Tuesday, January 29, 2013

അധ്യായം-നാല്

നേരം ഏറെ പുലര്‍ന്നിട്ടും സുയോധനന് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല.ക്ഷീണം അയാളെ അത്രമേല്‍ തളര്‍ത്തിയിരുന്നു.ദുസ്സാസനാണ് നല്ല ഭാരം ഉണ്ട്.അയാളെ പുഴമുതല്‍ കൊട്ടാരം വരെ ചുമന്ന് എത്തിയപ്പോഴേക്കും ഏറെ തളര്‍ന്നുപോയിരുന്നു.ഇങ്ങിനെയെല്ലാം ആലോചിച്ച് മടിച്ചു കിടക്കുമ്പോള്‍ ആരോ വാതില്‍ക്കല്‍ മുട്ടി.അയാള്‍ സാവകാശം എഴുന്നേറ്റുചെന്ന് വാതില്‍ തുറന്നു.അനുജന്മാരില്‍ ചിലരാണ്. ദുസ്സാസനന്‍ അവരില്‍ ചിലരെ അയാളുടെ മുന്‍പിലേക്ക് നീക്കിനിര്‍ത്തി.

നോക്കൂ,ഏട്ടാ ആ ഭീമന്‍റെ പ്രവര്‍ത്തി 

അയാള്‍ നോക്കി.പലരുടെയും കൈകാലുകള്‍ ആഴത്തിലും പരപ്പിലും മുറിഞ്ഞിരിക്കുന്നു!ചോര വാര്‍ന്നൊഴുകുന്നുണ്ട്!ഏറ്റവും ഇളയവനായ വീരജെസ്സ് എങ്ങിക്കരയുന്നത് സുയോധനന് സഹിക്കാനായില്ല. 

എന്തുപറ്റി?

അയാള്‍ ചോദിച്ചു.സുലോചനനാണ് മറുപടി പറഞ്ഞത്.

ഏട്ടന്‍ ഭീമന്‍ നിലത്തുടെ വലിച്ചിഴച്ചതാണ്

അപ്പോള്‍  കുട്ടത്തില്‍ നിന്നും ഉപനന്ദന്‍ മുന്നോട്ടു നീങ്ങിനിന്നു.അവന്‍റെ കൈയ്യില്‍ ഊരിപ്പിടിച്ച ഏതാനും മുടിനാരുകള്‍ സുയോധനന്‍ കണ്ടു!തലയില്‍ ചോര പൊടിയുന്നുണ്ട്.അവന്‍ കരച്ചിലടക്കിക്കൊണ്ട് പറഞ്ഞു:

ഇത്  ഭിമന്‍ പറി ച്ചെടുത്തതാണ്

അതുകുടി കാണ്‍കെ സുയോധനില്‍ കോപം ഇരച്ചു കയറി.അയാള്‍ഉറക്കെ ചോദിച്ചു.

ഇത് ആരോടും പറഞ്ഞില്ലേ ഇതുവരെ?

ദുസ്സാസനന്‍ പറഞ്ഞു:

ഉം.എല്ലാവരോടും.ഇതെല്ലാം കളിയായി കണക്കാക്കിയാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്.അച്ഛനില്ലാത്ത കുട്ടികളല്ലേ അവര്‍ എന്നാണ് അമ്മ പോലും പറഞ്ഞത്!

ആ സമയത്ത് അവിടേക്ക് വിദുരര്‍ അതിവേഗം കടന്നു വന്നു.അദ്ധേഹം കുട്ടികളോട് ചോദിച്ചു:

ങാ,എല്ലാവരും ഇവിടെ നില്‍ക്കയാണോ?മരുന്നിനായി വാല്യക്കാര്‍ക്കരികിലേക്ക് വിട്ടതല്ലേ ഞാന്‍?ചെല്ല് അവര്‍ അവിടെ കാത്തുനില്‍ക്കുന്നു.

അവര്‍ സുയോധനനെ ഒന്ന് നോക്കികൊണ്ട് വിദുരര്‍ പറഞ്ഞത് അനുസരിച്ചു.അവര്‍ക്ക് പുറകിലായി പോകാന്‍ തുനിഞ്ഞ വിദുരരോട് സുയോധനന്‍ പറഞ്ഞു:

ഇളയച്ഛ,ഇത് അധികമാവുന്നു.ഭിമന്‍ ഇങ്ങിനെ തുടര്‍ന്നാല്‍ ഞങ്ങള്‍ എന്ത് ചെയ്യും?

വിദുരര്‍ തിരിഞ്ഞു നിന്നു.അദ്ദേഹം ശാന്തമായി പറഞ്ഞു:

ഉണ്ണി,ഇതൊക്കെ കളികളില്‍ സാധാരണമാണ്.ആ മുറിവുകള്‍ ഉണങ്ങും മുന്‍പേ അവര്‍ ഇണങ്ങിച്ചേരും.നോക്കിക്കൊള്ളു 

പിന്നെ സുയോധനന് സമീപം കുടുതല്‍ ചേര്‍ന്നുനിന്ന് വിദുരര്‍ തുടര്‍ന്നു:

നീയായിട്ടു പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരുന്നാല്‍ മതി.ദുശശകുനങ്ങളുമായി ജനിച്ചവനാണ് നീ.

അതും പറഞ്ഞു വിദുരര്‍ വേഗത്തില്‍ അവിടം വിട്ടുപോയി.

സുയോധനന്‍ നിശബ്ധനായി  കിടപ്പുമുറിയിലേക്ക് മടങ്ങി.അപ്പോള്‍.തുറന്നു കിടക്കുന്ന ജാലകത്തിനപ്പുറം ആരോ പൊടുന്നനെ മറയുന്നത് അയാള്‍ കണ്ടു.അയാള്‍ വേഗം ജനലരികില്‍ എത്തി പുറത്തേക്ക് നോക്കി.ഭീമനും അര്‍ജുനനും ഒന്നും അറിയാത്തമട്ടില്‍ നടന്നുപോകുന്നു!

സുയോധനന്‍ ജാലകവാതിലുകള്‍ ബന്ധിക്കാന്‍ തുനിയുമ്പോള്‍ തൊടിയിലെ മാവിന്‍ ചുവട്ടില്‍ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നത് കണ്ടു.അയാള്‍ സുയോധനനെ തന്നെ നോക്കി നില്‍ക്കുകയാണ്.ആദ്യമായാണ് ഇയാളെ കാണുന്നത്.സുയോധനന്‍ ആംഗ്യം കൊണ്ട് അയാളോട് അവിടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പുറത്തേക്ക് ചെന്നു.

സുര്യനെപ്പോലെ തേജസ്വിയാണയാള്‍ എന്ന് അടുത്തെത്തിയപ്പോഴാണ്‌ സുയോധനന് ബോധ്യമായത്.കാതിലെ വജ്രകുണ്ഡലങ്ങളില്‍ നിന്നും പ്രകാശരേണുക്കള്‍ പൊഴിയുന്നു!

അയാള്‍ സുയോധനനെ നോക്കി പുഞ്ചിരിച്ചു.അതിലെ വശ്യതയും ആത്മാര്‍ത്ഥതയും തന്നെ കീഴടക്കിയപോലെ തോന്നി സുയോധനന്.അയാള്‍ മുന്നോട്ടുവന്ന് സ്വയം പരിചയപ്പെടുത്തി!

ഞാന്‍ രാധേയനാണ്.ഇവിടത്തെ അധിരഥപുത്രന്‍

സുയോധനന്‍ അത്ഭുതപ്പെട്ടു.സൂതപുത്രന്‍ ആണെന്ന് കാഴ്ചയില്‍ തോന്നുകയില്ല.അത്ര തേജസസുണ്ട്.അയാളുടെ വജ്രകുണ്ഡലത്തിലേക്കും പടച്ചട്ടയിലേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു സുയോധനന്‍!അത് കണ്ട് അയാള്‍ പറഞ്ഞു:

ഇതെല്ലാം ജന്മനാ ലഭിച്ചതാണ്.പ്രകാശം പൊഴിയുന്ന ഈ കുണ്ഡലങ്ങളുടെ പേരില്‍ കര്‍ണനെന്നാണ് എന്നെ എല്ലാവരും വിളിക്കുന്നത്‌.

സുയോധനന്‍ ഒന്നും പറഞ്ഞില്ല.ഒരു പ്രത്യേക സ്നേഹവായ്പ്‌ അയാളോട് തോന്നി.പിന്നെ ഒരു ഇളംകാറ്റ്പോലെ സുയോധനന്‍ കര്‍ണ്ണനെ ആശ്ലേഷിച്ചു!
൦൦൦

No comments:

Post a Comment