Monday, January 28, 2013

അധ്യായം- മുന്ന്

പതിവുപോലെ വാല്യക്കാര്‍ എല്ലാവരെയും എണ്ണതേപ്പിച്ച് പുഴയോരത്തെ പുല്‍മൈതാനത്തു കൊണ്ടുചെന്നാക്കി.ഉണ്ണികളുടെ കുളി പുഴയില്‍ ആക്കിയിട്ട് അധികനാളുകള്‍ ആയിട്ടില്ല.ഒരിക്കല്‍ കൊട്ടാരത്തില്‍ വച്ച് ഉണ്ണികളെ എണ്ണ തേപ്പിച്ച്‌ ഇരുത്തുമ്പോള്‍ അവര്‍ ഓടി നടന്നിടത്തെല്ലാം എണ്ണ പുരണ്ട് പലരും മറിഞ്ഞു വീണതില്‍ പിന്നെയാണ് ഭിഷ്മര്‍ ഇത്തരം ഒരു ക്രമീകരണം ഒരുക്കിയത്! രാജകുമാരന്‍മാര്‍ക്ക് നീരാടുന്നതിനായി പുഴയോരം കെട്ടി ഒതുക്കുകയും എണ്ണ തേപ്പിനും  ഈറന്‍ മാറലിനും ഒക്കെയായി ഒരു കൊട്ടാരം പണികഴിപ്പിക്കുകയും ചെയ്തു അദ്ദേഹം!

ഏറ്റവും ഇളയവരില്‍ നിന്ന് മുറപ്രകാരമാണ് ദാസ്യര്‍ ഉണ്ണികളെ കുളിപ്പിക്കുക.മാറോളം വെള്ളത്തില്‍ ഇറങ്ങിനിന്ന് അവര്‍ ഓരോരുത്തരെയായി വിളിക്കും.കരക്ക് നില്‍ക്കുന്ന ഭൃത്യര്‍ ഉണ്ണികളെ എടുത്തു പൊക്കി അവരെ ഏല്‍പ്പിക്കുകയും തിരിച്ചു വാങ്ങി തോര്‍ത്തി ശുദ്ധമാക്കി നിര്‍ത്തുകയും ചെയ്യും!നീന്താനറിയുന്നവര്‍ക്കൊക്കെ അതിനുള്ള സ്വാതന്ത്ര്യമുണ്ട്.ഉപചിത്രന്‍ മുതല്‍ സുയോധനന്‍ വരെയുള്ള ഇരുപത്തഞ്ചു പേര്‍ക്കെ കൌരവരില്‍ ശരിക്ക് നീന്തലറിയു!അതിനാല്‍ മറ്റുള്ളവര്‍ കുളിച്ചു കേറിയാല്‍ പിന്നെ അവരുടെ നീന്തല്‍ മല്‍സരമാണ്!പുഴ കുറുകെ നീന്തി തിരിച്ചെത്തലാണ് പ്രധാനം.ഉണ്ണികളും ദാസരും കരക്ക് നിന്ന് കരഘോഷത്തോടെ അവരെ പ്രോത്സാഹിപ്പിക്കും!സുയോധനന്‍ തന്നെയാവും മിക്കപ്പോഴും മുന്നിലെത്തുക!എത്ര വാശിയോടെ തുഴഞ്ഞു നീങ്ങുമ്പോഴും അയാള്‍ പുറകിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ടിരിക്കും!ഏതെങ്കിലും അനുജന്‍ തളരുകയോ,തിരിക്കാന്‍ ധൃതിപ്പെടുകയോ ചെയ്യുന്നത് കണ്ടാല്‍ അയാള്‍ മല്‍സരം അവസാനിപ്പിക്കും.

പാണ്ഡവര്‍ കൊട്ടാരത്തില്‍ വാസം ഉറപ്പിച്ച ശേഷവും ഈ രീതിക്ക് മാറ്റം ഉണ്ടായില്ല.പാണ്ഡവരില്‍ ഭീമനും അര്‍ജുനനുമാണ് മുന്തിയ നീന്തല്‍ക്കാര്‍!ധര്‍മപുത്രര്‍ ഒരിക്കലും അരയോളം വെള്ളത്തിനപ്പുറം കടന്നു വരാറില്ല!അവിടെ നിന്ന് സൂര്യനമസ്കാരം ചെയ്ത്,മുന്ന് തവണ മുങ്ങി ശുദ്ധിവരുത്തി കരക്ക് കയറിയിരിക്കും!നകുലനും സഹദേവനും ഇനിയും ശരിയായി നീന്താന്‍ പഠിച്ചിട്ടില്ല!അതിനാല്‍ അവരെപ്പോഴും ദാസന്‍മാരുടെ കരവലയത്തില്‍ ആയിരിക്കും.ഭീമനും അര്‍ജുനനും പലപ്പോഴും മത്സരിച്ചു നീന്തും.അര്‍ജുനന്‍,ശരം കണക്കെ നേര്‍വഴിയിലൂടെ മാത്രമാണ് പായുക!ഭീമന്‍ വെള്ളത്തില്‍ ഇറങ്ങിയാല്‍ പിന്നെ എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്ന് പറയാന്‍ വയ്യ!താഴ്ന്നും പൊങ്ങിയും ഊളിയിട്ടും അയാള്‍ കാണികള്‍ക്ക് ഹരം പകരും.ഇത്ര വലിയ ശരീരം കൊണ്ട് ഇതൊക്കെ എങ്ങിനെയാണ് സാധിക്കുക എന്ന് സുയോധനന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്.ആയിരം ആനയുടെ കരുത്തുള്ളവനായിത്തീരുമത്രേ ഭീമന്‍!കൊട്ടാരവാസികള്‍ പറയുന്നതാണ്.എന്തോ സുയോധനന് അതില്‍ അത്ര വിശ്വാസം തോന്നിയിട്ടില്ല.

ചതുരംഗത്തില്‍ തോറ്റതിന് ശേഷം ധര്‍മപുത്രര്‍ സുയോധനനോട് അധികം ചങ്ങാത്തം കാട്ടിയില്ല!ഭീമനാനെങ്കില്‍ കാണുമ്പോഴൊക്കെ ശരീരത്തില്‍ ഞെക്കി വേദനിപ്പിക്കും.അതയാളുടെ സ്നേഹപ്രകടനമാണത്രേ!നകുലനും സഹദേവനും തന്നോട് വിനയത്തോടെ ആണ് പെരുമാറുന്നത്.തന്‍റെ അനുജന്മാരായ ദുസ്സഹനും ദുശലനും  ജലന്ധനും ആണ് അവരുടെ ഉറ്റ ചങ്ങാതിമാര്‍.അര്‍ജുനനെ നേരില്‍ കാണുന്നത് അപുര്‍വമായി മാത്രമാണ്.മറ്റു സമയത്തൊക്കെ അയാള്‍ എന്ത് ചെയ്യുന്നുവെന്ന് കണ്ടെത്താന്‍ സുയോധനന് ഇതുവരെ കഴിഞ്ഞിട്ടില്ല!

ഇങ്ങിനെയൊക്കെ ചിന്തിച്ച്‌ സുയോധനന്‍ പുഴയോരത്ത് ഇരിക്കുമ്പോള്‍ ധര്‍മപുത്രര്‍ അയാള്‍ക്കരികിലേക്ക് വന്നു.വന്നയുടനെ ഒരു മുഖവുരയോടെ അയാള്‍ തുടങ്ങി:

ഏയ്‌,ദുര്യോധനാ.അനുജന്‍ ഭീ‍മന് ഒരാഗ്രഹം.

ഒന്ന് നിര്‍ത്തി ധര്‍മപുത്രര്‍ തുടര്‍ന്നു:

നിന്‍റെ അനുജന്മാരുമൊത്ത്  നീന്തല്‍ മല്‍സരത്തിന്

ആയ്ക്കൊള്ളട്ടെ....എത്രപേര്‍?ഞാനും കൂടാം..

അപ്പോള്‍  ഭീമന്‍ അവിടേക്ക് വന്നു.അയാള്‍ പറഞ്ഞു:

നീ വേണ്ട.ദുസ്സാസനന്‍ മുതല്‍ സുബാഹു വരെയുള്ള പത്ത് പേര്‍ പോരട്ടെ.

സുയോധനന്‍ അത് സമ്മതിച്ചു.അപ്പോള്‍ ഭീമന്‍ പറയുകയാണ്‌:

ചതുരംഗത്തില്‍ നീ കേമനാണെന്ന് തെളിയിച്ചല്ലോ.നീന്തലിലെ മിടുക്ക് ആര്‍ക്കാണെന്നരിയാം...

ഓ അപ്പോള്‍ അതാണ്‌ കാര്യം സുയോധനന്‍ ചിന്തിച്ചു.അതിന് താനുമായിട്ടല്ലേ മത്സരിക്കേണ്ടത്?സാരമില്ല.അനുജന്മാര്‍ മത്സരിക്കട്ടെ.സുയോധനന്‍ മനസ്സില്‍ ഇങ്ങിനെ ചിന്തിച്ചുകൊണ്ട്  ദുശ്ശാ സനനെ അരികിലേക്ക് വിളിച്ചു.

ഭീമനുമൊത്ത് നീയടക്കം പത്തുപേര്‍ മത്സരിക്കുക.ഓര്‍ക്കുക ഇത് വെറും മല്‍സരം മാത്രമാണ്.

ദുശ്ശാസനന്‍ ഉടന്‍ അനുജന്മാരായ ദുസ്സഹന്‍,ദുശശളന്‍,ജലഗന്ധന്‍,സമന്‍,സഹന്‍,വിന്ധന്‍,അനുവിന്ദന്‍,ദുര്‍ദര്‍ഷന്‍,സുബാഹു മുതലായ അനുജന്മാരെ ഭീമനരികിലേക്ക് നീക്കി നിര്‍ത്തി.അപ്പോഴേക്കും മല്‍സരത്തിനു മാദ്ധ്യസ്ഥം വഹിക്കാന്‍ ഒരു വാല്യക്കാരനെ ചുമതലപ്പെടുത്തിയിരുന്നു ധര്‍മപുത്രര്‍.

മല്‍സരം ആരംഭിച്ചു. പതിനൊന്ന് അര്‍ദ്ധനഗ്ന ശരീരങ്ങള്‍ പടവുകളില്‍നിന്ന് പുഴയുടെ സ്ഫടികപ്പാളികളിലേക്ക് കുതിച്ചു ചാടി!ധര്‍മപുത്രര്‍ ഏറ്റവും മുകളിലെ പടവില്‍ ഇരുപ്പുറപ്പിച്ചു. അര്‍ജുനന്‍ കൊട്ടാരത്തിന് മുകളില്‍ കയറിനിന്നു.സുയോധനന്‍ അവിടെ തന്നെ ഇരുന്നതേയുള്ളൂ.മറ്റുള്ളവര്‍ ബഹളം വച്ചും കരഘോഷം മുഴക്കിയും പലയിടങ്ങളിലായി കൂടി നിന്നു.

മല്‍സരം മുറുകുകയാണ്.പത്ത്‌ കൗരവരെയും പുറകിലാക്കി ഭീമന്‍ കുതിക്കുന്നു!ദുസ്സാസനന്‍ ഭീമന് തൊട്ടു പുറകിലായുണ്ട്!അയാള്‍ ഇടയ്ക്കു തിരിഞ്ഞു നോക്കി അനുജന്മാരുടെ സാന്നിധ്യം ഉറപ്പാക്കുന്നുണ്ട്. അതിനിടയില്‍ ഭീമന്‍ ബഹുദൂരം മുന്നിലെത്തും.ഭിമനെ മറികടക്കാന്‍ അനുജന്മാര്‍ക്ക് ആവില്ലെന്ന് സുയോധനന്‍ ഉറപ്പിച്ചു കഴിഞ്ഞു.അയാള്‍ക്കൊത്ത കായബലമോ,പരിശിലനമോ ഇല്ല സഹോദരങ്ങള്‍ക്ക്.

പെട്ടെന്ന് ഭിമന്‍ ജലത്തില്‍ അപ്രത്യക്ഷനായി.വെള്ളത്തിനടിയിലുടെ നീങ്ങുന്നതാവാം!പെട്ടെന്നതാ ദുസ്സാസനനും അപ്രത്യക്ഷനാകുന്നു!അയാള്‍ ഭിമനെ അനുകരിക്കുകയാണോ എന്ന് സുയോധനന്‍ ആലോചിച്ചു.പക്ഷെ മറ്റുള്ളവരും അപ്രത്യക്ഷമാകുന്നു!പുഴമധ്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ സുയോധനന്‍ ഉഴറി.അയാള്‍ ധര്‍മപുത്രരെ തിരിഞ്ഞുനോക്കി.

ഏട്ടാ,എന്തോ ആപത്ത് പിണഞ്ഞിരിക്കുന്നു.

സുയോധനന്‍ വിളിച്ചു പറഞ്ഞു.

ഏയ് ഒന്നും സംഭവിക്കില്ല.ഭിമനില്ലേ കൂടെ?

ധര്‍മപുത്രര്‍ ഇങ്ങിനെ പറഞ്ഞുകൊണ്ട് കൊട്ടാരത്തിന്‍റെ മട്ടുപ്പാവിലേക്ക് നോക്കി.അവിടെ നിന്നും അര്‍ജുനന്‍ ധര്‍മപുത്രരെ നോക്കി ചിരിക്കുന്നു!സുയോധന് പന്തികേട് തോന്നി.പുഴയില്‍,ദുസ്സാസനന്‍റെ തലയിപ്പോള്‍ വെളിയില്‍ കാണാം.ജലത്തിനു മുകളില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ പാട് പെടുകയാണ്.ആ കണ്ണുകള്‍ തന്നെ മാടി വിളിക്കുന്നുണ്ട്!അടുത്ത നിമിഷം കൈ ഉയര്‍ത്തി ദുസ്സാസനന്‍ സുയോധനനെ വിളിച്ചു.പിന്നെ അമാന്തിച്ചില്ല!അയാള്‍ പുഴയിലേക്ക് കുതിച്ചു!

മുതലയെപ്പോലെ വേഗത്തില്‍ നീന്തി.അയാള്‍ക്കൊപ്പം യുയുത്സുവും ദുര്‍പ്രധര്‍ഷണനും ഒരുമിച്ചു ചാടിക്കഴിഞ്ഞിരുന്നു!മുവരും ഒന്നിച്ചു കുതിച്ച് പുഴമധ്യത്തിലെത്തി.അവിടെ എല്ലാവരെയും വെള്ളത്തില്‍ മുക്കിപ്പിടിച്ചു നില്‍ക്കുകയാണ് ഭീമന്‍! സുയോധനന്‍ കോപം കൊണ്ട് വിറച്ചു.അയാള്‍ ഭീമനു നേരെ പാഞ്ഞടുത്തു.അതുകണ്ട് ഭീമന്‍ അവരെ മോചിപ്പിച്ചുകൊണ്ട്‌ അപ്പുറത്തേക്ക് നീന്തി!ശ്വാസം മുട്ടി തളര്‍ന്നുപോയ സഹോദരരെയും കൊണ്ട് മുവരും തിരിച്ചു.

കരയില്‍ എത്തുമ്പോള്‍ അവിടെ ഭീമന്‍ നില്‍ക്കുന്നു!മത്സരത്തില്‍ വിജയിയായ അയാളെ എല്ലാവരും അനുമോദിക്കുകയാണ്.സംഭവം അറിയാത്ത തന്‍റെ മറ്റ് അനുജന്മാരും ആ ആഹ്ലാദം പങ്കിടുന്നുണ്ട്.ഭീമന്‍ വിജയശ്രീലാളിതനായി സുയോധനനെ ഒന്ന് പാളിനോക്കിക്കൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം മുന്നോട്ടു നടന്നു.

പുഴക്കടവില്‍ സുയോധനനും പത്ത് അനുജന്മാരും മാത്രമായി.ഏട്ടന്‍റെ തോളില്‍ തലചാച്ചുകൊണ്ട് ദുസ്സാസനന്‍ പറഞ്ഞു:

ഞാന്‍ ആവും വിധം ശ്രമിച്ചു...പക്ഷെ....

അത്രയും പറഞ്ഞതും അയാള്‍ തളര്‍ന്ന് നിലത്തേക്ക് ഊര്‍ന്നുവീണു.സുയോധനന്‍ അനുജനെ ചുമലില്‍ താങ്ങിയെടുത്തു.
൦൦൦                             



No comments:

Post a Comment