Thursday, December 19, 2013

അദ്ധ്യായം 39,നിങ്ങള്‍ ഗന്ധര്‍വരെങ്കില്‍

 അദ്ധ്യായം 39,ദ്വൈതവനം കൌരവരുടെ ആഗമനത്തോടെ ശബ്ദമുഖരിതമായി!വനജീവികള്‍എമ്പാടും ചിതറിയോടി.താപസര്‍ കൌരവരുടെ വരവറിഞ്ഞു ധ്യാനത്തില്‍ നിന്നും ഉണര്‍ന്നു.കൌരവര്‍ നല്ല വെള്ളവും തണലും ഉള്ള ഇടങ്ങളില്‍ കുടാരങ്ങള്‍ തീര്‍ത്തു.അനന്തരം അവര്‍ ഗോക്കളുടെ പരിശോധന ആരംഭിച്ചു.പശുക്കളെ ഇനം തിരിച്ച്,ലക്ഷണങ്ങള്‍ രേഖപ്പെടുത്തി.കിടാങ്ങളെയെല്ലാം പ്രത്യേകം പരിശോധിച്ചു.അതിനു ശേഷം അവര്‍ വേട്ടക്കായി പിരിഞ്ഞു..രാത്രിയാകും വരെ അവര്‍ വനക്രീഡ തുടര്‍ന്നു!

പിറ്റേന്ന് പുലര്‍ച്ചയ്ക്ക് തന്നെ സുയോധനന്‍ അനുചരന്മാര്‍ക്കൊപ്പം സ്നാനത്തിനായി വന സരസ്സിലേക്ക്  പുറപ്പെട്ടു.എന്നാല്‍ അല്‍പദൂരം ചെന്നപ്പോള്‍ ആ യാത്ര ഒരുകൂട്ടം ആളുകള്‍ തടഞ്ഞു.കാര്യം തിരിയാതെ നിന്ന അവരോട് കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു:
ഗന്ധര്‍വ വംശജരാണ് ഞങ്ങള്‍ .ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ രാജാവ് പത്നിമാര്‍ക്കൊപ്പം നിരാട്ടിനായി എഴുന്നള്ളും.അതിനാല്‍ നിങ്ങള്‍ തിരിച്ചുപോകണം. 

അപ്പോള്‍ കൌരവരില്‍ നിന്നും ഒരാള്‍ മുന്നോട്ടുവന്ന് അവരോട്‌ പറഞ്ഞു:

ധൃതരാഷ്ട്ര പുത്രനും ഹസ്തിനപുരാധിപനുമായ സുയോധനന്‍ ആണിത്.

അതുകേട്ട് ആ സംഘം ഉറക്കെ ചിരിച്ചു.ഒരാള്‍ പരിഹാസത്തോടെ സുയോധനനെ നോക്കിക്കൊണ്ട്‌ പറഞ്ഞു:

നിങ്ങള്‍ ഒരു വങ്കനാണ്.ദേവകുലത്തില്‍പ്പെട്ട ഞങ്ങളോട് തര്‍ക്കിക്കുന്നുവോ!പ്രാണനില്‍ കൊതിയുണ്ടെങ്ങില്‍ പിന്തിരിഞ്ഞു പൊയ്ക്കൊള്ളുക.

അവരുടെ വാക്കുകള്‍ സുയോധനനെ കോപാന്ധനാക്കി.അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു:

ഇവരെ ഇനി ഇപ്രകാരം വെച്ചേക്കരുത്.ഒന്നിനെയും ഒഴിവാകാതെ പ്രഹരിക്കുക.

സുയോധനന്റെ കല്‍പ്പനപ്രകാരം സഹചാരികള്‍ സജ്ജരായി.അവര്‍ ഗന്ധര്‍വകിങ്കരന്മാരേ മറികടന്നു മുന്നോട്ടു പോയി.ആര്‍ക്കും അവരെ തടയാനായില്ല.അപ്പോള്‍ അവരില്‍ ചിലര്‍ അകലേക്ക്‌ പാഞ്ഞു പോകുന്നത് സുയോധനന്‍ ശ്രദ്ധിച്ചു.അയാള്‍ കര്‍ണ്ണനോട് പറഞ്ഞു:

കര്‍ണ്ണാ,കരുതിയിരിക്കുക.എതിരാളികള്‍ നിസ്സാരരല്ല.

സുയോധനന്‍ പറഞ്ഞത് പോലെതന്നെ സംഭവിച്ചു.തങ്ങളുടെ നേതാവായ ചിത്രസേനനെയും കുട്ടി,കുടുതല്‍ പടയാളികളുമായി അവര്‍ അതിവേഗം തിരികെയെത്തി.എന്നാല്‍ കൌരവരും പിന്‍വാങ്ങിയില്ല.കര്‍ണ്ണനെ മുന്‍നിര്‍ത്തി അവരും എതിര്‍ത്തുനിന്നു.

കര്‍ണ്ണന്റെ കരവിരുതിലും പാടവത്തിലും ഗന്ധര്‍വ സേന ശരപീഡിതരായി തളര്‍ന്നു.അവര്‍ പതിയെ പിന്‍വാങ്ങാന്‍ തുടങ്ങി.അതുകണ്ട് നേതാവായ ചിത്രസേനന്‍ പാഞ്ഞെത്തി കര്‍ണ്ണനെ എതിര്‍ത്തു.അയാള്‍ എല്ലാ യുദ്ധധര്‍മ്മങ്ങളും തെറ്റിച്ചാണ് കര്‍ണ്ണനോട് പൊരുതിയത്! അയാള്‍ക്കുമുന്പില്‍ കൌരവരില്‍ പലരും തോറ്റ് മടങ്ങി.എന്നാല്‍ വൈകര്‍ത്തനായ കര്‍ണ്ണന്‍ പര്‍വതം പോലെ ഉറച്ചുനിന്നു!

കര്‍ണ്ണന്റെ കരുത്തു മനസിലാക്കിയ ഗന്ധര്‍വകൂട്ടം അയാളെ വളഞ്ഞു നിന്ന് ആക്രമിക്കാന്‍ തുടങ്ങി.കര്‍ണ്ണന്റെ രഥവും കൊടിമരവും കീഴ്ത്തട്ടും തകര്‍ക്കപ്പെട്ടു.അധികനേരം എല്ലാവരോടും എതിര്‍ത്തു നില്‍ക്കാന്‍ കര്‍ണ്ണനായില്ല!അയാള്‍ മെല്ലെ തളര്‍ന്നു.വികര്‍ണ്ണന്‍ അവിടെയെത്തി തന്റെ തെരിലേറ്റി കര്‍ണ്ണനെ കൊണ്ടുപോകുന്നത് സുയോധനന്‍ കണ്ടു.

കര്‍ണ്ണന്‍ പോയപ്പോള്‍ ചിത്രസേനന്‍ സുയോധനന്റെ തേരിനെ വളഞ്ഞു.തന്റെ നേര്‍ക്ക്‌ ഇരമ്പി ക്കയറുന്ന സൈന്യത്തെ അയാള്‍ ശരവര്‍ഷം കൊണ്ട് എതിരിട്ടു.എന്നാല്‍ കിങ്കരന്മാര്‍,സുയോധന രഥം എള്ളിന്‍ മണികള്‍ പോലെ ശകലങ്ങളാക്കി!തേര് ഉടഞ്ഞു നുറുങ്ങിയപ്പോള്‍ സുയോധനന്‍ നിലത്തേക്ക്‌ പാറി വീണു.ഉടന്‍ ചിത്രസേനന്‍ പാഞ്ഞെത്തി അയാളെ ബലമായി പിടിച്ച് കൈകാലുകള്‍കൂട്ടിക്കെട്ടി.അധികം വൈകാതെ അനുജന്മാരായ ദുസ്സാസനന്‍,വിവിംശതി,വിന്ദന്‍,അനുവിന്ധന്‍ തുടങ്ങിയവരെയും ഇപ്രകാരം തന്നെ അവര്‍ കീഴ്പ്പെടുത്തി!സുയോധനന്റെ ശരീരം നൊന്തു നീറി!നദീപ്രവാഹം പോലെ രക്തം വാര്‍ന്നൊഴുകി.അയാള്‍ മെല്ലെ ബോധരഹിതനായി!

൦൦൦





No comments:

Post a Comment