Friday, February 7, 2014

അദ്ധ്യായം-64,പ്രകീര്‍ത്തനങ്ങളില്‍ വീണുപോകുന്നവര്‍

വീരനായകനായ ദ്രോണരുടെ മരണം സുയോധനനെ ഏറെ ദുഖിപ്പിച്ചു.എങ്കിലും അയാളുടെ യുദ്ധത്തിലുള്ള പ്രതീക്ഷ കൈവെടിഞ്ഞില്ല.അയാള്‍ കര്‍ണ്ണനെ സമീപിച്ചു.കര്‍ണ്ണന്‍ മറുത്തൊന്നും പറയാതെ തന്നെ സൈന്യാധിപത്യം ഏറ്റെടുത്തു.അതോടെ കര്‍ണ്ണനെ പൊന്‍കുടങ്ങളിലെ ജലം കൊണ്ട് സ്നാനം ചെയ്യിച്ച്,ഔഷധകൂട്ടുകളാല്‍ അഭിഷേകം നടത്തി,സുയോധനന്‍ കര്‍ണ്ണനെ സേനാധിപനായി പ്രഖ്യാപിച്ചു.

പതിനാറാം ദിനത്തിലെ സൂര്യോദയത്തില്‍തന്നെ കര്‍ണ്ണന്‍ പടകൂട്ടി!മകരവ്യൂഹമാണ് കര്‍ണന്‍ നിര്‍ദ്ദേശിച്ചത്.ആനച്ചങ്ങല ആലേഖനം ചെയ്ത വെളുത്ത കൊടിയും വെള്ളക്കുതിരകളുമായി,വില്ലേന്തിക്കൊണ്ട് മകരവ്യൂഹത്തിന്റെ മുഖത്തു കര്‍ണ്ണന്‍ വന്നു നിന്നപ്പോള്‍ ,മറ്റൊരു സൂര്യന്‍ ഉദിച്ചതായിതോന്നി സുയോധനന്!വ്യൂഹത്തിന്റെ നടുവിലായിരുന്നു സുയോധനന്റെ സ്ഥാനം.പാണ്ഡവര്‍ അര്‍ദ്ധചന്ദ്രവ്യൂഹവുമായാണ് കുരുക്ഷേത്രത്തില്‍ അണിനിരന്നത്.അര്‍ജുനനും ഭീമനും ധര്‍മ്മപുത്രരും ആയിരുന്നു പാണ്ഡവസേനയുടെ നേതൃത്ത്വത്തില്‍ .

  ആനപ്പുറത്തായിരുന്നു ഭീമന്‍!അയാളുടെ മുന്നേറ്റം കൌരവ സേനയില്‍ കനത്ത നാശം വിതച്ചെന്നു പറയാം.ഭീമന്‍ തളക്കാന്‍ കൌരവരില്‍ നിന്നും ക്ഷേമധൂര്‍ത്തി എത്തി.അയാളെ അസ്ത്രങ്ങള്‍ കൊണ്ട് മടക്കാന്‍ ഭീമന് ആയില്ല!അത് മനസിലാക്കിയ ഭീമന്‍ ക്ഷേമധുര്‍ത്തിയുടെ ആനയെ ആക്രമിച്ചു.പരിഭ്രാന്തിയോടെ ഓടാന്‍ തുടങ്ങിയ ആനയുടെ പുറത്തു നിന്നും അതിസാഹസികമായി ക്ഷേമധുര്‍ത്തി താഴേക്കു ചാടി!നിലത്തുനിന്നും അയാള്‍ ഭീമന് നേര്‍ക്ക്‌ ശരം തൊടുത്തു!ഭീമന്റെ ചതി അയാളും ആവര്‍ത്തിച്ചു!ഭീമന്റെ ആനയെ എഴുത്താണി അമ്പുകള്‍ കൊണ്ട് പീഡിപ്പിച്ചു!ആനക്കൊപ്പം താഴെ വീണ ഭീമന്‍ ഗദയുമായി ക്ഷേമധൂര്‍ത്തിക്ക് നേരെ പാഞ്ഞു ചെന്നു.ക്ഷേമധൂര്‍ത്തി തന്റെ ഗദ കൈയ്യിലെടുക്കും മുന്‍പേ ഭീമന്‍ അയാള്‍ക്ക്‌ മേല്‍ ചാടിവീണു.ഭീമന്റെ ഗദാ താഡനമേറ്റ് ക്ഷേമധൂര്‍ത്തി തല്‍ക്ഷണം മരിച്ചു!

ഉച്ചവരെയുള്ള യുദ്ധം അവസാനിക്കുമ്പോള്‍ ,കൌരവ പക്ഷത്തുള്ള ചിത്രനും മാഗധ രാജാവായ ദണ്ഡദാരനും അര്‍ജുനാസ്ത്രമേറ്റ് മരണം പൂകി!പാണ്ഡ്യനെ അശ്വത്ഥാമാവ് വധിച്ചു എന്നത് മാത്രമായിരുന്നു കൌരവ പക്ഷത്തെ വിജയം!

ഉച്ചക്ക് ശേഷം സുയോധനനെ എതിരിട്ടത്‌ ധര്‍മ്മപുത്രന്‍ ആയിരുന്നു.പോരടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന കൂറ്റന്‍ കാളയേപ്പോലെയായിരുന്നു ധര്‍മ്മപുത്രന്‍!തന്നെ എതിര്‍ത്തു നില്‍ക്കാന്‍ യുധിഷ്ഠിരന് കഴിയുന്നില്ലായെങ്കിലും അയാള്‍ പിന്തിരിയാന്‍ കൂട്ടാക്കിയില്ല!അത് കണ്ട സുയോധനന്‍ ശക്തമായ ഒരസ്ത്രപ്രയോഗത്തിലൂടെ അയാളുടെ വില്ലറുത്തിട്ടു!ധര്‍മ്മപുത്രന്‍ നിലതെറ്റി താഴേക്കു വീണു.അയാള്‍ എഴുന്നെല്‍ക്കാനായി സുയോധനന്‍ കാത്തുനിന്നു.ധര്‍മ്മപുത്രന്‍ നിവര്‍ന്നപ്പോള്‍ സുയോധനന്‍ പറഞ്ഞു:

ഇനി ഗദായുദ്ധമാണ് ഉചിതം.അസ്ത്രം നഷ്ട്ടപ്പെട്ട അങ്ങ് ഇനി ഗദ എടുത്താലും.ഞാന്‍ കാത്തുനില്‍ക്കാം 

പ്രതീക്ഷയോടെ നിന്ന സുയോധനന് നേര്‍ക്ക്‌ എന്നാല്‍ ധര്‍മ്മപുത്രന്‍ പൊടുന്നനെ ഒരു വലിയ വേലാണ് പ്രയോഗിച്ചത്!എതിരാളിയെ അയാള്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ട് തന്നെ എതിരിടണമെന്ന നിയമവും അതോടെ ലംഘിക്കപ്പെട്ടു!എന്നാല്‍ അത് വിളിച്ചുപറയാനാകും മുന്‍പേ സുയോധനന്‍ ബോധരഹിതനായി നിലംപതിച്ചു!

അസ്തമയത്തോടെ യുദ്ധം നിര്‍ത്തിവച്ച് ഇരുപക്ഷവും പിരിഞ്ഞപ്പോള്‍ സുയോധനന്‍ കര്‍ണ്ണനെ ചെന്നുകണ്ടു.

യുദ്ധത്തില്‍ പാണ്ഡവര്‍ വിജയിക്കുക തന്നെയാണ് കര്‍ണ്ണാ.നീതിപുര്‍വകമല്ല അവരുടെ വിജയങ്ങള്‍ എങ്കിലും അതെന്നെ അമ്പരപ്പിക്കുന്നു.

അതുകേട്ടു കര്‍ണ്ണന്‍ പറഞ്ഞു:

നീ ഹതാശനാകാതിരിക്കുക.അര്‍ജുനന് കൃഷ്ണനെ എന്നവിധം അനുയോജ്യനായ ഒരു സാരഥിയെ എനിക്ക് ലഭിച്ചാല്‍ തീര്ച്ചയായും വിജയം വരിക്കമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ആരെയാണ് നീ ആഗ്രഹിക്കുന്നത്?

ശല്യരെ.കൃഷ്ണന് അശ്വഹൃദയം അറിയാവുന്നത് പോലെ മഹാരഥനായ അദേഹത്തിന് ഹയജ്ഞാനം ഉണ്ട്.അസ്ത്രപ്രയോഗത്തിലും ആചാര്യന്‍ മുന്നിലല്ലേ?

അതുകേട്ടതും കര്‍ണ്ണന് ശുഭരാത്രി നേര്‍ന്നുകൊണ്ട് സുയോധനന്‍ നേരെ ശല്യരുടെ സമീപത്തേക്ക് ചെന്നു.സുയോധനന്റെ ആവശ്യം കേട്ട് കോപാകുലനായ ശല്യര്‍ ചോദിച്ചു:

നീ എന്നെ നിന്ദിക്കുകയാണോ?സുതപുത്രന്റെ സൂതത്തിനായി ഞാന്‍ പോകയോ?

അപ്പോള്‍ സുയോധനന്‍ അനുനയത്തില്‍ പറഞ്ഞു:

അങ്ങ് കോപിക്കരുത്.ഒരിക്കലും കര്‍ണ്ണന്റെ കരബലം അങ്ങയെക്കാള്‍ മേലെയല്ല.യുദ്ധാരംഭത്തില്‍ തന്നെ അങ്ങ് എനിക്ക് വാക്ക് തന്നിരുന്നതാണ് ഞാന്‍ എന്താവശ്യപ്പെട്ടാലും നിര്‍വഹിച്ചു തരാമെന്ന്.അങ്ങ് ആ വാക്ക് പാലിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അപ്പോള്‍ കോപം ഒതുക്കിക്കൊണ്ട് ശല്യര്‍ പറഞ്ഞു:

എന്നെ കര്‍ണ്ണന് മേലെയായി നീ പറഞ്ഞതുകൊണ്ട് ഞാന്‍ ഇത് അഗീകരിക്കുന്നു 

അതോടെ സംതൃപ്തനായി സുയോധനന്‍ തിരികെ പോന്നു.ഏതു പ്രഗത്ഭരും പുകഴ്ത്തലില്‍ വീണുപോകും എന്ന ആശയം സുയോധനന്‍ മനസിലോര്‍ത്തു പതിയെ ചിരിച്ചു.

൦൦൦

 

Wednesday, February 5, 2014

അദ്ധ്യായം-63,വേദനിച്ചോ ഗുരോ?

യുദ്ധത്തിന്റെ പതിനാലാം നാളില്‍  തുടക്കത്തിലെ, കര്‍ണ്ണന്‍ നകുലനെ നിരായുധനാക്കിയിട്ടും ഔധാര്യപുര്‍വ്വം വിട്ടയച്ചുകൊണ്ട്,അര്‍ജുനനെ മാത്രമേ വധിക്കൂ എന്ന് അമ്മക്ക് നല്‍കിയ വാക്ക് പാലിച്ചു!എന്നാല്‍ കര്‍ണ്ണനോട് തോറ്റ് മടങ്ങിയ നകുലന്‍ വളരെ വേഗം സുയോധനനെ നിരായുധനാക്കി.കര്‍ണ്ണന് ഭീമനില്‍ നിന്ന് പിന്നീട് പരാജയം ഉണ്ടാവുകയും ചെയ്തു.ഇപ്രകാരമുള്ള ജയപരാജയങ്ങളോടെയാണ് മധ്യാഹ്നംവരെ യുദ്ധം നീങ്ങിയത്!

ഉച്ചക്ക് ശേഷം പാണ്ഡവരെ നടുക്കും വിധം കൌരവമുന്നേറ്റം ഉണ്ടായി!പാഞ്ചാലിയുടെ പിതാവും ദ്രോണരുടെ പുര്‍വകാല സുഹൃത്തും ആയ ദ്രുപദനും,വിരാടരാജനും ഒരുമിച്ചു നിന്നാണ് ദ്രോണരോട് ഏറ്റത്.ആചാര്യനെ വളഞ്ഞു നിന്ന് അവര്‍ ആക്രമിച്ചു!എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ,ഒരേ വേളയില്‍ ദ്രോണര്‍ തൊടുത്ത ഇരു ശരങ്ങളെറ്റ് അവര്‍ മരിച്ചു വീണു!

അച്ഛന്റെ മരണം ധൃഷ്ടദ്യുമ്നനെ തെല്ലൊന്നുമല്ല പ്രകോപിതനാക്കിയത്!അയാള്‍ ക്രൌര്യത്തോടെ ദ്രോണര്‍ക്കു നേരെ ചീരിയടുത്തു!ചെവി മുട്ടുമാറ് ഇരുവരും വില്ല് വലിച്ച് ഏറ്റുമുട്ടി.എന്നാല്‍ അധികനേരം ദ്രോണരോട് എതിര്‍ത്തു നില്‍ക്കാന്‍ ധൃഷ്ടദ്യുമ്നന് ആയില്ല.അയാള്‍ തളര്‍ന്നു തുടങ്ങിയപ്പോഴേക്കും സുര്യന്‍ അസ്തമയം പൂകിയതിനാല്‍ യുദ്ധം അവസാനിച്ചു.എങ്കിലും അടുത്ത ദിവസത്തില്‍ താന്‍ ദ്രോണരെ വധിക്കുമെന്ന് ധൃഷ്ടദ്യുമ്നന്‍ ശപഥം ചെയ്തു!

ധൃഷ്ടദ്യുമ്നനന്റെ ശപഥത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചപ്പോള്‍ പതിവുപോലെ സ്വയംപ്രകീര്‍ത്തിച്ചുകൊണ്ട് അദ്ദേഹം സുയോധനനോട് പറഞ്ഞു:

ഹേ കുരുശ്രേഷ്ടാ,പാണ്ഡവ പക്ഷത്ത് എനിക്ക് സമമായി അര്‍ജുനന്‍ മാത്രമേയുള്ളൂ.അവനുപോലും എന്നെ വധിക്കുക അസാധ്യമാണ്.പിന്നെയാണോ ധൃഷ്ടദ്യുമ്നന്‍?

പതിനഞ്ചാം നാളിലെ യുദ്ധത്തില്‍ ദ്രോണര്‍ കുടുതല്‍ കരുത്തോടെ മുന്നേറി!ആ പരാക്രമണം പാണ്ഡവരെ നിലംപരിശാക്കും എന്നുപോലും തോന്നിപ്പോയി സുയോധനന്.എതിര്‍ത്തവരെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ട് പുകയില്ലാത്ത അഗ്നിപോലെ ശോഭിച്ചു ആചാര്യന്‍.സോമകരും പാഞ്ചാലരും മത്സ്യരും ആ ശസ്ത്രപ്രയോഗത്തിനു മുന്നില്‍ നിഷ്പ്രഭരായി തീര്‍ന്നു!പൊന്‍കോപ്പുകള്‍ അണിഞ്ഞ അവരില്‍ ഏറെപ്പേരും മുറിവേറ്റും ശിരസ്സറ്റും താഴെ വീണുകൊണ്ടിരുന്നു!ഒരു ബ്രാഹ്മണന്‍ ഈ വിധം കൊല ചെയ്യുന്നത് ഉചിതമല്ലെന്ന അഭിപ്രായം ഉയര്‍ന്നു വന്നെങ്കിലും അതൊന്നും വകവയ്ക്കാതെ അദ്ദേഹം മുന്നേറി!

മദ്ധ്യാഹ്നം ആയപ്പോഴേക്കും ദ്രോണര്‍പാണ്ഡവപക്ഷത്തു കനത്ത നാശം വിതച്ചു കഴിഞ്ഞിരുന്നു!അങ്ങിനെ പോരാടിക്കൊണ്ടിരിക്കെ ധൃഷ്ടദ്യുമ്നന്‍ അദ്ദേഹത്തിനു നേര്‍ക്ക്‌ കുതിച്ചെത്തി.ദ്രോണരോട് അയാള്‍ കൂടുതല്‍ വാശിയോടെ പോരാടിക്കൊണ്ടിരിക്കെ പാണ്ഡവപ്പടയില്‍ നിന്നും ഒരു ആരവം കേട്ടു.എല്ലാവരും അങ്ങോട്ട്‌ ശ്രദ്ധിച്ചപ്പോള്‍,മദ്യപിച്ച് ഉന്മത്തനായവനെപ്പോലെ,ചോര വാര്‍ന്നൊലിക്കുന്ന ഗദയും ഉയര്‍ത്തിപ്പിടിച്ച് ആഹ്ലാദത്തോടെ ഉറക്കെ ചിരിച്ചുകൊണ്ട് ഭീമന്‍ അങ്ങോട്ട്‌ കടന്നുവന്നു.ദ്രോണരേ കണ്ടതും അയാള്‍ വിളിച്ചു ചോദിച്ചു:

ആചാര്യന്‍ അറിഞ്ഞില്ലേ.അശ്വത്ഥാമാവ്  ചത്തു!

മകന്റെ മരണവാര്‍ത്തയറിഞ്ഞ നിമിഷം ദ്രോണര്‍ സ്തബ്ധനായി നിന്നു.ആ വാര്‍ത്ത അവിശ്വസനീയമായി തോന്നി സുയോധനന്.അയാള്‍ ദ്രോണ സമീപം പാഞ്ഞെത്തി.ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരിക്കുന്നത് സുയോധനന്‍ ആദ്യമായി കണ്ടു.

അപ്പോള്‍ അത് വഴി ധര്‍മ്മപുത്രര്‍ എത്തി.ആ പാണ്ഡവന്‍ സത്യം മാത്രമേ പറയു എന്നാണ് ഖ്യാതി.അദേഹത്തിന്റെ തേര്‍ നിര്‍ത്തിച്ച് ദ്രോണര്‍ സത്യം ആരാഞ്ഞു.ധര്‍മ്മപുത്രന്‍ മെല്ലെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

ഗുരോ,കൊല്ലപ്പെട്ടിരിക്കുന്നു അശ്വത്ഥാമാവ്..............

അത്രമാത്രമേ കേള്‍ക്കാനായുള്ളു സുയോധനനും അയാള്‍ മറ്റെന്തോകൂടി പറയുന്നുണ്ടായിരുന്നു.നിര്‍ഭാഗ്യവശാല്‍ ആസമയത്ത് കൃഷ്ണന്റെ ശംഖനാദധ്വനി മുഴങ്ങുകയും പാണ്ഡവരില്‍നിന്നും ആരവങ്ങള്‍ ഉയരുകയും ചെയ്തു!അതിനാല്‍മറ്റൊന്നുംവ്യെക്തമായില്ല.

ധര്‍മ്മപുത്രന്റെ വാക്കുകള്‍ കേട്ട് ഉടന്‍തന്നെ ശസ്ത്രങ്ങള്‍വെടിഞ്ഞ്ദ്രോണര്‍ തേര്‍ത്തട്ടില്‍ ഉപവിഷ്ടനായി!മുഖം തെല്ലുയര്‍ത്തി,നെഞ്ചുയര്‍ത്തി,നിശ്ചലനായി ഇരുന്നു.സത്വമൊത്തിരിക്കുന്ന സമയത്ത് കയ്യില്‍ വാളുമേന്തി,ക്രുദ്ധനായി തന്റെ തേര്‍വിട്ടു ചാടിവന്ന ധൃഷ്ടദ്യുമ്നന്‍,എല്ലാവരും നോക്കി നില്‍ക്കെ ആചാര്യന്റെ പുറകിലൂടെ പെട്ടെന്ന് വാള് വീശി!രക്തം ചീറ്റിയൊലിക്കുന്ന ആചാര്യന്റെ ഉടല്‍ താഴേക്കു പതിച്ചു!

ഇരു സൈന്യങ്ങളും നിശ്ചലം നില്‍ക്കെ,കയ്യില്‍ മുറിച്ചു പിടിച്ചിരുന്ന ആചാര്യന്റെ തല കൌരവ പക്ഷത്തേക്ക് കാല്‍കൊണ്ടു തട്ടിയെറിഞ്ഞു!അത് സുയോധനന്റെ മുന്നില്‍ ചെന്ന് വീണു!ചോരയും മണ്ണും കലര്‍ന്ന ആ ശിരസ്സ് സുയോധനന്‍ പതിയെ കയ്യിലെടുത്തു!

൦൦൦

 

Monday, February 3, 2014

അദ്ധ്യായം-62,മരണം കൊണ്ടുപോകും വരെ.

യുദ്ധം പതിമൂന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ സുയോധനന് തന്റെ മുപ്പത്തിമൂന്ന് സഹോദരങ്ങളെ നഷ്ട്ടപ്പെട്ടു കഴിഞ്ഞിരുന്നു!ഇന്നിപ്പോള്‍  ഏക സഹോദരിയുടെ ഭര്‍ത്താവായ ജയദ്രഥനും കൊല്ലപ്പെട്ടിരിക്കുന്നു.തനിക്കായി മരിച്ച അവരെക്കുറിച്ചെല്ലാം ഓര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ വലിയ ദുഃഖം തോന്നി.

അയാള്‍ പ്രിയ ചങ്ങാതിയായ കര്‍ണ്ണനെ അന്ന് രാത്രിതന്നെ ചെന്ന് കണ്ടു.തന്റെ സങ്കടങ്ങള്‍ക്കൊപ്പം ദ്രോണരുടെ നിലപാടുകളെപ്പറ്റിയും വിമര്‍ശിച്ചു സംസാരിച്ചു.അപ്പോള്‍ അനുനയ രൂപേണ കര്‍ണ്ണന്‍ പറഞ്ഞു:

അല്ലയോ,ഗാന്ധാരീ പുത്രാ.ആചാര്യനെ ഈ വിധം ഭാല്‍സിക്കരുത്.അദ്ധേഹം തന്റെ ശക്തിപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.

ആ വാക്കുകള്‍ സുയോധനന് അത്ഭുതം ഉളവാക്കി..പലമട്ടില്‍ കര്‍ണ്ണനെ ഉപദ്രവിച്ചിട്ടുള്ള ആളാണ്‌ ദ്രോണര്‍.എന്നിട്ടും അയാള്‍ ദ്രോണരെ തള്ളിപ്പറയാന്‍ കൂട്ടാക്കുന്നില്ല!കര്‍ണ്ണന്‍ തുഅര്‍ന്നു:

ചതികൊണ്ടാണ് പാണ്ഡവര്‍ ഇതുവരെ വിജയംകണ്ടത്.ബുദ്ധിപൂര്‍വ്വം ഒരു നല്ല കര്‍മ്മവും അവര്‍ ചെയ്തിട്ടില്ല.നീയോ അകര്‍മ്മകമായി പ്രവര്‍ത്തിച്ചിട്ടുമില്ല.അതിനാല്‍ നീ ധൈര്യമായി യുദ്ധം മുന്നോട്ടു കൊണ്ടുപോകുക.

അവരിങ്ങനെ സംസാരിച്ചു നില്‍ക്കെ,ഒരു ഭടന്‍ വന്ന് പാണ്ഡവര്‍ രാത്രി യുദ്ധത്തിനു സന്നദ്ധരായി വന്നിട്ടുള്ളതായി അറിയിച്ചു.സുയോധനന്‍ ഒന്ന് ശങ്കിച്ചു നിന്നു.രാത്രി യുദ്ധം അയാള്‍ പ്രതീക്ഷിച്ചതല്ല.എന്നാല്‍ കര്‍ണ്ണന്‍ ആയുധങ്ങളുമേന്തി തയ്യാറായിക്കഴിഞ്ഞു!

ഭീമപുത്രനായ ഘടോല്‍കചനെ മുന്‍നിര്‍ത്തിയാണ് പാണ്ഡവര്‍ യുദ്ധരംഗത്ത് എത്തിയിരിക്കുന്നത്.അത് പാണ്ഡവരുടെ മറ്റൊരു അടവാണ്.ഭീമന് രാക്ഷസിയില്‍ ജനിച്ച പുത്രനാണ് ഘടോല്‍കചന്‍.രാക്ഷസര്‍ക്ക് രാത്രിയില്‍ കാഴ്ച കൂടും.അത് കണക്കാക്കിയാണ് അവര്‍ പതിവിനു വിപരീതമായി രാത്രിയില്‍ യുദ്ധത്തിന് എത്തിയത്!

കര്‍ണ്ണനാണ് അവനോട് ഏറ്റത്.യുദ്ധ ധര്‍മ്മങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഘടോല്‍കചന്‍ ആക്രമിക്കുന്നത്.നിമിഷങ്ങള്‍ക്കകം തന്നെ തങ്ങള്‍ ഇല്ലാതാവും എന്ന നില വന്നപ്പോള്‍ സുയോധനന്‍ കര്‍ണ്ണനോട്‌ പറഞ്ഞു:

കര്‍ണ്ണാ,ഈ രാത്രി പുലരും മുന്‍പേ അവനെ വധിക്കുക.അതിന് നീ തുണയാവേണം


കര്‍ണ്ണന്‍ അതുകേട്ട് അല്‍പ്പനേരം തേര്‍ത്തട്ടില്‍ എന്തോ ആലോചിച്ചുനിന്നു.അനന്തരം കര്‍ണ്ണന്‍ തന്റെ പ്രിയപ്പെട്ട ശക്തിവേല്‍ കൈയ്യിലെടുത്തു.അലറിക്കുതിച്ചു വരുന്ന,പാര്‍വത രൂപിയായ ഘടോല്‍കചന്റെ ഹൃദയം ലക്ഷ്യമാക്കി അയാള്‍ അത് ചാട്ടിയെറിഞ്ഞു!ഒരു മിന്നല്‍പിണര്‍ പോലെ അത് കൃത്യമായി ലക്ഷ്യംകണ്ടു.ഒരു കൊടുങ്കാറ്റ് പോലെ ചുറ്റിത്തിരിഞ്ഞ് ഘടോല്‍കചന്‍ ചത്തു നിലത്തേക്കു വീണു.കൌരവ പക്ഷത്തു ഹര്‍ഷാരവങ്ങള്‍ ഉയര്‍ന്നു.പാണ്ഡവര്‍ ഹതാശരായി.അല്‍പ്പനേരം കഴിഞ്ഞ് ,പാണ്ഡവപക്ഷത്തുള്ള ബീഭത്സു സുയോധനനെ തേടിവന്നു.ഇന്നത്തെ യുദ്ധം അവസാനിപ്പിക്കുവാനും എല്ലാവരും ഉറക്കത്തിനായി പിരിയുവാനും പാണ്ഡവര്‍ ആഗ്രഹിക്കുന്നതായി അയാള്‍ അറിയിച്ചു.സുയോധനന്‍ അത് സമ്മതിക്കുകയും ചെയ്തു.

ഘടോല്‍കചനെ വധിച്ചതിനു എല്ലാവരും കര്‍ണ്ണനെ അഭിനന്ദിച്ചു.കര്‍ണ്ണന്‍ എന്നാല്‍ മൌനത്തിലായിരുന്നു!എല്ലാവരും ഒഴിഞ്ഞപ്പോള്‍ സുയോധനന്‍ കര്‍ണ്ണന്റെ ദുഖകാരണം തിരക്കി.കര്‍ണ്ണന്‍ പറഞ്ഞു:

ഘടോല്‍കചവധം എന്നെ സന്തോഷിപ്പിക്കുന്നില്ല സുയോധന.കാരണം മറ്റൊരാള്‍ക്കായി കാത്തു വച്ച ആയുധമാണ് എനിക്ക് അവനില്‍ പ്രയോഗിക്കേണ്ടി വന്നത്.

ഒന്നും മനസിലാവാതെ ,നോക്കിയിരിക്കുന്ന സുയോധനന് അരികിലേക്ക് ചേര്‍ന്നിരുന്നുകൊണ്ട് കര്‍ണ്ണന്‍ തുടര്‍ന്നു:

അന്ന് ,അമ്മ കുന്തീദേവി വന്നുപോയത്തിനു ശേഷം മറ്റൊരു ദിവസം എന്റെ പിതാവായ സുര്യദേവന്‍ വന്നിരുന്നു.അര്‍ജുന പിതാവായ ദേവേന്ദ്രന്‍ വരുമെന്നും അയാള്‍ ചോദിക്കുന്നതൊന്നും നല്‍കരുതെന്നും പറഞ്ഞ്‌ തിരികെ പോയി.

അല്‍പനേരം മൌനം പൂണ്ടതിനുശേഷം ,വിസ്മയ നേത്രനായിരിക്കുന്ന സുയോധനനോട് അയാള്‍ തുടര്‍ന്നു:

വൈകാതെ ഇന്ദ്രന്‍ എത്തി.എന്റെ ദാനശിലത്തെ മുതലെടുത്തുകൊണ്ട് എന്റെ ജന്മസിദ്ധമായ വജ്രകുണ്ഡലങ്ങള്‍ ആവശ്യപ്പെട്ടു.ഞാന്‍ ഒട്ടും മടിക്കാതെ അതെല്ലാം ഊരി നല്‍കിയതിനു പ്രതിഫലമായി ഇന്ദ്രന്‍ തന്നതാണ് വൈജയന്തി എന്ന് പേരുള്ള ആ ശക്തിവേല്‍ .ഒരാള്‍ക്ക്‌ നേരെ പ്രയോഗിക്കുനത്തോടെ ഇല്ലാതാവുന്ന അത് ഞാന്‍ അര്‍ജുനനായി കരുതി വച്ചിരുന്നതാണ്.പക്ഷെ........

എന്ത് പറയണമെന്ന് അറിയാതെ സുയോധനന്‍ നിശ്ചലം നിന്നു.പിന്നെ പതിയെ മനോനില വീണ്ടെടുത്ത് മെല്ലെ ചോദിച്ചു:

അപ്പോള്‍ ...എല്ലാം.......?

സുയോധനന്‍ മുഴുമിക്കും മുന്‍പേ കര്‍ണ്ണന്‍ പറഞ്ഞു:

അതെ,എനിക്ക് എല്ലാ ആശ്രയങ്ങളും നഷ്ട്ടപ്പെട്ടിരിക്കുന്നു.അമ്മയ്ക്ക് പകരമായി എനിക്ക് ലഭിച്ച എന്റെ സംരക്ഷിത വലയങ്ങള്‍ ,അമ്മക്ക് കൊടുത്ത,അര്‍ജുനനെ മാത്രമേ വധിക്കൂ എന്നവാക്കുപാലിക്കാന്‍ കാത്തുവച്ച ആയുധം എല്ലാംതന്നെ......


അല്‍പനേരം മിണ്ടാനാവാതെ നിന്ന കര്‍ണ്ണന്‍ സുയോധനന്റെ ചുമലില്‍ കൈവച്ചുകൊണ്ട് തുടര്‍ന്നു:

പക്ഷെ മഹാരാജാവേ,എന്തൊക്കെ നഷ്ട്ടപ്പെട്ടാലും അങ്ങയെ എനിക്ക് നഷ്ട്ടമാവരുത്.ഞാന്‍ അങ്ങേയുടെ കൂടെ എന്നുമുണ്ടാവും.മരണം എന്നെ കൊണ്ടുപോകും വരെ..........

വികാരാധീനനായ സുയോധനന്‍ കര്‍ണ്ണനെ വാത്സല്യപൂര്‍വം ആശ്ലേഷിച്ചു.

൦൦൦

അദ്ധ്യായം-61,ചതിയുടെ സുദര്‍ശനം !!

പുത്രവിയോഗത്താല്‍ തപ്തനായിരുന്നെങ്കിലും യുദ്ധത്തിന്റെ പതിമൂന്നാം ദിവസവും പതിവുപോലെ സുയോധനന്‍ അതിരാവിലെ തന്നെ എഴുന്നേറ്റു.ഭാനുമതിയെ നേരില്‍ കാണാനോ,ആശ്വസിപ്പിക്കുവാനോ  ഇതുവരെ കഴിയാത്തതിലും അയാള്‍ ദുഖിതനായിരുന്നു.എങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ അയാള്‍ തയ്യാറായില്ല.അത് തനിക്കുവേണ്ടി ജീവന്‍ വെടിഞ്ഞവരോടുള്ള മര്യാദകേടാവുമെന്നു അയാള്‍ക്ക്‌ ഒരിക്കല്‍ക്കൂടി തോന്നി.

ചക്രാട്യമായ ശകടവ്യൂഹവുമായിട്ടാണ് ദ്രോണരുടെ നേതൃത്തത്തില്‍ അന്ന് കുരുക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്‌.വ്യൂഹത്തിന്റെ സുചീമുഖത്ത് കൃതവര്‍മ്മാവ് ആണ്.അദേഹത്തിന് പിന്നിലായിരുന്നു സുയോധനന്റെ സ്ഥാനം.കര്‍ണ്ണന്‍ സുയോധനന് പുറകില്‍ നിന്നു.കര്‍ണ്ണന്‍ ദുഖിതനും നിശബ്ധനും ആയിരുന്നു!അത് ശ്രദ്ധിക്കവേ ദ്രോണര്‍ ഏവരോടുമായി പറഞ്ഞു:

കുമാരന്മാരുടെ വധം പൊറുക്കാവുന്നതല്ല.പാണ്ഡവര്‍ വൈരികളാണ്.അഭിമന്യുവിനെ കൊന്ന ജയദ്രദനെ വധിക്കാതെ താന്‍ അടങ്ങുകയില്ലായെന്ന് അര്‍ജുനന്‍ ശപഥം ചെയ്തിരിക്കുന്നു.അത് സംഭവിക്കാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.

പിന്നീട് ദ്രോണര്‍ സ്വന്തം തെരിലേക്ക് കയറി.അവിടെ നിന്ന് സൈന്യത്തെ ആകമാനമോന്നു വീക്ഷിച്ചിട്ടു ഉറക്കെ പറഞ്ഞു:

നൂറായിരം കുതിരകള്‍ക്കും അറുപതിനായിരം തേരിനും പതിനാലായിരം ഗജങ്ങള്‍ക്കും ഇരുപത്തോരായിരം പദാതികള്‍ക്കും മൂന്നു വിളിപ്പാട് ദൂരെയായാണ്‌ ഞാന്‍ ജയദ്രദനെ സംരക്ഷിച്ചു നിര്‍ത്തിയിട്ടുള്ളത്.അതിനും മുന്‍പില്‍ നമ്മുടെ ഈ ശകടവ്യൂഹവുമുണ്ട്.അതിനാല്‍ അയാള്‍ക്ക്‌ സമീപമെത്തുക ഇന്ദ്രനുപോലും സാധ്യമല്ല.

ഇത്രയും പറഞ്ഞുകൊണ്ട് അദ്ദേഹം പടപ്പുറപ്പാടിന് കല്‍പ്പിച്ചു.ശംഖനാദങ്ങളും ഭേരീരവങ്ങളുമായി മുന്നേറിയ കൌരവപ്പടയെ അര്‍ജുനന സേന ആദ്യമേതന്നെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.മനോനില അന്യം വന്നതുപോലെ,ഭയാനകമായ ആക്രമണമായിരുന്നു അര്‍ജുനന്റെത് ജയദ്രദവധമല്ലാതെ മറ്റൊന്നും അയാള്‍ ലക്‌ഷ്യം വയ്ക്കുന്നില്ല!സുര്യാസ്തമയത്തിനു മുന്‍പായി അത് സാധിച്ചില്ലെങ്കില്‍ ജീവത്യാഗം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്ന അര്‍ജുനന് മറ്റൊന്നും പ്രശ്നമായില്ല.അധികം വൈകാതെ അര്‍ജുനന്‍ സുയോധന സഹോദരനായ ദുര്‍മ്മഷണനെ,പഴുത്ത പനംകായ് പോലെ അരിഞ്ഞുവീഴ്ത്തി!

അര്‍ജുനനോടു എതിരിട്ടവരെല്ലാം പരാജിതരായി മടങ്ങി.പടത്തല മുടിച്ചു മുന്നേറാന്‍ ശ്രമിച്ച അര്‍ജുനനെ തടയാന്‍ കഴിയാതെ ദുസ്സാസ്സനന് പിന്തിരിയേണ്ടിവന്നു!അര്‍ജുനന്‍ മുന്നോട്ടു കടക്കുമ്പോള്‍ അവനെ ദ്രോണാചാര്യര്‍ ഉപരോധിച്ചുകൊണ്ട് പറഞ്ഞു:

ഹേ,അര്‍ജുനാ.എന്നെ മറികടക്കാതെ,വധിക്കാതെ നിനക്ക് ജയദ്രദവധം സാധ്യമാവില്ല.

അതുകേട്ട് അര്‍ജുനന്‍ ക്രോധത്തോടെ അസ്ത്രം തൊടുത്തു.അപ്പോള്‍ കൃഷ്ണന്‍ എഴുന്നേറ്റു നിന്ന് അര്‍ജുനന്റെ കാതില്‍ എന്തോ പറഞ്ഞു!ഉടന്‍ അര്‍ജുനന്‍ വില്ല് താഴ്ത്തികൊണ്ട് ദ്രോണരോട് പറഞ്ഞു:

ആചാര്യ,അങ്ങ് എന്റെ ശത്രുവല്ല.ഗുരുവാണ്.ഗുരുവിനോട് എതിരിടാന്‍ ഈ ശിഷ്യന് ആവില്ല.

അതോടെ കൃഷ്ണന്‍ തേര് തിരിച്ചു.അര്‍ജുനന്‍ പിന്‍വാങ്ങിയതുകണ്ട് ദ്രോണരും പിന്തിരിഞ്ഞു.എന്നാല്‍ ഉടന്‍ കൃഷ്ണന്‍ തേര്‍ വളരെ വേഗം തിരിച്ച് ശക്രവ്യൂഹത്തിലേക്ക് പായിച്ചു!അവിചാരിതമായ ആ കടന്നുവരവ് കൌരവ സേനയെ ശിഥിലമാക്കി.അപ്പോള്‍ സുയോധനനെ നോക്കിക്കൊണ്ട് ആത്മഗതമെന്നതുപോലെ ദ്രോണര്‍ പറഞ്ഞു:

ഗുരുവിനെ എതിര്‍ക്കാന്‍ മടിച്ചവന്,ചതിക്കാന്‍ മടിയില്ല!

പിന്നെ സുയോധനനോട് അദ്ദേഹം പറഞ്ഞു:

നീ...നീ തന്നെ അര്‍ജുനനെ എതിരിടുക

അതുകേട്ട് ആശ്ചര്യം പൂണ്ട സുയോധനനോട് അദ്ദേഹം തുടര്‍ന്നു:

നിനക്കതിനു കഴിയും കൌരവശ്രേഷ്ഠ.അസ്ത്രമെല്‍ക്കാത്ത വിധമുള്ള കാഞ്ചനച്ചട്ട നിന്നെ ഞാന്‍ അണിയിക്കാം.അര്‍ജുനന് അത് മുറിക്കുക സാധ്യമല്ല.ധൈര്യമായി പോകുക.ഈ ചതിക്കുള്ള ശിക്ഷ നീ തന്നെ നല്‍കുക. 

സുയോധനനെ പുശ്ചത്തോടെയാണ് അര്‍ജുനന്‍ എതിരേറ്റത്‌!അര്‍ജുനന്റെ ശരവര്‍ഷം സുയോധനന്റെ ശരിരത്തില്‍ തട്ടി ചിന്നിച്ചിതറി!അപ്പോള്‍ അര്‍ജുനന്‍ തേര്‍ത്തട്ടില്‍ നിന്നുകൊണ്ട് ദ്രോണരെ തലയുയര്‍ത്തി നോക്കി.പിന്നെ,എന്തോ നിശ്ചയിച്ചുറപ്പിച്ച്,സുയോധനനെ അവഗണിച്ച്,അയാളുടെ കുതിരകളിലേക്ക് അസ്ത്രങ്ങള്‍ എയ്തു!നിലംപതിക്കുന്ന കുതിരകള്‍ക്കൊപ്പം തേരും തകര്‍ന്നു വീണു!അര്‍ജുനന്‍ മറ്റൊരു അധര്‍മ്മം കൂടി ചെയ്തിരിക്കുന്നു.അയാള്‍ കൈകള്‍ ഉയര്‍ത്തി,അര്‍ജുനനോടു നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ പാഞ്ഞുവന്ന അര്‍ജുന ശരങ്ങള്‍ സുയോധനന്റെ കൈത്തലം തുളച്ചു!ചോര വാര്‍ന്നു വീഴുന്ന കരങ്ങളോടെ സുയോധനന്‍ നിലത്തേക്കു പതിച്ചു!

ഉടന്‍ അര്‍ജുനന്‍ വളരെ സാഹസികമായി ജയദ്രതന്‍ നില്‍ക്കുന്ന ദിക്കിലേക്ക് തിരിച്ചു!മുറിവേറ്റവനെങ്കിലും ജയദ്രധനെ രക്ഷിക്കാനായി സുയോധനനും അങ്ങോട്ട്‌ പാഞ്ഞു.ജയദ്രദനു ചുറ്റും കര്‍ണ്ണനും കൃപരും അശ്വത്ഥാമാവും വൃഷസേനനും നിന്നിരുന്നു.അവര്‍ക്ക് നടുവില്‍ നിന്ന് ജയദ്രദന്‍പൊരുതി.

ചതുരംഗ സൈന്യത്തിന്റെ രക്ഷ അയാള്‍ക്കുണ്ടെന്നു മനസ്സിലാക്കിയ സുയോധനന്‍ അവിടെ നിന്ന് അല്പം മാറി വിശ്രമിച്ചു.ഇടയ്ക്കിടയ്ക്ക് സുയോധനന്‍ മാനത്തേക്ക് നോക്കി.ചതുര്‍ വീരന്മാരെ മറികടക്കാന്‍ അര്‍ജുനന് ആവുന്നില്ല!സുര്യന്‍ അസ്തമിച്ചാല്‍,മാനം കറുത്താല്‍ പിന്നെ അര്‍ജുനന് ജയദ്രഥനെവധിക്കാനാകില്ല!അല്‍പസമയംകൂടിയേഅസ്തമയത്തിനുള്ളൂ!

പെട്ടെന്ന് സുര്യന്‍ ഇരുണ്ടു.സന്ധ്യയെത്തിയതിനാല്‍ പക്ഷികള്‍ കൂടുകളിലേക്ക് മടങ്ങി.ഈ സമയം വിജയശ്രീലാളിതനായി സുയോധനന്‍ വിളിച്ചു പറഞ്ഞു:

സൂര്യന്‍ അസ്തമിച്ചു!ഇനി യുദ്ധം അവസാനിപ്പിക്കാം.ജയദ്രഥന്‍ ഇനി ധൈര്യത്തോടെ നിരായുധനായി മുന്നോട്ടു വന്നുകൊള്ളട്ടെ.അര്‍ജുനന് പ്രതിഞ്ജ പാലിക്കാന്‍ ആയില്ല.

എല്ലാവരും ആയുധം മടക്കി.പെട്ടെന്ന് എങ്ങും പകല്‍ വെളിച്ചം പരന്നു!ആ വെളിച്ചത്തില്‍,നിരായുധനായി നില്‍ക്കുന്ന ജയദ്രഥന്റെ ശിരസ്സ് അര്‍ജുനാസ്ത്രം മുറിച്ചിട്ടു!

കൃഷ്ണന്‍ സുദര്‍ശനചക്രത്താല്‍ സൂര്യനെ മറച്ചതാണ്.അത് മാത്രമല്ല,നിരായുധനായ ജയദ്രഥനെ വധിച്ചതും ചതിയാണ്.സുയോധനന്‍ ദ്രോണരെ തിരിഞ്ഞു നോക്കി.ആചാര്യനപ്പോള്‍ നിശബ്ധനായി അയാളെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു!

൦൦൦


Sunday, February 2, 2014

അദ്ധ്യായം-60,അന്ത്യചുംബനം

യുദ്ധത്തിന്റെ പന്ത്രണ്ടാം നാള്‍ ,രണാങ്കണത്തിലേക്ക് ചക്രവ്യൂഹവുമായി പ്രവേശിക്കുമ്പോള്‍ ദ്രോണര്‍ പറഞ്ഞു;

നമ്മുടെ വ്യൂഹം തകര്‍ക്കാന്‍ അര്‍ജുനന് സാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.ആയതിനാല്‍ വിജയം നമുക്കാവും.

അനന്തരം ആചാര്യന്‍ സുയോധനപുത്രനായ ലക്ഷ്മണനെ അരികില്‍ ചേര്‍ത്തുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു:

വീരനായ ഇവന്‍ ഇന്ന് വ്യൂഹത്തിന് മുന്നില്‍ നില്‍ക്കട്ടെ.

ആ നിര്‍ദേശംസുയോധനന് ഉള്‍ക്കൊള്ളാനായില്ല.അവനുപകരം താന്‍ നില്‍ക്കാമെന്നു പറഞ്ഞപ്പോള്‍ ദ്രോണര്‍ അയാളെ തടഞ്ഞുകൊണ്ട്‌ പറഞ്ഞു;

ഓരോരുത്തര്‍ക്കും യധാവിധിയുള്ള സ്ഥാനങ്ങള്‍ ഉണ്ട്.ദുര്യോധന,പടക്ക് നടുവിലാണ് നിന്റെ സ്ഥാനം.നിനക്ക് ഇടതും വലതുമായി കര്‍ണ്ണനും ദുസ്സാസനനും നില്‍ക്കും.പടത്തലയ്ക്കല്‍ ഞാനുള്ളപ്പോള്‍ ഭയമെന്തിന്?

പട ആരംഭിച്ചപ്പോള്‍ ,പ്രതീക്ഷിച്ചതുപോലെ അര്‍ജുനനല്ല എതിരിട്ടത്‌.അയാളുടെ പുത്രനായ അഭിമന്യുവാണ് പ്രതിരോധവുമായെത്തിയത്.അയാള്‍ ആചാര്യനോട് അടരാടും നേരം അദ്ദേഹം വിളിച്ചുപറഞ്ഞു:

ഹേ,അര്‍ജുന പുത്രാ.മടങ്ങിക്കൊള്ളൂക.നിന്റെ പിതാവിനുപോലും കഴിയില്ല ഈ ചക്രവ്യൂഹം തകര്‍ക്കാന്‍.

ആ വാക്കുകള്‍ പുശ്ചത്തോടെയാണ് അഭിമന്യു ഉള്‍ക്കൊണ്ടത്‌.അഹങ്കാരത്തോടെ അയാള്‍ ഇങ്ങിനെ പ്രതികരിച്ചു;

അങ്ങ് കണ്‍ നിറയെ കണ്ടുകൊള്ളൂ എന്റെ യുദ്ധവീര്യം.കൌരവശ്രേഷ്ഠനായ ദുര്യോധനന്റെ ശിരസ്സ് ഈ മണ്ണില്‍ വീഴുന്നത് ഇന്ന് അങ്ങേക്ക് കാണാം.

അത്രയും പറഞ്ഞ് അയാള്‍ മദിച്ച ഒരാനയെപ്പോലെ മുന്നോട്ട് കുതിച്ചു.ദ്രോണരെ തന്ത്രപൂര്‍വം പെട്ടെന്ന് മറികടന്നുകൊണ്ട്‌ അയാള്‍ വ്യൂഹത്തിന് അകത്തേക്ക് കയറി.സുയോധനനെ ലക്ഷ്യമിട്ട് വരുന്ന അയാളെ സഹോദരന്മാരായ സുഷേണനും ദീര്‍ഘലോചനനും കുണ്ഡഭേദിയും മാറിമാറി എതിര്‍ത്തെങ്കിലും അവരെയെല്ലാം അയാള്‍ വധിച്ചു.സഹോദരന്മാര്‍ വധിക്കപ്പെട്ടത് കണ്ട് ക്രുദ്ധനായ ദുസ്സാസനന്‍ അഭിമന്യുവിനെ എതിര്‍ത്തു.എന്നാല്‍ ആ വീര്യത്തിനു മുന്‍പില്‍ ദുസ്സാസനന് ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല.

അപ്പോള്‍ കര്‍ണ്ണന്‍ ദുസ്സാസന രക്ഷക്കെത്തി.തീക്ഷണ ശരങ്ങളാല്‍ കര്‍ണ്ണന്‍ അഭിമന്യുവിനു മുന്നില്‍ നിന്നുവെങ്കിലും ആ അസ്ത്രപ്രയോഗങ്ങള്‍ അയാള്‍ക്ക്‌ മുന്നില്‍ വൃഥാവിലായി.തന്റെ ശിരസ്സെന്ന ലക്‌ഷ്യം സാധിക്കാതെ അഭിമന്യു മടങ്ങില്ലെന്ന് സുയോധനന് തോന്നി.പെട്ടെന്ന് തന്നെ കര്‍ണ്ണനെയും മറികടന്ന് അയാള്‍ സുയോധനന് മുന്നില്‍ കുതിച്ചെത്തി!സര്‍വ്വശക്തിയുമായി അയാള്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മരണത്തെ മുഖാമുഖം കണ്ട അയാള്‍ അവസാനമായിട്ടെന്ന വണ്ണം സ്വപുത്രനായ ലക്ഷ്മണനെ നോക്കി.പിതാവിന്റെ അവസ്ഥ കണ്ടറിഞ്ഞ അവന്‍ ക്രോധത്തോടെ അഭിമന്യുവിന് അഭിമുഖം നിന്നു.

നിര്‍ഭയനായി അവന്‍ അഭിമന്യുവിനെ എതിരിട്ടു.അധികം വൈകാതെ അഭിമന്യു ലക്ഷ്മണനെ നിരായുധനാക്കിത്തിര്‍ത്തു!അയാളെ നോക്കിക്കൊണ്ട് അഹങ്കാരത്തോടെ അഭിമന്യു പറഞ്ഞു:

നീ ലോകമൊക്കെ നല്ലവണ്ണം ഇപ്പോള്‍ കണ്ടുകൊള്ളുക.നിന്റെ അച്ഛന്‍ കാണ്‍കെ നീ യമലോകം പൂകാന്‍ പോകുകയാണ്.

അത്രയും പറഞ്ഞുകൊണ്ട് അഭിമന്യു വില്ല് തൊടുത്തു.സുയോധനന്‍ അവിടേക്ക് അണയാന്‍ ശ്രമിച്ചപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു!അഭിമന്യുവിന്റെ അസ്ത്രങ്ങള്‍ ഏറ്റു ലക്ഷ്മണന്‍ നിലത്തേക്കു വീണു.സ്വപുത്രന്റെ വിയോഗത്തില്‍ സുയോധനന്‍ വാവിട്ടുകരഞ്ഞു.ചോര വാര്‍ന്നൊലിക്കുന്ന പുത്രനെ പുണര്‍ന്നുകൊണ്ട് അയാള്‍ മനോനില കൈവിട്ട്‌ അലറി:

കൊല്ലുക.പകരത്തിനു പകരം വീട്ടുക.ആരുണ്ട് ഇത് ചെയ്യാന്‍.

അയാളുടെ ആക്രോശം കേട്ട് ദ്രോണരും കര്‍ണ്ണനും അവിടെയെത്തി.അപ്പോള്‍ ഓടിവന്ന,സുയോധനന്റെ സഹോദരി ഭര്‍ത്താവായ ജയദ്രദന്‍ ഉറക്കെ വിളിച്ചുപറഞ്ഞു:

അങ്ങ് കണ്ടുകൊള്ളുക അര്‍ജുനപുത്ര വധം.

പെട്ടെന്ന് അയാള്‍ അഭിമന്യുവിനു നേര്‍ക്ക്‌ കുതിച്ചു.അധികം കഴിയും മുന്‍പേ അഭിമന്യു വധിക്കപ്പെട്ട വാര്‍ത്ത എങ്ങും പരന്നു.എന്നാല്‍ അതൊന്നും സുയോധനനെ ആശ്വസിപ്പിച്ചില്ല.അയാള്‍ യുദ്ധം നിര്‍ത്തി ദുഖത്തോടെ ശിബിരത്തില്‍ തന്നെ ഇരുന്നു.

ഇരുപക്ഷത്തെയും പുത്രന്മാര്‍ കൊല്ലപ്പെട്ടതിനാല്‍ യുദ്ധം നിര്‍ത്തിവക്കാനുള്ള ആവശ്യം ഉയര്‍ന്നു.സുയോധനന് അത് സമ്മതമായിരുന്നു.എന്നാല്‍ പാണ്ഡവര്‍ അതിനു തയ്യാറായില്ല!മാത്രമല്ല പുത്രവധത്തില്‍ ക്രുദ്ധനായ അര്‍ജുനന്‍,പിറ്റേന്നുള്ള സുര്യാസ്തമയത്തിനു മുന്‍പ് ജയദ്രഥനെ വധിക്കുമെന്ന് പ്രതിഞ്ജ ചെയ്യുകയും ചെയ്തു!

സുയോധനന്‍ മകന്റെ സംസ്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ കൊട്ടാരത്തില്‍ നിന്നും ഭാനുമതിയുടെ ദ്യൂതെത്തി.മകനെ കൊട്ടാരവളപ്പില്‍ സംസ്കരിക്കണം എന്നായിരുന്നു അവളുടെ ആവശ്യം.അയാള്‍ തടസ്സം പറഞ്ഞില്ല.മകന്റെ പ്രകാശമാനമായ മുഖത്ത് അന്ത്യചുംബനമര്‍പ്പിച്ച് അയാള്‍ കൊട്ടാരത്തിലേക്കുള്ള ശവഘോഷയാത്രക്ക്‌ അനുമതി നല്‍കിക്കൊണ്ട് ആരും കാണാതെ വിതുമ്പിക്കരഞ്ഞു...

൦൦൦

Saturday, February 1, 2014

അദ്ധ്യായം-59,ഹൃദയം പിളര്‍ന്ന് മണ്ണിലേക്ക്

ഭീക്ഷ്മര്‍ക്ക് പകരം സാരഥ്യം ഏറ്റെടുക്കാന്‍ കര്‍ണ്ണന്‍ തയ്യാറായില്ല!കര്‍ണ്ണന്‍ ദ്രോണരെ ആ ചുമതല ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.അത് ന്യായമാണെന്ന് സുയോധനനും തോന്നി.ആചാര്യനെ മറികടന്ന്‌ കര്‍ണ്ണനെ സേനാപതിയാക്കിയാല്‍ അത് യുദ്ധത്തെ ബാധിക്കുകതന്നെ ചെയ്യും.അതിനാല്‍ സുയോധനന്‍ ദ്രോണരെ ചെന്ന് കണ്ടു.ദ്രോണര്‍ പറഞ്ഞു:

കൌരവര്‍ഷഭനായ ഗംഗാപുത്രന് ശേഷം എന്നെ സെനാപതിയാക്കാന്‍ നീ തീരുമാനിച്ചതില്‍ എനിക്ക് സന്തോഷം.ഇതിനു തക്ക പ്രതിഫലം ഞാന്‍ നിനക്ക് തരുന്നതാണ്.ഞാന്‍ നിനക്ക് ആദ്യം എന്തിഷ്ടമാണ് നിവര്‍ത്തിച്ചു തരേണ്ടത്‌ ?

അദ്ധേഹത്തിനു മുന്‍പില്‍ അല്‍പ്പനേരം മൌനം പുണ്ട് നിന്നതിനുശേഷം സുയോധനന്‍ പറഞ്ഞു:

എനിക്ക് വരം തരുവാന്‍ അങ്ങ് തയ്യാറായതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു.അങ്ങേക്ക് കഴിയുമെങ്കില്‍ പാണ്ഡവരില്‍ മുത്തവനായ ധര്‍മ്മപുത്രരേ ഭവാന്‍ ജീവനോടെ പിടിച്ച് എനിക്കരികില്‍ എത്തിക്കണം.ആ നിമിഷം ഞാന്‍ യുദ്ധം അവസാനിപ്പിക്കാം.എനിക്ക് ഇതല്ലാതെ മറ്റൊരു മോഹവുമില്ല.

നിന്റെ ആഗ്രഹം സാധിക്കുമാറാകട്ടെ!നീ ധന്യനായ യുധിഷ്ഠിരനെ ജീവനോടെ പിടിക്കുവാനാണല്ലോ ആവസ്യപ്പെടുന്നത്!എന്തുകൊണ്ട് നീ അവന്റെ മരണം ആഗ്രഹിക്കുന്നില്ല?

അപ്പോള്‍ സുയോധനന്‍ പറഞ്ഞു:

ഗുരോ,പോരില്‍ ധര്‍മ്മപുത്രനെ കൊന്നതുകൊണ്ട് മാത്രം വിജയം എനിക്ക് ഉണ്ടാവുകയില്ലായെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് ?

അതുകേട്ട് സുയോധനനെ പുണര്‍ന്നുകൊണ്ട് ദ്രോണര്‍ പറഞ്ഞു:

വീരനായ ധര്‍മ്മപുത്രനെ,അര്‍ജുനന്‍ പോരില്‍ കാക്കില്ലായെങ്കില്‍ നിന്റെ ആഗ്രഹം നടന്നുവെന്നുതന്നെ നീ കരുതിക്കൊള്ളുക.

പിന്നെ പതിയെ സുയോധനനെ വിട്ട്‌,മുറിയിലൂടെ മെല്ലെ ഉലാത്തിക്കൊണ്ട് ദ്രോണര്‍ തുടര്‍ന്നു:

അര്‍ജുനന്‍ കാക്കുന്ന ധര്‍മ്മപുത്രനെ കീഴടക്കാന്‍ ആര്‍ക്കും സാധ്യമാവില്ല.ഫല്‍ഗുനന്‍ എന്റെ പ്രിയ ശിഷ്യനായതുകൊണ്ടല്ല,അസ്ത്രപ്രയോഗത്തില്‍ അയാള്‍ എനിക്ക് മീതെ ആയതുകൊണ്ടാണ്‌!

സുയോധനന് സമീപം വന്നു നിന്നുകൊണ്ട് ദ്രോണര്‍ തുടര്‍ന്നു:

നീ സാമര്‍ത്ഥ്യം കൊണ്ട് അര്‍ജുനനെ ധര്‍മ്മപുത്രനില്‍നിന്നും അകറ്റണം.ഒരു മുഹൂര്‍ത്ത മാത്ര മാത്രം മതിയാകും അത്...

 പറഞ്ഞപ്രകാരം പതിനൊന്നാം നാളിലെ കൌരവ സേനാധിപനായി ദ്രോണര്‍ ശോഭിച്ചു.ഗരുഡവ്യൂഹമായിരുന്നു കൌരുവരുടെത്.മുഖമായി ആചാര്യന്‍ തന്നെ നിലകൊണ്ടു.തുടക്കം മുതല്‍ തന്നെ അദ്ദേഹം യുധിഷ്ഠിരനെ ലക്ഷ്യമിട്ടു നീങ്ങി.

മധ്യാഹ്നമായിട്ടും ധര്‍മ്മപുത്രരില്‍ നിന്നും അര്‍ജുനനെ മാറ്റിനിര്‍ത്തുവാന്‍ സുയോധനനായില്ല.അര്‍ജുനന്‍ തനിച്ചു സംശപ്തന്മാരോട്  പോരാടിയ വേളയില്‍ ധര്‍മ്മപുത്രനെ തനിച്ചു കിട്ടിയതാണ്.എന്നാല്‍ ദ്രോണര്‍ക്കു ഒന്നും ചെയ്യാനായില്ല!

ഉച്ചഭക്ഷണത്തിനായി പിരിയും നേരം ദ്രോണര്‍ സുയോധനനോട്‌ പറഞ്ഞു:

നീ കണ്ടല്ലോ അര്‍ജുനന്റെ പരാക്രമണങ്ങള്‍.അവന്റെ അസ്ത്രപീഡയാല്‍ നമ്മുടെ പക്ഷത്ത് ഏറെപ്പേര്‍ കൊല്ലപ്പെട്ടു.അതിനാല്‍ ഉചിതമായ മറ്റെന്തെങ്കിലും വഴി നീ ആലോചിച്ചു കൊള്ളുക.

അതറിഞ്ഞ് സുയോധന പക്ഷത്തെ,പ്രാഗ്ജ്യോതിഷപുര രാജാവായ ഭഗദത്തന്‍ സുയോധനനോട്‌ താന്‍ അര്‍ജുനനോട് ഏറ്റുകൊള്ളാം എന്ന് പറഞ്ഞു.ഭാഗദത്തന്റെ വീര്യവും ആത്മാര്‍ത്ഥതയും തിരിച്ചറിഞ്ഞ സുയോധനന്‍ അതിനനുമതി നല്‍കി.ഗജവീരന്മാരുമായി,ആനപ്പുറമേറിയാണ് ഭഗദത്തന്‍ അര്‍ജുനനോട് ഏറ്റത്.പലപ്പോഴും ഭഗദത്തന്റെ ശരവേഗത്തിനൊപ്പമെത്താന്‍ അര്‍ജുനന് ആയില്ല!അര്‍ജുനനെ ആക്രമിക്കുന്നതിനിടയില്‍,തേരാളിയായ കൃഷ്ണന് ശരമേറ്റു!നിലതെറ്റിയ കൃഷ്ണന്‍ തേരില്‍ നിന്നും തെറിച്ചു വീണു.കൃഷ്ണന്റെ പതനം ഏവരെയും അത്ഭുതപ്പെടുത്തി.അതില്‍ ലജ്ജിതനായ അര്‍ജുനന്‍ ഭഗദത്തന്റെ ആനയെ ആക്രമിച്ചു.അര്‍ജുന ശരങ്ങളെറ്റ ഗജേന്ദ്രന്‍,നൂലറ്റ പട്ടംപോലെ താഴെ വീണു.പാഞ്ഞടുത്ത ഫല്ഗുനനെ ഭഗദത്തന്‍ തന്റെ വൈഷ്ണവാസ്ത്രം കൊണ്ട് തടയാന്‍ ശ്രമിച്ചു.എന്നാല്‍ അത് അര്‍ജുനന്റെ ശരീരം സ്പര്‍ശിക്കാതെ കൃഷ്ണന്‍ തട്ടിക്കളഞ്ഞു!അര്‍ജുനന്‍ അയാളുടെ ആനയെ വീണ്ടും ആക്രമിച്ചു.അത് തടയാന്‍ ഉദ്യമിച്ച ഭഗദത്തന്റെ നെഞ്ചിലേക്ക് അര്‍ജുനന്‍ അസ്ത്രമെയ്തു!അയാളുടെ ഹൃദയം പിളര്‍ന്ന് അര്‍ജുനന്റെ അര്‍ദ്ധചന്ദ്ര ശരം മണ്ണില്‍ കുത്തിനിന്നു വിറച്ചു!

൦൦൦


Monday, January 27, 2014

അദ്ധ്യായം-58,ശരശയ്യയില്‍

പത്താം നാളിലെ യുദ്ധം ആരംഭിക്കുമ്പോള്‍ തന്നെ പാണ്ഡവര്‍ ശിഖണ്ഡിയെ ഭീക്ഷ്മര്‍ക്ക് നേര്‍ നിര്‍ത്തി.അര്‍ജുനനും അഭിമന്യുവും സാത്യകിയും ദ്രൌപതീ പുത്രന്മാരും ശിഖണ്ഡിയുടെ രക്ഷക്കായി അണിനിരന്നിരുന്നു.അതുകണ്ട് ദുസ്സാസനന്‍ സുയോധനനോട്‌ പറഞ്ഞു:

ഈ യുദ്ധത്തില്‍ തന്നെ ജയിക്കേണ്ട വിധം ഇന്നലെ പിതാമഹന്‍ പാണ്ഡവര്‍ക്ക് പറഞ്ഞു കൊടുത്തുവെന്ന് കേട്ടത് സത്യമാണെന്ന് തോന്നുന്നു.ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയെ അവര്‍ മുന്നിര്‍ത്തുന്നത് അതുകൊണ്ടാണ്.
 
സുയോധനന്‍ ഒന്നും മറുപടി പറഞ്ഞില്ല.സഹായികള്‍ എപ്പോള്‍ വേണമെങ്കിലും വൈരികള്‍ ആവാമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നതാണ്!സുയോധനന്‍ മറുപടിയൊന്നും പറയുന്നില്ലെന്നു കണ്ടു ദുസ്സാസനന്‍ ഭീക്ഷ്മരുടെ അരികിലേക്ക് പോയി.ചെന്നപാടെ അയാള്‍ അര്‍ജുനനെ തടയാന്‍ ശ്രമിച്ചു.ദുസ്സാസനന്റെ ആക്രമത്തില്‍ ആദ്യം പരിക്കേറ്റത് കൃഷ്ണനാണ്!അതില്‍ കോപം പുണ്ട അര്‍ജുനന്‍ ദുസ്സാസനനുനേര്‍ക്ക്‌ ആക്രമണം അഴിച്ചുവിട്ടു! എന്നാല്‍ അതിനെ സാഹസികമായി പ്രതിരോധിച്ചുകൊണ്ട്  ദുസ്സാസനന്‍ അര്‍ജുനന്റെ നെറ്റിത്തടം അമ്പെയ്തു മുറിച്ചു!

അപമാനിതനായ അര്‍ജുനന്‍  ചൊടിച്ചുകൊണ്ടു ദുസ്സാസനനെ ക്രീഡിക്കാന്‍ തുടങ്ങി.അര്‍ജുനന്റെ വിക്രമത്തിന് മുന്‍പില്‍ അധികനേരം പിടിച്ചു നില്‍ക്കാന്‍ ദുസ്സാസ്സനന് ആയില്ല.അയാളെ സഹായിക്കാന്‍ സുയോധനന്‍ ഓടിയണഞ്ഞപ്പോഴേക്കും അര്‍ജുന ശരമേറ്റ് ദുസ്സാസനന്‍ വീണിരുന്നു!അതോടെ അര്‍ജുനന്‍ വീണ്ടും ഭീക്ഷ്മര്‍ക്ക്നേരെ തിരിഞ്ഞു.ആസമയം സുയോധനന്‍ ദുസ്സാസനനെ താങ്ങിയെടുത്ത് സ്വന്തം തേരിലേറ്റി സിബിരത്തിലേക്ക് കൊണ്ടുവന്നു.

അനുജനെയും ശുശ്രുഷിച്ചുകൊണ്ട് സുയോധനന്‍ ഉച്ചവരെ ശിബിരത്തില്‍ തന്നെയിരുന്നു.ഭീക്ഷ്മര്‍ നന്നായി പോരാടുന്നുണ്ട് എന്ന വാര്‍ത്ത അയാളെ തെല്ലും സന്തോഷിപ്പിച്ചില്ല!മധ്യാഹ്നത്തോടെ  ദുസ്സാസനന്‍ മയക്കം വിട്ട് എഴുന്നേറ്റു.അവനെ അവിടെത്തന്നെ വിശ്രമിക്കാന്‍ അനുവദിച്ചുകൊണ്ട് സുയോധനന്‍ അടര്‍ക്കളത്തിലേക്ക് നടന്നു.
 
ശിഖണ്ഡിയെ അര്‍ജുനന്‍ തന്റെ തേരിനു മുന്നില്‍ നിര്‍ത്തി ഭീക്ഷ്മരോടുള്ള പോരാട്ടം തുടരുകയാണ്.വിരാടനും ദ്രുപദനും ധൃഷ്ടദ്യുമ്നനും പാണ്ഡവസംഘത്തിലുണ്ട്.ഭീക്ഷ്മരേ കാത്തുകൊണ്ട് ദ്രോണരും ശല്യരും കൃതവര്‍മ്മാവും ഉണ്ടായിരുന്നുവെങ്കിലും പാണ്ഡവര്‍ ഭീക്ഷ്മരേമാത്രം ലക്‌ഷ്യം വച്ചു!ശിഖണ്ഡിയില്‍ നിന്നും ഒഴിയാനുള്ള ശ്രമത്തിനിടയില്‍ ഭീക്ഷ്മരുടെ തേരും വില്ലും അര്‍ജുനന്‍ തകര്‍ത്തു.അധികം വൈകാതെ അര്‍ജുന ശരങ്ങള്‍ പിതാമഹന്റെ പടച്ചട്ട കീറിമുറിച്ചു!അപ്പോള്‍ ഭീക്ഷ്മരുടെ നെഞ്ചില്‍ ശിഖണ്ഡി ഒന്‍പതു ശരങ്ങള്‍ ഒന്നിച്ചെയ്തു!അതോടെ നിലത്തേക്കു വീഴാന്‍ തുടങ്ങിയ അദ്ധേഹത്തെ,ഗാണ്ഡിവം തൊടുത്ത് അര്‍ജുനന്‍ നില തെറ്റിച്ചു.പുറം,ശരങ്ങള്‍ കൊണ്ട് മൂടിയ ഭീക്ഷ്മര്‍ താഴ്ന്ന്,തളര്‍ന്ന് കിഴക്കോട്ടു തലയായി രണഭുമിയിലേക്ക് വീണു.

സുര്യന്‍ അസ്തമിക്കാന്‍ ഇനിയും സമയമുണ്ടെങ്കിലും ഇരുപക്ഷവും സ്വമേധയാ യുദ്ധം നിര്‍ത്തിവച്ചു.ഭൂസ്പര്‍ശമേല്ക്കാതെ ശരതല്‍പ്പത്തില്‍ കിടക്കുന്ന പിതാമഹന് ചുറ്റും എല്ലാവരും ഖിന്നരായി നിലകൊണ്ടു.എന്നാല്‍ സുയോധനന്‍ മാറിനിന്നതെയുള്ളു.തന്നെ വീഴ്ത്താനുള്ള ഉപായം പറഞ്ഞുകൊടുത്ത ഭീക്ഷ്മരേ ആണും പെണ്ണും കെട്ട ശിഖണ്ഡിക്ക് തുല്യമായെ അയാള്‍ക്ക് കാണാനായുള്ളു.അര്‍ജുനനും അതില്‍ വ്യെത്യസ്തനല്ല!
 
 ഭീക്ഷ്മരുടെ വിഴ്ച്ച എല്ലാവരെയും വേദനിപ്പിച്ചു.എന്നാല്‍ പാണ്ഡവരുടെ ദുഃഖം പരിഹാസ്യമായിത്തോന്നി സുയോധനന്.അവര്‍ എപ്പോഴും പിതാമഹന് ചുറ്റും ഉണ്ടായിരുന്നു.അതിനാല്‍ സുയോധനന്‍ അങ്ങോട്ടുപോവാതെ അദേഹത്തിന് വേണ്ട വൈദ്യ സുശ്രുഷകള്‍ ചെയ്യാന്‍ ഏര്‍പ്പാടാക്കിക്കൊണ്ട് അയാള്‍ ശിബീരത്തിലേക്ക് മടങ്ങി.
 
ഭീക്ഷ്മരുടെ വീഴ്ച്ച വലിയൊരു ആഘാതമാണെങ്കിലും യുദ്ധം തുടരേണ്ടതുണ്ട്.ഇനി കര്‍ണ്ണനെ സേനാപതിയാക്കണം.അതിനായി രാത്രി കര്‍ണ്ണനെ തേടി സുയോധനന്‍ അയാളുടെ കൊട്ടാരത്തില്‍ ചെന്നു.എന്നാല്‍ കര്‍ണ്ണന്‍ അവിടെ ഇല്ലായിരുന്നു!അയാള്‍ എവിടെപ്പോയെന്ന് വാല്യക്കാര്‍ക്കും അറിയില്ലായിരുന്നു.അല്‍പനേരം കാത്തുനിന്നപ്പോള്‍ കര്‍ണ്ണന്‍ എത്തി. എവിടെ ആയിരുന്നുവെന്നു തിരക്കിയപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

പിതാമഹന്റെ അരികിലായിരുന്നു,ശരശയ്യാവലംബിയായ ആ മഹാന് മുന്‍പില്‍

എത്രമാത്രം ഭത്സനങ്ങള്‍ ഭീക്ഷ്മരില്‍ നിന്നും ഉണ്ടായിട്ടുണ്ട്.എന്നിട്ടും......!സുയോധനന്‍ കര്‍ണ്ണനെ ഗാഠം പുണര്‍ന്നു!

൦൦൦