലില്ല.അങ്ങയുടെ വിജയത്തിന് ഉപഹാരമായി ഞാന്‍ രാജസുയം നടത്താന്‍ ആഗ്രഹിക്കുകയാണ്.

അപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

അങ്ങയുടെ ആഗ്രഹം ഉചിതം തന്നെ.എല്ലാവരും അങ്ങേക്ക് കീഴിലായിരിക്കെ അമാന്തമെന്തിന് ?അങ്ങേക്ക് വേണ്ടി മഹായന്ജം നടക്കട്ടെ.

എന്നാല്‍ പുരോഹിതര്‍ യന്ജത്തെ എതിര്‍ത്തു.ധര്‍മ്മപുത്രരും ധൃതരാഷ്ട്രരും മുത്തവരായിരിക്കെ രാജസൂയം സാധ്യമല്ലെന്ന് അവര്‍ ന്യായം പറഞ്ഞു.പകരം വൈഷ്ണവ യജ്ഞം ആണ് അവര്‍ നിര്‍ദ്ദേശിച്ചത്.സ്വര്‍ണ്ണം കൊണ്ടു തീര്‍ത്ത കലപ്പയാല്‍ ഉഴുത് യാഗം ചെയ്യലാണ് അതിന്റെ രീതി.

കലാവിദഗ്ധരായ ശില്‍പികള്‍ സ്വര്‍ണ്ണകലപ്പയൂദെ നിര്‍മ്മാണം ആരംഭിച്ചു.ശാസ്ത്രാനുസരണം സുയോധനന്‍ ദീക്ഷ കൈക്കൊണ്ട്‌,നാനാദേസവാസികളെയും ക്ഷണിക്കാന്‍ ആളുകളെ അയച്ചു.മന്ത്രിമുഖ്യനെ തന്നെ പാണ്ഡവരുടെ അടുത്തേക്ക്‌ പറഞ്ഞുവിട്ടു.എന്നാല്‍ അവര്‍ യജ്ഞത്തില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്തയാണ് അറിഞ്ഞത്.മാത്രമല്ല തന്റെ മരണാനന്തര ചടങ്ങിനേ താന്‍ വരൂ എന്ന് ഭീമന്‍ പരിഹസിച്ചുവത്രേ!

യാഗ ദിനത്തില്‍ അതിഥികള്‍ എല്ലാം എത്തിച്ചേര്‍ന്നപ്പോള്‍,ഏവരെയും സുയോധനന്‍ പ്രമാണം പോലെ പുജിച്ച്‌ വരവേറ്റു.ദുസ്സാസനനും കര്‍ണ്ണനും അതിഥികളുടെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു.സുഗന്ധമാല്യങ്ങളും അന്നപാനീയങ്ങളും പലതരം വസ്ത്രങ്ങളും അവര്‍ വിരുന്നുകാര്‍ക്കു നല്‍കി.



പുരോഹിതന്മാര്‍ നിര്‍ദേശിച്ചപ്പോള്‍ സുയോധനന്‍ യാഗ ഭൂമിയില്‍ എത്തി,ആയിരങ്ങളെ സാക്ഷിനിര്‍ത്തി,യ്ഞ്ഞകര്‍മ്മങ്ങള്‍ ആരംഭിച്ചു.അനന്തരം അയാള്‍ ഭ്രാതാക്കളാല്‍ ചുറ്റപ്പെട്ട്,തനിക്കായി തയ്യാറാക്കപ്പെട്ടിരുന്ന സിംഹാസനത്തില്‍ ഉപവിഷ്ടനായാതോടെ യാഗം അവസാനിച്ചു.അതിഥികള്‍ക്കെല്ലാം വിശിഷ്ടഭോജ്യങ്ങള്‍ കൊണ്ട് വിരുന്നു നല്‍ക്കി,ഏവരെയും വണങ്ങിക്കൊണ്ട് സ്വ ഗൃഹത്തിലേക്ക് പോയി.അല്പം കഴിഞ്ഞ് അവിടെ എത്തിയ കര്‍ണ്ണന്‍  അയാളോടു പറഞ്ഞു:

,യ്ഞ്ഞത്തിനു ക്ഷണിക്കാന്‍ ചെന്നവരോട് പാണ്ഡവര്‍ പറഞ്ഞ വര്‍ത്തമാനം അറിഞ്ഞിരിക്കുമല്ലോ.ഇനി അവരോട്‌ സാമം പുലര്‍ത്തുന്നതില്‍ അര്‍ഥമില്ല.

സുയോധനന്‍ മനസ്സ് തുറന്നു:

താങ്കള്‍ പറഞ്ഞത് ശരിയാണ്.അവരെ വെന്ന് രാജസുയം നടത്താന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ !
അപ്പോള്‍ കര്‍ണ്ണന്‍ അയാളെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു:

അങ്ങയുടെ ആഗ്രഹം നടക്കുകതന്നെ ചെയ്യും.അതുവരേക്കും ഞാന്‍ അന്യനെക്കൊണ്ട് എന്റെ കാല്‍ കഴുകിക്കുകയില്ല.

പിന്നെ മുറിയില്‍ നിന്നും പുറത്തിറങ്ങിയ കര്‍ണ്ണന്‍ കൌരവരെയെല്ലാം വിളിച്ചു വരുത്തിക്കൊണ്ട് ഉറക്കെ പ്രഖ്യാപിച്ചു:

മഹാരാജാവിന്റെ അഭീഷ്ട൦ ഏവരും കേട്ടുകൊള്‍ക.പാണ്ഡവരെ വെന്ന്,രാജസുയം നടത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.നാം ഇന്നുമുതല്‍ ആ ഹിതത്തിനായി പ്രവര്‍ത്തിക്കുക.അത് നിറവേറും വരെ ഞാന്‍ മാംസമോ മദ്യമോ കഴിക്കുകയില്ല.എന്തെങ്കിലും ആരെങ്കിലുംവന്നു ചോദിച്ചാല്‍ ഇല്ലെന്ന്‌ പറയുകയുമില്ല.എല്ലാവരും അറിഞ്ഞിരിക്കുക എന്റെ ഈ ശപഥം.

അയാളുടെ വാക്കുകള്‍ക്കു മുന്‍പില്‍ കൌരവര്‍ കരഘോഷം മുഴക്കിനിന്നു.അതിന്റെ അലയൊലികള്‍ മുറിയിലിരുന്നുകൊണ്ട്‌ സുയോധനന്‍ കേട്ട്.അയാളുടെ മിഴികളില്‍ ആനന്താശ്രുക്കള്‍ നിറഞ്ഞു.

൦൦൦