Wednesday, January 22, 2014

അദ്ധ്യായം-54,ആദ്യ വേര്‍പാടിന്റെ നൊമ്പരം

യുദ്ധത്തിന്റെ നാലാം ദിവസം ആരംഭിക്കുമ്പോള്‍,ഭീമന്‍ വിശോകന്‍ സാരധിയായുള്ള തേരിലേറി ശക്തമായ ആക്രമണം നടത്തി.സുയോധനന്‍ ഭീമനെ ആനപ്പടയോടെയാണ് എതിരിട്ടത്‌.വൃകോദരന്‍,സിംഹത്തെപ്പോലെ അവയ്ക്കുമേല്‍ ചാടിവീണു.നകുലനും സഹദേവനും ധൃഷ്ടദ്യുമ്നനും ഭീമന് തുണയായി നിന്നു.പടയാളികളെ എതിര്‍ക്കുന്നതിനു പകരം മൃഗങ്ങളെ ഉപദ്രവിക്കുന്ന അവരുടെ സമീപനം യുദ്ധനീതിക്ക് എതിരായിരുന്നു.അതിനാല്‍ അനച്ചോരയാല്‍ അഭിഷേകപൂരിതമായ ഗദ കൊണ്ട് അങ്കക്കലി പൂണ്ട് മൃഗയാവിനോദം തുടരുന്ന അവര്‍ക്ക് നേരെ സുയോധനന്റെ തേര്‍ ചലിച്ചു.കൊടുംകാറ്റില്‍ പെട്ട മേഘങ്ങള്‍കണക്കെ പായുന്ന ആനക്കുട്ടത്തിലേക്ക് ഇരച്ചുകയറി നിന്നുകൊണ്ട് സുയോധനന്‍ ഭീമനെ തടഞ്ഞു.ഏതാനും സഹോദരന്മാരും സുയോധനനെ സഹായിക്കാനെത്തി.അപ്പോള്‍ ഭീമന്‍ തേര്‍ത്തട്ടില്‍ നിന്ന് പരിഹാസത്തോടെ തന്റെ സാരഥിയോട് പറഞ്ഞു:

ഇതാ ശൂരന്മാരായ ധൃതരാഷ്ട്ര പുത്രന്മാര്‍ എന്നെ എതിരിടാന്‍ എത്തിയിരിക്കുന്നു!നീ കാണ്‍കെ ഞാനവരെ കാലപുരിക്കയക്കും.

അയാള്‍ ഗദ താഴെവച്ച് വില്ലെടുത്തു.നിനച്ചിരിക്കാതെ ഭീമന്‍ സുയോധന സഹോദരനായ നന്ദകന്റെ നെഞ്ചിലേക്ക് തുടരെത്തുടരെ മൂന്ന് ശരങ്ങളെയ്തു!ആ ആക്രമണത്തില്‍ അടിതെറ്റി താഴെ വീഴും നേരം അയാള്‍ സുയോധനനെ ദയനീയമായി നോക്കി.സുയോധനന്‍ ഉടന്‍ തന്റെ അസ്ത്രങ്ങള്‍ കൊണ്ട് ഭീമന്റെ വില്ല് ഖണ്ഡിച്ചു.അപ്പോള്‍ തേരാളിയായ വിശോകന്‍ ഭീമന് മറ്റൊരു വില്ല് എടുത്തു കൊടുത്തു.അയാള്‍ അതില്‍ ശരം തോടുത്തപ്പോഴേക്കും സുയോധനന്‍ ഭീമനെ അസ്ത്രപ്രയോഗത്താല്‍ നിശ്ചലനാക്കി.ഭീമന്റെ സ്തനാന്തരത്തില്‍ ഒരു ശരം തുളഞ്ഞു കയറി.അയാള്‍ മൂര്‍ചിച്ചു തേര്‍ത്തട്ടിലേക്ക് വീണു.അതോടെ സുയോധനന്‍ പിന്തിരിഞ്ഞു.

അപ്പോള്‍ അഭിമന്യു അയാള്‍ക്ക് നേരെ പാഞ്ഞു വന്നു.എത്തിയ ഉടനെ ആ അര്‍ജുനപുത്രന്‍ ശരവര്‍ഷം തുടങ്ങി.സുയോധനന്‍ അയാളെ എതിരിട്ടു.അപ്പോഴേക്കും ബോധം തെളിഞ്ഞ് എഴുന്നേറ്റ ഭീമന്‍ സുയോധന സഹോദരങ്ങള്‍ക്ക് നേരെ ചീറിയടുത്തു.അയാളുടെ ശരമേറ്റു അനുജന്മാര്‍ ഓരോരുത്തരായി നിലംപതിച്ചുക്കൊണ്ടിരുന്നു!അത് കണ്ടുനില്‍ക്കാനെ സുയോധനന് കഴിഞ്ഞുള്ളൂ.പശുക്കൂട്ടത്തില്‍ കടന്ന ചെന്നായയെപ്പോലെ ഭീമന്‍ ഹിംസ തുടര്‍ന്നു.

ഭീമാസ്ത്രമേറ്റു ആദ്യം നിലംപതിച്ചത് സുഷേണന്‍ ആണ്.അവന്റെ കണ്ഠത്തില്‍ നിന്നും രക്തം ചിതറിത്തെറിച്ചു.പിന്നെ മഹാഭുജനായ ജലസന്ധനെ ഭീമന്‍ വീഴ്ത്തി.വീരഭാഹുവും ഉഗ്രനും ഭീമരഥനും കാലപുരി പൂകാന്‍ അധികനേരം എടുത്തില്ല.ഭീമന്റെ പരാക്രമം കണ്ട മറ്റുള്ളവര്‍ തിരിഞ്ഞോടി!അഭിമന്യുവിനെ ഉപേക്ഷിച്ചു പോകാന്‍ സുയോധനന് കഴിയില്ലായിരുന്നു.സഹായത്തിനായി അയാള്‍ ഭീക്ഷ്മരെയും ആചാര്യനെയും തിരഞ്ഞു.എന്നാല്‍ അവരാരും ആ പരിസരത്ത് ഇല്ലായിരുന്നു.  

ആ സമയത്ത് തികച്ചും അപ്രതിക്ഷിതമായി സാമന്തരാജാവായ ഭഗദത്തന്‍ ഭീമന് നേര്‍ക്ക്‌ കുതിച്ചെത്തി.കാലന്‍ കയറുരിവിട്ട അന്തകനെപ്പോലെ അലറിവിളിച്ചെത്തിയ അയാള്‍ ഭീമനെ എതിര്‍ത്തു.വലിയൊരു അലര്‍ച്ചയോടെ ഭഗദത്ത ശരമേറ്റ് ഭീമന്‍ പിന്നെയും നിലംപതിച്ചു!അപ്പോള്‍ ഘടോല്‍കചന്‍ ഭീമരക്ഷക്കായി പാഞ്ഞെത്തി.

ആ സമയം യുദ്ധ സമയം തീര്‍ന്നതായി കാഹളമുയര്‍ന്നു.എല്ലാവരും പിരിഞ്ഞുതുടങ്ങി.രണഭൂമിയില്‍ നിശ്ചലം ചിതറിക്കിടക്കുന്ന തന്റെ അനുജന്മാരുടെ ശരീരം കണ്ട് അയാള്‍ വിതുമ്പിപ്പോയി!

൦൦൦

Tuesday, January 21, 2014

അദ്ധ്യായം-53,അവരെ ജയിക്കുക സാധ്യമല്ലെന്നോ !

ഗരുഡവ്യുഹമായിരുന്നു കൌരവര്‍ക്കായി മൂന്നാം ദിവസത്തെ യുദ്ധത്തിനു ഭീക്ഷ്മര്‍ നിര്‍ദ്ദേശിച്ചത്.ഗരുഡാകൃതിയില്‍ തീര്‍ത്തസൈന്യത്തില്‍,നയനങ്ങളായി ദ്രോണരും കൃതവര്‍മ്മാവും നിന്നു.അശ്വത്ഥാമാവും കൃപരും ഗരുഡന്റെ മൂര്‍ദ്ധാവായി.ജയദ്രഥന്റെ നേതൃത്വത്തില്‍ സാമന്തരാജാക്കന്മാര്‍ ഗരുഡകണ്ഠമായി.അതിന്റെ പുറത്ത് സുയോധനന്‍ സഹോദരന്മാരുമൊത്ത് അണിനിരന്നു.അങ്ങിനെ ഗരുഡവ്യൂഹം പടക്കളത്തില്‍ എത്തിയപ്പോള്‍,പാണ്ഡവര്‍ അര്‍ദ്ധചന്ദ്ര വ്യൂഹത്തിലായിരുന്നു!ഭീമന്‍ ആയിരുന്നു അതിന്റെ അധിപതി.അതിനാല്‍ ഭീമനെ എതിരിടലാണ് പ്രധാനം എന്ന് തീരുമാനിച്ചു സുയോധനന്‍.
 
യുദ്ധം ആരംഭിച്ചു.പടത്തലക്കല്‍ എല്ലാവരും പോരാടിത്തുടങ്ങി.മൃഗങ്ങളും മനുഷ്യരും മുറിവേറ്റ്‌ നിലംപതിക്കുന്നതിന്റെ രോദനങ്ങള്‍ എങ്ങും കേള്‍ക്കാമായിരുന്നു.ആ ആള്‍ക്കുട്ടത്തിനിടയില്‍ സുയോധനന്‍ ഒരാളെ മാത്രം ലക്ഷ്യംവച്ച് മുന്നോട്ട് നീങ്ങി.അപ്പുറത്ത് നിന്നും ഭീമനും ലക്‌ഷ്യം വക്കുന്നത് തന്നെത്തന്നെയാണെന്ന് സുയോധനന്‍ തിരിച്ചറിഞ്ഞിരുന്നു.ഭീമന്‍ പുത്രനായ ഘടോല്‍കചനോപ്പമാണ് രണാങ്കണത്തില്‍ എത്തിയിരിക്കുന്നത്.മദയാനകള്‍ കാട്ടുമൃഗങ്ങളെ എന്നവിധം,രാക്ഷസ രൂപിയായ ഘടോല്‍കചന്‍ സര്‍വ്വരെയും ആക്രമിച്ചു മുന്നേറുകയാണ്.തന്റെ സൈന്യത്തെ മുച്ചുടും മുടിക്കാന്‍ ഉദ്യമിച്ചെത്തിയിരിക്കുന്ന അയാളെ പ്രതിരോധിക്കാന്‍ സുയോധനന്‍ മുന്നോട്ടു കുതിച്ചു.

മുന്നില്‍ ,ഭീമാകാരനായ ഒരു പര്‍വതം പോലെ ഘടോല്‍കചന്‍ സുയോധനനെ തടഞ്ഞു.അസ്ത്രങ്ങളും ഗദാപീഡനങ്ങളും ആ രാക്ഷസ രൂപി പുച്ഛത്തോടെ അവഗണിച്ചു.നീണ്ടു നിന്ന യുദ്ധത്തില്‍ സുയോധനന്‍ തളര്‍ന്നു.അയാള്‍ മെല്ലെ പിന്മാറാന്‍ ആഗ്രഹിച്ചു.അപ്പോഴാണ്‌ ആര്‍ത്തട്ടഹസിച്ചുകൊണ്ട് ഭീമന്‍ അതുവഴി വന്നത്.എത്തിയ ഉടന്‍തന്നെ അയാള്‍ സുയോധനന് നേരെ ഒരു അസ്ത്രം പ്രയോഗിച്ചു.അപ്രതിക്ഷിതമായുണ്ടായ ആ ആക്രമണം തടയാന്‍ സുയോധനന് ആയില്ല അയാളുടെ നെഞ്ചില്‍ അസ്ത്രം ആഞ്ഞുകയറി.അയാള്‍ ബോധരഹിതനായി തേര്‍ത്തട്ടിലേക്ക് വീണു.

ബോധം തെളിയുമ്പോള്‍ തന്റെ സൈന്യമെല്ലാം ചിന്നിച്ചിതറിയോടുന്ന കാഴ്ചയാണ് കണ്ടത്.ഭീമന്‍ എല്ലാവരെയും ആക്രമിക്കുകയാണ്.ഭീക്ഷ്മരും ദ്രോണരും അയാളെ പ്രതിരോധിക്കാനാവാതെ നില്‍ക്കുകയാണ്!അത് ഉള്‍ക്കൊള്ളാന്‍ സുയോധനന് ആയില്ല.അയാള്‍ തേര്‍ത്തട്ടില്‍ നിന്നും ചാടിയെഴുന്നേറ്റു.അയാള്‍ ഭീക്ഷ്മരോട് ഉറക്കെ ചോദിച്ചു:

പിതാമഹാ,അങ്ങും അസ്ത്രജനായ ആചാര്യനും ഇവിടെ ഉണ്ടായിട്ടും പട ഇങ്ങിനെ പിന്തിരിഞ്ഞ്‌ ഓടുന്നതെന്തേ?പാണ്ഡവരാരും അങ്ങയോടോ,ആചാര്യനോടോ,കൃപരോട് പോലുമോ കിടനില്‍ക്കുകയില്ല.എന്നിട്ടും എന്തെ ഈ വിധം സംഭവിക്കുന്നു?

ഭീക്ഷ്മര്‍ അതിനു മറുപടിയൊന്നും പറഞ്ഞില്ല.അദ്ദേഹത്തിന്റെ മൌനം സുയോധനനെ ചൊടിപ്പിച്ചു.അയാള്‍ പറഞ്ഞു:

എനിക്കറിയാം,അങ്ങ്. ശരീരംകൊണ്ട് മാത്രമേ എന്റെപക്ഷത്ത് ഉള്ളൂവെന്ന്.കഴിയില്ലായിരുന്നുവെങ്കില്‍ അത് ആദ്യമേ പറയാമായിരുന്നു.അതുകൊണ്ട് അങ്ങേക്ക് ഞാന്‍ പരിത്യാജ്യനല്ലായെങ്കില്‍ എനിക്കായി പോരാടുക.അല്ലെങ്കില്‍ ആയുധം വച്ച് പിന്‍വാങ്ങുക.

അതുകേട്ട്‌ ഭീക്ഷ്മര്‍ ലജ്ജിതനായി.പിന്നെ പരിഹാസത്തോടെ സുയോധനനോട് പറഞ്ഞു:
 
ദുര്യോധന,ഞാന്‍ പലവട്ടം നിന്നോട് പറഞ്ഞിട്ടുള്ളതാണ് പാണ്ഡവരെ ജയിക്കാന്‍ നിനക്ക് ആവില്ലെന്ന്.

അത് അഗീകരിക്കാം.പക്ഷെ അങ്ങേക്ക് അവരെ ജയിക്കുക പ്രയാസമുള്ളതല്ലല്ലോ!

അതുകേട്ടു ഭീക്ഷ്മര്‍ വില്ലുയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു:

രാജാവേ,വൃദ്ധനായ എന്നാല്‍ കഴിയാവുന്ന വിധമെല്ലാം ഞാന്‍ ചെയ്യാം.നീ കണ്ടുകൊള്‍ക,ഏവരും നോക്കി നില്‍ക്കെ ഞാന്‍ പാണ്ഡവരെ തളക്കുന്നത്.
 
അതും പറഞ്ഞു ഭീക്ഷ്മര്‍ വില്ല് കുലച്ചുകൊണ്ട് പാണ്ഡവസേനക്ക് നേരെ പാഞ്ഞു. 

മലയില്‍ കല്ലുചെന്നു വീഴും പോലെ ശബ്ധമുയര്‍ത്തിക്കൊണ്ട്,പൊന്‍ ചട്ടകളിലും കിരീടങ്ങളിലും ഭീക്ഷ്മാസ്ത്രങ്ങള്‍ ചെന്ന് കൊള്ളുന്ന പ്രകമ്പനം സുയോധനന്‍ കേട്ടു.ഒറ്റ ശരം പോലും ഭീക്ഷ്മര്‍ക്ക് പാഴായില്ല!അദ്ദേഹത്തിന്റെ പരാക്രമണത്തില്‍ പേടിച്ചരണ്ട പാണ്ഡവസൈന്യം പലദിക്കുകളിലേക്കായി പാഞ്ഞു.തങ്ങളുടെ പരാജയം കണ്ട് അര്‍ജുനന്‍ കൃഷ്ണ സമേതനായി ഭീക്ഷ്മര്‍ക്ക് നേരെ അടുത്തു.എന്നാല്‍ അര്‍ജുനനല്ല,കൃഷ്ണനാണ് തന്റെ സുദര്‍ശന ചക്രത്താല്‍ ഭീക്ഷ്മരെ എതിരിടാന്‍ തുനിയുന്നത്!രണത്തില്‍ ആയുധം എടുക്കില്ലെന്ന് പ്രതിഞ്ഞ ചെയ്ത കൃഷ്ണന്‍ അത് ലംഘിക്കുന്നുവെന്നു സുയോധനന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

അതില്‍ ലജ്ജിതനായ അര്‍ജുനന്‍ കൃഷ്ണനെ പിന്തിരിപ്പിച്ചു.അര്‍ജുനന്‍ ശരവര്‍ഷം ആരംഭിച്ചു.സുര്യന്‍ അസ്തമിക്കും വരെ ഇരു പക്ഷവും യുദ്ധംചെയ്തു.സുര്യന്‍ മറഞ്ഞതോടെ,ദ്രോണരുടെ നിര്‍ദ്ദേശപ്രകാരം മൂന്നാം ദിവസത്തെ യുദ്ധവും അവസാനിച്ചു.

൦൦൦




Sunday, January 19, 2014

അദ്ധ്യായം-52-പുത്രന്മാര്‍ ഏറ്റുമുട്ടുമ്പോള്‍

ക്രൌഞ്ചവ്യൂഹം തീര്‍ത്തുകൊണ്ടാണ് രണ്ടാം ദിവസം പാണ്ഡവര്‍ കരവരെ എതിരിട്ടത്‌.പക്ഷെ ഭീക്ഷ്മര്‍ക്ക് മുന്നില്‍ തുടക്കം മുതല്‍ തന്നെ കൌരവസേന ശിഥിലമായിക്കൊണ്ടിരുന്നു.ഭീക്ഷ്മരെ അത്ഭുതത്തോടെയാണ് സുയോധനന്‍ നോക്കിക്കണ്ടത്.ദ്രോണര്‍ അദേഹത്തിന് തുണയായി ഉണ്ടായിരുന്നു.അവര്‍ക്ക് പിന്തുണയായി മഗധരും ഗാന്ധാരന്മാരും കലിംഗരും ഉണ്ടായിരുന്നു.ഏറ്റവും മികച്ച യോദ്ധാക്കള്‍ കലിംഗരാണെന്ന് സുയോധനന് തോന്നി.പടയുടെ ആവേശത്താല്‍ പ്രചോദിതനായി അയാള്‍ വിളിച്ചു പറഞ്ഞു:

ഏവരും പൊരുതുവിന്‍,എതിര്‍ക്കുവിന്‍

സുയോധനന്റെ വാക്കുകള്‍ കൌരവസൈന്യത്തിന് കൂടുതല്‍ ആവേശം പകര്‍ന്നു.ഭീക്ഷ്മര്‍ ആഞ്ഞുകയറി,ശരവര്‍ഷം സൃഷ്ടിച്ചു.ആ ധീരമായ ആക്രമണത്തില്‍ പാണ്ഡവവ്യുഹം തകര്‍ന്നു.കുതിരക്കാരും കൊടിക്കാരും മുറിവേറ്റു നിലംപതിച്ചു.തേര്‍ക്കൂട്ടം ഭയപ്പെട്ട് ചിതറിയോടി.പാണ്ഡവപ്പട പിന്തിരിയുന്ന കണ്ടു ക്രുദ്ധനായി അര്‍ജുനന്‍ ഭീക്ഷ്മര്‍ക്കുനേരെ കുതിച്ചെ ത്തുന്നത് സുയോധനന്‍ കണ്ടു.മദയാനയെപ്പോലെ പാഞ്ഞടുക്കുന്ന അയാളുടെ നേര്‍ക്ക്‌ ഭീക്ഷ്മര്‍ അതിവേഗത്തില്‍ ശരപ്രയോഗം നടത്തി!പാഞ്ഞു ചെന്ന ആ ശരങ്ങള്‍ക്ക് മുന്നില്‍ അര്‍ജുനന്‍ വിവശനായി.അപ്പോഴേക്കും പാണ്ഡവസൈന്യം ഇരച്ചെത്തി.അതില്‍ വീര്യം കൂടിയ അര്‍ജുനന്‍ ഭീക്ഷ്മരെ കുടുതല്‍ കരുത്തോടെ എതിരിടാന്‍ തുടങ്ങി.

പരസ്പരം പാഞ്ഞു കയറുന്ന അവരുടെ അസ്ത്ര ജാലത്തില്‍ ആര് ആരെ കീഴടക്കും എന്ന് പറയാനാവാത്ത സ്ഥിതിയായി.രണ്ടുപേരും ക്ഷിണിതരാവുന്നകണ്ട് സുയോധനന്‍ തന്റെ സൈന്യത്തെ പിന്‍വലിച്ചു.അതുകണ്ട് കൌരവപക്ഷം തോറ്റോടുന്നുവെന്ന ശ്രുതി പരത്തിക്കൊണ്ട് അര്‍ജുനനും പടയാളികളും പിന്‍വാങ്ങി!

പൂര്‍വ്വാഹ്നം കഴിഞ്ഞുള്ള യുദ്ധത്തില്‍ പാണ്ഡവപ്പടയോട് ആദ്യമേ എതിരിട്ടത്‌ കലിംഗരായിരുന്നു.ഭീമന്റെ നേതൃത്തത്തിലുള്ള പാണ്ഡവപ്പടയാകട്ടെ യുദ്ധമര്യാദകള്‍ ലംഘിച്ചുകൊണ്ടാണ് രംഗത്തെത്തിയത്.അലറിവിളിച്ചു വന്ന ഭീമന്റെ തേര് കലിംഗര്‍ ആദ്യമേ തകര്‍ത്തെറിഞ്ഞു.ഭീമന്‍ ഗദയോട് കൂടി നിലംപതിക്കുന്ന കാഴ്ചകണ്ട് സുയോധനന്‍ ഉറക്കെ ചിരിച്ചുപോയി.സുയോധനന്റെ പരിഹാസച്ചിരി ഭീമനെ കുടുതല്‍ ദേഷ്യം പിടിപ്പിച്ചു.

ഗദ കൈവിട്ടുപോയ ഭീമന്‍ നിലത്തുനിന്നും പൊന്തിയത് കൈയ്യില്‍ വാളുമേന്തിയാണ്!ഒരു സര്‍പ്പത്തെപ്പോലെ ചീറിക്കൊണ്ട് അയാള്‍ കലിംഗ രാജാവിന്‍റെ കഴുത്തിലേക്കു വാള് വീശി.ലക്‌ഷ്യം തെറ്റിയ അത് ആനയുടെ തുമ്പിക്കൈ അറുത്തു വീഴ്ത്തി!ആന ചോര ചീറ്റി ചരിഞ്ഞു.ആനക്കൊപ്പം നിരായുധനായി നിലത്തു വീണ കലിംഗരാജന്റെ ശിരസ്സ് ഭീമന്‍ അരിഞ്ഞുമാറ്റി.രാജാവിന്റെ മരണം കണ്ടു ഭയചകിതരായി ചിതറിയോടിയ കലിംഗരേ തടഞ്ഞുനിര്‍ത്തുവാന്‍ സുയോധനന് ആയില്ല!അപ്പോള്‍ വിജയശ്രീലാളിതനായി,ശംഖും മുഴക്കിക്കൊണ്ട് ഭീമന്‍ പാണ്ഡവപ്പടയിലേക്ക് മടങ്ങി.ഉടന്‍ കൃഷ്ണ പുത്രനായ ധൃഷ്ടദ്യുമ്നന്‍ തെരിലെത്തി ഭീമനെ കയറ്റിക്കൊണ്ട് പോയി!

അപ്പോള്‍ത്തന്നെ ദ്രോണപുത്രനായ അശ്വത്ഥാമാവ് ശല്യരുടെ തേരില്‍ പാഞ്ഞെത്തി ഭീമനെ തടയാന്‍ ശ്രമിച്ചു.എന്നാല്‍ പാഞ്ചാലന്മാര്‍ ദ്രൌണിക്ക് തടസ്സം നിന്നു.ഈ സമയം ഭീമനെ മറ്റൊരു തേരിലാക്കി പറഞ്ഞയച്ചുകൊണ്ട് ധൃഷ്ടദ്യുമ്നന്‍ ദ്രോണപുത്രനോട് എതിര്‍ത്തു.ദ്രൌണിയെ സഹായിക്കാന്‍ ശല്യരും കൃപരും പാഞ്ഞെത്തി!യുദ്ധത്തില്‍ ധൃഷ്ടദ്യുമ്നനന്റെ പരാജയം ഉറപ്പായി!

എന്നാല്‍ ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് അര്‍ജുന പുത്രനായ അഭിമന്യുവിന്റെ തേര്‍ അവിടെ പ്രത്യക്ഷപ്പെട്ടു!കൈകരുത്തും ശരവേഗവും അര്‍ജുന സമമായ അയാള്‍ക്ക്‌ മുന്നില്‍ ആചാര്യപുത്രന്‍ വിവശനായി.അശ്വത്ഥാമാവിന്റെ രക്ഷക്കായി അപ്പോള്‍ സുയോധന പുത്രനായ ലക്ഷ്മണനും പാഞ്ഞെത്തിയതോടെ ആ രംഗം കുടുതല്‍ ഭയാനകമായി!

ശത്രുജിത്തായ ലക്ഷ്മണന്‍ പോരില്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി.ആ ശരവേഗം കണ്ടു സുയോധനനും അത്ഭുതപ്പെട്ടു!തന്റെ മകന്റെ പാടവം ആദ്യമായാണ് അയാള്‍ നേരില്‍ കാണുന്നത്.അയാള്‍ അഭിമാനംകൊണ്ട് ഹര്‍ഷപുളകിതനായി.ലക്ഷ്മണന്‍ അഭിമന്യുവിന്റെ വില്ല് മുറിച്ചിട്ടു!അമ്പരപ്പും ലജ്ജയും കൊണ്ട് അപമാനിതനായി അപ്പോള്‍ അഭിമന്യു.

വില്ലാളിവീരന്മാരായ അവരുടെ ഏറ്റുമുട്ടല്‍ എല്ലാവരിലും കൌതുകമുണര്‍ത്തി.ആ സമയം സ്വപുത്ര രക്ഷക്കായി അര്‍ജുനന്‍ പാഞ്ഞെത്തി.അയാള്‍ ആള്‍ക്കുട്ടത്തിലേക്ക് അസ്ത്രവര്‍ഷം ആരംഭിച്ചു.അപ്രതിക്ഷിതമായ ആ ആക്രമണത്തില്‍ കൌരവസേന പിന്തിരിഞോടി!കാഴ്ചക്കാരെ ആക്രമിച്ചത് യുദ്ധമര്യാദാ ലംഘനമാണെന്ന് സുയോധനന് തോന്നി.പടക്കളം ചോരക്കളമാവുന്നത്  സുയോധനന് സഹിക്കാനായില്ല.അയാള്‍ മുന്നോട്ടു കുതിച്ചതും,ഭീക്ഷ്മര്‍ സുയോധനനെ തടഞ്ഞുകൊണ്ട് അസ്തമയം അടുത്തതിനാല്‍ യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെട്ടതും ഒന്നിച്ചായിരുന്നു.അതോടെ ജയഭേരികലുമായി പാണ്ഡവര്‍ മടങ്ങി.കൌരവസേനയും പിന്‍വാങ്ങിയതോടെ സുയോധനനും മകന്‍ ലക്ഷ്മണനും മാത്രമായി.സുയോധനന്‍ മകനെ അഭിനന്ദസൂചകമായി ആശ്ലേഷിച്ചു.

                                                                        ൦൦൦




Saturday, January 18, 2014

അദ്ധ്യായം-51,ആദ്യ ചതിയുടെ ബാലപാഠങ്ങള്‍

യുയുത്സു,പാണ്ഡവപക്ഷത്തേക്ക് പോയതിന്റെ ആഹ്ലാദാരവങ്ങള്‍ അവസാനിക്കും മുന്‍പേ,യുദ്ധാരംഭത്തിനുള്ള കാഹളം മുഴങ്ങി.യോദ്ധാക്കള്‍ ആരവങ്ങളോടെ മുന്നോട്ടു കുതിച്ചു.സുയോധനനും മനോനില വിണ്ടെടുത്തു മുന്നോട്ട് പാഞ്ഞു.കാറ്റേറ്റ വനം പോലെ കുരുക്ഷേത്രം ശബ്ധമുഖരിതവും ഭീകരവുമായി പരിണമിച്ചു.

പാണ്ഡവ സൈന്യത്തിന്റെ മുന്‍ നിരയിലായിരുന്ന ഭീമന്‍ അലറി വിളിച്ചുകൊണ്ട്‌ തന്റെ നേര്‍ക്ക്‌ പാഞ്ഞു വരുന്നത് സുയോധനന്‍ കണ്ടു.വര്‍ദ്ധിച്ച വിര്യത്തോടെ സിംഹനാദം മുഴക്കി വരുന്ന അയാളെ ആദ്യംതന്നെ തടയണമെന്ന് സുയോധനന് തോന്നി.അയാള്‍ ഭീമന്റെ ഭീഷണമായ ശരീരത്തിനു നേരെ സാരം തൊടുത്തു.

സുയോധനന്റെ ആയുധപ്രയോഗം ഭീമന്റെ കോപം ഇരട്ടിപ്പിച്ചു.കൊടുങ്കാറ്റില്‍ ആടിയുലയുന്ന കാര്‍മേഘം പോലെ ക്രുദ്ധനായി അയാള്‍ പിന്നെയും സുയോധനന്റെ തേര്‍ത്തടം ലക്ഷ്യമാക്കി മുന്നോട്ടാഞ്ഞു.ഉടന്‍ സുയോധന സഹോദരന്മാരായ ദുസ്സാസനനും ദുര്‍മുഖനും ദുസ്സഹനും ശയനനും അവിടേക്ക് അണഞ്ഞുകൊണ്ട് സുയോധനന് ചുറ്റും വലയം തീര്‍ത്ത് അസ്ത്രവര്‍ഷണം ആരംഭിച്ചു.കൌരവ ഭ്രാതാക്കളുടെ ആ ശരവര്‍ഷത്തിനു മുന്‍പില്‍ആലംബമില്ലാതെ ഭീമന്‍ ആടിയുലഞ്ഞു.അപ്പോള്‍ അര്‍ജുന പുത്രനായ അഭിമന്യുവിന്റെ നേതൃത്തത്തില്‍ ദ്രൌപദീ പുത്രന്മാരും സഹോദരങ്ങളും ഭീമന്റെ രക്ഷക്കായി ഓടിയടുത്തു.

ശക്തമായ വജ്രങ്ങള്‍ ,പര്‍വതസൃഗങ്ങളില്‍ എന്നപോലെ മൂര്‍ച്ചയേറിയ ശരങ്ങള്‍ അവിടം മുഴുവന്‍ വിസ്മയം തീര്‍ത്തു.ഉടന്‍ പാണ്ഡവസൈന്യം കൌരവ പടയില്‍ ഇരച്ചുകയറി യുദ്ധം തുടങ്ങി.പടയുടെ പൊടിപടലങ്ങള്‍ സുര്യബിബത്തെ പോലും മറച്ചുകളഞ്ഞെങ്കിലും ഇരുകൂട്ടരും പകയോടെ യുദ്ധം തുടര്‍ന്നു.പരസ്പരം പോരാടിയും ഉടഞ്ഞു തകര്‍ന്നും ഇരു സൈന്യങ്ങളിലും ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു.അപ്പോഴും സുയോധനനും ഭീമനും പരസ്പ്പരം പോരാടുകയായിരുന്നു!

ഒരു ഭാഗത്ത് ഈ വിധം തുടരുമ്പോള്‍ മറുഭാഗത്ത് ഭീഷ്മരും അര്‍ജുനനും ഏറ്റുമുട്ടുകയായിരുന്നു.ഗാണ്ടിവം കൊണ്ട് പോലും അര്‍ജുനന് ഭീഷ്മരെ നേരിടാനാവുന്നില്ല.പെട്ടെന്നാണ് ഒരു ഭീഷമശരം പാഞ്ഞുവന്ന് ഭീമന്റെ ധ്വജം അറുത്തു വിഴ്ത്തിയത്!ഭീമന്‍ തേര്‍ത്തട്ടില്‍ നിന്നും മൂക്കുകുത്തി സുയോധനന്റെ കാല്‍ക്കലേക്ക് വീണു.അത് കണ്ട് സുയോധനന്‍ ഉടന്‍ വില്ല് താഴ്ത്തി.

ആ സമയം, ആനപ്പുറമേറിയ ഉത്തരന്‍,മത്സ്യരാജ്യ പുത്രന്‍ ഭീഷ്മരുടെ നേര്‍ക്കടുത്തു.അത് കണ്ട സുയോധനന്‍ ഭീമനെ വിട്ട്‌ തന്റെ തേര്‍ അങ്ങോട്ട്‌ തിരിച്ചു.എന്നാല്‍ അപ്പോഴേക്കും അവിടേക്ക് ശല്യര്‍ കുതിച്ചെത്തിക്കഴിഞ്ഞിരുന്നു!അദ്ദേഹം ഉത്തരനെ തടഞ്ഞു.കുപിതനായ ഉത്തരന്‍ തന്റെ ആനയെക്കൊണ്ട് ശല്യരുടെ  രഥം തകര്‍ത്തു.കോപാകുലനായ ശല്യര്‍ അപ്പോള്‍ വാളിനാല്‍ ആ ആനയുടെ തുമ്പിക്കൈ അറുത്തു വീഴ്ത്തി.ഗജേന്ദ്രന്‍ ഭയങ്കരമായി അലറിവിളിച്ചതോടെ ഉത്തരന്‍ പിടിവിട്ടു നിലത്തു വീണു.മദം പൂണ്ട ആ ആനയുടെ ചവിട്ടേറ്റ് ഉത്തരന്‍ പിടഞ്ഞു.

സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ് ശ്വേതന്‍ തീയെന്നപോലെ അവിടെ പാഞ്ഞെത്തി.വില്ലുകുലച്ചുകൊണ്ട് അയാള്‍ ശല്യരെ നേരിട്ടു.അപ്പോള്‍ ഭീഷ്മര്‍ അവിടെ കുതിച്ചെത്തി.അത് കണ്ട ശ്വേതന്‍,ചിരിച്ച്‌,ചിറി നാവുകൊണ്ട് ഉഴിഞ്ഞുകൊണ്ട് അയാള്‍ ഭീഷ്മരുടെ വില്ല് അസ്ത്രത്താല്‍ തകര്‍ത്തു.അത് കണ്ട് സുയോധനന്‍ നടുങ്ങി.അപ്പോള്‍ ശ്വേതന്‍ ഭീഷ്മരുടെ ധ്വജാഗ്രവും മുറിച്ചു വീഴ്ത്തി.സുയോധനന്‍ വിളിച്ചു പറഞ്ഞു:

എല്ലാവരും കരുതി നില്‍ക്കുക.നമ്മള്‍ കാണ്‍കെ പിതാമഹന്‍ കൊല്ലപ്പെടരുത്.

അത് കേട്ട് എല്ലാവരും ഭീഷ്മര്‍ക്ക് ചുറ്റും നിരന്നു.അതിനാല്‍ കുടുതല്‍ ധൈര്യത്തോടെ അദ്ദേഹം ശ്വേതനെ താഡിച്ചു.അതില്‍ തോറ്റുപോയ അയാള്‍ വില്ല് താഴെവച്ച്,പൊന്മയമായ വേല്‍ എടുത്ത് പിതാമഹന് നേര്‍ക്ക്‌ പ്രയോഗിച്ചു. ഭീഷ്മര്‍ തന്റെ ശരങ്ങള്‍ കൊണ്ട് അത് വേഗത്തില്‍ പലതായി മുറിച്ചു!അതോടെ ലജ്ജിതനായ ശ്വേതന്‍,ഒരു കാളക്കൂറ്റനെപ്പോലെ ഗദയും കൊണ്ട് ഭീഷ്മര്‍ക്ക് നേരെ പാഞ്ഞടുത്തു.ഉടന്‍ ഭീഷ്മര്‍ ഒരു ശരം ശക്തിയോടെ പ്രയോഗിച്ചു.ദുരാദസവും രോമം പിളര്‍ക്കുന്നതുമായ ആ ബാണം ശ്വേതന്റെ ചട്ട ഭേദിച്ച്,ഹൃദയം തുളച്ച്,മറുപുറം കടന്ന് ഭൂമിയില്‍ചെന്ന് കുത്തി.പ്രകമ്പനം കൊണ്ട്നില്‍ക്കുന്ന ശതഗ്രം കണ്ട് സുയോധനന്‍ അന്തം വിട്ടു നിന്നു!

ആ കാഴ്ച പാണ്ഡവരെ ഏറെ ഭയചകിതരാക്കി!അര്‍ജുനന്‍ തേരില്‍ മടങ്ങി.അപ്പോള്‍ ധര്‍മ്മപുത്രരുടെ നിര്‍ദ്ദേശപ്രകാരം പാണ്ഡവസൈന്യം പിന്‍വാങ്ങി.ഇന്ന് ഇനി യുദ്ധമില്ലെന്നു അയാള്‍ പ്രഖ്യാപിച്ചു.എല്ലാവരും അത് അംഗികരിച്ചു.

യുദ്ധാനന്തരം രാത്രി കൌരവകൂടാരത്തില്‍ എല്ലാവരും ആഹ്ലാദചിത്തരായിരുന്നു.പാണ്ഡവസൈന്യാധിപനായിരുന്ന ശ്വേതനെ വധിക്കാനായത്‌ ഏവരിലും ആത്മവിശ്വാസം ഉയര്‍ത്തിയിരുന്നു.ആദ്യ ദിനത്തിലെ യുദ്ധം കരാറുകളെ ലംഘിക്കാതിരുന്നതില്‍ സുയോധനന്‍ സന്തുഷ്ടനായി!കാലാള്‍ കാലാളോടും ആനക്കാരും കുതിരക്കാരും ആ നിലയില്‍ ഉള്ളവരോടും മാത്രമേ യുദ്ധം ചെയ്തുള്ളൂ.ആയുധം താഴെ വചവനെ,മുറിവേറ്റവരെ,ആക്രമിക്കരുതെന്ന കരാര്‍ പാലിക്കപ്പെട്ടു.ഭീമന്‍ തന്നില്‍ നിന്നും രക്ഷപ്പെട്ടത് ആ കരാര്‍ മുലമാണ്!മാനത്തു പുഞ്ചിരി തൂവി നിൽക്കുന്ന ചന്ദ്രനെ അൽ‌പ്പനെരം നൊക്കി നിന്നതിൽ പിന്നെ സുയോധനന്‍ സംതൃപ്തിയോടെ ശയ്യാ ഗൃഹത്തിലേക്ക് മടങ്ങി.

൦൦൦









Friday, January 17, 2014

അദ്ധ്യായം-50,കുരുക്ഷേത്രത്തിലേക്ക്..........

സരസ്വതീ നദിക്കു തെക്കായി,പുരുവംശത്തിലെ രാജാവായിരുന്ന കുരുവിന്റെ ഖ്യാതിയാല്‍ പ്രസിദ്ധമായിത്തിര്‍ന്ന കുരുക്ഷേത്ര ഭൂമിയാണ് യുദ്ധത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.പാണ്ഡവരുടെ പടയൊരുക്കത്തെപ്പറ്റി കേട്ടറിഞ്ഞസുയോധനന്‍ ഭീഷ്മരേ ചെന്ന് കണ്ടു.ഭീഷ്മര്‍ പറഞ്ഞു;

ഇനി നമ്മളും താമസം വരുത്തേണ്ട.വിജയതിനായാണ് ഈ യുദ്ധം എന്ന് മനസ്സില്‍ കരുതി എല്ലാവരും തയ്യാരായിക്കൊള്ളൂക

ഭീഷ്മരുടെ നിര്‍ദേശപ്രകാരം സുയോധനസേന കുരുക്ഷേത്രത്തിലേക്ക് യാത്രയായി.പതിനൊന്ന് അക്ഷൌണികള്‍ തയ്യാറെടുത്തു നിന്നു.പതിനായിരം ഗണങ്ങള്‍ ശസ്ത്രപാണികളായി നിലയുറപ്പിച്ചു.കൃപര്‍ ,ദ്രോണര്‍ ,ശല്യര്‍ ,ജയദ്രദന്‍,സുദക്ഷിണന്‍,ശകുനി,ബാല്‍ഹീകന്‍ തുടങ്ങിയ മഹാരഥന്മാരെ അക്ഷൌണികള്‍ക്ക് നായകന്മാരായി നിശ്ചയിച്ച് ഭീഷ്മര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.അനന്തരം സേന കുരുക്ഷേത്ര ഭൂമിയിലേക്ക് പ്രയാണം ആരംഭിച്ചു.

നേരം പുലര്‍ന്നപ്പോള്‍ തന്നെ ഇരുപക്ഷവും യുദ്ധ സന്നദ്ധമായി നിലയുറപ്പിച്ചു.ആര്‍പ്പുവിളികളും ശoഖ്,ദുന്ദുഭി നാദങ്ങളും കൊണ്ട് രണാങ്കണം ശബ്ധമുഖരിതമായി.ജ്വലിക്കുന്ന ശിഖയോടെ സുര്യന്‍ കുതിച്ചുയര്‍ന്നപ്പോള്‍ ഏവര്‍ക്കും പരസ്പ്പരം കാണാമെന്ന നില വന്നു.വെള്ളക്കുട,കൊടിക്കൂറ,ആനകള്‍ ,ഹയങ്ങള്‍ ,തേരുകള്‍ ,പത്തികള്‍ എന്നിവയോട് ചേര്‍ന്ന് സൈന്യങ്ങളെല്ലാംശോഭിച്ചു.

ഭീഷ്മര്‍ കൌരവ സേനക്ക് രക്ഷാധികാരിയായി മുന്നില്‍ നിന്നു.അപ്പോള്‍ എതിര്‍ പക്ഷത്തെ പാണ്ഡവസൈന്യത്തില്‍ ഒരു ആരവം ഉയര്‍ന്നു.സുയോധനന്‍ നോക്കുമ്പോള്‍ യുധിഷ്ഠിരന്‍ തന്റെ തേര്‍ത്തടം വിട്ടു മുന്നോട്ട് വരുന്നത് അയാള്‍ കണ്ടു.ധര്‍മ്മപുത്രന്‍ നേരെ നടന്ന് ഭീഷ്മ സമീപമെത്തി.ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അയാള്‍ പിതാമഹനെ പാദനമസ്കാരം ചെയ്തിട്ട് പറഞ്ഞു:

മഹാബാഹോ,അങ്ങ് ദുര്യോധനന് വേണ്ടി യുദ്ധം ചെയ്താലും എന്റെ വിജയത്തിനായി കാംക്ഷിക്കുമല്ലോ.ഒപ്പം അപരാജിതനായ അങ്ങയെ മറികടക്കേണ്ട വിദ്യ പറഞ്ഞു തന്നാലും.

അത് കേട്ട് ഭീഷ്മ്ര്‍ പറഞ്ഞു:

അടര്‍ക്കളത്തില്‍ എന്നെ ജയിക്കുവാന്‍ പോന്ന ആരും നിന്റെ കൂട്ടത്തില്‍ ഇല്ല.ഉണ്ണി എനിക്ക് മരിക്കുവാനുള്ള സമയവും ആയിട്ടില്ല.അതിനു കാലമാകുമ്പോള്‍ നീ ഇനിയും വന്നുകൊള്ളൂക.

ധര്‍മ്മപുത്രന്‍ പിന്നെ നേരെ പോയത് ദ്രോണരുടെ അടുത്തേക്കാണ്.അദ്ദേഹത്തെയും താണുവണങ്ങിക്കൊണ്ട് അയാള്‍ സഹായം അഭ്യര്‍ത്ഥിച്ചു.ദ്രോണര്‍ പറഞ്ഞു:

നീ യുദ്ധമല്ലാതെ മറ്റെന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ പറയു.

അതുകേട്ടു സന്തോഷത്തോടെ ധര്‍മ്മപുത്രന്‍ ചോദിച്ചു:

പോരില്‍ ഞങ്ങള്‍ക്ക് അങ്ങയെ വിജയിക്കാനുള്ള വഴി പറഞ്ഞുതന്നാലും.

ധര്‍മ്മപുത്രന്റെ ആവശ്യത്തിന് മുന്നില്‍മെല്ലെ പുഞ്ചിരിച്ചുകൊണ്ട് ദ്രോണര്‍ പറഞ്ഞു:

പോരില്‍ ആയുധമേന്തി നില്‍ക്കുന്ന എന്നെ വീഴ്ത്താമെന്നു ആരും കരുതേണ്ട.ഒന്ന് ഞാന്‍ പറയാം.അപ്രിയമായ എന്തെങ്കിലും ഞാന്‍ കേള്‍ക്കാന്‍ ഇടയായാല്‍ അപ്പോള്‍ ഞാന്‍ ആയുധം താഴെ വയ്ക്കും.

ധര്‍മ്മപുത്രന്‍ ഇപ്രകാരം കൃപരെയും ശല്യരെയും പോയിക്കണ്ട് അനുഗ്രഹം വാങ്ങി.പിന്നെ യുദ്ധ സന്നദ്ധമായി നില്‍ക്കുന്ന ഇരുസേനകള്‍ക്കും നടുവില്‍ ചെന്ന് നിന്നുകൊണ്ട് അയാള്‍കൌരവ പക്ഷത്തേക്ക് നോക്കിക്കൊണ്ട്‌ ഉറക്കെ വിളിച്ചു ചോദിച്ചു:

ഞങ്ങളെ സഹായിക്കാന്‍ താത്പര്യമുള്ള ആരെങ്കിലും ഈ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് സ്വീകരിക്കുന്നതില്‍ സന്തോഷമേയുള്ളു.

അപ്രതീക്ഷിതമായ ആ ക്ഷണം കേട്ട് എല്ലാവരും അമ്പരന്നു നില്‍ക്കെ,ധൃതരാഷ്ട്ര പുത്രനായ യുയുത്സു മുന്നോട്ടു വന്നു.അയാള്‍ സുയോധനനെ ഇടം കണ്ണുകൊണ്ട് ഒന്ന് പാളി നോക്കിക്കൊണ്ട് ധര്‍മ്മപുത്രര്‍ക്കൊപ്പം ചേര്‍ന്നു.അതുകണ്ട് പാണ്ഡവ പക്ഷത്ത് സന്തോഷത്തിന്റെ പെരുമ്പറകള്‍ മുഴങ്ങി.സുയോധനന്‍ ഭീഷ്മരെ നോക്കി.അദ്ദേഹം ആ നോട്ടത്തെ അവഗണിച്ചുകൊണ്ട് യുദ്ധത്തിനായി ആഹ്വാനം ചെയ്തു!

൦൦൦


Friday, January 10, 2014

അദ്ധ്യായം 49,ഞാന്‍ സുത പുത്രനല്ല !

കര്‍ണ്ണന്‍ വന്നുകയറിയപ്പോള്‍ തന്നെ സുയോധനന്‍,യുദ്ധത്തിനായി നടത്തിയ മുന്നൊരുക്കങ്ങള്‍ വിവരിച്ചു.എല്ലാം മൂളിക്കേട്ടതിനു ശേഷം കര്‍ണ്ണന്‍ പറഞ്ഞു:

നന്നായി സുയോധന.എല്ലാം നല്ലതിനായിരിക്കട്ടെ.ഭീഷ്മപിതാമഹന്‍ സേനാ നായകത്വം ഏറ്റെടുക്കാന്‍ കാണിച്ച സൌമനസ്യത്തിന് നന്ദി പറയണം.

അപ്പോള്‍ സുയോധനന്‍ പറഞ്ഞു:

നീ പറഞ്ഞത് ശരിയാണ്  കര്‍ണ്ണാ.പിതാമഹന്‍ നമ്മോടൊപ്പം ഉണ്ടെങ്കില്‍ ഭയപ്പെടാന്‍ ഒന്നുമില്ല.പക്ഷെ അതുകൊണ്ട് മാത്രമായില്ല. നിന്റെ സഹായവും സേനാ നായകത്വവും ഞാന്‍ കാംക്ഷിക്കുന്നു.

അതുകേട്ട്‌ കര്‍ണ്ണന്‍ അയാളുടെ ചുമലില്‍ കൈ ചേര്‍ത്തുകൊണ്ട് പറഞ്ഞു:

സുയോധനന,അക്കാര്യത്തില്‍ നിനക്ക് സംശയം എന്തിനു?എന്റെ ജീവനും ഉടലും ആയോധന ശേഷിയും നിനക്കായി പറഞ്ഞു: എന്നേ തയ്യാറാക്കി വച്ചിട്ടുള്ളവനാണ് ഞാന്‍!പക്ഷെ പിതാമഹന്‍  വീണതിന് ശേഷമേ ഞാന്‍ സേനാ നായക പദവി എല്ക്കുകയുള്ളു !

സുയോധനന്‍ പറഞ്ഞു:

അതുമതി.അല്ലെങ്കിലും ഭീഷ്മരാല്‍ സദാ ഭത്സിതനാകുന്ന നിനക്കെങ്ങനെ അദേഹത്തോടൊപ്പം  നില്‍ക്കാനാകും?കര്‍ണ്ണാ നിന്നോളം വിശ്വാസമുള്ള മറ്റൊരു ചങ്ങാതി എനിക്കില്ല.

അതുകേട്ട്‌ കര്‍ണ്ണന്റെ കണ്ണുകള്‍ ആര്‍ദ്രങ്ങളായി.അയാള്‍ സുയോധനനെ ഗാഡം പുണര്‍ന്നുകൊണ്ട് വിതുമ്പിക്കരഞ്ഞു!പെട്ടെന്നുണ്ടായ ആ ഭാവ മാറ്റത്തിന്റെ പൊരുളറിയാതെ നിന്ന സുയോധനന്‍ കാരണം തിരക്കിയപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

സുയോധന,എല്ലാവരും കരുതും പോലെ,രാധേയനായ കര്‍ണ്ണനല്ല ഞാന്‍.എന്റെ അമ്മ പാണ്ഡവ മാതാവായ കുന്തീദേവിയാണ്!

അത് അവിശ്വാസത്തോടെ ശ്രവിച്ച സുയോധനനോട്‌ അയാള്‍ തുടര്‍ന്നു:

ഒരു അപസര്‍പ്പകഥയല്ലിത്.അമ്മയില്‍ നിന്നും നേരിട്ട് കേട്ട സത്യമാണ്.

പിന്നെ സുയോധനനെ വിട്ട് അല്‍പ്പം മാറിനിന്നുകൊണ്ട്‌ അയാള്‍ പറഞ്ഞു:

കൃഷ്ണന്‍ ദൂതു വന്നു തിരിച്ചുപോയ രാത്രിയില്‍ ഞാന്‍ ഗംഗാ തിരത്ത് ഇരിക്കുമ്പോള്‍ കുന്തീദേവി അതുവഴി വന്നു.അവിചാരിതമായി അവരെ കണ്ടപ്പോള്‍ ഞാന്‍ വിസ്മയിച്ചുപോയി.അവര്‍ എന്നെ മകനേ എന്ന് വിളിച്ചുകൊണ്ട് പറഞ്ഞു:

നീ സുത പുത്രനല്ല.സുര്യ പുത്രനാണ്.രാധയല്ല ഞാനാണ് നിനക്കമ്മ.

അവര്‍ എന്റെ ജന്മരഹസ്യം വെളിവാക്കി.ഞാന്‍ അവര്‍ക്ക് വിവാഹത്തിനു മുന്‍പ് സുര്യദേവന് പിറന്ന മകനാണെന്ന്!

സുയോധനന്‍ അവിശ്വാസത്തോടെ നോക്കി നിന്നു.കര്‍ണ്ണന്‍ തുടര്‍ന്നു:

അമ്മ എന്നോട് മറ്റൊന്ന്കൂടി ആവശ്യപ്പെട്ടു.ഞാന്‍ പാണ്ഡവപക്ഷത്തു നില്‍ക്കണമെന്ന്!നിനക്കെതിരെ പോരാടണമെന്ന്!

പിന്നെ അയാള്‍ സുയോധനനെ സമീപിച്ചുകൊണ്ട് പറഞ്ഞു:

എനിക്കതാവില്ലെന്നു തീര്‍ത്തുപറഞ്ഞു.എന്റെ ജീവിതം ഏറ്റവും അപമാനകരമായി തീര്‍ന്നത് അമ്മ മൂലമാണ്.അപ്പോഴൊക്കെ താങ്ങായി നിന്നത് നീയും!അതിനാല്‍ത്തന്നെ സുയോധന പക്ഷത്തെ ഈ കര്‍ണ്ണന്‍ ഉണ്ടാവു.

അയാള്‍ സുയോധനന്റെ കരം ഗ്രഹിച്ചു കൊണ്ട് തുടര്‍ന്നു:

പക്ഷെ സുയോധന,ഞാന്‍ അമ്മയ്ക്ക് ഒരു ഉറപ്പു കൊടുത്തിട്ടുണ്ട്.യുദ്ധത്തില്‍ അര്‍ജുനനെ മാത്രമേ വധിക്കൂവെന്ന്.

സുയോധനന്‍ കര്‍ണ്ണനെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് പറഞ്ഞു:

കര്‍ണ്ണാ,നിന്നില്‍ ഞാന്‍ അസൂയപ്പെടുന്നു.പാണ്ഡവപക്ഷം ചേര്‍ന്നാല്‍ ഇതിനേക്കാള്‍ സൌഭാഗ്യങ്ങളും സ്ഥാനമാനങ്ങളും ഒരുപക്ഷെ ജീവന്‍ തന്നെയും സുരക്ഷിതമാവും എന്നറിഞ്ഞിട്ടും നീ അചഞ്ചലചിത്തനായി നില്‍ക്കുന്നതില്‍ .

കര്‍ണ്ണന്‍ പറഞ്ഞു:

മരിക്കും വരെ ഞാന്‍ താങ്കളുടെ ഹിതാനുവര്‍ത്തിയായി കുടെത്തന്നെയുണ്ടാകും.

പിന്നെ കര്‍ണ്ണന്‍ സാവകാശം തുടര്‍ന്നു:

എന്റെ രഹസ്യം അതായിത്തന്നെ ഇരിക്കട്ടെ സുയോധന.

അതുകേട്ട് സുയോധനന്‍ പറഞ്ഞു:

തീര്‍ച്ചയായും.നിന്നെ ഞാനെന്ന വിധം നിനക്ക് എന്നെയും വിശ്വസിക്കാം.

൦൦൦

അദ്ധ്യായം-48,ജീവിതം യുദ്ധത്തിനു വഴിമാറുമ്പോള്‍

തന്നോടെന്നപോലെ കര്‍ണ്ണനോടും കലഹിച്ചും അയാളെ വെല്ലുവിളിച്ചുമാണ് കൃഷ്ണന്‍ മടങ്ങിയത്!അത് ഒരു അത്ഭുതമായി തോന്നിയതുമില്ല സുയോധനന്.കൃഷ്ണന്‍ നിക്ഷ്പക്ഷനായ ഒരു ദൂതന്‍ ആയിരുന്നില്ല.എല്ലാവരും കൃഷ്ണ പക്ഷത്താണ്.തന്നെപ്പോലെ യുദ്ധം ഒഴിവാക്കാന്‍ അവരും ആഗ്രഹിക്കുന്നുണ്ട്.എന്നാല്‍ കൃഷ്ണന് യുദ്ധാഭിലാഷമാണ് ഉള്ളത്.പാണ്ഡവര്‍ സ്വന്തം ശക്തി തെളിയിച്ചു വിജയം നേടാനാണ് അയാള്‍ ആഗ്രഹിക്കുന്നത്!അതിനു പിന്നില്‍ പാഞ്ചാലിയാണെന്നു കര്‍ണ്ണന്‍ പറഞ്ഞത് നെരാവാം.

ഇങ്ങിനെയെല്ലാം ചിന്തിച്ചിരിക്കെ ഭാനുമതി സുയോധനന് അരികില്‍ വന്നു.അവള്‍ പറഞ്ഞു:

യുദ്ധം ക്ഷത്രിയ ധര്‍മ്മമാണ്.അനിവാര്യമെങ്കില്‍ അത് ഒഴിവാക്കാന്‍ ആവില്ല.സംഭവിക്കേണ്ടത്‌ സംഭവിക്കട്ടെ.പാണ്ഡവര്‍ അത് ആഗ്രഹിക്കുമ്പോള്‍ നാം അമാന്തിക്കുന്നത് എന്തിന് ?

സുയോധനന്‍ പറഞ്ഞു:

യുദ്ധത്തെ എനിക്ക് ഭയമില്ല.എന്ത് സംഭവിക്കും എന്നതും എനിക്ക് നിശ്ചയമുണ്ട്.എനാല്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.

അതോര്‍ത്തു വിഷമിക്കേണ്ട.ധര്‍മ്മാനുസാരിയായി മാത്രം വര്‍ത്തിക്കുക.കുടെയുള്ളവര്‍ക്ക് പിറകില്‍ എപ്പോഴും ഒരുശ്രദ്ധ ഉണ്ടായിരിക്കുന്നത് നന്ന്.കര്‍ണ്ണനൊഴികെ.

ഭരണ കാര്യങ്ങളില്‍ നേരിട്ട് ഇടപെടാത്ത ഭാനുമതി എത്ര കൃത്യമായാണ് ഇവയെല്ലാം അറിയുന്നത് എന്നത് അയാളെ തെല്ല് അത്ഭുതപ്പെടുത്താതെയിരുന്നില്ല!

പിറ്റേന്നു രാവിലെ സുയോധനനെ മഹാരാജാവ് വിളിപ്പിച്ചു.സഭാ മണ്ഡപത്തില്‍ അച്ഛനൊപ്പം ഭീഷ്മര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ചെന്നപാടെ ഭീഷ്മര്‍ പറഞ്ഞു:

ദുര്യോധന,പാണ്ഡവര്‍ പടയൊരുക്കം തുടങ്ങിയതായി അറിയിച്ചിരിക്കുന്നു.സമവായത്തിനുള്ള എല്ലാ പഴുതുകളും നീ അടച്ചില്ലേ?കൃഷ്ണനെ പോലും അപമാനിച്ചു വിട്ടില്ലേ?ഇനി ഒത്തുതീര്‍പ്പുകളില്ല.യുദ്ധം മാത്രം!

സുയോധനന്‍ പറഞ്ഞു:

ഇതിനെല്ലാം മറുപടി പറയാനുള്ള സമയമല്ലിത്.അവര്‍ യുദ്ധ സന്നദ്ധരായെങ്കില്‍ ഞാനും പിന്നോട്ടില്ല.

അപ്പോള്‍ ഭീഷ്മര്‍ പറഞ്ഞു:

എങ്കില്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുക.പാണ്ഡവര്‍ കുരുക്ഷേത്രത്തില്‍ ശിബിരങ്ങള്‍ ഒരുക്കിത്തുടങ്ങിയിരിക്കുന്നു.എഴാണവര്‍ക്ക് അക്ഷവ്ണി പടകള്‍ !ദ്രുപദന്‍,വിരാടന്‍,ധൃഷ്ടദ്യുമ്നന്‍,ശിഖണ്ഡി,ചെകിതാനന്‍,സാത്യകി,ഭീമന്‍ എന്നിവരെയെല്ലാം സേനാപതികളായി അവര്‍ നിശ്ചയിച്ചു കഴിഞ്ഞു.

അതുകേട്ടു സുയോധനന്‍ പറഞ്ഞു:

പാണ്ഡവപ്പടയുടെ വിവരണങ്ങള്‍ എനിക്ക് കേള്‍ക്കനമെന്നില്ല.അത് രണാങ്കണത്തില്‍ കാണാമല്ലോ.ഇപ്പോള്‍ നമ്മുടെയും പടയോരുക്കമാണ് നടക്കേണ്ടത്‌.

പിന്നീട് ഭീഷ്മര്‍ ഒന്നും പറഞ്ഞില്ല.അപ്പോള്‍ സുയോധനന്‍ അദ്ദേഹത്തിന്റെ അരികില്‍ ചെന്ന് കാലുകള്‍ തൊട്ടു വന്ദിച്ചുകൊണ്ട് അഭ്യര്‍ത്ഥിച്ചു:

പിതാമഹാ,അങ്ങയുടെ മനസ്സ് എനിക്ക് കാണാം.പാണ്ഡവരെപ്പോലെയാണല്ലോ അങ്ങേക്ക് ഞങ്ങളും.അതിനാല്‍ എന്നെ കൈവെടിയരുത്.മനം കൊണ്ടും ധനം കൊണ്ടും ബലം കൊണ്ടും പാണ്ഡവര്‍ക്ക് തുണയായി ധാരാളം പേരുണ്ട്.അതുകൊണ്ട് അങ്ങ് ഞങ്ങള്‍ക്ക് സേനാനായകനാകണം.

സുയോധനന്റെ അപേക്ഷ തള്ളുവാന്‍ ഭീഷ്മ്ര്‍ക്ക് ആവുമായിരുന്നില്ല.ഇത്രയും കാലം തന്നെ പോറ്റിയ കാരുണ്യമാണ് ഇവന്‍.വിദ്വേഷിച്ച് അകറ്റുവാന്‍ ശ്രമിച്ചപ്പോള്‍ പോലും അക്ഷോഭ്യനായി നില കൊണ്ടവന്‍.തനിക്കു എന്ത് സംഭവിക്കും എന്ന് വ്യെക്തമായിട്ടു അറിയാമായിരുന്നിട്ടും രാജധര്‍മ്മം പാലിക്കാന്‍ ഒരുമ്പിടുന്നവന്‍!മറ്റാര്‍ക്കും തന്നെ ഈ ആത്മധൈര്യം താന്‍ കണ്ടിട്ടില്ല!അതിനാല്‍ ഭീഷ്മര്‍ പറഞ്ഞു:

എത്ര വലിയ സേനയും നായകനില്ലെങ്കില്‍ നശിക്കും.പോരിലവ ഉറുമ്പിന്‍ കൂട്ടങ്ങള്‍ പോലെ ചിതറും.പക്ഷെ എനിക്ക് ചില നിബന്ധനകള്‍ ഉണ്ട്.

അവ കേള്‍ക്കാന്‍ സുയോധനന്‍ കാതോര്‍ത്തു.ഭീഷ്മര്‍ തുടര്‍ന്നു:

എന്റെ ബാഹുക്കള്‍ തടുക്കാന്‍ പാണ്ഡവര്‍ക്കാകില്ല.എന്നാല്‍ നീ പറഞ്ഞതുപോലെ എനിക്ക് അവരും നിങ്ങളും തുല്യരാണ്.അതിനാല്‍ പതിനായിരം യോദ്ധാക്കളെ വീതം ഞാന്‍ ദിവസവും ഇല്ലാതാക്കാം.എന്നാല്‍ ഞാന്‍ പാണ്ഡവരെ തൊടുകയില്ല.

ഭീഷ്മരുടെ നിര്‍ദ്ദേശങ്ങള്‍ സുയോധനന്‍ അഗീകരിച്ചു.അപ്പോള്‍ ഭീഷ്മര്‍ സുയോധനനെ മാറോടണച്ചുകൊണ്ട് പറഞ്ഞു:

സുയോധന,ഒരാള്‍ യുദ്ധക്കളത്തില്‍ എന്നെ വീഴ്ത്തും വരെ ഞാന്‍ ഈ ശരീരം കൊണ്ട് നിന്റെ കൂടെ നില്‍ക്കും.

ഭീഷ്മരുടെ വാക്കുകള്‍ സുയോധനനെ ഏറെ സന്തുഷ്ടനാക്കി.അയാള്‍ പറഞ്ഞു:

മതി.അതുമാത്രം മതി.ഇനി എന്തും സംഭവിക്കട്ടെ.

ഉടന്‍ ഭീഷ്മര്‍ സുയോധനനെയും കൂട്ടി സൈന്യവ്യുഹത്തിനു സമീപമെത്തി.സൈന്യത്തെ നോക്കിക്കൊണ്ട് സുയോധനനോട്‌ പറഞ്ഞു:

സുസ്സജ്ജമായി നില്‍ക്കുന്ന ഈ സേനയെ,പതിനൊന്നു അക്ഷൌഹിണികളായി തിരിക്കണം.തേര്,ആന,ആള്‍,കുതിര തുടങ്ങിയവയെ സാരം,മദ്ധ്യം,ലഘു എന്നിങ്ങനെ മൂന്നായി തരംതിരിച്ചു നിര്‍ത്തണം.

പിന്നിട് അദ്ദേഹം സൈന്യാധിപന്മാരോടായി പറഞ്ഞു:

ഒരു തേരിനു അമ്പതു കൊമ്പന്മാര്‍.ഒരു കൊമ്പന് അഞ്ഞുറു കുതിരകള്‍.കുതിരക്ക് മുപ്പത്തഞ്ചു പുരുഷന്മാര്‍ എന്ന നിലയില്‍ കരുതി വയ്ക്കണം.

ഒന്ന് നിര്‍ത്തിയിട്ട് അദ്ദേഹം വീണ്ടും തുടര്‍ന്നു:

ഒരു സേനക്ക് അഞ്ഞുറാനകള്‍,അത്രതന്നെ തേരുകള്‍.പത്തു സേന ചേരുന്നതാണ് ഒരു പ്രുതന.പത്തു പ്രുതന ഒരു വാഹിനി.അങ്ങിനെ പത്തു വാഹിനികള്‍ ചേരുന്നതാണ് നമ്മുടെ സേന!

ഇതെല്ലാം നിറഞ്ഞ സംതൃപ്തിയോടെ കേട്ട് നില്‍ക്കുമ്പോള്‍,കര്‍ണ്ണനെ ഒഴികെ മറ്റാരെയും വിശ്വസിക്കരുത് എന്നാ ഭാനുമതിയുടെ വാക്കുകള്‍ അവിവേകമായിപ്പോയോ എന്ന് സുയോധനന്‍ ചിന്തിച്ചു പോയി!

൦൦൦