Saturday, December 21, 2013

അദ്ധ്യായം,40-ആത്മഹത്ത്യക്ക്‌ ഒരുങ്ങും മുന്‍പ്

ബോധം വീണ്ടെടുത്തപ്പോള്‍ തനിക്കു ചുറ്റും അനുജന്മാരും പാണ്ഡവരും നില്‍ക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു സുയോധനന്‍.അത് മനസിലാക്കിയ ദുസ്സാസനന്‍ ജ്യേഷ്ടനോട്‌ പറഞ്ഞു:

തക്ക സമയത്ത് അര്‍ജുനന്‍ വന്നത് ഭാഗ്യമായി

കാര്യം തിരിയാതെ മിഴിച്ചിരുന്ന സുയോധനനോട്‌ ദുസ്സാസനന്‍ എല്ലാം വിശദീകരിച്ചു.കാട്ടില്‍ വച്ച് പാണ്ഡവരെ കണ്ടെത്തിയതും അര്‍ജുനന്‍ വന്ന് ഗന്ധര്‍വരെ എതിര്‍ത്തു തോല്‍പ്പിച്ചതും എല്ലാം അയാള്‍ വിശദമാക്കിസുയോധനന്‍ അതുകേട്ട് നന്ദിപുര്‍വ്വം പാണ്ഡവരെ നോക്കി.അപ്പോള്‍ ധര്‍മ്മപുത്രന്‍ പറഞ്ഞു:

ഉണ്ണി,ഇനി ഇത്തരം സാഹസങ്ങള്‍ക്ക്‌ മുതിരരുത്.കൊട്ടാരത്തിലേക്ക് മടങ്ങിക്കൊള്ളൂക.പിതാമഹന്മാരെ ഞങ്ങളുടെ കുശലാന്വേഷണം അറിയിക്കണം.

പാണ്ഡവര്‍ വിടവാങ്ങി.പോകുന്നപോക്കില്‍ ഭീമന്‍ പരിഹാസത്തോടെ സുയോധനനെ തിരിഞ്ഞു നോക്കി.സുയോധനന്‍ ലജ്ജയോടെ തലകുനിച്ചിരുന്നു!

പാണ്ഡവര്‍ മറഞ്ഞപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റു.ഒരു പരാജിതനെപ്പോലെ നിശബ്ധനായും ലജ്ജിതനായും അയാള്‍ മുന്നോട്ടു നടന്നു!മറ്റുള്ളവര്‍ അയാളെ പിന്‍തുടര്‍ന്നു.തന്റെ കരുത്തും പ്രതാപവുമെല്ലാം ചോര്‍ന്നു പോയതായി തോന്നി അയാള്‍ക്ക്‌.ഗന്ധര്‍വരെ ജയിക്കാന്‍ പാണ്ഡവരുടെ സഹായം വേണ്ടിവന്നതോര്‍ത്ത് അയാള്‍ ശോകമൂകനായി.അയാള്‍ക്ക്‌ കൊട്ടാരത്തിലേക്ക് മടങ്ങാനെ തോന്നിയില്ല.മാര്‍ഗമദ്ധ്യേ പുല്ലും ജലവും സമൃദ്ധമായ ഒരിടത്ത് എത്തിയപ്പോള്‍ അയാള്‍ നിന്നു.കുതിരകളെ അഴിച്ചുവിടുവാന്‍ ആവസ്യപ്പെട്ടുകൊണ്ട് അയാള്‍ എല്ലാവരില്‍നിന്നും അകന്ന്,ഏകനായി വിജനമായ് ഒരിടത്ത്മാറി ഇരുന്നു.

രാഹുഗ്രസ്തനായ ചന്ദ്രനെപ്പോലെ നിഷ്പ്രഭനായി തന്റെ ജ്യേഷ്ടന്‍ ഇരിക്കുന്നത് ദുസ്സാസനനെ ഏറെ വിഷമിപ്പിച്ചു.കര്‍ണ്ണന് മാത്രമേ അയാളെ ആസ്വസിപ്പിക്കാനാവൂ എന്ന്അറിയാമായിരുന്നതുകൊണ്ട് ,പരിക്കേറ്റു മുന്‍പേ മടങ്ങിയിരുന്ന കര്‍ണ്ണനു വേണ്ടി ആളെ അയച്ചു.

അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ തന്നെ കര്‍ണ്ണന്‍ എത്തി.അയാള്‍ സുയോധനനെ സമീപിച്ചു.അപ്പോള്‍ വിഷമത്തോടെ സുയോധനന്‍ പറഞ്ഞു:

നാം നമ്മുടെ കഴിവുപോലെ അവരോടു പൊരുതി.തോറ്റതില്‍ എനിക്ക് വിഷമമില്ല.എന്നാല്‍ പാണ്ഡവരുടെ സഹായം തേടേണ്ടിവന്നതില്‍ ഞാന്‍ വ്യെസനിക്കുന്നു.

കര്‍ണ്ണന്‍ പറഞ്ഞു:

ഇതില്‍ വിഷമിക്കാന്‍ ഒനുമില്ല ചങ്ങാതി.അങ്ങ് മഹാരാജാവല്ലേ.അപ്പോള്‍ പാണ്ഡവര്‍ പ്രജകളും.രാജാവിന് ദുര്യോഗം വരുമ്പോള്‍ സഹായിക്കേണ്ടത് പ്രജകളുടെ കര്‍ത്തവ്യമല്ലേ?

കര്‍ണ്ണന്റെ വാക്കുകള്‍ സുയോധനനെ ആസ്വസിപ്പിച്ചില്ല.അയാള്‍ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു:

ആ യുദ്ധത്തില്‍ ഞാന്‍ മരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു!പാണ്ഡവരാല്‍ ഞാന്‍ അപമാനിതനായിരിക്കുന്നു.അതിനാല്‍ ഞാനിനി ഹസ്തിനപുരത്തെക്കു മടങ്ങുന്നില്ല.നിങ്ങള്‍ യാത്ര തുടര്‍ന്നുകൊള്ളുക.

സുയോധനന്റെ വാക്കുകള്‍ കേട്ട് ഏവരും പരിഭ്രാന്തരായി.അപ്പോള്‍ അയാള്‍ തുടര്‍ന്നു:

നിങ്ങള്‍ ഏവരും കേട്ടുകൊള്‍ക.ഞാന്‍ ഇവിടെ പ്രായോപവേശം ചെയ്യാന്‍,പട്ടിണി കിടന്നുമരിക്കാന്‍ പോവുകയാണ്.

പിന്നെ അയാള്‍ എഴുന്നേറ്റു നിന്നു.ദുസ്സാസനനെ അരികിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു:

നീ രാജാവാകുക.പ്രജകള്‍ക്കും ബന്ധുക്കള്‍ക്കും രക്ഷകനായി വര്‍ത്തിക്കുക.ഗുരുജനങ്ങളെ പരിചരിക്കുക.ഇനി എല്ലാവരും മടങ്ങിക്കൊള്ളൂക.

ദുസ്സാസനന്‍ അയാളുടെ കാല്‍ക്കല്‍ വീണുകൊണ്ട് പറഞ്ഞു:

ജ്യേഷ്ട,അങ്ങ് പറയും പോലെ എനിക്ക് പ്രവര്‍ത്തിക്കുവാന്‍ ആവുകയില്ല.ഭൂഗോളവും സ്വര്‍ഗ്ഗവും പൊടിയായി തകര്‍ന്നു പോയേക്കാം.ഹിമാലയം സ്ഥാനം വിട്ടു സഞ്ചരിച്ചേക്കാം.എന്നാല്‍ അങ്ങയെ കുടാതെ ഞാന്‍ ഭൂമി പാലിക്കുകയില്ല!

അതുവരെ നിശബ്ദനായിരുന്ന കര്‍ണ്ണന്‍ അപ്പോള്‍ അവരോടു പറഞ്ഞു:

ഹേ,കുരുവിരന്മാരെ,മൂഡന്മാരെപ്പോലെ നിങ്ങള്‍ എന്താണ് ചെയ്യുന്നത്?ദുഖിതന്റെ ദുഖം  ഒരിക്കലും ദുഖം കൊണ്ട് തീരുകയില്ല!

പിന്നീട്‌ അയാള്‍ സുയോധനനോടായി തുടര്‍ന്നു:

അങ്ങയുടെ യോഗ്യതയ്ക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ല.പാണ്ഡവര്‍ നിന്നേക്കാള്‍ അപമാനിതരല്ലേ?എന്നിട്ടും അവര്‍ നീ ചെയ്യുമ്പോലെ ചെയ്യുന്നുണ്ടോ?
അങ്ങയെ കുടാതെ ഒരു ജീവിതം ഈ കര്‍ണ്ണനുമില്ല!

പിന്നെ ഒന്ന് നിര്‍ത്തി,കര്‍ണ്ണന്‍ സാവകാശം തുടര്‍ന്നു:

സുയോധനാ,താങ്കള്‍ സ്വയം മരിക്കുന്നത് രാജവംശത്തിനു തന്നെ അപമാനമാണ്.മരിച്ചവര്‍ക്ക് ശത്രുക്കളെ വെല്ലാനാവുമോ?ഹേരാജാവേ,ഭയത്തിനോ,മരണത്തിനോ ഉള്ള കാലമല്ലിത്‌!

പിന്നെ ദുസ്സാസനനെ പിടിചെഴുന്നെല്‍പ്പിച്ചിട്ട് കര്‍ണ്ണന്‍ സുയോധനനോടായി പറഞ്ഞു:

അങ്ങ് മരിച്ചാല്‍ ഈ ദുസ്സാസനനും കര്‍ണ്ണനും മാത്രമല്ല,ഇവിടെയുള്ളവരെല്ലാം തന്നെ അങ്ങയോടൊപ്പം  മണ്ണിലേക്ക് മടങ്ങും.

കര്‍ണ്ണന്റെ ആ വാക്കുകള്‍ സുയോധനനെ ചിന്തിപ്പിച്ചു.അയാള്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞു.അത് കണ്ടറിഞ്ഞ കര്‍ണ്ണന്‍ മടക്കയാത്രക്കായി കല്‍പ്പിച്ചു.ശരത്ക്കാല മേഘങ്ങള്‍ മാറി വിളങ്ങുന്ന ആകാശം പോലെ എല്ലാവരും ഹസ്തിനപുരത്തെക്ക് യാത്രയാരംഭിച്ചു!൦൦ ൦


No comments:

Post a Comment