Thursday, January 24, 2013

അധ്യായം-രണ്ട്

ഹസ്തിനപുരത്തെ ആബാലവൃദ്ധം ജനങ്ങളും പന്ത്രണ്ട് ദിവസത്തെ പുലയാചരിച്ചു.പാണ്ടുവിനും പത്നിക്കും പന്ത്രണ്ടാം നാള്‍ സുധാമൃതമായ പിണ്ഡം സമര്‍പ്പിച്ചതിനു ശേഷം പൌരജനങ്ങള്‍ക്ക് വിഭവ സമൃദ്ധമായ വിരുന്ന് നല്‍കി.രത്നങ്ങളും ഗ്രാമങ്ങളും ഒക്കെ ദാനമായി ഏറ്റുവാങ്ങി,അതുവരെ കൊട്ടാരത്തില്‍ വസിച്ചിരുന്ന ബ്രാഹ്മണരും യാത്രയായി.സ്ത്രീജനങ്ങള്‍ അകം പണികളില്‍ വ്യാപൃതരായി തുടങ്ങിയിരുന്നു.കുട്ടികള്‍ ഉത്സാഹം വീണ്ടെടുത്ത് കളികളില്‍ മുഴുകി.എന്നാല്‍ കുന്തിയിലും പാണ്ഡവരിലും ദുഃഖം തളം കെട്ടി നിന്നു!ധര്‍മപുത്രര്‍ എപ്പോഴും നിഴല്‍ പോലെ അമ്മയെ പിന്തുടര്‍ന്നുകൊണ്ടിരുന്നു.ജേഷ്ഠനെ എങ്ങിനെ ഇതില്‍ നിന്നും മോചിപ്പിക്കാമെന്ന് സുയോധനന്‍ ചിന്തിച്ചു.

പുലയടിയന്തിരം  കഴിഞ്ഞതിന്‍റെ അഞ്ചാം നാള്‍,അകത്തളത്തില്‍ ധര്‍മപുത്രര്‍ ഗാന്ധാരിക്കും കുന്തിക്കും ഇടയിലായി ജാലകത്തിനപ്പുറത്തേക്ക് വെറുതെ നോക്കിയിരുന്ന വൈകുന്നേരം,സുയോധനന്‍,കൈയ്യില്‍ കരുക്കള്‍ നിറച്ച കനക പേടകവും ചതുരംഗപ്പലകയുമായി കടന്നു ചെന്നു.സുയോധനന്‍റെ കാല്പെരുമാറ്റം കേള്‍ക്കവേ ഗാന്ധാരി ചോദിച്ചു:

എന്തേ ഉണ്ണി വിശേഷിച്ച്?

സുയോധനന്‍ പറഞ്ഞു:

ഏട്ടനെ തിരക്കി വന്നതാണ്,കളിപ്പാന്‍...

ആ ശബ്ധം കേട്ടപ്പോള്‍ മാത്രമാണ് ധര്‍മപുത്രര്‍ സുയോധനന്‍റെ  സാന്നിധ്യം അറിഞ്ഞത് !അയാള്‍ മെല്ലെ തലതിരിച്ച് സുയോധനനെ നോക്കി.സുയോധനന്‍ പുഞ്ചിരിച്ചുകൊണ്ട് ധര്‍മപുത്രരെ ക്ഷണിച്ചു.

വരൂ ഏട്ടാ,നമുക്ക് ചതുരംഗം കളിക്കാം

ധര്‍മപുത്രര്‍ നിഷേധാര്‍ദ്ധത്തില്‍ തലയാട്ടിക്കൊണ്ട് കുന്തിയെ നോക്കി.കുന്തി അയാളെ പ്രോത്സാഹിപ്പിച്ചു.

ചെല്ലു,ഉണ്ണി.എപ്പോഴും ഇങ്ങിനെ ചടഞ്ഞിരുന്നാലോ?


വരൂ  ഏട്ടാ നമുക്ക് ഇവിടെ ഇരുന്നു തന്നെ കളിക്കാം

എന്ന്  പറഞ്ഞുകൊണ്ട് സുയോധനന്‍ ചെന്ന് അയാളുടെ കൈ പിടിച്ച് ക്ഷണിച്ചു.അര്‍ദ്ധ സമ്മതനായി ധര്‍മപുത്രര്‍ സുയോധനനെ പിന്തുടര്‍ന്നു!

മുറിയിലെ വെണ്‍ചന്ദന കട്ടിലില്‍ ചതുരംഗപലക നിവര്‍ത്തി വച്ച് കരുക്കള്‍ നിരത്തികൊണ്ട് സുയോധനന്‍ പറഞ്ഞു.

ഏട്ടന്‍  വെളുത്ത കരുക്കള്‍ എടുത്തോളു.ആദ്യ ഊഴവും അങ്ങേക്ക് തന്നെ ആയിക്കോട്ടെ.

ധര്‍മപുത്രര്‍ അമ്മയെ നോക്കി.കുന്തി കളിച്ചു കൊള്ളുവാന്‍ ആഗ്യം കാട്ടികൊണ്ട് ഗാന്ധാരിയുടെ ചെവിയില്‍ എന്തോ പറഞ്ഞ് ചിരിച്ചു.അമ്മയും കൂടെ ചിരിക്കുന്നത് സുയോധനന്‍ കണ്ടു.

ധര്‍മപുത്രര്‍ കരുക്കളില്‍ തന്നെ നോക്കി ഏറെ നേരം ചിന്തിച്ചിരുന്നു.സുയോധനന്‍ കളിയില്‍ ശ്രദ്ധിക്കുന്നതിനോപ്പം അകത്തെ വര്‍ത്തമാനത്തിലെക്കും കാതു പായിച്ചു.ഏറെ നേരത്തിനു ശേഷമാണ് ധര്‍മപുത്രര്‍ ആദ്യ കരു നീക്കിയത്.മുന്‍വരിയിലെ ഒരു കാലാളെ അയാള്‍ രണ്ടു കളങ്ങള്‍കപ്പുറത്തെക്ക് നീക്കിവച്ചിരിക്കുന്നു.സുയോധനനന്‍റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.പാവം കളിയില്‍ വലിയ പരിജ്ഞാനം ഇല്ലെന്നു കണ്ടാലറിയാം.

സുയോധനന്‍ പറഞ്ഞു:

ഏട്ടാ ഈ നീക്കം അബദ്ധമാണ്.എന്‍റെ കുതിരക്ക് അതിനെ കീഴടക്കാനാവും.കരുമാറ്റി ഒന്നുകുടി കളിക്കു

ധര്‍മപുത്രര്‍ തലയുയര്‍ത്തി സുയോധനനെ നോക്കി.പിന്നെ കരുക്കളിലെക്കും.അയാള്‍ ആകെ സംശയഗ്രസ്തനായി മെല്ലെ ചോദിച്ചു:

എങ്ങിനെ....?


കണ്ടോളു

എന്നുപറഞ്ഞ് സുയോധനന്‍ അതിവേഗത്തില്‍ തന്‍റെ കുതിരയെക്കൊണ്ട് ആ കരു വെട്ടിയെടുത്ത് കൊണ്ട് ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു:

എങ്ങിനെയെന്നോ,ദാ ഇങ്ങിനെ തന്നെ...

സുയോധനന്റെ ചിരി അവിടെയെങ്ങും മാറ്റൊലി കൊണ്ടു.കുന്തിയും ഗാന്ധാരിയും അത് ശ്രദ്ധിച്ചപ്പോഴാണ്‌ അയാള്‍ ചിരി നിര്‍ത്തിയത്.പക്ഷെ ധര്‍മപുത്രര്‍ക്ക് അപ്പോഴും ഒന്നും മനസിലായില്ല!അയാള്‍ പിന്നെയും കരുക്കളില്‍ തന്നെ കണ്ണും നട്ടിരിപ്പാണ്!അടുത്ത നീക്കത്തിന് ഇനിയും സമയമെടുക്കും.സുയോധനന്‍ അമ്മമാരെ ശ്രദ്ധിച്ചു.

ഗാന്ധാരി തന്‍റെ പരിചാരകമാരെ പറഞ്ഞ്‌ അയച്ചതിനു ശേഷം അനുതപ്തതയോടെ കുന്തിയോട് ചോദിക്കുന്നു:

പാണ്ടുവിനു  ഈ ദുരന്തം വരാന്‍.........?

കുന്തി ചുറ്റിലും നോക്കി.ഉടന്‍സുയോധനന്‍ കണ്ണുകള്‍ പിന്‍വലിച്ച് കളിയില്‍ ശ്രദ്ധിച്ചു.ധര്‍മപുത്രര്‍ ആലോചനയില്‍ തന്നെയാണ്.കരു ഒന്നും ഇനിയും നീങ്ങിയിട്ടില്ല!അയാള്‍ കണ്ണുകള്‍ ചതുരംഗപ്പലകയില്‍ തന്നെ ഊന്നി കുന്തിയുടെ മറുപടിക്ക് ചെവി പാര്‍ത്തു.കുന്തി പറയുകയാണ്:

കാട്ടില്‍ വച്ച് രാജാവ് തന്‍റെ സാമര്‍ത്ഥ്യം കാണിക്കാനെന്നവിധം,മൈഥുനത്തിലേര്‍പ്പെട്ടുകൊണ്ടിരുന്ന മാനിണകളെ അസ്ത്രത്താല്‍ വീഴ്ത്തി.എന്നാല്‍ അവ ഒരു മുനിയും പത്നിയും ആയിരുന്നു.കാമകേളികള്‍ക്കിടയില്‍, നിനക്കും ഇതേ വിധം മരണമുണ്ടാകട്ടെ എന്ന് അവര്‍ ശപിച്ചു.അതിനാലാണ്...

അപ്പോള്‍ ധര്‍മപുത്രരുടെ നനുത്ത ശബ്ധം ഉയര്‍ന്നു:

ദുര്യോധനാ ഞാന്‍ കരുനീക്കിയത് നീയറിഞ്ഞില്ലേ?അതോ മറികടക്കാന്‍ വഴിയറിയാതെയിരിപ്പാണോ?

സുയോധനന്‍ കളിയിലേക്ക് ശ്രദ്ധ തിരിച്ചു.ധര്‍മപുത്രര്‍ മാറ്റിയ കരു കാണുകയും അത് മറ്റൊരു മണ്ടന്‍ നീക്കമാണെന്ന് തിരിച്ചറിയുകയും ചെയ്തു അയാള്‍.തേര് കൊണ്ട് അതിനെ കീഴടക്കി,ധര്‍മപുത്രര്‍ക്ക് അടുത്ത കളിക്കുള്ള അവസരം നല്‍കി,അമ്മമാരിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചു അയാള്‍.

മാദ്രി എന്തിനു ചിത പുകി.അങ്ങിനെയെങ്ങില്‍ തന്നെ നീയല്ലേ ധര്‍മ്മപത്നി?

ഗാന്ധാരിയുടെ ചോദ്യം കേട്ട് കുന്തി പറഞ്ഞു:

അതെ ഏടത്തി,പക്ഷെ അവളുമായി ബന്ധപ്പെടുമ്പോള്‍ ആണ് ദുരന്തം ഉണ്ടായത്.മാത്രമല്ല തന്‍റെ കാമനകള്‍ അപുര്‍ണ്ണവും അതൃപ്തവും ആണെന്ന് പറഞ്ഞാണ് അവള്‍ അഗ്നി പുകിയത്.

അപ്പോള്‍  ധര്‍മപുത്രര്‍ അടുത്ത കരുനീക്കം നടത്തുകയായിരുന്നു.സുയോധനന്‍ വിചാരിച്ച വഴി തന്നെയാണ്‌ കരു നീങ്ങുന്നത്!ധര്‍മപുത്രര്‍ കരുവില്‍ നിന്നും കൈ എടുത്ത ഉടന്‍ സുയോധനന്‍ തന്‍റെ കാലാള്‍ കൊണ്ട് കുതിരയെ സ്വന്തമാക്കി പിന്നെയും ഉറക്കെ ചിരിച്ചു.ധര്‍മപുത്രര്‍ വിളറി വിയര്‍ത്തു.അപ്പോള്‍ സുയോധനന്‍ നേരംപോക്കായി ചോദിച്ചു.

ഈ ചതുരംഗ യുദ്ധം പോലും അറിയാത്ത അങ്ങ് ഭാവിയില്‍ എങ്ങിനെ പട നയിക്കും?

ആ വാക്കുകള്‍ ധര്‍മപുത്രരെ കുടുതല്‍ ലജ്ജിതനാക്കി.കളി മതിയാക്കി അയാള്‍ എഴുന്നേറ്റു.അപ്പോള്‍ സുയോധനന്‍ കൈയില്‍ മെല്ലെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു:

കളി തീര്‍ന്നിട്ടില്ല ഏട്ടാ 

അത് ചെവിക്കൊള്ളാതെ ധര്‍മപുത്രര്‍ കൈ തട്ടിമാറ്റി.ആ ശബ്ധം കേട്ട് ഗാന്ധാരി ഉറക്കെ പറഞ്ഞു.

സുയോധനാ,നിന്‍റെ കളിതമാശകള്‍ മുത്തവരോട് വേണ്ട.ധര്‍മപുത്രര്‍ നിന്‍റെ ജേഷ്ടനാണ്.

അത് കേട്ട് ഉടന്‍ തന്നെ സുയോധനന്‍ പിടി വിട്ടു.അപ്പോള്‍ കുന്തി ചോദിച്ചു:

ദുര്യോധനനാ,ഏട്ടന്‍റെ ഇപ്പോഴത്തെ മനോനില നിനക്ക് അറിഞ്ഞുകുടെ?

എന്നിട്ട് ധര്‍മപുത്രരോടായി പറഞ്ഞു:

ഉണ്ണി, കളി മതിയാക്കി അനുജന്മാര്‍ എന്ത് ചെയ്യുന്നുവെന്ന് പോയ്‌ നോക്കു.

അത് കേള്‍ക്കാന്‍ ഇരുന്നെന്നവണ്ണം ഉടന്‍ കളി നിര്‍ത്തി ധര്‍മപുത്രര്‍ പുറത്തേക്ക് നടന്നു.സുയോധനന്‍ ആ പോക്ക് അല്‍പനേരം നോക്കിയിരുന്നു.പിന്നെ പതിയെ കരുക്കള്‍ വാരി,ചതുരംഗപ്പലക മടക്കി.

ooo 


No comments:

Post a Comment